Prabodhanm Weekly

Pages

Search

2023 ജനുവരി 06

3284

1444 ജമാദുൽ ആഖിർ 13

ഫാഷിസ്റ്റ് കാലത്ത്  മൗദൂദിയുടെ രാഷ്ട്രീയ ചിന്തകളുടെ പുനഃസന്ദര്‍ശനം

വി.എ കബീര്‍  [email protected]

അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലെയും ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യയിലെയും ലൈബ്രറികളില്‍നിന്ന് ഈയിടെയാണ് മൗദൂദിയുടെ ഗ്രന്ഥങ്ങള്‍ യൂനിവേഴ്‌സിറ്റി അധികൃതര്‍ എടുത്തുമാറ്റിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമൊന്നുമായിരുന്നില്ല ഈ നടപടി. മനച്ചുരുക്കം ബാധിച്ച ഒരു കൂട്ടം  ജ്ഞാനവിരോധികള്‍ സര്‍ക്കാറിനോട് അത്തരമൊരു ആവശ്യം ഉന്നയിക്കേണ്ട താമസം കലാശാലകളുടെ തലപ്പത്തിരിക്കുന്നവര്‍ സ്വന്തം നട്ടെല്ല് വലിച്ചൂരി സല്യൂട്ട് ചെയ്യുകയായിരുന്നു. സ്വാതന്ത്ര്യ പൂര്‍വ കാലഘട്ടം മുതല്‍ക്കേ ഇടതുപക്ഷത്തിനും കമ്യൂണിസ്റ്റുകള്‍ക്കും സ്വാധീനമുണ്ടായിരുന്ന വിദ്യാഭ്യാസ സ്ഥാപനമായിരുന്നു അലീഗഢ്. അക്കാലത്ത് മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി ലഖ്‌നൗ സന്ദര്‍ശിക്കാന്‍ മൗദൂദിയെ ക്ഷണിച്ചപ്പോള്‍ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളും അധ്യാപകരുമായി സംവാദത്തിന് അവസരമൊരുക്കാന്‍ മൗദൂദി ആവശ്യപ്പെട്ടതായി, മൗദൂദി നിര്യാതനായപ്പോള്‍ എഴുതിയ കുറിപ്പില്‍ നദ്‌വി അനുസ്മരിക്കുന്നുണ്ട്. തുറന്ന് സംസാരിക്കുന്നതിന് അവര്‍ക്ക് തടസ്സമുണ്ടാകുന്ന ആരുടെയും സാന്നിധ്യമുണ്ടാവരുതെന്ന് കൂടി മൗദൂദി അപ്പോള്‍ പ്രത്യേകം ആവശ്യപ്പെടുന്നുണ്ട്. എല്ലാ ചിന്താഗതിക്കാരുമായും എന്‍ഗേജ് ചെയ്യുന്ന പ്രകൃതവും സമീപനവുമായിരുന്നു എക്കാലത്തും മൗദൂദിയുടേത്. അദ്ദേഹത്തിന്റെ തര്‍ജുമാനുല്‍ ഖുര്‍ആനില്‍ ഹിന്ദുത്വവാദികളുടെ തുറന്ന കത്തുകളും ചോദ്യങ്ങളും പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. അക്കാലത്തെ മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികളായ അബ്ദുസ്സത്താര്‍ ഖൈരിയുടെയും സഹോദരന്റെ (ഖൈരി ബ്രദേര്‍സ്)യും സ്റ്റഡീ ക്ലാസ്സുകളില്‍ യൗവനകാലത്ത് അദ്ദേഹം പങ്കെടുക്കുക പതിവായിരുന്നു (നദീം പറാച്ചയുടെ ലേഖനം, 'മൗദൂദി എക്‌സിസ്റ്റന്‍ഷ്യലിസ്റ്റ് ഹിസ്റ്ററി', 2015 ജനുവരി; മുഈന്‍ ശാകിറിന്റെ പുസ്തകം, ഫ്രം ഖിലാഫത്ത് റ്റു പാര്‍ട്ടീഷന്‍). 1940-ല്‍ പ്രശസ്ത ഉര്‍ദു കവി ഫൈസ് അഹ്മദ് ഫൈസ് അമൃതസറിലെ ഇസ്‌ലാമിയാ കോളേജില്‍ മൗദൂദിയെ ബിരുദദാന പ്രസംഗത്തിന് ക്ഷണിക്കുന്നുണ്ട്. പുരോഗമന വാദികളുടെ കോളേജായാണ് ആ സ്ഥാപനം അറിയപ്പെട്ടിരുന്നത്. ആ കോളേജിലടക്കമുള്ള വിദ്യാഭ്യാസ പദ്ധതികളെ അതിനിശിതമായി വിമര്‍ശിക്കുന്നതായിരുന്നു മൗദൂദിയുടെ പ്രസംഗം. നിശ്ശബ്ദതയോടെ തന്റെ പ്രസംഗം ശ്രവിച്ച ആ പ്രൗഢ സദസ്സിന്റെ മധുരാനുഭൂതിയെക്കുറിച്ച് സ്വന്തം മാസിക തര്‍ജുമാനുല്‍ ഖുര്‍ആനില്‍ (1940-ലെ ഒരു ലക്കത്തില്‍) മൗദൂദി എഴുതിയിട്ടുണ്ട്. ഒരു മത വിദ്യാഭ്യാസ സ്ഥാപനത്തിലാണ് താന്‍ ഇത്തരമൊരു പ്രസംഗം നടത്തിയിരുന്നതെങ്കില്‍ ഇങ്ങനെയായിരിക്കില്ല അനുഭവമെന്ന് കൂടി മൗദൂദി എഴുതുകയുണ്ടായി (മൗദൂദി, നസ്‌േലാന്‍ കീ റഹ്‌നുമാ, ഫൈസുമായുള്ള കൂടിക്കാഴ്ച).
ഈ മൗദൂദിയെ ഗോള്‍വാള്‍ക്കറും സവര്‍ക്കറുമായി കൂട്ടിക്കെട്ടുന്ന അശ്ലീലത്തില്‍ അഭിരമിക്കുന്നതിലാണ് ഇന്ന് ഇടതുപക്ഷത്തിന് പോലും കമ്പം. ജമാഅത്തെ ഇസ്‌ലാമി സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തോ, മൗദൂദി ജയിലില്‍ പോയോ എന്നൊക്കെയുള്ള എമണ്ടന്‍ ചോദ്യഫലിതങ്ങളും ഇവര്‍ ഉദീരണം ചെയ്യാറുണ്ട്. ശ്രീനാരായണ ഗുരുവും വിവേകാനന്ദനും വാഗ്ഭടാനന്ദനും സ്വാതന്ത്ര്യ സമരം ചെയ്ത് ജയിലില്‍ പോയോ എന്ന് ഇവര്‍ ചോദിക്കുന്നത് കേട്ടിട്ടില്ല. ജമാഅത്തെ ഇസ്‌ലാമി രൂപവത്കരിക്കുന്നതിന് മുമ്പ് പത്രപ്രവര്‍ത്തകനായിരുന്നു മൗദൂദി. താജ്, അല്‍മദീന, അല്‍ ജംഇയ്യത്ത് തുടങ്ങിയ പത്രങ്ങളുടെ പത്രാധിപരായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ജംഇയ്യത്തുല്‍ ഉലമായുടെ മുഖപത്രമാണ് അല്‍ ജംഇയ്യത്ത്. മാളവ്യയെയും ഗാന്ധിജിയെയും പറ്റി അദ്ദേഹം പുസ്തകമെഴുതിയിട്ടുണ്ട്. ഗാന്ധിജിയെക്കുറിച്ച പുസ്തകം ബ്രിട്ടീഷ് സര്‍ക്കാര്‍ കണ്ടുകെട്ടുകയായിരുന്നു. താന്‍ എഴുതിയ ഒരു ലേഖനത്തിന്റെ പേരില്‍ പത്രം കണ്ടുകെട്ടുകയും പത്ര ഉടമ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തപ്പോഴാണ് എഴുതുന്നതിന്റെയെല്ലാം പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കത്തക്ക നിലയില്‍ സ്വന്തമായി തര്‍ജുമാനുല്‍ ഖുര്‍ആന്‍ മാസിക അദ്ദേഹം തുടങ്ങിയത്. സ്വാതന്ത്ര്യത്തിന്റെ ആറു വര്‍ഷം മുമ്പ് മാത്രം 1941-ലാണ് അദ്ദേഹം ജമാഅത്തെ ഇസ്‌ലാമി രൂപവത്കരിക്കുന്നത്. അതിന്റെ രൂപവത്കരണത്തിന് പ്രഖ്യാപിത ലക്ഷ്യങ്ങളുണ്ടായിരുന്നു. ഓരോ സംഘടനക്കും ഓരോ ലക്ഷ്യവുമുണ്ടാകും. അവരോടൊക്കെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തോ എന്ന് ചോദിക്കുമ്പോള്‍ അതിന്റെ ഉത്തരം ചിരി മാത്രമായിരിക്കും. ശഫീ മൂനിസ്, ഹസനൈന്‍ സയ്യിദ് തുടങ്ങി സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരും അതിലുണ്ടായിരുന്നു.
ജനാധിപത്യ വിരുദ്ധന്‍ എന്നതാണ് മൗദൂദിക്കെതിരെയുള്ള കമ്യൂണിസ്റ്റുകളുടെ മറ്റൊരു ഗംഭീര വിമര്‍ശനം. ജീവിതകാലം മുഴുവന്‍ പാകിസ്താനില്‍ ഏകാധിപത്യത്തിനെതിരെ പൊരുതുകയും പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയും ചെയ്ത ഒരു രാഷ്ട്രീയ നേതാവിനെക്കുറിച്ചാണ് ഈ ആരോപണം.

ഹൈദറാബാദ് ആക്ഷന്‍
1948 സെപ്റ്റംബര്‍ 17-നായിരുന്നു ഹൈദറാബാദ് പോലീസ് ആക്ഷന്‍ നടന്നത്. ജനാധിപത്യത്തെയും തെരഞ്ഞെടുപ്പിനെയും രാഷ്ട്രീയ പങ്കാളിത്തത്തെയും മറ്റും പറയുമ്പോള്‍ ആ ആക്ഷന്‍ നടന്ന സന്ദര്‍ഭത്തില്‍ മൗദൂദി എടുത്ത നിലപാടിന് പ്രത്യേക പ്രസക്തിയുണ്ട്. മുസ്‌ലിംകള്‍ ന്യൂനപക്ഷമായ ഭൂപ്രദേശത്ത് സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടിനെക്കുറിച്ച വ്യക്തമായ കാഴ്ചപ്പാട് അന്നേ അദ്ദേഹത്തിനുണ്ടായിരുന്നു. ഹൈദറാബാദിലെ നൈസാം ഭരണകൂടത്തിനായുള്ള സായുധ സമരത്തിന് അദ്ദേഹം എതിരായിരുന്നു. ഇന്ത്യന്‍ യൂനിയനില്‍ ചേരാനാണ് പാകിസ്താനിലിരുന്നു കൊണ്ട് ഹൈദറാബാദ് മുസ്‌ലിംകളെ അദ്ദേഹം ഉപദേശിക്കുന്നത്. ഇന്ത്യന്‍ യൂനിയന്‍ ഗവണ്‍മെന്റുമായി സംഭാഷണം നടത്തി പരമാവധി ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ആഹ്വാനം ചെയ്യുന്ന മൗദൂദി ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥക്കു വേണ്ടി വാദിക്കാനും, പിന്നാക്ക ജാതിക്കാരായ ഹിന്ദുക്കളെ കൂടി ഉള്‍പ്പെടുത്തി രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാനും മറ്റും നിര്‍ദേശിക്കുന്നു. ഹൈദറാബാദിലെ സായുധ പ്രസ്ഥാനത്തില്‍ പാകിസ്താനില്‍ ആവേശത്തിരകള്‍ ഉയരുമ്പോഴാണ് മൗദൂദിയുടെ ഈ ഉപദേശമെന്നുകൂടി ഓര്‍ക്കണം.

ഖാസിം രിസ്‌വിക്കെഴുതിയ കത്ത്
ഈ വിഷയത്തില്‍ സായുധ പ്രസ്ഥാനമായ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് ഖാസിം രിസ്‌വിക്ക് മൗദൂദി ദീര്‍ഘമായ ഒരു കത്തെഴുതുന്നുണ്ട്. കത്തിന്റെ പൂര്‍ണ രൂപമാണ് ചുവടെ:
''പ്രതിസന്ധി ഘട്ടത്തില്‍ ഹൈദറാബാദ് മുസ്‌ലിംകള്‍ക്ക് ഗുണകാംക്ഷാ നിര്‍ഭരമായ ഉപദേശം നല്‍കേണ്ടത് അവരുമായുള്ള എന്റെ മത സാഹോദര്യ ബന്ധത്തിന്റെ താല്‍പര്യമാണ്. മതപരമായ ഈ ബന്ധത്തിന് പുറമെ വ്യക്തിപരമായ മറ്റൊരു ബന്ധം കൂടി എനിക്കവരോടുണ്ട്. കാരണം, ഔറംഗാബാദാണ് എന്റെ  ജന്മസ്ഥലം. ജീവിതത്തിന്റെ പാതിയിലേറക്കാലം ഞാന്‍ കഴിച്ചുകൂട്ടിയത് ഹൈദറാബാദിലാണ്. ഈ ദ്വിമുഖ മാനസിക ബന്ധം മൂലം, അകലെയാണെങ്കിലും അവര്‍ അകപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെ ഉത്കണ്ഠാകുലമായ ഈ നിമിഷങ്ങളില്‍ പൂര്‍ണമായും അവരോടൊപ്പം തന്നെയാണ് ഞാന്‍. ഹൈദറാബാദ് മുസ്‌ലിംകളുടെ നേതൃപരമായ ഉത്തരവാദിത്വം തോളിലേറ്റിയവര്‍ക്ക് അവരാവശ്യപ്പെടാതെ തന്നെ ഈ ഉപദേശം നല്‍കാന്‍ എന്നെ നിര്‍ബന്ധിക്കുന്നതും ഇതുതന്നെയാണ്. എന്റെ നിര്‍ദേശങ്ങള്‍ ഉടനെ തള്ളിക്കളയാതെ സമചിത്തതയോടെ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. എങ്കില്‍ എന്റെ ധാര്‍മിക ഉത്തരവാദിത്വം നിര്‍വഹിച്ചതായി എനിക്ക് ആശ്വസിക്കാം. എന്റെ സഹോദരന്മാരോടുള്ള കര്‍ത്തവ്യം സാക്ഷാത്കരിക്കാന്‍ ശ്രമിച്ചതില്‍ എന്റെ മനഃസാക്ഷിക്ക് സംതൃപ്തിയടയാം. ഇന്ത്യന്‍ മുസ്‌ലിംകള്‍ ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതും ഭാവിയില്‍ അഭിമുഖീകരിക്കാന്‍ പോകുന്നതുമായ വിധി യഥാര്‍ഥത്തില്‍ നമ്മുടെ ഭരണാധികാരികളിലും വരേണ്യ വിഭാഗത്തിലും മത നേതാക്കളിലും പെട്ട വലിയൊരു വിഭാഗത്തിന്റെ ഗതകാല വീഴ്ചകളുടെ ഫലമത്രെ. വളരെ ചുരുക്കം പേരൊഴികെയുള്ള നമ്മുടെ സാമാന്യ ജനം മുസ്‌ലിംകളെന്ന നിലക്കുള്ള തങ്ങളുടെ കടമകള്‍ അവഗണിച്ചു. പെരുമാറ്റ രീതികളിലും ഇടപാടുകളിലും യഥാര്‍ഥ ഇസ്‌ലാമിനെ അവര്‍ പ്രതിനിധാനം ചെയ്യുകയും, നേരായ ജീവിതം നയിക്കുകയും, രാഷ്ട്രീയത്തിലും ഭരണത്തിലും നീതിയും നെറിയും സ്ഥാപിക്കുകയും, ഇസ്‌ലാമിന്റെ പ്രചാരണാര്‍ഥം തങ്ങളുടെ ഊര്‍ജം ചെലവഴിക്കുകയും ചെയ്തിരുന്നെങ്കില്‍ ദല്‍ഹിയിലും പശ്ചിമ യു.പിയിലും കിഴക്കന്‍ പഞ്ചാബിലും മുസ്‌ലിംകള്‍ ഝടുതിയില്‍ ഇങ്ങനെ ബലാല്‍ക്കാരം പുറംതള്ളപ്പെടുമായിരുന്നില്ല. യു.പിയിലും ബിഹാറിലും മധ്യേന്ത്യയിലും കാണപ്പെടും പോലെ വിനാശം അവരുടെ തലക്കു മുകളില്‍ തൂങ്ങിനില്‍ക്കുമായിരുന്നില്ല. ഏഴു മുതല്‍ എട്ടു നൂറ്റാണ്ടുകള്‍ വരെ അവര്‍ ഭരിച്ച പ്രദേശങ്ങളാണിവ. ഹൈദറാബാദിലെ എസ്റ്റേറ്റുകളെക്കാളേറെ എസ്റ്റേറ്റുകള്‍ ഈ പ്രദേശങ്ങളില്‍ മുസ്‌ലിംകള്‍ക്കുണ്ടായിരുന്നു. മുസ്‌ലിം കലകളുടെയും ശാസ്ത്രത്തിന്റെയും വലിയ കേദാര ഭൂമികളായിരുന്നു അവ. പക്ഷേ, ആസക്തികളുടെ ലോകത്തിലെ വിലാസലീലകളും, സൈനിക-രാഷ്ട്രീയ ശക്തിയിലുള്ള ആശ്രയവും, ഇസ്‌ലാമിക സന്ദേശ പ്രചാരണത്തോടുള്ള വൈമുഖ്യവും, വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഇസ്‌ലാമിക ധാര്‍മിക മൂല്യങ്ങളില്‍നിന്നുള്ള വ്യതിചലനവും കാരണം ഇവിടത്തെ മൊത്തം ജനങ്ങള്‍ അമുസ്‌ലിംകളായി തന്നെ അവശേഷിച്ചു. ധാന്യപ്പൊടിയിലെ ഉപ്പു പോലെയായിരുന്നു ജനസംഖ്യയില്‍ മുസ്‌ലിംകളുടെ സ്ഥിതി. ബഹുജനങ്ങളുടെ ഹൃദയങ്ങള്‍ കീഴടക്കുന്നതിന് പകരം സാമ്പത്തിക-രാഷ്ട്രീയ സമ്മര്‍ദങ്ങളിലൂടെ അവരെ കീഴ്‌പ്പെടുത്താന്‍ മത്സരിക്കുകയായിരുന്നു അവര്‍. അങ്ങനെ അവര്‍ക്ക് രാഷ്ട്രീയാധികാരം നഷ്ടപ്പെടുകയും ഒരു വിദേശ ശക്തി അവരുടെ മേല്‍  അധികാരം വാഴുകയും ചെയ്തപ്പോള്‍ പോലും ഭരണാധികാരികളില്‍നിന്ന് തങ്ങള്‍ പ്രജകളായി മാറാനുണ്ടായ  കാരണങ്ങള്‍ മനസ്സിലാക്കുന്നതില്‍ അവരും അവരുടെ നേതാക്കളും പരാജയപ്പെട്ടു. പകരം, അവര്‍ വിദേശ ശക്തികളെ ആശ്രയിച്ചു ജീവിക്കാനും, തീര്‍ത്തും താല്‍ക്കാലികം മാത്രമായ ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകളായ മൂന്നാം ശക്തിയുടെ സഹായത്തോടെ തങ്ങളുടെ അയല്‍ക്കാരായ ഹിന്ദു ഭൂരിപക്ഷത്തിനെതിരെ സ്വന്തം രാഷ്ട്രീയാവകാശ വാദങ്ങള്‍ സ്ഥാപിച്ചുകിട്ടാനുമാണ് ശ്രമിച്ചത്.
തങ്ങള്‍ക്ക് ശ്വാസം കഴിക്കാന്‍ ലഭ്യമായ ഈ കാലയളവില്‍ സ്വന്തം ധാര്‍മിക നിലവാരം മെച്ചപ്പെടുത്തുകയും പൂര്‍വികര്‍ കാട്ടിക്കൂട്ടിയ അബദ്ധങ്ങള്‍ തിരുത്തുകയും ചെയ്യുന്നതിന് പകരം, കേവല സാമ്പത്തിക-രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അമുസ്‌ലിം ഭൂരിപക്ഷവുമായുള്ള സംഘട്ടനത്തില്‍ മുഴുകി അവര്‍ ഇങ്ങനെ ജീവിതം നീട്ടിക്കൊണ്ടുപോകാമെന്നാണ് ധരിച്ചുവശായത്. യഥാര്‍ഥത്തില്‍ സ്വന്തം ശവക്കുഴി തോണ്ടുകയായിരുന്നു അവര്‍. അവസാനം അനവധി മുസ്‌ലിംകള്‍ സ്വന്തം ശവക്കുഴികളില്‍ കുഴിച്ചുമൂടപ്പെടുകയും പലരും അതിനകത്ത് കാലയാപനം നടത്തുകയും ചെയ്യുന്നത് കാണാനുള്ള ദുര്യോഗം നമുക്കുണ്ടായി.
ഹൈദറാബാദ് മുസ്‌ലിംകള്‍ ഇതില്‍നിന്ന് ഒരു പാഠം പഠിക്കുകയും അവര്‍ക്ക് ശ്വാസം കഴിക്കാന്‍ ലഭിച്ച ഈ ഇടക്കാല സന്ദര്‍ഭം ഉപയോഗപ്പെടുത്തുകയും ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.1 ഇന്ത്യയിലെ ഇതര ജനവിഭാഗങ്ങളില്‍നിന്ന് വളരെയൊന്നും വ്യത്യസ്തമല്ല ഹൈദറാബാദ് മുസ്‌ലിംകളുടെ സ്ഥിതി. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന മുസ്‌ലിംഭരണം ഉണ്ടായിട്ടും ഇവിടത്തെ മഹാ ഭൂരിപക്ഷം ഇപ്പോഴും അമുസ്‌ലിംകളാണ്. മുസ്‌ലിം ജനസംഖ്യ പതിനഞ്ച് ശതമാനത്തില്‍ കൂടുകയില്ല. ഇവിടെയും മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കുമിടയില്‍ സാമ്പത്തിക-രാഷ്ട്രീയ സംഘട്ടനം നിലനില്‍ക്കുന്നു. ഇന്ത്യയിലെന്ന പോലെ ഇവിടെയും അതേ ദേശീയ വിദ്വേഷ വികാരം ഇടം നേടിയിരിക്കുന്നു; ദല്‍ഹിയിലും പഞ്ചാബിലും കാണപ്പെടുന്ന അത്രയും തിക്തമായ അളവില്‍ തന്നെ. വ്യത്യാസം എന്തെങ്കിലുമുണ്ടെങ്കില്‍ തന്നെ ഭരണക്രമങ്ങളില്‍ മുസ്‌ലിം ഛായയുള്ള ഒരു മുസ്‌ലിം സംസ്ഥാനമാണ് ഇതെന്ന് മാത്രം. പക്ഷേ, അതിനെ മാത്രം അവലംബിച്ച് മുസ്‌ലിംകള്‍ക്ക് ഇവിടെ ഏറക്കാലം ഇനിയും സുരക്ഷിതമായി ജീവിക്കാന്‍ സാധിക്കുമെന്നതിന് ഈ വ്യത്യാസം യാതൊരു ഉറപ്പും നല്‍കുന്നില്ല.
ബ്രിട്ടീഷുകാരില്‍നിന്ന് അധികാരം അനന്തരമെടുത്ത ഹിന്ദു ഭൂരിപക്ഷത്താല്‍ വലയിതമാണ് ഹൈദറാബാദ്. ഒരു കണക്കിന് പുറത്തുനിന്ന് സഹായം ലഭ്യമല്ലാത്ത വിധം അവരുടെ ഉപരോധത്തിലാണ് ഹൈദറാബാദ് എന്നു പറയാം. സംസ്ഥാനത്തിലെ 85 ശതമാനം അമുസ്‌ലിംകളും മുസ്‌ലിം ഭരണത്തിന് അന്ത്യം കുറിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. തങ്ങളുടെ ഭരണം തുടരണമെന്ന, അല്ലെങ്കില്‍ ഭരണത്തിന്റെ പാതി തങ്ങള്‍ക്കായിരിക്കണമെന്ന, 15 ശതമാനം മാത്രം വരുന്ന മുസ്‌ലിംകളുടെ ആഗ്രഹം നിലവിലെ ജനാധിപത്യ യുഗത്തില്‍ നടക്കാന്‍ പോകുന്ന കാര്യമല്ല. അമുസ്‌ലിംകളില്‍ ഗണ്യമായൊരു വിഭാഗത്തെ കൂടെ കൂട്ടി ഭൂരിപക്ഷം നേടാനോ, ചുരുങ്ങിയത് 50 ശതമാനം വോട്ടെങ്കിലും നേടിയെടുക്കാനോ അവര്‍ക്ക് സാധ്യമല്ല. ഇതഃപര്യന്തം തങ്ങള്‍ അനുഭവിച്ചുപോന്ന എല്ലാ അവകാശങ്ങളോടും ആനുകൂല്യങ്ങളോടും നേട്ടങ്ങളോടും കൂടി സ്വന്തം അധികാരം നിലനിര്‍ത്തണമെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അവര്‍ക്ക് പൊരുതുകയല്ലാതെ മാര്‍ഗമില്ല. പക്ഷേ, ഈ പോരാട്ടം സംസ്ഥാനത്തിലെ അമുസ്‌ലിം ഭൂരിപക്ഷത്തോട് മാത്രമായിരിക്കില്ല; ഇന്ത്യയിലെ ഹിന്ദുത്വ ശക്തികളുടെ മുഴുവന്‍ പിന്തുണയുള്ള ഇന്ത്യന്‍ യൂനിയന്റെ സൈനിക ശക്തിയെ കൂടി ഒടുവില്‍ അവര്‍ക്ക് നേരിടേണ്ടിവരും. ഇങ്ങനെയൊരു പോരാട്ടത്തില്‍ സംസ്ഥാന ഭരണകൂടം ഹൈദറാബാദ് മുസ്‌ലിംകളെ പിന്തുണക്കുമെന്ന യാതൊരു പ്രതീക്ഷയും എനിക്കില്ല. സര്‍വോപരി തന്റെയും തന്റെ കുടുംബത്തിന്റെയും താല്‍പര്യങ്ങള്‍ പരിഗണിക്കുക എന്നതാണ് ഭരണാധികാരിയുടെ സ്വഭാവം. മുസ്‌ലിംകളെ പിന്തുണക്കുക വഴി ജുനാഗഢിലെ നവാബി2ന്റെ ഗതിയാണ് തനിക്കും നേരിടേണ്ടിവരിക എന്ന് തോന്നുന്ന മാത്രയില്‍ തന്റെ നാടിനെയും സമുദായത്തെയും അതിന്റെ പാട്ടിനു വിട്ട് ഇന്ത്യന്‍ യൂനിയനുമായി അദ്ദേഹം ഒത്തുതീര്‍പ്പിന് വഴങ്ങുമെന്നത് അചിന്ത്യമായ കാര്യമല്ല. ഒരു ദീര്‍ഘകാല പോരാട്ടത്തില്‍ ഹൈദറാബാദ് സേനയോ പോലീസോ കോടതികളോ ഭരണനിര്‍വഹണാധികാരികളോ നിങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. കാരണം, ഈ സ്ഥാപനങ്ങളൊന്നും പൂര്‍ണമായും മുസ്‌ലിംകളുടെ നിയന്ത്രണത്തിലല്ല. ഇവയില്‍ പലതിലും ധാരാളം അമുസ്‌ലിം ഘടകങ്ങളുണ്ടെന്നതാണ് യാഥാര്‍ഥ്യം. അതിനാല്‍ യുദ്ധം സംഭവിക്കുകയാണെങ്കില്‍ (ദൈവം അതിന് ഇടവരുത്താതിരിക്കട്ടെ) കിഴക്കന്‍ പഞ്ചാബിലെ മുസ്‌ലിംകളെക്കാള്‍ ദയനീയമായിരിക്കും ഹൈദറാബാദ് മുസ്‌ലിംകളുടെ ഗതി. കാരണം, ഇവിടെ (കിഴക്കന്‍ പഞ്ചാബ്) ചുരുങ്ങിയ പക്ഷം പാകിസ്താന്‍ അതിര്‍ത്തിക്ക് സമീപമാണെന്ന ഒരനുകൂല ഘടകമെങ്കിലുമുണ്ടായിരുന്നു. അതിനാല്‍, പാക് സേനക്ക് അവരെ വിജയകരമായി രക്ഷിച്ചെടുക്കാന്‍ സാധിച്ചു. എന്നാല്‍, ഒരു ഭാഗത്തു നിന്ന് പ്രാദേശിക ഹിന്ദു ഭൂരിപക്ഷവും മറ്റൊരു ഭാഗത്തു നിന്ന് ചുറ്റുമുള്ള സായുധ സേനയും ഹൈദറാബാദ് മുസ്‌ലിംകളെ ആക്രമിക്കാന്‍ ഒരുമ്പെടുകയും (ദൈവം അതിന് ഇടവരുത്താതിരിക്കട്ടെ) സ്റ്റേറ്റ് ഭരണ  നിര്‍വഹണ വിഭാഗം മുസ്‌ലിം പക്ഷത്ത് നില്‍ക്കാതിരിക്കുകയുമാണെങ്കില്‍ പിന്നീടവര്‍ക്ക് ഒരു സുരക്ഷിത സങ്കേതവും ലഭിക്കുകയില്ല. എവിടെ നിന്നും അവര്‍ക്ക് സഹായം ലഭിക്കുകയില്ല. അവിടെ നിന്ന് പുറത്തു കടക്കാനും സാധിക്കുകയില്ല.
അതിനാല്‍, നിങ്ങള്‍ക്കും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കും ഇടയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന വ്യത്യാസം സ്ഥായീ സ്വഭാവത്തോടു കൂടിയതോ ആശ്രയിക്കാന്‍ പര്യാപ്തമോ ആയി മനസ്സിലാക്കരുതെന്നാണ് നിങ്ങളോടുള്ള എന്റെ ആത്മാര്‍ഥമായ ഉപദേശം. ഏതാനും മാസത്തേക്ക് ശ്വാസം കഴിക്കാന്‍ ഭാഗ്യത്തിന് ലഭിച്ച ഈ അവസരം (1947 നവംബറിലെ തല്‍സ്ഥിതി നിലനിര്‍ത്താനുള്ള ഒത്തുതീര്‍പ്പ്) പാഴാക്കാതെ ഭാവി നടപടികള്‍ ആസൂത്രണം ചെയ്യാന്‍ ഉപയോഗപ്പെടുത്തണം. അതിലൂടെ ഹൈദറാബാദ് മുസ്‌ലിംകളുടെ ജീവനും സ്വത്തും അഭിമാനവും സംരക്ഷിക്കാന്‍ മാത്രമല്ല, മഹത്തായൊരു ഭാവി കെട്ടിപ്പടുക്കാനും സാധിക്കും.'' 
(തുടരും)

കുറിപ്പുകള്‍
1. ഉഭയകക്ഷി ബന്ധങ്ങളില്‍ തല്‍സ്ഥിതി ഉറപ്പ് നല്‍കുന്ന, ഇന്ത്യാ ഗവണ്‍മെന്റും നൈസാം ഭരണകൂടവും 1947-ല്‍ ഉണ്ടാക്കിയ സ്റ്റാന്റ്സ്റ്റില്‍ എഗ്രിമെന്റാണ് മൗദൂദിയുടെ സൂചന.
2. അധികാരത്തല്‍നിന്ന് നിഷ്‌കാസിതനായ പശ്ചിമേന്ത്യയിലെ അമുസ്‌ലിം ഭൂരിപക്ഷ നാട്ടുരാജ്യം.
 

 

മൗദൂദിയുടെ ദീര്‍ഘ ദര്‍ശനം

''ഒരേ സമയം പല യുദ്ധമുഖങ്ങളില്‍ പൊരുതേണ്ട നിയോഗമായിരുന്നു മൗദൂദിയുടേത്. വിശ്വാസ വൈകൃതങ്ങളും കര്‍മജാഡ്യവും ബാധിച്ച മുസ്‌ലിം ബഹുജനം ഒരു വശത്ത്. കൊളോണിയലിസത്തോടൊപ്പം കടന്നുവന്ന പടിഞ്ഞാറന്‍ ചിന്തകളുടെയും സംസ്‌കാരത്തിന്റെയും പ്രവാഹത്തില്‍ പെട്ട യുവജനം മറ്റൊരു വശത്ത്. ചരിത്രത്തിന്റെ ചാലകശക്തികളെയും നാഗരിക പരിവര്‍ത്തനങ്ങളെയും കുറിച്ച് ധാരണയില്ലാത്ത പരമ്പരാഗത പണ്ഡിത സമൂഹം വേറൊരു വശത്ത്. ഈ ശോച്യ പരിസരത്താണ് മൗദൂദി തന്റെ നവോത്ഥാന പദ്ധതിക്ക് കുറ്റിയടിക്കുന്നത്. ഇന്ത്യന്‍ മുസ്‌ലിംകളുടെ  രാഷ്ട്രീയ ഭാഗധേയത്തെക്കുറിച്ചുള്ള തന്റെ വിചാരധാരകള്‍ അക്കാലത്ത് തര്‍ജുമാനുല്‍ ഖുര്‍ആനില്‍ എഴുതിയ 'മുസല്‍മാന്‍ ഔര്‍ മൗജൂദ സിയാസി കശ്മകശ് (മുസ്‌ലിംകളും നിലവിലെ രാഷ്ട്രീയ വടംവലികളും) എന്ന ലേഖന പരമ്പരയില്‍ മൗദൂദി പ്രകാശനം ചെയ്തു. പരമ്പര പ്രസിദ്ധീകരിച്ചു വന്നപ്പോള്‍ സാമുദായിക, രാഷ്ട്രീയ വാദത്തിന്റെ നേരെ മൗദൂദി പ്രകടിപ്പിച്ച വിയോജന സമീപനം അക്കാലത്ത് കോണ്‍ഗ്രസ് പ്രസ്ഥാനം മുസ്‌ലിം ലീഗിനെതിരെ ഉപയോഗപ്പെടുത്തി. അതേസമയം, പരമ്പരയില്‍ ഏക ദേശീയ രാഷ്ട്രീയ കാഴ്ചപ്പാട് സംബന്ധിച്ചു വന്ന ഭാഗങ്ങള്‍ മുസ്‌ലിം ലീഗും ഉപയോഗപ്പെടുത്തുകയുണ്ടായി. എന്നാല്‍, ഈ രണ്ട് രാഷ്ട്രീയ ധാരകളില്‍നിന്ന് ഭിന്നമായി ഒരു ആദര്‍ശ സമൂഹമെന്ന നിലയില്‍ മുസ്‌ലിംകളുടെ വ്യക്തിത്വം ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ എങ്ങനെ സ്ഥാനപ്പെടുത്തണമെന്നും, അവര്‍ക്ക് വഹിക്കാനുള്ള യഥാര്‍ഥ റോള്‍ എന്താണെന്നുമായിരുന്നു മൗദൂദിയുടെ മുഖ്യ ചിന്താവിഷയം. പാകിസ്താന്‍ വാദത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്ന ജാഹീര്‍ദാറുകളുടെയും, പടിഞ്ഞാറന്‍ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന മതേതര വാദികളുടെയും സ്വഭാവത്തില്‍ ആശങ്കാകുലനായ മൗദൂദി, ഇത്തരമൊരു നേതൃത്വത്തിന്റെ കൈകളില്‍ ഒരു ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സാക്ഷാല്‍ക്കാരം സംശയാസ്പദമായി കണ്ടു. പില്‍ക്കാല സംഭവങ്ങള്‍ ഈ ആശങ്കയെ സ്ഥിരീകരിക്കുകയും ചെയ്തു. വിഭജനം ഒരു യാഥാര്‍ഥ്യമാകാന്‍ പോവുകയാണെന്ന് ഉറപ്പായപ്പോള്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭാവിയെക്കുറിച്ച് അദ്ദേഹം ഇങ്ങനെ ദീര്‍ഘദര്‍ശനം ചെയ്തു: ''ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം ദേശീയ പ്രസ്ഥാനത്തിന്റെയും ഹൈന്ദവ വര്‍ഗീയതയുടെയും രണ്ട് കാലുകളിലാണ് ഇതുവരെ നിലയുറപ്പിച്ചിരുന്നത്. സ്വാതന്ത്ര്യാനന്തരം രാഷ്ട്ര പുനര്‍നിര്‍മാണം പയ്യെ പയ്യെ ഒറ്റക്കാലിലേക്ക് മാറ്റപ്പെടും. മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം അതികഠിനമായ ഒരു പരീക്ഷണ ഘട്ടമായിരിക്കും അത്. കുറച്ചുകാലം അതവര്‍ ക്ഷമിച്ചേ പറ്റൂ. എന്നാല്‍, അവര്‍ തീരേ നിരാശരാകേണ്ടതില്ല. കാലം  ചെല്ലുമ്പോള്‍ ഹിന്ദു സമൂഹത്തിലെ ആഭ്യന്തര വൈരുധ്യങ്ങള്‍ തലപൊക്കുകയും ശൈഥില്യം അവരെ വേട്ടയാടുകയും ചെയ്യും. മൗദൂദിയുടെ ഈ ദീര്‍ഘ ദര്‍ശനം എത്ര സത്യമെന്ന് സമകാലിക സംഭവങ്ങള്‍ വായിക്കുന്നവര്‍ക്ക് എളുപ്പം ബോധ്യപ്പെടും'' (മൗദൂദി സ്മൃതി രേഖകള്‍- എഡി: വി.എ കബീര്‍). 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് സൂക്തം: 36-42
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇതര സമൂഹങ്ങളുടെയും നന്മകള്‍ വിലമതിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി