Prabodhanm Weekly

Pages

Search

2012 ജൂണ്‍ 9

ഊഹങ്ങള്‍ നിങ്ങളെ വഴിതെറ്റിക്കും

ശൈഖ് മുഹമ്മദ് കാരകുന്ന്

വിശ്വവിഖ്യാത സാഹിത്യകാരനായ ദസ്തയേവ്സ്കിയുടെ ആത്മമിത്രങ്ങളിലൊരാളായിരുന്നു തുര്‍ഗനേവ്. ഒരിക്കല്‍ തുര്‍ഗനേവിന്റെ വീട്ടില്‍ കുറേ കൂട്ടുകാര്‍ ചീട്ടുകളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ദസ്തയേവ്സ്കി അല്‍പം വൈകിയാണ് അവിടെ എത്തിയത്. അപ്പോള്‍ ഏതോ ഒരു കളിക്കാരന്റെ മടയത്തരത്തെപ്പറ്റി പറഞ്ഞ് പൊട്ടിച്ചിരിക്കുകയായിരുന്നു അവര്‍. അതു കാണാനിടയായ ദസ്തയേവ്സ്കി തന്നെ പരിഹസിക്കുകയാണ് എല്ലാവരുമെന്ന് ഊഹിച്ചു. അതോടെ ഒരക്ഷരം പോലും പറയാതെ അവിടെനിന്ന് ഇറങ്ങിപ്പോയി. തുര്‍ഗനേവ് ഓടിച്ചെന്ന് സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ദസ്തയേവ്സ്കി തിരിച്ചു വന്നില്ല. അന്നേവരെ ആത്മമിത്രങ്ങളായി കഴിഞ്ഞു കൂടിയിരുന്ന ആ രണ്ടു കലാകാരന്മാരും പിന്നീട് ജീവിതാന്ത്യം വരെ വെറുപ്പിലും വൈരത്തിലുമാണ് ജീവിച്ചത്.
ഊഹം വമ്പിച്ച വിപത്തുകള്‍ക്ക് കാരണമായിത്തീരുന്നു. അത് അടുത്തവരെ അകറ്റുന്നു. ആത്മമിത്രങ്ങളെ ബദ്ധവൈരികളാക്കുന്നു. സഹോദരങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നു. കുടുംബബന്ധങ്ങള്‍ തകര്‍ക്കുന്നു. സമൂഹത്തില്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷ ബീജങ്ങള്‍ പരത്തുന്നു.
ആധുനിക സമൂഹത്തില്‍ പല അനര്‍ഥങ്ങള്‍ക്കും കാരണം അസ്ഥാനത്തുള്ള ഊഹമാണ്. ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ വളര്‍ത്തുന്നതിലും അവരെ അകറ്റുന്നതിലും അത് അനല്‍പമായ പങ്കുവഹിക്കുന്നു. അയല്‍ക്കാര്‍ തമ്മില്‍ തെറ്റാനും തല്ലാനും കൊല്ലാനുമൊക്കെ തെറ്റായ ഊഹം കാരണമാകാറുണ്ട്. ഇന്നുണ്ടാകുന്ന പല കുഴപ്പങ്ങള്‍ക്കും കലാപങ്ങള്‍ക്കും അതാണ് വഴിവെക്കാറുള്ളത്. സാമുദായിക സംഘര്‍ഷങ്ങള്‍ക്കും വര്‍ഗ വിദ്വേഷങ്ങള്‍ക്കും വര്‍ഗീയ കലാപങ്ങള്‍ക്കും പലപ്പോഴും ഊഹാപോഹങ്ങളാണ് നിമിത്തമാകാറുള്ളത്. അതിനാലാണ് ഇസ്ലാം ഊഹത്തെ കര്‍ക്കശമായി വിലക്കിയത്. ഖുര്‍ആന്‍ പറയുന്നു:
"വിശ്വസിച്ചവരേ, ഊഹങ്ങളേറെയും വര്‍ജിക്കുക. ഉറപ്പായും ഊഹങ്ങളില്‍ ചിലത് കുറ്റമാണ്. നിങ്ങള്‍ രഹസ്യം ചുഴിഞ്ഞന്വേഷിക്കരുത്. നിങ്ങളിലാരും മറ്റുള്ളവരുടെ അസാന്നിധ്യത്തില്‍ അവരെപ്പറ്റി മോശമായി സംസാരിക്കരുത്. മരിച്ചു കിടക്കുന്ന സഹോദരന്റെ പച്ചയിറച്ചി തിന്നാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? തീര്‍ച്ചയായും നിങ്ങളത് വെറുക്കുന്നു. നിങ്ങള്‍ ദൈവഭക്തരാവുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമല്ലോ'' (ഹുജുറാത്ത് 12).
"നിനക്കറിയാത്തവയെ നീ പിന്‍പറ്റരുത്. കണ്ണും കാതും മനസ്സുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നവ തന്നെ'' (ഇസ്റാഅ് 36).
പ്രവാചകന്‍ പറയുന്നു: "നിങ്ങള്‍ ഊഹത്തെ സൂക്ഷിക്കുക. ഊഹം ഏറ്റം കള്ളമായ ഭാഷണമാണ്.''
ഏതു കാര്യത്തിലും തീരുമാനമെടുക്കുന്നത് ലഭ്യമായ തെളിവുകളുടെയും പ്രകടമായ വസ്തുതകളുടെയും അടിസ്ഥാനത്തിലായിരിക്കണം. രഹസ്യമായവയെ സംബന്ധിച്ച് ഊഹിച്ച് തദടിസ്ഥാനത്തില്‍ നിഗമനങ്ങളിലെത്തുകയോ തീരുമാനങ്ങളെടുക്കുകയോ ചെയ്യരുത്. ഉമറുല്‍ ഫാറൂഖ് ഇവ്വിഷയകമായി പ്രസ്താവിച്ച കാര്യം സുവിദിതമാണ്.
"പ്രവാചകന്റെ കാലത്ത് ജനങ്ങള്‍ വഹ്യിന്റെ അടിസ്ഥാനത്തില്‍ പിടികൂടപ്പെട്ടിരുന്നു. എന്നാല്‍ വഹ്യ് നിലച്ചിരിക്കുന്നു. അതിനാല്‍ നാമിപ്പോള്‍ നിങ്ങളെ പിടികൂടുക നിങ്ങളുടെ പ്രകടമായ പ്രവര്‍ത്തനങ്ങളുടെ പേരിലാണ്. അതിനാല്‍ ആരുടെയെങ്കിലും നന്മയാണ് വെളിപ്പെടുന്നതെങ്കില്‍ നാം അവരെ വിശ്വസിക്കുകയും വേണ്ടപ്പെട്ടവരായി സ്വീകരിക്കുകയും ചെയ്യും. അയാളുടെ രഹസ്യം എന്തെന്നത് നമുക്ക് ബാധകമല്ല. അല്ലാഹുവാണ് അയാളുടെ സ്വകാര്യത വിചാരണക്ക് വിധേയമാക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുക. ആരില്‍ നിന്നെങ്കിലും തിന്മയാണ് പ്രകടമാകുന്നതെങ്കില്‍ നാമവരെ വിശ്വസിക്കുകയോ സത്യമാക്കുകയോ അവര്‍ക്ക് അഭയം നല്‍കുകയോ ഇല്ല. അയാളുടെ രഹസ്യവും സ്വകാര്യതയും നല്ലതാണെന്ന് അവകാശപ്പെട്ടാലും.''
മറ്റുള്ളവരെ സംബന്ധിച്ച തെറ്റായ ധാരണകളാണ് പലപ്പോഴും പിഴച്ച ഊഹങ്ങള്‍ക്ക് കാരണമാകാറുള്ളത്. അതിനാല്‍ സമൂഹത്തെ സംബന്ധിച്ച് സദ്വിചാരങ്ങള്‍ വെച്ചു പുലര്‍ത്തുന്നവര്‍ അല്ലാത്തവരെ അപേക്ഷിച്ച് അബദ്ധധാരണകളില്‍ നിന്നും അടിസ്ഥാന രഹിതമായ ഊഹങ്ങളില്‍നിന്നും മുക്തരായിരിക്കും. മനസ്സില്‍ മറ്റുള്ളവരെ സംബന്ധിച്ച സംശയങ്ങളുമായി ജീവിക്കുന്നവര്‍ കാണുന്നതും കേള്‍ക്കുന്നതുമെല്ലാം തങ്ങള്‍ക്കെതിരാണെന്ന് ഊഹിക്കുന്നു. മുഴുവന്‍ സ്വകാര്യ സംഭാഷണങ്ങളും തങ്ങള്‍ക്കെതിരായ ഗൂഢാലോചനകളാണെന്ന് തെറ്റിദ്ധരിക്കുന്നു. എല്ലാ പൊട്ടിച്ചിരികളും തങ്ങള്‍ക്കുനേരെയുള്ള പരിഹാസമായി പരിഗണിക്കുന്നു. അങ്ങനെ മറ്റുള്ളവരുടെ എല്ലാ ഹാവഭാവങ്ങളും സംസാരങ്ങളും ചലനങ്ങളും തങ്ങള്‍ക്കെതിരാണെന്ന് ഊഹിക്കുന്നു. അത് വമ്പിച്ച വിപത്തുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. അതിനാലാണ് സമൂഹത്തെ സംബന്ധിച്ച് സദ്വിചാരം വെച്ചുപുലര്‍ത്തണമെന്ന് പ്രവാചകന്‍ നിര്‍ദേശിച്ചത്.
ഇസ്ലാമിക സമൂഹം ശുദ്ധമനസ്കരും പരസ്പര വിശ്വാസം പുലര്‍ത്തുന്നവരുമായിരിക്കണം. സംശയം, പരസ്പര വിശ്വാസമില്ലായ്മ, ദുര്‍വിചാരം പോലുള്ളവ വര്‍ജിക്കേണ്ടതാണ്.
എന്നാലും മനസ്സിനെ എല്ലാവിധ ഊഹങ്ങളില്‍നിന്നും തീര്‍ത്തും മോചിപ്പിക്കാന്‍ സാധിക്കണമെന്നില്ല. പലവിധ സംശയങ്ങളും ഊഹങ്ങളും മനസ്സിലേക്ക് കടന്നു വന്നുകൊണ്ടിരിക്കും. ഇത്തരമൊരു സാധ്യതയുള്ളതിനാലാണ് ഇസ്ലാം ഊഹങ്ങള്‍ക്ക് അടിപ്പെട്ട് അവയുടെ പിന്നാലെ പോകരുതെന്ന് ആവശ്യപ്പെട്ടത്. പ്രവാചകന്‍ പറയുന്നു: "നീ ഊഹിക്കുന്നുവെങ്കില്‍ അതിനെ സത്യമായി കരുതരുത്.''
ഊഹത്തിന്റെ തന്നെ ഭാഗമാണ് കേട്ടതൊക്കെ വിശ്വസിക്കുകയും അവ വിളിച്ചു പറയുകയും അവയുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കുകയും ചെയ്യുകയെന്നത്. അതിനാലാണ് നബിതിരുമേനി കേട്ടതെല്ലാം വിളിച്ചു പറയല്‍ കള്ളം പറയുംപോലെയാണെന്ന് പഠിപ്പിച്ചത്. അവിടുന്ന് അരുള്‍ ചെയ്യുന്നു:
"കേട്ടതൊക്കെ വിളിച്ചു പറയുകയെന്നത് കള്ളമായിത്തീരുന്നതാണ്.''
മനസ്സിന്റെ സംസ്കരണത്തിന് ഊഹം വര്‍ജിക്കാന്‍ പരമാവധി ശ്രമിക്കേണ്ടതാണ്. അഥവാ ഊഹം മനസ്സിലേക്ക് കടന്നു വരുന്നുവെങ്കില്‍ അതിനെ സത്യമാക്കുകയോ തദടിസ്ഥാനത്തില്‍ എന്തെങ്കിലും സമീപനം സ്വീകരിക്കുകയോ അരുത്. അതോടൊപ്പം തെറ്റായ ഊഹം ഒഴിവാക്കാന്‍ സമൂഹത്തെ സംബന്ധിച്ച് സദ്വിചാരങ്ങള്‍ സദാ നിലനിര്‍ത്തുകയും വേണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം