Prabodhanm Weekly

Pages

Search

2023 ജനുവരി 06

3284

1444 ജമാദുൽ ആഖിർ 13

ചോദ്യങ്ങള്‍ ഉയരേണ്ട കാമ്പസുകള്‍ എന്തുകൊണ്ട്് നിശ്ശബ്ദമാവുന്നു?

അസീല്‍, ഫാറൂഖ് കോളേജ്

ചരിത്രത്തിന്റെ ഏതൊരു ഘട്ടത്തിലും ഒരു നാടോ സമൂഹമോ  പ്രതിസന്ധി അഭിമുഖീകരിക്കുമ്പോള്‍ അതില്‍ ആദ്യം ഇടപെടുകയും വ്യവസ്ഥിതികളോട് പോരടിക്കുകയും  ചെയ്തിരുന്നത് അവിടത്തെ  യുവാക്കളായിരുന്നു. എന്നാല്‍, നമ്മുടെ നാട് ഇന്ന് അത്യന്തം അപകടകരമായ അവസ്ഥയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുമ്പോഴും, ദിനംപ്രതി വിധ്വംസകമായ പല അജണ്ടകള്‍ നടപ്പാക്കപ്പെടുമ്പോഴും, ഫാഷിസം  ഐഡിയോളജിയായി സ്വീകരിക്കപ്പെടുമ്പോഴും നമ്മുടെ ഒരു പക്ഷേ, കേരളത്തിന്റെ ജനറേഷന്‍ ഇസഡ് ഒരു പരിധിയിലപ്പുറം പ്രതികരിക്കുന്നില്ല. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ നോക്കുന്നവരുടെ ഏറ്റവും വലിയ ധൈര്യവും അതു തന്നെയാവും. കാലങ്ങളായി സിനിമകളും മറ്റു ജനകീയ മാധ്യമങ്ങളും, രാഷ്ട്രീയം വളരെ മോശമായ എന്തോ ഒന്നാണെന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയും പലരും അത് സ്വീകരിക്കുകയും ചെയ്തതുകൊണ്ടു കൂടിയാണ് ഈ അവസ്ഥ ഉണ്ടായത്.
നമ്മളെ ബാധിക്കുന്ന, രാജ്യത്തെ ബാധിക്കുന്ന, ചുറ്റുമുള്ള മനുഷ്യരെയും അവരുടെ നിലനില്‍പ്പിനെയും വരെ ബാധിക്കുന്ന ഒരു വിഷയത്തിലും പുതുതലമുറയിലെ വലിയൊരു കൂട്ടം തല്‍പരരല്ല. ജാതിയുടെ, മതത്തിന്റെ, വര്‍ണത്തിന്റെ,  വര്‍ഗത്തിന്റെ, ലിംഗത്തിന്റെ പേരില്‍ ചുറ്റുമുള്ള മനുഷ്യര്‍ അവഗണന നേരിടുമ്പോഴും ആക്രമിക്കപ്പെടുമ്പോഴും അതില്‍ നിന്നെല്ലാം മുഖംതിരിച്ച് സ്വന്തം 'കംഫര്‍ട്ട് സോണി'ല്‍ ഇരിക്കാനാണ് അവര്‍ക്കിഷ്ടം. ആ മനോഭാവത്തിന് വളമിടാനായി വലിയൊരു കൂട്ടം സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളുമുണ്ട്.
മേല്‍പറഞ്ഞതിന്റെയെല്ലാം ഉത്തമ ഉദാഹരണങ്ങള്‍ കാണാനാവുക നമ്മുടെ കാമ്പസുകളിലാണ്. ഒരു കാലത്ത് സമൂഹത്തില്‍ എന്തു പ്രശ്‌നമുണ്ടാവുമ്പോഴും ഏറ്റവുമാദ്യം പ്രതികരണങ്ങള്‍ ഉയര്‍ന്നുവന്നിരുന്ന കാമ്പസുകളില്‍, ഇന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ട് ചോദിക്കുന്നത് പോലും ഡി.ജെ പരിപാടികളിലൂടെയും മറ്റുമാണ്. കൃത്യമായി രാഷ്ട്രീയം സംസാരിക്കാന്‍ പല വിദ്യാര്‍ഥി സംഘടനകളും തയാറാവുന്നുപോലുമില്ല. ഇനി, അഥവാ പറയുന്നുണ്ടെങ്കില്‍ തന്നെ സ്വന്തമായി അഭിപ്രായമില്ലാത്ത ഏതെങ്കിലുമൊരു പ്രത്യേക പാര്‍ട്ടിയുടെ 'അന്ധ'വിശ്വാസികളായിരിക്കും അവര്‍. പലര്‍ക്കും  രാഷ്ട്രീയം തീരെ  കേള്‍ക്കണ്ട. അവര്‍ക്കു വേണ്ടത് ആഘോഷങ്ങള്‍ മാത്രമാണ്.
പത്രം വായിക്കുന്നവരും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരും രാഷ്ട്രീയം സംസാരിക്കുന്നവരും അവര്‍ക്ക് മുമ്പില്‍ മോശക്കാരായി മാറുന്നു. ഇക്കൂട്ടര്‍ക്കിടയില്‍ പൊതുവെ കാണാറുള്ള സംഘ് പരിവാര്‍ വിരുദ്ധത പോലും പൊള്ളയാണ്.
നാളെ സംഘ് പരിവാര്‍ അവരുടെ പേര് മാറ്റി മറ്റൊരു പേരില്‍ വന്ന് കോളേജ് കാമ്പസുകളില്‍ ഡി.ജെ നൈറ്റുകളും ഗാനമേളകളും, സിനിമാതാരങ്ങളെ കൊണ്ടുവന്നുള്ള പരിപാടികളും നടത്തിക്കഴിഞ്ഞാല്‍ അവര്‍ക്ക് വോട്ട് വീഴും. കാരണം, ഇന്ന് വോട്ട് ഡി.ജെ പാര്‍ട്ടികള്‍ക്കാണ്, ആഘോഷങ്ങള്‍ക്കാണ്! ഇത് മാറിയില്ലെങ്കില്‍ നമ്മുടെ ചുറ്റുപാടുകള്‍ അരാഷ്ട്രീയവാദം കുത്തിനിറക്കപ്പെട്ട, വര്‍ഗീയ ഫാഷിസ്റ്റുകള്‍ക്ക് എന്തും ചെയ്യാനാകുന്ന, എന്തു സംഭവിച്ചാലും പ്രതികരിക്കാതെ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന, വലിയൊരു കൂട്ടം മനുഷ്യരുള്ള ഇടമായി മാറും.
ഇതിനെ മാറ്റിയെടുക്കലും വിദ്യാര്‍ഥി സമൂഹത്തെയടക്കം പൊളിറ്റിക്കലാക്കിയെടുക്കലും വലിയ  കടമ്പ തന്നെയാണ്. മാറ്റം വരുത്തേണ്ടത് വിദ്യാര്‍ഥി സംഘടനകളോ നേതാക്കന്മാരോ രാഷ്ട്രീയ പാര്‍ട്ടികളോ മാത്രമല്ല, നമ്മള്‍ ഓരോരുത്തരുമാണ്.
ദലിത്-മുസ്‌ലിം വേട്ടകള്‍ നടക്കുമ്പോള്‍,  ഹിജാബിന്റെ പേരില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെടുമ്പോള്‍, നിരപരാധികളായ ആളുകള്‍ക്കുമേല്‍ യു.എ.പി.എ കേസുകള്‍ ചുമത്തപ്പെടുമ്പോള്‍, രോഹിത് വെമുലയും നജീബും ഫാത്തിമ ലത്വീഫും ഗൗരി ലങ്കേഷും കല്‍ബുര്‍ഗിയും മുഹമ്മദ് അഖ്‌ലാഖും ജീവിച്ച ഇന്ത്യയില്‍ എങ്ങനെയാണ് നമുക്ക് നിശ്ശബ്ദരായിരിക്കാനാകുന്നത്? ഈ  ചോദ്യമാണ് ഉയരേണ്ടത്. 


മുസ്‌ലിം സംഘടനകള്‍ തിന്മകള്‍ക്കെതിരെ രംഗത്തിറങ്ങണം

കെ.സി ജലീല്‍ പുളിക്കല്‍

കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ മൊത്തം രാജ്യത്തിന് തന്നെ മുതല്‍ക്കൂട്ടും അനുഗ്രഹവുമാണ്. ഈ സംഘടനകളിലും അവരുടെ പോഷക സംഘടനകളിലും അണിനിരന്നവരാരും പ്രത്യക്ഷമായോ പരോക്ഷമായോ കുറ്റകൃത്യങ്ങളില്‍ പങ്കാളികളല്ല. ആരും ഒരു വിധ ലഹരി വസ്തുവിന്റെയും ഉപഭോക്താക്കളോ ഗുണഭോക്താക്കളോ അല്ല. വംശീയതയിലേക്കോ വര്‍ഗീയതയിലേക്കോ നയിക്കുന്ന വാക്കുകളും പ്രവൃത്തികളും പൊതുവേ അവരില്‍നിന്നുണ്ടാകുന്നില്ല. ആരുടെയും സൈ്വര ജീവിതത്തിന് ഭംഗം വരുത്തുന്നതൊന്നും നിലവിലുള്ള ഒരു സംഘടനയില്‍നിന്നും ഉണ്ടാവുകയില്ല.
മുസ്‌ലിം സംഘടനകള്‍ നടത്തുന്ന പതിനായിരക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. പരസ്പര വിദ്വേഷമോ വംശീയതയോ അവയുടെ സിലബസുകളില്‍ അഭ്യസിപ്പിക്കപ്പെടുന്നില്ല. മനുഷ്യരെല്ലാം ഒരേ മാതാ-പിതാക്കളുടെ മക്കളും ഏകോദര സഹോദരങ്ങളുമാണെന്നതില്‍നിന്നാരംഭിച്ച് പ്രവാചകന്മാരുടെയും പുണ്യവാളന്മാരുടെയും നിര്‍മല സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ചരിത്രം പഠിച്ച് ഉള്‍ക്കൊണ്ട് പുറത്തുവരുന്ന മുസ്‌ലിം സ്ഥാപനങ്ങളിലെ വിദ്യാര്‍ഥിക്കെങ്ങനെ വര്‍ഗീയവാദിയോ വിദ്വേഷ പ്രചാരകനോ അക്രമിയോ ആകാന്‍ സാധിക്കും? 
ഇതിന്റെയൊക്കെ ബെനിഫിറ്റ് മുസ്‌ലിം സംഘടനകള്‍ക്കോ സമൂഹത്തിനോ ലഭിക്കുന്നുണ്ടോ? ഇസ്‌ലാമാണല്ലോ ഈ നേട്ടത്തിനാധാരം. ഇസ്‌ലാമിക പ്രചാരണ രംഗത്ത് ഇത് മുതല്‍ക്കൂട്ടായിട്ടുണ്ടോ? 'ഇല്ല' എന്നേ ഉത്തരം ലഭിക്കൂ. പ്രവാചകനും സ്വഹാബത്തുമാണല്ലോ മാതൃക. അവരുടെ മഹത്തായ വ്യക്തിത്വവും പ്രവര്‍ത്തനവുമെല്ലാം ഒരു പ്രതിഫലനവും ഉണ്ടാക്കാതെ മണ്ണടിയുകയായിരുന്നോ? ക്വാളിഫിക്കേഷന്‍ എല്ലാമുണ്ടായിട്ടും ധാരാളം വേക്കന്‍സികളുണ്ടായിട്ടും മുസ്‌ലിം സംഘടനകളെ അര്‍ഹമായ സ്ഥാനങ്ങളില്‍ കാണുന്നില്ല. ഉത്തരമൊന്നേയുള്ളൂ: വിജ്ഞാപനം ശ്രദ്ധിച്ച് നിശ്ചിത വഴിയിലൂടെ സ്ഥാനത്തെത്തി ഉത്തരവാദിത്വ നിര്‍വഹണവുമായി മുന്നോട്ടുപോകാന്‍ മിനക്കെട്ടില്ല.
വിജ്ഞാപനമിതാ: ''മനുഷ്യ സമൂഹത്തിനായി ഉയിരെടുത്ത ഉത്തമ സമൂഹമാണ് നിങ്ങള്‍. നിങ്ങള്‍ നന്മ കല്‍പിക്കുന്നു, തിന്മ തടയുന്നു. അല്ലാഹുവില്‍ വിശ്വസിക്കുന്നു'' (ആലു ഇംറാന്‍ 110). നന്മയുടെ അഭാവത്തില്‍ തിന്മ അഴിഞ്ഞാടുകയാണല്ലോ നമ്മുടെ നാട്ടില്‍. സ്വന്തം മാതാപിതാക്കളെ മക്കള്‍ വലിച്ചിട്ട് വെട്ടിനുറുക്കുന്നു.  ജ്യേഷ്ഠന്‍ അനുജനെയും അനുജന്‍ ജ്യേഷ്ഠനെയും ഭര്‍ത്താവ് ഭാര്യയെയും ഭാര്യ ഭര്‍ത്താവിനെയും ചുട്ടെരിക്കുന്നു. ആത്മഹത്യകള്‍ പെരുകുന്നു. നാടും നഗരവും വീടും വിദ്യാലയവുമെല്ലാം ലഹരിയിലും അനുബന്ധ വിപത്തുകളിലും ഞെരിഞ്ഞമരുന്നു. മതങ്ങളുണ്ട്, സംഘടനകളുണ്ട്, തിന്മക്കെതിരാണ് തങ്ങളെന്ന് ഓരോരുത്തരും വിളിച്ചു പറയാറുമുണ്ട്. എന്നാല്‍, ആരുടെയടുത്തും പ്രകാശത്തിന്റെ കിരണം പോലുമില്ല. എന്നല്ല, കൂരിരുള്‍ കൂമ്പാരമാവുകയാണ്. ഖുര്‍ആന്‍ ചിത്രീകരിച്ചതുപോലെ ''ആഴക്കടലിലെ ഘനാന്ധകാരം, അതിനെ തിരമാല മൂടിയിരിക്കുന്നു. അതിനു മീതെ വേറെയും തിരമാല. അതിനു മീതെ കാര്‍മേഘവും. ഇരുളിന് മേല്‍ ഇരുള്‍, ഒട്ടേറെ ഇരുട്ടുകള്‍. സ്വന്തം കൈ പുറത്തേക്ക് നീട്ടിയാല്‍ അതുപോലും കാണാനാകാത്ത കൂരിരുട്ട്. അല്ലാഹു വെളിച്ചം നല്‍കാത്തവര്‍ക്ക് മറ്റു വെളിച്ചമേയില്ല'' (അന്നൂര്‍ 40).
അല്ലാഹുവിന്റെ വെളിച്ചം കൈവശംവെച്ചവരാണ് മുസ്‌ലിം സംഘടനകള്‍ അഥവാ ഇസ്‌ലാമിക സമൂഹം. പ്രസ്തുത വെളിച്ചം കൈയിലെടുത്ത് ജനങ്ങള്‍ക്കത് കാണിച്ചുകൊടുത്ത് അവരെ പ്രകാശത്തിലേക്ക് ക്ഷണിക്കാന്‍ ബാധ്യസ്ഥരായ, ജനങ്ങള്‍ക്കായി ഉയിരെടുത്ത ഉത്തമ സമൂഹം, കൂരിരുട്ടില്‍ നട്ടം തിരിയുന്നവരെ പ്രകാശം പുറത്തെടുത്ത് കാണിച്ചുകൊടുക്കാതെ നിസ്സംഗരായി, സ്വയം നല്ലവരായി കഴിയുകയാണോ? അങ്ങനെയങ്ങ് രക്ഷപ്പെടാനാകുമോ? 

ഹദീസുകളെക്കുറിച്ച്

മുഹമ്മദ് അസ്‌ലം

3282 ലക്കം പ്രബോധനത്തില്‍ വന്ന ഹദീസ് ദിക്‌റുകള്‍ വര്‍ധിപ്പിക്കാന്‍ പ്രചോദകമാണ്. പൗലോ കൊയ്‌ലോ ആരെന്ന് എല്ലാ വായനക്കാരും അറിഞ്ഞുകൊള്ളണമെന്നില്ല. ബ്രാക്കറ്റില്‍ ബ്രസീലിയന്‍ നോവലിസ്റ്റ് എന്ന് എഴുതാവുന്നതാണ്. കൊടുത്തിരിക്കുന്ന ഹദീസിന്റെ മുഴുവന്‍ അര്‍ഥവും വന്നിട്ടില്ല. സാധാരണ വായനക്കാരെ കൂടി പരിഗണിച്ച് മുഴുവന്‍ അര്‍ഥവും നല്‍കുക. അല്ലെങ്കില്‍ പ്രസക്തമല്ലാത്ത ഭാഗം ഒഴിവാക്കുക.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് സൂക്തം: 36-42
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇതര സമൂഹങ്ങളുടെയും നന്മകള്‍ വിലമതിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി