Prabodhanm Weekly

Pages

Search

2023 ജനുവരി 06

3284

1444 ജമാദുൽ ആഖിർ 13

അഭയാര്‍ഥി ശരീഅത്തിലും യു.എന്‍ രേഖകളിലും

അഹ്മദ് അബുല്‍ വഫാ

ദീന്‍ കാര്യങ്ങള്‍ മാത്രമല്ല ദുന്‍യാ കാര്യങ്ങളും പഠിപ്പിക്കാനാണ് ഇസ്‌ലാം വന്നിട്ടുള്ളത്. വ്യക്തികളും സമൂഹങ്ങളും രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധങ്ങളും അതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. എല്ലാ കാര്യങ്ങള്‍ക്കും വ്യക്തത വരുത്താന്‍ (തിബ്‌യാനന്‍ ലികുല്ലി ശൈഇന്‍) വേണ്ടിയാണ് ഖുര്‍ആന്റെ അവതരണമെന്ന് ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട് (16:89). ജീവനും ജീവിതവും അപകടത്തിലായ വ്യക്തികളുടെ (Vulnerable Persons) കൂട്ടത്തിലാണ് അഭയാര്‍ഥി പെടുക. ഒരു വ്യക്തി രണ്ട് വിധത്തില്‍ അഭയാര്‍ഥിയായിത്തീരാം. ഒന്ന്: വ്യക്തിപരമായി താനും കുടുംബവും താന്‍ ജീവിക്കുന്ന നാട്ടില്‍ കടുത്ത ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ അഭയം തേടി മറ്റൊരു നാട്ടിലേക്ക് പോവുക. രണ്ട്: രാഷ്ട്രീയമോ മതപരമോ സൈനികമോ ആയ കാരണങ്ങളാല്‍ ഒരു വിഭാഗം ഒന്നടങ്കം മര്‍ദനപീഡനങ്ങള്‍ക്ക് ഇരകളായി നാട് വിടേണ്ടി വരുമ്പോള്‍ ആ വ്യക്തിയും അതില്‍ ഉള്‍പ്പെടുക.
അഭയാര്‍ഥികളും, ഒരു രാഷ്ട്രത്തിനകത്ത് തന്നെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകാന്‍ നിര്‍ബന്ധിതരായ വ്യക്തികളും (Internally Displaced Persons) തമ്മില്‍ വ്യത്യാസമുണ്ട്. സാമ്പത്തിക ലക്ഷ്യത്തോടെയുള്ള പ്രവാസവും മറ്റൊന്നാണ്. അഭയാര്‍ഥി (Refugee) ആരെന്ന് കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. സംരക്ഷണവും അഭയവും സുരക്ഷിതത്വവും തേടി തന്റെ രാജ്യത്തിന്റെ അതിര്‍ത്തി കടന്ന് മറ്റൊരു രാജ്യത്ത് എത്തുന്നവനാണ് അഭയാര്‍ഥി. എന്നാല്‍, വംശീയ കലാപങ്ങളാലും മറ്റും ഒരു പ്രദേശത്ത് നിന്ന് അതേ രാഷ്ട്രത്തിലെ മറ്റൊരിടത്തേക്ക് കുടിയിറക്കപ്പെടുകയും ആട്ടിയിറക്കപ്പെടുകയും ചെയ്തവര്‍ അഭയാര്‍ഥികളില്‍ പെടില്ല എന്നു പറയാനുള്ള കാരണം, അവരിപ്പോഴും ആ രാജ്യാതിര്‍ത്തിക്കകത്ത് തന്നെ ആയതുകൊണ്ടാണ്. അവിടത്തെ നിയമങ്ങള്‍ തന്നെയാണ് അവര്‍ക്ക് ബാധകമാവുക. അതേസമയം, അവരുടെയും രാജ്യം വിടുന്ന അഭയാര്‍ഥികളുടെയും ലക്ഷ്യം ഒന്നുതന്നെയായിരിക്കും. അതായത്, അഭയവും സംരക്ഷണവും ലഭിക്കുക.
എന്നാല്‍, സാമ്പത്തിക പ്രവാസം തീര്‍ത്തും മറ്റൊന്നാണ്. അവിടെ വ്യക്തി സ്വമേധയാ നാടുവിടുകയാണ്. പീഡനഭയത്താലല്ല ആ നാടുവിടല്‍; തന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ വേണ്ടിയാണ്. അതുകൊണ്ടാണ് 2006-ല്‍ പ്രവാസ തൊഴില്‍ സംബന്ധമായ ഒരു പ്രഖ്യാപനം അറബ് ലീഗ് പുറത്തിറക്കിയപ്പോള്‍ അതില്‍ ഇങ്ങനെ കുറിച്ചത്: ''പ്രവാസികളും അഭയാര്‍ഥികളും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ ഓരോ ഭരണകൂടവും മനസ്സിലാക്കിയിരിക്കണം. അഭയാര്‍ഥികളുടെ അവകാശങ്ങളും ആവശ്യങ്ങളും തീര്‍ത്തും സവിശേഷവും വ്യത്യസ്തവുമാണ്.''
അറബി ഭാഷയിലും ഇസ്‌ലാമിക ശരീഅത്തിലും അഭയം നല്‍കുന്നതിന് പൊതുവെ പ്രയോഗിക്കപ്പെടുന്ന പദം 'മല്‍ജഅ്' എന്നാണ്. അഭയസ്ഥാനം അരുളുന്നു എന്നതിനാല്‍ കോട്ടകളും പര്‍വതങ്ങളും ഗുഹകളുമൊക്കെ ഒരു കാലത്ത് ഇതിന്റെ പരിധിയില്‍ വന്നിരുന്നു. ഖുര്‍ആന്‍ പറയുന്നു: ''വല്ല അഭയസ്ഥാനമോ (മല്‍ജഅ്) ഗുഹകളോ ഒളിച്ചിരിക്കാന്‍ ഇടമോ കണ്ടെത്തുകയാണെങ്കില്‍ അവര്‍ പിന്തിരിഞ്ഞ് അങ്ങോട്ട് വിരണ്ടോടുമായിരുന്നു'' (അത്തൗബ 57). ഇതേ വാക്ക് അത്തൗബയിലെ തന്നെ 118-ാം സൂക്തത്തിലും അശ്ശൂറായിലെ 47-ാം സൂക്തത്തിലും ആവര്‍ത്തിച്ചിട്ടുണ്ട്. 'ഈവാഅ്' എന്ന വാക്കിനും അറബി ഭാഷയില്‍ അഭയം നല്‍കുക എന്നാണര്‍ഥം. 'ഞാനൊരാള്‍ക്ക് അഭയം കൊടുത്തു' (ആവയ്തുഹു) എന്ന് പറയുമ്പോള്‍ അതില്‍ സ്ഫുരിക്കുന്ന വികാരം കാരുണ്യമാണ്. മര്‍ദിതനും പീഡിതനുമായ മനുഷ്യനോടുള്ള അനുകമ്പ.
ഖുര്‍ആന്‍ പറയുന്നു: ''ആ സന്ദര്‍ഭം ഓര്‍ക്കുക. നിങ്ങള്‍ തുഛം പേരായിരുന്നു. ഭൂമിയില്‍ ദുര്‍ബലരായി കരുതപ്പെട്ടിരുന്നു. ജനങ്ങള്‍ റാഞ്ചിക്കളയുമോ എന്ന് നിങ്ങള്‍ ഭയപ്പെടുന്നുണ്ടായിരുന്നു. പിന്നീട് അല്ലാഹു നിങ്ങള്‍ക്ക് അഭയസ്ഥാനമൊരുക്കി (ഫ ആവാകും)'' (അല്‍ അന്‍ഫാല്‍ 26).
''സത്യവിശ്വാസം കൈക്കൊള്ളുകയും ദേശത്യാഗം ചെയ്യുകയും ദേഹംകൊണ്ടും ധനംകൊണ്ടും ദൈവിക സരണിയില്‍ സമരം നടത്തുകയും ചെയ്തവരും, സ്വദേശം വെടിഞ്ഞവര്‍ക്ക് അഭയം നല്‍കുകയും (ആവൗ) സഹായിക്കുകയും ചെയ്തവരുമുണ്ടല്ലോ; അവര്‍ യഥാര്‍ഥത്തില്‍ പരസ്പരം രക്ഷാധികാരികളാകുന്നു'' (അല്‍ അന്‍ഫാല്‍ 72).
നബി(സ)യെ അഭിസംബോധന ചെയ്തുകൊണ്ട് ഇങ്ങനെ പറയുന്നു: 'ഒരനാഥനായി അവന്‍ നിന്നെ കണ്ടില്ലയോ; അപ്പോള്‍ നിനക്ക് അഭയമേകിയില്ലയോ?''(അദ്ദുഹാ 6).
അഭയത്തെ ഒരു അവകാശമായി പ്രഖ്യാപിക്കുമ്പോള്‍ ഖുര്‍ആന്‍ ചിലപ്പോള്‍ 'ഹിജ്‌റ' എന്ന വാക്കും പ്രയോഗിച്ചിട്ടുണ്ട്.
''അവര്‍ (മദീനാ നിവാസികള്‍) തങ്ങളിലേക്ക് പലായനം ചെയ്‌തെത്തിയവരെ സ്‌നേഹിക്കുന്നു'' (അല്‍ ഹശ്ര്‍ 9).
അറബിയില്‍ അഭയം എന്ന ആശയത്തെ ധ്വനിപ്പിക്കുന്ന ഇനിയും ഒട്ടുവളരെ വാക്കുകളുണ്ട്. ഹിസ്വ്ന്‍ അംന് , ഹിര്‍സ് , വഅസ് , മൗഇല്‍ , മലാദ് ,  അസ്വര്‍ , കഹ്ഫ് , കനഫ് , മന്‍ജാ , മആല്‍  മആദ് , മുഅ്തസ്വം , മുഅ്തസ്വര്‍ , ഹുദ്ന്‍  മനാസ്വ് , മുഅ്തമദ് , മുല്‍തഹദ് , സ്വയാസ്വ് , വഅ്ത്വം  പോലെ.
ഇസ്തജാറ , ഇസ്തസ്വ്‌റഖ , ഇസ്തന്‍ജദ , ഇസ്തജാശ , ഇസ്തള്ഹറ ബിഹി  ലഹഫ ഇലൈഹി   ജസഅ ഇലൈഹി  തുടങ്ങിയ ക്രിയാപദങ്ങളും ഇതേ ആശയം ധ്വനിപ്പിക്കുന്നു. അറേബ്യന്‍ സംസ്‌കാരത്തിലും ശേഷം ഇസ്‌ലാമിക സംസ്‌കൃതിയിലും അഭയാര്‍ഥി പ്രശ്‌നം എത്ര ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്നുവെന്നതിന് ഈ പദാധിക്യം തന്നെ തെളിവാണ്.
ശരീഅത്തിന് മുമ്പും അറേബ്യന്‍ സംസ്‌കൃതി അഭയം എന്ന അവകാശത്തെ അതിന്റെ അടിസ്ഥാന മൂല്യങ്ങളിലൊന്നായാണ് കണ്ടിരുന്നത്. അതിന്മേലുള്ള കൈയേറ്റം അനുവദിക്കുമായിരുന്നില്ല. നിരവധി അറബിക്കവിതകളില്‍ ഈ ചിരന്തന മൂല്യം വളരെയേറെ പ്രകീര്‍ത്തിക്കപ്പെടുന്നതായി കാണാം. അഭയം നിരസിക്കുന്നവര്‍ കവികളുടെ കടുത്ത അധിക്ഷേപത്തിന്റെ കയ്പ് കുടിക്കേണ്ടി വരുമായിരുന്നു. അത്തരക്കാരെ ജനം പിന്നീട് പുഛത്തോടെയാണ് കാണുക.
മദീനയിലേക്കുള്ള ഹിജ്‌റയുടെ തൊട്ടുമുമ്പ് നബി(സ) മദീനയില്‍ നിന്നെത്തിയവരുമായുണ്ടാക്കിയ രണ്ടാം അഖബാ ഉടമ്പടി അഭയമാവശ്യപ്പെടുന്നതിന്റെ മികച്ച മാതൃകയാണ്. നബി(സ) അവരോട് പറഞ്ഞു: ''ഞാന്‍ നിങ്ങളുമായി ഉടമ്പടി ഉണ്ടാക്കുന്നത്, നിങ്ങള്‍ നിങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും എപ്രകാരം സംരക്ഷിക്കുന്നുവോ അപ്രകാരം എന്നെയും സംരക്ഷിക്കും എന്ന വ്യവസ്ഥയിലാണ്.''

അഭയാര്‍ഥി ആരാണ്?

ഐക്യ രാഷ്ട്രസഭയുടെ റഫ്യൂജി ഏജന്‍സി (UNHCR) പല പരിഷ്‌കരണങ്ങളോടെ അഭയാര്‍ഥി ആരെന്ന് നിര്‍വചിച്ചിട്ടുണ്ട്. അത് മേല്‍വിവരണങ്ങളുമായി ഒത്തുപോകുന്നതാണ്. അതു പ്രകാരം തന്റെ വംശം, മതം, പൗരത്വം, ഏതെങ്കിലും സംഘത്തില്‍ ഉള്‍പ്പെടല്‍ എന്നിവ കാരണമായോ, തന്റെ രാഷ്ട്രീയ അഭിപ്രായങ്ങള്‍ കാരണമായോ പീഡിപ്പിക്കപ്പെടുമെന്ന് ഭയന്ന് താന്‍ പൗരനായ രാഷ്ട്രത്തിന്റെ അതിര്‍ത്തി കടന്നെത്തിയവനാണ് അഭയാര്‍ഥി. ഈ ഭയം കാരണം അയാള്‍ക്ക് ആ നാട്ടിലേക്ക് തിരിച്ചുപോകാനാവുന്നില്ല; അല്ലെങ്കില്‍ തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നില്ല. താന്‍ മുമ്പ് താമസിച്ചിരുന്ന നാട്ടില്‍നിന്ന് (അവിടെ തനിക്ക് പൗരത്വമില്ല) പുറത്തുകടന്നവരും, ഭയം കാരണം അങ്ങോട്ട് തിരിച്ചുപോകാന്‍ കഴിയാത്തവരും / ഇഷ്ടപ്പെടാത്തവരും ഈ ഗണത്തില്‍ പെടും.1
അഭയം എന്ന പരികല്‍പ്പന മൂന്ന് ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്:
1) അഭയം ആവശ്യപ്പെടുന്ന വ്യക്തി ആ രാഷ്ട്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള ആളാവുക.
2) ആ വ്യക്തിയെ, അയാള്‍ക്ക് പൗരത്വമില്ലാത്ത ഈ നാട്ടില്‍ തങ്ങാന്‍ അനുവദിക്കുക. അയാളെ അയാള്‍ എത്തിച്ചേര്‍ന്ന നാട്ടില്‍നിന്ന് പുറത്താക്കാതിരിക്കുക എന്നതും, ഏതൊരു രാഷ്ട്രമാണോ അയാളെ ആവശ്യപ്പെടുന്നത്, അവര്‍ക്ക് അയാളെ കൈമാറാതിരിക്കുക എന്നതും ഇതിന്റെ അനിവാര്യ ഫലമാണ്.
3) നിയമാനുസൃതമല്ലാത്ത രീതിയില്‍ രാജ്യത്തേക്ക് കടന്നുവന്നതിന്റെ പേരില്‍ അയാളെ ശിക്ഷിക്കാതിരിക്കുക. ഓടിപ്പോരാന്‍ ആ വ്യക്തി 'നിര്‍ബന്ധിതനായി' എന്ന സാഹചര്യമാണ് അവിടെ പരിഗണിക്കേണ്ടത്.
(കയ്‌റോ യൂനിവേഴ്‌സിറ്റി പ്രഫസറും അന്താരാഷ്ട്ര നിയമത്തില്‍ വിദഗ്ധനുമായ അഹ്മദ് അബുല്‍ വഫാ എഴുതിയ, അഭയാവകാശം ഇസ്‌ലാമിക ശരീഅത്തിലും അന്താരാഷ്ട്ര നിയമങ്ങളിലും- ഹഖുല്ലുജൂഅ് ബൈനശ്ശരീഅ അല്‍ ഇസ്‌ലാമിയ്യ വല്‍ ഖാനൂനിദ്ദൗലി ലില്ലാജിഈന്‍ - എന്ന പുസ്തകത്തില്‍നിന്ന്. യു.എന്‍ റഫ്യൂജി ഏജന്‍സിയും ഒ.ഐ.സിയും ചേര്‍ന്നാണ് ഇത് പ്രസിദ്ധീകരിച്ചത്. പുസ്തകത്തിന് അവതാരിക എഴുതിയത് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്). 

1. Collection of International Instruments and Legal Tests Concerning Refugees and Others of Concern to the UNHCR, Geneva, June 2007, Vol. 3, P. 1130


അഭയാര്‍ഥി പ്രശ്‌നം ഇത്ര ഗൗരവത്തില്‍ 
ചര്‍ച്ച ചെയ്ത മറ്റൊരു ദര്‍ശനമില്ല

 

അന്റോണിയോ ഗുട്ടെറസ്

സാഹോദര്യവും സമത്വവും സഹിഷ്ണുതയും സാക്ഷാല്‍ക്കരിക്കാനുള്ള മൗലിക തത്ത്വങ്ങളുമായാണ് ഇസ്‌ലാമിക ശരീഅത്ത് വന്നിട്ടുള്ളത്. നിസ്സഹായരായിപ്പോകുന്ന മനുഷ്യരെ സഹായിക്കുക, അവര്‍ തങ്ങളുടെ ശത്രുക്കളാണെങ്കില്‍ പോലും മര്‍ദനമഴിച്ചുവിടുന്ന നാട്ടിലേക്ക് അവരെ തിരിച്ചയക്കാതിരിക്കുക എന്നത് ഇസ്‌ലാമിക നിയമസംഹിതയുടെ ആധാര ശിലകളിലൊന്നാണ്. നമ്മുടെ കാലത്തെ മനുഷ്യാവകാശ രേഖകളും പ്രഖ്യാപനങ്ങളുമൊക്കെ വരുന്നതിന് എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ അഭയാര്‍ഥിക്ക് ഈ അവകാശങ്ങളൊക്കെ ഇസ്‌ലാം നല്‍കിയിട്ടുണ്ട്.
ഇസ്‌ലാമിലെ അഭയാര്‍ഥി നിയമങ്ങള്‍ സുവ്യക്തമാണെന്ന് മാത്രമല്ല, വിശദാംശങ്ങളോടെ തന്നെ വന്നിട്ടുള്ളതാണ്. അഭയം തേടിയെത്തിയവന്‍ (ഇസ്‌ലാമിക പരികല്‍പ്പനയില്‍ 'മുസ്തഅ്മിന്‍') എല്ലാ തരത്തിലുള്ള സുരക്ഷക്കും പരിചരണത്തിനും അന്തസ്സിനും അര്‍ഹനാണ്. ഇസ്‌ലാമിക സമൂഹം അഭയാര്‍ഥി നിയമങ്ങളൊക്കെ ക്ലിപ്തപ്പെടുത്തിയിട്ടുണ്ട്. അഭയം തേടിയെത്തിയവനെ തിരിച്ചയക്കുന്നത് 'ഹറാം' ആണ്. ഇന്നത്തെ അന്താരാഷ്ട്ര അഭയാര്‍ഥി നിയമത്തിന്റെ കാതലും അതാണല്ലോ.
അഭയാര്‍ഥി വിശ്വാസിയാണോ അവിശ്വാസിയാണോ എന്ന യാതൊരു നോട്ടവുമില്ല. അത്തരം വിവേചനങ്ങള്‍ ഒരിക്കലും പാടില്ലെന്നും ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട് (അത്തൗബ 6). ഒരു നബിവചനത്തില്‍ പറയുന്നുണ്ടല്ലോ: ''മസ്ജിദുല്‍ ഹറാമില്‍ പ്രവേശിച്ചവന്‍ സുരക്ഷിതനാണ്, അബൂസുഫ്‌യാന്റെ വീട്ടില്‍ പ്രവേശിച്ചവന്‍ സുരക്ഷിതനാണ്, ആയുധം താഴെയിട്ടവന്‍ സുരക്ഷിതനാണ്, വീട് പൂട്ടി അകത്തിരുന്നവന്‍ സുരക്ഷിതനാണ്.'' മക്കയില്‍ പീഡനങ്ങള്‍ സഹിക്കവയ്യാതെ എത്യോപ്യയിലേക്കും മദീനയിലേക്കും മുസ്‌ലിംകള്‍ നടത്തിയ പലായനങ്ങളാണ് അഭയാര്‍ഥി പ്രശ്‌നത്തിന് ഇത്ര വിപുലമായ ചട്ടക്കൂട് രൂപപ്പെട്ടുവരാന്‍ കാരണമായതെന്ന് പല ഗവേഷകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മറ്റേതൊരു സ്രോതസ്സിനെക്കാളും ഖുര്‍ആനും സുന്നത്തുമാണ് ആധുനിക അഭയാര്‍ഥി നിയമങ്ങള്‍ക്ക് ആധാരമാക്കിയിരിക്കുന്നത്. 
(അഹ്മദ് അബുല്‍ വഫായുടെ പുസ്തകത്തിന് യു.എന്‍ സെക്രട്ടറി ജനറല്‍ എഴുതിയ അവതാരികയില്‍ നിന്ന്)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് സൂക്തം: 36-42
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇതര സമൂഹങ്ങളുടെയും നന്മകള്‍ വിലമതിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി