Prabodhanm Weekly

Pages

Search

2023 ജനുവരി 06

3284

1444 ജമാദുൽ ആഖിർ 13

മാത്യു സാമുവലിനും ടി.ജി മോഹന്‍ ദാസിനും ഇന്‍ഫാന്റിനോയുടെ മറുപടി

ബശീര്‍ ഉളിയില്‍


പ്രതിവിചാരം /

ഒമ്പത് പതിറ്റാണ്ടു കാലത്തെ ഫിഫ (Federation Internationale de Football Association) ചരിത്രത്തില്‍ എല്ലാ അര്‍ഥത്തിലും നിറങ്ങള്‍ നിറഞ്ഞാടിയ ഉത്സവമായിരുന്നു  ഖത്തറില്‍ സമാപിച്ച ലോക കപ്പ് മത്സരം. ഒരു ഭാഗത്ത് വിമോചനത്തിന്റെയും വൈവിധ്യങ്ങളുടെയും വര്‍ണ വസന്തവും മറ്റൊരു വശത്ത് വിവേചനത്തിന്റെയും വെറിയുടെയും വര്‍ണാന്ധതയും ചര്‍ച്ച ചെയ്യപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ കളിയുത്സവം. ഓരോ ലോക കപ്പ് മത്സരങ്ങള്‍ക്കും ശേഷം കളിക്കളത്തിലെ പോരാട്ടത്തെക്കാളധികം കളിബാഹ്യമായ രാഷ്ട്രീയ ചര്‍ച്ചകളാണ്  നടക്കാറുള്ളത്. മിക്കവാറും വംശീയതയുടെയും  ദേശീയതയുടെയും പേരിലുള്ള വാക്‌പോരുകള്‍. പേരില്‍ 'അന്തര്‍ദേശീയത' ഉണ്ടെങ്കിലും യൂറോപ്പിന്റെ 'വംശീയ കളി'യായിരുന്നു തുടക്കം മുതല്‍ ലോക കപ്പ്. യൂറോപ്യന്‍ വംശീയതയുടെ പല്ലും നഖവും കളിക്കളങ്ങളില്‍ നീണ്ടുവന്നത് ആഫ്രിക്കന്‍ നാടുകളിലെ 'ഏഴ'കള്‍ കൂടി ജേഴ്സി അണിഞ്ഞതോടെയാണ്. കാല്‍പന്ത് ഗുണ്ടായിസം (Football Hooliganism) എന്ന ഒരു പ്രയോഗം പോലും പില്‍ക്കാലത്ത് നിഘണ്ടുക്കളില്‍ സ്ഥാനം പിടിച്ചു. കായിക വിനോദങ്ങളില്‍ ഏറ്റവും 'മനോഹരമായ കളി' എന്ന പേരുള്ള കാല്‍പ്പന്ത് കളി ആദ്യം കളിച്ചത് 1863-ല്‍ ലൈംസ് ഫീല്‍ഡ് എന്ന ഇംഗ്ലീഷുകാരനാണ് പോലും. അതുകൊണ്ടുതന്നെ ലോക ഫുട്‌ബോള്‍ മത്സരങ്ങള്‍ പടിഞ്ഞാറിന്റെ വംശീയാധിപത്യത്തിന്റെ ദ്രുത പദചലനമായി എങ്ങനെയോ വായിക്കപ്പെട്ടു. നാളിതുവരെയുള്ള യൂറോപ്യന്‍ ഫുട്ബോളില്‍ കാലു കൊണ്ട് കവിത രചിച്ചവരില്‍ പെലെ, ഗാരിഞ്ച തുടങ്ങി ഇപ്പോള്‍ കിലിയന്‍ എംബാപ്പെ  വരെ ഒട്ടേറെ കറുത്തവരുണ്ടായിട്ടും കളിക്കളങ്ങളില്‍ അവര്‍ നിരന്തരം ആക്ഷേപിക്കപ്പെട്ടു. 2012-ലെ പ്രീമിയര്‍ ലീഗ് സീസണില്‍ ആദ്യ ഗോളടിച്ച മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ മരിയോ ബാലേറ്റലി തന്റെ ജേഴ്സി ഉയര്‍ത്തി 'Why Always Me?' എന്നെഴുതിയ ടീ-ഷര്‍ട്ട് ഉയര്‍ത്തിക്കാണിച്ചാണ് യൂറോപ്യന്‍ വര്‍ണവെറിക്കെതിരെ കളിക്കളത്തില്‍ ആദ്യമായി പ്രതിഷേധമുയര്‍ത്തിയത്. 
കഴിഞ്ഞ ഒരു നൂറ്റാണ്ടായി കളിക്കളത്തില്‍ യൂറോപ്പ് നെയ്തുകൊണ്ടിരിക്കുന്ന  വംശവെറിയുടെ വലയില്‍ മാനവ സമത്വത്തിന്റെ   ഫ്രീ കിക്ക് അടിച്ചു കയറ്റിക്കൊണ്ടാണ് ഫിഫയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത മത്സരമായി ലോക കപ്പിനെ ഖത്തര്‍ മാറ്റിയത്. മത്സരം ഉദ്ഘാടനം ചെയ്ത വിശിഷ്ടരിലൊരാള്‍ കാലുകളില്ലാത്ത ഒരു അരമനുഷ്യനായിരുന്നു- ഗാനിം മുഫ്താഹ്. ശരീരത്തിന്റെ താഴത്തെ പകുതിയുടെ വികാസത്തെ തടയുന്ന 'കോഡല്‍ റിഗ്രെഷന്‍ സിന്‍ഡ്രോം' എന്ന അപൂര്‍വ രോഗം ബാധിച്ച ഖത്തരി യുവാവ്.  മറ്റൊരു വിശിഷ്ട വ്യക്തി മോര്‍ഗന്‍ ഫ്രീമാന്‍ എന്ന കറുത്ത വംശജനായ ഹോളിവുഡ് നടന്‍. 'ഒരു വഴി മാത്രം അംഗീകരിച്ചാല്‍ എങ്ങനെയാണ് ഈ ലോകത്തിലെ എല്ലാ രാജ്യങ്ങളും ഭാഷകളും സംസ്‌കാരങ്ങളും ഒന്നിക്കുന്നത്?' എന്ന ഫ്രീമാന്റെ ചോദ്യത്തിന് 'ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നും സൃഷ്ടിക്കപ്പെട്ട മനുഷ്യ കുലത്തിന്റെ വര്‍ഗ-വര്‍ണ വൈവിധ്യത്തിന്റെ മനോഹാരിത' വിവരിക്കുന്ന ഖുര്‍ആന്‍ സൂക്തം പാരായണം ചെയ്തുകൊണ്ടാണ് ഗാനിം അല്‍ മുഫ്താഹ് മറുപടി പറഞ്ഞത്. ഉത്തരാധുനികാനന്തര ലിബറല്‍ - അരാജക അമ്മാവന്മാരെ സംബന്ധിച്ചേടത്തോളം അത്ര  സഹനീയമായിരുന്നില്ല ഒരു മധ്യപൗരസ്ത്യ അറബ് മുസ്ലിം ഗള്‍ഫ് രാജ്യം ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ മേളക്ക് ആതിഥ്യമരുളുകയും, ഉദ്ഘാടന വേദിയില്‍ വിശ്വമാനവികത ഉദ്ഘോഷിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിക്കപ്പെടുകയും ചെയ്യുന്നത്.  ഇതുകൊണ്ടാണ് നേരത്തെ ഉണ്ടായിരുന്ന വംശ-വര്‍ണ വെറിയോടൊപ്പം ഇസ്ലാം വെറുപ്പിന്റെ നാരദസൂത്രവും എല്‍.ജി.ബി.ടി.ക്യൂവിന്റെ പടിഞ്ഞാറന്‍ മാരിവില്ലടക്കമുള്ള മുള്ള് മുരട് മൂര്‍ഖന്‍ പാമ്പ് വരെയുള്ളതെല്ലാം ഒന്നിച്ചണിനിരന്ന് മേളക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. ക്യൂര്‍ സമൂഹത്തിന്റെ 'മഴവില്‍' പതാക മുതല്‍ ക്രൊയേഷ്യയുടെ 'ഹോട്ട്' ഫാന്‍ ഇവാന നോള്‍ എന്ന മോഡലിന്റെ നഗ്നതാ പ്രദര്‍ശന ഭീഷണി വരെ കളിക്കളത്തില്‍ ഉദ്വേഗം തീര്‍ത്തു. പാശ്ചാത്യ ലോകം ഉടനെ തന്നെ ഫൗള്‍ പ്ലേയുടെ വിസില്‍ മുഴക്കി. കളിയുമായി കാര്യമായൊരു ബന്ധവുമില്ലാത്തവരും, അതേസമയം 'അന്നം തരുന്ന' നാടുകള്‍ തോറ്റതില്‍ അര്‍മാദിക്കുകയും ചെയ്യുന്ന  സംഘ് ബൗദ്ധിക പണിക്കന്മാരും  മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കളത്തിലിറങ്ങി. കളി കഴിഞ്ഞപ്പോള്‍ കണ്ടത്തിലിറങ്ങിയ സംഘ മലയാളത്തിന്റെ ആസ്ഥാന ട്വിറ്ററാറ്റി ടി.ജി മോഹന്‍ദാസ് ഒറിജിനല്‍ വംശവെറിയുടെ കാര്‍ഡ് കൂടി പുറത്തെടുത്തു. ഫ്രഞ്ച് താരം എംബാെപ്പയുടെ നിറമാണ് മോഹന്‍ ദാസിന്റെ വര്‍ണാശ്രമത്തിന്റെ മോന്തായം ഇളക്കിയത്. 'ഫ്രഞ്ചുകാര്‍ വെളുത്തു തുടുത്ത സായ്പന്മാര്‍ ആയിരിക്കും എന്നാണ് ഞാന്‍ വിചാരിച്ചത്. ആ എംബാപ്പെയെ രാത്രിയിലെങ്ങാന്‍ വഴിയില്‍ കണ്ടാല്‍ നമ്മള് ഞെട്ടി ഏഴ് ദിവസം പനിപിടിച്ചു കിടക്കും! ഹൊ' എന്നായിരുന്നു  ഫൈനലില്‍ റണ്ണേഴ്സ് അപ്പ് ആയ ഫ്രഞ്ച് ടീമിലെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ കുറിച്ച മോഹന്‍ദാസിന്റെ ട്വീറ്റ്!
മദ്യം, ഉദാര ലൈംഗികത, രാത്രികാല വിനോദങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ പടിഞ്ഞാറു നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സാംസ്‌കാരിക പരിസരം ഉള്ള നാടാണ് ഖത്തര്‍. ലോക കപ്പ് വിവിധങ്ങളായ രാജ്യങ്ങളില്‍ നടക്കുമ്പോള്‍ ആ രാജ്യങ്ങളിലെ നിയമങ്ങള്‍ അനുസരിക്കുകയും അവര്‍ ഉള്‍ക്കൊള്ളുന്ന സാംസ്‌കാരിക രീതികളെ ബഹുമാനിക്കുകയും ചെയ്യണം എന്നതാണ് ഫിഫ, കളിക്കാര്‍ക്കും പ്രേക്ഷകര്‍ക്കും നല്‍കിവരാറുള്ള നിര്‍ദേശം. പക്ഷേ, ഇത്തവണ കളി നടന്നത് 'പിന്തിരിപ്പന്‍ മതവാദി'കളുടെ  മരുഭൂമിയില്‍ ആയതിനാലും ആ മരുഭൂമി ആറാം നൂറ്റാണ്ടിലെ 'ഗോത്രാചാരങ്ങളെ' അനുധാവനം ചെയ്യുന്ന സ്ഥലമായതിനാലും ലോകത്തിലെ എല്ലാ 'ലിബറല്‍ - പുരോഗമന' തലസ്ഥാനങ്ങളിലും സാമാന്യം ശക്തമായി സാംസ്‌കാരിക അഗ്നിപര്‍വതങ്ങള്‍ പൊട്ടിച്ചിതറി. ലോക കപ്പ് ചരിത്രത്തില്‍ ആദ്യമായി മൂന്ന് സ്ത്രീ റഫറിമാര്‍ കളി നിയന്ത്രിച്ചു എന്ന പ്രത്യേകത ഖത്തര്‍ ലോക കപ്പിന് മാത്രം അവകാശപ്പെട്ടതാണ്. എന്നിട്ടും മുഖ്യധാരാ മാധ്യമ പ്രചാരണം, 'സ്വേഛാധിപത്യ ഇസ്ലാമിക ഭരണകൂടങ്ങളും മതേതര ലിബറല്‍ ജനാധിപത്യ രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക സംഘര്‍ഷം അല്ലെങ്കില്‍ നാഗരികതകളുടെ ഏറ്റുമുട്ടലാണ്' നടക്കുന്നത് എന്നായിരുന്നു. യൂറോപ്പിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഉള്ളതിനെക്കാള്‍ ഫുട്ബാള്‍ ഫാന്‍സ് ഉള്ള കേരളത്തിലാണെങ്കില്‍ ലോക കപ്പ് തീരുന്നതോടെ  ഇസ്ലാമിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകും എന്ന മട്ടില്‍ ഓണ്‍ ലൈന്‍ - ഓഫ്‌ലൈന്‍ ജുഗല്‍ബന്ദികള്‍ സംഘടിപ്പിക്കപ്പെട്ടു. യൂറോപ്പിലെ ഫുട്‌ബോള്‍ ഭ്രാന്തന്മാര്‍ ലോകത്ത് എവിടെ ചെന്നാലും സ്വവര്‍ഗരതി, പരസ്യ വ്യഭിചാരം, മദ്യപാനം തുടങ്ങിയ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാവുകയില്ല എന്നും അതുകൊണ്ട് ഖത്തര്‍ തങ്ങളുടെ 'വിശുദ്ധ ഇസ്ലാമി'നെ ഒരു മാസത്തേക്കെങ്കിലും കെട്ടിപ്പൂട്ടി വെക്കേണ്ടിവരുമെന്നുമാണ് ദീര്‍ഘ കാലം ഖത്തര്‍ പ്രവാസിയായിരുന്ന നാരദ ന്യൂസ് മലയാളം ന്യൂസ് എഡിറ്റര്‍  രാജന്‍ ജോസഫ് (ABC Malayalam News 5-10-22) മത്സരം തുടങ്ങുന്നതിനു മുമ്പ് പ്രവചിച്ചത്. ആയതിനാല്‍ നമ്മുടെ നാട്ടിലെ 'വിവരമില്ലാത്ത' ഉസ്താദുമാരെ സര്‍ക്കാര്‍ ചെലവില്‍ ഖത്തറില്‍ കൊണ്ടുപോയി കളി കാണിക്കാനും എല്‍.ജി.ബി.ടി.ക്യൂ കൊടികള്‍ സ്റ്റേഡിയത്തില്‍ പാറിപ്പറക്കുന്നതും, തെരുവില്‍ നടക്കുന്ന രതിക്രീഡകള്‍ കണ്ടു പുതിയ ലോകം ഇതൊക്കെയാണെന്ന് മനസ്സിലാക്കുന്നതിനും അവസരമുണ്ടാക്കാനും രാജന്‍ ജോസഫ് അധികൃതരെ ഉപദേശിക്കുന്നുണ്ട്. ലോക കപ്പ് ഖത്തറിനെ സാംസ്‌കാരികമായി ഏത് തരത്തില്‍ മാറ്റും എന്ന ആങ്കറിന്റെ ചോദ്യത്തിനാണ് രാജന്‍ ജോസഫിന്റെ മറുപടി. മറ്റൊരു സ്വയം പ്രഖ്യാപിത  അന്വേഷണാത്മക - ആക്രമണാത്മക പത്രപ്രവര്‍ത്തകന്‍  ഒരു ഗോളകലം മുന്നോട്ടു പോയി 'തീര്‍ന്നെടാ, നീ തീര്‍ന്ന്' എന്ന് ഇസ്ലാമിന്റെ മുഖത്ത് നോക്കി തീര്‍ത്തു പറഞ്ഞു. മുന്‍ തെഹല്‍ക്ക മാനേജിംഗ് എഡിറ്ററും ഇപ്പോള്‍ നാരദ ന്യൂസിന്റെ ചീഫ് എഡിറ്ററുമായ മാത്യു സാമുവല്‍ ആണ് ആ മഹാന്‍. ലോക കപ്പ് തുടങ്ങുന്നതിനു മുമ്പ്  തന്നെ സ്വന്തം ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ ഘടാഘടിയന്‍ പ്രവചനം നടത്തിയ ആളാണ് ടിയാന്‍.  'ലോക കപ്പ് വിജയിച്ചാല്‍  ഖത്തര്‍ രക്ഷപ്പെടും. പക്ഷേ, ഉറപ്പായിട്ടും അത് ഇസ്ലാമിന് കിട്ടുന്ന അടിയായിരിക്കും; ഇസ്ലാം ഒരു സമൂലമാറ്റത്തിന് വിധേയമാവും. നേരെ മറിച്ച്, അത് പരാജയപ്പെട്ടാല്‍ ലോകമൊന്നടങ്കം പറയും: ഈ മതം ശരിയല്ല' (Loose Talk with Mathew - Narada News) എന്നായിരുന്നു പ്രവചനം. നിലപാടുകളില്‍ ഉറച്ചുനില്‍ക്കുക എന്ന ദുര്‍വാശിയൊന്നും പണ്ടേ മാത്യു സാമുവലിനില്ല. അതേസമയം, പറ്റിപ്പോവുന്ന തെറ്റിനെ ന്യായീകരിക്കാന്‍ അനിതരസാധാരണമായ കഴിവുമുണ്ട്. മാധ്യമ ലോകത്തെ സംഘ് പരിവാര്‍ വിരുദ്ധനായി അറിയപ്പെട്ടിരുന്ന 'നാരദ' ചീഫ് മാറിയ ഇന്ത്യയില്‍ ഒരു 'നരേന്ദ്ര' ന്യൂസ്മാന്‍ ആയി മാറിയ കഥ വേറെയുണ്ട്. ലോക കപ്പില്‍ തന്റെ പ്രവചനം പുലര്‍ന്നു എന്ന് തെളിയിക്കാനുള്ള ഞാണിന്മേല്‍ കളിയാണ് മത്സരാനന്തര 'ലൂസ് ടോക്കി'ല്‍ കാണാന്‍ കഴിയുന്നത്.  ഫുട്‌േബാളിന്റെ അനലിറ്റിക്സും അനാട്ടമിയും അറിയാത്തവരുടെ നാട്ടില്‍ ലോക കപ്പ് വെച്ചത് തന്നെ മഹാ വങ്കത്തമായി എന്നാണ് സാമുവലിന്റെ മത്സരാനന്തര വെളിപാട്. ഒരു 'കംപ്ലീറ്റ് ഫെയിലിയര്‍' എന്നാണ് മത്സരാനന്തര 'വിലയിരുത്തല്‍'. സ്വന്തം സ്ഥാപനത്തിലെ സ്ത്രീ തൊഴിലാളികളെ 'കാള്‍ ഗേള്‍സ്' വേഷം കെട്ടിച്ചു സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തി രാജ്യത്ത് രാഷ്ട്രീയ കോളിളക്കങ്ങള്‍ ഉണ്ടാക്കാന്‍ പോന്ന വാര്‍ത്തകള്‍ സൃഷ്ടിച്ചു പരിചയമുള്ള മാത്യുവിന്, ഖത്തര്‍ ലോക കപ്പ് അതുല്യ വിജയമാണെന്നുള്ള നിഷ്പക്ഷ സാക്ഷ്യങ്ങള്‍ 'കാശു കൊടുത്തു' ചെയ്യിക്കുന്ന പണികള്‍ ആവുക സ്വാഭാവികം.
ലോകം മുഴുക്കെ കണ്ണുമിഴിച്ചു നോക്കിനിന്ന ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചു  തങ്ങളുടെ വംശീയ വിരോധം തീര്‍ത്ത ബി.ബി.സി അടക്കമുള്ള  ബ്രിട്ടീഷ് മാധ്യമങ്ങള്‍,  സമാപനത്തില്‍ കിരീട ജേതാവ് മെസ്സിയെ ഖത്തര്‍ അമീര്‍ പരമ്പരാഗത അറേബ്യന്‍ വേഷമായ 'ബിഷ്ത്' ധരിപ്പിച്ചപ്പോള്‍ അതിനെ ക്രൂരമായ നടപടി എന്നാണ് വിശേഷിപ്പിച്ചത്. ചുരുക്കത്തില്‍, കേരളത്തിന്റെ നാലിലൊന്ന് വലുപ്പമുള്ള ഖത്തര്‍ ലോകത്തിലെ ഏറ്റവും വലിയ കളിമാമാങ്കം പഴുതുകളടച്ച് വിജയിപ്പിച്ചതില്‍ ലോകം മൊത്തം  അസ്വസ്ഥമാകുന്നതിന് ഹേതു മേല്‍പറഞ്ഞ കാരണങ്ങളെക്കാള്‍, ശുദ്ധമായ ഇസ്‌ലാമോഫോബിയ അല്ലാതെ മറ്റൊന്നുമല്ല. നിറത്തിന്റെയും മതത്തിന്റെയും പേരില്‍ മനുഷ്യര്‍ക്കിടയില്‍ കടുത്ത വിവേചനവും മനുഷ്യാവകാശ ധ്വംസനങ്ങളും നടത്തുന്ന  കിഴക്കും പടിഞ്ഞാറുമുള്ള നാടുകളോട്,  'മറ്റുള്ളവര്‍ക്ക് ഉപദേശം നല്‍കുന്നതിന് മുമ്പ്, അതിനുള്ള അര്‍ഹതയുണ്ടോ എന്ന് ആരോപണം ഉന്നയിക്കുന്നവര്‍ സ്വയം പരിശോധിക്കണം' എന്ന  ഫിഫ പ്രസിഡന്റ്  ജിയാനി ഇന്‍ഫാന്റിനോയുടെ പ്രസ്താവനയില്‍ ജര്‍മന്‍ ആഭ്യന്തര മന്ത്രിക്ക് മാത്രമല്ല, മാത്യു സാമുവലിനും ടി.ജി മോഹന്‍ദാസിനുമുണ്ട് മറുപടി!
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് സൂക്തം: 36-42
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇതര സമൂഹങ്ങളുടെയും നന്മകള്‍ വിലമതിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി