Prabodhanm Weekly

Pages

Search

2022 സെപ്റ്റംബര് 09

3267

1444 സഫര് 13

വിസ്മയകരമായ  സ്ഥിരോത്സാഹം

ടി. ആരിഫലി   [email protected]

ആ വിളക്കും അണഞ്ഞു. എന്നാല്‍, അത് പ്രസരിപ്പിച്ച പ്രകാശത്തിന് മരണമില്ല. ഇസ്‌ലാമിക സമൂഹത്തിന് വഴി കാണിക്കാനായി ചക്രവാളങ്ങളില്‍ ലോകാവസാനം വരെ ആ പ്രകാശം ശോഭിച്ചു നില്‍ക്കും. കനപ്പെട്ട രചനകളിലൂടെ, പ്രതിഭാശാലികളായ ശിഷ്യരിലൂടെ, ആത്മ വീര്യമുള്ള അണികളിലൂടെ ആ പ്രകാശം കൂടുതല്‍ പ്രോജ്ജ്വലമാകും.  ആഗസ്റ്റ് 24-ന് രാത്രി മണിപ്പൂര്‍ യാത്രക്ക് തയാറെടുക്കുന്നതിനിടയില്‍ ഞാന്‍  അല്‍ശിഫാ ഹോസ്പ്പിറ്റലിലെ ഐ.സി.യുവില്‍ ചെന്ന് മൗലാനയെ കണ്ടിരുന്നു. ഓക്‌സിജന്‍ ലെവല്‍  നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ പാടുപെടുന്നുണ്ടായിരുന്നു. എന്നെ തിച്ചറിഞ്ഞതോടെ അടുത്തേക്ക് വിളിച്ചു. ഞാന്‍ കുനിഞ്ഞ് നിന്ന് അദ്ദേഹത്തിന്റ വാക്കുകള്‍ക്ക് കാതോര്‍ത്തു: ''ഇവിടെയുണ്ടാവില്ലേ? ദൂരെയെങ്ങാന്‍ പോകുന്നുണ്ടോ?'' വേഗം തിരിച്ചു വരും എന്നു മാത്രം മറുപടി പറഞ്ഞു. ആ ചോദ്യത്തില്‍ ഞാന്‍ എന്റെ വന്ദ്യ പിതാവിനെ കണ്ടു. ആഗസ്റ്റ് 26-ന് രാത്രി മരണ വിവരം അറിഞ്ഞപ്പോഴാണ് മൗലാനയുടെ ചോദ്യത്തിന്റെ ആഴം എനിക്ക് പിടികിട്ടിയത്. അപ്പോഴേക്കും ഞാന്‍  ലഖ്‌നൗവിലെത്തിയിരുന്നു. എല്ലാ പരിപാടികളും നിര്‍ത്തി വെച്ച് അവിടെ നിന്ന് ദല്‍ഹിയിലേക്ക് തിരിച്ചു.
പിതൃസഹജമായ വാത്സല്യത്തോടെയാണ് അദ്ദേഹം എന്നും എന്നോട് പെരുമാറിയിട്ടുള്ളത്. ആ വാത്സല്യം കൂടുതല്‍ അനുഭവിച്ചത് കോവിഡ് കാലത്താണ്. മൗലാനയും അദ്ദേഹത്തിന്റെ പ്രിയതമയും രോഗശയ്യയിലായിരുന്നു; വീട്ടിലും ആശുപത്രിയിലും മാറിമാറി. അതിനിടയില്‍ കോവിഡ് ബാധിതയായ ഭാര്യ അല്‍ശിഫ ആശുപത്രിയില്‍ മരണപ്പെട്ടു. ആ ദിവസങ്ങളില്‍ കൊച്ചു കാര്യങ്ങള്‍ക്കു പോലും എന്നെ വിളിപ്പിക്കുമായിരുന്നു. കൂടിയാലോചിച്ചേ ചികിത്സാ കാര്യത്തില്‍ തീരുമാനം  എടുക്കുമായിരുന്നുള്ളൂ. അഅ്‌സംഗഢിലെ ജാമിഅത്തുല്‍ ഫലാഹിന്റെ ശൂറയിലേക്ക് ഈയുള്ളവന്റെ പേര് നിര്‍ദേശിക്കുന്നത് 'ശൈഖുല്‍ ജാമിഅ'യായ മൗലാന തന്നെയാണ്. അദ്ദേഹത്തിന്റെ അഭാവത്തില്‍ യോഗത്തില്‍ അധ്യക്ഷനായി എന്നെയാണ് നിശ്ചയിക്കുക. ജാമിഅയിലെ തലയെടുപ്പുള്ള പണ്ഡിതരും മുതിര്‍ന്ന അധ്യാപകരും പങ്കെടുക്കുന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നതിന്റെ പ്രയാസം പറഞ്ഞ് ഒഴിഞ്ഞു മാറാനുള്ള ശ്രമങ്ങള്‍ക്ക് ഒരു ഫലവുമുണ്ടാവില്ല. മൗലാനയുടെ വിയോഗം മൂലം എനിക്ക് നഷ്ടമായത് ഗുണകാംക്ഷിയായ ഒരു  മെന്ററെയാണ്.
ഈ സാര്‍ഥവാഹക സംഘത്തില്‍ നിന്ന് ഈ മീഖാത്തില്‍ തന്നെ എത്ര പേരാണ് ഈ ലോകത്തോട് വിടപറഞ്ഞത്! നേതൃനിരയിലുള്ളവര്‍ തന്നെ ധാരാളം. അവര്‍ കൊളുത്തിവെച്ച വെളിച്ചം വീണ്ടും വീണ്ടും നമുക്ക് പ്രസരിപ്പിച്ചുകൊണ്ടിരിക്കാം. പ്രതിഭാശാലികളായ നേതാക്കള്‍ വിടപറയുമ്പോള്‍ നമ്മുടെ ഉത്തരവാദിത്വം പതിന്മടങ്ങ് വര്‍ധിക്കുന്നു. വിടവ് നികത്താനായി നാം പിടഞ്ഞ് പരിശ്രമിക്കേണ്ടി വരും.
മൗലാനയുടെ നിര്യാണം ലോക മുസ്‌ലിം സമൂഹത്തിന് തന്നെ വലിയ നഷ്ടമാണുണ്ടാക്കിയത്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് അനുശോചന സന്ദേശങ്ങള്‍ ഇതെഴുതുമ്പോഴും വന്നു കൊണ്ടിരിക്കുന്നു. ലോകത്തുടനീളമുള്ള മുസ്‌ലിം പണ്ഡിതന്മാര്‍ക്കും പ്രസ്ഥാന നേതാക്കള്‍ക്കും മൗലാനയെ അറിയാം. അദ്ദേഹത്തിന്റെ പല കൃതികളും അറബിയിലേക്കും ഇംഗ്ലീഷിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.  ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിന്ന് യൂറോപ്പ്, അമേരിക്ക, ആസ്‌ത്രേലിയ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് കുടിയേറിയ സമൂഹങ്ങള്‍ക്ക് മൂല കൃതികള്‍ തന്നെ വായിക്കാമല്ലോ.
ഇന്ത്യയിലെ മുസ്‌ലിം നേതാക്കളില്‍ അഗ്രഗണനീയനായിരുന്നു മൗലാനാ ഉമരി സാഹിബ്. വ്യക്തിപരമായ അജണ്ടകളില്ലാത്ത നേതാവ് എന്നത് മാത്രം മതിയല്ലോ എല്ലാവരിലും മതിപ്പുളവാക്കാനും ആദരവ് നേടാനും. മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ ഉപാധ്യക്ഷനെന്ന നിലയിലും മജ്‌ലിസെ മുശാവറയുടെ സുപ്രീം കൗണ്‍സില്‍ ചെയര്‍മാനെന്ന നിലയിലും ആഴമുള്ള പാണ്ഡിത്യത്തിന്റെ ഉടമ എന്ന നിലയിലും മുസ്‌ലിം വേദികളിലെ തലയെടുപ്പുള്ള സാന്നിധ്യമായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന് ഇത്തരം നേതാക്കളെ കൂടുതല്‍ ആവശ്യമുള്ള സമയത്താണ് മൗലാനയുടെ വിയോഗം.
സ്ഥിരചിത്തതയും സ്ഥിരോത്സാഹവുമായിരുന്നു മൗലാനയുടെ കരുത്ത്. ചിന്തിച്ചു നോക്കൂ: പത്തൊമ്പത് വയസ്സുള്ള കൗമാരപ്രായക്കാരന്‍ തമിഴ്‌നാട്ടിലെ ഒരു കുഗ്രാമത്തില്‍ നിന്ന് യു.പിയിലെ  റാംപൂരിലേക്ക് വണ്ടി കയറുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ ആസ്ഥാനത്തെത്തി ഗവേഷണത്തിനും ഗ്രന്ഥ രചനക്കുമായി തന്നെ സ്വയം സമര്‍പ്പിക്കുന്നു. എണ്‍പത്തേഴ് വയസ്സുവരെ തന്റെ പ്രതിജ്ഞയില്‍ നിന്ന് അണു അളവ് തെറ്റുന്നില്ല. വിരലുകളുടെയും ചുണ്ടുകളുടെയും ചലനമറ്റു പോകുന്നത് വരെ  എഴുത്തും വായനയും തുടരുന്നു- വിസ്മയകരമായ സ്ഥിരോത്സാഹം. 1950-കളുടെ ആദ്യത്തില്‍ റാംപൂരിലെ ജമാഅത്ത് കേന്ദ്രത്തില്‍ ഉണ്ടായിരുന്ന സൗകര്യങ്ങളെക്കുറിച്ച് നമുക്കിപ്പോള്‍ ഊഹിക്കാമല്ലോ. അന്നത്തെ ജീവിത ലാളിത്യം മരിക്കും വരെ മൗലാന നിലനിര്‍ത്തിപ്പോന്നു.
'തീരുമാനമെടുത്താല്‍ ചാഞ്ചല്യമില്ലാതിരിക്കുക. അല്ലാഹുവില്‍ ഭരമേല്‍പിച്ച് മുന്നോട്ടു പോവുക.' ഇത് ഇസ്‌ലാമിക നേതൃത്വത്തോടുള്ള ഖുര്‍ആനിന്റെ ആഹ്വാനമാണ്. ചെറിയ ഒരു അനുഭവം മാത്രം വിവരിക്കാം: ഈയുള്ളവന്‍ ജമാഅത്തിന്റെ ഉപാധ്യക്ഷനായി നിയമിതനായ ശേഷം ചുമതലയേറ്റെടുക്കാനായി ദല്‍ഹിയിലെത്തിയതായിരുന്നു. പല ചുമതലകളും ഏല്‍പിച്ച കൂട്ടത്തില്‍ മര്‍കസ് കാമ്പസിലെ പള്ളി വികസിപ്പിക്കുന്ന ചുമതല ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. പള്ളി വികസനത്തിനായി പന്ത്രണ്ട് വര്‍ഷം മുമ്പ് പ്ലാന്‍ തയാറാക്കി വെച്ചിട്ടുണ്ടെന്നും അമേരിക്കയിലുള്ള, പള്ളി നിര്‍മാണത്തില്‍ പ്രാഗത്ഭ്യം തെളിയിച്ച ആര്‍കിടെക്റ്റിന്റേതാണ് പ്ലാനെന്നും എന്നോട് പറഞ്ഞു. പല ഒഴികഴിവും പറയാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം കേട്ടതായി ഭാവിച്ചില്ല. പിന്നീട് പ്ലാന്‍ തേടിപ്പിടിച്ച് പരിശോധിച്ചപ്പോള്‍ എനിക്ക് പല വിയോജിപ്പുകളും സംശയങ്ങളുമുണ്ടായി. ഓരോന്നായി ഞാന്‍ മൗലാനയുടെ  മുന്നിലവതരിപ്പിച്ചു. ഒന്നും ഏശിയില്ല. അവസാനം പറഞ്ഞു: ഒന്നോ രണ്ടോ മീഖാത്തില്‍ പണി തീര്‍ക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. അത്രയും വലിയ പ്രോജക്ടാണ്. പണവും ധാരാളം വേണ്ടി വരും. അതിനും അദ്ദേഹത്തിന് മറുപടിയുണ്ടായിരുന്നു. 'നമുക്കു ചെയ്യാന്‍ കഴിയുന്നത് ചെയ്യാം. ബാക്കി പിന്നില്‍ വരുന്നവര്‍ നോക്കിക്കൊള്ളട്ടെ'- മൗലാന പറഞ്ഞു. പിന്നെ മറുത്തൊന്നും പറയാന്‍ കഴിഞ്ഞില്ല. ഉത്തരവാദിത്വം ഏറ്റെടുത്തു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ആ മീഖാത്ത് തീരുന്നതിന് മുമ്പ് തന്നെ പള്ളി നമസ്‌കാരത്തിന് സജ്ജമായി. ജുമുഅക്കും പെരുന്നാളുകള്‍ക്കും നമസ്‌കാരത്തിനെത്തുന്ന ആയിരങ്ങള്‍ക്ക് മാന്യമായ മേല്‍ക്കൂര നല്‍കാനായി.
മസ്ജിദില്‍ ഇമാമത്ത് നിര്‍വഹിച്ചിരുന്നത് മൗലാന തന്നെയായിരുന്നു. ഫജ്ര്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ദൂര സ്ഥലങ്ങളില്‍ നിന്ന് വരെ ആളുകള്‍ വന്നു ചേരുമായിരുന്നു. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പാരായണത്തിന്റെ മാസ്മരികത തന്നെയായിരുന്നു കാരണം. ഹൃദയ മസ്തിഷ്‌കങ്ങളിലേക്ക് തുളച്ചു കയറാനുള്ള ശേഷി ആ പാരായണത്തിനുണ്ടായിരുന്നു. 'മൗലാനാ ഉമരിയുടെ പിന്നില്‍ നിന്ന് ഫജ്ര്‍ നമസ്‌കരിച്ചാല്‍ ആ ദിവസം മുഴുവന്‍ ഉന്മേഷം നില നിര്‍ത്താന്‍ അത് മതി'എന്ന് പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബ് പറയുന്നത് കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഖുത്വ്ബക്കുമുണ്ടായിരുന്നു അസാധാരണമായ വശ്യത. ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന് തുടങ്ങുകയും വികസിക്കുകയും സമാപിക്കുകയും ചെയ്യുന്ന ഖുത്വ്ബ കേട്ടിരിക്കാന്‍ തന്നെ രസമാണ്. ഖുര്‍ആന്‍ ആയത്തുകളില്‍ നിന്ന് ആശയങ്ങള്‍ വികസിച്ചു വരുന്നതും കാലിക വിഷയങ്ങളെ അഭിമുഖീകരിച്ച് കടന്നു പോകുന്നതും കേട്ട് സ്തംഭിച്ചിരുന്നു പോയിട്ടുണ്ട്. സാധാരണക്കാര്‍ക്കെന്നപോലെ ബുദ്ധിജീവികള്‍ക്കും പണ്ഡിതന്മാര്‍ക്കും പഠിക്കാനും ചിന്തിക്കാനും വകയുള്ളതാണ് അദ്ദേഹം ചെയ്ത ഓരോ ഖുത്വ്ബയും. കാമ്പസ് മസ്ജിദ്  ഒരു ജനകീയ പള്ളിയായി മാറുന്നത്  അദ്ദേഹത്തിന്റെ  ഖുത്വ്ബകളിലൂടെയാണ്.
സമകാലിക പ്രശ്‌നങ്ങളെയും പ്രതിഭാസങ്ങളെയും പഠിച്ചറിയാന്‍  ശ്രമിച്ച ഇസ്‌ലാമിക പണ്ഡിതനായിരുന്നു ജലാലുദ്ദീന്‍ ഉമരി സാഹിബ്. അലീഗഢില്‍ താമസിക്കുന്ന  കാലത്ത് തന്നെ ഇംഗ്ലീഷ് സാഹിത്യത്തില്‍   ഡിഗ്രി കരസ്ഥമാക്കിയിരുന്നു. സമകാലിക സമസ്യകളെ വായിച്ചറിയാന്‍ ഇംഗ്ലീഷ് അറിയണമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അമ്പതിലധികം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. വിഷയ വൈവിധ്യമാണ് രചനയുടെ പ്രത്യേകത. ജ്വലിക്കുന്ന ഖുര്‍ആനികാശയങ്ങളാണ് അതിന്റെ കാതല്‍. ലളിതവും ഊര്‍ജം പ്രസരിപ്പിക്കുന്നതുമാണ് ഭാഷയും ശൈലിയും. ജീവത്തായ ഒരു പ്രസ്ഥാനത്തിന്റെ അമരത്തിരുന്നു രചന നടത്തുമ്പോഴുള്ള കൃത്യതയും കരുത്തും ഒന്നു വേറെത്തന്നെയാണ്.
റാംപൂരിലെ ജമാഅത്ത് കേന്ദ്രത്തിലെ   രചനാ വിഭാഗത്തിലാണ്  മൗലാന വന്നുചേരുന്നത്. മൗലാനാ സ്വദ്‌റുദ്ദീന്‍ ഇസ്്വലാഹിക്കായിരുന്നു രചനാ വിഭാഗത്തിന്റെ  മേല്‍നോട്ടം. പിന്നീട് രചനാ വിഭാഗം, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും ഗ്രന്ഥരചനക്കുമുള്ള സ്വതന്ത്ര സ്ഥാപനമായി വികസിക്കുകയായിരുന്നു -  ഇദാറെ തഹ്ഖീഖ് വൊ തസ്വ്‌നീഫ്.  നിരവധി ഗവേഷകരെയും എഴുത്തുകാരെയും വളര്‍ത്തിയെടുക്കാന്‍ ഇദാറയിലൂടെ മൗലാനക്ക് കഴിഞ്ഞിട്ടുണ്ട്.
മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി (റഹ്മത്തുല്ലാഹി അലൈഹി) കര്‍മങ്ങളുടെ ലോകത്ത് നിന്ന്  കര്‍മഫലങ്ങള്‍ ആസ്വദിക്കുന്ന ലോകത്ത് എത്തിച്ചേര്‍ന്നു കഴിഞ്ഞു; തന്റെ പ്രേമഭാജനമായ അല്ലാഹുവിന്റെ ചാരത്തണഞ്ഞു കഴിഞ്ഞു. താന്‍ ചെയ്ത കര്‍മങ്ങളുടെ അനുരണനങ്ങളും തന്നാല്‍ പ്രചോദിതരായവരുടെ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനങ്ങളും ചേര്‍ന്ന് ആ കര്‍മ പുസ്തകം കൂടുതല്‍ പ്രശോഭിതമായിക്കൊണ്ടിരിക്കും (ഇന്‍ശാ അല്ലാഹ്).
അല്ലാഹുവേ, മൗലാനയെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഉയര്‍ന്ന സ്ഥാനം നല്‍കി നീ സ്വീകരിക്കേണമേ. 
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-12-13
ടി.കെ ഉബൈദ്‌

ഹദീസ്‌

ദീര്‍ഘായുസ്സിലെ ലാഭനഷ്ടങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌