ബംഗാളിലെയും ബീഹാറിലെയും ഗ്രാമങ്ങള്‍ നമ്മോട് പറയുന്നത്
'ഇന്ത്യന്‍ ഗ്രാമങ്ങളുടെ ആത്മാവിലേക്ക് ഒരു സഞ്ചാരം' എന്ന പേരില്‍ 'വിഷന്‍ 2016'-ന്റെ സംഘാടകര്‍ സംഘടിപ്പിച്ച ആദ്യ യാത്ര ബീഹാര്‍, പശ്ചിമ ബംഗാള്‍, സിക്കിം സംസ്ഥാനങ്ങളിലേക്കായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയുടെ 25 സംസ്ഥാനങ്ങളില്‍ എണ്ണായിരം സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ വിഷന്‍ 2016-ന്റെ പ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തുണ്ട്. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് ഏറെ അകന്ന് ഉടുതുണിക്ക് മറുതുണിയും വിദ്യാഭ്യാസവും ആരോഗ്യവും ഇല്ലാതെ പട്ടിണിക്കോലങ്ങളായി, ഭൂജന്മിമാരുടെ അധീനതയില്‍ കഴിഞ്ഞുകൂടുന്ന ആയിരക്കണക്കിന് വരുന്ന ജനസഞ്ചയത്തെ നേരിട്ടു കാണാന്‍ കഴിഞ്ഞ അനുഭവത്തിലുപരി, കേട്ടതിലും അപ്പുറത്താണ് അനുഭവിച്ചറിഞ്ഞ കാഴ്ചകള്‍ എന്ന യാഥാര്‍ഥ്യം തിരിച്ചറിയാനായി എന്നതാണ് യാത്രയുടെ ആദ്യ വിജയം.
ന്യൂദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൌണ്ടേഷ'നാണ് വിഷന്‍ 2016ന് നേതൃത്വം നല്‍കുന്നത്. ഇന്ത്യയിലെ പ്രമുഖ വ്യക്തികള്‍ നിയന്ത്രിക്കുന്ന ഈ സംരംഭത്തിന് ഇനിയും സ്നേഹത്തിന്റെയും അനുകമ്പയുടെയും ദയയുടെയും ഉറവ വറ്റിയിട്ടില്ലാത്തവരുടെ പിന്‍ബലമാണ് കരുത്ത് പകരുന്നത്. വിഷന്റെ പ്രവര്‍ത്തനം അടുത്തറിയാനും അനുഭവിച്ചറിഞ്ഞവ മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കാനുമാണ് പദ്ധതി പ്രദേശങ്ങളിലേക്ക് വിഷന്‍ 2016 യാത്ര സംഘടിപ്പിച്ചത്.
സാധാരണ നടത്തുന്ന ടൂര്‍ യാത്രയില്‍ നിന്ന് തികച്ചും വിഭിന്നമായി ടൂര്‍ കേന്ദ്രങ്ങള്‍ ഒഴിവാക്കി പശ്ചിമ ബംഗാളിന്റെയും ബീഹാറിന്റെയും ഗ്രാമങ്ങളിലേക്കുള്ള യാത്ര എങ്ങനെ ആയിരിക്കുമെന്നതിനെക്കുറിച്ച് കോ-ഓര്‍ഡിനേറ്റര്‍ നജീബ് കുറ്റിപ്പുറവും യാത്ര നിയന്ത്രിച്ചിരുന്ന കണ്ണൂര്‍ സ്വദേശി ഫെര്‍മിസും നേരത്തേ ധാരണ നല്‍കിയിരുന്നു. ഡോ. എന്‍.പി ഹാഫിസ് മുഹമ്മദിന്റെ യാത്രാനുഭവങ്ങള്‍ ഒരു ഏറ്റുപറച്ചിലായി ഒരു മണിക്കൂര്‍ നേരം എല്ലാവരെയും പിടിച്ചിരുത്തി. അദ്ദേഹം നടത്തിയ ഗ്രാമയാത്രകള്‍, അതിലൂടെ ലഭിച്ച പുത്തന്‍ അറിവുകള്‍, പട്ടിണി കിടന്നും നടന്നും അനുഭവിച്ച ഉത്തരേന്ത്യന്‍ ഗ്രാമകഥകള്‍ എല്ലാം യാത്രക്കാരില്‍ കൌതുകമുണര്‍ത്തി. അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്ത തീവണ്ടിയാത്ര മൂന്ന് ദിവസം കഴിഞ്ഞ് പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ബഹ്റാംപൂരിലാണ് അവസാനിച്ചത്.
ബഹ്റാംപൂരില്‍ വിഷന്‍ 2016-ന്റെ പ്രവര്‍ത്തകര്‍ ഞങ്ങളെ കാത്തുനിന്നിരുന്നു. രണ്ട് ദിവസം കൊണ്ട് പരമാവധി ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുക എന്ന ദൌത്യമാണ് ഞങ്ങള്‍ ആദ്യമായി ഏറ്റെടുത്തത്. ചൂട് കഠിനമായിരുന്നു. ഞങ്ങളെയും കയറ്റി ബസ് മുര്‍ഷിദാബാദ് ജില്ലയുടെ ഗ്രാമപ്രദേശങ്ങളിലേക്ക് പുറപ്പെട്ടു. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെല്‍പാടങ്ങള്‍, ഇടക്കിടെ ഒറ്റപ്പട്ട ഗ്രാമങ്ങള്‍, ഇടക്കെപ്പോഴോ കുട്ടികളും പോത്തുകളും വെള്ളക്കെട്ടുകളില്‍ നീന്തിക്കളിക്കുന്നു. ചിലര്‍ പോത്തിന്റെ പുറത്ത് കയറിയാണ് യാത്ര. ചാണകം തേച്ച് മിനുക്കി വൈക്കോല്‍ കൊണ്ട് മേഞ്ഞ വീടുകള്‍, ഇടക്കിടെ തകരഷീറ്റ് കൊണ്ട് മേഞ്ഞ വീടുകളും. നിരവധി ഗ്രാമക്കാഴ്ചകള്‍ക്കു ശേഷമാണ് ശങ്കര്‍പൂര്‍ വില്ലേജില്‍ എത്തിയത്. ഇവിടെയാണ് ഉച്ച ഭക്ഷണം. പൂര്‍ണമായും മലയാളികളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു സ്കൂള്‍ ഈ ഗ്രാമത്തിലുണ്ട്, മൌണ്ട് ഹിറ പബ്ളിക്ക് സ്കൂള്‍. 2004-ല്‍ തുടങ്ങിയ ഈ സ്കൂളിലിപ്പോള്‍ നാനൂറിലധികം കുട്ടികള്‍ പഠിക്കുന്നു. സേവനസന്നദ്ധരായ അധ്യാപകര്‍ ചെറിയ ശമ്പളത്തിന് ഇവിടെ ജോലി ചെയ്യുന്നു. ശങ്കര്‍പൂര്‍ വില്ലേജില്‍ ഭൂരിഭാഗം പേരും മുസ്ലിംകള്‍. പരമ്പരാഗത രീതിയില്‍ കെട്ടിയുയര്‍ത്തിയ വീടുകള്‍ക്ക് ചാണകത്തിന്റെ ഗന്ധം. സ്ത്രീകള്‍ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നു. ഈ ഗ്രാമത്തിലെ സ്ത്രീകള്‍ ആരും തന്നെ വിദ്യാഭ്യാസം നേടിയിട്ടില്ല. വിദ്യാഭ്യാസത്തെക്കുറിച്ച് അടുത്ത കാലത്തായി മാത്രമാണ് ഇവര്‍ കേട്ടറിയുന്നത്. പുരുഷന്മാരാകട്ടെ കൃഷിപ്പണി മാത്രമായി കഴിയുന്നു. 65 ശതമാനം കുട്ടികളും ബാലവേലക്കായി പോവുന്നു. ഇഷ്ടികക്കളങ്ങളില്‍ ജോലി ചെയ്തും ബീഡി തെരച്ചും കുട്ടികളുടെ ബാല്യം കടന്നുപോകുന്നു. ഭൂരിപക്ഷവും മുസ്ലിം കുടുംബാംഗങ്ങളാണെങ്കിലും ഇസ്ലാമിനെക്കുറിച്ച് അവര്‍ക്ക് കാര്യമായൊന്നും അറിയില്ല. നമസ്കാരം പോലുള്ള അനുഷ്ഠാനങ്ങളും വളരെ വിരളം. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന പള്ളികളും ഈ പ്രദേശങ്ങളിലുണ്ട്.
വീണ്ടും ചില ഗ്രാമ സന്ദര്‍ശനങ്ങള്‍ക്കു ശേഷം ഏറെ വൈകി ഞങ്ങളുടെ സംഘം എത്തിയത് എസ്സാര്‍പാറ(കമൃുെമൃമ) എന്ന ഗ്രാമത്തിലാണ്. 703 കുടുംബങ്ങളിലായി 4400 പേര്‍ ഇവിടെ താമസിക്കുന്നു. പൂര്‍ണമായും മുസ്ലിം ഗ്രാമം. മുമ്പ് കണ്ട ഗ്രാമങ്ങളില്‍ നിന്ന് ഭിന്നമല്ലാത്ത കാഴ്ചകള്‍. വിഷന്‍ 2016-ന്റെ ഭാഗമായി ഏറ്റെടുക്കാന്‍ കണ്ടുവെച്ച ഒരു ഗ്രാമമാണിത്. വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഇവിടെ വിദ്യാഭ്യാസം ലഭിച്ചിട്ടുള്ളൂ. 65 ശതമാനം കുട്ടികളും ബാലവേലക്കാരാണ്. ഈ ഗ്രാമത്തില്‍ നിന്ന് നിരവധി പേര്‍ ഇപ്പോള്‍ കേരളത്തില്‍ ജോലി ചെയ്യുന്നുണ്ട്. അത്തരക്കാരുടെ വീടുകളില്‍ അതിന്റെ വ്യത്യാസവും കാണാം. ഇവിടെ കുടിവെള്ളം, വീടുകളുടെ നിര്‍മാണം, ശുചിത്വ പരിപാലനം എന്നിവക്കായി ഒരു കോടി ഇരുപത് ലക്ഷം രൂപയുടെ പദ്ധതി വിഷന്‍ 2016 വിഭാവനം ചെയ്തിട്ടുണ്ട്.
മാള്‍ഡ് ജില്ലയിലെ മരാപ്പൂര്‍ വില്ലേജ് നിവാസികളും തങ്ങളുടെ ഗ്രാമം വിഷന്‍ ഏറ്റെടുക്കും എന്ന പ്രതീക്ഷയിലാണ്. 700 കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ വൃത്തിഹീനമായ കാഴ്ചകള്‍ മാത്രമാണ്. 10 വയസ്സിന് മുകളിലുള്ള കുട്ടികള്‍ എല്ലാവരും ജോലിക്ക് പോകുന്നു. വെയിലേറ്റ് വാടിയ മുഖങ്ങള്‍ക്ക് സാന്ത്വനം നല്‍കാന്‍ ഇവിടെ ആരുമില്ല. സ്കൂളുകളും ആശുപത്രിയും ഇവരുടെ സ്വപ്നങ്ങളില്‍ പോലും ഇല്ല. സ്ത്രീകള്‍ ബീഡി തെറുത്ത് പകല്‍ ചെലവഴിക്കുന്നു. 1000 ബീഡി തെറുത്ത് നല്‍കിയാല്‍ ലഭിക്കുന്നത് 70 രൂപ മാത്രം. ആയിരം ബീഡി ഉണ്ടാക്കാന്‍ രണ്ട് ദിവസം വേണമെന്ന് സ്ത്രീകള്‍ പറയുന്നു. പുരുഷന്മാര്‍ തുഛമായ കൂലിക്കാരായി ജന്മിമാരുടെ ഭൂമിയില്‍ കൃഷിപ്പണി നടത്തുന്നു. ഇനിയും വികസനം കടന്നു ചെന്നെത്താത്ത നിരവധി ഗ്രാമങ്ങള്‍ പശ്ചിമ ബംഗാളിലുണ്ട്. സാധ്യമാവുന്ന ഗ്രാമങ്ങളിലൊക്കെ വിഷന്‍ 2016-ന്റെ സന്ദേശം എത്തിക്കാനായിട്ടുണ്ട്.
രണ്ട് ദിവസത്തെ പശ്ചിമ ബംഗാള്‍ ഗ്രാമകാഴ്ചകള്‍ ഏറെ വേദനിപ്പിക്കുന്നതായിരുന്നു. കേട്ടറിഞ്ഞതിനേക്കാള്‍ ഭീകരമായിരുന്നു കണ്ട കാഴ്ചകള്‍. രണ്ട് ദിവസം കൊണ്ട് പരമാവധി ഗ്രാമങ്ങള്‍ തൊട്ടറിഞ്ഞ് ഞങ്ങളുടെ സംഘം ബീഹാര്‍ ഗ്രാമങ്ങളിലേക്കാണ് പിന്നീട് യാത്ര നടത്തിയത്. ഇവിടെയും വിഷന്‍ 2016-ന്റെ സേവന സന്നദ്ധരായ പ്രവര്‍ത്തകരായിരുന്നു ഞങ്ങളുടെ വഴികാട്ടികള്‍.
പരന്നു കിടക്കുന്ന ഗോതമ്പ് വയലുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ബീഹാറിലെ ഹറാറിയ ജില്ലയുടെ ഏകദേശ ചിത്രം മനസ്സില്‍ രൂപപ്പെട്ടിരുന്നു. തികഞ്ഞ കര്‍ഷക ഗ്രാമങ്ങള്‍. അനേകം വര്‍ഷം മുമ്പ് കേരളത്തിലെ വനാന്തരങ്ങളിലുണ്ടായിരുന്ന ആദിവാസി വീടുകളെ ഓര്‍മപ്പെടുത്തുന്ന കാഴ്ചകള്‍. ചാണകം കൊണ്ട് തേച്ചുമിനുക്കി, പുല്ല് മേഞ്ഞ ചെറിയ കൂരകള്‍. ഓരോ ഗ്രാമത്തിലും നൂറ് കണക്കിന് വീടുകള്‍. മനുഷ്യര്‍ക്കൊപ്പം അതേ സൌകര്യത്തില്‍ പോത്തുകളും പശുക്കളും ആടുകളും. ഗ്രാമങ്ങള്‍ പൂര്‍ണമായും കാര്‍ഷികവൃത്തികൊണ്ട് സുഭിക്ഷമാണ്. വിദ്യാഭ്യാസം എന്തെന്നറിയാത്തവര്‍, ആശുപത്രികളെക്കുറിച്ച് കേള്‍ക്കാത്തവര്‍, പട്ടിണിയില്ലെങ്കിലും രാവും പകലും അധ്വാനിച്ച് കൃഷി നടത്തുന്നവര്‍. എല്ലാം നിയന്ത്രിക്കുന്നതാവട്ടെ ഭൂസ്വാമിമാരും. ഇവിടെയും വിഷന്‍ 2016-ന്റെ പ്രവര്‍ത്തകര്‍ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. പൂര്‍ണമായും കര്‍ഷകര്‍ ജീവിക്കുന്ന ഹറാറിയ ജില്ലയിലെ മോര്‍ബല്ല ഗ്രാമം വിഷന്‍ 2016-ന്റെ പ്രധാനപ്പെട്ട പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുണ്ട്. 24 ഏക്കര്‍ സ്ഥലത്ത് റസിഡന്‍ഷ്യല്‍ സ്കൂളിന് പുറമെ മറ്റു പദ്ധതികളും ആസൂത്രണം ചെയ്തു കഴിഞ്ഞു.
തികച്ചും അവഗണിക്കപ്പെട്ട മുസ്ലിം സമൂഹത്തിന്റെ നേര്‍ക്കാഴ്ചകളാണ് ബീഹാര്‍ ഗ്രാമീണര്‍ക്ക് നല്‍കാനുള്ളത്. വിഷന്‍ 2016-ന്റെ പ്രവര്‍ത്തനങ്ങള്‍ മുസ്ലിം പ്രദേശങ്ങളെ മാത്രമല്ല കേന്ദ്രീകരിക്കുന്നത്. ബീഹാറിലെ മധാപ്പുര ജില്ലയിലെ മുസ്ലിഗഞ്ച് 2008-ലെ വെള്ളപ്പൊക്കത്തില്‍ തകര്‍ന്നടിഞ്ഞ ഗ്രാമമാണ്. ഇവിടെ നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. നേപ്പാളില്‍നിന്ന് ഉത്ഭവിച്ചൊഴുകിവരുന്ന ഗോഷി നദിയില്‍ വെള്ളം പൊങ്ങിയതോടെയാണ് മുസ്ലിഗഞ്ച് ഗ്രാമം ഇല്ലാതായത്. മൂന്ന് മാസക്കാലം തങ്ങള്‍ക്ക് ദുരിതകാലമായിരുന്നുവെന്ന് ഇവര്‍ പറയുന്നു. ഈ ഗ്രാമം വിഷന്‍ 2016 ഏറ്റെടുത്ത് പുതിയ വീടുകളുടെ നിര്‍മാണം നടന്നുവരികയാണ് ഇപ്പോള്‍. ഇതിനകം 50 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് വീടില്ലാത്തവരെ പുനരധിവസിപ്പിച്ചുകഴിഞ്ഞു. ഈ പദ്ധതി ബീഹാറിലെ വിഷന്‍ 2016-ന്റെ പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ്. ഓരോ ഗ്രാമത്തിനും നിരവധി കഥകള്‍ തന്നെ പറയാനുണ്ട്. വിവാഹ പ്രായം കഴിഞ്ഞ് നില്‍ക്കുന്ന നിരവധി പെണ്‍കുട്ടികള്‍ ഓരോ ഗ്രാമത്തിലും ഉണ്ട്. പുരുഷന് 30,000 രൂപ നല്‍കാനില്ലാത്തതുകൊണ്ടാണ് വിവാഹങ്ങള്‍ പലതും നടക്കാതെ പോവുന്നത്. ഒരേ ഗ്രാമത്തില്‍നിന്ന് വിവാഹം ചെയ്യണമെങ്കില്‍ ഇവിടെ ചുരുങ്ങിയത് 10000 രൂപ മതി. എങ്കിലും പലതും നടക്കാറില്ലെന്ന് ഗ്രാമീണര്‍ പറയുന്നു. വിശാലമായി പരന്നു കിടക്കുന്ന ഭൂമിയുടെ യഥാര്‍ഥ അവകാശികള്‍ ഇവരാണെങ്കിലും അത് തിരിച്ചറിയാനും നേടിയെടുക്കാനും ഇന്നും ഇവര്‍ക്കായിട്ടില്ല. ഭൂപരിഷ്കരണ നിയമം കേരളത്തില്‍ മാത്രം ഒതുങ്ങിയപ്പോള്‍ പശ്ചിമ ബംഗാളും ബീഹാറും മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും ഈ നിയമം എന്താണെന്ന് പോലും പഠിച്ചില്ല.
ബീഹാറില്‍നിന്ന് പശ്ചിമ ബംഗാളിലെ നക്സല്‍ ബാരി ഗ്രാമവും പിന്നിട്ട്, പിന്നീട് ഞങ്ങള്‍ പോയത് സിക്കിം സംസ്ഥാനത്തേക്കായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതില്‍ നിന്നും തികച്ചും വ്യത്യസ്തമായ കാഴ്ചകള്‍. ന്യൂ ജല്‍പായ്ഗുതിയില്‍ നിന്ന് സിക്കിമിന്റെ തലസ്ഥാന നഗരമായ ഗാംഗ്ടോക്കിലേക്ക്. മണിക്കൂറുകളോളം നീണ്ട യാത്രയില്‍ ഹിമാലയത്തില്‍ നിന്നും ഉത്ഭവിച്ചൊഴുകുന്ന ടീസ്റ നദീതീരത്തുകൂടിയുള്ള യാത്ര പേടിപ്പെടുത്തും. ഇടക്കിടക്ക് തകരഷീറ്റ് കൊണ്ട് മേഞ്ഞ വീടുകള്‍. ചെങ്കുത്തായ പ്രദേശങ്ങള്‍. ഇവിടെ വിഷന്‍ 2016-ന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. കഴിഞ്ഞ വര്‍ഷം ഉണ്ടായ ഭൂകമ്പ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ക്കായില്ല. എങ്കിലും ഇവിടെ വിഷന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നറിഞ്ഞു. യാത്രയുടെ അവസാന ദിവസം ഞങ്ങള്‍ സഞ്ചരിച്ചത് ഉയരങ്ങള്‍ തേടിയായിരുന്നു. ഹിമാലയത്തിന്റെ മടിത്തട്ടിലേക്ക്. പതിനായിരത്തിലധികം അടി ഉയരത്തില്‍ മഞ്ഞുറഞ്ഞ് കിടക്കുന്ന ചാങ്കു തടാകം വരെ ഞങ്ങള്‍ എത്തി. സമുദ്രനിരപ്പില്‍ നിന്ന് 11500 അടി ഉയരത്തില്‍ നില്‍ക്കുന്ന ചാങ്കുവിലേക്കുള്ള യാത്ര ഏറെ ദുര്‍ഘടം പിടിച്ചതായിരുന്നു. ചെങ്കുത്തായ പാറകള്‍ പൊളിച്ചുമാറ്റി പട്ടാളം നിര്‍മിച്ച റോഡിലൂടെയുള്ള യാത്ര പേടിപ്പെടുത്തും. ഈ വഴി ചൈനയിലേക്ക് യാത്ര നടത്താം. ഇന്ത്യാ-ചൈന അതിര്‍ത്തിയായ നാഥുലപാസ് ഇവിടെയാണ്. ടിബത്തിലേക്കും നേപ്പാളിലേക്കും ഭൂട്ടാനിലേക്കുമൊക്കെ ഈ വഴി കടന്നുപോകാം.
ഇന്ത്യന്‍ ഗ്രാമങ്ങളുടെ ആത്മാവ് തേടിയുള്ള യാത്രയുടെ മടക്കയാത്ര ആരംഭിച്ചത് ന്യൂ ജല്‍പായ്ഗുരിയില്‍നിന്ന്. ഗുവഹട്ടി എക്സ്പ്രസ്സിന് വേണ്ടി മണിക്കൂറുകള്‍ കാത്തുനിന്നു. ഒടുവില്‍ തീവണ്ടിയിലേക്ക് കാലുകുത്താന്‍ കഴിയാത്തത്ര തിരക്ക്. തീവണ്ടിയില്‍ റിസര്‍വേഷന്‍ ഉണ്ടായിട്ടും ഇരിക്കാന്‍ സീറ്റു പോലും കിട്ടാത്ത അവസ്ഥ. മൂന്ന് ദിവസത്തെ തീവണ്ടി യാത്രക്ക് ശേഷം കേരളത്തില്‍ തിരിച്ചെത്തിയപ്പോഴാണ് കേരളം എന്ന 'ഒറ്റഗ്രാമ'ത്തിന്റെ സവിശേഷത എന്താണെന്നറിയുന്നത്.
Comments