Prabodhanm Weekly

Pages

Search

2022 സെപ്റ്റംബര് 09

3267

1444 സഫര് 13

ആഴത്തില്‍ അറിവ്,  സാത്വിക  വ്യക്തിത്വം

ഹഫീദ് നദ്‌വി   [email protected]

ജലാലുദ്ദീന്‍ റൂമിയുടെ ആത്മീയ തേജസ്സ് നെഞ്ചിലേറ്റി, ഇമാം ജലാലുദ്ദീന്‍ സുയൂത്വിയുടെ വൈജ്ഞാനിക പാരമ്പര്യത്തെ പുനരുജ്ജീവിപ്പിച്ച ഒരു ജീവിതമായിരുന്നു കഴിഞ്ഞ ആഗസ്റ്റ് 26-ന് ഈ ലോകത്തോട് വിടപറഞ്ഞ മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരിയുടേത്. ഉമ്മത്തിന്റെ വൈജ്ഞാനിക അവലംബങ്ങള്‍ ഒന്നിനുപിറകെ ഒന്നായി നഷ്ടപ്പെടുന്നല്ലോ എന്ന ആകുലതയാണ് ഉമരി സാഹിബിന്റെ മരണവിവരം അറിഞ്ഞപ്പോള്‍ മനസ്സിനെ അലട്ടിയത്. ഡോ. അബ്ദുല്‍ ഹഖ്ഖ് അന്‍സ്വാരിയുടെ വിയോഗ ശേഷം നമുക്ക് ഉമരി സാഹിബുണ്ടല്ലോ എന്ന സമാധാനം ലേശമൊക്കെ ഉണ്ടായിരുന്നു. അദ്ദേഹത്തിന് ശേഷം പകരംവയ്ക്കാന്‍ ഒരാളില്ലല്ലോ എന്നോര്‍ത്ത് വല്ലാത്ത സങ്കടമാണ് പെട്ടെന്ന് തോന്നിയത്. അറിവിന്റെ വിശാലതയും വിനയത്തിന്റെ ആഴവുമുള്ള സാഗരമാണ് ഇന്ത്യന്‍ മുസല്‍മാന് ഉമരിയുടെ വിയോഗത്തിലൂടെ വിനഷ്ടമായത് എന്ന് പറയുന്നത് അതിശയോക്തിയല്ല. 
തനിക്ക് ന്യായമായതെന്ന് തോന്നുന്ന,  പ്രാസ്ഥാനികമായി യുക്തിസഹമായ വിഷയങ്ങളിലേ ഉമരി സാഹിബ് അമീര്‍ എന്ന നിലയില്‍ ഇടപെട്ടിരുന്നുള്ളൂ. ആ വിഷയങ്ങളിലെല്ലാം നിരൂപണങ്ങള്‍ക്കതീതമായ തീരുമാനങ്ങളിലെത്താന്‍ അദ്ദേഹത്തിനാവുകയും ചെയ്തു. ശാഖാപരവും ഇസ്‌ലാമിനോ ഇസ്‌ലാമിക പ്രബോധനത്തിനോ പ്രസ്ഥാനത്തിനോ യാതൊരു ഫലവും ഉണ്ടാവുകയില്ല എന്നുറപ്പുമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹം സമയം കളയാറുണ്ടായിരുന്നില്ല. പ്രസ്ഥാനത്തെ അതിന്റെ മിസാജില്‍ / സ്വഛ പ്രകൃതത്തില്‍ നിന്ന് മാറ്റാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല.
മൗലാനയുമായുള്ള എന്റെ ആദ്യ കൂടിക്കാഴ്ച 1996 -ല്‍ ബിഹാര്‍ തലസ്ഥാനമായ പറ്റ്‌നയില്‍ എസ്.ഐ.ഒ ഉത്തരേന്ത്യാ സമ്മേളനത്തില്‍ വെച്ചായിരുന്നു എന്നാണ് ഓര്‍മ. സമ്മേളനത്തിന് മുന്നോടിയായി ഞങ്ങള്‍ കുറച്ചുപേര്‍ ഖുദാ ബഖ്ശ് ലൈബ്രറിയില്‍ പോവുന്നതറിഞ്ഞ അദ്ദേഹം കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത് സമ്മേളന നഗരിക്ക് പുറത്തുള്ള ഒരു  കെട്ടിടത്തില്‍ വച്ചാണ്. പിന്നീട് കാണുമ്പോഴും അദ്ദേഹത്തെ അക്കാര്യം  ഓര്‍മിപ്പിക്കാറുണ്ടായിരുന്നു. 2015-ല്‍ ചികിത്സയുടെ ഭാഗമായി കോട്ടക്കല്‍ ആയുര്‍വേദ ആശുപത്രിയില്‍ വന്നപ്പോള്‍ ചില പ്രവര്‍ത്തകര്‍ വഴി വിളിപ്പിച്ചതും തന്റെ ഹുഖൂഖെ ഇന്‍സാന്‍ (മനുഷ്യാവകാശങ്ങള്‍), ഫിഖ്ഹീ മഖാലാത് (കര്‍മശാസ്ത്ര ലേഖനങ്ങള്‍) എന്നീ ഗ്രന്ഥങ്ങള്‍  സമ്മാനമായി നല്‍കിയതും അവ പരിഭാഷപ്പെടുത്താമോ എന്ന് ചോദിച്ചതും  ഓര്‍ക്കുന്നു. പ്രകൃത്യായുള്ള മടിയുടെ ഭാഗമായിട്ടാവണം അവ എന്റെ ഗ്രന്ഥശേഖരത്തില്‍ ഇന്നും വിശ്രമം കൊള്ളുന്നു. മറ്റൊരിക്കല്‍ മര്‍കസില്‍ നടന്ന ഒരു ചടങ്ങില്‍ കണ്ടപ്പോള്‍ ആ പുസ്തകങ്ങളെ കുറിച്ച് ചോദിച്ചു. അപ്പോള്‍ ഉത്തരം കിട്ടാതെ അദ്ദേഹത്തോട് മാപ്പു പറയേണ്ടി വന്നു. അതിലെ ഒന്നാമത്തെ ഗ്രന്ഥം എ.കെ ബ്രോഹിയുടെ പ്രസ്തുത വിഷയത്തിലുള്ള ഗ്രന്ഥത്തിന്റെ ഉത്തരേന്ത്യന്‍ വേര്‍ഷന്‍ ആയാണ് ഉള്ളടക്കം ഓടിച്ചു നോക്കിയപ്പോള്‍ മനസ്സിലായത്. എന്നാല്‍, ഫിഖ്ഹീ മഖാലാത് ആധുനിക കാലത്തെ നമ്മുടെ കര്‍മശാസ്ത്ര നിലപാടു തറ വരച്ചു കാട്ടുന്നതും എത്രയും പെട്ടെന്ന് പരിഭാഷ വരേണ്ടതുമാണെന്ന് ശൈഖ് മുഹമ്മദ് കാരകുന്ന്, കെ.ടി ഹുസൈന്‍ നദ്വി എന്നിവരോട് സൂചിപ്പിച്ചിരുന്നു.
2007-ല്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ അമീറായി ഉമരി സാഹിബ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ശാന്തപുരം ഏരിയ നടത്തിയ സ്വീകരണത്തില്‍ അദ്ദേഹത്തിന്റെ പ്രഭാഷണം പരിഭാഷപ്പെടുത്തിയത് ഈയുള്ളവനായിരുന്നു. പരിഭാഷക്ക് ശേഷം അദ്ദേഹവും മര്‍ഹൂം സിദ്ദീഖ് ഹസന്‍ സാഹിബും നല്‍കിയ പ്രോത്സാഹനം അവിസ്മരണീയമാണ്.
തുടര്‍ന്ന് പലപ്പോഴും  സിദ്ദീഖ് ഹസന്‍ സാഹിബ്,  ആരിഫലി സാഹിബ്, ഡോ. റദിയ്യുല്‍ ഇസ്ലാം നദ്വി എന്നിവരെ കാണാന്‍ മര്‍കസില്‍ പോയപ്പോഴെല്ലാം മൗലാനയുമായുള്ള ബന്ധം പുതുക്കിക്കൊണ്ടിരുന്നു. ഡോ. നദ്വി സാഹിബ് മൗലാനയുടെ അയല്‍പക്കത്താണ് താമസിച്ചിരുന്നത്. കാണുമ്പോഴെല്ലാം രണ്ടു പേരും ചായക്ക് ക്ഷണിക്കും. അത്തരം ഒരു അസ്വ്‌റാനയിലാണ് (അസ്വ്‌റിന് ശേഷമുള്ള ചായ) ജമാഅത്ത് ശൂറാ അംഗമായിരുന്ന ഡോ. മുഹമ്മദ് റഫ്അത്ത് സാഹിബ് ഉമരിയുടെ മരുമകനാണെന്ന് മനസ്സിലായത്. മര്‍കസിലുള്ള ദിവസങ്ങളില്‍  മര്‍കസ് പള്ളിയില്‍ സ്വുബ്ഹിക്ക് മിക്കവാറും ഇമാമത് നിന്നിരുന്നത് ഉമരി സാഹിബായിരുന്നു. ദീര്‍ഘ നേരം ഓതിയാലും പിന്നില്‍ നില്‍ക്കുന്നവരൊന്നും മടുക്കാത്ത പ്രത്യേക പാരായണ ശൈലിയായിരുന്നു മൗലാനയുടേത്. അദ്ദേഹമില്ലാത്ത ദിവസങ്ങളിലും മറ്റു നേരങ്ങളിലും ഖാരി അബ്ദുല്‍ മന്നാന്‍ സാഹിബായിരിക്കും മര്‍കസിലെ ഇമാം.
ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ സവിശേഷ ഊന്നലുകളിലാണ് അദ്ദേഹത്തിന്റെ എഴുത്ത് കേന്ദ്രീകരിച്ചിരുന്നത്. സ്‌കൂള്‍ കാലം മുതല്‍ക്കേ ലേഖന രചനയില്‍ മൗലാനയ്ക്ക് പ്രത്യേക അഭിരുചിയുണ്ടായിരുന്നു. അലഹബാദിലെ ഇന്‍സ്വാഫ് മാസികയിലും ദയൂബന്ദിലെ തജല്ലി മാസികയിലും പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ഥി കാലഘട്ടത്തിലെ വൈജ്ഞാനിക തൃഷ്ണയെ അടയാളപ്പെടുത്തുന്നതാണെന്ന് മൂന്നു പതിറ്റാണ്ടായി അദ്ദേഹത്തിന്റെ താങ്ങും തണലുമായി നിന്ന ഡോ. റദിയ്യുല്‍ ഇസ്‌ലാം നദ്വി രേഖപ്പെടുത്തുന്നു. വിവിധ വിഷയങ്ങളില്‍ അദ്ദേഹം എഴുതിയ രണ്ടു ഡസനിലേറെ ഗ്രന്ഥങ്ങള്‍ ഇസ്ലാമിന്റെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും ആധികാരിക റഫറന്‍സുകളാണ്. ഈ പുസ്തകങ്ങളില്‍ പലതും വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട് (രോഗവും ആരോഗ്യവും, ജനസേവനം, കുഞ്ഞുങ്ങളും ഇസ്‌ലാമും എന്നീ മൂന്ന് പുസ്തകങ്ങള്‍ ഐ.പി.എച്ച് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്).
മര്‍ഹൂം മൗലാനാ റഫീഖ് ഖാസിമി യു.പി ഹല്‍ഖാ അമീറായിരിക്കുമ്പോള്‍ ഉമരി സാഹിബ് നദ്വയില്‍ പലതവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. അക്കാലയളവില്‍ നദ്വ സന്ദര്‍ശിച്ച മൗലാനാ ഇഅ്ജാസ് അസ്‌ലം സാഹിബ് എന്നിവരെപ്പോലെ തന്നെ എന്റെ പരിചയ വൃത്തത്തിലുള്ള ജമാഅത് പ്രമുഖനായിരുന്നു ഉമരി സാഹിബ്. കോട്ടക്കല്‍ ചികിത്സക്ക് വന്നപ്പോള്‍ മിക്കവാറും ദിവസങ്ങളില്‍ ശാന്തപുരം ജാമിഅയിലെ ഉര്‍ദു വിദ്യാര്‍ഥികളെ അദ്ദേഹത്തിന്റെ ബൈസ്റ്റാന്റേര്‍സായി നിര്‍ത്തിയതെല്ലാം ആ വ്യക്തി ബന്ധത്തിന്റെ പേരിലാണ്. ജമാഅത്തെ ഇസ്ലാമിയുടെ കേന്ദ്ര ഓഫീസ് സമുദായത്തിലും പുറത്തുമുള്ള പലവിധ ആശയക്കാരുടെ അസാധാരണമായ സംഗമ വേദിയായി കാണാന്‍ കഴിഞ്ഞിട്ടുണ്ട്. വ്യത്യസ്ത ചിന്താഗതികളുള്ള ആളുകളെ വിളിച്ചുവരുത്തി ഗസ്റ്റ് പ്രഭാഷകരാക്കുന്ന ഉമരിയന്‍ മാജികിനെ ഡോ. അക്‌റം നദ്വി ഒരിക്കല്‍ അനുസ്മരിച്ചതോര്‍ക്കുന്നു. ഗസ്റ്റ് സ്പീക്കര്‍ സംസാരിക്കുമ്പോള്‍ സ്റ്റേജില്‍ നിന്ന് കുശുകുശുക്കാതെ സദസ്സില്‍ വന്നിരുന്ന് പ്രഭാഷണം കേള്‍ക്കുന്ന അഖിലേന്ത്യാ നേതാവിനെ കണ്ടത് ഡോ. അക്‌റം നദ്വി തന്റെ ഉമരി അനുസ്മരണത്തില്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്. 
 77361 35055
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-12-13
ടി.കെ ഉബൈദ്‌

ഹദീസ്‌

ദീര്‍ഘായുസ്സിലെ ലാഭനഷ്ടങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌