കേരളം ജമാഅത്തിനെ വായിച്ചപ്പോള്‍
സമകാലിക രാഷ്ട്രീയ സാഹചര്യം വിലയിരുത്തലും വരുംകാല ജീവിത കാഴ്ചപ്പാട് രൂപപ്പെടുത്തലുമെല്ലാം ഒരു ഇസ്‌ലാമിക നവജാഗരണ പ്രസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിൽ അനിവാര്യമാണ്. വിശേഷിച്ചും, രൂപവത്കരണത്തിന്റെ ഏഴരപ്പതിറ്റാണ്ട് പിന്നിടുന്ന സാഹചര്യത്തിൽ. അതുകൊണ്ടുതന്നെ 1948 ഏപ്രില്‍ 14-ന് രൂപംകൊണ്ട ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി, 75 വയസ്സിന്റെ മൂപ്പെത്തിയിരിക്കുന്ന ഈ കാലത്തെ ആഘോഷിക്കാനല്ല, ആലോചനക്കും ആത്മപരിശോധനക്കും ആശയപ്രചാരണ പ്രവര്‍ത്തനങ്ങൾക്കും ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇസ്‌ലാമിനെ സമഗ്രതയിലും മുഴു സൗന്ദര്യത്തിലും രാജ്യത്തിന് മുമ്പാകെ അവതരിപ്പിക്കാനും ബഹുസ്വര സമൂഹത്തില്‍ ഇസ്‌ലാമിന്റെ തികവാർന്ന പ്രതിനിധാനം നിര്‍വഹിക്കാനും സാധിച്ചുവെന്നത് ഇസ്‌ലാമിക പ്രസ്ഥാനം കൈവരിച്ച പ്രധാന നേട്ടം തന്നെയാണ്.
ആദര്‍ശരംഗത്തും ആശയപ്രചാരണ രംഗത്തുമെന്നപോലെ സമുദായ ശാക്തീകരണം, വിദ്യാഭ്യാസം, മീഡിയ, ജനസേവനം, മൈക്രോഫിനാന്‍സ്, പലിശ രഹിത സാമ്പത്തിക സംവിധാനം തുടങ്ങി നിരവധി പദ്ധതികളും പ്രവര്‍ത്തനങ്ങളും ജമാഅത്തെ ഇസ്‌ലാമി നടപ്പാക്കിയിട്ടുണ്ട്.
ഇസ്‌ലാമിന്റെ ചടുല സാന്നിധ്യമായി ഈ പ്രസ്ഥാനം സമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും പ്രസ്ഥാനത്തെയും ഇസ്‌ലാമിനെയും സംബന്ധിച്ച് സമുദായത്തിലും സമൂഹത്തിലുമുള്ള പൊതുബോധത്തെ പൂര്‍ണമായും മറികടക്കാനായിട്ടില്ല എന്നത് യാഥാർഥ്യമാണ്. അതിനാല്‍ രാജ്യത്തുടനീളം എല്ലാ വിഭാഗം ജനങ്ങളുമായി സമ്പര്‍ക്ക പരിപാടികള്‍ നടത്തി, പ്രസ്ഥാനത്തെക്കുറിച്ച് കേട്ടും കേൾപ്പിച്ചും, ഒരേ സമയം ആശയ സംവാദവും സ്വയം നവീകരണവും കൂടിച്ചേർന്ന വേറിട്ടൊരു ഇടപെടൽ ഇക്കാലയളവിലെ പ്രധാന പരിപാടികളിലൊന്നാണ്. അഖിലേന്ത്യാ അമീറും ഭാരവാഹികളും സംസ്ഥാന അമീറുമാരും ശേഷം അതിന് താഴെയുള്ള മുഴുവന്‍ ഘടകങ്ങളും പ്രവര്‍ത്തകരും ഈ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമാവുകയാണ്. അതിന്റെതന്നെ തുടർച്ചയിലാണ് കഴിഞ്ഞ രണ്ട് മാസങ്ങളിലായി ഹല്‍ഖാ അമീര്‍ എം.ഐ അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ കേരളത്തിലുടനീളം യാത്ര സംഘടിപ്പിച്ചത്. ബഹളമില്ലാതെ, സമയമെടുത്ത് കേരളത്തിന്റെ ഹൃദയം തൊട്ടറിയാനും കേരളം എങ്ങനെ ചിന്തിക്കുന്നുവെന്ന് മനസ്സിലാക്കാനും കേള്‍ക്കാനുമെല്ലാം യാത്ര അവസരമായി. കേരളത്തിലെ പ്രഗല്‍ഭനായ ഒരു സമുദായ നേതാവിനോട്, ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ചും മുസ്‌ലിം സമുദായത്തെ കുറിച്ചും പറയാൻ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം, 'ഉള്ളതു പറയണോ, ഒത്തു പറയണോ' എന്നായിരുന്നു. 'നിങ്ങള്‍ക്ക് തോന്നിയത് ഉള്ളതുപോലെ പറയുക, ഒത്തു പറയുന്നത് കേള്‍ക്കാനും സന്തോഷിക്കാനുമല്ല ഈ യാത്ര' എന്ന് അമീര്‍ പ്രതികരിച്ചു. തുടര്‍ന്നദ്ദേഹം മുസ്‌ലിം സമുദായത്തെ കുറിച്ച് തന്റെ മനസ്സില്‍ കെട്ടിനില്‍ക്കുന്ന അതിഭീകരമായ ധാരണകള്‍ കെട്ടഴിച്ചു. ഇസ്‌ലാമോഫോബിയ കേരളത്തിന്റെ പൊതുബോധത്തിലുണ്ടാക്കിയ മുസ്‌ലിംവിരുദ്ധ മനോഭാവത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍. മറ്റൊരു മതപുരോഹിതന്‍, മുസ്‌ലിം സമുദായത്തെ പ്രതി നടന്നുകൊണ്ടിരിക്കുന്ന ഇസ്‌ലാംഭീതിയെയും തീവ്രവാദ ആരോപണങ്ങളെയും ശരിവെച്ചുകൊണ്ട്, അതിന്റെ അടിസ്ഥാന കാരണം മുസ്‌ലിംകൾ പിന്തുടരുന്ന ഖുർആനും ഹദീസുമടക്കമുള്ള സാക്ഷാല്‍ പ്രമാണങ്ങളാണെന്ന വിമർശനം ഉന്നയിക്കുകയാണ് ചെയ്തത്. ഇസ്‌ലാമും ഖുര്‍ആനും മുന്നിൽവെച്ച് അദ്ദേഹവുമായി ആരോഗ്യകരമായ സംവാദത്തിന് അത് നിമിത്തമായി. അബദ്ധജടിലമായ ധാരണകൾ തിരുത്തി അമീര്‍ വിഷയത്തിന്റെ യഥാർഥ ചിത്രം അദ്ദേഹത്തിന്റെ മുമ്പിൽ അവതരിപ്പിച്ചു. ഇങ്ങനെ പലതരം നിരൂപണങ്ങളും വിമര്‍ശനങ്ങളും തുറന്നു പറച്ചിലുകളുമെല്ലാം ഉള്ളതോടൊപ്പം, ശക്തിപ്രാപിക്കുന്ന ഫാഷിസത്തിനെതില്‍ കക്ഷിരാഷ്ട്രീയം മറന്ന് ഒരുമിച്ചുനില്‍ക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവരും പങ്കുവെച്ചു.
മലയാളത്തിന്റെ കൃതഹസ്തനായ എഴുത്തുകാരൻ ടി. പത്മനാഭന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ''ദല്‍ഹി നിരവധി രാജവംശങ്ങളുടെ അന്ത്യം കണ്ട നഗരമാണ്. ഇത് സംഘ് പരിവാറിന് മാത്രം ബാധകമാകാതിരിക്കില്ല.'' ദീര്‍ഘ കാലം ദല്‍ഹിയുടെ രാഷ്ട്രീയ ചൂടില്‍ നിന്ന കവി കെ. സച്ചിദാനന്ദൻ അതിൽനിന്ന് മാറി, കേരളത്തിലെത്തി ഏറ്റെടുത്ത പുതിയ ചുമതലയുമായി ബന്ധപ്പെട്ടാണ് വര്‍ത്തമാനം തുടങ്ങിയത്. കേരളത്തിലെത്തുമ്പോള്‍ ജനാധിപത്യ ഇന്ത്യ നേരിടുന്ന യഥാർഥ വെല്ലുവിളിയുടെ ആഴവും പരപ്പും സംത്രാസവുമെല്ലാം പൂര്‍ണതയില്‍ മനസ്സിലാവില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇ.ഡി, എന്‍.ഐ.എ തുടങ്ങിയ ഭരണകൂട ഉപകരണങ്ങളെ കുറിച്ച ഭീതി പലരുടെയും അഭിപ്രായ പ്രകടനങ്ങളെയും നിലപാടുകളെയും സ്വാധീനിച്ചതായി അഭിപ്രായപ്പെട്ടവരുണ്ട്. യാത്രയില്‍ വെള്ളാപ്പള്ളി നടേശനുമായും അഡ്വ. വിദ്യാസാഗറുമായും സംസാരിച്ചു. സംവരണ വിഷയത്തിൽ പിന്നാക്ക സമുദായങ്ങൾ കൂട്ടായ ആത്മാര്‍ഥ നീക്കങ്ങൾ നടത്താത്തത് സംസാര വിഷയമായി. പൊതു മേഖല ശുഷ്കിക്കുകയും സ്വകാര്യ മേഖലയില്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് സ്വകാര്യ മേഖലയില്‍ കൂടി സംവരണം ആവശ്യപ്പെടുകയും അനുവദിക്കപ്പെടുകയും ചെയ്താലേ, തൊഴില്‍ മേഖലയിലെ സംവരണ തത്ത്വം സംരക്ഷിക്കപ്പെടുകയുള്ളൂ എന്ന് വിദ്യാസാഗര്‍ ഓര്‍മിപ്പിച്ചു. ജസ്റ്റിസ് കെ.ടി തോമസുമായുള്ള സംസാരം ഹൃദ്യവും വൈകാരികവുമായിരുന്നു. ജമാഅത്തെ ഇസ്‌ലാമി നിരോധനത്തിനെതിരെ വിധി പറഞ്ഞ ജഡ്ജി കൂടിയാണ് അദ്ദേഹം. പിന്നീട് വിധിയെ സുപ്രീം കോടതി മൂന്നംഗ െബഞ്ച് ശരിവെച്ച അനുഭവം അദ്ദേഹം അമീറുമായി പങ്കുവെച്ചു. മുസ്‌ലിം സാമൂഹിക ജീവിതത്തെയും ജമാഅത്തെ ഇസ്‌ലാമിയെയും ചെറുപ്പം മുതലേ അനുഭവിച്ചറിഞ്ഞിട്ടുണ്ട് അദ്ദേഹം. ജമാഅത്ത് പ്രവര്‍ത്തകനായ മര്‍ഹൂം ഇ.കെ അബ്ദുല്‍ ഖാദര്‍ സാഹിബ് അദ്ദേഹത്തെ സ്വാധീനിച്ച കുടുംബ സുഹൃത്താണ്. പഴയ കാലത്തെ കോട്ടയത്തെ എച്ച്.എം.സി(ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യൻ ക്ലബ്!)യുടെ ക്ലബ് ഫുട്ബോള്‍ അനുസ്മരിച്ച അദ്ദേഹം, സമകാലിക സന്ദര്‍ഭത്തില്‍ സമുദായങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന അകല്‍ച്ചയില്‍ ഉത്കണ്ഠ പ്രകടിപ്പിച്ചു. മലയാള മനോരമയുടെ മുന്‍ പത്രാധിപരും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ജേക്കബ് തോമസ് ഏറെ സന്തോഷത്തോടെയാണ് അമീറിനെ സ്വീകരിച്ചത്. 1966 മുതല്‍ '79 വരെയുള്ള കോഴിക്കോട് ജീവിതവും ഒ. അബ്ദുര്‍റഹ്്മാനുമായുള്ള സൗഹൃദവുമെല്ലാം സംസാരത്തില്‍ കടന്നുവന്നു. മാധ്യമത്തിന് തുടക്കം കുറിച്ച മതപണ്ഡിതനായ മർഹൂം കെ.സി അബ്ദുല്ലാ മൗലവിയെ നേരിട്ടറിയുന്ന അദ്ദേഹം കെ.സിയെ വായിച്ചിട്ടുണ്ടെന്നും പറഞ്ഞു.
സമകാലിക ഇന്ത്യന്‍ സാഹചര്യത്തെ സഗൗരവം മുഖവിലക്കെടുത്ത് ആശയപരമായ അഭിപ്രായാന്തരങ്ങള്‍ മാറ്റിവെച്ച് മത, സമുദായ, സാംസ്‌കാരിക സംഘടനകള്‍ ഒന്നിച്ചുനില്‍ക്കണമെന്ന ആശയമാണ് യാത്രയിലുടനീളം ഉയര്‍ന്നുവന്നത്. ഇസ്‌ലാമോഫോബിയ കേരളത്തിലെ മത സമൂഹങ്ങള്‍ക്കിടയില്‍ ഭീതിയും അകല്‍ച്ചയും ഉണ്ടാക്കിയെന്നത് അനിഷേധ്യ യാഥാര്‍ഥ്യമാണ്. സമുദായങ്ങള്‍ക്കിടയില്‍ സംശയത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും വിത്ത് വിതക്കാനും അതുവഴി മനസ്സുകളെ പരസ്പരമകറ്റാനും തല്‍പര കക്ഷികള്‍ക്ക് സാധിച്ചിരിക്കുന്നു. ഇതില്‍ ഏറെ അകല്‍ച്ച സംഭവിച്ചത് ഇന്ത്യയിലുടനീളം വംശീയ അതിക്രമങ്ങള്‍ നേരിടുന്ന മുസ്‌ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയിലാണ്. ക്രൈസ്തവ മേലധ്യക്ഷന്‍മാരുമായുള്ള കൂടിക്കാഴ്ചയില്‍ ഈ വിഷയം കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടു. മൈനോറിറ്റി എന്ന നിലയിലും സംഘ് പരിവാര്‍ ലക്ഷ്യംവെക്കുന്ന മതന്യൂനപക്ഷങ്ങള്‍ എന്ന നിലയിലും ഒന്നിച്ചുനില്‍ക്കുമ്പോഴും ഇരു സമുദായങ്ങള്‍ക്കിടയിലും വലിയ അകല്‍ച്ച സംഭവിച്ചിരിക്കുന്നു. ഇത് സംഘ് പരിവാറിന് മാത്രമേ ഗുണം ചെയ്യൂ എന്നും വിലയിരുത്തപ്പെട്ടു. ഇരു സമുദായങ്ങള്‍ക്കുമിടയില്‍ അകലം സൃഷ്ടിക്കുന്നതില്‍ രാജ്യത്തെ സംഘ് പരിവാര്‍ ശക്തികളും സെക്കുലര്‍ പാര്‍ട്ടികളും സോഷ്യൽ മീഡിയയും വലിയ പങ്കാണ് വഹിച്ചത്. ഇനിയും ജാഗ്രത പാലിച്ചില്ലെങ്കില്‍ മുസ്‌ലിം, ക്രൈസ്തവ സമൂഹങ്ങള്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.
ജമാഅത്തെ ഇസ്‌ലാമിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളോ കര്‍മപരിപാടികളോ സമൂഹത്തില്‍ അത് നിര്‍വഹിക്കുന്ന വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക സംഭാവനകളോ വരച്ചുകാട്ടുന്ന ഇമേജല്ല ജമാഅത്തെ ഇസ്‌ലാമിക്ക് സമൂഹത്തിലുള്ളത്. ജമാഅത്തെ ഇസ്‌ലാമിക്കുമേല്‍ ഭീകരവാദ, തീവ്രവാദ മുദ്ര ചാര്‍ത്താനുള്ള മത-രാഷ്ട്രീയ സംഘങ്ങളുടെ പ്രചാരണം നിഷ്‌കളങ്കരായ ചിലരെയെങ്കിലും ജമാഅത്തിനെ സംശയ ദൃഷ്ടിയോടെ കാണാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. തുടക്കത്തില്‍, സഹോദര സംഘടനകളിലെ ഉലമാക്കള്‍ ചാർത്തിത്തന്ന 'പുത്തൻ വാദികൾ' എന്ന ലേബലും, തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങളോട് ചേർന്നു നില്‍ക്കാത്ത സാഹചര്യത്തില്‍ മത-രാഷ്ട്രീയ സംഘടനകള്‍ ചാര്‍ത്തിയ തീവ്രവാദ മുദ്രയും ജമാഅത്തിനെ കുറിച്ച വികല ധാരണകൾക്ക് വഴിയൊരുക്കി. ജമാഅത്തെ ഇസ്‌ലാമിയെ നിങ്ങള്‍ക്ക് സോഷ്യല്‍ ഓഡിറ്റ് നടത്താം, നിരൂപണം ചെയ്യാം, എല്ലാം തുറന്നു പറഞ്ഞോളൂ എന്ന് പറഞ്ഞപ്പോള്‍ പല പ്രമുഖരും ഉള്ളുതുറന്നു സംസാരിച്ചു. അവരെല്ലാം തങ്ങളുടെ ജമാഅത്ത് അനുഭവത്തില്‍നിന്ന് സംസാരിച്ചത് ഇങ്ങനെയാണ്: ''ജമാഅത്ത് പ്രവര്‍ത്തകരെ ഞങ്ങള്‍ക്കറിയാം, ജമാഅത്തുകാരായ ധാരാളം സുഹൃത്തുക്കള്‍ ഞങ്ങള്‍ക്കുണ്ട്. അവരെല്ലാം പൊതുവെ നല്ലവരാണ്. പ്രസിദ്ധീകരണങ്ങള്‍ കാണാറുണ്ട്. എന്നിട്ടും, കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ചിലര്‍ എന്താണ് നിങ്ങള്‍ക്കെതിരെ തീവ്രവാദം ആരോപിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.'' അതുതന്നെയാണ് ജമാഅത്ത് നേരിടുന്ന പ്രശ്‌നം. ഇനിയുള്ള കാലത്ത് ജമാഅത്ത് ബ്രേക്ക് ചേയ്യേണ്ട കാര്യവും അതാണ്.
മലപ്പുറം ജില്ലയിലെ ചെമ്മാട് നടന്ന പൗരപ്രമുഖരുടെ യോഗത്തില്‍ ഭിന്ന കാഴ്ചപ്പാടുകളുള്ള നിരവധി പേര്‍ പങ്കെടുത്തു. സ്ഥലത്തെ പൗരപ്രമുഖനും മുതിര്‍ന്ന പൊതുപ്രവര്‍ത്തകനുമായ കുഞ്ഞമ്മദ് ഹാജിയുടെ സ്വതഃസിദ്ധമായ ശൈലിയിലുള്ള പ്രതികരണം: ''നിങ്ങള്‍, ഞങ്ങളുടെ ഉലമാക്കളുമായി സംസാരിച്ച് അവര്‍ പറയുന്ന കാര്യങ്ങള്‍ കേട്ട്, അവരെക്കൂടി ഈ വിഷയങ്ങള്‍ ബോധ്യപ്പെടുത്തണം.'' ഒരുമിച്ചു നില്‍ക്കാനുള്ള സമുദായത്തിന്റെ വലിയ മനസ്സാണ് ഇത്തരം വെളിപ്പെടുത്തലുകള്‍. പത്തനംതിട്ടയിലെ മഹല്ല് ജമാഅത്ത് പ്രസിഡന്റ് പറഞ്ഞത്, ജമാഅത്തെ ഇസ്‌ലാമിക്ക് എഞ്ചിന്‍ കരുത്തും ക്വാളിറ്റിയുമുണ്ട്. പക്ഷേ, അതനുസരിച്ചുള്ള ബോഗികള്‍ പിറകിലില്ല. ധാരാളം നല്ല പ്രോഡക്ടുകള്‍ രാജ്യത്തിന് ജമാഅത്ത് സംഭാവന ചെയ്തതായും അദ്ദേഹം അനുസ്മരിച്ചു.
കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവിനോട് ജമാഅത്തിനോടുള്ള തുറന്ന വിമര്‍ശനം ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു: ''നിങ്ങള്‍ എന്താണെന്ന് എനിക്ക് നന്നായറിയാം. എന്റെ മണ്ഡലത്തില്‍ ധാരാളം പ്രവര്‍ത്തകരുണ്ട്, നേരത്തെ തന്നെ അവരുമായി അടുത്ത ബന്ധവുമുണ്ട്. പക്ഷേ, അതല്ല നിങ്ങളെ കുറിച്ച് പുറമെ ചിത്രീകരിക്കപ്പെടുന്നത്. നിങ്ങള്‍ ചെയ്യുന്ന വലിയ കാര്യങ്ങളുടെ ഗുണഫലം ലഭിക്കുന്നതിന് തടസ്സമായി വര്‍ത്തിക്കുന്ന ഒരു പൊതുബോധമുണ്ട്''. ഏറ്റവുമൊടുവിൽ, ദല്‍ഹിയില്‍ മുസ്‌ലിം സംഘടനകളും ആർ.എസ്.എസും തമ്മില്‍ നടന്ന ചര്‍ച്ചയെ ജമാഅത്ത് ചര്‍ച്ചയായി ചിത്രീകരിച്ച് മത-രാഷ്ട്രീയ സംഘടനകളെ വളരെ തെറ്റായ ഒരു നരേറ്റീവിന്റെ പിറകില്‍ അണിനിരത്താന്‍ ചില തല്‍പര കക്ഷികള്‍ക്ക് സാധിച്ചതിന് പിന്നിലും കാലങ്ങളായി വളര്‍ത്തിയെടുത്ത ഈ പൊതുബോധമാണ് പ്രവർത്തിക്കുന്നത്. ഇസ്‌ലാമോഫോബിയ ശക്തമായ ഇക്കാലത്ത് ഈ ജമാഅത്ത് വിരുദ്ധ പൊതുബോധം ഏത് സമയത്തും ആര്‍ക്കും കത്തിച്ചെടുക്കാമെന്നതാണ് നില. അതേസമയം, നേരത്തേതില്‍നിന്ന് വ്യത്യസ്തമായി പൊതു സമൂഹത്തിന് കാര്യങ്ങള്‍ മനസ്സിലായിത്തുടങ്ങിയിരിക്കുന്നു എന്നതാണ് യാത്രാനുഭവം. നിങ്ങള്‍ എന്തുകൊണ്ട് തീവ്രവാദ സമീപനം സ്വീകരിക്കുന്നു എന്നതില്‍നിന്ന്, നിങ്ങള്‍ക്കു നേരെ തീവ്രവാദ മുദ്ര ചാര്‍ത്തുന്നതെന്തിന് എന്നതിലേക്ക് ചോദ്യം വികസിച്ചിരിക്കുന്നു.
സമാനമായതും അല്ലാത്തതുമായ ധാരാളം അന്വേഷണങ്ങള്‍ വേറെയും അമീറിന് മുമ്പാകെ ഉന്നയിക്കപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമിയുടെ ഭാഷ മനസ്സിലാകുന്നില്ല, പൊതു ജനങ്ങളുടെ ഭാഷയില്‍ എഴുതാനും സംസാരിക്കാനും ശ്രമിക്കണം, ബഹുസ്വര സമൂഹത്തില്‍ ഇസ്‌ലാം അവതരണത്തിന്റെ ഭാഷാശൈലികള്‍ വികസിപ്പിച്ചെടുത്തത് ജമാഅത്തെ ഇസ്‌ലാമിയാണ്, വിദ്യാഭ്യാസ രംഗത്തെ ദിശ നിര്‍ണയിക്കാന്‍ സാധിച്ചു, ഇസ്‌ലാംവായന ജനകീയമാക്കും വിധം പ്രസിദ്ധീകരണ രംഗത്ത് വലിയ നേട്ടം സാധിച്ചു, മീഡിയാ രംഗത്തെ ഇടപെടലുകൾ അഭിമാനകരമാണ്, ഇതില്‍ ഭിന്നത മറന്ന് ജമാഅത്തിനെ പിന്തുണക്കണം തുടങ്ങി അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങളുയര്‍ന്നു. കരുതിവെപ്പില്ലാത്ത ഇത്തരം ഉള്ളുതുറന്ന സംഭാഷണങ്ങള്‍ കേരളീയ സമൂഹത്തിന്റെ നന്മയില്‍ ഏറെ സന്തോഷവും പ്രതീക്ഷയും പകരുന്നതായിരുന്നു.
ആ തേട്ടത്തെ ഗൗരവപൂര്‍വം ഉള്‍ക്കൊള്ളുകയും അതാഗ്രഹിക്കുകയും അതിനായി യത്‌നിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്ന ധാരാളം വ്യത്യസ്ത സാമൂഹിക വിഭാഗങ്ങള്‍ ഉണ്ടെന്നത്, ഈ വിപത്തിനെയും നമ്മുടെ നാട് അതിജീവിക്കുമെന്ന പ്രതീക്ഷയാണ് പകരുന്നത്. എല്ലാറ്റിലുമുപരി പരസ്പരം അറിയാനും മനസ്സിലാക്കാനും, രാജ്യം നേരിടുന്ന മഹാ വിപത്തുകളെ ഒരുമിച്ചുനിന്ന് പ്രതിരോധിക്കാനുമുള്ള കാലത്തിന്റെ വിളിക്ക് ഉത്തരം നൽകുന്നതായിരുന്നു ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ജനസമ്പർക്ക യാത്ര. l
Comments