വംശഹത്യക്ക് വഴിയൊരുക്കുന്ന ഗോ സംരക്ഷണ നിയമങ്ങൾ
മുസ്്ലിം അന്യവൽക്കരണവും അകാരണമായ വേട്ടയും ലക്ഷ്യമിട്ട് സംഘ് പരിവാർ ഒട്ടനവധി വംശീയ പദ്ധതികൾ ഇന്ത്യയെമ്പാടും നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ആൾക്കൂട്ട അക്രമങ്ങൾ, രാജ്യദ്രോഹികളും പ്രശ്നക്കാരുമെന്നുള്ള സ്ഥിരം ചാപ്പ, ഔറംഗസീബിന്റെയും ടിപ്പുവിന്റെയും അക്കൗണ്ടിൽ വ്യാജമായി എഴുതിച്ചേർത്ത ക്ഷേത്ര ധ്വംസനങ്ങൾക്കുള്ള കണക്ക് തീർക്കൽ, തട്ടമിട്ട പെൺകുട്ടികളോടുള്ള ദ്വയാർഥ പ്രയോഗങ്ങൾ, ട്രെയിനിലും ബസ്സിലും പൊതുവഴിയിലുമെല്ലാം താടിയോ ബുർഖയോ കണ്ടാൽ ഉണരുന്ന സ്വാഭിമാന ഹിന്ദുത്വ മൃഗവാസനകൾ തുടങ്ങി, ഇന്നത്തെ ഇന്ത്യയിൽ ഒരു ശരാശരി മുസ്്ലിമിന് നേർക്ക് ഏത് നിമിഷവും ചീറിപ്പാഞ്ഞു വരാവുന്ന വംശീയ മിസൈലുകൾ നിരവധിയാണ്.
എന്നാൽ, ഇതിനെക്കാളൊക്കെ അപകടകരമായ ഒന്നാണ് മുസ്്ലിംകളെ മാത്രം ലക്ഷ്യമിട്ട് ഹിന്ദുത്വ സർക്കാറുകൾ നിർമിക്കുകയും നിയമസാധുത നൽകുകയും ചെയ്യുന്ന വംശീയവും വിദ്വേഷജടിലവുമായ ഫാഷിസ്റ്റ് നയങ്ങളും നിയമങ്ങളും. യഹൂദരുടെ ഉന്മൂലനം ലക്ഷ്യമിട്ട് ജർമനി രൂപപ്പെടുത്തിയ നാസി മാതൃകയിലുള്ള മുസ്്ലിംവിരുദ്ധ നിയമങ്ങളുടെയും ശിക്ഷാവകുപ്പുകളുടെയും സംഹാരശേഷി മുകളിൽ സൂചിപ്പിച്ച സംഘ് പരിവാറിന്റെ സഹജവും സ്വാഭാവികവുമായ ആക്രമണ പദ്ധതികളെക്കാൾ ഭീകരമാണ്. ഇരയെ വേട്ടയാടാനായി ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥ തന്നെ ഒരുക്കിക്കൊടുക്കുന്ന അവസരം സമ്പൂർണമായി മുതലാക്കുക എന്നൊരു പണി മാത്രമേ ഇക്കാര്യത്തിൽ ഹിന്ദുത്വയുടെ പതാകവാഹകരായി ചമയുന്ന തെരുവ് ഗുണ്ടകൾക്ക് ചെയ്തു തീർക്കാനുള്ളൂ.
മുസ്്ലിംകളെ മാത്രം തെരഞ്ഞുപിടിച്ച് കുടിയൊഴിപ്പിക്കുന്ന ബുൾഡോസർ പ്രയോഗങ്ങളും, മുസ്്ലിം കുഞ്ഞുങ്ങളുടെ വേഷവിധാനങ്ങളെ മാത്രം അസ്വീകാര്യമാക്കുന്ന മതേതര നിയമങ്ങളും, മുസ്‌ലിം ചെറുപ്പക്കാരെ മാത്രം കാരാഗൃഹത്തിൽ തള്ളുന്ന ലൗ ജിഹാദ് നിയമങ്ങളും, ഇസ്്ലാമിനെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുകയും അതേസമയം നിർബന്ധിത ഘർ വാപസിക്ക് നേരെ കണ്ണടയ്ക്കുകയും ചെയ്യുന്ന നീതിരഹിത നിയമ സംവിധാനങ്ങളും, മുസ്്ലിംകളുടെ പ്രാർഥന മാത്രം വിലക്കുന്ന ട്രാഫിക് നിയമങ്ങളുമെല്ലാം ഹിന്ദുത്വവ്യാധി അടിമുടി വിഴുങ്ങിക്കഴിഞ്ഞ പുതിയ ഇന്ത്യയിൽ ഇന്ന് സാധാരണമായി മാറിക്കഴിഞ്ഞു. എല്ലാ അക്രമങ്ങളിലും ഇരയുടെ ഭാഗത്ത് മുസ്്ലിംകളാണെങ്കിൽ ഏത് ക്രൂരകൃത്യവും സാധുവാകുന്നു എന്ന നിയമവൈകൃതം ബാബരി മസ്ജിദ്, ഗുജറാത്ത് വംശഹത്യ തുടങ്ങി നിരവധി സംഭവങ്ങളിലൂടെ നമുക്ക് മുന്നിൽ പല്ലിളിക്കുന്നു.
ഇപ്രകാരം, പരിഷ്കൃത ലോകത്തിന് തന്നെ അപമാനമായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ നിയമാഭാസങ്ങളുടെ പട്ടികയിൽ പുതുതായി എഴുതിച്ചേർക്കാവുന്ന ഒന്നാണ് ഉത്തരേന്ത്യയെമ്പാടും നടപ്പാക്കി വരുന്ന ഗോ സംരക്ഷണ നിയമങ്ങൾ. മനുഷ്യരെ പശുക്കളെപ്പോലെ പെരുവഴിയിൽ അലയാൻ വിട്ട് പശുവിന് ആരോഗ്യപരിപാലനവും ആംബുലൻസും ആജീവനാന്ത ഇൻഷുറൻസ് പരിരക്ഷയും ഒരുക്കുന്ന ഈ ഭോഷ്കിന് സർക്കാർ നൽകുന്ന ആധ്യാത്മിക പരിവേഷം കൂടിയാവുമ്പോൾ ശിലായുഗത്തിനും പിന്നിലേയ്ക്ക് ഇന്ത്യാ മഹാരാജ്യത്തെ എത്തിക്കാനുള്ള സംഘ് പരിവാർ അജണ്ട വ്യക്തമാവുന്നു. പശുവിനെയും മറ്റു മൃഗങ്ങളെയും സംരക്ഷിക്കുന്നതിനോട് ആർക്കും എതിർപ്പുണ്ടാവേണ്ട കാര്യമില്ല. എന്നാൽ, പശു സംരക്ഷണം എന്ന പേരിൽ പിഞ്ചു കുഞ്ഞുങ്ങളെ അനാഥരാക്കുന്ന സംഘ് പരിവാറിന്റെ കാടത്തത്തെ ചോദ്യം ചെയ്തേ മതിയാവൂ.
പശുക്കളെ വാണിജ്യ-കൃഷി ആവശ്യങ്ങൾക്കായി കൊണ്ടുപോകുന്ന വാഹനങ്ങളെ തടഞ്ഞുനിർത്തുകയും അതിലുള്ളത് മുസ്്ലിംകളോ ദലിതരോ ആണെന്ന് മനസ്സിലായാൽ ആക്രമിക്കുകയും ചെയ്യുന്നത് ഗോ രക്ഷകർ എന്ന പേരിൽ വിലസുന്ന തെമ്മാടികളുടെ സ്ഥിരം പതിവാണ്. പോലീസ് ഇത്തരം സംഭവങ്ങൾ കണ്ടില്ലെന്ന് നടിക്കുകയും പലപ്പോഴും ഗോ രക്ഷകർക്കൊപ്പം ചേർന്ന് ഇരകൾക്കെതിരെ കേസെടുക്കുകയുമാണ് ചെയ്യാറുള്ളത്. കന്നുകാലികളെ വാഹനങ്ങളിൽ കൊണ്ടുപോകുന്നത് തങ്ങളെ അറിയിക്കാനായി ഗോ രക്ഷകർ പലയിടങ്ങളിൽ ദൂതന്മാരെ നിയോഗിക്കുക പതിവാണ്. ദൂതന്മാർ വഴി വിവരമറിഞ്ഞു സ്ഥലത്തെത്തുന്ന പശുസംരക്ഷകർ തങ്ങളോട് വലിയ സംഖ്യ ആവശ്യപ്പെടാറുള്ളതായും പണം കൊടുത്താൽ പശുക്കളെ കൊണ്ടുപോകാൻ അനുവദിക്കാറുള്ളതായും ഹരിയാനയിലെ മേവാത്ത് പ്രദേശത്തുള്ളവർ 'ന്യൂസ് ക്ലിക് പോർട്ടലി'നോട് പറഞ്ഞിരുന്നു. പണം കൊടുക്കാതെ വരികയോ അവരെ എതിർക്കുകയോ ചെയ്യുമ്പോഴാണ് തെമ്മാടികൾ തങ്ങളെ ആക്രമിക്കാറുള്ളതെന്നും അവർ വെളിപ്പെടുത്തി.
ഗോ സംരക്ഷണത്തിന്റെ പേരിൽ ഹരിയാനയിൽ ഈയിടെ ജുനൈദ്, നസീർ എന്നീ രണ്ട് മുസ്്ലിം ചെറുപ്പക്കാരെ കൊലപ്പെടുത്തിയതിന് പിന്നിലെ സൂത്രധാരൻ എന്ന് കരുതപ്പെടുന്ന മോനു മനേസർ എന്ന ബജ്‌റംഗ് ദൾ നേതാവിന്റെ സാമ്പത്തിക വളർച്ചയ്ക്കുള്ള ഏക കാരണമായി 'പശുസംരക്ഷണ'മാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2014-ന് മുമ്പ് പ്രത്യേകിച്ച് തൊഴിലൊന്നുമില്ലാതെ അലഞ്ഞുനടന്ന ഇയാൾ ഇക്കഴിഞ്ഞ എട്ടു വർഷങ്ങൾകൊണ്ട് കോടികളുടെ ആസ്തി നേടിയെടുത്തതായി പറയപ്പെടുന്നു. തന്റെ കൂട്ടാളികളുമായി ചേർന്ന് ഒരു ഗോ സംരക്ഷണ ബ്രിഗേഡ് ഉണ്ടാക്കുകയും പശുക്കളെ കൊണ്ടുപോകുന്ന മുസ്്ലിംകളെ ഭീഷണിപ്പെടുത്തി പണം തട്ടുകയും സ്ഥിരം തൊഴിലാക്കിയ ഇയാൾ കൊള്ള, കൊലപാതക ശ്രമങ്ങൾ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയുമാണ്. ഹരിയാനയിലെ മനേസർ ജില്ലയിൽ ബജ്‌റംഗ് ദളിന്റെ ജില്ലാ അധ്യക്ഷനായ ഇയാൾ തന്റെ ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് ബി.ജെ.പി ഭരിക്കുന്ന പോലീസിനെ ഭീഷണിപ്പെടുത്തി കേസുകൾ തേച്ചു മായ്്ച്ചു കളയുക പതിവാണ്.
മാരകമായി ആക്രമിച്ചു പരിക്കേൽപ്പിച്ച ശേഷം ജുനൈദിനെയും നസീറിനെയും ബജ്‌റംഗ് ദളിന്റെ അക്രമികൾ നേരെ കൊണ്ടുപോയത് നൂഹ് ജില്ലയിലെ പോലീസ് സ്റ്റേഷനിലേയ്ക്കാണ്. എന്നാൽ, അക്രമികളെ അറസ്റ്റ് ചെയ്യാനോ പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകാനോ തയാറാവാതെ, സംഭവം നടന്നത് മറ്റൊരു സ്റ്റേഷന്റെ പരിധിയിലാണെന്നു പറഞ്ഞ് പോലീസ് കൈകഴുകുകയായിരുന്നു. കൂടാതെ, മൃതപ്രായരായ ഇരകളെ വേട്ടക്കാരുടെ കൈകളിലേക്ക് തന്നെ ഹരിയാനയിലെ ബി.ജെ.പി പോലീസ് മടക്കി നൽകുകയും ചെയ്തു. തിരികെ പോകും വഴിയാണ് ബജ്‌റംഗ് ദളിന്റെ അക്രമികൾ ഭിവാനിയിലെ വനത്തിനുള്ളിൽ വെച്ച് വണ്ടിക്ക് തീയിട്ട് ആ രണ്ടു മുസ്്ലിം ചെറുപ്പക്കാരെ കൊല്ലുന്നത്.
ജുനൈദ് - നസീർ ഇരട്ടക്കൊല നടത്തിയവരിൽ ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ള റിങ്കു സൈനി ഉൾപ്പെടെയുള്ള അക്രമികളെ മറ്റൊരു ഗോ രക്ഷാ അക്രമ കേസിൽ പോലീസ് എത്രമാത്രം അവധാനതയോടും കരുതലോടും കൂടിയാണ് കൈകാര്യം ചെയ്തത് എന്ന് കാണുക. റിങ്കുവിനെയും ഒപ്പം സംഭവത്തിൽ അകപ്പെട്ട ലോകേഷ് സിംഗ്ള, ശ്രീകാന്ത് എന്നിവരെയും പോലീസ് എഫ്.ഐ. ആറിൽ വിശേഷിപ്പിച്ചിട്ടുള്ളത് informers (വിവരം അറിയിച്ചവർ) എന്നാണ്. ഹരിയാനയിലെ ഗോ രക്ഷാ നിയമം ശക്തമായി നടപ്പാക്കുന്നതിന് ഭരണകൂടത്തിന്റെ ഭാഗമായി നിന്ന് പോലീസിന് വേണ്ട വിവരങ്ങൾ കൈമാറുന്ന 'രാജ്യസ്നേഹികൾ' എന്ന പട്ടം ഇവർക്ക് ചാർത്തി നൽകിയിട്ടുള്ള എഫ്.ഐ.ആറിന് കോടതിയിൽ ചെല്ലുമ്പോൾ എന്ത് സംഭവിക്കുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ! ജനുവരിയിലും ഫെബ്രുവരിയിലുമായി റജിസ്റ്റർ ചെയ്യപ്പെട്ട ഇപ്രകാരമുള്ള നാല് എഫ്. ഐ. ആറുകൾ പരിശോധിച്ച 'ന്യൂസ് ക്ലിക്ക്' വാർത്താ പോർട്ടൽ, പശുക്കടത്തുകാരെ പിടിക്കാൻ എന്ന പേരിൽ മുസ്്ലിംകളുടെ വീടുകൾ റെയ്‌ഡ് ചെയ്യുന്ന പോലീസ് സംഘത്തിലും അക്രമികൾ പോലീസിന് വഴികാട്ടുകയും അനുഗമിക്കുകയും ചെയ്തതായി റിപ്പോർട്ട് ചെയ്യുന്നു.
ഹരിയാനയിൽ കുറച്ചു കാലം മുൻപ് വരെയുണ്ടായിരുന്ന ഗോ സംരക്ഷണ നിയമപ്രകാരം പശുക്കളെ വണ്ടികളിൽ കൊണ്ടുപോകുമ്പോൾ നിശ്ചിത അകലം പാലിക്കണമെന്നും ക്രൂരത ഒഴിവാക്കണമെന്നുമൊക്കെയുള്ള പൊതു നിബന്ധനകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, 2019-ൽ രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട മനോഹർ ലാൽ ഖട്ടർ സർക്കാർ ഈ നിയമം പരിഷ്കരിക്കുകയും പശുക്കളുടെ സുരക്ഷ ഉറപ്പുവരുത്താനായി ഒരു പശുസംരക്ഷണ സേന (Cow Protection Task Force)യ്ക്ക് രൂപം നൽകുകയും ചെയ്തു. ബജ്‌റംഗ് ദളിന്റെ മേൽവിലാസത്തിൽ ഗോരക്ഷകരുടെ വേഷത്തിൽ അലഞ്ഞുനടന്നിരുന്ന സ്ഥലത്തെ തെമ്മാടികളെയാണ് സർക്കാർ ഈ പ്രത്യേക സേനയിലേക്ക് റിക്രൂട്ട് ചെയ്തത് എന്നറിയുമ്പോഴേ മുസ്‌ലിം വംശഹത്യയ്ക്ക് ഇന്ത്യയിലെ ബി.ജെ.പി സർക്കാറുകൾ എങ്ങനെ കളമൊരുക്കുന്നു എന്ന സത്യം നാം തിരിച്ചറിയൂ. ഇതിനൊപ്പം, കശാപ്പിനായി പശുക്കളെ വണ്ടികളിൽ കൊണ്ടുപോകുന്നത് പത്തു വർഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനൽ കുറ്റമായിക്കൂടി നിയമത്തിൽ എഴുതിച്ചേർത്തതോടെ വംശീയവെറി പൂണ്ട സംഘ് പരിവാറുകാർക്ക് മുസ്്ലിം ഉന്മൂലനത്തിനുള്ള പാത ഇന്ത്യയിലെ ജനാധിപത്യ സർക്കാർ തന്നെ ബുദ്ധിപൂർവം ഒരുക്കിക്കൊടുത്തു എന്ന് നിസ്സംശയം പറയാം. l
Comments