ഈജിപ്ഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാമങ്കത്തിനു പോര് മുറുകുന്നു
ഈജിപ്ഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായപ്പോള്‍ പ്രതീക്ഷിച്ചത് പോലെ ഒരു സ്ഥാനാര്‍ഥിക്കും നിശ്ചിത ശതമാനം വോട്ട് കിട്ടിയില്ല. കൂടുതല്‍ വോട്ടു നേടിയ ആദ്യ രണ്ടു സ്ഥാനാര്‍ഥികള്‍ക്കിടയില്‍ ജൂണ്‍ 17ന് നടക്കുന്ന രണ്ടാം റൌണ്ട് തെരഞ്ഞെടുപ്പ് അന്തിമമായി പ്രസിഡന്റിനെ തീരുമാനിക്കും.
13 സ്ഥാനാര്‍ഥികള്‍ മത്സരിച്ച പ്രാഥമിക റൌണ്ടില്‍ അഞ്ചു പേര്‍ക്കിടയില്‍ ശക്തമായ മത്സരം നടന്നു. ഔദ്യോഗിക കണക്ക് പ്രകാരം 5.76 മില്യന്‍ (24.3%) വോട്ടു നേടി ഇഖ്വാന്‍ രൂപീകരിച്ച എഫ്ജെപി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഡോ. മുഹമ്മദ് മര്‍സി ഒന്നാമതെത്തി. 5.5 മില്യന്‍ (23.3%) വോട്ടുമായി മുന്‍ പ്രധാനമന്ത്രിയും മുബാറക്കിന്റെ വിശ്വസ്ത അനുയായിയുമായ അഹമദ് ശഫീഖ് രണ്ടാം സ്ഥാനത്ത് വന്നു. രണ്ടാം ഘട്ട മത്സരം ഇവര്‍ തമ്മിലായിരിക്കും.
ദേശീയ മാധ്യമങ്ങളിലെ സര്‍വേകളില്‍ ഒന്നാം സ്ഥാനം പ്രവചിക്കപ്പെട്ടിരുന്ന അംറ് മൂസ 10.9% വോട്ടിന്റെ പിന്തുണയോടെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ രണ്ടാമത് നിന്നിരുന്ന അബുല്‍ ഫതൂഹ് 17.2% വോട്ടുകളുമായി നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇടതു സ്ഥാനാര്‍ഥി ഹംദീന്‍ സബാഹിക്കാണ് മൂന്നാം സ്ഥാനം(20.4%). ബാക്കി എട്ടു സ്ഥാനാര്‍ഥികള്‍ക്കായി കിട്ടിയത് 3.9% വോട്ടുകള്‍.
മുന്‍ യു.എസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ നേതൃത്വത്തില്‍ ഒന്‍പതിനായിരം മനുഷ്യാവകാശ പ്രവര്‍ത്തകരും രണ്ടായിരം മാധ്യമ പ്രവര്‍ത്തകരും തെരഞ്ഞെടുപ്പ് നിരീക്ഷകരായി കൈറോയിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു. അറബ് ലീഗിന്റെയും യുറോപ്യന്‍ ആഫ്രിക്കന്‍ യൂനിയനുകളുടെയും പ്രതിനിധികളും തെരഞ്ഞെടുപ്പ് നിരീക്ഷകരായി എത്തിയിരുന്നു.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ളിന്റനും യുറോപ്യന്‍ യൂനിയന്‍ പ്രതിനിധിയും സ്വതന്ത്രമായ തെരഞ്ഞെടുപ്പ് സംവിധാനത്തെ അഭിനന്ദിക്കുകയുണ്ടായി. 'ഏതാനും പരാതികള്‍ കിട്ടിയെങ്കിലും തെരഞ്ഞെടുപ്പ് പൊതുവേ സ്വതന്ത്രമായിരുന്നു. ഒരു സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രത്യേക സൌകര്യങ്ങള്‍ ഒരുക്കിയതായി ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല', ജിമ്മി കാര്‍ട്ടര്‍ അല്‍ ജസീറ ചാനലിനോട് പറഞ്ഞു. രണ്ടാം റൌണ്ടിലും ഈ സുതാര്യത നില നിര്‍ത്താനായാല്‍ ഈ തെരഞ്ഞെടുപ്പ് ഒരു ചരിത്ര സംഭവമാകും.
അനൌദ്യോഗിക ഫലം പുറത്തു വന്നതിനു ശേഷം ഡോ. മര്‍സി ഒഴികെ മറ്റു നാലു പ്രമുഖ സ്ഥാനാര്‍ഥികളും പരാതിയുമായി കമീഷന്റെ മുന്നില്‍ എത്തിയിരുന്നു. രണ്ടാമതും വോട്ടെണ്ണണമെന്നു ഹംദീന്‍ ആവശ്യപ്പെട്ടപ്പോള്‍ പുതിയ ഭരണ ഘടന നിലവില്‍ വരുന്നത് വരെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടത്തരുതെന്നായിരുന്നു ഫതൂഹിന്റെ വാദം. എഫ്.ജെ.പിയുടെ പക്കല്‍ ഗൌരവതരമായ ചില പരാതികള്‍ കിട്ടിയെന്നു പാര്‍ട്ടി വക്താവ് പറഞ്ഞുവെങ്കിലും കമീഷന് മുന്നില്‍ പരാതികളൊന്നും നല്‍കിയില്ല. എല്ലാ സ്ഥാനാര്‍ഥികളും പരാതിക്കാരാവുമ്പോള്‍ ഇലക്ഷന്‍ തന്നെ ക്യാന്‍സല്‍ ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പരാതി നല്‍കാതിരുന്നത്. എല്ലാ പരാതികളും തള്ളിക്കളഞ്ഞു കൊണ്ടാണ് കമീഷന്‍ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തിയത്.
സ്ഥാനാര്‍ഥി പട്ടികയില്‍ ഏറെ പ്രതീക്ഷ കല്‍പിക്കപ്പെട്ട അബുല്‍ ഫതൂഹിനെ പിന്തള്ളി ഡോ. മര്‍സി മുന്നില്‍ എത്തിയതാണ് തെരഞ്ഞെടുപ്പ് നിരീക്ഷണങ്ങളില്‍ ഏറെ ചര്‍ച്ചാ വിഷയമായത്. പ്രമുഖ സലഫി പാര്‍ട്ടി അല്‍ നൂറിന്റെയും വിവിധ ലിബറല്‍ പാര്‍ട്ടികളുടെയും പിന്തുണ ഉറപ്പിച്ചു പ്രചാരണം ആരംഭിച്ച ഫതൂഹിനു ദേശീയ മാധ്യമങ്ങള്‍ കലവറയില്ലാത്ത പിന്തുണയും നല്‍കിയിരുന്നു. ഇഖ്വാന്‍ പക്ഷത്തു നിന്നുള്ള വിമത സ്ഥാനാര്‍ഥിയായിരുന്നിട്ടു കൂടി വലിയൊരു വിഭാഗം പാര്‍ട്ടി അനുയായികള്‍ തന്നെ പിന്തുണക്കുമെന്ന് ഫതൂഹിനു പ്രതീക്ഷയുണ്ടായിരുന്നു.
എതിര്‍ ചേരിയില്‍ നിലകൊള്ളുന്ന സലഫികളെയും ലിബറലുകളെയും ഒരേ സമയം തൃപ്തിപ്പെടുത്താന്‍ കാമ്പയിന്‍ വേളയില്‍ ഫതൂഹ് നന്നായി വിഷമിച്ചു. താന്‍ ഇസ്ലാമിക ചേരിയുടെ സ്ഥാനാര്‍ഥിയല്ല എന്ന പ്രഖ്യാപനം ഒരു വിഭാഗം സലഫികളെ മാറ്റിചിന്തിപ്പിച്ചു. മതേതരസ്ത്രീപക്ഷ വോട്ടര്‍മാരെ പ്രീണിപ്പിക്കാനായി നടത്തിയ ചില പ്രസ്താവനകളും അദ്ദേഹത്തിന് വിനയായി. കോപ്റ്റിക് ക്രിസ്ത്യാനികളില്‍ നിന്നോ സ്ത്രീ സമൂഹത്തില്‍ നിന്നോ ഒരു സ്ഥാനാര്‍ഥിയുണ്ടെങ്കില്‍ തന്റെ വോട്ടു അവര്‍ക്കായിരിക്കുമെന്ന പരാമര്‍ശം തീവ്ര സലഫികളില്‍ ഏറെ വിവാദമുണ്ടാക്കി.
ഫതൂഹിന്റെ നിലപാട് മര്‍സിക്ക് ഗുണകരമായി. ഇസ്ലാമിക ചേരിയില്‍ നിന്ന് വിജയ സാധ്യതയുള്ള ഏക സ്ഥാനാര്‍ഥിയായി മര്‍സി മാറി. മര്‍സിയുടെ പ്രചാരണവും ആ വഴിക്ക് നീങ്ങി. ഈജിപ്ത് നേരിടുന്ന സമകാലിക പ്രശ്നങ്ങള്‍ക്ക് ഇസ്ലാമിക ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ജനാധിപത്യ മാര്‍ഗേണ പരിഹാരങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് അദ്ദേഹം സമര്‍ഥിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക ചേരിക്ക് കിട്ടിയ മാന്‍ഡേറ്റ് ലക്ഷ്യം വെച്ച എഫ്.ജെ.പിയുടെ നീക്കം ഫലം കാണുകയും ചെയ്തു.
പൊതുവേ ശാന്തശീലനായ മര്‍സി ദേശീയ മാധ്യമങ്ങളുടെ സര്‍വേകളില്‍ ഏറെ പിന്നിലായിരുന്നു. ആദ്യ നാലില്‍ ഒരിക്കല്‍ പോലും അദ്ദേഹത്തിന് ഇടം ലഭിച്ചില്ല. 2% മുതല്‍ 9% വരെ പിന്തുണയാണ് അവര്‍ എഴുതി നല്‍കിയത്. ഇഖ്വാന്റെ ശക്തമായ സംഘടനാ സംവിധാനവും ദീര്‍ഘ കാലത്തെ ബഹുജന സമ്പര്‍ക്കവുമാണ് പ്രചാരണ രംഗത്ത് മുതല്‍ക്കൂട്ടായത്. മൂന്നാഴ്ച കാലത്തെ പ്രചാരണത്തിനിടയില്‍ 27 പ്രവിശ്യകളിലായി 982 മുഖ്യ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ മര്‍സിക്കായി സംഘടിപ്പിക്കപ്പെട്ടു.
കമീഷന്‍ അയോഗ്യനാക്കിയ ഇഖ്വാന്റെ ഒന്നാം സ്ഥാനാര്‍ഥി ഖൈറത്ത് ശ്വാതിര്‍ പങ്കെടുത്ത ഇലക്ഷന്‍ കണ്‍വെന്‍ഷനുകള്‍ വന്‍ വിജയമായിരുന്നു. കാമ്പയിന്‍ അവസാനിക്കുമ്പോള്‍ എഫ്.ജെ.പി തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. മീഡിയ അവഗണിച്ചതിനു മറുപടിയായി കൈറോ മുതല്‍ അസ്വാന്‍ വരെയുള്ള 760 കിലോ മീറ്റര്‍ ദൂരത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് ഇഖ്വാന്‍ ജനപിന്തുണ തെളിയിച്ചു. ഇലക്ഷന്‍ തുടങ്ങുന്നതിനു മുന്‍പ് പുറത്തു വന്ന പ്രവാസികളുടെ വോട്ടിംഗ് റിസള്‍ട്ടും മര്‍സിക്ക് അനുകൂലമായിരുന്നു. പ്രവാസികളുടെ 36% വോട്ടും മര്‍സിയാണ് നേടിയത്. അബുല്‍ ഫതൂഹ് 25% വോട്ടുമായി രണ്ടാമതും അഹമദ് ശഫീക്ക് 9% വോട്ടുമായി അഞ്ചാമതുമായിരുന്നു.
സര്‍വേ ഫെയിം അംറ് മൂസക്ക് ഏറ്റ അപ്രതീക്ഷിത തിരിച്ചടിയാണ് ഇലക്ഷന്‍ നിരീക്ഷകരെ അത്ഭുതപ്പെടുത്തിയത്. കാമ്പയിന്‍ തുടങ്ങിയത് മുതല്‍ ശരാശരി 40% വിജയ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന അംറ് മൂസ അഞ്ചാം സ്ഥാനത്തേക്ക് കൂപ്പു കുത്തി. രണ്ട് വിരുദ്ധ ചേരികളെ തൃപ്തിപ്പെടുത്താന്‍ നടത്തിയ ശ്രമമാണ് അദ്ദേഹത്തിനും തിരിച്ചടിയായത്. ഒരു ഭാഗത്ത് വിപ്ളവത്തെ പ്രകീര്‍ത്തിക്കാനും മറുഭാഗത്ത് മുബാറക് അനുകൂലികളുടെ വോട്ടു നേടാനും അദ്ദേഹം ശ്രമം നടത്തി. വിപ്ളവ കാലത്ത് അദ്ദേഹം നടത്തിയ ചില വിവാദ പ്രസ്താവനകള്‍ പ്രക്ഷോഭകാരികളില്‍ നിന്ന് അദ്ദേഹത്തെ അകറ്റിയപ്പോള്‍ മുബാറക് അനുകൂലികള്‍ അദ്ദേഹത്തില്‍ ഒരു വിശ്വസ്ത സ്ഥാനാര്‍ഥിയെ കണ്ടില്ല.
അംറിന്റെ പരാജയം അഹമദ് ശഫീക്കിന് ഗുണകരമായി. മുബാറക് അനുകൂലികളുടെ വോട്ടുകള്‍ ഉറപ്പിക്കുന്നതിനോടൊപ്പം മത ന്യൂനപക്ഷങ്ങളുടെ വോട്ടുകളെ സ്വാധീനിക്കാനും അദ്ദേഹം ശ്രമിച്ചു. ഇസ്ലാമിക ചേരിയുടെ സ്ഥാനാര്‍ഥി എന്ന മര്‍സിയുടെ നിലപാടിനെയാണ് ഷഫീക്ക് ടാര്‍ഗറ്റ് ചെയ്തത്. സാമൂഹ്യ നീതിയും ന്യൂനപക്ഷ സംരക്ഷണവുമൊക്കെ എഫ്.ജെ.പിയുടെ പ്രചാരണത്തില്‍ ഉണ്ടായിരുന്നുവെങ്കിലും ഇസ്ലാമോഫോബിയ ഊതിവീര്‍പ്പിക്കുന്നതില്‍ ശഫീക്ക് വിജയിച്ചു. ന്യൂനപക്ഷ മതമേലധ്യക്ഷന്മാരെ അദ്ദേഹം രംഗത്തിറക്കി. പാര്‍ലമെന്റില്‍ ഇസ്ലാമിക ചേരിക്ക് മൂന്നില്‍ രണ്ടു ഭൂരിപക്ഷമുള്ളപ്പോള്‍ പ്രസിഡന്റ് കൂടി അവരില്‍ നിന്നാകുന്നതിന്റെ അപകടം പെരുപ്പിച്ചു കാണിച്ചു. തുടര്‍ന്ന്, ചര്‍ച്ചുകളില്‍ നിന്ന് ശഫീക്കിനനുകൂലമായി വോട്ടു ചെയ്യാന്‍ നിര്‍ദേശവും വന്നു.
വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ആവശ്യം പോലെ പണം ഇറക്കാനും ശഫീക്കിന് പിന്നില്‍ ആളുണ്ടായിരുന്നു. ദരിദ്ര മേഖലകളില്‍ വോട്ടു കച്ചവടം ഉറപ്പിക്കാനും പത്ര മാധ്യമങ്ങളില്‍ പെയ്ഡ് ന്യൂസ് വരുത്താനും ശ്രമം നടന്നിരുന്നു. 'ആറ് പ്രധാന പത്രങ്ങളുടെ എഡിറ്റര്‍മാരെ അദ്ദേഹം വിലയ്ക്കെടുത്തിരുന്നു. ഓരോ പത്രാധിപര്‍ക്കും അര മില്യണ്‍ ജുനൈഹ് നല്‍കിയതായി എനിക്കറിയാം', അല്‍ യൌം അല്‍ സാബിഇന്റെ പത്രാധിപര്‍ ഹാനി സലാഹുദ്ദീന്‍ വെട്ടിത്തുറന്നു പറഞ്ഞു.
ഭരണകൂട സംവിധാനങ്ങളും ശഫീക്കിനെ നന്നായി സഹായിച്ചു. പൊതു തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ നേരിട്ട് അഭിപ്രായ വോട്ട് നടത്തുക ലോകത്ത് അപൂര്‍വമാണ്. കാബിനറ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ നടത്തിയ സര്‍വേയില്‍ ശഫീക്കിനാണ് മുന്‍തൂക്കം ലഭിച്ചത്. ഇലക്ഷന്‍ കമീഷനെ സ്വകാര്യ സംവിധാനം പോലെയാണ് ഷഫീക്ക് ഉപയോഗിച്ചത്. പ്രചാരണം അവസാനിച്ചിട്ടും പത്രസമ്മേളനം നടത്താനുള്ള ധാര്‍ഷ്ട്യം അതില്‍ നിന്ന് ലഭിച്ചതാണ്.
മുബാറക് സര്‍ക്കാരില്‍ കുഞ്ചിക സ്ഥാനങ്ങള്‍ വഹിച്ചിരുന്നവരെ അയോഗ്യരാക്കാനുള്ള നിയമം വിപ്ളവ പാര്‍ലമെന്റ് പാസാക്കിയിരുന്നു. അതുപ്രകാരം കമീഷന്‍ ശഫീക്കിനെ അയോഗ്യനാക്കി. തൊട്ടടുത്ത ദിവസം ശഫീക്ക് നല്‍കിയ അപ്പീല്‍ സ്വീകരിച്ച് മത്സരാനുമതി നല്‍കുകയായിരുന്നു. അയോഗ്യരാക്കപ്പെട്ട 11 സ്ഥാനാര്‍ഥികളില്‍ ഷഫീക്കിന്റെ അപ്പീല്‍ മാത്രമാണ് കമീഷന്‍ സ്വീകരിച്ചത്. കമീഷന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ തീരുമാനം ആകാനിരിക്കുന്നതേയുള്ളൂ. ശഫീക്കിന്റെ വിജയ ഫലം പുറത്തു വന്നയുടന്‍ രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ശഫീക്കിന്റെ കേന്ദ്ര ഇലക്ഷന്‍ ഓഫീസിനു തീ വെക്കുക പോലുമുണ്ടായി. നാടുനീളെ ശഫീക്കിന്റെതായി പതിച്ചിരുന്ന ബാനറുകളും പോസ്ററുകളും പ്രക്ഷോഭകര്‍ നശിപ്പിച്ചു.
രണ്ടു സ്ഥാനാര്‍ഥികളാണ് ബാക്കിയുള്ളത്. രണ്ടും പരസ്പര വിരുദ്ധ ചേരിയുടെ പ്രതിനിധികള്‍. ആര് ജയിച്ചാലും അത് ഈജിപ്തിലും അറബ് മേഖലയിലും ദൂരവ്യാപകമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കും. 2011ലെ ജനുവരി വിപ്ളവത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന വിധിയെഴുത്താണ് ഇനി നടക്കുക. ഒരു ഭാഗത്ത് വിപ്ളവാനുകൂലികളും മറുഭാഗത്ത് മുബാറക് അനുകൂലികളും നടത്തുന്ന ജനാധിപത്യ പോര്. ശഫീക്കിനു ലഭിച്ച അപ്രതീക്ഷിത വിജയം മര്‍സിയുടെ വിജയ സാധ്യത വര്‍ധിപ്പിക്കുകയാണ് ചെയ്തത്. മൂന്നാമതുള്ള ഹംദീനോ നാലാമതു വന്ന ഫതൂഹോ രണ്ടാം റൌണ്ടില്‍ എത്തിയിരുന്നെങ്കില്‍ മര്‍സിയുടെ വിജയ സാധ്യത മങ്ങിപ്പോകുമായിരുന്നു. ഇസ്ലാമിക ചേരിക്കെതിരെ ഇടതു ദേശീയ ലിബറല്‍ മത്സരമാകും അപ്പോള്‍ നടക്കുക. മുബാറക് അനുകൂലികള്‍ മര്‍സിക്കെതിരെ നില്‍ക്കുകയും ചെയ്യുമ്പോള്‍ വിജയം അപ്രാപ്യമാവുകയും ചെയ്യും. ഇവിടെ വിപ്ളവാനുകൂലികള്‍ക്ക് ഒരു സ്ഥാനാര്‍ഥി മാത്രം. ഒന്നുകില്‍ മര്‍സി അല്ലെങ്കില്‍ ശഫീക്ക്. വിപ്ളവത്തിന്റെ പാരമ്പര്യം അവകാശപ്പെട്ടുകൊണ്ട് ശഫീക്കിന് അനുകൂലമായി തീരുമാനമെടുക്കുക വിഷമകരമായ കാര്യമാണ്.
പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് കിട്ടിയ അനുകൂല സാഹചര്യത്തെ ഈസി വാക്കോവര്‍ ആയി കാണാതെ ശഫീക്കിനെതിരെ സര്‍വ വിപ്ളവാനുകൂല കക്ഷികളുടെയും ദേശീയ സഖ്യത്തിനു തയ്യാറാകാനാണ് എഫ്.ജെ.പി ആഹ്വാനം ചെയ്തത്. മര്‍സിയെ ഒരു പൊതു സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നു. വിപ്ളവാനുകൂല സംഘടനകളുടെ ദേശീയ കണ്‍വെന്‍ഷന്‍ ഇതിനകം വിളിച്ചു ചേര്‍ത്തു. ഫതൂഹിന്റെയും ഹംദീന്റെയും പിന്തുണക്ക് വേണ്ടി പരസ്യമായി അഭ്യര്‍ഥന നടത്തി. ഫുതൂഹ് പിന്തുണ നല്‍കിയെങ്കിലും ഹംദീന്‍ പ്രതികരിച്ചിട്ടില്ല.
സലഫികളുടെ അല്‍ നൂര്‍ പാര്‍ട്ടിയടക്കം എട്ട് പ്രബല ഇസ്ലാമിക സംഘടനകളുടെ സഖ്യം മര്‍സിയുടെ വിജത്തിനായി രൂപം കൊണ്ട് കഴിഞ്ഞു. വിവിധ സംഘടനകളുടെ പൊതു വേദിയായ വിപ്ളവ കൌണ്‍സിലും പിന്തുണ പ്രഖാപിച്ചു. ഇസ്ലാമിക ചേരിക്ക് പുറത്ത് പാര്‍ലമെന്റിലെ ഏറ്റവും വലിയ കക്ഷിയായ വഫ്ദ് പാര്‍ട്ടിയും മര്‍സിക്കുള്ള പിന്തുണ ഔദ്യോഗികമായി അറിയിച്ചു.
പാര്‍ലമെന്റിനൊപ്പം പ്രസിഡന്റ് പദത്തിലും ഇഖ്വാന്‍ എത്തുന്നതോടെ മുബാറകിന്റെ എകാധിപത്യത്തിനു ശേഷം ഇഖ്വാന്റെ സമഗ്രാധിപത്യം ഉണ്ടാകുമെന്നാണ് പ്രതിയോഗികള്‍ പ്രചരിപ്പിക്കുന്നത്.
അതിന് മറുപടിയായി മര്‍സി തന്റെ നിലപാട് തുറന്നു പ്രഖ്യാപിച്ചു. 'പ്രസിഡന്റിന്റെ ഓഫീസ് ഇനി മുതല്‍ ഏക വ്യക്തി സംവിധാനത്തില്‍ നിന്ന് സ്വതന്ത്രമാവുകയാണ്. അവിടെ എഫ്.ജെ.പിക്കും ഇഖ്വാന്നും പുറത്തു നില്‍ക്കുന്ന, ദേശ താല്‍പര്യം മാനിക്കുന്ന യുവാക്കളുടെയും കോപ്റ്റിക്കുകളുടെയും സ്ത്രീകളുടെയും കൂട്ടയ്മയാകും ഉണ്ടാവുക' അദ്ദേഹം പറഞ്ഞു. 'താന്‍ രൂപീകരിക്കുന്ന ഭാവി സര്‍ക്കാരിലെ പ്രധാനമന്ത്രി ഇഖ്വാനില്‍ നിന്നുള്ളയാള്‍ ആകണമെന്നില്ല. ദേശീയ താല്‍പര്യം ബഹുമാനിക്കുന്ന വ്യക്തിക്കാകും മുന്‍ഗണന. വരാനിരിക്കുന്ന ഭരണഘടന രാജ്യത്തിലെ സര്‍വ പാര്‍ട്ടികളുടെയും വ്യക്തികളുടെയും താല്‍പര്യങ്ങളെ ആദരിക്കുന്നതാകും.'
ഒന്നാം ഘട്ടത്തിലെ പോളിംഗ് 46.42 ശതമാനം മാത്രമായിരുന്നു. ഇത്ര സങ്കീര്‍ണമായ ഒരു സാഹചര്യത്തിലും പകുതിയില്‍ അധികം വോട്ടര്‍മാര്‍ ബൂത്തുകളില്‍ എത്തിയില്ല. ഈ വിഭാഗം വോട്ടര്‍മാരെ രണ്ടാം ഘട്ടത്തില്‍ ബൂത്തുകളില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ അത് അന്തിമ ഫലത്തെ സ്വാധീനിക്കും. നിലവിലെ സാഹചര്യത്തിന്റെ ഗൌരവം ബോധ്യപ്പെടാത്ത ഇക്കൂട്ടര്‍ പ്രക്ഷോഭകാരികള്‍ക്കൊപ്പമാകാന്‍ തരമില്ല. ഇക്കൂട്ടരെ മുബാറക് പക്ഷം ടാര്‍ഗറ്റ് ചെയ്യുമെന്നുറപ്പാണ് . വോട്ടു കച്ചവടം ഒന്നാം ഘട്ടത്തില്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെ പ്രത്യേകിച്ചും.
ശഫീക്ക് വിജയിച്ചാല്‍ മുബാറക് ഭരണം തിരിച്ചു വരും. പ്രസിഡന്റിന്റെ ഓഫീസും പാര്‍ലമെന്റും നിരന്തര സംഘര്‍ഷത്തിലേക്ക് നീങ്ങും. അനുയോജ്യ സാഹചര്യം വരുമ്പോള്‍ വിപ്ളവാനന്തര പാര്‍ലമെന്റ് പിരിച്ചു വിടപ്പെടും. അറുപതു കൊല്ലത്തെ പേറ്റു നോവ് പേറി ജന്‍മം നല്‍കിയ ജനുവരി വിപ്ളവം കൈമോശം വരും.
ഈ ആശങ്ക കൈറോവിലെ തെരുവുകളില്‍ സജീവമായി നിലനില്‍ക്കുന്നുണ്ട്. ശഫീക്കാണ് വിജയിക്കുന്നതെങ്കില്‍ മരണം വരെ തങ്ങള്‍ തഹ്രീര്‍ സ്ക്വയറില്‍ ഉണ്ടാകുമെന്ന് പ്രക്ഷോഭകര്‍ പറയുന്നതും മറ്റൊന്നും കൊണ്ടല്ല. ഈജിപ്തിനെപ്പോലെ ഒരു രാജ്യത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നു വരേണ്ട ഒട്ടേറെ സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങള്‍ സജീവമായി നിലനില്‍ക്കെ അതൊന്നും ചര്‍ച്ചയില്‍ വരാതെ പോകുന്നതും അതുകൊണ്ടാണ്.
Comments