കുലം
വകവരുത്താന്‍ വേണ്ടവ കുറിച്ചുവെച്ചു
ആദ്യം പക, തുക നിര്‍ബന്ധം
പിന്നെയൊരു പതാകയും.
അവയ്ലബ്ള്‍ ആളുകള്‍ ചിന്തക്ക് തിരിയിട്ടു
പാര്‍ട്ടി തന്നെയാണ് ദേശം, ദേശമാണഭിമാനം.
ദേശദ്രോഹം ഫലം ദേഹവിയോഗം
മര്‍ത്യകുല ചരിത്രത്തിന്‍ ആദ്യതാളില്‍
ഇന്നും ആളിത്തീരാത്തയഗ്നി ഗോളം
നിലവിട്ട്, നിലംവിട്ട്
ആദ്യകുലക്കൊലയുടെ ആഞ്ഞു കുത്ത്
അസൂയയില്‍ സ്വയം 'ക്വട്ടേഷിതനായി' വന്ന
ആദ്യ കുത്തിന്‍ വിത്ത്
പൃഥി നെഞ്ചകത്തേക്കാഴ്ന്നിറങ്ങി
ആ വിത്തില്‍ നിന്നെത്രയെത്ര മുള്‍ച്ചെടികള്‍,
ഭീകരകൊടും കാടുകള്‍!
ഖാബീല്‍... നീ ആദ്യ കുലംകുത്തി
പാരില്‍ നരകുലം
വസന്തവര്‍ഷമാവേശത്തിമര്‍പ്പിനെ
സ്വപ്നം കണ്ടുകൊണ്ടങ്ങിനെയങ്ങിനെ...
ചരിത്രമങ്ങനെയാണ്
അനീതി അതിരുകടക്കുമ്പോള്‍
സത്യം മൃതിയടയുമ്പോള്‍
ചില ചൂണ്ടുവിരലുകള്‍ ധാര്‍മിക മൂലധനത്തെ തൊടും
തൊട്ടുവിളിച്ചും തോണ്ടിക്കൊണ്ടുമിരിക്കും
പിന്നെ പിന്നെ കുത്തി നോക്കും
റിബലോ... പ്രതിഷേധത്തിന്നിരമ്പലോ...
എന്തുമാവാം... ചരിത്രമങ്ങനെയാണ്.
മഹിതഗുണമൊക്കെയും മര്‍ത്യഗുണ ഗുണിതങ്ങളാണ്
മാനവകുല മാഹാത്മ്യമേ... നീ മൃതിയടയരുത്
നിന്റെ നോവാണിവിടെ വേവുന്നത്
നിന്റെ ചോരച്ചുവപ്പിലല്ലോ...
ചെങ്കോലുകളുയരുന്നത്
നിന്റെ ചരണബലമിടര്‍ച്ചയിലാണ് ഭൂമി കുലുങ്ങുന്നത്.
അഖിലലോക സോദരരെ, സംഘടിക്കുവിന്‍
മര്‍ത്യകുല മാനിഫെസ്റോയില്‍ ആരും കുത്തരുത്
സമാധാനത്തിന്റെയും സ്നേഹത്തിന്റെയും മൂലധനമാണത്.
Comments