Prabodhanm Weekly

Pages

Search

2023 മാർച്ച് 10

3293

1444 ശഅ്ബാൻ 17

വഅ്ളിനെ  ഇകഴ്ത്തിയിട്ടില്ല 

പി.കെ ജമാൽ  99472 57497

'പ്രീണനങ്ങളുടെ രാഷ്ട്രീയവും വിശുദ്ധ ഖുർആൻ പാഠങ്ങളും' എന്ന ശീർഷകത്തിൽ (03/02/2023) ഞാൻ എഴുതിയ ലേഖനത്തിൽ, ഒരു കാലഘട്ടത്തിലെ സുപ്രധാന ഉദ്ബോധന മാധ്യമമായ 'വഅ്ളി'നെ ഇകഴ്ത്തിക്കാട്ടി എന്ന ഒരു വായനക്കാരന്റെ വിമർശനം ശ്രദ്ധയിൽപെട്ടു.
പതിനാറ് വർഷം മുമ്പ് പ്രബോധനത്തിൽ 'വഅ്ള് : പ്രസക്തിയും പ്രാധാന്യവും' എന്ന ശീർഷകത്തിൽ ഞാൻ തന്നെ ഒരു ലേഖനമെഴുതിയിട്ടുണ്ട്. വിശുദ്ധ ഖുർആനിൽ ഒമ്പത് ഇടങ്ങളിൽ വന്ന വ അ്ള് എന്ന പദവും ഹദീസുകളിൽ വന്ന വഅ്ള് എന്ന പദവും അറബി ടെക്സ്റ്റോടെ വിശദീകരിച്ച് , വഅ്ളിന്റെ സമകാല പ്രസക്തി വ്യക്തമാക്കിയ ആ ലേഖനത്തിന്റെ ആദ്യ ഭാഗം ഉദ്ധരിക്കുന്നത് സംഗതമായിരിക്കും: "ഒരു കാലഘട്ടത്തിൽ സമൂഹത്തെ ബോധവൽക്കരിക്കുന്ന ദൗത്യം ഒരളവോളം നിറവേറ്റിയത് വഅ്ളുകളായിരുന്നു. നൂറ്റാണ്ടോളം സജീവമായി നിലനിന്ന ഈ ബോധന മാധ്യമത്തിന് ഇന്ന് പക്ഷേ, പഴയ പ്രതാപമില്ല. രാത്രി പ്രസംഗങ്ങളുടെ പഴയ കാലം  ഏറക്കുറെ ഇന്ന് ഓർമയായി മാത്രം അവശേഷിക്കുന്നു. വ്യത്യസ്ത സംഘടനകൾ തങ്ങളുടെ പണ്ഡിതന്മാരെ കൊണ്ടുവന്ന് നടത്തിക്കൊണ്ടിരുന്ന വഅ്ള് പരമ്പരകൾ സമുദായ ഹൃദയത്തിൽ സൃഷ്ടിച്ച മതബോധത്തെ തള്ളിപ്പറയാൻ സാധ്യമല്ല. പല പരമ്പരകളും ബന്ധപ്പെട്ട സ്ഥാപനത്തിന്റെ ധനശേഖരണത്തോടെയായിരുന്നു സമാപിച്ചിരുന്നത്. പെട്രോ ഡോളറിന്റെ വരവും സാമ്പത്തിക സ്രോതസ്സുകളുടെ പെരുപ്പവും സ്ഥാപനങ്ങൾക്ക് നിലനിൽക്കാൻ വഅ്ളുകളുടെ അനിവാര്യത ഇല്ലാതാക്കിയതും ഒരു സത്യമാണ്.
വഅ്ള് പരമ്പരകൾ  തരം താണ് അന്തസ്സും മാന്യതയും ഉള്ളവർക്ക് കേൾക്കാൻ കൊള്ളരുതാത്ത നിലവാരത്തകർച്ചയെ നേരിട്ട ഒരു കാലമുണ്ടായിരുന്നു. നവോത്ഥാന, പരിഷ്കരണ സംരംഭങ്ങൾക്ക് അടിത്തറ പാകുകയും ബഹുജന ഹൃദയങ്ങളെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ സജ്ജമാക്കുകയും ചെയ്ത വഅ്ളിനെ പഴയ സജീവതയിലേക്ക് തിരിച്ചുകൊണ്ടു വരേണ്ടതുണ്ട്. വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും ഇസ്്ലാമികമായ ആസ്പദങ്ങളിൽ ഉറപ്പിച്ച് നിർത്താനും തെളിച്ചം മങ്ങുന്ന മൂല്യങ്ങൾക്ക് തിളക്കമേറ്റാനും നടത്തുന്ന ശ്രമങ്ങൾക്ക് വഅ്ളിലേക്കുള്ള തിരിച്ചുപോക്ക് ആക്കം കൂട്ടും."
ഒരു പ്രസ്ഥാന പ്രവർത്തക സമ്മേളനത്തിൽ, വഅ്ളിനെ കുറിച്ച് മർഹൂം ടി.കെ അബ്ദുല്ലാ സാഹിബ് നടത്തിയ ഗുണാത്മക പരാമർശത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് പ്രബോധനത്തിൽ വഅ്ളിനെ കുറിച്ച് ഒരു പഠന ലേഖനം ഞാൻ എഴുതിയത്. ഈ പഠനം റഫറൻസാക്കി നടത്തിയ ടി.കെയുടെ ചില പ്രഭാഷണങ്ങളും എന്റെ ഓർമയിലുണ്ട്. ടി.കെയുടെ പരാമർശമാണ് ലേഖനത്തിന് പ്രേരകമായതെന്ന് പറഞ്ഞപ്പോൾ സന്തോഷത്താൽ തിളങ്ങിയ ആ കണ്ണിലെ പ്രകാശം എന്റെ സ്വകാര്യ സായൂജ്യമാണ്. വഅ്ളിനെ വില കുറച്ച് കാണുന്ന ഗണത്തിലല്ല ലേഖകനെന്ന് വ്യക്തമാക്കാനാണ് മുൻപ് എഴുതിയ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ ഉദ്ധരിച്ചത്.
യഥാർഥത്തിൽ എന്റെ ലേഖനത്തിന്റെ ഉള്ളടക്കം വഅ്ളായിരുന്നില്ലല്ലോ.

 

ഹൈദറാബാദിന്റെ പതനം


വി.എ കബീര്‍ എഴുതിയ ലേഖനം (ലക്കം 3287) വായിക്കുമ്പോള്‍ ചിന്ത 1492-ലെ സ്‌പെയിനിന്റെ പതനം വരെ എത്തുന്നു. എഴുന്നൂറാണ്ട് നിലനിന്ന ഇസ്്‌ലാമിക ഭരണത്തെയാണ് കത്തോലിക്കാ പാതിരിമാര്‍ പിഴുതെറിയുന്നത്. അതിന് അവര്‍ മൂന്ന് നൂറ്റാണ്ട് അവിരാമം അധ്വാനിക്കേണ്ടിവന്നു. അവിടെ നിന്ന് ആരംഭിക്കുന്ന ഇസ്്‌ലാമിക രാഷ്ട്രീയത്തിനെതിരായുള്ള ആഗോള അജണ്ട ഇന്നും തുടരുന്നു.
കുരിശുയുദ്ധങ്ങള്‍, നഗരങ്ങളുടെ വികസനം, വാണിജ്യ വ്യവസായ രംഗത്തെ വളര്‍ച്ച തുടങ്ങിയ യൂറോപ്യന്‍ സാഹചര്യം അവരെ കോളനികള്‍ അന്വേഷിക്കാന്‍ നിര്‍ബന്ധിതരാക്കി. അറ്റ്‌ലാന്റിക് തീരത്തെ രാജ്യങ്ങളായ ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ അവരുടെ രാജാക്കന്മാരുടെ പ്രേരണയാല്‍ സമുദ്ര യാത്രകള്‍ക്കുള്ള കപ്പല്‍ ചാലുകള്‍ കണ്ടുപിടിച്ചു. തുര്‍ക്കിയ കോണ്‍സ്റ്റാന്റിനോപ്പിള്‍ പ ിടിച്ചതോടെ തെക്കു കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങൾക്കും ഒരു വ്യാപാര മാര്‍ഗത്തിന്റെ ആവശ്യകത നേരിട്ടു. സ്‌പെയിനിന്റെ പതനം യൂറോപ്യന്മാര്‍ക്ക് ഒരു ഭാഗ്യനക്ഷത്രമായിരുന്നു. അതുകൊണ്ട് ഈ രാഷ്ട്രങ്ങളെല്ലാം സമുദ്ര യാത്രകള്‍ക്ക് തുടക്കമിട്ടു. നിലവിലുള്ള ദുര്‍ഘട വ്യാപാര മാര്‍ഗങ്ങളും ചുങ്കങ്ങളും അവർക്കതിന് പ്രേരണയായി. അങ്ങനെ ആദ്യമായി വാസ്‌കോഡ ഗാമയുടെ കപ്പല്‍ കാപ്പാട്, ഇന്ത്യയിലെത്തി.
ഒന്നാം ലോക യുദ്ധത്തില്‍ തുര്‍ക്കിയ ഖിലാഫത്ത് തകര്‍ന്നു. ഭാഗ്യത്തിന് തുര്‍ക്കിയയെ പങ്കുവെക്കാന്‍ തുര്‍ക്കിയ ദേശവാസികള്‍ സമ്മതിച്ചില്ല. ഇസ്്‌ലാമിക പരിവേഷം എടുത്തുകളഞ്ഞു. തുര്‍ക്കിയയെ മറ്റു രാഷ്ട്രങ്ങളെപ്പോലെ കേവല ഭൗതികതയിൽ അധിഷ്ഠിതമായ ഭൗതിക രാഷ്ട്രമാക്കി മാറ്റി. റഷ്യയും ഇംഗ്ലണ്ടും ഫ്രാന്‍സും തുര്‍ക്കിയയുടെ ഭാഗങ്ങളായ മധ്യേഷ്യന്‍ രാജ്യങ്ങളെയും പശ്ചിമേഷ്യന്‍ രാജ്യങ്ങളെയും പങ്കിട്ടെടുത്ത് മുസ്്ലിംകളുടെ മേല്‍ കൊടുംക്രൂരതകളും വംശഹത്യയും നടത്തി. തുര്‍ക്കിയ ബ്രിട്ടനെക്കാള്‍ വലിയ സാമ്രാജ്യശക്തിയായിരുന്നു. ബ്രിട്ടീഷുകാരുടെ വരവിനു മുമ്പ് ഇന്ത്യയിലെ മുസ്്‌ലിം രാജ്യങ്ങള്‍ക്ക് നേതൃപരമായ നിര്‍ദേശങ്ങള്‍ തുര്‍ക്കിയയും ഈജിപ്തും നല്‍കിയിരുന്നു.
ഇന്ത്യാ വിഭജനം ഒരു ബ്രിട്ടീഷ് അജണ്ടയായിരുന്നു. അതിന് പ്രാപ്തനായ ഒരാളെത്തന്നെ അതായത്, മൗണ്ട് ബാറ്റണ്‍ പ്രഭുവിനെയാണ് ബ്രിട്ടന്‍ വൈസ്രോയിയായി അയച്ചത്. മൗണ്ട് ബാറ്റന് നെഹ്‌റുവിനോട് നന്നേ സ്‌നേഹമായിരുന്നു. ഗാന്ധിയോടോ ജിന്നയോടോ അത്ര പന്തിയില്ലായിരുന്നു. വിഭജന ഫോര്‍മുല തയാറാക്കിയത് നെഹ്‌റുവും മൗണ്ട് ബാറ്റനുമാണ്. പക്ഷേ, അത് പൂര്‍ത്തിയാക്കിയത് വല്ലഭായി പട്ടേലിന്റെ വിശ്വസ്തനായ വി.പി മേനോനായിരുന്നു.
ഇനി ഹൈദറാബാദിലേക്ക് വരാം. ഹൈദറാബാദ് നൈസാമിന് മൈസൂരിനെ ആക്രമിക്കാന്‍ വൈസ്രോയിയോട് 4000 ഇംഗ്ലീഷ് പട്ടാളക്കാരെ കടം വാങ്ങേണ്ടിവന്നു. യുദ്ധം കഴിഞ്ഞപ്പോള്‍ നൈസാം ഈ പട്ടാളത്തെ തിരിച്ചയക്കാനുള്ള ശ്രമമാരംഭിച്ചു. അപ്പോള്‍ വൈസ്രോയി നൈസാമിനോട് പറഞ്ഞു, ആ പട്ടാളം ഹൈദറാബാദില്‍ തന്നെ നില്‍ക്കട്ടെയെന്ന്. അങ്ങനെ ഹൈദറാബാദ് ബ്രിട്ടന്റെ ഒരു സാമന്ത രാജ്യമായി. ടിപ്പുവിന്റെ കരവാള്‍ എന്ന പുസ്തകത്തിലുള്ള കഥയാണിത്.
ജിന്ന നൈസാമിന്റെ ഡൈനാസ്റ്റിയെക്കുറിച്ചും, അന്നത്തെ സാഹചര്യത്തില്‍ ഇന്ത്യയിലുടലെടുക്കുന്ന ജനാധിപത്യ പ്രസ്ഥാനത്തെക്കുറിച്ചും തെര്യപ്പെടുത്തിയ കഥയുമുണ്ട്. വിഭജനക്കരാര്‍ അനുസരിച്ച് ഹൈദറാബാദ് മുസ്്‌ലിം ഭൂരിപക്ഷ പ്രദേശമല്ലാത്തതുകൊണ്ട് പാകിസ്താന്റെ ഭാഗമാകാന്‍ സാധ്യതയില്ല. അതുകൊണ്ടാണല്ലോ മൗദൂദി സാഹിബ് സൂചന നല്‍കിയത്, തീരുമാനം ഭൂരിപക്ഷ അഭിപ്രായത്തിന് വിട്ടുകൊടുക്കാന്‍.
അന്തിമ വിശകലനത്തില്‍ ഹൈദറാബാദിലെ അന്തസ്സുറ്റ ജനത അപമാനിതരായെന്നും യൗവനസൂനം കശക്കിയെറിയപ്പെട്ടുവെന്നും പറയുന്നു. ഇതിന് ഉത്തരവാദി നൈസാമിന്റെ സ്വാര്‍ഥതയും പിടിപ്പില്ലായ്മയും വിസമ്മതവും തന്നെയല്ലേ? പട്ടേലിനും വി.പി മേനോനും കാര്യങ്ങള്‍ എത്രയും എളുപ്പമായതും അതുകൊണ്ടുതന്നെ. 
വി.എം ഹംസ മാരേക്കാട് 
9746100562

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 84-86
ടി.കെ ഉബൈദ്‌

ഹദീസ്‌

ജനങ്ങളിലേറ്റം നിന്ദ്യരായവർ
ഡോ. മുഹമ്മദ് പാണ്ടിക്കാട്