Prabodhanm Weekly

Pages

Search

2023 മാർച്ച് 10

3293

1444 ശഅ്ബാൻ 17

അന്നപാന വിധികളുടെ ചരിത്രവും ജൈവികതയും

ഡോ. പി. എ അബൂബക്കർ

സംസ്ഥാന സ്കൂൾ യുവജനോത്സവത്തിലെ ഭക്ഷണത്തെക്കുറിച്ചുണ്ടായ വിവാദവും ചിലയിടങ്ങളിൽ ചില ഭക്ഷണങ്ങൾ കഴിച്ച്  ആളുകൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതും മറ്റു ചിലയിടങ്ങളിൽ ആത്മഹത്യകൾ പോലും  ഭക്ഷണത്തിന്റെ അക്കൗണ്ടിൽ എഴുതിച്ചേർക്കാൻ ശ്രമമുണ്ടായതുമൊക്കെ ഒരു ഭക്ഷണച്ചർച്ച കേരളത്തിൽ അനിവാര്യമാക്കിയിരിക്കുകയാണല്ലോ. ജൈവികവും പാരിസ്ഥിതികവും സാംസ്കാരികവുമൊക്കെയായ അംശങ്ങൾ മനുഷ്യന്റെ ഭക്ഷണ ശീലങ്ങളിലുണ്ട്.  ഇതുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ മാനവ സംസ്കാരത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിലെ വഴിയടയാളങ്ങളാണ്. 
ജൈവ വസ്തു തന്നെയാണ് സാധാരണ ഗതിയിൽ  ജീവികളുടെ ആഹാരമായി മാറുന്നത്.  ഒരു ജീവി മറ്റൊരു ജീവിയുടെ ഭക്ഷണമാവുകയെന്നത്  പ്രകൃതിയുടെ അലംഘനീയമായ സന്തുലിതാവസ്ഥയുടെ ഭാഗമാണ്. ചീഞ്ഞളിയുന്ന ജൈവാവശിഷ്ടങ്ങൾ സസ്യങ്ങൾക്ക് വളമാകുന്നതാണ്  ഈ ചാക്രികതയുടെ ഒരു ഭാഗം. സാഫ്രോഫൈറ്റുകൾ എന്ന പേരിൽ അറിയപ്പെടുന്ന വിഭാഗങ്ങൾ മറ്റൊരു തലത്തിൽ ചാക്രികതയ്ക്ക് ശക്തി കൂട്ടുന്നു. ശാസ്ത്ര സാങ്കേതിക വിദ്യകൾ വളർന്ന ഇക്കാലത്ത് ഖനിജ/ രാസ സംയുക്തങ്ങൾ അടങ്ങിയ കൃത്രിമ വളങ്ങൾ സസ്യപോഷണത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിലും  ജന്തുക്കൾ, പ്രത്യേകിച്ച്  ഉയർന്ന വിഭാഗങ്ങളിൽ ഉൾപ്പെടുന്നവ ആഹാരത്തിനായി ഉപയോഗിക്കുന്നത് സസ്യങ്ങളും ജന്തുക്കളും ഉൾപ്പെടുന്ന ജൈവഭാഗങ്ങൾ തന്നെയാണ്. അവയിൽ  സസ്യഭുക്കുകളും മാംസഭുക്കുകളും മിശ്രഭുക്കുകളും ഉണ്ട്. ഇവയുടെ പാരസ്പര്യം പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ആവശ്യമാണ്.
നാമൊരു ജീവിയുടെ ശത്രു എന്നു പറയുന്നത് ആഹാരാർഥം അതിനെ പിടിച്ചുതിന്നുന്ന മറ്റൊരു ജീവിയെയാണ്. ഒരു ജീവിക്ക് മറ്റൊരു ജീവിയെ തിന്നാതെ  ജീവിക്കാനാവില്ല. ഇരയാവുന്ന ജീവി സസ്യമോ ജന്തുവോ ആകാം. ഒരു ജീവിയുടെ കാലുകളിൽ ഉണ്ടാകുന്ന പരിണാമം  വേഗത്തിൽ ഓടാൻ പറ്റാത്ത വിധത്തിലുള്ളതാണെങ്കിൽ, ആ ജീവിയെ ആഹാരമായി ഉപയോഗിക്കുന്ന മറ്റൊരു ജീവി ഉണ്ടെങ്കിൽ അതിൽനിന്ന് രക്ഷപ്പെടാനാവാതെ നാശമടയുന്നു. ഇത്തരത്തിൽ വേഗത്തിൽ ഓടാൻ പറ്റാത്ത തരത്തിലുള്ള പരിണാമം കാലുകൾക്കുണ്ടാവുന്നത് സിംഹം, കടുവ തുടങ്ങിയ മാംസഭുക്കുകൾക്കാണെങ്കിൽ ഇരപിടിക്കാനാവാതെ അവ നശിക്കുന്നു. വേഗത കുറഞ്ഞ ജീവി അടുക്കുമ്പോഴേക്കും വേഗത കൂടിയ ഇര ഓടിരക്ഷപ്പെടുമല്ലോ.  ചരിത്രം, ജീവശാസ്ത്രം എന്നിവയുടെ സഹായത്തോടെ മനുഷ്യസമൂഹത്തിന്റെ അതിജീവനത്തിന്റെ കഥ വിവരിക്കുന്ന  പുസ്തകമാണ് ഇസ്രായേലി ചരിത്രപണ്ഡിതനായ യൂവൽ നോഹ് ഹരാരിയുടെ, 'സാപിയൻസ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമൻ കൈൻഡ്.' പ്രകൃതിനിർധാരണം ഒരു തത്ത്വമായി സ്വീകരിക്കുകയാണെങ്കില്‍, പരിണാമത്തിലൂടെയുണ്ടാകുന്ന ഘടനാപരമായ പ്രത്യേകതകള്‍ ഒരു ജീവിവര്‍ഗത്തിന് അനുകൂലമാണെങ്കില്‍ അത് അതിജീവിക്കും; പ്രതികൂലമാണെങ്കില്‍ ജീവിക്കാനുള്ള മത്സരത്തില്‍ പിടിച്ചുനിൽക്കാനാവാതെ നാശമടയും.       
ഇതര ജീവിവര്‍ഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മനുഷ്യന്റെ ശാരീരികമായ പ്രത്യേകതകള്‍ അതിജീവനത്തിനുതകുന്നതായിരുന്നില്ല. മനുഷ്യരെക്കാള്‍ ശക്തിയുള്ള ജീവിവര്‍ഗങ്ങള്‍ ഭൂമുഖത്ത് ധാരാളമുണ്ട്. പേശീബലത്തിലും വേഗതയിലുമൊക്കെ മനുഷ്യരെക്കാള്‍ മുമ്പില്‍ വേറെ ജീവികളുണ്ട്. ജ്ഞാനേന്ദ്രിയങ്ങളുടെ കാര്യത്തിലും അവസ്ഥ ഇതുതന്നെയാണ്. മനുഷ്യരുടെ കാഴ്ചയും കേള്‍വിയും ഘ്രാണശക്തിയുമൊക്കെ ശരാശരി മാത്രമാണ്. ഒരു തരംഗദൈര്‍ഘ്യത്തിന്റെ ഒരു പരിധിക്കകത്തു വരുന്ന ശബ്ദങ്ങള്‍  മാത്രമേ മനുഷ്യന് കേള്‍ക്കാനാവൂ. എന്നാല്‍, അള്‍ട്രാസോണിക് തരംഗങ്ങള്‍ മനസ്സിലാക്കാന്‍ കഴിവുള്ള വവ്വാലുകള്‍ ഭൂമുഖത്തുണ്ട്. ഇതൊക്കെയാണെങ്കിലും അതിജീവിക്കാന്‍ യാതൊരു വിധത്തിലും സാധ്യതയില്ലാതിരുന്ന മനുഷ്യന്‍ അതിജയിക്കുക മാത്രമല്ല, ലോകം കീഴടക്കുക തന്നെ ചെയ്തു. സ്വന്തം ഘ്രാണശക്തി കുറവാണെന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെ തന്നെക്കാള്‍ ഘ്രാണശക്തിയുള്ള ജീവികളെ മെരുക്കിയെടുത്തുകൊണ്ട് മനുഷ്യന്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതിന്റെ ഉദാഹരണമാണല്ലോ സ്നിഫർ‍ നായകള്‍. എല്ലാ മേഖലകളിലും മനുഷ്യന്‍ അതിജയിച്ചു. ഇതിനവനെ സഹായിച്ചത് തലച്ചോറിനുണ്ടായ വികാസമാണ്. തീയുടെ ഉപയോഗം മനസ്സിലാക്കിയതോടുകൂടി പ്രകൃത്യാ ഭക്ഷിക്കാനാവാത്തവ മനുഷ്യന്റെ ഭക്ഷണമായത് ഈ മാറ്റങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ടാവാം. മനുഷ്യൻ പ്രകൃതിയെ കീഴടക്കിയതിന്റെ ശാസ്ത്രീയമായ വിശദീകരണം ഇതാണ്. ജീവികളെ കൊല്ലാതിരിക്കുക എന്ന തത്ത്വം മുറുകെപ്പിടിച്ചിരുന്നെങ്കിൽ മാനവരാശി ഇന്ന് ഭൂമുഖത്ത് ഉണ്ടാകുമായിരുന്നില്ല. കൂടുതൽ ശക്തിയുള്ള ജീവികൾ മനുഷ്യരെ പിടിച്ചുതിന്നുമായിരുന്നു. തനിക്ക് അപകടമാകുന്ന വലിയ ജീവികളെ കൊന്നു തിന്നുകൊണ്ട്  തന്നെയാണ് മനുഷ്യർ മുന്നേറിയത്.
യുവാൽ നോഹ ഹരാരി, മനുഷ്യരാശിയുടെ നിലനിൽപിനായി മൃഗങ്ങളെ കൊന്ന ചരിത്രം ചർച്ച ചെയ്യുന്നു. ഗ്രന്ഥകാരൻ പറയുന്നതനുസരിച്ച്, ആദ്യകാല മനുഷ്യർ ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കും മൃഗങ്ങളെ വേട്ടയാടിയിരുന്നു, ഇത് ചരിത്രാതീത ലോകത്ത് അതിജീവിക്കാനും അഭിവൃദ്ധി പ്രാപിക്കാനും അവരെ സഹായിച്ചു. കുന്തം, വില്ല് തുടങ്ങിയ ആയുധങ്ങളുടെ കണ്ടുപിടിത്തം വേട്ടയാടൽ കൂടുതൽ കാര്യക്ഷമമാക്കാനും കൂടുതൽ മൃഗങ്ങളെ കൊന്നുകൊണ്ട് ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പു വരുത്താനും ആദ്യകാലത്തെ മനുഷ്യരെ സഹായിച്ചതായി ഹരാരി വിശദീകരിക്കുന്നു. മൃഗങ്ങളെ കൊല്ലുന്നത് മനുഷ്യ സമൂഹങ്ങളുടെ പരിണാമത്തിൽ അഗാധമായ സ്വാധീനം ചെലുത്തിയെന്നും അദ്ദേഹം എടുത്തുകാണിക്കുന്നു. ഉദാഹരണത്തിന്, വലിയ മൃഗങ്ങളെ കാര്യക്ഷമമായി വേട്ടയാടാനും കൊല്ലാനുമുള്ള കഴിവ് കൂടുതൽ സങ്കീർണമായ സാമൂഹിക ഘടനകളുടെ വികാസത്തിനും കൂടുതൽ വികസിത നാഗരികതകളുടെ രൂപവത്കരണത്തിനും കാരണമായി. ഇത് ആദ്യകാല മനുഷ്യരെ അവരുടെ പരിസ്ഥിതിയിൽ ആധിപത്യം സ്ഥാപിക്കാനും ഈ ഗ്രഹത്തിലെ പ്രബല ജീവികളാകാനും സഹായിച്ചു.
മൊത്തത്തിൽ, മൃഗങ്ങളെ കൊല്ലുന്നത് മനുഷ്യരാശിയുടെ നിലനിൽപിലും വിജയത്തിലും ഒരു പ്രധാന ഘടകമാണെന്ന് ഹരാരി വാദിക്കുന്നു. മാത്രമല്ല, ഇത് പരിസ്ഥിതിക്കും മറ്റു ജീവജാലങ്ങൾക്കും പ്രതികൂലമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും സമ്മതിക്കുന്നു. ഒരു സ്പീഷിസ് എന്ന നിലയിൽ മനുഷ്യർ നമ്മുടെ പ്രവർത്തനങ്ങളുടെ ധാർമികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങൾ പരിഗണിക്കണമെന്നും പ്രകൃതി ലോകവുമായി കൂടുതൽ സുസ്ഥിരമായ ബന്ധത്തിനായി പ്രവർത്തിക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നു.
വലിയ ജീവികൾ മാത്രമല്ല, പലപ്പോഴും  അവയെക്കാൾ അപകടകരം ചെറിയ ജീവികളാണെന്ന് മനസ്സിലാക്കിയതോടുകൂടി അവയെയും കൂട്ടമായി കൊന്നൊടുക്കാനുള്ള ഉപായങ്ങൾ കണ്ടെത്തി. രോഗകാരികളായ സൂക്ഷ്മജീവികളെ കൊല്ലാനുള്ള ആന്റിബയോട്ടിക്കും മറ്റും  കണ്ടെത്തിയത് അങ്ങനെയാണ്. 
ധാർമികതയും
വിധിവിലക്കുകളും
ലോകത്ത് ഇന്ന് നിലനിൽക്കുന്ന ഭൂരിപക്ഷം മതങ്ങളും ഇപ്പറഞ്ഞ ചരിത്രത്തിന്റെ ദശാസന്ധികളിൽ മനുഷ്യനോടൊപ്പം നടന്നവയാണ്. അതുകൊണ്ടുതന്നെ  ജീവികളെ കൊല്ലാതിരിക്കുക എന്ന കേവലമായ ധാർമികത അവക്കില്ല. പ്രായോഗികമായ സമീപനമാണ് ഇക്കാര്യത്തിൽ  അവ പുലർത്തുന്നത്. ബുദ്ധമതം, ജൂതമതം, ക്രിസ്തുമതം,  ഇസ്്ലാം തുടങ്ങിയവയെല്ലാം അക്കൂട്ടത്തിൽ ഉൾപ്പെടുന്നു. യാഗം പോലുള്ള ചടങ്ങുകളിൽ ബ്രാഹ്മണർ വിവേചനരഹിതമായ മൃഗഹത്യ നടത്തുന്നതിനെതിരെ രംഗത്തുവന്ന ബുദ്ധൻ ഒരു സസ്യാഹാരി ആയിരുന്നില്ലെന്നതാണ് വാസ്തവം. അദ്ദേഹം മരിച്ചത് ഒരു ആഹാരത്തിനുശേഷം അസുഖം മൂർച്ഛിച്ചതിനെ തുടർന്നായിരുന്നു. അത് മാംസാഹാരമായിരുന്നുവെന്ന് വിശ്വസിക്കുന്നവരുണ്ട്. ആ വിശ്വാസം ശരിയായാലും തെറ്റായാലും, മാംസാഹാരം അദ്ദേഹം വിലക്കിയിരുന്നില്ലെന്നതിനും  അത് സർവസാധാരണമായിരുന്നു എന്നതിനുമുള്ള  തെളിവാണ്.
ആയുർവേദത്തിൽ ഭക്ഷണത്തിന്റെ ഗുണനിലവാരവും തയാറാക്കലും ഭക്ഷണം പോലെ തന്നെ പ്രധാനമായി കണക്കാക്കപ്പെടുന്നു. നോൺ വെജിറ്റേറിയൻ ഭക്ഷണ സാധനങ്ങൾ മിതമായി കഴിക്കുകയും ദോഷങ്ങൾ സന്തുലിതമാക്കുന്ന രീതിയിൽ പാകം ചെയ്യുകയും വേണം.
ആയുർവേദത്തിൽ മാംസഭക്ഷണത്തെ പല തരത്തിൽ വർഗീകരിക്കുന്നു. മാൻ പോലുള്ള ജീവികൾ അടങ്ങിയ മൃഗവർഗം, കാൽ കൊണ്ട് ഭൂമിയിൽ മാന്തി ആഹാരം ശേഖരിക്കുന്ന പക്ഷികൾ അടങ്ങിയ വിഷ്കിരവർഗം, കൊത്തിത്തിന്നുന്ന പക്ഷികൾ അടങ്ങിയ പ്രതുദങ്ങൾ, പൊത്തിൽ താമസിക്കുന്ന ജീവികൾ ഉൾപ്പെടുന്ന വിലേശയം, പശുക്കളും മറ്റും അടങ്ങിയ പ്രസഹവർഗം, പോത്തും മറ്റും അടങ്ങിയ മഹാമൃഗ വർഗം, ഹംസം പോലുള്ളവ  അടങ്ങിയ അപ്ചരം, മത്സ്യവർഗം തുടങ്ങിയവ അക്കൂട്ടത്തിൽ ഉൾപ്പെടുന്നു.
മൊത്തത്തിൽ, മൃഗങ്ങളിൽ നിന്നുള്ള നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങൾ ആയുർവേദ പോഷകാഹാരത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു, എന്നാൽ അവ മിതമായ അളവിൽ കഴിക്കാനും ആരോഗ്യകരവും വൈവിധ്യമാർന്നതുമായ ഭക്ഷണക്രമം ഉപയോഗിച്ച് സന്തുലിതമാക്കാനും ശിപാർശ ചെയ്യുന്നു.
ജീവികളുടെ ഹിംസയുമായി ബന്ധപ്പെട്ട് മതങ്ങൾ ഉയർത്തിപ്പിടിക്കുന്ന യുക്തിഭദ്രവും പ്രായോഗികവും ആയ നിലപാടുകളുടെ ഏറ്റവും നല്ല ഉദാഹരണം ബുദ്ധമതം തന്നെയാണ്. പക്ഷേ, പിൽക്കാലത്ത്  ഇതുമായി ബന്ധപ്പെട്ട് ബുദ്ധമതാനുയായികളിൽ ആശയക്കുഴപ്പങ്ങളുണ്ടായി. ഒരേസമയം അഹിംസ  പറയുകയും എന്നാൽ മാംസഭോജനം വിലക്കാതിരിക്കുകയും ചെയ്യുന്ന നടപടി പല രീതിയിലാണ് അനുയായികൾ സ്വീകരിച്ചത്. മൃഗങ്ങളെ കൊല്ലരുതെന്നും, തനിയെ ചത്തവയെയും മൃഗങ്ങൾ കൊന്നവയെയും ഭക്ഷിക്കാമെന്നും വരെയുള്ള നിലപാടുകൾ അക്കൂട്ടത്തിൽ ഉണ്ടായി. ഈ പ്രശ്നമാണ് ജൂതമതവും ഇസ്്ലാമും ഒക്കെ തിരുത്തിയത്. ഏത് ജീവിയുടെയും അവസാനം ഏതെങ്കിലും അസുഖം വന്നിട്ടായിരിക്കും എന്നതിനാലും അത്തരം  അസുഖങ്ങളിൽ പലതും രോഗാണുബാധയിലൂടെ ഉണ്ടാവുന്നതാണെന്നതിനാലും തനിയെ  ചത്ത ജീവിയെ ഭക്ഷിക്കുന്നതിൽ  ഒരുപാട് പ്രശ്നങ്ങളുണ്ട്. മൃഗങ്ങൾ കൊന്നവയെ കഴിക്കുന്നതിലും അത്തരത്തിലുളള പ്രശ്നങ്ങളുണ്ട്. ശരിക്ക് വേവിച്ചില്ലെങ്കിൽ പല തരത്തിലുള്ള അണുബാധകൾക്ക് കാരണമാവാം. അതുകൊണ്ടുതന്നെ ജൂതമതവും ഇസ്്ലാമും പ്രോത്സാഹിപ്പിച്ചത്  ജീവികളെ അറുത്തു തിന്നുന്ന രീതിയാണ്.   അതിനെ ചുറ്റിപ്പറ്റിയുള്ള  ധാർമികതയാണ് ഈ മതങ്ങൾ ഉയർത്തിപ്പിടിച്ചത്.
കോഷർ എന്നറിയപ്പെടുന്ന ജൂത ഭക്ഷണ സദാചാരത്തെക്കുറിച്ച് ആദ്യം പറയാം. മതപരമായ വിധിവിലക്കുകൾക്ക്  പൊതുവിൽ  പല തലങ്ങളുണ്ട്. മനുഷ്യരുടെ മൊത്തം നന്മയ്ക്ക് ആവശ്യമായ ധാർമിക സദാചാരങ്ങളാണ് അവയിൽ ഒരു ഭാഗത്ത്. അതത് മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ വേറൊരു ഭാഗത്ത് നിലകൊള്ളുന്നു.  ഈ വിധത്തിൽ ജൂതസമൂഹത്തിന്റെ ഭക്ഷണ സദാചാരത്തിനും  പല തലങ്ങളുണ്ട്.
കരയിലെ മൃഗങ്ങളിൽ അയവിറക്കുന്ന  ഇരട്ടക്കുളമ്പുള്ളവയെ ഭക്ഷിക്കാൻ തോറ അനുവദിക്കുന്നുണ്ട്. മുയൽ, ഹൈറാക്സ്, ഒട്ടകം, പന്നി എന്നീ നാല് മൃഗങ്ങൾ നിഷിദ്ധമാണെന്ന് പ്രത്യേകം പറയുന്നു. തിന്നാൻ പാടില്ലാത്ത ചിറകുള്ള ജീവികളുടെ പട്ടിക തോറയിലുണ്ട്. ഇരപിടിയൻ പക്ഷികൾ, മത്സ്യം തിന്നുന്ന ജലപക്ഷികൾ തുടങ്ങിയവ അക്കൂട്ടത്തിൽ  ഉൾപ്പെടുന്നു. കോഴി, കാട, ടർക്കി തുടങ്ങിയ ചില വളർത്തുപക്ഷികൾ കഴിക്കാം. ചിറകും ചെതുമ്പലും ഉള്ള മത്സ്യങ്ങളെ മാത്രമേ തോറ കഴിക്കാൻ അനുവദിക്കുന്നുള്ളൂ. കോഷർ അല്ലാത്ത അഥവാ കഴിക്കാൻ പാടില്ലാത്ത മറ്റ് സമുദ്രവിഭവങ്ങളിൽ കക്കയിറച്ചി, മുത്തുച്ചിപ്പി, ഞണ്ട്, ചെമ്മീൻ എന്നിവ ഉൾപ്പെടുന്നു. കരയിലെ ജന്തുക്കളുടെ കഴുത്തറുക്കുന്ന രീതിയാണ് യഹൂദർ പിന്തുടരുന്നത്. കോഷർ വിലക്കിയവയിൽ, ഏകദൈവമല്ലാത്ത മൂർത്തികൾക്കു വേണ്ടി ബലിയർപ്പിച്ചവയും  ഉൾപ്പെടുന്നു.
മൃഗത്തിന്റെ മാംസം ഭക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ബുദ്ധമത വിധിയിലെ ആശയക്കുഴപ്പങ്ങൾ ജൂതമതത്തിലെ കോഷർ നിയമങ്ങളിൽ പരിഹരിക്കപ്പെടുന്നു. ജൂതമത തത്ത്വങ്ങൾ രൂപംകൊണ്ടത് കൃത്യമായും ബുദ്ധമതത്തിന് ശേഷമാണെന്നും അതുകൊണ്ടാണ് ഇത്തരത്തിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതെന്നും ഇവിടെ അർഥമാക്കുന്നില്ല. മതങ്ങൾ ഉയർത്തിപ്പിടിക്കുന്നത് പ്രകൃതിക്കും മനുഷ്യന്റെ ജീവശാസ്ത്രത്തിനും ഇണങ്ങുന്ന പ്രായോഗിക ധാർമികതയാണ്. അവയിൽ കൃത്രിമത്വമില്ല.
ഇസ്്ലാമിന്റെ ഭക്ഷണ സദാചാരത്തിലേക്ക് വരുമ്പോൾ കാണുന്ന പ്രധാനപ്പെട്ട പ്രത്യേകത അനാവശ്യമായ വിലക്കുകൾ ഇല്ല എന്നതാണ്. ജൂത അന്നപാന വിധിയിലെ പല അംശങ്ങളും സ്വീകരിക്കുമ്പോഴും കടുംപിടിത്തങ്ങൾ ഒഴിവാക്കാൻ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. ശുദ്ധവും ആരോഗ്യദായകവുമായ ഭക്ഷണം കഴിക്കുന്നതിന് മാർഗനിർദേശം നൽകാനാണ് രണ്ടിലും  ലക്ഷ്യമിടുന്നത്. പന്നിയിറച്ചിയും അതിന്റെ ഉപോൽപ്പന്നങ്ങളും കഴിക്കുന്നത് വിലക്കുന്നുവെന്നത് രണ്ടിന്റെയും പ്രത്യേകതയാണ്. l (തുടരും)

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 84-86
ടി.കെ ഉബൈദ്‌

ഹദീസ്‌

ജനങ്ങളിലേറ്റം നിന്ദ്യരായവർ
ഡോ. മുഹമ്മദ് പാണ്ടിക്കാട്