Prabodhanm Weekly

Pages

Search

2012 ജൂണ്‍ 9

കുട്ടികളെ ദത്തെടുക്കുമ്പോള്‍

എം.വി മുഹമ്മദ് സലീം

കുട്ടികളെ ദത്തെടുക്കുന്നതിനെ ഇസ്ലാം എങ്ങനെയാണ് കാണുന്നത്? വിലക്കുണ്ടോ?
സന്താന സൌഭാഗ്യം ലഭിക്കാത്ത ദമ്പതികള്‍ക്ക് (പുരുഷനാണ് വന്ധ്യത എങ്കില്‍)
ബീജം ദത്തെടുക്കുന്നതിന് ഇസ്ലാമിലെ വിധിയെന്ത്?

സ്ലാമിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് വിശുദ്ധ മക്കയിലാണ്. മക്ക അന്ന് അറേബ്യയുടെ ഒരു സാംസ്കാരിക കേന്ദ്രമായിരുന്നു. അനേകം വിശ്വാസ വൈവിധ്യങ്ങളും ആചാരാനുഷ്ഠാനങ്ങളും സന്ധിക്കുന്ന ഒരു കേന്ദ്രം. ഇവയില്‍നിന്ന് ശരിയായ വിശ്വാസാചാരങ്ങളെ സ്ഫുടം ചെയ്തെടുക്കാനുള്ള ശ്രമകരമായ ദൌത്യമായിരുന്നു നബി(സ) തിരുമേനിക്ക് നിര്‍വഹിക്കാനുണ്ടായിരുന്നത്. കുട്ടികളെ ദത്തെടുക്കല്‍ അന്നൊരു സാധാരണ സമ്പ്രദായമായിരുന്നു. കുട്ടികളില്ലാത്ത മാതാപിതാക്കള്‍ മാത്രമല്ല അത് ചെയ്തിരുന്നത്. ഒരു കുട്ടിയെ ഇഷ്ടപ്പെട്ടാല്‍ അവനെ സ്വന്തം മകനായി പ്രഖ്യാപിക്കും! അവന്‍ മറ്റു മക്കളെ സഹോദരങ്ങളായി സ്വീകരിക്കും. ദത്തെടുത്തവരെ സ്വന്തം മാതാപിതാക്കളെ പോലെ കണക്കാക്കും. കുടുംബബന്ധം, വിവാഹബന്ധം, അനന്തരാവകാശം എന്നിവയിലെല്ലാം അവന്‍ സ്വന്തം മക്കളെപ്പോലെയായിരിക്കും.
ഈ സമ്പ്രദായം ആഴത്തില്‍ വേരൂന്നിയ അനിസ്ലാമിക സമൂഹത്തില്‍ അതിന്റെ ഭവിഷ്യത്തുകള്‍ ബോധ്യപ്പെടുത്താനും അത് പ്രായോഗികമായി തിരുത്താനും നബി(സ) തിരുമേനിക്ക് നിര്‍ദേശം ലഭിച്ചു. പരിശുദ്ധ ഖുര്‍ആനില്‍ സൂറത്തുല്‍ അഹ്സാബിന്റെ ഒരു നല്ല ഭാഗം ഇവ്വിഷയകമായി അവതരിപ്പിച്ചതാണ്.
അല്‍ അഹ്സാബ്, സൂക്തം നാലില്‍ ദത്തുപുത്രന്മാര്‍ യഥാര്‍ഥ മക്കളല്ല എന്ന് വ്യക്തമാക്കി. അടുത്ത വചനത്തില്‍ ദത്തുപുത്രന്മാരെ അവരുടെ പിതാക്കളിലേക്ക് ചേര്‍ത്തു വിളിക്കണമെന്ന് കല്‍പിച്ചു. പിതാക്കള്‍ ആരെന്നറിയില്ലെങ്കില്‍ അവരെ ആദര്‍ശ സഹോദരങ്ങളായി ഗണിക്കാന്‍ നിര്‍ദേശിച്ചു.
പഴയ സമ്പ്രദായമനുസരിച്ച് നബി(സ) തിരുമേനി സൈദുബ്നു ഹാരിസി(റ)നെ ദത്തുപത്രനായി പ്രഖ്യാപിച്ചിരുന്നു. പ്രായോഗികമായി ജനമനസ്സില്‍ മാറ്റമുണ്ടാക്കാന്‍ സൈദിനെ ഹാരിസയുടെ മകനായി പ്രഖ്യാപിച്ചു തിരുമേനി. സൈദ്(റ) ഉന്നത കുലജാതയായ സൈനബ് ബിന്‍ത് ജഹ്ശിനെയായിരുന്നു വിവാഹം കഴിച്ചത്. ആ ദാമ്പത്യബന്ധം അധികനാള്‍ നീണ്ടുനിന്നില്ല. സൈദ് സൈനബിനെ വിവാഹമോചനം നടത്തി. സങ്കല്‍പമനുസരിച്ച് സൈനബ് നബി(സ) തിരുമേനിയുടെ പുത്രപത്നി(മരുമകള്‍)യാണ്. പുത്രപത്നിയെ പുത്രന്‍ ഒഴിവാക്കിയാല്‍ പിതാവിന് വിവാഹം കഴിക്കാന്‍ പാടില്ല. സൈദ്(റ) യഥാര്‍ഥ പുത്രനല്ലെന്നും, അതിനാല്‍ സൈദ് വിവാഹം ചെയ്ത സ്ത്രീയെ തിരുമേനി വിവാഹം കഴിക്കുന്നതിന് വിലക്കില്ലെന്നും പ്രാവര്‍ത്തികമായി കാണിക്കാന്‍ സൈനബിനെ പത്നിയായി സ്വീകരിക്കാന്‍ അല്ലാഹു കല്‍പിച്ചു. ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നതാണ് 37-ാം വചനം. കപട വിശ്വാസികള്‍ ഇതൊരു അവിഹിത പ്രേമവിവാഹമായി ചിത്രീകരിച്ച്, വലിയ ബഹളം സൃഷ്ടിച്ചു. ചീത്ത മനസ്സുള്ളവര്‍ എല്ലാം ചീത്തയായല്ലേ കാണൂ! സമൂഹത്തില്‍ വേരൂന്നിയ ഒരാചാരം മാറ്റിയെടുക്കാനുള്ള പ്രായോഗിക രീതിയാണിവിടെ നാം കാണുന്നത്. ഇങ്ങനെ പ്രസ്താവനയിലൂടെയും പ്രവൃത്തിയിലൂടെയും ഇസ്ലാം തിരുത്തിയ സമ്പ്രദായമാണ് ദത്തെടുക്കല്‍. രക്തബന്ധം പവിത്രമാണ്, അതില്‍ മായം ചേര്‍ക്കാന്‍ പാടില്ല എന്ന തത്ത്വമാണിതിനു പിന്നില്‍. ഒരാളുടെ പിതൃത്വം ഡി.എന്‍.എ പരിശോധനയിലൂടെ തെളിയിക്കാന്‍ ശാസ്ത്രത്തിനു കഴിയുന്ന ഇക്കാലത്ത് ഇത് മനസ്സിലാക്കാന്‍ പ്രയാസമില്ല. എന്നാല്‍ ദത്തെടുക്കല്‍ ഒരു സാമൂഹ്യാവശ്യമായി വരാം. സംരക്ഷിക്കാനാളില്ലാത്ത കുട്ടികളെ ഏറ്റെടുത്ത് വളര്‍ത്താന്‍ സംവിധാനം വേണ്ടി വരാം. ഇത് ഇസ്ലാം ശക്തമായി പ്രേരിപ്പിച്ച സുകൃതമാണ്. ഈ കുട്ടികള്‍ കുടുംബത്തിലെ അംഗങ്ങളല്ല; സംരക്ഷിതരാണ്. രക്തബന്ധമുള്ള മക്കളും അവരും തമ്മില്‍ അനേകം വ്യത്യാസങ്ങളുണ്ടാകും. എന്നാല്‍ ആഹാരം, അഭയം, വസ്ത്രം തുടങ്ങിയ ഭൌതിക കാര്യങ്ങളില്‍ അവര്‍ക്ക് തുല്യ പരിഗണന ലഭിക്കും. (ചില രാഷ്ട്രങ്ങളില്‍ 'തിരിച്ചറിയല്‍ കാര്‍ഡ്' ലഭിക്കാന്‍ ദത്തെടുക്കുന്ന വ്യക്തിയെ ലീഗല്‍ പാരന്റ് ആയി രേഖപ്പെടുത്തണമെന്ന് നിയമമുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിയമത്തിന്റെ ആവശ്യം പൂര്‍ത്തീകരിക്കാന്‍ പിതാവ്/മാതാവ് എന്നെഴുതാമെന്നാണ് പ്രഗത്ഭരായ പണ്ഡിതന്മാരുടെ അഭിപ്രായം).
സന്താനമില്ലാത്തവര്‍ക്ക് ശൂന്യത നികത്താനുള്ള ഒരു പരിഹാരമായി ഒരു കുട്ടിയെ ദത്തെടുത്ത് വളര്‍ത്താമെങ്കിലും സ്വന്തം മക്കളുടെ സ്ഥാനം അവര്‍ക്ക് നല്‍കാവതല്ല. ഇത്തരം കുട്ടികള്‍ വലുതായി വരികയും തന്റെ പിതാവ് 'വ്യാജ'നാണെന്ന് അറിയുകയും ചെയ്യുമ്പോള്‍ വലിയ മാനസിക സംഘര്‍ഷങ്ങള്‍ക്കിടവരാറുണ്ട്. ചെറുപ്പം മുതല്‍ താന്‍ വളര്‍ത്തു പിതാവ് മാത്രമാണെന്നും യഥാര്‍ഥ പിതാവല്ലെന്നും കുട്ടികളെ അറിയിച്ചുകൊണ്ട് വളര്‍ത്തുന്നതാണ് ശരിയായ രീതിയെന്ന് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നതിന്റെ കാരണമിതാണ്.
ചോദ്യകര്‍ത്താവിന്റെ ചിന്തപോയത് മറ്റൊരു ദിശയിലേക്കാണ്. മറ്റൊരാള്‍ക്ക് ജനിച്ച കുട്ടിയെ ദത്തെടുക്കുകയാണല്ലോ സാധാരണ പതിവ്. കുട്ടി ജനിക്കുന്നതിന് മുമ്പ് ബീജമാകുമ്പോള്‍ ദത്തെടുത്താലോ?
ദത്തെടുക്കുന്നത് ഇസ്ലാം വിരോധിച്ചതിന്റെ കാതലായ കാരണം പറഞ്ഞുവല്ലോ. കുടുംബാംഗങ്ങളുടെ ഡി.എന്‍.എ സംവിധാനം താളം തെറ്റുന്ന ഒരു പരിപാടിയാണിത്.
ഇരുപത്തിമൂന്ന് ജോഡി ക്രോമസോമുകളാണ് ഡി.എന്‍.എയില്‍. അതില്‍ പാതി പുരുഷ ബീജത്തില്‍നിന്നും മറ്റേ പാതി സ്ത്രീയുടെ അണ്ഡത്തില്‍ നിന്നുമാണ്. അവ പരസ്പരം ചേര്‍ന്നാണ് കോശങ്ങളില്‍ ക്രോമസോം ജോഡികള്‍ പൂര്‍ത്തിയാകുന്നത്. ഒരു പുരുഷനും അയാളുടെ ഭാര്യയും ചേര്‍ന്നുണ്ടാകുന്ന കുടുംബത്തിലെ ഓരോ അംഗങ്ങളിലും ജനിതക സവിശേഷതകളില്‍ ഡി.എന്‍.എയുടെ പ്രതിഫലനം കാണാം. ഇതിന്റെ മാനസികവും ശാരീരികവുമായ സ്വാധീനങ്ങളെക്കുറിച്ച് ഇനിയും ഒരുപാട് കാര്യങ്ങള്‍ കണ്ടെത്താനിരിക്കുന്നു.
"നിങ്ങള്‍ കുടുംബബന്ധങ്ങളെ (രക്തബന്ധങ്ങളെ) സൂക്ഷിക്കുവിന്‍'' എന്ന് വിശുദ്ധ ഖുര്‍ആന്‍(4:1) പഠിപ്പിക്കുന്നത് ഇതിലേക്കെല്ലാം വെളിച്ചം വീശുന്നുണ്ട്. അതിനാല്‍ ബീജദാനവും അണ്ഡദാനവും നിഷിദ്ധമാണെന്നും വ്യഭിചാരം നിഷിദ്ധമാക്കിയതില്‍ ഈ തത്ത്വവും ഒരു കാരണമായി കാണേണ്ടതാണെന്നും പ്രഗത്ഭരായ ഗവേഷകര്‍ ഫത്വ നല്‍കുന്നു.
വിശുദ്ധ ഖുര്‍ആനില്‍ 42-ാം അധ്യായത്തിലെ 49-ാം വചനം ശ്രദ്ധിക്കുക. സൃഷ്ടിക്കുകയെന്നത് അല്ലാഹുവിന്റെ പരമാധികാരത്തില്‍ പെടുന്നു. സന്താനങ്ങളെ നല്‍കുന്നതും നല്‍കാതിരിക്കുന്നതും അല്ലാഹുവാണ്. വന്ധ്യത മാറിയ ചില അപൂര്‍വ ഉദാഹരണങ്ങളും ഖുര്‍ആനില്‍ കാണാം. പ്രാര്‍ഥനയും അല്ലാഹുവില്‍ ഭരമേല്‍പിക്കലും പ്രധാനമാണ്. അപ്പോള്‍ പരിഹാരം അല്ലാഹുവില്‍ നിന്നുണ്ടാവും!

കഥ പറയുന്നത് നുണപറയലാവുമോ?


കഥകള്‍ പുതുതായി ഉണ്ടാക്കുന്നതിന്റെ വിധി എന്താണ്? എല്ലാം ഗുണപാഠം ഉള്‍ക്കൊള്ളുന്നവ തന്നെയാണ്. അതുപോലെ, ജനപ്രിയകഥകള്‍ എന്ന ലേബലില്‍ വരുന്നവയോ? ഇസ്ലാമിക പ്രസിദ്ധീകരണങ്ങളില്‍ വരുന്ന ജന്തുകഥകളും തമാശക്കഥകളും ഗുണപാഠമുള്‍ക്കൊള്ളുന്നവയും വെറും നേരംകൊല്ലികളും ഉണ്ടല്ലോ. നുണക്കഥകള്‍ എന്ന ലേബല്‍ ആണോ എല്ലാ കഥകള്‍ക്കും? ഇവ നുണ പറഞ്ഞതിന്റെ വിധിയിലെക്കാണോ വന്നുചേരുക? വിശദ വിവരങ്ങള്‍ പ്രതീക്ഷിക്കുന്നു.

നുഷ്യന് അനേകം സവിശേഷതകളുണ്ട്. അതിലൊന്നാണ് ഭാവന. അനേകം ഭാവനകള്‍ യാഥാര്‍ഥ്യമായതാണ് നാഗരികതയുടെ വളര്‍ച്ചക്കു കാരണം. പറക്കുന്നത് ഭാവനയില്‍ കണ്ടത് വിമാന നിര്‍മാണത്തിന് കാരണമായി. ഇരിക്കുന്നേടത്ത് ദൂരദൃശ്യങ്ങള്‍ കാണുവാന്‍ സൌകര്യമൊരുക്കിയത് ഭാവനയില്‍ കണ്ടത് ദൂരദര്‍ശിനി(ടെലിവിഷന്‍) കണ്ടുപിടിക്കാന്‍ സഹായകമായി.
അല്ലാഹുവിന്റെ അനുഗ്രഹമായ ഭാവന ക്രിയാത്മകമായി നല്ലകാര്യങ്ങള്‍ക്കുപയോഗിക്കുന്ന ഒരു രീതിയാണ് കഥകള്‍ രചിക്കുന്നത്. കഥാപാത്രങ്ങള്‍ സാങ്കല്‍പികമാണെന്ന് അനുവാചകര്‍ക്കറിയാം. അതിനാല്‍ ഇവ നുണ പറഞ്ഞതിന്റെ വിധിയില്‍ വരുന്നില്ല.
ഇസ്ലാം എല്ലാ കര്‍മങ്ങള്‍ക്കും പരിധികള്‍ നിര്‍ണയിച്ചിട്ടുണ്ട്. നന്മയുണ്ടാക്കാനോ തിന്മയില്ലാതാക്കാനോ സഹായകമാവുന്ന കാര്യങ്ങളാണ് വിശ്വാസി ചെയ്യേണ്ടത്. മനുഷ്യമനസ്സിന് പിരിമുറുക്കമുണ്ടാകുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. നര്‍മങ്ങളും വിനോദവും പിരിമുറുക്കം ഒഴിവാക്കാനുപകരിക്കും. എന്നാല്‍ ഇതില്‍ സൂക്ഷ്മത പാലിക്കാന്‍ നബി(സ) തിരുമേനി നിര്‍ദേശിച്ചിട്ടുണ്ട്. "ജനങ്ങള്‍ ചിരിക്കാന്‍ വേണ്ടി മാത്രം സംസാരിക്കുന്നത്'' തിരുമേനി വിരോധിച്ചിരിക്കുന്നു. നര്‍മത്തോടൊപ്പം ധര്‍മവും ഉണ്ടാവുമ്പോള്‍ പ്രയോജനകരമാവും.
മനുഷ്യന്‍ ചെയ്യുന്ന നീചവൃത്തികള്‍ പരസ്യമായി വിമര്‍ശിക്കാന്‍ സ്വാതന്ത്യ്രമില്ലാത്തേടത്ത് മൃഗങ്ങളെ കഥാപാത്രങ്ങളാക്കുന്നു. അനേകം ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയ പഞ്ചതന്ത്രം കഥകള്‍ ഉദാഹരണം.
കഥകള്‍ സമയം കൊല്ലികളാവരുത്. പരിശുദ്ധ ഖുര്‍ആനില്‍ കഥകള്‍ ഉദ്ധരിച്ച ശേഷം 'ഈ കഥകളില്‍ ചിന്താശീലര്‍ക്ക് പാഠങ്ങളുണ്ട്' എന്നു പറഞ്ഞത് പ്രത്യേകം ശ്രദ്ധേയമാണ്. തിരുമേനി(സ) അനുചരന്മാരെ കേള്‍പ്പിച്ച കഥകളും ഇങ്ങനെ ഗുണപാഠമുള്ളവയായിരുന്നു.
മനുഷ്യന് ഓര്‍ക്കാന്‍ എളുപ്പമാണ് കഥകള്‍. ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ കാര്യങ്ങള്‍ കഥകളാക്കുന്ന ഒരു രീതിയുണ്ട്. ശാസ്ത്രീയ വിഷയങ്ങള്‍ പോലും ഇങ്ങനെ രൂപാന്തരപ്പെടുത്തി ഓര്‍മിക്കാനെളുപ്പമാക്കാം. ഭാവനയെ ഇത്തരം പ്രയോജനകരമായ മേഖലകളിലേക്ക് തിരിച്ചുവിടുന്നതാണ് ഉത്തമ രീതി.


പി.എഫില്‍ വന്നുചേരുന്ന പലിശ

സര്‍ക്കാര്‍ ജോലിയുള്ള ഒരാളെന്ന നിലക്ക് ഗവണ്‍മെന്റിന്റെ നിര്‍ബന്ധ പോളിസി പ്രകാരം ശമ്പളത്തില്‍ നിന്ന് പ്രതിമാസം ഒരു നിശ്ചിത സംഖ്യ പ്രോവിഡന്റ് ഫണ്ടിലേക്ക് അടച്ചുകൊണ്ടിരിക്കുന്നു. ആയതിന് സര്‍ക്കാര്‍ അതത് കാലങ്ങളില്‍ നിശ്ചിത ശതമാനം പലിശ പ്രഖ്യാപിക്കുകയും ആയത് പി.എഫില്‍ വന്നു ചേരുകയും ചെയ്യുന്നു. ഇസ്ലാമിക ദൃഷ്ട്യാ പ്രസ്തുത പലിശയുടെ വിധി എന്താണ്?
കൊല്ലങ്ങളായി അടക്കുന്ന പ്രീമിയത്തില്‍ കൂടുതല്‍ വരുന്ന തുക അനുവദനീയമാവുമോ? ഇല്ല എങ്കില്‍ ആ തുക എന്താണ് ചെയ്യേണ്ടത്? ആര്‍ക്കാണ് നല്‍കേണ്ടത്?

പലിശ സമൂഹത്തിന്റെ സകല മേഖലകളെയും ചൂഴ്ന്നു നില്‍ക്കുന്നു. സര്‍ക്കാര്‍ സംവിധാനം പലിശയില്‍ അധിഷ്ഠിതമാണ്. വളരെയേറെ സൂക്ഷിച്ചില്ലെങ്കില്‍ നാം പലിശ കൊടുക്കാന്‍ നിര്‍ബന്ധിതരാകാവുന്ന അനേകം മേഖലകളുണ്ട്. ഈ പ്രതികൂല സാഹചര്യത്തില്‍ ജീവിക്കുമ്പോള്‍ പലിശ വാങ്ങുന്നതില്‍നിന്ന് മോചിതരാവാന്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഇസ്ലാം പലിശ എത്ര ശക്തമായാണ് നിരോധിച്ചതെന്ന് പ്രബോധനത്തില്‍ അനേകം തവണ ആവര്‍ത്തിച്ചിട്ടുള്ളതാണ്. വളരെ ശ്രദ്ധിച്ചാല്‍ മാത്രമേ ഈ മഹാപാപത്തില്‍നിന്ന് രക്ഷപ്പെടാനാവൂ.
പ്രൊവിഡന്റ് ഫണ്ടിനും ബോണ്ടുകള്‍ക്കും മറ്റും സര്‍ക്കാര്‍ നല്‍കുന്ന പലിശ വേര്‍തിരിച്ചെടുക്കുന്നത് ശ്രമകരമാണ്. കൃത്യമായി കണക്കു സൂക്ഷിച്ചാല്‍ മാത്രമേ അത് സാധിക്കുകയുള്ളൂ. തൊഴില്‍ ദാതാവിന്റെ വിഹിതം, തൊഴിലാളിയുടെ വിഹിതം എന്നിവ കൂട്ടിത്തിട്ടപ്പെടുത്തണം. അതിനു പുറമെയാണ് പലിശ വരിക. അത് മാറ്റിവെക്കണം.
ഈ തുക ചെലവാക്കുന്നതിനെക്കുറിച്ചാണ് ചോദ്യത്തിന്റെ അവസാന ഭാഗം. ഇവിടെ ഒരു കാര്യം ശ്രദ്ധയില്‍ പെടുത്തേണ്ടതുണ്ടെന്ന് തോന്നുന്നു. പലിശ വാങ്ങുന്ന വ്യക്തി അതുപയോഗിക്കുമ്പോഴാണ് അത് നിഷിദ്ധമാകുന്നത്. അതില്‍ താഴെ പറയുന്ന ഘടകങ്ങളുണ്ട്.
1. പലിശ ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തി
2. നിര്‍ബന്ധിതമായി പലിശ നല്‍കുന്ന വ്യക്തി
3. പലിശയായി നല്‍കുന്ന സംഖ്യ.
ഒരാള്‍ പലിശ നിഷിദ്ധമാണെന്ന് വിശ്വസിക്കുകയും അത് വര്‍ജിക്കാന്‍ തീരുമാനിക്കുകയും ചെയ്യുമ്പോള്‍ അയാള്‍ക്ക് പലിശ വാങ്ങാനാഗ്രഹമില്ല. സ്ഥാപനങ്ങള്‍ നിയമത്തിന്റെ വെളിച്ചത്തില്‍ പലിശ നല്‍കുന്നത് അവയുടെ നടത്തിപ്പിന്റെ ഒരു ഭാഗമാണ്. ലഭിക്കുന്ന വ്യക്തി ആഗ്രഹിച്ചിട്ടില്ലാത്തതിനാല്‍ അയാള്‍ പലിശയായി അധികം ലഭിക്കുന്ന സംഖ്യ സാമ്പത്തികമായി പരാധീനതയനുഭവിക്കുന്ന ആര്‍ക്കെങ്കിലും നല്‍കുമ്പോള്‍ അത് പുണ്യമാണ്. പലിശയില്‍ നിന്നൊഴിവാകാനുള്ള ആഗ്രഹം പുണ്യമാണ്. ഏറ്റവും അര്‍ഹനായ വ്യക്തിക്ക് നല്‍കുന്നതും പുണ്യമാണ്.
കര്‍മങ്ങളെ താരതമ്യം ചെയ്ത് എത്ര കൂടുതല്‍ പുണ്യം എന്നു കണക്കാക്കേണ്ടതില്ല. ചെയ്യുന്ന വ്യക്തിയുടെ സാഹചര്യം പുണ്യത്തിനു മാറ്റുകൂട്ടും. ആത്മീയമായി ഉയരും തോറും പുണ്യം കൂടും.

[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം