നാണക്കേടിന്റെ തിടമ്പേറ്റി ബി.ജെ.പി
പെട്രോളിയം കമ്പനികളുടെ പകല്‍കൊള്ളയില്‍ ഇന്ത്യ വെറുങ്ങലിച്ചു നിന്ന ദിവസം രാജ്യത്തെ മുഖ്യപ്രതിപക്ഷമായ ബി.ജെ.പി പത്തു മാസത്തെ ഇടവേളക്കു ശേഷം മുംബൈയില്‍ ദേശീയ നിര്‍വാഹകസമിതി യോഗം നടത്തുകയായിരുന്നു. രാത്രി രണ്ടര മണിവരെ പാര്‍ട്ടിയുടെ സെക്രട്ടറിതല ചര്‍ച്ചകള്‍ നീണ്ടുപോയപ്പോള്‍ എല്ലാവരും കരുതിയത് പെട്രോള്‍ വിലക്കയറ്റം സൃഷ്ടിച്ച ഗുരുതരമായ സ്ഥിതിവിശേഷത്തെ കുറിച്ചാലോചിച്ച് ബി.ജെ.പി തലപുണ്ണാക്കുകയാണ് എന്നായിരുന്നു. സ്വന്തം പാര്‍ട്ടിയിലെ ഒരു പ്രമുഖനെ അറുത്തുമാറ്റണോ അതോ പേറി നടക്കണോ എന്നതായിരുന്നു പക്ഷേ ഈ നേരംകെട്ട നേരത്തെ ചര്‍ച്ച! 2005-ല്‍ പാര്‍ട്ടിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇതേ മുംബൈയില്‍ നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ 'പെണ്ണുപിടിത്തം' സി.ഡി വെളിച്ചത്തായതിന്റെ പേരില്‍ നാണംകെട്ട് പുറത്തുപോവേണ്ടിവന്ന സഞ്ജയ് ജോഷി എന്ന ജനറല്‍ സെക്രട്ടറിയെ തിരിച്ചെടുത്തത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് ഇഷ്ടപ്പെടാത്തതാണ് ഈ പാതിരാ ചര്‍ച്ചയുടെ അജണ്ടയായത്. ജോഷിയെ ബി.ജെ.പി രാജിവെപ്പിക്കുന്നില്ലെങ്കില്‍ താന്‍ ദേശീയ നിര്‍വാഹകസമിതിയില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന മോഡിയുടെ ഭീഷണിയാണ് ഒരുവേള സമീപകാലത്തെ ഏറ്റവും വലിയ പെട്രോള്‍ വിലവര്‍ധനവിനിടയിലും ബി.ജെ.പിയുടെ ഉറക്കം കെടുത്തിയത്. ഒതുക്കാന്‍ ഒടുവില്‍ പാര്‍ട്ടി തന്നെ പീരങ്കിയെടുത്തു. ജോഷിയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും രാജിവെപ്പിച്ച് മോഡിക്ക് മുംബൈ യോഗത്തില്‍ പങ്കെടുക്കാനുള്ള അവസരമൊരുക്കി നിധിന്‍ ഗഡ്കരി തന്റെ രണ്ടാമൂഴത്തിന്റെ തുടക്കം കെങ്കേമമാക്കി! മോഡിയാണ് പാര്‍ട്ടിയുടെ അന്നദാതാവ് എന്നത് മറന്നാല്‍ പിന്നെ എന്തിന് കൊള്ളാം, അഖിലേന്ത്യാ അധ്യക്ഷന്റെ കസേരയിലാണ് ഇരുത്തമെങ്കിലും!
നരേന്ദ്ര മോഡിയെ ഇന്ത്യക്കാരന്റെ തലയില്‍ വീണ്ടും വീണ്ടും അടിച്ചേല്‍പ്പിക്കുകയാണ് മാധ്യമങ്ങള്‍. മോഡിക്ക് പാദസേവ നടത്താനായിരുന്നു ഇന്ത്യന്‍ മീഡിയയുടെ യോഗം. മുംബൈയില്‍ ബി.ജെ.പിയുടെ സമ്മേളനം തുടങ്ങുന്നതിന്റെ മൂന്നു ദിവസം മുമ്പു തൊട്ടേ ആരംഭിച്ചു മോഡി വരുമോ ഇല്ലേ എന്ന ചര്‍ച്ച. ദല്‍ഹിയില്‍ മുഖ്യമന്ത്രിമാരുടെ യോഗം നടന്നാലും എന്‍.ഡി.എ യോഗം വിളിച്ചാലും മോഡി വന്നോ ഇല്ലേ എന്നതാണ് മാധ്യമങ്ങളുടെ പ്രധാന അന്വേഷണ വിഷയം. മോഡി പങ്കെടുക്കുന്ന യോഗങ്ങളില്‍ ദല്‍ഹിയിലെ മാധ്യമപ്പട ഒരു 'ബൈറ്റ്' കിട്ടാന്‍ കാട്ടിക്കൂട്ടുന്ന ആക്രാന്തം കണ്ടാല്‍ തോന്നുക ഇയാളല്ലാതെ രാജ്യത്ത് വേറെ നേതാക്കള്‍ ഇല്ലെന്നാണ്. ഗുജറാത്തിലെ പാവങ്ങളുടെ ചോരയീമ്പിക്കുടിച്ച് സ്വന്തം വ്യവസായ സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കിയ കോര്‍പറേറ്റുകളാണ് മോഡിയുടെ ഗോസിപ്പുകള്‍ കൃത്യമായി കൊടുത്തു കൊണ്ടേയിരിക്കാന്‍ മീഡിയയെ നിര്‍ബന്ധിതമാക്കുന്ന ഘടകം. ഗുജറാത്തിലെ നഗരങ്ങളില്‍ മൂന്നിലൊന്നു പേര്‍ വീതം ദാരിദ്യ്രരേഖക്കു താഴെയാണെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്ന എച്ച്.ഡി.ആര്‍ റിപ്പോര്‍ട്ട് പറയുന്നത്! ദാരിദ്യത്തില്‍ താഴെ നിന്ന് അഞ്ചാമതാണ് മോഡിയുടെ ഈ കാനാന്‍ ദേശം! 16,000 കുട്ടികളെ കാണാതായ, അതില്‍ തന്നെ 2500ഉം കഴിഞ്ഞ ഒറ്റ വര്‍ഷത്തിനിടെ കാണാതായ, 27,000 ചെറുകിട വ്യവസായ യൂനിറ്റുകള്‍ അടച്ചു പൂട്ടിയ, എട്ടര ലക്ഷം തൊഴിലില്ലാത്ത അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുള്ള ഈ ഗുജറാത്തിനെയാണ് വികസനത്തിന്റെ വിശ്വോത്തര മാതൃകയാക്കി മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത്. മീഡിയ എന്ന വ്യവസായം ഇന്ന് ചലിക്കണമെങ്കില്‍ ഈ കോര്‍പറേറ്റ് തമ്പുരാക്കന്മാരുടെ ഓഫീസില്‍ നിന്ന് പരസ്യം വരണം. ഈ കുത്തകകളുടെ ചെലവില്‍ പ്രധാനമന്ത്രി പദവിയിലേക്ക് കുതിച്ചോടുന്ന മോഡിക്കു മുമ്പില്‍ പാര്‍ട്ടിയോ നേതാക്കളോ എതിരാളികളോ ആരുമല്ലാതാവുകയാണ്.
മോഡിക്ക് ഇഷ്ടമില്ലാത്തവരെ അവര്‍ വ്യക്തികളായാലും സമൂഹങ്ങളായാലും രാജ്യത്തിന് ഇഷ്ടമല്ലാതാവണമെന്ന ധാര്‍ഷ്ട്യത്തിനാണ് മീഡിയ ചൂട്ടുപിടിക്കുന്നത്. ഹരിണ്‍ പാണ്ട്യ, കേശുഭായി പട്ടേല്‍, ഹരിണ്‍ പഥക്, സുരേഷ് മേത്ത, എ.കെ മേത്ത തുടങ്ങിയ ബി.ജെ.പി നേതാക്കളെല്ലാം ഗുജറാത്ത് കലാപത്തില്‍ മോഡിയുടെ പങ്കിനെ കുറിച്ച് തുറന്നു പറഞ്ഞവരോ പാര്‍ട്ടിക്കകത്ത് മോഡിയുടെ അപ്രമാദിത്വം ചോദ്യം ചെയ്തവരോ ആണ്. സഞ്ജയ് ജോഷി എന്ന ആര്‍.എസ്.എസ് നേതാവ് പെണ്ണു പിടിച്ചതില്‍ മോഡിക്കുള്ള ധാര്‍മിക രോഷം കൊണ്ടല്ല അദ്ദേഹത്തെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നിധിന്‍ ഗഡ്കരി രാജിവെപ്പിച്ചത്. മറിച്ച് ഗുജറാത്തില്‍ കൂടുതല്‍ വേരുകളുള്ള രാഷ്ട്രീയ നേതാവ് ജോഷിയാണെന്ന തിരിച്ചറിവ് മോഡിയെ ഭയപ്പെടുത്തിയതു കൊണ്ടായിരുന്നു. ജോഷിക്കെതിരെയുള്ള സി.ഡി പോലും മോഡിയുടെ ഓഫീസില്‍ നിന്ന് പുറത്തിറക്കിയതാണെന്നാണ് ആരോപിക്കപ്പെടുന്നത്. ഗുജറാത്തില്‍ കഴിഞ്ഞ പത്തു വര്‍ഷക്കാലത്തിനിടെ മറ്റൊരു നേതാവിന്റെയും പേര് പാര്‍ട്ടിക്ക് എടുത്തു പറയാന്‍ കഴിയാതായത് ഈ ഏകാധിപത്യ തേര്‍വാഴ്ചയുടെ ദുരന്തഫലമായിട്ടായിരുന്നു. പക്ഷേ മോഡിയെ പൊലിപ്പിച്ചു നിര്‍ത്തുക എന്നതിലപ്പുറം മീഡിയ ഒരിക്കല്‍ പോലും ഇദ്ദേഹത്തിന്റെ നേരെ വിരല്‍ ചൂണ്ടുന്നില്ല. കഴിഞ്ഞ പത്തു വര്‍ഷക്കാലമായി തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകള്‍ ജയിക്കുന്ന രമണ്‍ സിംഗും ശിവരാജ് സിംഗ് ചൌഹാനുമൊക്ക നേതാക്കളായ ബി.ജെ.പിക്ക് പക്ഷേ ഗുജറാത്തിലല്ലാതെ മറ്റൊരിടത്തും ഒരു ചുക്കുമല്ലാത്ത നരേന്ദ്ര മോഡിയെ ചുമക്കാനാണ് യോഗം. കോര്‍പറേറ്റുകളുടെ ഭീഷണി ഒരു രാജ്യത്തെ മുഖ്യപ്രതിപക്ഷ കക്ഷിയുടെ പതനത്തെ എത്ര കണ്ട് ഭയാനകമാക്കുന്നു എന്നതാണ് ഈ ദുരന്തത്തിന്റെ പാഠം.
Comments