Prabodhanm Weekly

Pages

Search

2012 ജൂണ്‍ 9

അതിരുകവിയുന്ന അടിമത്തമാണ് പ്രശ്നം

അഖില്‍ദേവ്, രതീഷ് ഒലവക്കോട്

ങ്ങള്‍ മുസ്ലിം സമുദായത്തെക്കുറിച്ചും മുസ്ലിംകളുടെ സംസ്കാരത്തെക്കുറിച്ചും ഗവേഷണം നടത്തുന്ന വിദ്യാര്‍ഥികളാണ്. മുസ്ലിം പ്രസിദ്ധീകരണങ്ങള്‍ ഏറെക്കുറെ സ്ഥിരം വായിക്കുന്നവരുമാണ്. മറ്റു പ്രസിദ്ധീകരണങ്ങളെ അപേക്ഷിച്ച് സത്യസന്ധമായ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ നടത്തുന്നതില്‍ ഏറെ മുന്നിട്ട് നില്‍ക്കുന്നത് പ്രബോധനമാണ്. ലക്കം 48-ല്‍ അഞ്ചാം മന്ത്രിയെയും അതിനോടനുബന്ധിച്ച് വന്ന സാമുദായിക സന്തുലിത സിദ്ധാന്തത്തെയും മുന്‍നിര്‍ത്തി നടന്ന ചര്‍ച്ച ഏറെ സത്യസന്ധമായ രാഷ്ട്രീയ നിരീക്ഷണങ്ങളാണ്. വരേണ്യതയുടെയും സവര്‍ണ മനോഭാവത്തിന്റെയും ആധിപത്യമാണ് കേരള രാഷ്ട്രീയത്തിലും നടമാടുന്നത്. ആയിരക്കണക്കിന് പുലയന്മാര്‍ ഇസ്ലാം സ്വീകരിച്ചതും വരേണ്യ അയിത്തങ്ങളുടെ പേരിലായിരുന്നു. ഇന്ത്യയിലേറ്റവും കൂടുതല്‍ കോളനികള്‍ ഇന്നും കേരളത്തിലാണ്. 4000-ത്തില്‍ പരം കോളനികള്‍ കേരളത്തിലുണ്ട്. ഭൂപരിഷ്കരണം മൂലം ആര്‍ക്കാണ് ഭൂമി കിട്ടിയതെന്നും ആരെയൊക്കെയാണ് കോളനികളില്‍ തളച്ചിടപ്പെട്ടതെന്നും വ്യക്തമാണ്. ഏത് പരിഷ്കരണവും അധികാരവും സവര്‍ണന്റെ താല്‍പര്യമാണ് സംരക്ഷിച്ചുനിര്‍ത്തിയത്. വിദ്യാഭ്യാസ മേഖലയിലെ മുസ്ലിം സാന്നിധ്യവും പിന്നാക്കവിഭാഗങ്ങളുടെ മുന്നേറ്റവും ഉണ്ടാക്കിയ ഭീതിയില്‍ നിന്നാണ് 'ലൌ ജിഹാദ്' കേരളത്തില്‍ കൊഴുക്കുന്നത്. പുരോഗമന പ്രസ്ഥാനങ്ങളും യുക്തിവാദികളും പത്രമാധ്യമങ്ങളും ഇതിനെ ഏറ്റെടുത്തു. 

ഇതേ സന്ദര്‍ഭത്തില്‍ കേരളത്തില്‍ മുസ്ലിംവിരുദ്ധതയുടെ സവര്‍ണ ചരിത്രം ഏറെ എഴുതിയ വ്യക്തിയാണ് ഡോ. എം.എസ് ജയപ്രകാശ്. കയ്പുളവാക്കുന്ന സത്യങ്ങള്‍ ഉറക്കെ വിളിച്ചുപറയാന്‍ അദ്ദേഹം ധൈര്യം കാണിച്ചിട്ടുണ്ട്. ന്യൂനപക്ഷ പിന്നാക്ക മുന്നേറ്റങ്ങളെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. അഞ്ചാം മന്ത്രിയും സാമുദായിക സന്തുലനമെന്ന സവര്‍ണ പ്രചാരണത്തെയും തുറന്നെതിര്‍ക്കാനും അദ്ദേഹം പ്രയത്നിച്ചിട്ടുണ്ട്. അതിന്റെ ഭാഗമാണ് പ്രബോധനത്തില്‍ അദ്ദേഹം നടത്തിയ നിരീക്ഷണങ്ങള്‍. ഏറെ സത്യസന്ധമായ ഈ നിരീക്ഷണത്തില്‍ പോലും അസ്വസ്ഥത പുലര്‍ത്തിയ ഒരു വ്യക്തിയുടെ പ്രതികരണവും (ലക്കം 49) ശ്രദ്ധയില്‍ പെട്ടു. ഉടമയെ/ മേലാളന്മാരെ വിമര്‍ശിക്കുമ്പോള്‍ അടിമക്കനുഭവപ്പെടുന്ന ഒരുതരം വിറയലാണിത്. ഇത് അടിമത്തത്തിന്റെ പൂര്‍ണതയാണ്. ഇരകള്‍ പോലും ഇതൊരു അലങ്കാരമായി എടുത്തണിയുന്നിടത്താണ് വരേണ്യത വിജയം പ്രാപിക്കുന്നത്. ഈ അധികാര ഘടനയെ നിരന്തരം ചോദ്യം ചെയ്യുമ്പോഴാണ് ജനാധിപത്യം കൂടുതല്‍ വിശാലമാവുന്നത്. മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്ക് തുല്യ പങ്കാളിത്തം ലഭിക്കുന്നതും. ഇതിനെ കേവലം സാമുദായികതയായോ സങ്കുചിതമായോ അടയാളപ്പെടുത്തുന്നത് രാഷ്ട്രീയബോധമില്ലായ്മയാണ്. ഈ ബോധമില്ലായ്മയെ കൂടുതല്‍ തട്ടിയുണര്‍ത്തുന്ന നിരീക്ഷണങ്ങളാണ് പ്രബോധനത്തെ കൂടുതല്‍ ആത്മീയവും രാഷ്ട്രീയവുമാക്കിത്തീര്‍ക്കുന്നത്.

ഹൃദ്യത പകര്‍ന്ന യാത്രാനുഭവം

സന്തോഷ് വാണിയമ്പലം

വായനക്കാരുടെ ബോധതലങ്ങളില്‍ വ്യത്യസ്തമായ വായനാനുഭവം സൃഷ്ടിക്കുന്ന പ്രബോധനത്തിന്റെ ഒരു പുതിയ വായനക്കാരനാണ് ഞാന്‍. പിടി യൂനുസിന്റെ യാത്രാവിവരണം (ലക്കം 46) ഹൃദ്യവും വായനയുടെ ഒരു നവ്യാനുഭവവും ആയി. അനുവാചകരിലേക്ക് ആ ലേഖനശൈലി പകര്‍ത്തുന്ന ഊഷ്മളതയും മനോഹരമായ അവതരണ ശൈലിയും എടുത്തു പറയാതിരിക്കാന്‍ നിര്‍വാഹമില്ല. മാത്രമല്ല, അവിടത്തെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ആഖ്യാന ശൈലി ചരിത്ര വിദ്യാര്‍ഥികള്‍ക്കു പോലും ഉപകാരപ്രദമാവും എന്നത് ശ്ളാഘനീയം തന്നെ.
യാത്രികരുടെ മനോവിചാരങ്ങളും മാനസിക സമ്മര്‍ദങ്ങളും വായനക്കാര്‍ക്ക് പോലും അനുഭവഗോചരമാക്കുന്നതില്‍ ലേഖകന്‍ നൂറു ശതമാനം മികവ് കാണിച്ചിരിക്കുന്നു.

ടിപ്പുസുല്‍ത്താന്‍
ചരിത്ര രചനയിലെ നീതിനിഷേധം

ജമാലുദ്ദീന്‍ പാലേരി

മാതൃരാജ്യത്തിന് വേണ്ടി ബ്രിട്ടീഷ്കാരോട് യാതൊരു സന്ധിക്കും വിട്ടുവീഴ്ചക്കും തയാറാകാതെ മരണം വരെ പൊരുതി വീരമൃത്യു വരിച്ച ടിപ്പുവിനെ രാജ്യദ്രോഹിയായാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ടിപ്പുവിനെക്കുറിച്ച ലേഖനത്തില്‍ (ലക്കം 49) സൂചിപ്പിച്ചത് പോലെ ബ്രിട്ടീഷുകാരെ പ്രീതിപ്പെടുത്താന്‍ വേണ്ടി എഴുതപ്പെട്ട ഇന്ത്യാ ചരിത്രത്തില്‍ അദ്ദേഹത്തെ അങ്ങേയറ്റം അപകീര്‍ത്തിപ്പെടുത്താനും മോശമായി ചിത്രീകരിക്കാനുമാണ് ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ സത്യാവസ്ഥ അങ്ങനെയായിരുന്നില്ല. ചില ഉദാഹരണങ്ങള്‍ കാണുക.
"ഇന്ത്യക്ക് വേണ്ടി നിലകൊണ്ട പ്രബലനായ ദേശീയ വാദിയും മതേതര വാദിയുമായിരുന്നു ടിപ്പു സുല്‍ത്താന്‍. ചില സവര്‍ണ ചരിത്രകാരന്മാര്‍ പ്രചരിപ്പിക്കും പോലെ മതഭ്രാന്തനോ ക്രൂരനോ, ദുര്‍മാര്‍ഗിയോ അല്ല. വര്‍ഷങ്ങളോളം ഇന്ത്യ അടക്കിവാഴുകയും അന്തമില്ലാത്ത ക്രൂരതകള്‍ കാണിക്കുകയും ചെയ്ത ബ്രിട്ടീഷുകാരും ജന്മികളുമാണ് ടിപ്പുവിനെ ക്രൂരനായി ചിത്രീകരിക്കുന്നത്. ക്രി 1000ത്തിനും 1875നും ഇടയില്‍ ഇന്ത്യ കണ്ട ഏറ്റവും പ്രമുഖനായ ദേശീയ വാദിയായിരുന്നു ടിപ്പു. എല്ലാ മതക്കാരെയും ഒരുപോലെ സ്നേഹിച്ചു. എല്ലാ മതസ്ഥരാലും സ്നേഹിക്കപ്പെട്ട ഭരണാധികാരിയായിരുന്നു മൈസൂര്‍ പുലിയെന്നറിയപ്പെടുന്ന ടിപ്പു സുല്‍ത്താന്‍'' (ഏഷ്യാറ്റിക് സൊസൈറ്റി ജനറല്‍ സെക്രട്ടറിയും പ്രമുഖ ചരിത്രകാരനുമായ അനില്‍കുമാര്‍ സര്‍ക്കാര്‍, മാധ്യമം 99 ഡിസംബര്‍ 4).
"ഇന്ന് ഫാഷിസ്റുകള്‍ ചെയ്യുന്നത് പോലെ തന്നെ സാമ്രാജ്യത്വ ശക്തികള്‍ ടിപ്പുവിനെ അപകീര്‍ത്തിപ്പെടുത്തി മതഭ്രാന്തനായി ചിത്രീകരിച്ചു. ഭരണാധികാരിയെന്ന നിലയിലുള്ള നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും പേരിലല്ല, മതത്തിന്റെ പേരിലാണ് ടിപ്പുവിന്റെ വ്യക്തിത്വം മാറ്റുരക്കുന്നത്. ടിപ്പു സുല്‍ത്താന്‍ മതവിശ്വാസിയായിരുന്നുവെന്ന കാര്യത്തില്‍ തര്‍ക്കമില്ല.'' (കെ.എന്‍ പണിക്കര്‍. ടിപ്പുവിനെ വിലയിരുത്തേണ്ടതെങ്ങനെ? ദേശാഭിമാനി 14.12.1990).
"കേരളത്തില്‍ നടന്ന ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങള്‍ക്ക് യഥാര്‍ഥത്തില്‍ പ്രചോദനമായത് ടിപ്പുവിന്റെ നേതൃത്വത്തില്‍ നടന്ന സമരങ്ങളായിരുന്നു. ടിപ്പു മുസ്ലിമായതുകൊണ്ട് അനഭിമതനെന്ന് മുദ്രകുത്തുന്നതും അമുസ്ലിംകളും അക്രൈസ്തവരുമായ ജന്മി-നാടുവാഴി രാജ പ്രമുഖന്മാരും പ്രഭൃതികളും നയിച്ച സമരങ്ങളെ ശ്രേഷ്ഠമെന്ന് അവതരിപ്പിക്കുന്നതും ചരിത്ര പഠനത്തിന്റെ നീതിശാസ്ത്രം അറിവില്ലാത്തത് കൊണ്ടായിരിക്കാം.'' (ദേശാഭിമാനി വരാന്തപ്പതിപ്പ് 99 ജുലൈ 4)
ടിപ്പുസുല്‍ത്താനെ പറ്റി ഗാന്ധിജി പറയുന്നത് നോക്കുക. "വിദേശ ചരിത്രകാരന്മാര്‍ ടിപ്പുവിനെ മതഭ്രാന്തനായും ഹിന്ദു പ്രജകളെ അടിച്ചമര്‍ത്തി ഇസ്ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചവനായും ചിത്രീകരിച്ചിട്ടുണ്ട്, എന്നാലദ്ദേഹം അത്തരക്കാരനായിരുന്നില്ല'' (യങ് ഇന്ത്യ 1930 ജനുവരി 23, പേജ് 31).


സംസ്കൃത സമൂഹത്തിന്
നാണക്കേട്

റഹ്മാന്‍ മധുരക്കുഴി


ആശയ ഭിന്നതകളെ ആയുധ ബലം കൊണ്ട് നേരിടുന്ന രാഷ്ട്രീയ സമീപനം കാടത്തമാണ്. അത് പ്രബുദ്ധ കേരളത്തിലെ സംസ്കൃത സമൂഹത്തിന് നാണക്കേടാണ്. ജനാധിത്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെയും മഹിമകള്‍ വലിയവായില്‍ പ്രഘോഷിക്കുന്നവരുടെ ക്യാമ്പുകളില്‍ നിന്ന് തന്നെയാണ്, കടുത്ത അസഹിഷ്ണുതയുടെ അടയാളങ്ങള്‍ പുറത്തുവരുന്നതെന്ന് ഏറെ വിരോധാഭാസമല്ലേ?
ജന്മം കൊണ്ട നാള്‍ മുതല്‍ ഇന്നോളം ആരെയെങ്കിലും കൊലപ്പെടുത്താത്ത, അഹിംസാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്ത ഒരു പ്രബോധക സംഘത്തിന് നേരെ സന്ദര്‍ഭമനുസരിച്ച് തീവ്രവാദ-ഭീകരവാദ മുദ്ര കുത്തി രസിക്കുന്നവരിതാ, ക്രൂരമായ കൊലപാതകം നടത്തി തങ്ങളാണ് ഇവിടത്തെ ഭീകരരെന്ന് തെളിയിച്ചിരിക്കുന്നു!


കൊല്ലല്‍ രാഷ്ട്രീയത്തോട് അരുത് പറയുക

നേമം താജുദ്ദീന്‍

നാടിനെ നടുക്കുന്ന കൊലപാതകങ്ങള്‍ ഇനിയും അറുതിയില്ലാതെ തുടരുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങളായാലും തീവ്രവാദ കൊലപാതകങ്ങളായാലും എന്ത് പേരില്‍ അറിയപ്പെട്ടാലും പക്ഷേ, ക്രൂരമായ കൊലക്കത്തിയില്‍ പിടഞ്ഞുവീഴുന്നത് ഓമനിച്ചുവളര്‍ത്തിയ മാതാപിതാക്കളുടെ മക്കളാണ്. ചോര കൊണ്ടെഴുതിയ കഠാര രാഷ്ട്രീയവും ബോംബ് രാഷ്ട്രീയവും എന്നെന്നേക്കും അവസാനിപ്പിക്കാന്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിക്ക് കഴിയും? നീതിപീഠത്തിനും നിയമപാലകര്‍ക്കും ബുദ്ധിജീവികള്‍ക്കും ഇതിന് അവസാനവിധി പറയാന്‍ കഴിയുമല്ലോ.
ഇതിനകം എത്ര മനുഷ്യ ജീവനാണ് കൊലപാതക രാഷ്ട്രീയക്കളരിയില്‍ വെട്ടിനുറുക്കപ്പെട്ടത്. ഇത് ആര്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകും. ഈ കൊലയാളി ക്വട്ടേഷന്‍ സംഘത്തെയോ രാഷ്ട്രീയക്കാരെയോ ആരെയാണ് ശിക്ഷിക്കേണ്ടതെന്ന് വോട്ട് ബാങ്കായ ജനം പറയട്ടെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം