Prabodhanm Weekly

Pages

Search

2022 സെപ്റ്റംബര് 09

3267

1444 സഫര് 13

തിരിച്ചു പിടിക്കണം, ആ പഴയ സൗഹൃദം

എന്‍.പി അബ്ദുല്‍ കരീം ചേന്ദമംഗല്ലൂര്‍

പി.കെ ജമാല്‍ എഴുതിയ 'സ്‌നേഹവും സൗഹൃദവും പൂത്തുലഞ്ഞ സുവര്‍ണകാലം' (ലക്കം 14) എന്ന ലേഖനം വായിച്ചു. സൗഹൃദത്തിന്റെ ആ പഴയ പച്ചപ്പ് ഇന്ന് മരീചികയായി മാറുകയാണ്. സംഘടനകള്‍ക്കകത്തെ സൗഹൃദം തന്നെ ആവിയായി പോകുന്ന കാലത്ത് തീര്‍ത്തും പ്രസക്തമാണീ ലേഖനം.
സംഘടന തന്നെ ലക്ഷ്യമാവുകയും നാഥന്‍ നല്‍കിയ സാമ്പത്തിക സുസ്ഥിതിയില്‍ അഹങ്കരിക്കുകയും ആദര്‍ശം മാറ്റിനിര്‍ത്തി സ്വയം പടുത്തുയര്‍ത്തുകയുമാണ് സംഘടനകള്‍ ചെയ്യുന്നത്. പഴയ കാലത്ത് ഇല്ലാതിരുന്ന വിവര സാങ്കേതിക വിദ്യ ഇന്ന് സൗഹൃദത്തിന് ക്ഷതമേല്‍പ്പിക്കുന്നതില്‍ വഹിക്കുന്ന പങ്ക് വലുതാണ്. ആദര്‍ശ സംവാദങ്ങളെന്ന പേരില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സോഷ്യല്‍ മീഡിയ പരിപാടികള്‍, തങ്ങള്‍ക്കിഷ്ടമില്ലാത്ത വ്യക്തികളെയും സംഘടനകളെയും ചെളിവാരിയെറിയുന്നതിനാണ് ഉപയോഗിക്കുന്നത്.
കേരളത്തിലെ മതസംഘടനകള്‍ക്കിടയില്‍ സൗഹൃദം പൂത്തുലയേണ്ട കാലമാണിത്. പഴയ 'ശരീഅത്ത് വിവാദ' കാലത്തെക്കാള്‍ ഭയാനകമായ സ്ഥിതി വിശേഷമാണിന്ന് നിലനില്‍ക്കുന്നത്. സമുദായം സദാസമയം പ്രതിരോധത്തിലാണ്. ഒരിക്കല്‍ പോലും ഗോളടിക്കാന്‍ മറ്റുള്ളവര്‍ അനുവദിക്കുന്നില്ല. സംഘടനകള്‍ തമ്മിലെ ചേരിതിരിവുകള്‍ മാറ്റിനിര്‍ത്തി ഒന്നിച്ചിരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഫാഷിസ്റ്റ് കരാള ഹസ്തങ്ങള്‍ക്ക് പുറമെ, നവലിബറല്‍ ചിന്താ സരണികള്‍ സമുദായത്തിലേക്ക് കടത്തിവിടുന്ന വിഷവും നവയാഥാസ്ഥിതിക വാദങ്ങളും എല്ലാം സമുദായം ഒറ്റക്കെട്ടായി ചെറുക്കേണ്ട കാര്യങ്ങളാണിന്ന്. നോമ്പിലും പെരുന്നാളിലും ഭിന്നതയില്ലാതിരിക്കാന്‍ വേണ്ടി മാത്രം രൂപം കൊടുക്കുന്ന സൗഹൃദവേദികള്‍ എന്നതില്‍ നിന്ന് മാറി സദാ കര്‍മനിരതമാവുന്ന മുസ്‌ലിം കൂട്ടായ്മ വര്‍ത്തമാനകാലത്തിന്റെ ആവശ്യകതയാണ്. 
കേരളത്തിലെ സംഘടനകള്‍ ഒന്നിച്ച് ചേരുന്ന വേദികളൊരുക്കാന്‍ ആ 'കൂട്ടായ്മ'ക്ക് കഴിയണം. വ്യത്യസ്ത സംഘടനകള്‍ നടത്തുന്ന കോളേജുകളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുള്ള കലാ-കായിക മത്സരങ്ങള്‍, കോളേജുകള്‍ തമ്മിലുള്ള ക്വിസ് മത്സരങ്ങള്‍, വ്യത്യസ്ത ചേരിയിലുള്ള മതപണ്ഡിതരെ കലാലയങ്ങളിലേക്ക് ക്ഷണിച്ചു വിദ്യാര്‍ഥികളുമായി സംവദിക്കാനവസരമൊരുക്കല്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ഇത്തരം സൗഹൃദ കൂട്ടായ്മയുടെ അജണ്ടയായി വരണം. ബോധപൂര്‍വവും ആസൂത്രിതവുമായ ശ്രമങ്ങളുണ്ടെങ്കില്‍ വളര്‍ന്നുവരുന്ന തലമുറയെയെങ്കിലും സൗഹൃദത്തിന്റെ പച്ചപ്പിലേക്ക് കൈപിടിച്ചുയര്‍ത്താനാവും. 


ജെന്‍ഡര്‍ ന്യൂട്രാലിറ്റി: സമസ്തയുടെ ബോധവത്കരണം ശ്ലാഘനീയം

കെ.സി ജലീല്‍ പുളിക്കല്‍

നാലായിരത്തോളം മഹല്ലുകള്‍ കേന്ദ്രീകരിച്ച് ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ ബോധവത്കരണം നടത്താനുള്ള സമസ്തയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. അതിനോടനുബന്ധിച്ച ശില്‍പശാലകള്‍ക്കും മറ്റും ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്. നിരീശ്വര നിര്‍മതവാദികളും ലിബറലുകളുമെല്ലാം ചേര്‍ന്ന് ഭരണകൂടത്തിന്റെ ഒത്താശയോടെ നടത്തിവരുന്ന ആസൂത്രിത പ്രവര്‍ത്തനങ്ങളുടെ ഭാഗം തന്നെയായാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി പ്രശ്‌നം കുത്തിപ്പൊക്കുന്നതും. രാജ്യത്തിന്റെ ജനാധിപത്യ-മതേതര സ്വഭാവം ഇല്ലാതാക്കാന്‍ ദേശീയ ഭരണകൂടവും സംഘ് പരിവാറും ഒത്തുചേര്‍ന്ന് ആസൂത്രിതമായി ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനെ നേരിടാന്‍ ഒന്നിച്ചു ചേര്‍ന്ന് ശ്രമിക്കുന്നതിന് പകരം, സംസ്ഥാന ഭരണകൂടവും മുഖ്യ ഭരണകക്ഷിയും ഇത്തരം വിഷയങ്ങള്‍ക്ക് പ്രഥമ സ്ഥാനം നല്‍കുന്നത് തന്നെ ദുരൂഹമാണ്. എതിര്‍പ്പുകള്‍ വരുമ്പോള്‍ തല്‍ക്കാലത്തേക്ക് അടക്കിനിര്‍ത്താന്‍ എന്തൊക്കെ പറഞ്ഞാലും, ഇസ്‌ലാമിനോടും ഇസ്‌ലാമിക സമൂഹത്തോടുമുള്ള വിരോധമാണ് അത്തരക്കാരുടെ ഉള്ളിലിരിപ്പെന്ന് വ്യക്തം. സമസ്ത തന്നെയാണ് ഇതിനെതിരെയുള്ള ചെറുത്ത് നില്‍പ്പിന് നേതൃത്വം നല്‍കേണ്ടത്. മുസ്‌ലിം ബഹുജനങ്ങളില്‍ കൂടുതല്‍ സ്വാധീനമുള്ളത് സമസ്തക്ക് തന്നെയാണല്ലോ.
ധാര്‍മിക മൂല്യങ്ങളുടെ സ്വാധീനമില്ലാത്ത, അശ്ലീല സംസ്‌കാരത്തെ വാരിപ്പുണരുന്ന നിര്‍ലജ്ജ സമൂഹമായി വരുംതലമുറയെ വാര്‍ത്തെടുക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. വിദ്യാലയങ്ങളും കുടുംബശ്രീയും കേന്ദ്രമാക്കിയുള്ള നീക്കങ്ങള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇതിനെ നേരിടാന്‍ ഹ്രസ്വകാല, താല്‍ക്കാലിക നീക്കങ്ങള്‍ മതിയാകില്ല. സ്ത്രീകളുടെയും വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളുടെയും സാന്നിധ്യവും സഹകരണവും പങ്കാളിത്തവും ഉറപ്പുവരുത്തേണ്ടതുണ്ട്. ഒപ്പം, പവിത്രവും മഹനീയവും ഭദ്രവുമായ ഇസ്‌ലാമിക കുടുംബ വ്യവസ്ഥയെക്കുറിച്ച് യുവതീ യുവാക്കളെ ബോധവത്കരിക്കേണ്ടതുമുണ്ട്. സമസ്തയുടെ ബോധവത്കരണ സംരംഭം ദീര്‍ഘകാലാടിസ്ഥാനത്തില്‍  തയാറാക്കപ്പെട്ടതാകുമെന്ന് പ്രതീക്ഷിക്കുന്നു.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-12-13
ടി.കെ ഉബൈദ്‌

ഹദീസ്‌

ദീര്‍ഘായുസ്സിലെ ലാഭനഷ്ടങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌