Prabodhanm Weekly

Pages

Search

2023 ജനുവരി 06

3284

1444 ജമാദുൽ ആഖിർ 13

ലോക കപ്പ് വേദിയില്‍ മുഴങ്ങിയ ഫലസ്ത്വീന്‍ ശബ്ദം

പി.കെ. നിയാസ്

ദോഹയിലെ മുശൈരിബ് ഡൗണ്‍ടൗണില്‍ വെച്ചാണ് ഫലസ്ത്വീനിയായ സ്വാലിഹ് അല്‍ സിഗാരിയെ കണ്ടുമുട്ടുന്നത്. ലോക കപ്പ് ഫുട്ബോളിന്റെ മീഡിയ സെന്ററിനു മുന്നില്‍ ഫലസ്ത്വീന്‍ പതാക വീശി ആളുകളെ ആകര്‍ഷിക്കുന്ന ആ ചെറുപ്പക്കാരനോട് സംസാരിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമായി. ഇസ്രായേല്‍ ശത്രുലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ആക്റ്റിവിസ്റ്റും ബ്ലോഗറുമായ സാക്ഷാല്‍ സിഗാരിയാണ് എന്റെ മുന്നില്‍.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തുര്‍ക്കിയിലെ അനദോലു വാര്‍ത്താ ഏജന്‍സി സിഗാരിയെക്കുറിച്ച് ചെയ്ത ഒരു റിപ്പോര്‍ട്ട് ഓര്‍മിച്ചെടുത്തു. സയണിസ്റ്റ് സേന കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ മസ്ജിദുല്‍ അഖ്സ്വാ കോമ്പൗണ്ടിലെ 'ബുറാഖ് മതിലി'നെ (വെസ്റ്റേണ്‍ വോള്‍) കുറിച്ച് ഒമ്പത് മിനിറ്റ് നീളുന്ന വീഡിയോ ചെയ്തതു മുതല്‍ സിഗാരിയെ പോലീസ് നിരന്തരം വേട്ടയാടുന്നതിനെപ്പറ്റിയായിരുന്നു ആ റിപ്പോര്‍ട്ട്. 'വിലാപ മതില്‍' എന്ന പേരില്‍ ജൂതന്മാര്‍ അവകാശവാദം ഉന്നയിക്കുന്ന ഈ മേഖലയില്‍ ഫലസ്ത്വീനികള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. സുരക്ഷാ ഭടന്മാരുടെ കണ്ണുവെട്ടിച്ച് അവിടെയെത്തി  ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുകയും അവ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു സിഗാരി. ബുറാഖ് മതിലില്‍ ജൂതന്മാര്‍ക്ക് യാതൊരു അവകാശവുമില്ലെന്നും 1967-ല്‍ കിഴക്കന്‍ ജറൂസലമില്‍ അധിനിവേശം നടത്തി അതിന്റെ ഘടനയില്‍ സയണിസ്റ്റുകള്‍ മാറ്റം വരുത്തുകയായിരുന്നുവെന്നും തന്റെ ബ്ലോഗിലൂടെ ലോകത്തെ അറിയിച്ച സിഗാരിക്കെതിരെ കേസും നടപടികളും തുടരുകയാണ്. ഇസ്രായേലി അധികൃതരുടെ ആവശ്യം അംഗീകരിച്ച് യൂ ട്യൂബ് ചാനല്‍ പല തവണ അദ്ദേഹത്തിന്റെ വീഡിയോ ഡിലീറ്റ് ചെയ്തു. എന്നാല്‍, വീണ്ടും പ്രസ്തുത ക്ലിപ്പുകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത് തുടരുകയാണ് ഈ ഇരുപത്തഞ്ചുകാരന്‍.
ഖുദ്‌സില്‍ ജനിച്ച സിഗാരിയുടെ ജീവിതം പോരാട്ടത്തിന്റേതാണ്. 2016-ല്‍ ഇസ്രായേലി കോടതി ഈ യുവാവിനെ 56 ദിവസം ജയിലിലടച്ചത് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനായിരുന്നു. സയണിസ്റ്റ് അധിനിവേശ പട്ടാളവും വലതുപക്ഷ ജൂത തീവ്രവാദികളും നടത്തിവരുന്ന ക്രൂരതകള്‍ ചിത്രീകരിക്കുന്ന ഒരു ഡസനിലേറെ ചിത്രങ്ങള്‍ ഭരണകൂടത്തിന് തലവേദനയായി മാറിയത്രെ. ഏകാന്ത തടവായിരുന്നു ശിക്ഷ. പക്ഷേ, സിഗാരിയുടെ പോരാട്ട വീര്യത്തെ തകര്‍ക്കാന്‍ അതുകൊണ്ടൊന്നും കഴിഞ്ഞില്ല.
ലോക കപ്പ് ഫുട്ബോളിന്റെ ചരിത്രത്തില്‍ ഇതാദ്യമായി ഒരു അറബ് രാജ്യം സെമിഫൈനല്‍ കണ്ട ചാമ്പ്യന്‍ഷിപ്പായിരുന്നു ഖത്തറിലേത്. ലോക കപ്പില്‍ ആഫ്രിക്കയുടെ ചരിത്രം തിരുത്തിയെഴുതുക മാത്രമായിരുന്നില്ല മൊറോക്കോ. സയണിസ്റ്റ് അധിനിവേശത്തിനെതിരായ ഫലസ്ത്വീനികളുടെ പോരാട്ടത്തിന് മൊറോക്കോ ടീമും പ്രവാസി സമൂഹവും ചുക്കാന്‍ പിടിക്കുന്ന മനോഹരമായ കാഴ്ചയാണ് ഖത്തറില്‍ കണ്ടത്. ദോഹയില്‍ മാത്രമല്ല, മൊറോക്കോയിലെ പ്രമുഖ നഗരങ്ങളായ മറാക്കുഷിലും കാസാബ്ലാങ്കയിലും തലസ്ഥാനമായ റബാത്തിലും തെരുവുകള്‍ മൊറോക്കന്‍ പതാകയോടൊപ്പം ഫലസ്ത്വീന്‍ പതാകയും കൈയടക്കി.
മൊറോക്കോയുടെ ദേശീയ കളിക്കാരും അവരെ പ്രോല്‍സാഹിപ്പിക്കാന്‍ ഗ്യാലറികളില്‍ സന്നിഹിതരായ നാട്ടുകാരും ഫലസ്ത്വീന്‍ പതാക വീശിയത് ഭരണകൂടത്തിന്റെ സയണിസ്റ്റ് ബാന്ധവത്തിനെതിരായ മുന്നറിയിപ്പ് കൂടിയായിരുന്നു. സ്വന്തം ജനതയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച നാല് അറബ് രാജ്യങ്ങളിലൊന്നാണ് മൊറോക്കോ. ഓരോ കളി ജയിക്കുമ്പോഴും മൊറോക്കന്‍ ഫുട്ബോള്‍ താരങ്ങളും അന്നാട്ടുകാരും ഫലസ്ത്വീന്‍ പതാക ഉയര്‍ത്തി വിജയാരവം മുഴക്കിയത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രത്യേകമായി റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. യൂറോപ്പിലോ അമേരിക്കയിലോ ജനിച്ചവരാണ് മൊറോക്കോയുടെ 26 അംഗ ടീമിലെ 14 പേരും. എന്നിട്ടും ഫലസ്ത്വീന്‍ ഒരു വികാരമായിരുന്നു അവര്‍ക്ക്. മൊറോക്കോയുടെ ഈ നേട്ടം ഫലസ്ത്വീനികളുടെ വിജയമായാണ് അറബ്-മുസ്‌ലിം ലോകം കണ്ടത്.
ഖത്തര്‍ ലോക കപ്പില്‍ സിഗാരി ഏറ്റെടുത്ത ദൗത്യവും മറ്റൊന്നായിരുന്നില്ല. തന്റെ നാടിന്റെയും നാട്ടുകാരുടെയും പോരാട്ട ചരിത്രം ലോകത്തിനു പരിചയപ്പെടുത്തുക! അതിനായി സ്റ്റേഡിയങ്ങളില്‍നിന്ന് സ്റ്റേഡിയങ്ങളിലേക്ക് ഫലസ്ത്വീന്‍ പതാകയുമായി സിഗാരി ഓടി നടന്നു. ദോഹ കോര്‍ണിഷിലും സൂഖ് വാഖിഫിലും മുശൈരിബിലും മാത്രമല്ല, മെട്രോകളിലും നിറഞ്ഞ സാന്നിധ്യമായിരുന്നു ഈ യുവാവ്. 'ലോക കപ്പ് വെറുമൊരു കായിക വിനോദം മാത്രമല്ല, ജന മനസ്സുകളെ ഒന്നിപ്പിക്കുന്ന മേള കൂടിയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ലോക കപ്പ് ഫുട്ബോള്‍ രാഷ്ട്രീയ സന്ദേശം വിളംബരം ചെയ്യുന്നത്' - സ്വാലിഹ് അല്‍ സിഗാരി പറയുന്നു.
ഇസ്രായേല്‍ മാധ്യമ പ്രവര്‍ത്തകര്‍ ദോഹയില്‍ നിസ്സഹകരണം നേരിട്ടതിനെക്കുറിച്ച ചോദ്യത്തിന് സ്വാലിഹിന് പറയാനുണ്ടായിരുന്നത് ഇതാണ്: 'ആരെങ്കിലും അവരെ അവഹേളിച്ചോ? അധിനിവേശ ഭരണകൂടത്തിന്റെ ആശയം പ്രസരിപ്പിക്കുന്നതിനാല്‍ അവരുമായി ഇടപെടാന്‍ പലരും തയാറായില്ല എന്നതാണ് യാഥാര്‍ഥ്യം. ഇസ്രായേലോ ഫലസ്ത്വീനോ ലോക കപ്പില്‍ പന്തു തട്ടിയിട്ടില്ല, എന്നാല്‍ സ്റ്റേഡിയത്തിനകത്തും പുറത്തും വിജയിച്ചത് ഫലസ്ത്വീനാണ്. അറബികള്‍ മാത്രമല്ല, പാശ്ചാത്യരില്‍ വലിയൊരു വിഭാഗം ഈ പോരാട്ടത്തില്‍ ഞങ്ങള്‍ക്കൊപ്പമായിരുന്നു. അധിനിവേശത്തിനും അടിച്ചമര്‍ത്തലിനുമെതിരായ ഞങ്ങളുടെ സമരത്തില്‍ അവരുടെ പിന്തുണ ശരിക്കും അനുഭവിച്ചു.'
സ്വാലിഹ് അല്‍ സിഗാരിയുടെ വീക്ഷണം തന്നെയാണ് ഒരു ഖത്തരി ഉദ്യോഗസ്ഥനും പങ്കുവെച്ചത്. കഴിഞ്ഞ എഴുപതു വര്‍ഷമായി അധിനിവേശത്തിനു കീഴില്‍ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി ജീവിക്കുന്ന ഫലസ്ത്വീനികളോടുള്ള ഐക്യദാര്‍ഢ്യമാണിതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത അദ്ദേഹം പറഞ്ഞു.
'ഇസ്രായേല്‍ ടെലിവിഷന്‍ ചാനലുകളുമായി സംസാരിക്കുകയോ സംസാരിക്കാതിരിക്കുകയോ ചെയ്യുന്നത് ജനങ്ങളുടെ സ്വാതന്ത്ര്യമാണ്. അതില്‍ ഇടപെടാന്‍ ഞങ്ങള്‍ക്കാവില്ല' - ഖത്തറിന്റെ നിലപാടുകളാണ് ഇസ്രായേല്‍ മാധ്യമങ്ങളെ ശത്രുക്കളായി കാണാന്‍ അറബ് ഫുട്ബോള്‍ പ്രേമികളെ പ്രേരിപ്പിച്ചതെന്ന 'കാന്‍' ടെലിവിഷന്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ ഏലി ഓഹാന ഉള്‍പ്പെടെയുള്ളവരുടെ ആരോപണങ്ങളെപ്പറ്റി അദ്ദേഹം പറഞ്ഞു.
മൂന്ന് അറബ് രാജ്യങ്ങളുമായി സമാധാനക്കരാര്‍ (എബ്രഹാം എക്കോര്‍ഡ്) ഒപ്പുവെച്ചതിനാല്‍ ഖത്തറില്‍ തങ്ങള്‍ നന്നായി സ്വാഗതം ചെയ്യപ്പെടുമെന്നായിരുന്നു ഇസ്രായേലീ മാധ്യമ പ്രവര്‍ത്തകര്‍ ധരിച്ചിരുന്നത്. എന്നാല്‍, ലോക കപ്പ് വീക്ഷിക്കാന്‍ വിവിധ നാടുകളില്‍നിന്നെത്തിയ ഫുട്ബോള്‍ പ്രേമികള്‍ക്ക് രാഷ്ട്രീയം ഉണ്ടായിരുന്നു; അധിനിവേശ വിരുദ്ധ രാഷ്ട്രീയം. അതവര്‍ മറയില്ലാതെ പ്രകടിപ്പിച്ചപ്പോള്‍ ഇസ്രായേലി മാധ്യമ പ്രവര്‍ത്തകര്‍ അതിന്റെ ചൂടറിഞ്ഞു. ഇസ്രായേലി ടെലിവിഷന്‍ ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാര്‍ ബൈറ്റ്സിനായി സമീപിക്കുമ്പോള്‍ അവരില്‍നിന്ന് അകലം പാലിക്കുന്ന ഫുട്ബോള്‍ പ്രേമികളെയാണ് ഖത്തറില്‍  കണ്ടത്. ചാനല്‍ 13-ന്റെ സ്പോര്‍ട് റിപ്പോര്‍ട്ടര്‍ താല്‍ ഷോറര്‍ തന്റെ ലൈവ് റിപ്പോര്‍ട്ടിനിടയില്‍ ഫലസ്ത്വീനികളെയും അറബികളെയും കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു. തങ്ങള്‍ അപമാനിക്കപ്പെടുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി.
നിങ്ങള്‍ കുഞ്ഞുങ്ങളെയും സ്ത്രീകളെയും നിഷ്ഠുരം കൊല്ലുന്നവരാണെന്നും നിങ്ങള്‍ക്കിവിടെ സ്ഥാനമില്ലെന്നും ഒരു ഇസ്രായേലി റിപ്പോര്‍ട്ടറോട് തുറന്നടിക്കുന്ന തുനീഷ്യക്കാരനെ കണ്ടു. ലോക കപ്പ് സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും മേളയാണെന്നും വംശീയവാദികള്‍ക്കും കുഞ്ഞുങ്ങളെ കൊല്ലുന്നവര്‍ക്കും ഇവിടെ സ്വാഗതമോതാനാവില്ലെന്നും സിദി മുഹമ്മദ് എന്ന മൊറോക്കോക്കാരന്‍ ഓര്‍മിപ്പിച്ചു. ഏത് ചാനലാണെന്ന് ചോദിച്ചയാളോട് താന്‍ ഇക്വഡോറില്‍നിന്നുള്ള റിപ്പോര്‍ട്ടറാണെന്ന് നുണ പറഞ്ഞ ഇസ്രായേല്‍ മാധ്യമ പ്രവര്‍ത്തകനെ കൈയോടെ പിടികൂടുന്ന രംഗം ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിരുന്നു.
സ്വതന്ത്ര ഫലസ്ത്വീന്‍ രാഷ്ട്രം സ്ഥാപിതമാകുന്നതുവരെ ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ഖത്തര്‍ അതില്‍ വെള്ളം ചേര്‍ക്കാന്‍ തയാറല്ലായിരുന്നു. ലോക കപ്പ് കാണാനെത്തുന്ന ഇസ്രായേലികള്‍ക്ക് ഫിഫയുടെ നിര്‍ദേശാനുസരണം അതിനുള്ള അവസരം ഖത്തര്‍ ഒരുക്കിയിരുന്നു. കൂട്ടത്തില്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും ഫലസ്ത്വീനികള്‍ക്കും ഇസ്രായേലിലെ തെല്‍ അവീവ് വിമാനത്താവളം വഴി ദോഹയിലെത്തി കളി കണ്ട് തിരിച്ചുപോകുന്ന വിധത്തിലാണ് ഫിഫയുമായി ധാരണയിലെത്തിയത്. എന്നാല്‍ ഇത് മുതലെടുത്ത്, ലോക കപ്പ് കാലത്തേക്ക് മാത്രമായി ദോഹയില്‍ താല്‍ക്കാലിക കോണ്‍സുലേറ്റ് തുറക്കാന്‍ അനുവദിക്കണമെന്ന ഇസ്രായേലിന്റെ ആവശ്യം അംഗീകരിക്കാന്‍ ഖത്തര്‍ തയാറായില്ല. പകരം, ഇസ്രായേലി പൗരന്മാരുടെ കോണ്‍സുലര്‍ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ അല്‍ സദ്ദിലെ എവന്യൂ എ മര്‍വബ് ഹോട്ടലില്‍ ആറ് ഉദ്യോഗസ്ഥരുടെ സംഘത്തിന് സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുക മാത്രമായിരുന്നു ഖത്തര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്രായേലി വ്യാപാര ഓഫീസ് തുറക്കാന്‍ സഹായം ചെയ്തുകൊടുത്തുവെന്ന പരാതി ഉണ്ടായതിനാല്‍ ഇക്കാര്യത്തില്‍ കരുതലോടെയാണ് ഖത്തര്‍ നീങ്ങിയത്.
സയണിസ്റ്റ് അനുകൂലിയായ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ ഭാര്യാ സഹോദരി ലോറന്‍ ബൂത്തും ലോക കപ്പിന്റെ അവസാനത്തില്‍ ദോഹയിലെത്തി ഫലസ്ത്വീന്‍ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുണ്ടായി. ലോക കപ്പ് അവസാനിച്ച് രണ്ടു ദിവസം പിന്നിടുമ്പോഴേക്ക് സയണിസ്റ്റ് അനുകൂലികളെ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത ലാറ്റിനമേരിക്കയില്‍നിന്ന് പുറത്തുവന്നു. ഫലസ്ത്വീനില്‍ എംബസി തുറക്കുമെന്ന ചിലിയുടെ പ്രഖ്യാപനമായിരുന്നു അത്. പത്ത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് ഫലസ്ത്വീനുമായുള്ള ബന്ധം കോണ്‍സുലര്‍ ലെവലില്‍ ഒതുങ്ങുമ്പോഴാണ് മുപ്പത്താറുകാരനായ ചിലിയുടെ പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് ചരിത്ര പ്രധാനമായ പ്രഖ്യാപനം നടത്തുന്നത്. 'ഗൂഗിള്‍ ഭൂപടത്തില്‍ മിഡിലീസ്റ്റിനെ പരതുമ്പോള്‍ ഫലസ്ത്വീന്‍ കാണാത്തത് പലപ്പോഴും എന്നെ നിരാശപ്പെടുത്താറുണ്ട്. ഫലസ്ത്വീനികള്‍ ഒരു ജനതയാണ്, ചെറുത്തുനില്‍പ് പോരാട്ടത്തിലൂടെ അവര്‍ നിലനില്‍ക്കുന്നു. അവര്‍ക്ക് ചരിത്രമുണ്ട്' -പ്രസിഡന്റ് നിലപാട് വ്യക്തമാക്കുന്നു.
ലോകം ഫുട്‌ബോളിലേക്ക് ശ്രദ്ധ തിരിച്ചപ്പോള്‍ ഫലസ്ത്വീന്‍ മണ്ണ് രക്തപങ്കിലമാക്കിക്കൊണ്ടിരിക്കുകയായിരുന്നു സയണിസ്റ്റ് ഭീകരര്‍. ഡിസംബറിലെ ആദ്യ രണ്ടു ദിനങ്ങളില്‍ സയണിസ്റ്റ് സൈന്യം (ഐ.ഡി.എഫ്) കൊന്നുതള്ളിയത് എട്ട് ഫലസ്ത്വീനീ യുവാക്കളെ. അധിനിവേശ വെസ്റ്റ് ബാങ്കിലെ നാബ്ലുസിലെ ഹവാര ടൗണില്‍  ആളുകള്‍ നോക്കിനില്‍ക്കെ പോയന്റ് ബ്ലാങ്കിലാണ് ഒരു ചെറുപ്പക്കാരന്റെ നെഞ്ചിലേക്ക് വെടിയുതിര്‍ത്തത്. വെടിയേറ്റ് പിടയുമ്പോള്‍ തോക്കെടുത്ത് വീണ്ടും ഷൂട്ട് ചെയ്തു. ഒരു പതിനാറുകാരിയും യുവ ഫുട്ബോള്‍ താരവുമൊക്കെ ഇസ്രായേലി ഭീകരതയുടെ ഇരകളായിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും സയണിസ്റ്റ് ഭരണകൂടം ശിക്ഷിക്കപ്പെടുന്നില്ല, അവര്‍ക്കെതിരെ ഉപരോധങ്ങളില്ല. ഖത്തറിലെത്തിയ ഇസ്രായേല്‍ മാധ്യമ പ്രതിനിധികളെ അറബ് ഫുട്‌ബോള്‍ പ്രേമികള്‍ അവഗണിക്കുന്നതായിരുന്നു വലിയ വാര്‍ത്ത!
ഈ വര്‍ഷം ഇതുവരെ ഇസ്രായേലി സൈന്യം വെടിവെച്ചു കൊന്ന ഫലസ്ത്വീനികളുടെ എണ്ണം 215. വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലമിലും സയണിസ്റ്റുകള്‍ അധിനിവേശം നടത്തിയ 1967-നു ശേഷം ഇതുവരെ 80,000 ഫലസ്ത്വീനികളെ ഇസ്രായേലി സൈന്യം കൊലപ്പെടുത്തിയിട്ടുണ്ട്. അധിനിവേശ ശക്തികള്‍ക്കെതിരെ ചെറുത്തുനില്‍പ് പോരാട്ടം അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് നിയമവിധേയമാണെന്നിരിക്കെ തങ്ങളുടെ പ്രദേശത്ത് അതിക്രമിച്ചു കടക്കുന്ന ഇസ്രായേലി പട്ടാളത്തെ ചെറുക്കുന്നതിന്റെ പേരിലാണ് നരനായാട്ട്. ഇസ്രായേലി ഭീകരതക്കെതിരെ മിണ്ടാത്ത എല്ലാ ഭരണകൂടങ്ങള്‍ക്കും  ഫലസ്ത്വീനികളുടെ ചോരകൊണ്ടുള്ള ഈ കളിയില്‍ പങ്കുണ്ട്. ഫലസ്ത്വീനു വേണ്ടി മൊറോക്കോയും അറബ് മുസ്‌ലിം ലോകവും ഖത്തറില്‍ മുഴക്കിയ  ശബ്ദം അതുകൊണ്ട് തന്നെ പ്രതിരോധത്തിന്റെ രാഷ്ട്രീയമാണ്; ഇസ്രായേലിന്റെ വാലാട്ടികള്‍ക്കുള്ള താക്കീതും.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് സൂക്തം: 36-42
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇതര സമൂഹങ്ങളുടെയും നന്മകള്‍ വിലമതിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി