Prabodhanm Weekly

Pages

Search

2023 ജനുവരി 06

3284

1444 ജമാദുൽ ആഖിർ 13

എ.കെ ആഇശ ഹജ്ജുമ്മ ചരിത്രം രേഖപ്പെടുത്താതെ പോയ മാപ്പിള വനിത

വി.കെ കുട്ടു ഉളിയില്‍

1911-ല്‍  ഒരു ഉയര്‍ന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ കുടകില്‍നിന്ന് തലശ്ശേരിയിലേക്ക് കുതിരപ്പുറത്ത് വരുന്ന വഴിയില്‍ ഓട് മേഞ്ഞ ഇരുനില കെട്ടിടം കണ്ടപ്പോള്‍ ആ വീട്ടില്‍ കയറി. അവിടെയുണ്ടായിരുന്ന പുരുഷന്മാരുമായി സംസാരിക്കുന്നതിനിടയില്‍ അകത്തെ അറയില്‍ നിന്ന് ഗൃഹനായിക, പുറത്തുള്ള പുരുഷന്മാര്‍ക്ക് അകത്തുള്ള സ്ത്രീകളെ കാണാന്‍ പറ്റാത്ത വിധത്തില്‍ നിര്‍മിച്ചിട്ടുള്ള കിളിവാതിലിലൂടെ പറഞ്ഞു: സായിവേ, കിഴക്കന്‍ പ്രദേശത്തെവിടെയും അക്ഷരം പഠിക്കാനുള്ള സ്‌കൂള്‍ ഇല്ല. ഈ പ്രദേശത്ത് ഒരു സ്‌കൂള്‍ സ്ഥാപിച്ചുതരണം. പരിഭാഷകനിലൂടെ ഉമ്മ പറഞ്ഞത് മനസ്സിലാക്കിയ സായ്പ് പറഞ്ഞു: നിങ്ങള്‍ സ്‌കൂളിനായി ചെറിയൊരു കെട്ടിടം പണിതാല്‍ അടുത്ത വര്‍ഷം തന്നെ സ്‌കൂള്‍ സ്ഥാപിക്കാം. അങ്ങനെ 1912-ല്‍ ഉളിയില്‍ ഗവണ്‍മെന്റ് മാപ്പിള എല്‍.പി സ്‌കൂള്‍ സ്ഥാപിതമായി.
ഗൃഹനായികയായ എ.കെ ആഇശ ഹജ്ജുമ്മ എന്ന സ്ത്രീയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിച്ചത് കാസര്‍കോട് ആലിയ അറബിക് കോളേജ് സ്ഥാപിച്ച വി.കെ.എം ഇസ്സുദ്ദീന്‍ മൗലവിയില്‍ നിന്നായിരുന്നു. 1967-ല്‍ മൗലവി തലശ്ശേരിയില്‍ വന്നപ്പോള്‍ എ.കെ കുഞ്ഞിമായിന്‍ ഹാജി താമസിച്ചിരുന്ന മൗണ്ട് പ്ലസന്റ് ബംഗ്ലാവ് വരെ തന്നോടൊപ്പം വരണമെന്ന് അദ്ദേഹം എന്നോടാവശ്യപ്പെട്ടു. മൗലവിയോടൊപ്പം, തലശ്ശേരി കോടതിക്ക് സമീപമുണ്ടായിരുന്ന ബംഗ്ലാവിലേക്ക് ഓട്ടോറിക്ഷയില്‍ പോകുമ്പോള്‍ അദ്ദേഹം പറഞ്ഞു: കുഞ്ഞിമായിന്‍ ഹാജിയും അവരുടെ ഉമ്മ ആഇശ ഹജ്ജുമ്മയും  ഹജ്ജിന് പോയപ്പോള്‍ ആ ഉമ്മ മക്കത്തുനിന്ന് വാങ്ങിക്കൊണ്ടുവന്നത് അക്കാലത്ത് ഇവിടെ ലഭ്യമല്ലാതിരുന്ന അപൂര്‍വ കിതാബുകളായിരുന്നു. ആ കിതാബുകള്‍ നമ്മുടെ സ്ഥാപനത്തിന് തരണമെന്ന് അഭ്യര്‍ഥിക്കാനാണ് പോകുന്നത്. മാത്രമല്ല, എട്ടുവര്‍ഷം മുമ്പ് ഞാനും ഹാജിയും സംസാരിക്കുന്നതിനിടയില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം പിരിഞ്ഞതാണ്. ഞങ്ങള്‍ രണ്ടുപേര്‍ക്കും പ്രായമായി. പൊരുത്തപ്പെടീക്കണം. ബംഗ്ലാവിലെ ചാരുകസേരയില്‍ ചാരിക്കിടന്നിരുന്ന ഹാജി മൗലവിയെ കണ്ട ഉടനെ കൈ പിടിച്ച് അടുത്തിരുത്തി. അടുത്തുണ്ടായിരുന്ന ഹാജിയുടെ അംഗരക്ഷകന്‍ പത്താന്‍കാരന്‍ മൂന്നു ചായ കൊണ്ടുവന്നു.
അവര്‍ രണ്ടുപേരും മലബാറിലെ ഇസ്‌ലാമിക പഠന സ്ഥാപനങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ മൗലവി കിതാബുകളുടെ കാര്യം എടുത്തിട്ടു. ഹാജി പറഞ്ഞു: ഞാന്‍ മരിക്കുന്നതുവരെ ആ കിതാബുകള്‍ എന്റെ അധീനത്തില്‍ ഉണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. ഹാജി സ്ഥാപനത്തിന് തന്ന സംഭാവനയുമായി ഞങ്ങള്‍ അവിടെ നിന്നിറങ്ങി.
ആഇശ ഹജ്ജുമ്മ ആ കിതാബുകള്‍ മക്കത്തുനിന്ന് വാങ്ങിക്കൊണ്ടുവന്നത് തറവാട്ടിലെ കണ്ണാടി അലമാരയില്‍ കാഴ്ച വസ്തുവായി അലങ്കരിച്ചു വെക്കാനായിരുന്നില്ല. അവരുടെ തറവാട്ടില്‍ നടത്തിയിരുന്ന ദര്‍സില്‍ പഠിപ്പിച്ചിരുന്ന പണ്ഡിതനായ ഉസ്താദിന് കൊടുക്കാന്‍ വേണ്ടിയായിരുന്നു. ആ തറവാട്ടില്‍ ദര്‍സ് നടത്തിയിരുന്ന 'കരാത്തന'യും എനിക്ക് കാണാന്‍ സാധിച്ചു. വിശാലമായ പൂമുഖത്ത് പതിനഞ്ച് ആളുകള്‍ക്ക് ഇരിക്കത്തക്കവിധം രണ്ടടി ഉയരത്തില്‍ പണിതതായിരുന്നു ആ കരാത്തന. കരാത്തനക്കു സമീപമുള്ള ജനലില്‍ ആകര്‍ഷകമായ രീതിയില്‍ കുറേ ദ്വാരങ്ങളുള്ള തടിച്ച മരപ്പലക ഘടിപ്പിച്ചതായിരുന്നു കിളിവാതില്‍. 
കിളിവാതിലിന് പിന്നിലുള്ള അകത്തറയിലിരുന്നാണ് ആഇശ ഉമ്മ, കരാത്തനയില്‍ ദര്‍സ് നടത്തിയിരുന്ന ഉസ്താദില്‍ നിന്ന് കിതാബ് ഓതിപ്പഠിച്ചിരുന്നത്. പുറത്തുള്ളവര്‍ക്ക് അവരെ കാണാന്‍ പറ്റില്ല. കാസര്‍കോട് സഅദിയ അറബിക് കോളേജ് സ്ഥാപകരില്‍ ഒരാളും കാഞ്ഞങ്ങാട് സംയുക്ത ഖാദിയുമായിരുന്ന പി.എ അബ്ദുല്ല മുസ്‌ലിയാര്‍ അടക്കം വടക്കേ മലബാറിലെ ചില പണ്ഡിതന്മാര്‍ ഈ ദര്‍സില്‍ പഠിച്ചതായി പറഞ്ഞത് ഉളിയിലെ ആദ്യകാല ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനായ കെ.വി നൂറുദ്ദീന്‍ മൗലവിയാണ്.
ആഇശ ഉമ്മ കിതാബ് പഠനത്തിലൂടെ പ്രധാനമായും ഗ്രഹിച്ചത് അല്ലാഹു മനുഷ്യര്‍ക്ക് തന്ന സമയത്തിന്റെ മൂല്യമാണ്; അത് ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ്. ഇത് അവരുടെ പ്രവര്‍ത്തനങ്ങളിലും തുടര്‍ന്ന് അവര്‍ നല്‍കിയ അറിവിലൂടെ അവരുടെ മക്കളുടെയും പേരക്കുട്ടികളുടെയും പ്രവര്‍ത്തനങ്ങളിലും പ്രകടമായിരുന്നു.
അവരുടെ ഇളയ മകളുടെ മകനും ഉളിയിലെ ആദ്യകാല ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനുമായിരുന്ന മര്‍ഹൂം എ.കെ മുഹമ്മദലി അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് ഉമ്മാമയോടൊപ്പമുള്ള അനുഭവം പറഞ്ഞുതന്നിരുന്നു. ഉമ്മാമ രാത്രി ഉറങ്ങിയിരുന്നത് മുകള്‍ തട്ടിലെ മുറിയിലായിരുന്നു. ഞങ്ങള്‍ പേരക്കുട്ടികള്‍ ഉറങ്ങിയിരുന്നത് ഏണിപ്പടിക്കു കീഴിലെ കരാത്തനയിലുമായിരുന്നു.
അവര്‍ പ്രഭാതത്തില്‍ സ്വുബ്ഹ് നമസ്‌കാരവും തസ്ബീഹും കഴിഞ്ഞ് കാലില്‍ മര മെതിയടി ചവിട്ടി കൈയില്‍ ചൂരലും പിടിച്ച് ഏണിപ്പടികള്‍ ഇറങ്ങിവരുന്ന ശബ്ദം കേട്ടായിരുന്നു, ഞങ്ങള്‍ പെട്ടെന്നെഴുന്നേറ്റ് അംഗശുദ്ധി വരുത്താനായി മുറ്റത്തുണ്ടായിരുന്ന ഹൗളിന് സമീപത്തേക്ക് ഓടിയിരുന്നത്. ഉണരാത്തവന് ഉമ്മാമയുടെ ചൂരല്‍ പ്രയോഗം ഏല്‍ക്കേണ്ടിവരും. പുരുഷന്മാരോടൊപ്പം കരാത്തനയിലായിരുന്നു ഞങ്ങള്‍ നമസ്‌കരിച്ചിരുന്നത്. ഉളിയില്‍ മഹല്ലിലുണ്ടായിരുന്ന പള്ളിയിലേക്ക് ജനവാസമില്ലാത്ത വഴിയിലൂടെ ഒരു കിലോമീറ്റര്‍ നടക്കണമായിരുന്നു. 'അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറ് നിറച്ച് തിന്നുന്നവന്‍ എന്നില്‍ പെട്ടവനല്ല' എന്ന പ്രവാചക വചനം ഞങ്ങള്‍ ഗ്രഹിച്ചത് ഉമ്മാമയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടിയാണ്.
തുടര്‍ച്ചയായ മഴകാരണം കര്‍ക്കിടകം, മിഥുനം മാസങ്ങള്‍ കിഴക്കന്‍ പ്രദേശത്ത് ഭക്ഷ്യ വസ്തുക്കള്‍ ലഭിക്കാത്ത പട്ടിണി മാസങ്ങളായിരുന്നു. ഈ രണ്ട് മാസങ്ങളില്‍ എല്ലാ ദിവസവും വീട്ടുമുറ്റത്ത് വലിയ രണ്ട് വട്ടളങ്ങളില്‍ തേങ്ങ ചേര്‍ത്ത കഞ്ഞി പാകം ചെയ്തു പാത്രങ്ങളുമായി വരുന്നവര്‍ക്ക് വിതരണം ചെയ്യുമായിരുന്നു. മക്കളും പേരക്കുട്ടികളും സമയം പാഴാക്കുന്നത് അവര്‍ അനുവദിച്ചിരുന്നില്ല. പഠിത്തത്തില്‍ പിന്നാക്കമായിരുന്ന ഒരു മകനെയും പേരക്കുട്ടികളെയും ചുമതലപ്പെടുത്തിയത്, തരിശായി കിടന്നിരുന്ന പതിനഞ്ച് ഏക്കറോളം സ്ഥലത്ത് തൊഴിലാളികളോടൊപ്പം തെങ്ങിന്‍ തൈകള്‍ നട്ടുവളര്‍ത്താനായിരുന്നു. മകളുടെ മകന്‍ കാദര്‍ കുട്ടി മുപ്പത്തെട്ടു കിലോമീറ്റര്‍ അകലെയുള്ള തലശ്ശേരി ബി.ഇ.എം.പി ഹൈസ്‌കൂളിലായിരുന്നു പതിനൊന്നാം ക്ലാസ് പാസ്സാകുന്നത് വരെ പഠിച്ചത്. എല്ലാ തിങ്കളാഴ്ച രാവിലെയും ആറു മണിക്ക്, ചരക്കെടുക്കാന്‍ പോകുന്ന കാളവണ്ടിയിലായിരുന്നു തലശ്ശേരിയിലേക്കുള്ള യാത്ര. ബന്ധുവീട്ടില്‍ താമസിച്ച് വെള്ളിയാഴ്ച വൈകുന്നേരം കാളവണ്ടിയില്‍ മടങ്ങുമായിരുന്നു. ഒരു തിങ്കളാഴ്ച രാവിലെ കാളവണ്ടിയുടെ അടുത്തെത്തിയപ്പോഴാണ് കാളക്ക് സുഖമില്ലാത്ത വിവരമറിഞ്ഞത്. സമയം കളയാതെ മുപ്പത്തെട്ടു കിലോമീറ്റര്‍ നടന്നു. വൈകിയാണെങ്കിലും സ്‌കുളിലെത്തി. തെക്കേ ഇന്ത്യയില്‍ ഇലക്ട്രിക് മെക്കാനിക് എഞ്ചിനീയറിംഗ് പഠനമില്ലാത്ത ആയിരത്തി തൊള്ളായിരത്തി ഇരുപതുകളില്‍ കിതാബോതി പഠിച്ചിരുന്ന ആഇശ ഉമ്മ, പേരമകന്‍ കാദര്‍ കുട്ടിയെ അന്നു പഠിക്കാന്‍ അയച്ചത് ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റിയിലാണ്.
1928-ല്‍ കുഞ്ഞിമായിന്‍ ഹാജി വളപട്ടണത്ത് കോഹിനൂര്‍ സോമില്‍ സ്ഥാപിച്ച് വടക്കെ മലബാറില്‍ യന്ത്രവത്കൃത വ്യവസായത്തിന് തുടക്കം കുറിച്ചു.  1935-ല്‍ എ.കെ കാദര്‍ കുട്ടി വളപട്ടണത്ത് വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സും ഹാര്‍ഡ് ബോര്‍ഡ് ഫാക്ടറിയും സ്ഥാപിച്ചു. എണ്‍പത്തിയഞ്ചു വര്‍ഷങ്ങളായി നിലക്കാതെ പ്രവര്‍ത്തിച്ചുപോരുന്ന വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ് ഫാക്ടറിയുടെ ഇപ്പോഴത്തെ എം.ഡി ആഇശ ഉമ്മയുടെ നാലാമത്തെ തലമുറയില്‍പ്പെട്ട എഞ്ചിനീയര്‍ പി.കെ മായന്‍ ആണ്.
ഇപ്പോള്‍ ആറളം ഫാമില്‍ സ്ഥിതി ചെയ്യുന്ന ആറായിരം ഏക്കറോളം വിസ്തീര്‍ണമുള്ള ഓടത്തോട് മല 1928 മുതല്‍ അവരുടെ അധീനത്തിലായിരുന്നു. ആ കാട്ടില്‍ തരിശായ സ്ഥലത്ത് അഞ്ചേക്കര്‍ കപ്പ നടാന്‍ കാര്യസ്ഥന്മാരെ ഏല്‍പിച്ചതനുസരിച്ച് അവരത് ചെയ്തു. അവരുടെ സ്ഥാപനങ്ങള്‍ക്കാവശ്യമായ മരങ്ങള്‍ മുറിച്ചിടത്ത് പുതിയ മരങ്ങള്‍ നട്ടുവളര്‍ത്താനായി തെക്കേ മലബാറില്‍ നിന്ന് പലായനം ചെയ്ത കുറച്ചു മുസ്‌ലിംകളും കുറേ പണിയരുമായിരുന്നു അവിടെ ജോലി ചെയ്തിരുന്നത്. മഴ തുടങ്ങിയാല്‍ കാട്ടില്‍ നില്‍ക്കാന്‍ പ്രയാസമായതിനാല്‍ പണിയരൊഴിച്ചു ബാക്കിയുള്ളവരെല്ലാം ആറു മാസത്തേക്ക് കാട് വിടുമായിരുന്നു. ആറു മാസം കഴിഞ്ഞപ്പോള്‍ കാര്യസ്ഥന്മാര്‍ കാട്ടില്‍ ചെന്നു നോക്കിയപ്പോള്‍ കണ്ടത് നട്ട കപ്പയില്‍ മുക്കാല്‍ ഭാഗവും പണിയര്‍ കിളച്ചുകൊണ്ടുപോയതായിട്ടാണ്. അല്‍പം ഭയത്തോടെ ഈ വിവരം ഹാജിയാരോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, കപ്പ നടീച്ചത് പണിയര്‍ക്ക് തിന്നാന്‍ വേണ്ടി തന്നെയാണ്. മഴക്കാലത്ത് അവര്‍ക്ക് കാട്ടില്‍ കാട്ടുകിഴങ്ങ് കിട്ടിയില്ലെങ്കില്‍ അത് അന്വേഷിച്ച് ഉള്‍ക്കാട്ടിലേക്ക് പോയാല്‍ കാട്ടു മൃഗങ്ങളുടെ ആക്രമണത്തിനിരയാകും. നമ്മോടൊപ്പം ജോലി ചെയ്ത അവരെ സംരക്ഷിക്കേണ്ടത് നാം തന്നെയല്ലേ?
കിതാബുകളില്‍ കൂടി ലഭിച്ച അറിവുകളില്‍ ആരാധനാ കര്‍മങ്ങള്‍ മാത്രമല്ല, സാമൂഹിക പ്രവര്‍ത്തനങ്ങളുമുണ്ടെന്ന് അവര്‍ സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്നു. ആഇശ ഉമ്മയുടെ കുടുംബം കണ്ണൂര്‍ ജില്ലയില്‍ അഞ്ച് പള്ളികള്‍ പണിതു. കുഞ്ഞിമായിന്‍ ഹാജിയും കെ.എം സീതി സാഹിബും മമ്മുക്കേയിയും ചേര്‍ന്ന് തലശ്ശേരിയില്‍ ചന്ദ്രിക ദിനപത്രം സ്ഥാപിച്ചു. തുടര്‍ന്ന് അത് കോഴിക്കോട്ടേക്ക് മാറ്റിയപ്പോള്‍ അതിന്റെ ചെലവ് വഹിച്ചത് കുഞ്ഞിമായിന്‍ ഹാജിയാണ്. ഫാറൂഖ് കോളേജിന്റെ പ്രഥമ പ്രസിഡന്റും അദ്ദേഹമായിരുന്നു. മരുമകന്‍ കാദര്‍ കുട്ടി സാഹിബ് 1935 മുതല്‍ 1945 വരെ മദ്രാസ് നിയമസഭയില്‍ എം.എല്‍.എ ആയി. വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ്സ്, ഹാര്‍ഡ് ബോര്‍ഡ്, മദ്രാസില്‍ കുട്ടീസ് ഫ്ളസ് ഡോര്‍ ഫാക്ടറി, എ.കെ.ടീ എസ്റ്റേറ്റ്, എ.കെ റബ്ബര്‍ എസ്റ്റേറ്റ്, ആഇശ ബനിയന്‍ ഫാക്ടറി എന്നീ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടു. ആയിരത്തിലേറെ പേര്‍ക്ക് ജോലി നല്‍കി.
1970-കളില്‍ അവരുടെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തപ്പോള്‍ പലപ്പോഴും കാദര്‍ കുട്ടി സാഹിബും കുടുംബവും താമസിച്ചിരുന്ന വീട്ടില്‍ പോകേണ്ടി വന്നിട്ടുണ്ട്. അദ്ദേഹം ബാംഗ്ലൂരിലും മറ്റും കാറില്‍ പോകാന്‍ ഒരുങ്ങുമ്പോള്‍ ഡ്രൈവര്‍ വര്‍ഗീസ് കാറിന്റെ പിന്‍സീറ്റില്‍ ഫയലുകളും കുറച്ചു പുസ്തകങ്ങളും വെക്കുന്നത് കാണാറുണ്ടായിരുന്നു. എന്തിനാണ് അവ കൊണ്ടുപോകുന്നതെന്ന് ഡ്രൈവറോട് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞ മറുപടി, സാഹിബ് കാറില്‍ ഇരുന്നാല്‍ പിന്നെ ഫയലുകള്‍ വായിച്ചു പരിശോധിച്ചതിന് ശേഷം ഡയറിയില്‍ നോട്ട് ചെയ്യുമായിരുന്നു എന്നാണ്. പിന്നെ സ്ഥലത്തെത്തുംവരെ പുസ്തക വായനയാണ്.  കിതാബുകള്‍ ഓതി പഠിച്ച ഉമ്മാമയില്‍ നിന്ന്  സമയത്തിന്റെ വിലയും മൂല്യവും അദ്ദേഹം മനസ്സിലാക്കിയതുകൊണ്ടായിരുന്നു ഈ ദിനചര്യ. 
8086768727
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് സൂക്തം: 36-42
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇതര സമൂഹങ്ങളുടെയും നന്മകള്‍ വിലമതിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി