Prabodhanm Weekly

Pages

Search

2023 മാർച്ച് 10

3293

1444 ശഅ്ബാൻ 17

ജനങ്ങളിലേറ്റം നിന്ദ്യരായവർ

ഡോ. മുഹമ്മദ് പാണ്ടിക്കാട്

عَنْ عَبْدِ اللهِ بْنِ مَسْعُودٍ  رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيهِ وَ سَلَّمَ يَقُولُ:
“إنَّ مِنْ شِرَارِ النَّاسِ مَنْ تُدْرِكُهُ السَّاعَةُ وَهُمْ أحْيَاءٌ ، وَ مَنْ يَتَّخِذُ القُبُورَ مَسَاجِدَ “ (البخاري)

 

അബ്ദുല്ലാഹിബ്്നു മസ്ഊദിൽനിന്ന്. അല്ലാഹുവിന്റെ റസൂൽ (സ ) അരുളി: "തീർച്ചയായും ജനങ്ങളിൽ ഏറ്റവും ദുഷ്ടരായവർ അന്ത്യദിന സമയത്ത് ജീവിച്ചിരിക്കുന്നവരാണ്;  
ഖബ്റുകളെ പള്ളികളാക്കുന്നവരും" (ബുഖാരി).

 

ജനങ്ങളിലേറെ മഹത്വമുള്ളവരെയും പരലോകത്ത് കൂടുതൽ സ്ഥാനപദവികൾക്കും പ്രതിഫലത്തിനും അർഹരായവരെയും അവരുടെ ഗുണങ്ങൾ എണ്ണിപ്പറഞ്ഞ് വിവരിച്ചു കൊടുത്തിരുന്ന നബി (സ), പരലോകത്ത് ഏറെ നീചരും നികൃഷ്്ടരും ആരായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ഹദീസാണിത്. ലോകാവസാനത്തിന്റെ സമയമാകുമ്പോൾ മനസ്സും കർമവും ഏറെ ചീത്തയായ ദുഷ്്ടരും നീചരുമാണ് ഭൂലോകത്തുണ്ടാവുക എന്നാണ് നബി(സ) മുന്നറിയിപ്പ് നൽകുന്നത്. അവർ അല്ലാഹുവിന് ഏറെ വെറുക്കപ്പെട്ടവരായിരിക്കും.
ഈ വിഷയത്തിൽ ഇമാം മുസ്്ലിം മറ്റൊരു ഹദീസ് ഇപ്രകാരം നിവേദനം ചെയ്യുന്നുണ്ട്. لا تَقومُ الساعَةُ، وعلى وَجْهِ الأرْضِ أحَدٌ يقولُ: اللهُ اللهُ (ഭൂമിയിൽ 'അല്ലാഹ്, അല്ലാഹ്' എന്ന് ഉരുവിടുന്ന ഒരാൾ പോലും ഇല്ലാത്ത അവസ്ഥയിലല്ലാതെ അന്ത്യദിനം സംഭവിക്കുകയില്ല). ഈമാനിന്റെ കണിക പോലുമില്ലാത്തവരായിരിക്കും ഈ ആളുകളെന്നാണ് സൂചന.
ഇവിടെ കൊടുത്ത ഹദീസിലെ 'ഖബ്റുകളെ പള്ളികളാക്കുക' എന്ന പ്രയോഗത്തിന് രണ്ട് ആശയങ്ങളുണ്ട്:
ഒന്ന്: ഖബ്റുകളെ പള്ളിപോലെയാക്കി ആദരിച്ച് അവിടം സുജൂദിനുള്ള സ്ഥലമാക്കുക. അല്ലെങ്കിൽ ഖബ്റിനെ നമസ്കാരത്തിനുള്ള ഖിബ്്ലയാക്കുക.
രണ്ട്: പള്ളിക്കകത്ത് ഖബ്റുണ്ടാക്കി, അവിടെ പ്രത്യേക പ്രാർഥനയും നമസ്കാരവും നിർവഹിക്കുക. 
ഖബ്റിനകത്തുള്ളവരെ ആരാധിക്കാൻ പിന്നീട് ഇത് കാരണമായേക്കാം എന്ന് റസൂൽ (സ) ഭയന്നു. ആഇശ (റ) പറയുന്നു: നബി (സ) വഫാത്താവുന്നതിന്റെ തൊട്ട് മുമ്പ് പറഞ്ഞു: "അല്ലാഹു ജൂതരെ ശപിച്ചിരിക്കുന്നു. പ്രവാചകൻമാരുടെ ഖബ്റുകളെ അവർ പള്ളികളാക്കി മാറ്റി" (ബുഖാരി).
ആഇശ (റ) പറയുന്നു: "അബ്സീനിയയിൽ കണ്ട ഒരു ചർച്ചിനെ കുറിച്ച് ഉമ്മു സലമ (റ) നബിയോട് പറഞ്ഞു. മറിയ എന്നായിരുന്നു ചർച്ചിന്റെ പേര്. അതിനകത്തുള്ള ചിത്രങ്ങളെക്കുറിച്ചും വിശദീകരിച്ചു കൊടുത്തു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: "അല്ലാഹുവിന്റെയടുക്കൽ ഏറ്റവും മോശപ്പെട്ടവരാണവർ. അവർക്കിടയിലെ സൽസ്വഭാവിയോ നല്ല  ദാസനോ മരിച്ചാൽ അദ്ദേഹത്തിന്റെ ഖബ്റിന്മേൽ അവർ പള്ളിയുണ്ടാക്കും. അതിനകത്ത് ചിത്രങ്ങൾ വരക്കുകയും ചെയ്യും"(ബുഖാരി).
ഇപ്രകാരം, വളരെ കണിശമായ നിലപാടാണ് പള്ളികളെ ഖബ്റുകളാക്കുന്നതിനോടും ഖബ്റിനരികിൽ ആരാധനകൾ നിർവഹിക്കുന്നതിനോടും  റസൂൽ (സ) സ്വീകരിച്ചിട്ടുള്ളത്. ശിർക്കിലേക്ക് നയിക്കുന്ന വഴികളെ അടക്കുക (സദ്ദുദ്ദരീഅഃ) എന്ന അർഥത്തിലുള്ള നിരോധനമാണിത്.
ഇതേപോലെ പല സന്ദർഭങ്ങളിലും സാഹചര്യങ്ങളിലും ജനങ്ങളിലേറെ നികൃഷ്ടർ എന്ന് പല സ്വഭാവക്കാരെയും നബി(സ) വിശേഷിപ്പിച്ചിട്ടുണ്ട്. അവരിൽ ചിലർ:
ഒന്ന്: 'ജനങ്ങളിൽ ഏറ്റവും ദുഷിച്ചവർ ഇരട്ട മുഖമുള്ളവരാണ്. അവർ ഒരു വിഭാഗത്തിന്റെയടുക്കൽ ഒരു മുഖവുമായും മറ്റൊരു കൂട്ടരുടെയടുക്കൽ വേറൊരു മുഖവുമായും ചെല്ലുന്നവരാണ്' (ബുഖാരി, മുസ്‌ലിം).
രണ്ട്: 'ഉപദ്രവത്തെ പേടിച്ച് ജനങ്ങൾ ഒരാളെ ഒഴിവാക്കുന്നുവെങ്കിൽ അവനാണ് അന്ത്യദിനത്തിൽ അല്ലാഹുവിന്റെയടുക്കൽ ഏറ്റവും  ഹീന പദവിയിലുണ്ടാവുക' (ബുഖാരി, മുസ്‌ലിം).
മൂന്ന്: 'ജനങ്ങളിൽ ഏറെ നീചൻ അധർമിയായ ഒരാളാണ്. അവൻ അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുന്നു. പക്ഷേ, അതിലുള്ള ഒരു കാര്യത്തെ കുറിച്ചും ചിന്തിക്കുന്നില്ല' (നസാഈ).
നാല്: 'അന്ത്യദിനത്തിൽ  അല്ലാഹുവിന്റെയടുക്കൽ ഏറ്റവും താണ സ്ഥാനമുണ്ടാവുക ഒരടിമക്കാണ്. അവൻ ഭൗതിക നേട്ടങ്ങൾക്കായി പരലോകത്തെ നഷ്ടപ്പെടുത്തി' (ഇബ്നു മാജ).
അഞ്ച്: 'നിങ്ങളിൽ നന്മ തീരെ പ്രതീക്ഷിക്കപ്പെടാത്തവരും ദ്രോഹങ്ങളിൽനിന്ന് ആളുകൾ മോചിതരാവാത്തവരുമാണ് ഏറ്റവും നിന്ദ്യർ' (തിർമിദി).
ആറ്: 'നിങ്ങളിൽ ഏറ്റവും ഹീനരായവർ ആരാണെന്ന് ഞാൻ പറയട്ടെ. അവർ പറഞ്ഞു: 'അതെ.' 'ഏഷണി പറഞ്ഞ് നടക്കുന്നവർ' (അഹ്്മദ്).
ഏഴ്: 'ജനങ്ങളിൽ ഏറെ മേന്മയുള്ളവർ പതുക്കെ ദേഷ്യം വരുന്നവരും വേഗത്തിൽ ശാന്തരാവുന്നവരുമാണ്. ഏറ്റവും മോശമായവർ വേഗത്തിൽ ദേഷ്യം വരുന്നവരും പതുക്കെ ശാന്തരാവുന്നവരുമാണ്' (അഹ്്മദ്).
എട്ട്: 'അന്ത്യ ദിനത്തിൽ അല്ലാഹുവിന്റെയടുക്കൽ ഏറ്റവും താണ സ്ഥാനമുള്ളത് ഒരു ഭർത്താവിനാണ്. അയാൾ തന്റെ സഹധർമിണിയുമൊത്ത് ശയിക്കുന്നു. പിന്നെ അവളുടെ രഹസ്യങ്ങളെല്ലാം ആളുകൾക്കിടയിൽ പറഞ്ഞു പരത്തുന്നു' (മുസ്്ലിം).
ഒമ്പത്: 'കൂടുതൽ കാലം ജീവിക്കുകയും ഏറെ ദുഷ്കർമങ്ങൾ പ്രവർത്തിച്ചവരുമാണ് ജനങ്ങളിൽ ഏറെ നിന്ദ്യരായവർ' (തിർമിദി).
പത്ത്: 'ഏറ്റവും ഹീനസ്ഥാനം ആർക്കാണെന്ന്  ഞാൻ നിങ്ങളെ അറിയിക്കട്ടെ?'
'അതെ.' 'മഹാനായ അല്ലാഹുവിന്റെ പേരിൽ യാചിച്ചിട്ട് ഒന്നും നൽകപ്പെടാത്തവൻ' (ഇബ്നു ഹിബ്ബാൻ).

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 84-86
ടി.കെ ഉബൈദ്‌

ഹദീസ്‌

ജനങ്ങളിലേറ്റം നിന്ദ്യരായവർ
ഡോ. മുഹമ്മദ് പാണ്ടിക്കാട്