Prabodhanm Weekly

Pages

Search

2023 ജനുവരി 06

3284

1444 ജമാദുൽ ആഖിർ 13

കെ.പി ശശി പീഡിതര്‍ക്കായി നീക്കിവെച്ച ജീവിതം

യാസര്‍ ഖുത്തുബ്

'രാജ്യസഭാ എം.പി ആയിരുന്ന എന്റെ പിതാവിന്റെ ശമ്പളം 500 രൂപയായിരുന്നു. അതില്‍ 200 രൂപ പാര്‍ട്ടിക്കു നല്‍കണം. ചുരുങ്ങിയത് 200 രൂപയെങ്കിലും പുസ്തകങ്ങള്‍ വാങ്ങാനും അദ്ദേഹം ചെലവഴിക്കും. ബാക്കിയുള്ള നൂറു രൂപയാണ് ഞങ്ങളുടെ ചെലവിന് ലഭിക്കുക. അത് പലപ്പോഴും കടങ്ങള്‍ തിരിച്ചടക്കാന്‍ തികയില്ല. യാത്രാബത്തയായി ലഭിക്കുന്ന തുകയായിരുന്നു അരിയും പച്ചക്കറികളും വാങ്ങാന്‍ ഉപയോഗിച്ചിരുന്നത്. എന്റെ എല്‍. പി സ്‌കൂള്‍ പഠനം തിരുവനന്തപുരത്തും ദല്‍ഹിയിലും ആയിരുന്നു. ഫീസ് കൊടുക്കാന്‍ കഴിയാത്തതിനാല്‍ പലപ്പോഴും സ്‌കൂള്‍ മുടങ്ങിയിട്ടുണ്ട്. പിന്നീട് ഹൈസ്‌കൂള്‍ പഠനം ചാവക്കാട്, ഗുരുവായൂര്‍, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാറ്റി.'
തന്റെ ബാല്യകാലത്തെ കുറിച്ച് പറയുമ്പോള്‍ ഈയിടെ അന്തരിച്ച സിനിമ - ഡോക്യുമെന്ററി സംവിധായകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കെ.പി ശശിക്ക് ഒരിക്കലും ദുഃഖമോ പരിഭവമോ ഉണ്ടായിരുന്നില്ല. ആ ബാല്യത്തില്‍ അദ്ദേഹം അഭിമാനം കൊണ്ടു. ജീവിതാന്ത്യം വരെ സ്വാര്‍ഥമോഹങ്ങള്‍ ഒന്നുമില്ലാതെ സന്തോഷപൂര്‍വം ജീവിച്ചു. നിരാലംബരായ മനുഷ്യര്‍ക്കു വേണ്ടി പ്രത്യാശയോടെ നിലയുറപ്പിച്ചു.
ഒഡിഷയിലെ കാണ്ഡമലില്‍ നിന്ന് തിരിച്ചെത്തിയ ഒരു ദിവസം, അവിടെ ദുരിതത്തിനിരകളായ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് സഹായങ്ങള്‍ പ്ലാന്‍ ചെയ്യുന്നതിനായി അദ്ദേഹം തെക്കേ ഇന്ത്യയിലെ ആക്ടിവിസ്റ്റുകളുടെ ഒരു യോഗം ബംഗളൂരുവില്‍ വിളിച്ചുചേര്‍ത്തു. യോഗത്തിനിടയില്‍ അദ്ദേഹത്തിന് നാഗാലാന്‍ഡില്‍നിന്ന് ഒരു ഫോണ്‍ കോള്‍. അവിടെയുള്ള ആദിവാസികളുടെ പ്രശ്‌നങ്ങളുമായി ആരോ വിളിച്ചതാണ്. യോഗം കഴിഞ്ഞതിനുശേഷം അന്ന് രാത്രിതന്നെ അദ്ദേഹം ലോക്കല്‍ ട്രെയിന്‍ കയറി നാഗാലാന്‍ഡിലേക്ക് തിരിച്ചു.
ഒരിക്കല്‍, പരപ്പന അഗ്രഹാര ജയിലില്‍ കെ.പി ശശി മഅ്ദനിയെ സന്ദര്‍ശിച്ചു. മഅ്ദനി അന്ന് സക്കരിയ്യ എന്ന യുവാവിനെക്കുറിച്ചും അദ്ദേഹത്തിന്റെ കേസിനെക്കുറിച്ചുമാണ് തന്നെ സന്ദര്‍ശിക്കാന്‍ വന്നവരോട് പറഞ്ഞുകൊണ്ടിരുന്നത്. അതുവരെ സക്കരിയ്യയെ കുറിച്ച് പുറംലോകത്തിന് അറിയില്ലായിരുന്നു. മഅ്ദനിയെ കാണാന്‍ മാധ്യമപ്രവര്‍ത്തകര്‍പോലും ഭയപ്പെട്ടിരുന്ന സമയം. സക്കരിയ്യയെ കുറിച്ചു കേട്ട് കെ.പി ശശിയുടെ കണ്ണുകള്‍ നിറഞ്ഞു. ഇനി ആ ഉമ്മയെ കണ്ടിട്ട് തന്നെ അടുത്ത കാര്യം. അങ്ങനെ അദ്ദേഹം അന്നുതന്നെ പരപ്പന അഗ്രഹാരയില്‍നിന്ന് പരപ്പനങ്ങാടിയിലേക്ക് ട്രെയിന്‍ കയറി. തുടര്‍ന്നാണ് സക്കരിയ്യയെ കുറിച്ചും ബിയ്യുമ്മ എന്ന മാതാവിന്റെ വേദനകളെ കുറിച്ചും പുറംലോകം അറിയുന്നത്. ഇതായിരുന്നു കെ.പി ശശി. ഒന്നും നാളേക്ക് മാറ്റിവെക്കാത്ത പ്രകൃതം. ഇരകളാക്കപ്പെട്ടവര്‍ വിളിച്ചാല്‍ അവിടെ ഓടിയെത്തും. തന്നോടൊപ്പം നിലകൊള്ളും എന്ന് ഉറപ്പുള്ളവരെ കൂടെ കൂട്ടും. കോര്‍പ്പറേറ്റുകള്‍ക്കെതിരെയും പ്രകൃതിക്കു വേണ്ടിയും നടക്കുന്ന ഇന്ത്യയിലെ എല്ലാ സമരങ്ങളുമായും അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു.
കെ.പി ശശിയെ ആദ്യമായി കാണുന്നത് ഒരു ഫിലിം പ്രദര്‍ശനത്തിന്, അതിഥിയായി അദ്ദേഹം തിരൂരില്‍ എത്തിയപ്പോഴാണ്. പരിസ്ഥിതിയെ നശിപ്പിക്കുന്ന വന്‍ പ്രോജക്ടുകള്‍ക്ക് എതിരെയുള്ളതായിരുന്നു അന്ന് പ്രദര്‍ശിപ്പിച്ച ഡോക്യുമെന്ററികള്‍. പിന്നീട് എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം പഠനമെല്ലാം കഴിഞ്ഞ് ജോലി ആവശ്യാര്‍ഥം ബംഗളൂരുവില്‍ താമസിക്കുന്ന കാലത്താണ് വീണ്ടും കെ.പി ശശിയെ കാണുന്നത്. പല പരിപാടികളിലും പങ്കെടുക്കുന്നതിനായി നിരന്തരം അദ്ദേഹം ഞങ്ങളെ വിളിച്ചു. ഫോളോ അപ്പ്  അക്ഷരം പ്രതി പാലിക്കുന്ന ആളായിരുന്നു അദ്ദേഹം. കാര്യങ്ങള്‍ ഏല്‍പിച്ചാല്‍, അത് തീരുന്നതു വരെ പിന്തുടര്‍ന്നുകൊണ്ട് നമുക്ക് സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കും. ഒരിക്കല്‍ സോളിഡാരിറ്റിയുടെ 'കേരള വികസന സെമിനാറി'ന്റെ പ്രോഗ്രാം നോട്ടീസ് അദ്ദേഹത്തിന് കൊടുത്തു. വളരെ താല്‍പര്യത്തോടെ അദ്ദേഹം പറഞ്ഞു: 'ഞാന്‍ ഇതില്‍ പങ്കെടുക്കാന്‍ ശ്രമിക്കും. സോളിഡാരിറ്റിയെ  ആദ്യമായാണ് കേള്‍ക്കുന്നത്. ഇവരെക്കുറിച്ച് ഒന്ന് പഠിക്കണമല്ലോ.'
നാല് മാസങ്ങള്‍ക്ക് ശേഷം, സോളിഡാരിറ്റി കേരള നേതാക്കളായ സി.എം ശരീഫ്, സജീദ് ഖാലിദ് തുടങ്ങിയവര്‍ എന്നെ ഫോണ്‍ വിളിച്ചു. 'ഞങ്ങള്‍ ഇപ്പോള്‍ RT നഗറില്‍ ശശിയേട്ടന്റെ റൂമില്‍നിന്നാണ്' എന്ന് പറഞ്ഞു. ഞാന്‍ ആ ഫ്‌ളാറ്റില്‍ എത്തിയപ്പോഴാണ് മനസ്സിലായത്, ശശിയേട്ടന്‍ സോളിഡാരിറ്റി എറണാകുളത്ത് നടത്തിയ വികസന സെമിനാറില്‍ പങ്കെടുത്തതും, അവിടെനിന്ന് നേരെ കോഴിക്കോട് ഹിറാ സെന്ററില്‍ പോയി സോളിഡാരിറ്റിയെ പഠിക്കാന്‍ കുറച്ചു ദിവസങ്ങള്‍ അവിടെ താമസിച്ചതും. വിചാരണത്തടവുകാരെ കുറിച്ചുള്ള 'ഫാബ്രിക്കേറ്റഡ്' ഡോക്യുമെന്ററിയുടെ ജോലികള്‍ അപ്പോഴേക്കും തുടങ്ങിക്കഴിഞ്ഞിരുന്നു. 
പരിസ്ഥിതി ആയിരുന്നു ആദ്യകാലത്ത് കെ.പി ശശിയുടെ മുഖ്യ അജണ്ട. പൂയംകുട്ടി വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വരെ കണ്ടിട്ടുണ്ട്. പീഡിപ്പിക്കപ്പെടുന്ന ആദിവാസികള്‍, തീരപ്രദേശ വാസികള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവര്‍ക്ക് വേണ്ടി അദ്ദേഹം ശക്തമായി നിലകൊണ്ടു. കാണ്ഡമലില്‍ ക്രിസ്ത്യന്‍ വനവാസികള്‍ പീഡിപ്പിക്കപ്പെടുന്നത് തുറന്നുകാണിക്കുന്നുണ്ട് അദ്ദേഹത്തിന്റെ “Voice from the Ruins, Kandamal in Search of Justice” എന്ന ഡോക്യുമെന്ററി.
ആലുവ റെയര്‍ എര്‍ത്ത് കമ്പനിയുടെ അണുപ്രസരണത്തിനെതിരെ നിര്‍മിച്ച ലിവിംഗ് ഇന്‍ ഫിയര്‍ ഇന്ത്യയിലെ ആദ്യ ന്യൂക്ലിയര്‍ വിരുദ്ധ സിനിമ കൂടിയാണ്. ഇത് ജപ്പാനില്‍ ആണവ വിരുദ്ധസമയത്ത് 100 ദിവസം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചിരുന്നു. ദേശീയ അവാര്‍ഡ് നേടിയ അദ്ദേഹത്തിന്റെ സ്ത്രീപക്ഷ സിനിമയാണ് 'ഇലയും മുള്ളും.'
'ഗാവ്‌ചോടബ്‌നഹി' എന്ന അദ്ദേഹത്തിന്റെ ഹിന്ദിഗാനം ഇന്ത്യയിലെ എല്ലാ സമരമുഖത്തും ഇപ്പോഴും ആലപിക്കപ്പെടുന്നു.
പരിചയപ്പെടുന്നവര്‍ക്കെല്ലാം ഊര്‍ജവും പ്രത്യാശയും നല്‍കി, എന്നാല്‍ സ്വയം ജീവിക്കാന്‍ മറന്നുപോയ ഒരാള്‍ - അതായിരുന്നു കെ.പി ശശി.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് സൂക്തം: 36-42
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇതര സമൂഹങ്ങളുടെയും നന്മകള്‍ വിലമതിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി