Prabodhanm Weekly

Pages

Search

2022 സെപ്റ്റംബര് 09

3267

1444 സഫര് 13

ഇത് ചരിത്രത്തിന്റെ കാവ്യനീതി

ബശീര്‍ ഉളിയില്‍    [email protected]

 

പ്രതിവിചാരം /

കേരളപ്പിറവിക്ക് ശേഷമുള്ള  അറുപത്തിയഞ്ചു കൊല്ലത്തെ ചരിത്രത്തില്‍ തുല്യതയില്ലാത്ത ഭരണ പ്രതിസന്ധികളിലൂടെയാണ് കേരള രാഷ്ട്രീയം കടന്നു പോകുന്നത്. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ അസ്ഥിരപ്പെടുത്താനും അട്ടിമറിക്കാനും കേന്ദ്രം ഗവര്‍ണര്‍മാരെ ഉപയോഗപ്പെടുത്തിയ ഉദാഹരണങ്ങള്‍ ഏറെ ഉണ്ടെങ്കിലും സംസ്ഥാന മന്ത്രിസഭയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി വ്യക്തിപരമായി തന്റെ അധികാരം പ്രയോഗിക്കാന്‍ രാഷ്ട്രപതിയുടെ പ്രതിനിധിയായ ഗവര്‍ണര്‍മാര്‍ പരിശ്രമിക്കാറില്ല.  അമിതാധികാര പ്രയോഗങ്ങള്‍  ഗവര്‍ണര്‍മാരുടെ ഭാഗത്തു നിന്നുണ്ടാവരുതെന്നും സംസ്ഥാന സര്‍ക്കാറുകളുമായി യോജിച്ചു പ്രവര്‍ത്തിക്കണമെന്നും 1974-ലെ ഷംഷേര്‍ സിംഗ് ഢ െസ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസില്‍ സുപ്രീം കോടതി ഖണ്ഡിതമായി പ്രസ്താവിച്ചതുമാണ്. ഭരണഘടന അനുസരിച്ചു ഒരു സംസ്ഥാനത്തിന്റെ ഭരണത്തലവനല്ല ഗവര്‍ണര്‍, മറിച്ചു ഭരണ നിര്‍വഹണത്തിന് അധികാരമില്ലാത്ത ഭരണഘടനാ തലവനാണ്. നിര്‍ഭാഗ്യവശാല്‍ ബി.ജെ.പി അധികാരമേറ്റത് മുതല്‍ ബി.ജെ.പി വിരുദ്ധ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ മേല്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ചു അമിതാധികാരപ്രയോഗം നടത്തുന്ന അവസ്ഥയാണുള്ളത്.
കേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത് അത്തരമൊരു ദുരവസ്ഥയാണ്. രാജഭരണക്കാലത്ത് ക്ഷത്രപതി എന്ന പദവി ഗവര്‍ണര്‍ക്ക് തുല്യമായിരുന്നുവത്രെ. രാജാവിന്റെ അഭാവത്തില്‍ ഈ പദവി വഹിച്ചിരുന്നത് ക്ഷത്രപതികളായിരുന്നു. ജനാധിപത്യം പണ്ടേ പഥ്യമല്ലാത്ത സംഘ് പരിവാരത്തിന് രാജാവും മന്ത്രിയും ഗജവും രഥവുമെല്ലാമുള്ള ചതുരംഗ ഭരണം തന്നെയാണ് കാമ്യം. തിരശ്ചീനമായും ലംബമായും  കരുക്കള്‍ നീക്കി കളി ജയിക്കാന്‍  മിലിട്ടറി, ജുഡീഷ്യറി, എക്‌സിക്യൂട്ടീവ് മുതലിങ്ങോട്ട് എല്ലാ സംവിധാനങ്ങളും എവര്‍ റെഡിയാണ്. ഏതു ദിശയിലേക്കും കോണോടുകോണായി നീക്കാന്‍ കഴിയുന്ന ഗവര്‍ണര്‍മാരാണ്  ഈ ചതുരംഗക്കളിയിലെ മികച്ച കരുക്കള്‍. ശിഖണ്ഡിയെ മുന്‍നിര്‍ത്തിയായിരുന്നുവല്ലോ അര്‍ജുനന്‍ പണ്ട് ഭീഷ്മരെ വീഴ്ത്തിയത്. പുതു കാലത്തെ കുരുക്ഷേത്ര യുദ്ധത്തില്‍ തരം പോലെ ഉപയോഗിക്കാന്‍ സംഘ് പരിവാറിന് ഓരോ സംസ്ഥാനത്തും ചാവേറുകളുണ്ട്. സിനിമയിലെ കീരിക്കാടന്‍ ജോസിനെ വെല്ലുവിളിക്കുന്ന 'സേതുക്ക'യുടെ ശിങ്കിടിയെപ്പോലെ ജനകീയ സര്‍ക്കാരുകള്‍ക്ക് മുന്നില്‍ ഭീഷണിയുടെ പിച്ചാത്തിയുമായാണ് കേന്ദ്രന്‍സിനു വേണ്ടി ഗവര്‍ണര്‍മാര്‍ മീശ പിരിക്കുന്നത്. ഇനിയും കീഴടങ്ങാത്ത കേരളം പിടിക്കാന്‍ പിടിപ്പതും ജാസ്തിയും മിടുക്കുണ്ടെന്ന് പണ്ടേ തെളിയിച്ച ആരിഫ് മുഹമ്മദ് ഖാന്‍ എന്ന ഹിന്ദുത്വ കൂടാരത്തിലെ മഹാരഥനെ കെട്ടിയിറക്കിയത് ഒടുക്കത്തെ കളി കളിക്കാന്‍ തന്നെയാണ്. 'അരിയും തിന്ന് ആശാരിച്ചിയെയും കടിച്ചു പിന്നെയും മുറുമുറുത്തു മുന്നേറുകയാണ്' സംസ്ഥാനത്തിന്റെ കാര്യനിര്‍വഹണത്തലവനായ ഗവര്‍ണര്‍.
സ്വജനപക്ഷപാതിത്വത്തിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റെയും ഭാണ്ഡ ഭാരം താങ്ങാന്‍ പെടാപാട് പെടുന്ന പിണറായി സര്‍ക്കാരാകട്ടെ ജ്ഞാനവൃദ്ധരായ സ്വന്തം സഖാക്കളെ പോലും 'തെരുവ് ഗുണ്ട' എന്ന് വിളിച്ച ഗവര്‍ണറേമാന്റെ മുന്നില്‍ പതറി നില്‍ക്കുന്നു. 'ചിറ്റപ്പന്‍' തൊട്ട് 'കൊച്ചാപ്പ' മുതല്‍ ഇങ്ങോട്ട് ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രിയുടെ പി.എയുടെ പത്‌നിക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ അനധികൃത നിയമനത്തിനു വഴിയൊരുക്കിയത് വരെയുള്ള 'വീക്‌നെസ്സി'ല്‍ കേറിപ്പിടിച്ചു കൊണ്ടാണ് ഗവര്‍ണര്‍ അര്‍മാദിക്കുന്നത്. 'ഇര്‍ഫാന്‍ ഹബീബിനെപ്പോലുള്ള ജ്ഞാനവൃദ്ധരെ മുകളില്‍ നിന്നുള്ള ആജ്ഞപ്രകാരം അപമാനിച്ച് അന്തരീക്ഷം മലീമസമാക്കുന്നു. അലീഗഢ് സര്‍വകലാശാലയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒരു സാധാരണ വിദ്യാര്‍ഥിനേതാവായിരുന്ന കാലത്തേ സര്‍വാദരണീയനായ അധ്യാപകനും ലോകപ്രശസ്ത ചരിത്രകാരനുമായിരുന്നു പ്രഫ. ഇര്‍ഫാന്‍ ഹബീബ്' (എം.എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്) എന്നിങ്ങനെ സമൂഹ മാധ്യമങ്ങളില്‍  പരിദേവിക്കാന്‍ മാത്രമേ സര്‍ഗ സൗമ്യരായ 'പോളിറ്റ്ബ്യൂറോക്രാറ്റിക്' സഖാക്കള്‍ക്ക് പോലും കഴിയുന്നുള്ളൂ. 
'പാര്‍ട്ടി സെല്‍ ഭരണ'ത്തിന്റെ പേരിലുള്ള വിമര്‍ശങ്ങളായിരുന്നു ആദ്യകാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നേരെ ഉയര്‍ന്നിരുന്നത്. ആ വിമര്‍ശങ്ങളെ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുകയും ചെയ്തിരുന്നു. അതേസമയം ഉള്‍പാര്‍ട്ടി വിമര്‍ശങ്ങളും ഒരു പരിധി വരെ പാര്‍ട്ടിയില്‍ നടന്നിരുന്നു. പി. കൃഷ്ണപിള്ള, എ.കെ.ജി, ഇ.എം.എസ് തുടങ്ങിയവരാരും വിമര്‍ശത്തിനു അതീതരായിരുന്നില്ല. എന്നാലിന്ന് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിയന്ത്രണം ഒരൊറ്റ 'ക്യാപ്റ്റനി'ലേക്ക് കേന്ദ്രീകരിക്കപ്പെട്ടതോടെ  വിയോജിപ്പുകളും  വിമര്‍ശങ്ങളും  ആത്മവിമര്‍ശം പോലും പടിക്ക് പുറത്തായ അവസ്ഥയിലാണ്. പാര്‍ട്ടിയാണിന്നു മുഖ്യമന്ത്രി, മുഖ്യമന്ത്രിയാണ് പാര്‍ട്ടി. 'മൂല ധന' സമാഹരണത്തിനും അടുപ്പക്കാരെ അധികാരത്തിന്റെ അകത്തളങ്ങളില്‍ അവരോധിക്കാനും ഏത് വഴിയും പാര്‍ട്ടിക്ക് പഥ്യമാണെന്ന് വന്നിരിക്കുന്നു.  പാവങ്ങളായ സഖാക്കള്‍ക്ക്  ക്യാപ്റ്റനെ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ ചാവേറുകളാവാനാണ് വിധി.  നോം ചോംസ്‌കിയുടെ 'ബുദ്ധിജീവികളുടെ ഉത്തരവാദിത്വം' പ്രഭാഷണങ്ങളില്‍ ആവര്‍ത്തിച്ചുദ്ധരിക്കുന്ന ഇടത് ബുജികളാണെങ്കില്‍  സാംസ്‌കാരിക സ്ഥാപനങ്ങളില്‍ ലഭിച്ച കസേരകളില്‍ സമ്പൂര്‍ണ സായൂജ്യരുമാണ്. 
രാജ്യത്തിന്റെ  ബഹുസ്വരതയെ സംരക്ഷിക്കുന്നതിനു വേണ്ടി സംവിധാനിക്കപ്പെട്ട ഫെഡറലിസത്തെ  തകര്‍ക്കാന്‍ ഭരണഘടനാപരമായി സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്ന വിഷയങ്ങളില്‍ കേന്ദ്രം ഇടപെടുന്നത് ഇതാദ്യമല്ല. 'സ്വതന്ത്ര കേരള'ത്തിലെ ഒന്നാമത്തെ സര്‍ക്കാരിനെ അന്നത്തെ ഗവര്‍ണര്‍ ബി. രാമകൃഷ്ണറാവു 'വലിച്ചു താഴെയിട്ട'പ്പോള്‍ മറയ്ക്കു മുന്നിലും പിന്നിലും തെളിഞ്ഞ രണ്ടേ രണ്ട് മുഖങ്ങള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഇന്ദിര ഗാന്ധിയുടേതും പ്രധാനമന്ത്രി നെഹ്റുവിന്റേതും മാത്രമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി പോലും അന്ന് ഗവര്‍ണറെ വ്യക്തിപരമായി വിമര്‍ശിച്ചില്ല. 'ശബരിമല സുവര്‍ണാവസര'ത്തിന്റെ നൂലില്‍ പിടിച്ചു പിണറായി സര്‍ക്കാരിനെ 'വലിച്ചു താഴെയിടും' എന്ന്, ഏത് ഇരുമ്പിനെയും പൊന്നാക്കി മാറ്റുന്ന ചാണക്യ രസതന്ത്രം പഠിച്ചയാളെന്നു ശത്രുക്കളാല്‍ പോലും 'വാഴ്ത്തപ്പെട്ട' സാക്ഷാല്‍ അമിത് ഷാ പേടിപ്പിച്ചപ്പോഴും, 'വലിച്ച് താഴെയിട്ട് കളയാം എന്നാണ് ബി.ജെ.പിയുടെ തലതൊട്ടപ്പന്‍ വിചാരിക്കുന്നതെങ്കില്‍ അതിന് ആ തടി പോരാ; കണ്ടിട്ട് വെള്ളം കൂടുതലുള്ള തടിയാണെന്ന് തോന്നുന്നു' എന്ന് ഉരുളക്കുപ്പേരി അണ്ണാക്കിലിട്ടു കൊടുത്തത് ഇരട്ടചങ്കന്‍ തന്നെ ആയിരുന്നു.
എന്നാല്‍, രണ്ടാമൂഴത്തിന്റെ രണ്ടാമാണ്ടിലേക്ക് കടക്കുമ്പോള്‍  'തല്‍ക്കാലം ആ തടി' കൊണ്ട് അഡ്ജസ്റ്റ് ചെയ്യാമെന്ന ഒത്തുതീര്‍പ്പിലെത്തി വെള്ളം കുടിച്ചു നില്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍.  സെപ്റ്റംബര്‍ 13-ന് സുപ്രീം കോടതി ലാവ്ലിന്‍ കേസ് പരിഗണനക്കെടുക്കാന്‍ പോകുന്നതു കൊണ്ടാണ്, അതല്ല സ്വര്‍ണക്കടത്തില്‍ പുറത്തായ 'ചെമ്പ്' മറയ്ക്കാനാണ്  സെപ്റ്റംബര്‍ നാലിന് നടക്കുന്ന നെഹ്റു ട്രോഫി വള്ളം കളി മത്സരത്തില്‍ അമിത് ഷായെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചതെന്ന് രാഷ്ട്രീയ ദോഷൈകദൃക്കുകള്‍ക്കിടയില്‍ അപ'ശ്രുതി'കളുണ്ട്.
സംഘ് പരിവാറിന്റെ ഗൂഢ അജണ്ടകള്‍ അറിഞ്ഞോ അറിയാതെയോ കേരളത്തില്‍ ആദ്യം പ്രൊമോട്ട് ചെയ്തത് സി.പി.എം ആയിരുന്നു എന്നതാണ് യാഥാര്‍ഥ്യം.  ത്വലാഖ്, ബഹുഭാര്യത്വം തുടങ്ങിയ 'പ്രാകൃതങ്ങള്‍' തടയാന്‍ ഏകീകൃത സിവില്‍ നിയമം നടപ്പാക്കണമെന്ന ആദ്യ നിലപാടില്‍ നിന്ന് സി.പി.എം ഇപ്പോള്‍ പിന്മാറിയെങ്കിലും രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഇസ്ലാമിക ശരീഅത്തിനെതിരെ ഇടതുപക്ഷം തുറന്നു വിട്ട ഭൂതത്തെ തിരിച്ചു കുടത്തില്‍ കയറ്റുക എളുപ്പമല്ല. എണ്‍പതുകളില്‍ ഷാബാനു കേസ് വിധിയോടനുബന്ധിച്ചു നടന്ന ശരീഅഃ വിരുദ്ധ സമ്മേളനങ്ങളില്‍ കേരളത്തിലെ സി.പി.എം, 'അടിച്ചു മോനേ' എന്ന മട്ടില്‍ അര്‍മാദിച്ചു കൊണ്ടുനടന്ന 'പുരോഗമന മുസ്ലിം കിട്ടുണ്ണി'യാണ്  ഇപ്പോള്‍  ഇടതുപക്ഷ സര്‍ക്കാറിനെക്കൊണ്ട്  'ക്ഷ ണ്ണ ചച്ച ഞഞ്ഞ' വരപ്പിക്കുന്നത് എന്നത് ചരിത്രത്തിന്റെ മറ്റൊരു കാവ്യനീതി. ചരിത്രം ഇവിടെ ആദ്യം പ്രഹസനമായും പിന്നെ ദുരന്തമായുമാണ് സംഭവിക്കുന്നത്, കാള്‍ മാര്‍ക്‌സ് പറഞ്ഞതു പോലെ നേരെ മറിച്ചല്ല.
കളം അറിഞ്ഞു തന്നെയാണ്  ബി.ജെ.പി കളി തുടങ്ങിയത്. കുമ്മനം രാജശേഖരനെയും  ശ്രീധരന്‍ പിള്ളയെയും മിസോറാമുകാര്‍ക്ക് പരിചയപ്പെടുത്താന്‍ പെട്ട പാട്  ആരിഫ് മുഹമ്മദ് ഖാന്റെ കാര്യത്തില്‍ ബി.ജെ.പിക്ക് ഇല്ല.  അന്ന് 'പ്രോഗ്രസീവ് ഇന്റലെക്ച്വല്‍ മുസ്ലിം' പട്ടം കെട്ടി സി.പി.എം കേരളത്തില്‍ എഴുന്നള്ളിച്ച ഖാന്  ഇസ്ലാമിക പണ്ഡിതന്‍ എന്ന അധികക്കുറിപ്പ് കൂടി ചേര്‍ക്കുന്ന പണി മാത്രമേ ബി.ജെ.പിക്ക് ഇന്നുള്ളൂ. 2010-ലെ ബെസ്റ്റ് സെല്ലര്‍ ആയ Text and Context: Quran and Contemporary Challenges (പാഠവും സന്ദര്‍ഭവും: ഖുര്‍ആനും സമകാലിക വെല്ലുവിളികളും) എന്ന കൃതിയുടെ കര്‍ത്താവായ ഖാന്‍ ജനസംഖ്യയുടെ 26 ശതമാനത്തിലേറെ മുസ്ലിംകളുള്ള കേരളത്തില്‍ ബി.ജെ.പിയുടെ 'നല്ല മുസ്ലിം' പട്ടികയില്‍ ഇടം പിടിച്ച ആളാണ്. സംഘ് പരിവാര്‍ തിങ്ക് ടാങ്ക് വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഉപദേശക സമിതി അംഗവുമാണ്.  സര്‍ക്കാറിന്റെ സ്വജനപക്ഷ വാദവും അഴിമതിയും അംഗീകരിക്കില്ല എന്ന ആരിഫ്ഖാന്റെ ഒറ്റ പ്രസ്താവനയിലൂടെ കുഴല്‍പ്പണക്കടത്തിലും കള്ളനോട്ടടിയിലും മുഖം നഷ്ടപ്പെട്ട ബി.ജെ.പിക്ക് ഓജസ്സ് കൈവന്നിരിക്കുന്നു.
'ഓരോ ജനതക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ മാത്രമേ ലഭിക്കൂ' എന്ന, പറഞ്ഞു പറഞ്ഞു തേഞ്ഞ പ്രയോഗം മാറ്റിപ്പറയാന്‍ അവസരം ഉണ്ടാക്കാത്തിടത്തോളം കാലം മുമ്പ് പറഞ്ഞത് തന്നെ ആവര്‍ത്തിക്കാനേ നിവൃത്തിയുള്ളൂ. 'സ്വയം മാറാന്‍ സന്നദ്ധമല്ലാത്ത കാലത്തോളം അല്ലാഹു ഒരു സമൂഹത്തെയും മാറ്റുകയില്ല' (വി.ഖുര്‍ആന്‍ 13:11).  
7025195092
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-12-13
ടി.കെ ഉബൈദ്‌

ഹദീസ്‌

ദീര്‍ഘായുസ്സിലെ ലാഭനഷ്ടങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌