Prabodhanm Weekly

Pages

Search

2023 ജനുവരി 06

3284

1444 ജമാദുൽ ആഖിർ 13

അഭയാര്‍ഥികളുടെ ലോകം അവരുടെ മനുഷ്യാവകാശങ്ങള്‍

ഡോ. ഹിശാമുല്‍ വഹാബ്  [email protected]

അഭയാര്‍ഥികള്‍ സമകാലിക ലോകത്ത് അപരിഹാര്യമായ പ്രശ്‌നമായാണ് അവതരിപ്പിക്കപ്പെടാറുള്ളത്. വ്യത്യസ്ത ദേശ-രാഷ്ട്രങ്ങളായി വേര്‍തിരിക്കപ്പെട്ട ലോക രാഷ്ട്രീയ ക്രമത്തില്‍ സ്വദേശത്ത് അരക്ഷിതത്വം നേരിടുന്ന ജനതകളാണ് പലായനം ചെയ്യുവാന്‍ നിര്‍ബന്ധിക്കപ്പെടാറുള്ളത്. ആഗോള അഭയാര്‍ഥി ക്ഷേമ സംഘടനയായ യു.എന്‍.എച്ച്.സി.ആറിന്റെ നിര്‍വചന പ്രകാരം, 'പീഡനം, യുദ്ധം അല്ലെങ്കില്‍ അക്രമം എന്നിവ കാരണം തന്റെ രാജ്യം വിട്ടുപോകാന്‍ നിര്‍ബന്ധിതനായ ഒരാളാണ് അഭയാര്‍ഥി.' ഒരു അഭയാര്‍ഥിക്ക് വംശം, മതം, ദേശീയത, രാഷ്ട്രീയ അഭിപ്രായം അല്ലെങ്കില്‍ ഒരു പ്രത്യേക സാമൂഹിക സംഘടനയിലെ അംഗത്വം തുടങ്ങിയ കാരണങ്ങളാല്‍ പീഡിപ്പിക്കപ്പെടുമെന്ന ഭയം നിലനില്‍ക്കുന്നു. മിക്കവാറും, അവര്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ ഭയരഹിതവും സുരക്ഷിതത്വമുള്ളതുമായ സാഹചര്യമുണ്ടാവില്ല.
യുദ്ധവും, വംശീയവും ഗോത്രപരവും മതപരവുമായ അക്രമങ്ങളുമാണ് അഭയാര്‍ഥികള്‍ അവരുടെ രാജ്യങ്ങളില്‍ നിന്ന് പലായനം ചെയ്യുന്നതിന്റെ പ്രധാന കാരണങ്ങള്‍. നിലവില്‍ സിറിയ, വെനസ്വേല, യുക്രെയ്ന്‍, അഫ്ഗാനിസ്താന്‍, ദക്ഷിണ സുഡാന്‍, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അതിര്‍ത്തി കടന്നുള്ള കുടിയിറക്കപ്പെട്ടവരില്‍ മുന്‍പന്തിയിലുള്ളത്. അഭയാര്‍ഥികള്‍ക്കും നാടുകടത്തപ്പെട്ടവര്‍ക്കും അന്താരാഷ്ട്രതലത്തില്‍ സംരക്ഷണവും ആശ്വാസവും നല്‍കുന്നതിനും അത്തരം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുമായി 1950-ല്‍ സ്ഥാപിതമായ പ്രസ്ഥാനമാണ് യു.എന്‍.എച്ച്.സി.ആര്‍ (യുനൈറ്റഡ് നാഷന്‍സ് ഹൈക്കമ്മീഷണര്‍ ഫോര്‍ റെഫ്യൂജീസ്). ഈ പ്രസ്ഥാനം, അഭയാര്‍ഥികള്‍ തരണം ചെയ്യുന്ന പ്രതിസന്ധി ഘട്ടങ്ങളില്‍ വ്യവസ്ഥാപിത രീതിയില്‍ അഭയവും സഹായവും വാഗ്ദാനം ചെയ്യുന്നു. അടിയന്തര സാഹചര്യങ്ങളില്‍ പാര്‍പ്പിടം, ഭക്ഷണം, വെള്ളം, വൈദ്യസഹായം എന്നിവ നല്‍കുന്നു. അഭയാര്‍ഥി ക്യാമ്പുകളിലും കമ്യൂണിറ്റികളിലും അഭയാര്‍ഥികളുടെ ജീവിത നിലവാരവും ഭാവി അവസരങ്ങളും മെച്ചപ്പെടുത്തുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍, സ്‌കൂളുകള്‍, ഉപജീവന പദ്ധതികള്‍ എന്നിവ ആവിഷ്‌കരിച്ച് നടപ്പാക്കുന്നു. അഭയാര്‍ഥികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിയുമ്പോള്‍, അവരുടെ മടക്കം സുഗമമാക്കുന്നതിന് അവര്‍ക്ക് യാത്രാസൗകര്യം, അടിസ്ഥാന രേഖകള്‍, അവശ്യ വസ്തുക്കള്‍ എന്നിവ ഒരുക്കിക്കൊടുക്കുന്നു.
1951-ലെ ജനീവാ കണ്‍വെന്‍ഷന്‍ അഭയാര്‍ഥി നിയമത്തിന്റെ പ്രധാന അധ്യായമാണ്. മനുഷ്യാവകാശങ്ങളുടെ സാര്‍വത്രിക പ്രഖ്യാപനത്തിന്റെ ആര്‍ട്ടിക്ക്ള്‍ 14 പ്രകാരമാണ് ഇതിന്റെ പ്രഖ്യാപനം. ഒരു അഭയാര്‍ഥി ആരാണെന്നും, രേഖയില്‍ ഒപ്പിട്ട രാജ്യങ്ങളില്‍ നിന്ന് അയാള്‍ക്ക് അല്ലെങ്കില്‍ അവള്‍ക്ക് ലഭിക്കേണ്ട നിയമ പരിരക്ഷയും മറ്റു സഹായങ്ങളും സാമൂഹിക അവകാശങ്ങളും എന്തൊക്കെയാണെന്നും കണ്‍വെന്‍ഷന്‍ വ്യക്തമായി പറയുന്നുണ്ട്. ആതിഥേയ ഗവണ്‍മെന്റുകളോടുള്ള അഭയാര്‍ഥിയുടെ ബാധ്യതകളും കണ്‍വെന്‍ഷന്‍ നിര്‍വചിക്കുന്നു. കണ്‍വെന്‍ഷന്‍ 1951-ല്‍ അംഗീകരിച്ചെങ്കിലും 1954 ഏപ്രില്‍ 22-നാണ് നിലവില്‍ വന്നത്. രണ്ടാം ലോക യുദ്ധത്തെത്തുടര്‍ന്നുണ്ടായ  യൂറോപ്യന്‍ അഭയാര്‍ഥികളെ സംരക്ഷിക്കുന്നതിലേക്ക് കണ്‍വെന്‍ഷന്റെ പ്രവര്‍ത്തനം ഏറക്കുറെ പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍, മറ്റൊരു രേഖയായ 1967 പ്രോട്ടോക്കോള്‍ ലോകത്തെവിടെയുമുള്ള അഭയാര്‍ഥികളെ കണ്‍വെന്‍ഷന്റെ പരിധിയില്‍ കൊണ്ടുവന്നു.
ജനീവാ കണ്‍വെന്‍ഷന്റെ ഏറ്റവും സുപ്രധാന മനുഷ്യാവകാശ പ്രഖ്യാപനം ആര്‍ട്ടിക്ക്ള്‍ 33 ആണ്. ഇതു പ്രകാരം, 'ഒരു അഭയാര്‍ഥിയെ വംശം, മതം, ദേശീയത, ഒരു പ്രത്യേക സാമൂഹിക ഗ്രൂപ്പിന്റെ അംഗത്വം അല്ലെങ്കില്‍ രാഷ്ട്രീയ അഭിപ്രായം എന്നിവയുടെ പേരില്‍ അവന്റെ ജീവനോ സ്വാതന്ത്ര്യമോ ഭീഷണിപ്പെടുത്തുന്ന പ്രദേശങ്ങളുടെ അതിര്‍ത്തികളിലേക്ക് ഏതെങ്കിലും വിധത്തില്‍ പുറത്താക്കുകയോ തിരികെ നല്‍കുകയോ ചെയ്യരുത്.' അഥവാ, പ്രശ്‌ന-പരിഹാരത്തിന് ശേഷം മാത്രമേ ഒരു അഭയാര്‍ഥിയെ സ്വദേശത്തേക്ക് തിരിച്ചയക്കാന്‍ രാഷ്ട്രങ്ങള്‍ക്ക് അധികാരമുള്ളൂ. എന്നാല്‍, ഈ തത്ത്വമാണ് ഏറ്റവും കൂടുതല്‍ ലംഘിക്കപ്പെടുന്നത് എന്നതാണ് സമകാലിക രാഷ്ട്രീയ സമവാക്യങ്ങളുടെ മറുപുറം.
യു.എന്‍.എച്ച്.സി.ആര്‍ അഭയാര്‍ഥികള്‍, അഭയാര്‍ഥി അപേക്ഷകര്‍, ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍, പൗരത്വമില്ലാത്തവര്‍ എന്നിങ്ങനെ വിവിധ തലത്തിലുള്ളവര്‍ക്കാണ് സേവനം ലഭ്യമാക്കുന്നത്. അവര്‍ പ്രസിദ്ധീകരിച്ച 2022-ലെ മധ്യ-വര്‍ഷ റിപ്പോര്‍ട്ട് പ്രകാരം, ലോകമെമ്പാടുമുള്ള 77 പേരില്‍ ഒരാള്‍ നിര്‍ബന്ധിതമായി കുടിയിറക്കപ്പെടുന്നു. ഇത് 2012-ലെ 167-ല്‍ ഒരാള്‍ എന്നതിനെക്കാള്‍ ഇരട്ടിയിലധികമാണ്. 2022 ജൂണ്‍ വരെയുള്ള കാലയളവില്‍ പീഡനം, സംഘര്‍ഷം, അക്രമം, മനുഷ്യാവകാശ ലംഘനങ്ങള്‍, സാമൂഹിക-വിരുദ്ധ സംഭവങ്ങള്‍ എന്നിവ കാരണം 103 ദശലക്ഷം ആളുകള്‍ അവരുടെ വീടുകളില്‍ നിന്ന് നിര്‍ബന്ധിതമായി കുടിയിറക്കപ്പെട്ടു.
അതേസമയം അഭയാര്‍ഥികളുടെ എണ്ണം മാത്രം 32.5 ദശലക്ഷമായി ഉയര്‍ന്നു. യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വേഗമേറിയതും വര്‍ധിതവുമായ രീതിയില്‍ ആളുകള്‍ അവിടെനിന്ന് പലായനം ചെയ്തു. കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്ത്വീനികളെ പരിപാലിക്കുന്നതിനായി 1949-ല്‍ സ്ഥാപിതമായ യു.എന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി ഫോര്‍ പാലസ്തീന്‍ റെഫ്യൂജീസ് ഇന്‍ ദി നിയര്‍ ഈസ്റ്റ് (യു.എന്‍.ആര്‍.ഡബ്ല്യൂ.എ) മിഡില്‍ ഈസ്റ്റില്‍ ഉടനീളമുള്ള 60 ക്യാമ്പുകളിലായി 5.8 ദശലക്ഷം രജിസ്റ്റര്‍ ചെയ്ത അഭയാര്‍ഥികളെ പരിപാലിക്കുന്നു. 2022-ന്റെ മധ്യത്തോടെ, 3.7 ദശലക്ഷം അഭയാര്‍ഥികള്‍ക്ക് ആതിഥേയത്വം നല്‍കി ആഗോള തലത്തില്‍ തുര്‍ക്കി ഒന്നാം സ്ഥാനത്താണ്. അന്താരാഷ്ട്ര സംരക്ഷണം ആവശ്യമുള്ള മറ്റ് ആളുകള്‍ ഉള്‍പ്പെടെ 2.5 ദശലക്ഷവുമായി കൊളംബിയ രണ്ടാമതും 2.2 ദശലക്ഷം അഭയാര്‍ഥികളുമായി ജര്‍മനി മൂന്നാമതുമാണ്. തൊട്ടുപിറകില്‍ പാകിസ്താന്‍ (1.5 ദശലക്ഷം), ഉഗാണ്ട (1.5 ദശലക്ഷം) എന്നീ രാജ്യങ്ങളാണ്.
അഭയാര്‍ഥികള്‍ക്ക് അവകാശപ്പെട്ട മാനവികവും രാഷ്ട്രീയവുമായ ആനുകൂല്യങ്ങള്‍ തിരസ്‌കരിക്കുന്നതിന് ഭരണകൂടങ്ങളും മാധ്യമങ്ങളും പല തന്ത്രങ്ങളും പയറ്റാറുണ്ട്. അവരെ അകറ്റിനിര്‍ത്തുവാന്‍ 'പ്രവാസികള്‍', 'അനധികൃത കുടിയേറ്റക്കാര്‍' എന്നീ സംജ്ഞകളാണ് പൊതുവേ ഉപയോഗിക്കുക. ഇതിലൂടെ, അവര്‍ മെച്ചപ്പെട്ട സാമ്പത്തിക അവസരങ്ങള്‍ തേടി താല്‍ക്കാലികമായി ആതിഥേയ രാജ്യത്ത് വസിക്കുന്നവരാണ് എന്ന് വിധിയെഴുതുന്നു. അവര്‍ നേരിടുന്ന വെല്ലുവിളികള്‍ മറച്ചുവെച്ച്, കേവല പ്രവാസികള്‍ക്കുള്ള നിയമ പരിരക്ഷ നല്‍കുന്നു. അതേസമയം, അഭയാര്‍ഥി ജനതകളോടുള്ള സമീപനം അവരുടെ മതവും രാജ്യവുമൊക്കെ നോക്കിയാണ് ആതിഥേയര്‍ രൂപപ്പെടുത്തുന്നത്. 'നമ്മള്‍/ അവര്‍' എന്ന ദ്വന്ദ്വം അടിസ്ഥാനമാക്കി അഭയാര്‍ഥികളോട് സൗഹൃദമാണോ ശത്രുതയാണോ വേണ്ടത് എന്ന് തീരുമാനിക്കുന്നു. അപര സമൂഹങ്ങളെ സാംസ്‌കാരിക എതിരാളികളായും ചാരന്മാരായും നാഗരിക വിരോധികളായും മുദ്രകുത്തി, അഭയാര്‍ഥി-വിരുദ്ധ സംഘടനകള്‍ വംശീയതയും ഇസ്‌ലാമോഫോബിയയും പ്രചരിപ്പിക്കുന്നു. തങ്ങളുടെ സഹകരണത്തോടെ നടത്തപ്പെട്ട യുദ്ധങ്ങളുടെ ഫലമായി മധ്യ പൗരസ്ത്യ ദേശത്തു നിന്ന് പലായനം ചെയ്യേണ്ടി വന്ന ജനതയോടും യുക്രെയ്ന്‍ ജനതയോടുമുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ സമീപനത്തിലെ വൈരുധ്യം ഈ യാഥാര്‍ഥ്യത്തിന് അടിവരയിടുന്നുണ്ട്.

ഭരണകക്ഷിയുടെ ഇരട്ടത്താപ്പ്
ഇന്ത്യന്‍ സാഹചര്യം വിശകലനം ചെയ്യുമ്പോള്‍, 1951-ലെ അഭയാര്‍ഥി കണ്‍വെന്‍ഷനിലോ 1967-ലെ പ്രോട്ടോക്കോളിലോ ഇന്ത്യ കക്ഷിയല്ല എന്നതിനാല്‍, രാജ്യത്തിന് തനതായ ഒരു അഭയാര്‍ഥി സംരക്ഷണ ചട്ടക്കൂട് നിര്‍മിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും, പൊതുവെ യു.എന്‍.എച്ച്.സി.ആര്‍ രേഖ കൈവശമുള്ളവര്‍ക്കുള്ള അവകാശത്തെ മാനിക്കുന്ന ഇന്ത്യ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ധാരാളം അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കുന്നത് തുടരുന്നു. പക്ഷേ, പലപ്പോഴും വിവിധ അഭയാര്‍ഥി ഗ്രൂപ്പുകളുമായി ഭരണ കക്ഷിയുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി ഇന്ത്യ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നത്.
സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജ്യണല്‍ കോര്‍പ്പറേഷന്‍) രാജ്യങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ബംഗ്ലാദേശ്, ഇന്ത്യ, ശ്രീലങ്ക, ഭൂട്ടാന്‍, പാകിസ്താന്‍, മാലിദ്വീപ്, നേപ്പാള്‍ എന്നീ രാഷ്ട്രങ്ങളൊന്നും ജനീവാ കണ്‍വെന്‍ഷനിലും 1967 പ്രോട്ടോക്കോളിലും ഒപ്പുവെച്ചിട്ടില്ല. ഇന്ത്യ ഒപ്പിട്ട 1984-ലെ കണ്‍വെന്‍ഷന്‍ എഗയ്ന്‍സ്റ്റ് ടോര്‍ച്ചര്‍ ആര്‍ട്ടിക്ക്ള്‍ 3 പറയുന്നു: ''ഒരു രാജ്യവും ഒരാളെ പുറത്താക്കുകയോ തിരികെ നല്‍കുകയോ മറ്റൊരു രാജ്യത്തേക്ക് കൈമാറുകയോ ചെയ്യില്ല, അവിടെ അയാള്‍ പീഡനത്തിന് വിധേയമായി അപകടത്തിലാകുമെന്ന് വിശ്വസിക്കുന്നതിന് കാര്യമായ കാരണങ്ങളുണ്ടെങ്കില്‍.'' അതിനാല്‍തന്നെ, നിര്‍ബന്ധിച്ച് മടക്കി അയക്കുന്നത് തടയുക എന്ന സുപ്രധാന അന്താരാഷ്ട്ര നിയമം പാലിക്കാന്‍ ഇന്ത്യ ബാധ്യസ്ഥമാണ്. 
അഭയാര്‍ഥികള്‍ക്കായി ഇന്ത്യയില്‍ ആഭ്യന്തര നിയമങ്ങളൊന്നുമില്ല എന്നത് യാഥാര്‍ഥ്യമാണ്. എല്ലാ വിദേശ പൗരന്മാരെയും (അഭയം തേടുന്നവര്‍ ഉള്‍പ്പെടെ) നിലവില്‍ 1946 -ലെ ഫോറിനേഴ്‌സ് ആക്ട്, 1939-ലെ വിദേശികളുടെ രജിസ്‌ട്രേഷന്‍ നിയമം, 1920-ലെ പാസ്‌പോര്‍ട്ട് (ഇന്ത്യയിലേക്കുള്ള പ്രവേശനം) നിയമം, 1955-ലെ പൗരത്വ നിയമം എന്നിവയില്‍ അടങ്ങിയിരിക്കുന്ന വ്യവസ്ഥകളാണ് നിയന്ത്രിക്കുന്നത്. ഇന്ത്യന്‍ ഭരണഘടന തുല്യതയ്ക്കുള്ള അവകാശം (ആര്‍ട്ടിക്ക്ള്‍ 14), ജീവിക്കാനും സ്വാതന്ത്ര്യത്തിനും ഉള്ള അവകാശം (ആര്‍ട്ടിക്ക്ള്‍ 21), അതിലെ പൗരന്മാരല്ലാത്തവര്‍ക്കും നല്‍കുന്നു.
1996-ലെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വേഴ്‌സസ് അരുണാചല്‍ പ്രദേശ് കേസില്‍ സുപ്രീം കോടതി, 'പൗരന്മാര്‍ക്ക് എല്ലാ അവകാശങ്ങളും ലഭ്യമാണെങ്കിലും, വിദേശ പൗരന്മാര്‍ ഉള്‍പ്പെടെയുള്ള വ്യക്തികള്‍ക്ക് തുല്യതയ്ക്കും ജീവിക്കാനുള്ള അവകാശത്തിനും അര്‍ഹതയുണ്ട്' എന്ന് ഊന്നിപ്പറഞ്ഞിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ നയപ്രകാരം, '2011-ല്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ പുറപ്പെടുവിക്കുകയും 2019-ല്‍ ഭേദഗതി ചെയ്യുകയും ചെയ്തു. അഭയാര്‍ഥികളെന്ന് അവകാശപ്പെടുന്ന വിദേശ പൗരന്മാരുമായി ഇടപെടുമ്പോള്‍ നിയമ നിര്‍വഹണ ഏജന്‍സികള്‍ അത് പാലിക്കേണ്ടതുണ്ട്.' അതിനപ്പുറം, അഭയാര്‍ഥികളുടെ പ്രവാഹം വര്‍ധിച്ചിട്ടും അവരുടെ പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് പ്രത്യേക നിയമനിര്‍മാണമില്ല. 1946-ലെ ഫോറിനേഴ്സ് ആക്ട് അഭയാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന പ്രത്യേക പ്രശ്നങ്ങളെ ഒരു വര്‍ഗമെന്ന നിലയില്‍ നോക്കിക്കാണുന്നതില്‍ പരാജയപ്പെടുന്നു. ഏത് വിദേശ പൗരനെയും നാടുകടത്താന്‍ കേന്ദ്ര സര്‍ക്കാരിന് അനിയന്ത്രിതമായ അധികാരവും ഇത് നല്‍കുന്നു.
ഭരണകക്ഷി തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുമ്പില്‍ വെച്ച് ചില അഭയാര്‍ഥികളെ സ്വീകരിക്കാനും മറ്റു ചിലരെ പുറംതള്ളാനുമുള്ള നടപടികളാണ് സ്വീകരിച്ചു കാണുന്നത്. ഇത് വിവേചനവും മനുഷ്യാവകാശ ലംഘനവുമാണ്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്, 2019-ലെ പൗരത്വ ഭേദഗതി നിയമത്തിന്റെ പരിധിയില്‍ നിന്ന് മുസ്‌ലിംകളെ ഒഴിവാക്കി ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളിലെ ഹിന്ദു, ക്രിസ്ത്യന്‍, ജൈന, പാര്‍സി, സിഖ്, ബുദ്ധ കുടിയേറ്റക്കാര്‍ക്ക് മാത്രം പൗരത്വം നല്‍കാനുള്ള ശ്രമം. ഇതേ നിയമപ്രകാരം, ലോകത്തെ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന മ്യാന്‍മറിലെ റോഹിങ്ക്യകളും, ശ്രീലങ്കയിലെ തമിഴ് ജനതയും മറ്റു അയല്‍ രാജ്യങ്ങളിലെ ആദിവാസികളും മറ്റു മതസ്ഥരും വിവേചനം നേരിടുന്നു.
സമീപഭാവിയില്‍ ദേശീയ പൗരത്വ പട്ടികയുടെ അകമ്പടിയോടെ പൗരത്വ നിയമം നടപ്പാക്കാനുള്ള അജണ്ടകളുമായി സംഘ് പരിവാര്‍ ഭരണകൂടം മുന്നോട്ടു നീങ്ങുന്നത്, രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകളുടെ  പൗരത്വ നിഷേധത്തിനു വഴിയൊരുക്കും. അസമിലെ പൗരത്വ പട്ടികയും അവിടെ നിര്‍മിച്ചുകൊണ്ടിരിക്കുന്ന തടങ്കല്‍ പാളയങ്ങളും മാനവികതയുടെയും പൗരത്വത്തിന്റെയും ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. ഒരു 'വിദേശി'ക്കോ 'പൗരത്വരഹിതനോ' ഇന്ത്യന്‍ ഭരണകൂടമെന്ന നിലയില്‍ 'അഭയാര്‍ഥി' പദവി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര ഭരണ പ്രദേശത്തിനും അധികാരമില്ല എന്ന ഭരണഘടനാ തത്ത്വം, പ്രതിപക്ഷ കക്ഷികളുടെ കേവല വാചാടോപങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതില്‍ വലിയ കാര്യമില്ലെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് സൂക്തം: 36-42
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇതര സമൂഹങ്ങളുടെയും നന്മകള്‍ വിലമതിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി