ഫറാഹീ ചിന്താ സരണിയുടെ പിന്തുടര്‍ച്ച
ഗ്രന്ഥഭാഗം
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ രൂപവത്കരണ പ്രക്രിയകള്‍ പൂര്‍ത്തിയായത് 1948 ഏപ്രില്‍ 16 മുതല്‍ 18 വരെ ഇലാഹാബാദില്‍ ചേര്‍ന്ന സമ്മേളനത്തിലാണ്. ഇസ്‌ലാമിന്റെ സന്ദേശം അതിനെ അനുഭവിച്ചിട്ടില്ലാത്ത ജനവിഭാഗങ്ങള്‍ക്ക് എത്തിച്ചു കൊടുക്കേണ്ടതിന്റെ (ദഅ്‌വത്ത്) പ്രാധാന്യത്തെക്കുറിച്ച് അന്നു മുതല്‍ക്കേ സംഘടനക്ക് നല്ല ബോധ്യമുണ്ട്. അതിനുള്ള പ്രായോഗിക പരിപാടികളും ആവിഷ്‌കരിച്ചു. ഇസ്‌ലാമിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഏറ്റവും മികച്ച രീതികളിലൊന്ന് ഖുര്‍ആനികാശയങ്ങളെ പ്രബോധിത സമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കുക എന്നതാണ്. ഖുര്‍ആന്റെ പരിഭാഷയും വ്യാഖ്യാനവും വായിച്ച് അവര്‍ ഇസ്‌ലാമിനെ മനസ്സിലാക്കണം. പ്രബോധിതര്‍ക്ക് മനസ്സിലാകുന്ന ഭാഷയിലാകണം അതിന്റെ അവതരണം. ഇസ്‌ലാമിനെക്കുറിച്ച തെറ്റിദ്ധാരണകള്‍ അകറ്റാന്‍ ആ പരിഭാഷയും വ്യാഖ്യാനവും സഹായകമാകണം. ഈ സംരംഭത്തിന് ഉര്‍ദു ഭാഷയില്‍ തുടക്കം കുറിക്കാമെന്ന് ജമാഅത്ത് നേതൃത്വം തീരുമാനിച്ചു. പിന്നീടത് ഹിന്ദിയിലേക്കും ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യാം. ഈ വലിയ ദൗത്യം ഏറ്റെടുക്കാന്‍ അന്ന് ജമാഅത്തിലുണ്ടായിരുന്ന പണ്ഡിതന്മാരില്‍ അഗ്രഗണ്യന്‍ മൗലാനാ സ്വദ്‌റുദ്ദീന്‍ ഇസ്വ്‌ലാഹി (1917-1998) ആയിരുന്നു. അദ്ദേഹത്തെ തന്നെയാണ് ജമാഅത്ത് ആ ചുമതല ഏല്‍പിച്ചതും. അസാസ് ദീന്‍ കീ തഅ്മീര്‍, ഫരീദ ഇഖാമത്തെ ദീന്‍, മഅ്‌റക ഇസ്‌ലാം വൊ ജാഹിലിയ്യ തുടങ്ങിയ പുസ്തകങ്ങളുടെ കര്‍ത്താവെന്ന നിലക്ക് പ്രശസ്തനുമായിരുന്നു അദ്ദേഹം.
നിര്‍ദിഷ്ട ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും തയ്‌സീറുല്‍ ഖുര്‍ആന്‍ (സുഗ്രാഹ്യ ഖുര്‍ആന്‍) എന്ന പേരില്‍ മൗലാനാ സ്വദ്‌റുദ്ദീന്‍ ഇസ്വ്‌ലാഹി എഴുതിത്തുടങ്ങി. റാംപൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സിന്ദഗി മാസികയിലാണ് അത് ഖണ്ഡശഃ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നത്. അതിന്റെ ആദ്യ ഭാഗം 1950 ആഗസ്റ്റ്- സെപ്റ്റംബര്‍ സംയുക്ത ലക്കത്തിലും അവസാന ഭാഗം 1953 ആഗസ്റ്റ്- സെപ്റ്റംബര്‍ സംയുക്ത ലക്കത്തിലും പ്രസിദ്ധീകരിച്ചു. അല്‍ ഫാതിഹ, അല്‍ബഖറ എന്നീ അധ്യായങ്ങളുടെ പരിഭാഷയും വ്യാഖ്യാനവും അതോടെ പൂര്‍ത്തിയായി.
തയ്‌സീറിന് ആമുഖമായി എഴുതിയ കുറിപ്പില്‍, ഇങ്ങനെയൊരു തഫ്‌സീര്‍ എന്തുകൊണ്ട് ആവശ്യമായി വന്നു എന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. വളരെ മൂല്യവത്തായ നിരവധി ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. പക്ഷേ, അവ മുസ്‌ലിം മനോഗതിയും അവരുടെ ആവശ്യങ്ങളും മുന്നില്‍ കണ്ടു കൊണ്ട് എഴുതിയിട്ടുള്ളവയാണ്. സഹോദര സമുദായങ്ങളെ മുന്നില്‍ കണ്ടുള്ള രചനകളല്ല. ഈ കുറവ് നികത്താനാണ് തന്റെ ശ്രമമെന്ന് അദ്ദേഹം എഴുതി.
ഖുര്‍ആന്‍ വ്യാഖ്യാനവും പരിഭാഷയും സിന്ദഗി മാസികയില്‍ പ്രസിദ്ധീകരിച്ചു വരവെ മൂന്നാം വര്‍ഷം അതില്‍ ഇങ്ങനെയൊരു അറിയിപ്പ് വന്നു: 'ചില കാരണങ്ങളാല്‍ ഈ പരിഭാഷയും വ്യാഖ്യാനവും അനിശ്ചിത കാലത്തേക്ക് നീട്ടിവെക്കുകയാണ്' (സിന്ദഗി 1953 ആഗസ്റ്റ്- സെപ്റ്റംബര്‍). നിര്‍ത്തിവെക്കാനുള്ള കാരണങ്ങള്‍ മനസ്സിലാക്കുക പ്രയാസമാണ്. മൗലാനാ പിന്നീട് അതെക്കുറിച്ച് ആരോടും ഒന്നും പറഞ്ഞിട്ടില്ല. അടിയന്തരമായ ഏതോ പ്രാസ്ഥാനിക ചുമതലകള്‍ വന്നു പെട്ടതുകൊണ്ട്, പിന്നെ പുനരാരംഭിക്കാമെന്ന ഉദ്ദേശ്യത്തോടെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതാകാം. പ്രസിദ്ധീകരിച്ച ഭാഗങ്ങള്‍ പുസ്തക രൂപത്തില്‍ വരാത്തതു കൊണ്ട്, വളരെ ചെറിയ വൃത്തങ്ങളിലേ അതിന് പ്രചാരം സിദ്ധിച്ചിരുന്നുള്ളൂ. മൗലാനാ ജലീല്‍ അഹ്‌സന്‍ നദ്‌വി ആ വ്യാഖ്യാനം പലപ്പോഴും റഫര്‍ ചെയ്തിരുന്നതായി അറിയാം. ഇതിനു ശേഷം മൗലാനാ സ്വദ്‌റുദ്ദീന്‍ ഇസ്വ്‌ലാഹി പല പുസ്തകങ്ങള്‍ എഴുതുകയും പഴയ പുസ്തകങ്ങളുടെ പുതിയ എഡിഷന്‍ ഇറക്കുകയുമൊക്കെ ചെയ്‌തെങ്കിലും ഈ പരിഭാഷയും വ്യാഖ്യാനവും പുസ്തക രൂപത്തിലാക്കാന്‍ അദ്ദേഹം താല്‍പര്യമെടുത്തില്ല. 53 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അതൊരു പുസ്തകമായി പ്രസിദ്ധീകരിക്കുന്നത്!
മൗലാനാ ഫറാഹിയുടെ ചിന്താധാര
ആധുനിക കാലത്ത് ഖുര്‍ആന്‍ വ്യാഖ്യാനത്തിലെ ഇമാം എന്ന് വിശേഷിപ്പിക്കാവുന്ന പണ്ഡിതനും ചിന്തകനുമാണ് അല്ലാമാ ഹമീദുദ്ദീന്‍ ഫറാഹി (1863-1930). ഖുര്‍ആനെ ഖുര്‍ആനെക്കൊണ്ട് വ്യാഖ്യാനിക്കുക എന്നതാണ് അടിസ്ഥാന രീതി ശാസ്ത്രം. ഒരു ഖുര്‍ആന്‍ അധ്യായത്തിലെ മുഴുവന്‍ സൂക്തങ്ങള്‍ തമ്മിലും, അധ്യായങ്ങള്‍ തമ്മില്‍ തമ്മിലും യുക്തിയുക്തമായ ഒരു ചേര്‍ന്നുനില്‍പ്പും ബന്ധവും (നള്മ്) ഉണ്ടെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. കേന്ദ്ര ആശയത്തിലേക്ക് ചേര്‍ത്ത് നിര്‍ത്തിയായിരിക്കും സൂക്തങ്ങളുടെയും അധ്യായങ്ങളുടെയും വ്യാഖ്യാനം വികസിക്കുക. ഈ ചിന്താ രീതിയുടെ പ്രമുഖ വക്താക്കളിലൊരാളാണ് മൗലാനാ സ്വദ്‌റുദ്ദീന്‍ ഇസ്വ്‌ലാഹി. തയ്‌സീറുല്‍ ഖുര്‍ആനില്‍ ആ രീതിശാസ്ത്രമാണ് നാം കാണുക. ഫറാഹി ചിന്താരീതി പിന്തുടര്‍ന്നുകൊണ്ട് എഴുതപ്പെട്ട ആദ്യ തഫ്‌സീറാണിത്. ഫറാഹിക്ക് പ്രശസ്തരായ മറ്റു രണ്ട് ശിഷ്യന്മാര്‍ കൂടിയുണ്ട്. മൗലാനാ അമീന്‍ അഹ്‌സന്‍ ഇസ്വ്‌ലാഹിയും മൗലാനാ അഖ്തര്‍ അഹ്‌സന്‍ ഇസ്വ്‌ലാഹിയും. ഫറാഹി രീതിശാസ്ത്രം വിശദമായി പിന്തുടരുന്ന രണ്ടാമത്തെ തഫ്‌സീറാണ് അമീന്‍ അഹ്‌സന്‍ ഇസ്വ്‌ലാഹിയുടെ തദബ്ബുറെ ഖുര്‍ആന്‍.
ഇന്ത്യാ വിഭജനത്തിനു ശേഷം മൗലാനാ അമീന്‍ അഹ്‌സന്‍ ഇസ്വ്‌ലാഹി പാകിസ്താനിലേക്ക് പോയി. അഖ്തര്‍ ഇസ്വ്‌ലാഹിയും സ്വദ്‌റുദ്ദീന്‍ ഇസ്വ്‌ലാഹിയും തമ്മില്‍ മദ്‌റസത്തുല്‍ ഇസ്വ്‌ലാഹില്‍ പഠിക്കുമ്പോഴേ ബന്ധമുണ്ട്. 1950-ല്‍ മൗലാനാ സ്വദ്‌റുദ്ദീന്‍ ഇസ്വ്‌ലാഹി റാംപൂരില്‍ ജമാഅത്ത് കേന്ദ്രത്തിലേക്ക് വന്നപ്പോഴും മൗലാനാ അഖ്തറുമായുള്ള ബന്ധം തുടര്‍ന്നു. ഈ രണ്ട് പേരും തുടക്കം മുതലേ ജമാഅത്തിന്റെ കേന്ദ്ര ശൂറയിലുണ്ട്. 1958-ലാണ് മൗലാനാ അഖ്തര്‍ അഹ്‌സന്‍ ഇസ്വ്‌ലാഹി മരണപ്പെടുന്നത്. ഈ രണ്ട് പ്രഗത്ഭ പണ്ഡിതന്മാരുമായി അടുത്തിടപഴകാന്‍ എനിക്ക് അവസരമുണ്ടായി.
ഉമറാബാദിലെ ജാമിഅ ദാറുസ്സലാമില്‍ നിന്ന് ബിരുദമെടുത്ത് മൂന്നോ നാലോ മാസങ്ങള്‍ കഴിഞ്ഞാണ് 1954 ജൂലൈയില്‍ ഞാന്‍ റാംപൂരിലുള്ള ജമാഅത്ത് കേന്ദ്രത്തിലെത്തുന്നത്. 1958-ല്‍ മരിക്കുന്നത് വരെയും മൗലാനാ അഖ്തര്‍ അഹ്‌സന്‍ ഇസ്വ്‌ലാഹി ശൂറാ യോഗങ്ങളില്‍ പങ്കെടുക്കാന്‍ അവിടെ വരുമ്പോള്‍ വേണ്ട പരിചരണങ്ങള്‍ നല്‍കാന്‍ ഞാന്‍ അദ്ദേഹത്തോടൊപ്പമുണ്ടാവും. അത്തരം ഒപ്പമിരിക്കലുകള്‍ വൈജ്ഞാനികമായി എനിക്ക് ഏറെ പ്രയോജനപ്പെട്ടു. ഖുര്‍ആനിക വിഷയങ്ങളും ധാരാളമായി ചര്‍ച്ചക്ക് വരും. അങ്ങനെ അദ്ദേഹത്തിന് ശിഷ്യപ്പെടാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു.
(തജല്ലിയാത്തെ ഖുര്‍ആന്‍ എന്ന കൃതിയില്‍നിന്ന്)
Comments