Prabodhanm Weekly

Pages

Search

2012 ജൂണ്‍ 9

മനുഷ്യത്വം നശിക്കാത്തവര്‍ സിറിയയെ രക്ഷിക്കട്ടെ

ഡോ. യൂസുഫുല്‍ ഖറദാവി

നുഷ്യത്വം മരവിച്ചിട്ടില്ലാത്തവര്‍ സിറിയന്‍ ജനതക്കൊപ്പം നില്‍ക്കേണ്ട സമയമാണിത്. കുട്ടികളും വൃദ്ധന്മാരും സ്ത്രീകളുമെല്ലാം നഷ്ഠൂരമായാണ് അവിടെ കശാപ്പ് ചെയ്യപ്പെടുന്നത്. അധികാരം നിലനിര്‍ത്താനുള്ള ബശ്ശാറുല്‍ അസദിന്റെ അവസാനത്തെ ശ്രമമാണിത്. ഇനിയത് ഒരു നിലക്കും അനുവദിച്ച് കൂടാ. ഖത്തറിന്റെ മണ്ണില്‍ നിന്ന് കൊണ്ട് ഞാന്‍ പറയുന്നു: നമ്മുടെ മനസ്സും കണ്ണും കാതും പ്രാര്‍ഥനയുമെല്ലാം സിറിയന്‍ ജനതയോടൊപ്പമാണ്. നമ്മുടെ കണ്ണുനീര്‍ അവര്‍ക്ക് വേണ്ടി നാം ഒഴുക്കുന്നു. നമുക്ക് ചെയ്യാന്‍ പറ്റുന്ന രീതിയിലുള്ള മുഴുവന്‍ പരിശ്രമവും നാം നടത്തുന്നു. ഇത് വിശ്വാസിയുടെ ധാര്‍മിക ചുമതലയായി ഞാന്‍ കാണുന്നു.
ഒരു ജനത ആ നാട്ടിലെ ഭരണകൂടത്തിന്റെ കിരാത ഭരണത്തിനെതിരില്‍ ശബ്ദിക്കുന്നത് നന്മയിലേക്കുള്ള അവരുടെ തിരിച്ചറിവിന്റെ ഭാഗമാണ്. അത് കൊണ്ട് ആ ജനതയെ പിന്തുണക്കാന്‍ നമുക്ക് ധാര്‍മികമായ അവകാശമുണ്ട്. സഹോദരന്മാരേ, ശാപത്തിന് മാത്രം അര്‍ഹരായ സിറിയന്‍ സൈന്യം കാണിച്ച് കൂട്ടുന്ന ഹിംസാത്മകമായ പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ കാണുന്നില്ലേ? അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത് അക്രമിയായ ഭരണാധികാരിക്ക് വേണ്ടിയാണ്. അവര്‍ നരകത്തിലെ ശുനകന്മാര്‍ക്ക് തുല്യരാണ്. ജനങ്ങളെ അവരുടെ വീടുകളിലും നിരത്തുകളിലും വെച്ചവര്‍ വേട്ടയാടുന്നു. പിഞ്ചു പൈതങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കുന്നു! അവര്‍ക്ക് മനുഷ്യത്വമില്ല. അതെ, അവര്‍ പോകേണ്ടവരാണ്. അവര്‍ക്ക് ഈ ഭൂമിയില്‍ നിലനില്‍ക്കാന്‍ ഒരു അവകാശവുമില്ല. അസദ് പോവുക തന്നെ ചെയ്യും. എല്ലാ കാലവും അയാള്‍ക്ക് പിടിച്ച് നില്‍ക്കാനാകില്ല.
ഐകക്യരാഷ്ട്ര സഭയുടെ കമ്മിറ്റികള്‍ അവിടെ ഒന്നും ചെയ്യുന്നില്ല. ജീവനുള്ള മനുഷ്യരെ കൊന്നൊടുക്കുമ്പോഴും അവര്‍ കാണികളായി നില്‍ക്കുന്നു. ഓരോ ദിവസവും നമുക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. അസദിന്റെ സൈന്യം നടത്തുന്ന നരനായാട്ടിന്റെ ബീഭത്സ കഥകളാണ് പുറത്ത് വരുന്നത്. സര്‍വായുധരായ സൈന്യത്തിന്റെ ഈ ക്രൂരതക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ അവര്‍ തയാറാകുന്നില്ല.
വിശ്വാസികളേ, ഈ അക്രമി സംഘത്തിനെതിരെ ശാപപ്രാര്‍ഥന നടത്താന്‍ നാം ബാധ്യസ്ഥരാണ്. അല്ലാഹു ഈ സംഘത്തെ മറ്റുള്ളവര്‍ക്ക് പാഠമാകുന്ന തരത്തില്‍ നശിപ്പിക്കുമാറാകട്ടെ. ഓരോ ദിവസം കഴിയുംതോറും സൈന്യത്തിന്റെ അതിക്രമം വര്‍ധിച്ച് വരികയാണ്. ഏതറ്റം വരെ പോയാലും അല്ലാഹുവിന്റെ ശാപം അവര്‍ക്ക് മേല്‍ പതിക്കുക തന്നെ ചെയ്യും.
സൈന്യത്തില്‍ അല്പമെങ്കിലും മനസ്സാക്ഷിയുള്ളവര്‍ വിപ്ളവകാരികളുടെ സംഘത്തില്‍ ചേരണം. ശത്രുവിന്റെ പക്ഷം ചേര്‍ന്ന് യുദ്ധം ചെയ്യുന്നത് തന്റെ സഹോദരനെയും സഹോദരിയെയും മാതാപിതാക്കളെയും കൊല്ലാന്‍ കൂട്ട് നില്‍ക്കുന്നതിന് തുല്ല്യമാണെന്ന് അവര്‍ തിരിച്ചറിയണം. സ്വാതന്ത്യ്രം ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ ഒരു വിഭാഗത്തെ ഭൂലോകത്ത് നിന്ന് ഇല്ലായ്മ ചെയ്യാനാണ് അക്രമിയായ ഭരണാധികാരി ശ്രമിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് സൈന്യം പിന്തിരിയണമെന്ന് ഇസ്ലാമിന്റെ പേരില്‍ അഭ്യര്‍ഥിക്കുന്നു. അസദിനെ രക്ഷിക്കാന്‍ ഇനി ഒരാള്‍ക്കും കഴിയില്ല എന്ന തിരിച്ചറവ് സൈന്യത്തിനുണ്ടാകണം. തീര്‍ച്ചയായും വിജയത്തിന്റെ സന്തോഷ വാര്‍ത്ത സമീപസ്ഥമാണ്.
(25.05.2012ന് ദോഹയിലെ ഉമര്‍ ബ്നുല്‍ ഖത്താബ് പള്ളിയില്‍ ചെയ്ത ഖുത്വ്ബ.
തയാറാക്കിയത്: റഹീം ഓമശ്ശേരി)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം