പാര്‍ലെമന്റിന്റെ കുതിപ്പും കിതപ്പും
ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അറുപതാം വാര്‍ഷികദിനം കഴിഞ്ഞ മെയ് 13-ന് ലോക്‌സഭയും രാജ്യസഭയും കേമമായി കൊണ്ടാടുകയുണ്ടായി. ഇന്ത്യയോടൊപ്പവും അതിനു ശേഷവും സ്വാതന്ത്ര്യം നേടിയ പല മൂന്നാം ലോക രാഷ്ട്രങ്ങളിലും പാര്‍ലമെന്ററി ഭരണക്രമം പലപ്പോഴും പട്ടാള സര്‍വാധിപത്യത്തിനും അര്‍ധ സൈനിക ഭരണത്തിനും വഴിമാറേണ്ടിവന്നപ്പോള്‍ നമ്മുടെ പാര്‍ലമെന്റ് ആറു പതിറ്റാണ്ട് അഭംഗുരം നിലനിന്നുവെന്നത് അഭിമാനകരമായ നേട്ടം തന്നെയാണ്. അയിത്തോച്ചാടന നിയമം മുതല്‍ വിവരാവകാശ നിയമം വരെ ദേശീയ ജീവിതത്തില്‍ സാരമായ മാറ്റങ്ങളുണ്ടാക്കുന്ന മഹത്തായ പല നിയമങ്ങളും നിര്‍മിച്ചു നടപ്പിലാക്കാന്‍ ഇക്കാലയളവില്‍ പാര്‍ലമെന്റിനു കഴിഞ്ഞിരിക്കുന്നു. എന്നാല്‍, ജനങ്ങളാഗ്രഹിക്കുന്ന പല മാറ്റങ്ങളുമുണ്ടാക്കാന്‍ ആവശ്യമായ നിരവധി നിയമങ്ങള്‍ ഇനിയും ബാക്കിയാണ്. അവയില്‍ ചിലത് പാര്‍ലമെന്റിലെത്തിയിട്ടും വര്‍ഷങ്ങളായി കോള്‍ഡ് സ്റ്റോറേജില്‍ കിടക്കുകയാണ്. വനിതാ സംവരണ ബില്ലും ജന്‍ ലോക്പാല്‍ ബില്ലും ഉദാഹരണം. ആദ്യത്തെ ഒന്നു രണ്ടു ദശകങ്ങള്‍ പ്രശംസനീയമായിരുന്ന പാര്‍ലമെന്ററി പ്രവര്‍ത്തനം പിന്നീട് അനുദിനം മങ്ങുകയും ക്രമം തെറ്റുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത.
ജനാധിപത്യക്രമത്തിന് മൗലികമായ ചില വൈകല്യങ്ങളുണ്ട്. ജനങ്ങളുടെ പരമാധികാരം എന്ന സങ്കല്‍പത്തിലധിഷ്ഠിതമാണ് ജനാധിപത്യം. മനുഷ്യന്‍ ഒന്നിന്റെയും സ്രഷ്ടാവല്ല. സ്വന്തം ജനിമൃതികളില്‍ പോലും അധികാരമില്ലാത്ത സൃഷ്ടി മാത്രമായ അവന്‍ എന്തിന്റെയെങ്കിലും പരമാധികാരിയാവുക ഒരു സങ്കല്‍പം മാത്രമാകുന്നു. മനുഷ്യന്റെയും അവനുള്‍ക്കൊള്ളുന്ന പ്രപഞ്ചത്തിന്റെയും സൃഷ്ടാവായ ദൈവമാണ് യഥാര്‍ഥ പരമാധികാരി. സൃഷ്ടികളുടെ എത് അധികാരവും സ്രഷ്ടാവിന്റെ പരമാധികാരത്തിന് വിധേയമാണ്. പ്രാപഞ്ചിക പ്രകൃതിയും ശാശ്വത നൈതിക ധാര്‍മിക മൂല്യങ്ങളും ദൈവത്തിന്റെ ഭരണത്തെയും നിയമത്തെയും പ്രതിനിധീകരിക്കുന്നു. ജനാധിപത്യത്തെ സത്യത്തിലേക്കും നീതിയിലേക്കും ധര്‍മത്തിലേക്കും നയിക്കുന്ന കടിഞ്ഞാണാണ് ദൈവിക പരമാധികാരത്തോടുള്ള വിശ്വാസവും വിധേയത്വവും. ഈ കടിഞ്ഞാണറ്റാല്‍ പാര്‍ലമെന്റുകളും വഴിവിട്ടു സഞ്ചരിക്കും. നൈതിക ധാര്‍മിക മൂല്യങ്ങളുടെ സ്ഥാനത്ത് കേവല ജനഹിതവും രാഷ്ട്രതന്ത്ര താല്‍പര്യങ്ങളും പ്രതിഷ്ഠിക്കപ്പെടും. അത് ക്രമേണ രാഷ്ട്രീയ കക്ഷികളുടെയും നേതാക്കളുടെയും പാര്‍ലമെന്റ് അംഗങ്ങളുടെയും സ്വാര്‍ഥ താല്‍പര്യങ്ങളായി മാറിക്കൊണ്ടിരിക്കും. നമ്മുടേതടക്കം പല പാര്‍ലമെന്റുകളെയും ഈ മഹാരോഗം പിടികൂടിയിട്ടുണ്ട്.
പാര്‍ലമെന്റ് സമ്മേളനങ്ങള്‍ മുറക്കു നടക്കുന്നില്ല. ആദ്യ ദശകങ്ങളില്‍ അഞ്ചു കൊല്ലത്തിനകം 160 ദിവസം വരെ സമ്മേളിച്ചിരുന്നത് ഇപ്പോള്‍ നേര്‍ പകുതിയായി കുറഞ്ഞിരിക്കുന്നു. നടക്കുന്ന സമ്മേളനങ്ങളില്‍ തന്നെ പല മെമ്പര്‍മാരും പങ്കെടുക്കുന്നില്ല. പങ്കെടുക്കുന്നവരോ, നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ ബഹളം കൂട്ടി സഭാ നടപടികള്‍ അലങ്കോലപ്പെടുത്തുകയും നിര്‍ത്തിവെപ്പിക്കുകയും ചെയ്യുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ഭരണപക്ഷത്തിന് പ്രതിപക്ഷത്തെയും പ്രതിപക്ഷത്തിന് ഭരണപക്ഷത്തെയും ആക്ഷേപിക്കുന്നതിലേ താല്‍പര്യമുള്ളൂ. അതിനിടയില്‍ സര്‍ക്കാര്‍ ബില്ലുകള്‍ എങ്ങനെയൊക്കെയോ ചുട്ടെടുക്കപ്പെടുന്നു. രാജ്യത്തിന്റെയും ജനങ്ങളുടെയും ഭാഗധേയം നിര്‍ണയിക്കുന്ന സുപ്രധാനമായ പല നടപടികളും പാര്‍ലമെന്റിന്റെ സമ്മതം തേടാതെയാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഗാട്ടു കരാര്‍, ആണവ കരാര്‍, ആഗോളവത്കരണ-ഉദാരവത്കരണ സാമ്പത്തിക നയങ്ങള്‍ തുടങ്ങിയവ ഉദാഹരണം. ഒരു ദിവസം സര്‍ക്കാര്‍ ഖജനാവ് ഏഴു കോടി രൂപ ചെലവഴിച്ച് വിളിച്ചു കൂട്ടുന്ന സഭയിലാണ് ഈ കോപ്രായമെന്നോര്‍ക്കണം. സഭയില്‍ വോട്ടു ചെയ്യാനും ചെയ്യാതിരിക്കാനും കോഴ. ചോദ്യം ചോദിക്കാന്‍ കൈക്കൂലി. അഴിമതിക്കാര്‍ക്കും ക്രിമിനലുകള്‍ക്കും ഒരു പഞ്ഞവുമില്ല. ജനപ്രതിനിധികള്‍ സഭാ ഹാളില്‍ നിന്നും മന്ത്രിമന്ദിരങ്ങളില്‍നിന്നും നേരെ തിഹാര്‍ ജയിലിലേക്ക് പോകുന്ന വാര്‍ത്തകള്‍ സാധാരണം. 70 ശതമാനം ജനങ്ങളും ദരിദ്രരായ ഇന്ത്യാ രാജ്യത്തിന്റെ 543 അംഗ പാര്‍ലമെന്റില്‍ 318 അംഗങ്ങള്‍ (60 ശതമാനം) ശതകോടീശ്വരന്മാരാണ്. അതിനു താഴെ സാദാ കോടീശ്വരന്മാരുമുണ്ട് നൂറിലേറെ. ജനസംഖ്യയില്‍ 51 ശതമാനമുള്ള സ്ത്രീകളുടെ പാര്‍ലമെന്റ് പ്രാതിനിധ്യം 4 മുതല്‍ 10 ശതമാനം വരെ മാത്രമാണ്. മുസ്‌ലിംകളാദി പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം പരിതാപകരമാണ്. സംവരണത്തിന്റെ തണലില്‍ പട്ടികജാതി പട്ടിക വര്‍ഗങ്ങള്‍ക്ക് ആനുപാതികമായ പ്രാതിനിധ്യം ലഭിക്കുന്നുണ്ട്. കേവലം നിയമനിര്‍മാണസഭ എന്നതിലുപരി രാഷ്ട്രത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക ബോധങ്ങള്‍ക്ക് പ്രായോഗിക രൂപം നല്‍കുന്ന സ്ഥാപനമാണ് പാര്‍ലമെന്റ്. ഇന്ത്യ പോലൊരു ബഹുസ്വര സമൂഹത്തിലെ എല്ലാ സ്വരങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുമ്പോഴേ പാര്‍ലമെന്റ് ജനാധിപത്യ വ്യവസ്ഥയുടെ സിരാ കേന്ദ്രമായി പ്രവര്‍ത്തിക്കൂ. നിയമനിര്‍മാണ സഭാ സ്ഥാനങ്ങളില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണമേര്‍പ്പെടുത്തുന്ന ബില്ല് രാജ്യസഭ പാസ്സാക്കിയിട്ടും ലോക്‌സഭയിലവതരിപ്പിക്കാതെ കെട്ടിക്കിടക്കുകയാണിപ്പോഴും. പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യ സംവരണത്തെക്കുറിച്ച് ആലോചന പോലുമില്ല.
പാര്‍ലമെന്റിന്റെ നിറം മങ്ങുന്നതിലും സഭാ നടപടികള്‍ തുടര്‍ച്ചയായി അലങ്കോലപ്പെടുന്നതിലും പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള സഭാ നേതാക്കളും ഇന്ത്യന്‍ പ്രസിഡന്റും അറുപതാം വാര്‍ഷികച്ചടങ്ങില്‍ കുണ്ഠിതപ്പെടുകയുണ്ടായി. സഭയുടെ അന്തസ് കാത്തുസൂക്ഷിക്കാന്‍ പ്രധാനമന്ത്രി അംഗങ്ങളോട് ആഹ്വാനം ചെയ്തു. രാഷ്ട്ര പുനര്‍നിര്‍മാണമെന്ന കര്‍ത്തവ്യത്തിന് പുനരര്‍പ്പണം ചെയ്യണമെന്നും അതിനായി നിരവധി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടതുണ്ടെന്നും ആഹ്വാനം ചെയ്തുകൊണ്ട് ലോക്‌സഭാ-രാജ്യസഭാ സ്പീക്കര്‍മാര്‍ അവതരിപ്പിച്ച പ്രമേയം ഇരു സഭകളുടെ സംയുക്ത സമ്മേളനം ഏകകണ്ഠമായി പാസ്സാക്കി. പക്ഷേ, സഭ നിറം മങ്ങുന്നതിന്റെയും നടപടികള്‍ വികലമാകുന്നതിന്റെയും അടിസ്ഥാന കാരണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനോ മൗലികമായ പരിഹാരമന്വേഷിക്കാനോ ആരും ശ്രമിച്ചതായി കണ്ടില്ല. പത്തു വര്‍ഷം മുമ്പ് പാര്‍ലമെന്റിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചപ്പോഴും ഇതുപോലുള്ള ആഹ്വാനങ്ങളും ഉല്‍ബോധനങ്ങളുമുണ്ടായിരുന്നു. അതിനുശേഷം സഭയുടെ പ്രവര്‍ത്തനം കൂടുതല്‍ ദുഷിക്കുകയേ ഉണ്ടായിട്ടുള്ളൂ.
Comments