Prabodhanm Weekly

Pages

Search

2023 മാർച്ച് 10

3293

1444 ശഅ്ബാൻ 17

ഉന്നത വിദ്യാഭ്യാസ മേഖലയിൽ കിതക്കുന്നതെന്തു കൊണ്ട്?

എഡിറ്റർ

ആൾ ഇന്ത്യാ സർവെ ഓൺ ഹയർ എജുക്കേഷൻ (AISHE) ഒരു കേന്ദ്ര ഗവൺമെന്റ് സംവിധാനമാണ്. ഓരോ വർഷവും ഉന്നത വിദ്യാഭ്യാസത്തിന് ഗവൺമെന്റ് സ്ഥാപനങ്ങളിൽ എൻറോൾ ചെയ്ത വിദ്യാർഥികളുടെ കൃത്യമായ എണ്ണം നമുക്ക് ലഭിക്കുന്നത് അത് പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടിലൂടെയാണ്. വിദ്യാർഥി-വിദ്യാർഥിനികളുടെ എണ്ണം ഇനം തിരിച്ച് ലഭിക്കും. ഓരോ സമുദായത്തിൽ നിന്നും ഓരോ സംസ്ഥാനത്ത് നിന്നും ആണും പെണ്ണുമായി എത്ര പേർ ഉന്നത പഠനത്തിന് ചേർന്നിരിക്കുന്നു എന്ന് മനസ്സിലാക്കാം.  ആ മേഖലയിൽ സമൂഹത്തിന് ഉദ്ഗതിയാണോ അധോഗതിയാണോ എന്ന് കണ്ടെത്താൻ റിപ്പോർട്ട് ഉപകരിക്കും. 2020-'21 വർഷത്തെ റിപ്പോർട്ടാണ് കഴിഞ്ഞ ജനുവരിയിൽ പുറത്തുവന്നിരിക്കുന്നത്. അതു പ്രകാരം മൊത്തം വിദ്യാർഥി പ്രവേശനത്തിൽ 7.4 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. വിദ്യാർഥിനികൾ കൂടുതലായി ഉന്നത പഠന മേഖലയിലേക്ക് കടന്നുവരുന്നതായും റിപ്പോർട്ട് അടിവരയിടുന്നു. ഇത് റിപ്പോർട്ട് മൊത്തത്തിലെടുക്കുമ്പോഴുളള ചിത്രമാണ്. എന്നാൽ, രാജ്യത്തെ ഏറ്റവും വലിയ മത ന്യൂനപക്ഷമായ മുസ്്ലിംകളെ സംബന്ധിച്ചേടത്തോളം റിപ്പോർട്ടിലെ സൂചനകൾ ഒട്ടും ശുഭകരമല്ല. മുൻ വർഷത്തെ അപേക്ഷിച്ച് എൻറോൾ ചെയ്ത വിദ്യാർഥികളുടെ എണ്ണത്തിൽ ഒരു ശതമാനത്തിന്റെ കുറവാണ് കാണിച്ചിരിക്കുന്നത്. അതായത്, 2019-'20-ൽ എൻറോൾ ചെയ്ത മുസ്്ലിം വിദ്യാർഥികളുടെ എണ്ണം 21 ലക്ഷം (5.5%) ആയിരുന്നെങ്കിൽ 2020-'21-ൽ അത് 19.21 ലക്ഷമായി (4.6%) ആയി കുറഞ്ഞിരിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങൾ ഈ വശം മറച്ചുവെക്കുകയാണ് ചെയ്തത്. മുസ്്്ലിം ആൺകുട്ടികളെ അപേക്ഷിച്ച് മുസ്്ലിം പെൺകുട്ടികൾ കൂടുതലായി ഉന്നത പഠനത്തിലേക്ക് വന്നതിനെ അവർ ഉയർത്തിക്കാണിക്കുകയും ചെയ്തു. അതേസമയം പർദ വിലക്ക് കാരണം കർണാടകയിൽ മുസ്്ലിം വിദ്യാർഥിനികളടെ എൻറോൾമെന്റ് കുറഞ്ഞതിനെ പറ്റി ഒരക്ഷരം മിണ്ടിയതുമില്ല.
കോവിഡ് കാലം കഴിഞ്ഞ ഉടനെയുള്ള റിപ്പോർട്ടാണിത്. അക്കാലത്ത് സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായിരുന്നു. എന്നിട്ടും മൊത്തം എൻറോൾമെന്റിൽ ഏഴര ശതമാനം വർധനവുണ്ടായി. എന്നാൽ, മുസ്്ലിം വിദ്യാർഥികളുടെ എൻറോൾമെന്റ് അഞ്ചര ശതമാനത്തിൽനിന്ന് നാലര ശതമാനമായി കുറയുകയാണുണ്ടായത്. കഴിഞ്ഞ നാലഞ്ച് വർഷങ്ങളായി പ്രവേശനത്തോത് വർധിച്ചുകൊണ്ടേ വരികയായിരുന്നു. പൊടുന്നനെയാണ് ഈ പിന്നോട്ടടി ഉണ്ടായിരിക്കുന്നത്. ഇതിന്റെ കാരണങ്ങളെന്തെന്ന് അടിയന്തരമായി പഠിക്കുകയും പരിഹാരം കാണുകയും ചെയ്യേണ്ടതാണ്. പക്ഷേ, മുസ്്ലിം കൂട്ടായ്മകളുടെയൊന്നും ശ്രദ്ധയിൽ ഇത് വന്നതായി തോന്നുന്നില്ല. പശ്ചിമ ബംഗാൾ, തെലുങ്കാന, കേരളം പോലുള്ള സംസ്ഥാനങ്ങളിൽ കുറവ് വന്നിട്ടില്ല. അസമിലും കർണാടകയിലും യു.പിയിലുമൊക്കെയാണ് കാര്യമായി കുറവുണ്ടായിരിക്കുന്നത്. പ്രധാനം രാഷ്ട്രീയ കാരണങ്ങൾ തന്നെയാവാം. ആഴത്തിൽ പഠിച്ചാലേ കൃത്യമായ ഉത്തരങ്ങളിലെത്താനാവൂ. ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിൽ ഉന്നത പഠനം നടത്തുന്ന മുസ്്ലിം വിദ്യാർഥികൾ തുലോം കുറവാണെന്നതും പഠിക്കപ്പെടണം. ഭാഷയിലും മാനവിക വിഷയങ്ങളിലുമാണ് അധിക പേരുടെയും പഠനം. നിയമ പഠനം നടത്തുന്നവരും കുറവാണ്. സച്ചാർ കമീഷൻ റിപ്പോർട്ട് പുറത്തുവന്നിട്ട് പതിനേഴ് വർഷം കഴിഞ്ഞു. അതുണർത്തിവിട്ട അവബോധമാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ചെറിയൊരുണർവിനെങ്കിലും നിമിത്തമായത്. മുസ്്ലിം കൂട്ടായ്മകൾ ഒന്നിച്ചിരുന്ന് ഈ പിന്നോട്ടടിക്കുള്ള കാരണങ്ങൾ കണ്ടെത്തുകയും പരിഹരിക്കുകയും വേണം. ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് ദഅ്വത്ത് വാരിക(2023 ഫെബ്രു. 23)യിൽ വന്നിട്ടുണ്ട്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 84-86
ടി.കെ ഉബൈദ്‌

ഹദീസ്‌

ജനങ്ങളിലേറ്റം നിന്ദ്യരായവർ
ഡോ. മുഹമ്മദ് പാണ്ടിക്കാട്