Prabodhanm Weekly

Pages

Search

2023 ജനുവരി 06

3284

1444 ജമാദുൽ ആഖിർ 13

മുഹമ്മദ് കുട്ടി (മമ്മൂട്ടിക്ക)

ഫൈസല്‍ കൊച്ചിച്ചന്‍, മണ്ണഞ്ചേരി

ആലപ്പുഴ ഏരിയയിലെ തലമുതിര്‍ന്ന പ്രവര്‍ത്തകനും മണ്ണഞ്ചേരി ഹല്‍ഖാംഗവുമായിരുന്ന, എല്ലാവരും മമ്മൂട്ടിക്ക എന്ന് വിളിച്ചിരുന്ന മുഹമ്മദ് കുട്ടി സാഹിബ് അല്ലാഹുവിലേക്ക് യാത്രയായി. പ്രായം തളര്‍ത്താത്ത കര്‍മാവേശത്തോടെ അവസാന ശ്വാസം വരെ ഇസ്ലാമിക പ്രസ്ഥാന മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കാന്‍ നാഥന്റെ അനുഗ്രഹം ലഭിച്ചവരില്‍ ഒരാളായിരുന്നു അദ്ദേഹം. കര്‍മവീഥിയില്‍ നിന്ന് കരുണാമയന്‍ തിരിച്ചുവിളിക്കുമ്പോള്‍ എഴുപത്തിയഞ്ച് വയസ്സായിരുന്നു.
കോട്ടയം താഴത്തങ്ങാടി കുമ്മനം സ്വദേശിയും വാഴക്കാല കുടുംബാംഗവുമായിരുന്നു. കടത്തുകാരനായി ജീവിതമാരംഭിച്ചു. ചെറുപ്പകാലത്തുതന്നെ ഇസ്ലാമിക പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു.  ആലപ്പുഴ ജില്ലയിലെ വടുതലയില്‍ നിന്ന് മദ്‌റസാ പിരിവിനായി കോട്ടയം ഭാഗത്തേക്ക് പോകുമ്പോള്‍ അദ്ദേഹത്തിന്റെ കടത്തുവഞ്ചിയില്‍ കയറാനിടയായതും പ്രസ്ഥാന സഹയാത്രികനെന്ന് മനസ്സിലാക്കി ബന്ധം സ്ഥാപിച്ചതും ഇസ്ലാമിക പ്രസ്ഥാനത്തെക്കുറിച്ച് കൂടുതല്‍ അറിയാനാഗ്രഹിച്ചിരുന്നതും, പിന്നീട് വിവിധ ജില്ലകളില്‍ നാസിമായി പ്രവര്‍ത്തിച്ചിരുന്ന ടി.കെ സെയ്തു മുഹമ്മദ് (ടി.കെ.എസ്) ഓര്‍ത്തെടുക്കുന്നു. വിവാഹ ശേഷമാണ് ആലപ്പുഴ മണ്ണഞ്ചേരിയിലേക്ക് താമസം മാറിയത്.
പ്രായത്തെയും ശാരീരിക അവശതകളെയും അവഗണിച്ചുള്ള അദ്ദേഹത്തിന്റെ കൃത്യനിഷ്ഠയും പ്രവര്‍ത്തന പങ്കാളിത്തവും ഹല്‍ഖയിലെ എല്ലാവര്‍ക്കും മാതൃകയായിരുന്നു. കാഴ്ച എഴുപത് ശതമാനവും നഷ്ടപ്പെട്ട അവസ്ഥയിലും  നമസ്‌കാരം ജമാഅത്തായി  മസ്ജിദില്‍ തന്നെ നിര്‍വഹിക്കണമെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. ഒരിക്കല്‍ സുബ്ഹ് നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോകുന്നതിനിടയില്‍  ഇടവഴിയിലെ വെള്ളക്കെട്ടില്‍ വീണതിനു ശേഷമാണ് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തിന് വഴങ്ങി സുബ്ഹ്, ഇശാഅ് നമസ്‌കാരങ്ങള്‍ വീട്ടിലാക്കിയത്. സ്വന്തമായ വായനയിലൂടെയും പഠനത്തിലൂടെയും ഖുര്‍ആനിലും ഹദീസിലും അഗാധമായ അറിവ്  കരസ്ഥമാക്കിയിരുന്നു. കണ്ണിന്റെ കാഴ്ച കുറഞ്ഞത് തന്റെ വായനയെയും പഠനത്തെയും ബാധിച്ചതില്‍ വളരെ ദുഃഖിതനുമായിരുന്നു.
മണ്ണഞ്ചേരിയിലെ പ്രസ്ഥാന പ്രവര്‍ത്തനത്തിന്റെ ആരംഭകാലത്ത് മഹല്ല് ഊരുവിലക്ക് ഉള്‍പ്പെടെ ശാരീരികവും മാനസികവുമായ ഒരുപാട് ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.
പെണ്‍മക്കളുടെ വിവാഹങ്ങള്‍ പോലും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. അടുത്ത കാലത്ത് അതിനൊക്കെ മാറ്റംവരികയും മഹല്ല് ഭാരവാഹികളുള്‍പ്പെടെയുള്ള നാട്ടുകാര്‍ അദ്ദേഹത്തെ ബഹുമാനത്തോടെ കാണുകയുമുണ്ടായി. അതിനുള്ള തെളിവായിരുന്നു വീട്ടിലും മസ്ജിദിലുമായി ജനാസ നമസ്‌കരിക്കാനെത്തിച്ചേര്‍ന്ന ആബാലവൃദ്ധം ജനസഞ്ചയം.


പൊറ്റശ്ശേരി 
എന്‍. അബ്ദുര്‍റഹ്മാന്‍

ചേന്ദമംഗല്ലൂര്‍ പൊറ്റശ്ശേരി എന്‍. അബ്ദുര്‍റഹ്മാന്‍ സാഹിബ് 2022 ഡിസംബര്‍ 14-ന് നാഥനിലേക്ക് യാത്രയായി. വളരെ ചെറുപ്പം മുതല്‍ യത്തീമായി വളര്‍ന്ന ഞങ്ങളുടെ ഉപ്പ കോഴിക്കോട് ജെ.ഡി.റ്റി സ്‌കൂളിലാണ് പഠനം പൂര്‍ത്തിയാക്കിയത്. നരിക്കുനി നെല്ലിക്കുന്നില്‍നിന്ന് മുക്കത്തേക്ക് താമസം മാറ്റിയ ശേഷം പൊറ്റശ്ശേരിയില്‍ സ്ഥിരതാമസമാക്കി. മണാശ്ശേരിയിലുള്ള മുക്കം എം.എ.എം.ഒ കോളേജില്‍ ജോലിയില്‍ പ്രവേശിച്ചത് ഇക്കാലത്താണ്. രണ്ടായിരത്തില്‍ ലൈബ്രേറിയനായി ജോലിയില്‍നിന്ന് പിരിഞ്ഞു. പിന്നീട് ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ ഓഫീസില്‍ ജോലി ചെയ്തു.
മാധ്യമം കോര്‍ഡിനേറ്റര്‍ ആയും ഇക്കാലത്ത് സേവനം ചെയ്തു. തന്റെ ഏരിയയിലെ ഏതാണ്ട് എല്ലാ സ്‌കൂളുകളിലും മാധ്യമം വെളിച്ചം പദ്ധതി എത്തിക്കുന്നതില്‍ അദ്ദേഹം അതീവ താല്‍പര്യം കാണിച്ചു. വെളിച്ചം പദ്ധതി ജനകീയമാക്കി. മാധ്യമം ഹെല്‍ത്ത് കെയറിന്റെ 'സാന്ത്വന സ്പര്‍ശം' അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ലഭ്യമാക്കുന്നതില്‍ അദ്ദേഹം കാണിച്ച ശുഷ്‌കാന്തി ശ്രദ്ധേയമായിരുന്നു. 'ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക; എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും' എന്ന നബിവചനം ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളായിരുന്നു ഇതെല്ലാം.
തന്റെ നാട്ടിലെ പള്ളിയുടെയും മദ്‌റസയുടെയും പരിപാ
ലനവും വളരെ കൃത്യതയോടെ അദ്ദേഹം നിര്‍വഹിച്ചു. നാലു പതിറ്റാണ്ടോളം അന്‍സാര്‍ മഹല്ല് സെക്രട്ടറി സ്ഥാനം ഒരു പരാതിക്കും ഇടം നല്‍കാത്തവിധം സേവന മനസ്സോടെ വഹിച്ചുപോന്നു. പ്രസ്ഥാനത്തിന്റെ എല്ലാ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു. പരിപാടികള്‍ക്ക് മുന്‍പേ എത്തി എല്ലാം കഴിഞ്ഞു മാത്രം പിരിഞ്ഞുപോകുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. യുവാവിന്റെ ചുറുചുറുക്കോടെയായിരുന്നു അദ്ദേഹത്തിന്റെ പങ്കാളിത്തവും സഹകരണവും. അവസാന കാലത്ത് വാത സംബന്ധമായ പ്രയാസങ്ങളുണ്ടായപ്പോള്‍ പോലും ഖുര്‍ആന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതില്‍ ഒരു മുടക്കവും വരുത്തിയിരുന്നില്ല.
ഇ.കെ ഇയ്യാത്തുമ്മയാണ് ഭാര്യ. മക്കള്‍: തസ്‌നീം ബാനു, അന്‍വര്‍ സാദത്ത്, വസീം അഹമ്മദ്, സറീന, ഫസ്‌ലുര്‍റഹ്മാന്‍, റാഷിദ.
മരുമക്കള്‍: അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് സലീം, അഫ്‌സല്‍, അഫ്‌സല്‍ ഹുസൈന്‍, സമീറ, ഷാനസമദ്, ഷഹന.


ഇ.കെ അന്‍വര്‍ സാദത്ത്
ചേന്ദമംഗല്ലൂര്‍ എച്ച്.എസ്.എസ്

പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും 
സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനവും നല്‍കി 
അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് സൂക്തം: 36-42
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇതര സമൂഹങ്ങളുടെയും നന്മകള്‍ വിലമതിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി