പലിശനിരോധം ഒരു യുക്തിവിചാരം
അല്ലാഹു എന്തുകൊണ്ട് കച്ചവടം അനുവദിക്കുകയും പലിശ നിരോധിക്കുകയും ചെയ്തു എന്നതിന്റെ കാരണങ്ങള്‍ നാം നേരത്തെ ചര്‍ച്ച ചെയ്തു. നിരോധത്തിന് മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട്. പിശുക്ക്, സ്വാര്‍ഥത, പാരുഷ്യം, കാരുണ്യ രാഹിത്യം, അത്യാര്‍ത്തി തുടങ്ങിയ ദുര്‍ഗുണങ്ങളെ പലിശ മനുഷ്യനില്‍ നട്ടുവളര്‍ത്തും. രാഷ്ട്രങ്ങള്‍ തമ്മിലുള്ള പരസ്പര സഹായത്തിന്റെയും സഹകരണത്തിന്റെയും കണ്ണികള്‍ അറുത്തുമാറ്റും. ഒരേ രാഷ്ട്രത്തിലെ പൌരന്മാര്‍ തമ്മിലുള്ള സ്നേഹ സൌഹൃദങ്ങള്‍ക്ക് പലിശ അന്ത്യം കുറിക്കും.
പണം പൂഴ്ത്തിവെക്കാന്‍ ഇത് ആളുകള്‍ക്ക് പ്രേരണയാവും. തങ്ങളുടെ വ്യക്തി താല്‍പര്യങ്ങള്‍ക്ക് ഏറ്റവും അനുഗുണമാവുന്ന സമയത്ത് മാത്രമേ അവരത് പുറത്തെടുക്കുകയുള്ളൂ. പണത്തിന്റെ സ്വതന്ത്രവും സ്വാഭാവികവുമായ ഒഴുക്കിനെ പലിശ തടസ്സപ്പെടുത്തുകയും പണം പാവപ്പെട്ടവരില്‍നിന്ന് പണക്കാരിലേക്ക് മാത്രമായി ഒഴുകാന്‍ ഇടവരുത്തുകയും ചെയ്യും. പണം മുഴുവന്‍ ഒരു വിഭാഗത്തിന്റെ കൈകളിലേക്ക് മാത്രം എത്തിക്കുന്ന ഏതൊരു സംവിധാനവും സമൂഹഘടനയെ തകര്‍ക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ വസ്തുതകളൊന്നും ഒരാള്‍ക്കും നിഷേധിക്കാനാവുകയില്ല. മനുഷ്യരുടെ ധാര്‍മിക പരിശീലനത്തിനും അവരുടെ സാംസ്കാരികവും സാമ്പത്തികവുമായ ജീവിതത്തിന്റെ പുനര്‍നിര്‍മാണത്തിനും ഇസ്ലാം മുന്നോട്ടുവെക്കുന്ന എല്ലാ സമുന്നത മാനവികാശയങ്ങളുടെയും കടക്കല്‍ കത്തിവെക്കുക കൂടി ചെയ്യുന്നു പലിശ. പലിശയുടെ നിസ്സാര രൂപം പോലും ഇസ്ലാമികമായ ഏത് ഘടനക്കും മാരകമായ പരിക്കുകളേല്‍പിക്കും. അതുകൊണ്ടാണ് വളരെ കര്‍ക്കശമായ പ്രയോഗങ്ങള്‍ നടത്തി ഖുര്‍ആന്‍ പലിശക്ക് നിരോധമേര്‍പ്പെടുത്തിയിരിക്കുന്നത്.
ഖുര്‍ആന്‍ പറഞ്ഞു: "വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. പലിശയിനത്തില്‍ ബാക്കിയുള്ളത് ഉപേക്ഷിക്കുക. നിങ്ങള്‍ വിശ്വാസികളെങ്കില്‍. നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ അറിയുക: നിങ്ങള്‍ക്കെതിരെ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും യുദ്ധപ്രഖ്യാപനമുണ്ട്'' (2:278,279).
നിരോധത്തിന്റെ കാര്‍ക്കശ്യം
ഒട്ടുവളരെ തിന്മകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെക്കുറിച്ച് ഖുര്‍ആനില്‍ വന്നിട്ടുണ്ട്. അത്തരം തിന്മകളില്‍ ഏര്‍പ്പെടുന്നത് കഠിന ശിക്ഷക്ക് പാത്രിഭൂതരാവാന്‍ കാരണാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. എന്നാല്‍, പലിശ നിരോധിച്ച സന്ദര്‍ഭത്തിലാണ് ഖുര്‍ആന്‍ ഏറെ കഠിന പദങ്ങള്‍ ഉപയോഗിച്ചത് എന്ന് കാണാന്‍ കഴിയും. മറ്റു നിരോധങ്ങള്‍ക്കൊന്നും അത്രക്കും രൂക്ഷമായ ശൈലി പ്രയോഗിച്ചിട്ടില്ല ('പലിശ എന്ന പാപം ഒരാള്‍ സ്വന്തം മാതാവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ എഴുപതിരട്ടി കുറ്റകരമാണ്' എന്നാണ് ഒരു ഹദീസിലുള്ളത്). അതുകൊണ്ടാവാം പ്രവാചകന്‍ തന്റെ ഭരണപ്രദേശങ്ങളില്‍ പലിശ ഇല്ലാതാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചത്. നജ്റാനില്‍ നിന്നു തന്നെ കാണാനെത്തിയ ക്രിസ്ത്യാനികളുമായി പ്രവാചകന്‍ ഉണ്ടാക്കിയ കരാറില്‍ അവര്‍ പലിശ വ്യവഹാരത്തില്‍ ഏര്‍പ്പെടുന്ന പക്ഷം കരാര്‍ സ്വയം റദ്ദാകുമെന്നും അവരുമായി ഏറ്റുമുട്ടാന്‍ തന്റെ സൈന്യം നിര്‍ബന്ധിതരാകുമെന്നും പ്രത്യേകം എഴുതിച്ചേര്‍ത്തിരുന്നു. പലിശ വ്യവഹാരത്തിന് കുപ്രസിദ്ധി നേടിയവരായിരുന്നു അറേബ്യയിലെ ബനൂ മുഗീറ ഗോത്രക്കാര്‍. മക്കാ വിജയത്തിനു ശേഷം അവരുടെ സകല പലിശ ഇടപാടുകളും റദ്ദാക്കിയതായി പ്രവാചകന്‍ പ്രഖ്യാപിച്ചു. ഇനിയും ആ ഗോത്രക്കാര്‍ പലിശ ഇടപാട് കൈയൊഴിച്ചില്ലെങ്കില്‍ അവരോട് യുദ്ധം ചെയ്യണമെന്നാണ് മക്കയിലെ തന്റെ പ്രതിനിധിയോട് പ്രവാചകന്‍ ആവശ്യപ്പെട്ടത്.
പ്രവാചകന്റെ സ്വന്തം പിതൃവ്യനായ അബ്ബാസ് വലിയൊരു കടംകൊടുപ്പുകാരനായിരുന്നു. ഹജ്ജത്തുല്‍ വിദാഇന്റെ വേളയില്‍ പ്രവാചകന്‍ പ്രഖ്യാപിച്ചു: "ജാഹിലീ കാലത്ത് നടന്ന സകല കടമിടപാടുകളിലുമുള്ള പലിശ ഞാനിതാ റദ്ദാക്കുന്നു; അതില്‍ ആദ്യമായി റദ്ദാക്കുന്നത് എന്റെ പിതൃവ്യന്‍ അബ്ബാസിന്റെ കടസംഖ്യക്ക് നല്‍കേണ്ട പലിശ തന്നെയാണ്.'' പലിശ വാങ്ങുന്നവനും കൊടുക്കുന്നവനും അത് എഴുതിവെക്കുന്നവനും അതിന് സാക്ഷി നില്‍ക്കുന്നവനുമെല്ലാം ശപിക്കപ്പെട്ടവരാണ് എന്നും പ്രവാചകന്‍ പറയുകയുണ്ടായി.
ബ്ളേഡ് പലിശക്കാണ് ഈ വിലക്കുകള്‍ ബാധകമെന്നും പലിശയുടെ മറ്റു രൂപങ്ങള്‍ക്ക് പ്രശ്നമില്ല എന്നും ഒരു വാദമുണ്ട്. അബദ്ധജടിലമാണ് ആ വാദം. മുതലാളിത്ത മനോഘടനയെയും സദാചാരത്തെയും സംസ്കാരത്തെയും സമ്പദ്ഘടനയെയും അവയുടെ ഉപോല്‍പന്നങ്ങളായ ഹൃദയച്ചുരുക്കത്തെയും സ്വാര്‍ഥതയെയും വ്യക്തി താല്‍പര്യങ്ങളെയും നിഷ്കാസനം ചെയ്ത് ഉദാര മനസ്കതയും പരസ്പര സഹകരണവും സഹാനുഭൂതിയും കളിയാടുന്ന ഒരു വ്യവസ്ഥിതി പകരം വെക്കാനാണ് ഇസ്ലാം ഉദ്ദേശിക്കുന്നത്. പരമ്പരാഗത പലിശാധിഷ്ഠിത ബാങ്കുകള്‍ക്ക് പകരം സകാത്ത് സംവിധാനത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെടുന്ന പൊതുഖജനാവ് (ബൈത്തുല്‍ മാല്‍) ആയിരിക്കും സമ്പദ്ഘടനയെ നിയന്ത്രിക്കുക.
പലിശ യുക്തിസഹമോ?
ഇതുവരെ നാം ചര്‍ച്ച ചെയ്തത് പലിശയെക്കുറിച്ച് ഖുര്‍ആനും നബിചര്യയും അവതരിപ്പിച്ച വീക്ഷണങ്ങളാണ്. ഇനി യുക്തിചിന്തയിലൂടെ വിഷയത്തെ സമീപിച്ചു നോക്കാം. ഒന്നാമത്തെ ചോദ്യം, പലിശ യുക്തിസഹമാണോ എന്നതാണ്. താന്‍ കടം കൊടുത്ത സംഖ്യക്ക് പലിശ ഈടാക്കാന്‍ ഒരാള്‍ക്ക് യുക്തിസഹമായ ന്യായങ്ങള്‍ എന്തെങ്കിലും നിരത്താനുണ്ടോ? താന്‍ വാങ്ങിയ മൂലധനത്തിന് പുറമെ മറ്റൊരു സംഖ്യ കൂടി കടം വാങ്ങിയവന്‍ തിരിച്ചുകൊടുക്കേണ്ടിവരുന്നത് നീതിയാണോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിക്കഴിഞ്ഞാല്‍ പ്രശ്നത്തിന് അര്‍ധ പരിഹാരമായി. വളരെ യുക്തിസഹമായ ഒരേര്‍പ്പാടാണ് പലിശ എന്ന് തെളിഞ്ഞാല്‍ പിന്നെയത് നിരോധിക്കുന്നതില്‍ ന്യായമില്ല. യുക്തിക്കും നീതിക്കും നിരക്കാത്തതാണ് പലിശ എന്നാണ് ബോധ്യപ്പെടുന്നതെങ്കില്‍ പിന്നെ ഉയരുന്ന ചോദ്യം ഇതായിരിക്കും: നിലനില്‍ക്കാന്‍ യാതൊരു ന്യായവുമില്ലാത്ത ഒരു സംവിധാനത്തെ നാം സംരക്ഷിച്ചുപോരേണ്ട വല്ല കാര്യവുമുണ്ടോ?
താനെടുക്കുന്ന റിസ്കിനും ത്യാഗത്തിനും പ്രായശ്ചിത്തമാണ് പലിശ എന്ന ഒരു വാദമുണ്ട്. താന്‍ സൂക്ഷിച്ചുവെച്ച പണമാണ് അയാള്‍ തന്റെ ആവശ്യങ്ങള്‍ക്ക് എടുക്കാതെ മറ്റൊരാള്‍ക്ക് എടുത്തു കൊടുക്കുന്നത്. ഇതില്‍ റിസ്ക് ഉണ്ട്, ത്യാഗമുണ്ട്. മറ്റൊരു നിലക്ക് ചെലവഴിച്ചിരുന്നെങ്കില്‍ അയാള്‍ക്ക് ലാഭമുണ്ടാക്കാമായിരുന്നല്ലോ.
വ്യക്തിപരമായ ആവശ്യത്തിന് മറ്റൊരാളുടെ സ്വത്ത് താല്‍ക്കാലികമായി കൈയേല്‍ക്കുമ്പോള്‍ നാമതിന് വീടാണെങ്കില്‍ വാടകയും വണ്ടിയാണെങ്കില്‍ കൂലിയും നല്‍കാറുണ്ട്. ഉടമക്കാരന്‍ കടക്കാരന് തന്റെ സ്വത്ത് കൈമാറുമ്പോഴുള്ള റിസ്കും, അത് കടക്കാരന് പ്രയോജനപ്പെടുത്താന്‍ കഴിയുന്നുണ്ട് എന്ന വസ്തുതയും കണക്കിലെടുത്താണ് അതിന് പകരമെന്ന നിലയില്‍ ഒരു വാടക നിശ്ചയിക്കുന്നത്. ഇനി കടമെടുത്തവന്‍ പണം ലാഭകരമായ ബിസിനസ്സിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ മുന്‍കൂറായി തന്നെ ഒരു സംഖ്യ ആവശ്യപ്പെടാനുള്ള അര്‍ഹത കടംകൊടുക്കുന്നവനുണ്ട്. തന്റെ പണം കൊണ്ട് അപരന്‍ ലാഭമുണ്ടാക്കുമ്പോള്‍ അതിലൊരു വിഹിതം പണത്തിന്റെ ഉടമസ്ഥനായ താന്‍ ആവശ്യപ്പെട്ടാല്‍ അതിലെന്താണ് തെറ്റ്?
ഇതാണ് ഒന്നാമത്തെ വാദമുഖം. റിസ്കും ത്യാഗവും ഉണ്ട് എന്ന് പറഞ്ഞതില്‍ തെറ്റൊന്നുമില്ല. പക്ഷേ, ഇതിന്റെ പേരില്‍ തനിക്ക് അഞ്ചു ശതമാനമോ പത്തു ശതമാനമോ കാല്‍ഭാഗമോ ലാഭമായി നല്‍കണം എന്ന് പറയാന്‍ എന്ത് അവകാശമാണുള്ളത്? റിസ്കുണ്ട് എന്നതിനാല്‍ പകരമായി ചെയ്യാവുന്ന ന്യായമായ ഏക കാര്യം, സെക്യൂരിറ്റിയായി കടക്കാരന്റെ എന്തെങ്കിലും സ്വത്ത് വഹകള്‍ ആവശ്യപ്പെടുക എന്നുള്ളതാണ്. അല്ലെങ്കില്‍ ആള്‍ ജാമ്യത്തിലും കടം കൊടുക്കാം. ഇങ്ങനെയുള്ള യാതൊരു ജാമ്യവുമില്ലെങ്കില്‍ അയാള്‍ക്ക് പണം കടം കൊടുക്കാതിരിക്കുകയും ചെയ്യാമല്ലോ. അപകട സാധ്യത/ റിസ്ക് ഉണ്ട് എന്നുള്ളത് വില്‍പനമൂല്യമുള്ള ഒരു സംഗതിയല്ല. അതിനെ വീട്/ ഫര്‍ണിച്ചര്‍/ വണ്ടി വാടകയോട് താരതമ്യപ്പെടുത്താനുമാവില്ല. ത്യാഗത്തെക്കുറിച്ച് പറയുന്നുണ്ടല്ലോ. കച്ചവടമായി മാറിക്കഴിഞ്ഞ ഒരു സംഗതിയെ ത്യാഗം (മെരൃശളശരല) എന്ന് പറയാനാവില്ല. ത്യാഗം ചെയ്യുന്നവന്‍ അതിന്റെ ധാര്‍മിക തലത്തെ മാത്രമാണ് കണക്കിലെടുക്കേണ്ടത്. ധാര്‍മിക നേട്ടങ്ങളേ പ്രതീക്ഷിക്കാനും പാടുള്ളൂ. ത്യാഗം ചെയ്തതിന് ഒരാള്‍ ഭൌതിക നേട്ടം പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ ദയവ് ചെയ്ത് അയാള്‍ ആ പ്രവൃത്തിയെ ത്യാഗം എന്ന് പറയാതിരിക്കുക. അയാള്‍ പറയേണ്ടത് ബിസിനസ്സിനെക്കുറിച്ചാണ്, മാസാന്തം/ വര്‍ഷാന്തം ഇത്ര സംഖ്യ മൂലധനത്തേക്കാള്‍ അധികമായി കിട്ടണം എന്ന തന്റെ ആവശ്യത്തിന്റെ അടിസ്ഥാനമെന്ത് എന്നതിനെക്കുറിച്ചും.
അധികം വരുന്ന പണമാണ് ഇയാള്‍ കടമായി കൊടുക്കുന്നത് എന്ന കാര്യവും ശ്രദ്ധിക്കണം. തന്റെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ നീക്കിവെച്ച പണമല്ല അത്. അതിനാല്‍ പ്രായശ്ചിത്തം (ുലിമഹ്യ) ആവശ്യപ്പെടാന്‍ ഇവിടെ അരുതാത്തത് (ളീൌഹ) ഒന്നും സംഭവിച്ചിട്ടില്ല.
പലിശ വാടകയാണോ?
ഒരാള്‍ വാടകക്ക് നല്‍കുന്നത് താന്‍ സമയവും അധ്വാനവും പണവും ചെലവഴിച്ച ഒരു വസ്തു ആയിരിക്കും. അതിന് പകരമായാണ് വാടക ഈടാക്കുന്നത്. മാത്രമല്ല, വാടകക്കാരന്‍ അത് ഉപയോഗിക്കുമ്പോള്‍ അതിന് തേയ്മാനം സംഭവിക്കുകയും അതിന്റെ മൂല്യം ക്രമത്തില്‍ കുറഞ്ഞുവരികയും ചെയ്യുന്നുണ്ട്. അതുകൊണ്ട് വീട്, ഫര്‍ണിച്ചര്‍, വണ്ടി പോലുള്ളവ മാത്രമേ വാടകയിനത്തില്‍ വരുന്നുള്ളൂ. ഇക്കാരണങ്ങളാല്‍ അവക്ക് വാടക ഈടാക്കുന്നത് തീര്‍ത്തും ന്യായമാണ്. ഉപഭോഗവസ്തുക്കള്‍, പഴം, ധാന്യപ്പൊടി പോലുള്ള ഭക്ഷ്യധാന്യങ്ങള്‍ എന്നിവയൊന്നും ഈ നിര്‍വചനത്തില്‍ വരുന്നില്ല. പണവും വരുന്നില്ല. കാരണം പണം വസ്തുക്കളും സേവനങ്ങളും വിലയ്ക്ക് വാങ്ങാനുള്ള ഒരു മാധ്യമം മാത്രമാണ്. പണത്തിന്റെ മേല്‍ വാടക ചുമത്തുക എന്നത് അചിന്ത്യവും ഗുരുതരവുമാണ്. താന്‍ പണം നല്‍കുക വഴി താന്‍ മറ്റേയാള്‍ക്ക് ഒരവസരം തുറന്നു കൊടുക്കുകയാണെന്നും അതിനാല്‍ അയാളുടെ ലാഭത്തില്‍ നിന്ന് ഒരു വിഹിതം തനിക്ക് വേണമെന്നും കടം കൊടുക്കുന്നവന് ആവശ്യപ്പെടാം. അത് ന്യായമായ ആവശ്യവുമാണ്. പക്ഷേ, ഈ ന്യായം വെച്ച്, നിങ്ങളുടെ കൈയില്‍ നിന്ന് തന്റെ പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങളെ ഊട്ടാന്‍ അമ്പത് രൂപ കടം വാങ്ങുന്ന ഒരാളോട്, അയാള്‍ വാങ്ങുന്ന ധാന്യപ്പൊടിയുടെയും മറ്റും കണക്ക് പറഞ്ഞ് അതിന്റെ ഇത്ര അളവ്, ഇത്ര ശതമാനം മാസാന്തം നിങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് പറയാന്‍ പറ്റുമോ?
(തുടരും)
Comments