കിലിയന്‍ എംബാപ്പെ ബൂട്ട് കെട്ടുമ്പോള്‍
കവിത
കാറ്റ് നിറച്ച ഗോളമുരുട്ടിയുരുട്ടി
അവന്‍ കുന്നിറങ്ങിവരും പോലെ
മൗനം കുടിച്ച വലക്കണ്ണികള്‍
ഒന്നുലയാന്‍ കൊതിച്ച പോലെ
പച്ചപ്പുല്ലിലമരും പാദസ്വനം
ചന്ദ്രഹാസമിളക്കി വരും പോലെ
പാരീസിലെ തെരുവുവെട്ടങ്ങള്‍
ചൂട്ടുകറ്റ കത്തിച്ചുനില്‍ക്കും പോലെ
ഈഫല്‍ ടവറിലെ വെള്ളിമേഘങ്ങള്‍
അവന്റെ കറുപ്പിലലിയും പോലെ
വംശവെറിയുടെ കുന്തമുനകളോട്
കാമറൂണിയന്‍ സ്മിതമുതിര്‍ക്കും പോലെ
അവന്റെ മെയ്യഴകിലൊന്നാകെ
അള്‍ജീരിയയിലെ പൂ പൂത്തപോലെ
ഇരു കൈയും വീശിക്കൊണ്ടവന്‍
ഗാലറിയിലവനെത്തന്നെ തിരയുംപോലെ
ചുണ്ടില്‍ നിന്നൊരു മുത്തം പറിച്ചവന്‍
കാണികള്‍ക്ക് പകുക്കുന്ന പോലെ
വംശീയതയുടെ ഇരുമ്പുകൂടം തട്ടി
ചങ്കിലെ ചോര ഇറ്റിവീണപോലെ
കളിയവസാനിക്കുന്ന മാത്രയില്‍
വിശപ്പ് മുരളും ഗലികളിലേക്ക്
കൈയിലൊരു പിടി ചപ്പാത്തിക്കീറുമായി
അവനിറങ്ങിപ്പോകുന്ന പോലെ.
കിലിയന്‍ എംബാപ്പെ: ഫ്രാന്‍സിലെ പാരീസില്‍ ജനനം. പിതാവ് കാമറൂണ്‍ വംശജന്‍ വില്‍ഫ്രഡ് എംബാപ്പെ. മാതാവ് അള്‍ജീരിയന്‍ വംശജ ഫൈസെ ലെമാരി. ലോക കപ്പില്‍ ഫ്രാന്‍സിന് വേണ്ടി ഗോളടിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍. വംശവെറിയുടെ ഇര. ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ അതീവ തല്‍പരന്‍.
Comments