Prabodhanm Weekly

Pages

Search

2022 സെപ്റ്റംബര് 09

3267

1444 സഫര് 13

മൗലാനാ ഉമരി- ഒരു നഖചിത്രം

 പി.പി അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍ 

ഇസ്ലാമിനെ ആധികാരികമായി വിശദീകരിക്കുകയും കൃത്യമായി വിശകലനം ചെയ്യുകയും ചെയ്യുന്ന നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ അപൂര്‍വ പണ്ഡിതന്മാരില്‍ ഒരാളായിരുന്നു മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി. എഴുത്തുകാരന്‍, പ്രഭാഷകന്‍, ഗവേഷകന്‍, സംഘാടകന്‍ തുടങ്ങി വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച, ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഉന്നത ശീര്‍ഷനായ നായകനും ഏറ്റവും മികച്ച മുസ്ലിം നേതാക്കളില്‍ ഒരാളുമായിരുന്നു അദ്ദേഹം. ഇസ്ലാമിലെ വിശ്വാസ കാര്യങ്ങള്‍, ഖുര്‍ആന്‍ - നബിചര്യാ വിജ്ഞാനീയങ്ങള്‍, ഇസ്ലാമിക സാമൂഹികശാസ്ത്രം, മനുഷ്യാവകാശം, ആധുനിക പ്രശ്‌നങ്ങള്‍ എന്നിവയിലൊക്കെ ആധികാരികമായ ഗ്രന്ഥങ്ങളുടെ കര്‍ത്താവും  പ്രബോധന രംഗത്ത് സ്വന്തമായ കാഴ്ചപ്പാടുകളുള്ള വ്യക്തിത്വവും ആയിരുന്നു മൗലാനാ ജലാലുദ്ദീന്‍ ഉമരി സാഹിബ്.
1935-ല്‍ തമിഴകത്തെ നോര്‍ത്ത് ആര്‍ക്കാട്ട് ജില്ലയിലെ പുട്ട ഗ്രാമത്തില്‍ സയ്യിദ് ഹുസൈന്‍ - സൈനബ് ദമ്പതികളുടെ മകനായി ജനിച്ചു. ഗ്രാമത്തിലെ വിദ്യാലയത്തില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തമിഴ്‌നാട്ടിലെ പ്രശസ്ത ഇസ്ലാമിക കലാലയമായ ജാമിഅ ദാറുസ്സലാം ഉമറാബാദില്‍ നിന്ന് 1954-ല്‍ ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി. ദാറുസ്സലാമില്‍ പഠിച്ചുകൊണ്ടിരിക്കെ തന്നെ മദ്രാസ് യൂനിവേഴ്‌സിറ്റിയിലെ വിവിധ പരീക്ഷകള്‍ പാസായി. അലീഗഢ് മുസ്ലിം യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് ബി.എ ഓണേഴ്‌സ് നേടി. പേര്‍ഷ്യന്‍ ഭാഷാ സാഹിത്യത്തിലും ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.
പഠനശേഷം ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയോടൊപ്പമായിരുന്നു ഉമരിയുടെ ജീവിതയാത്ര. സാഹിത്യകാരനും ഗവേഷണ തല്‍പരനുമായിരുന്ന ഉമരി തന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ പ്രവര്‍ത്തന മണ്ഡലമായി ജമാഅത്തെ ഇസ്ലാമിയെ തെരഞ്ഞെടുക്കുകയായിരുന്നു. ജമാഅത്തെ ഇസ്ലാമി കേന്ദ്രമായ റാംപൂരില്‍ പുസ്തക രചനാ വിഭാഗത്തിലാണ് അദ്ദേഹം ജോലി ചെയ്തത്. 1956-ല്‍ ജമാഅത്ത് അംഗമായി. 1970-ല്‍ റാംപൂരില്‍ നിന്ന് അലീഗഢിലേക്ക് രചനാ വിഭാഗം മാറി. അലീഗഢില്‍ പ്രാദേശിക അമീറായും പത്ത് വര്‍ഷം പ്രവര്‍ത്തിച്ചു. ഒരു പതിറ്റാണ്ടിനു ശേഷം ഇസ്ലാമിക ഗവേഷണ-ഗ്രന്ഥ രചനാ സ്ഥാപനം എന്ന പേരില്‍ സ്വതന്ത്ര സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തു. മൗലാന അതിന്റെ സെക്രട്ടറി പദത്തില്‍ 2001 വരെ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് അതിന്റെ പ്രസിഡന്റായി. അന്ന് തൊട്ട് അതിന്റെ മുഖപത്രമായ തഹ്ഖീഖാതെ ഇസ്ലാമി ത്രൈമാസികയുടെ എഡിറ്ററുമായിരുന്നു. വൈജ്ഞാനിക മേഖലകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും ഗവേഷണത്തിന് പ്രാമുഖ്യം നല്‍കുന്നതുമായ ഈ മാസിക 1982 മുതല്‍ മുടക്കമില്ലാതെ പ്രസിദ്ധീകരിച്ചു വരുന്നു.
രാജ്യത്തെ വിവിധങ്ങളായ മത-സാമുദായിക പ്രബോധന-പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങളില്‍ മൗലാന സജീവമായി പങ്കെടുത്തുകൊണ്ടിരുന്നു. 1956 മുതല്‍ ജമാഅത്തിന്റെ ഉന്നതാധികാര സമിതിയിലും കേന്ദ്ര പ്രതിനിധി സഭയിലും അംഗവും ഏറക്കാലം കേന്ദ്ര മജ്‌ലിസ് ശൂറാ അംഗവുമായിരുന്നു. ജമാഅത്തെ ഇസ്ലാമി മുഖപത്രമായ സിന്ദഗിയുടെ എഡിറ്ററായി 1986 മുതല്‍ 1990 പേരെ പ്രവര്‍ത്തിച്ചു. ഒപ്പം ഗ്രന്ഥരചനാ സമിതിയായ തസ്വ്‌നീഫി അക്കാദമിയുടെ ചെയര്‍മാനുമായിരുന്നു അദ്ദേഹം. 1991 മുതല്‍ 2007 വരെ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഉപാധ്യക്ഷനും തുടര്‍ന്ന് 2019 വരെ അമീറെ ജമാഅത്തും ആയി കര്‍മനിരതനായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മീഖാതില്‍ രൂപവത്കൃതമായ ശരീഅ കൗണ്‍സിലിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചുവന്നു.
സങ്കീര്‍ണമായ വിഷയങ്ങളില്‍ ഉള്‍പ്പെടെ ഇക്കാലയളവില്‍ ശരീഅത്ത് കൗണ്‍സിലിന്റെ ഗവേഷണങ്ങളും ഫത്വകളും മുസ്ലിം സാധാരണക്കാര്‍ക്ക് മാത്രമല്ല, പണ്ഡിത നേതൃത്വങ്ങള്‍ക്കും ദിശാബോധം നല്‍കുന്നവയായിരുന്നു.
1972-ല്‍ രൂപവത്കൃതമായ ആള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് സ്ഥാപകാംഗമായിരുന്ന അദ്ദേഹം ദീര്‍ഘകാലം ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പദവിയും വഹിച്ചിരുന്നു. ആള്‍ ഇന്ത്യാ മുസ്ലിം മജ്ലിസെ മുശാവറാ സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍, അഅ്‌സംഗഢ് ജാമിഅത്തുല്‍ ഫലാഹ്, ആന്ധ്രാപ്രദേശിലെ വാറങ്കല്‍ ജാമിഅത്തുസ്സുഫ്ഫ എന്നീ ഇസ്ലാമിക കലാലയങ്ങളുടെ ചാന്‍സലറും അലീഗഢിലെ സിറാജുല്‍ ഉലൂം വനിതാ കോളേജ് മാനേജിംഗ് ഡയറക്ടറുമായി. അന്താരാഷ്ട്ര ജനക്ഷേമ സംരംഭമായ കുവൈത്തിലെ അല്‍ ഹയ്അത്തുല്‍ ഖൈരിയ്യ അല്‍ ആലമിയ്യ അംഗമായിരുന്നു. വിദേശരാജ്യങ്ങളിലെ നിരവധി മത സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ക്ഷണപ്രകാരം അദ്ദേഹം ബ്രിട്ടന്‍, സുഊദി അറേബ്യ, കുവൈത്ത്, ഇറാന്‍, പാകിസ്താന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ പലവുരു സന്ദര്‍ശിച്ചിട്ടുണ്ട്.
വിദ്യാര്‍ഥി ജീവിതകാലത്ത് തന്നെ അദ്ദേഹം വായനയിലും രചനകളിലും പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന മൗലാനാ സ്വദ്റുദ്ദീന്‍ ഇസ്വ്ലാഹിയുടെ സഹായിയായാണ് രചനാ രംഗത്തേക്ക് കടന്നുവന്നത്. അലഹബാദില്‍ നിന്ന് ഇറങ്ങുന്ന അല്‍ ഇന്‍സ്വാഫിലും ദയൂബന്ദില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന തജല്ലി മാസികയിലും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു കൊണ്ടായിരുന്നു തുടക്കം. പിന്നീട് മൗലാനാ അബുല്‍ ബയാന്‍ ഹമ്മാദ് ഉമരിയുടെ കൂടെ ബാംഗ്ലൂരില്‍ നിന്ന് പൈഗാം പുറത്തിറക്കി. തുടര്‍ന്ന് ജമാഅത്തെ ഇസ്ലാമിയുടെ രചനാ വിഭാഗവുമായി ബന്ധപ്പെടുകയും വൈജ്ഞാനിക രചനകള്‍ തുടരുകയും ചെയ്തു.
ഉര്‍ദു ഭാഷയില്‍ ഒട്ടേറെ ഗവേഷണ ഗ്രന്ഥങ്ങളും ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. വിവിധ വിഷയങ്ങളിലായി അദ്ദേഹം എഴുതിയ ഗ്രന്ഥങ്ങള്‍ അമ്പതിലേറെയാണ്. ചിലത് പ്രസിദ്ധീകരണത്തിന് കാത്തിരിക്കുന്നുമുണ്ട്. ഇംഗ്ലീഷ്, അറബി, തുര്‍ക്കി ഭാഷകളിലേക്കും ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലേക്കും അദ്ദേഹത്തിന്റെ  ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 
ഒട്ടുമിക്ക രചനകളിലും മുഖ്യാവലംബം ഖുര്‍ആനും ഹദീസും തന്നെയാണ്. അവയില്‍ നിന്ന് മാര്‍ഗദര്‍ശനവും തെളിവുകളും സ്വീകരിച്ചുകൊണ്ടുള്ള ആധികാരിക രചനകളാണവ.  ഖുര്‍ആന്‍ വിഷയങ്ങളില്‍ സ്വതന്ത്ര രചനകളും നിരവധിയുണ്ട്. നിരവധി പതിപ്പുകള്‍ പ്രസിദ്ധീകരിച്ച തജല്ലിയാതെ ഖുര്‍ആന്‍ ബൃഹത്തായ കൃതിയാണ്. ചരിത്രരചനകളില്‍ പ്രവാചകന്റെ ജീവചരിത്രം തന്നെയാണ് ഏറ്റവും മികച്ചത്. നബിചര്യയും അവിടുത്തെ അധ്യാപനങ്ങളും ചരിത്ര സംഭവവികാസങ്ങളും കൃത്യമായി വരച്ചുവെക്കുന്നതോടൊപ്പം സഹോദര സമുദായക്കാരുടെ അഭിപ്രായങ്ങളും ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. പ്രവാചകന്റെ വിശുദ്ധ ജീവിതത്തിന്റെ വിവിധ വശങ്ങള്‍ ഈ കാലഘട്ടവുമായി എത്രത്തോളം സമരസപ്പെടുന്നു എന്നും വിശദീകരിക്കുന്നു.
ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇസ്ലാമിക അധ്യാപനങ്ങളില്‍ തൗഹീദ്, റിസാലത്, ആഖിറത് തുടങ്ങിയവ ആഴത്തില്‍ വിശകലനം ചെയ്യുന്നതോടൊപ്പം ആധുനിക കാലഘട്ടത്തിലെ ചില ദര്‍ശനങ്ങളെയും വിശകലനം ചെയ്തിരിക്കുന്നു. ദൈവാസ്തിക്യവും പ്രവാചകത്വത്തിന്റെ ആവശ്യവും പഠനവിധേയമാക്കുമ്പോള്‍ ശാസ്ത്രീയവും ബൗദ്ധികവുമായ തെളിവുകളാണ് അദ്ദേഹം നിരത്തുന്നത്.
സാമൂഹികശാസ്ത്രപരമായ രചനകളില്‍ മനുഷ്യനും അവന്റെ പ്രശ്‌നങ്ങളും എന്ന കൃതി, മാനവ ജീവിതത്തിലെ വിവിധ പ്രശ്‌നങ്ങള്‍ വിശ്വാസത്തിന്റെയും ധാര്‍മികതയുടെയും നിയമത്തിന്റെയും അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുകയാണ്. അതിന് ഇസ്ലാം നല്‍കുന്ന പരിഹാരവും നിര്‍ദേശിക്കുന്നു. ദൈവത്തിന്റെ അടിമത്തം; മാനവികതയുടെ ഉത്തുംഗത (മിഅ്‌റാജ്) ഈ വിഷയത്തില്‍ ഉത്തുംഗത അവകാശപ്പെടാവുന്ന ഗ്രന്ഥമാണ്.    
ഇസ്ലാമിക സമൂഹത്തില്‍ സ്ത്രീ, മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍, ഉത്തരവാദിത്വങ്ങള്‍, കുടുംബ വ്യവസ്ഥിതി തുടങ്ങി ഇസ്ലാമിക കുടുംബവുമായി ബന്ധപ്പെട്ട ആധികാരിക റഫറന്‍സ് ഗ്രന്ഥങ്ങള്‍ ഒമ്പതെണ്ണം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയില്‍ ഇസ്ലാമില്‍ സ്ത്രീയുടെ സ്ഥാനവും അവരുടെ അവകാശങ്ങളും മറ്റ് സംസ്‌കൃതികളുമായുള്ള താരതമ്യവും, ഇസ്ലാം വിരുദ്ധരുടെ ആക്ഷേപങ്ങള്‍ക്കുള്ള മറുപടിയും സലക്ഷ്യം വിശദീകരിക്കുന്നു. അവ മനഃശാസ്ത്രപരമായും നിയമപരമായും ഫിഖ്ഹിയായും വിശകലന വിധേയമാക്കുന്നു.
കര്‍മശാസ്ത്ര വിഷയങ്ങളില്‍ വിശാലമായ ചിന്തയാണ് അദ്ദേഹത്തിന്റേത്. ഒരു പ്രത്യേക മസ്‌ലകിന്റെ വക്താവായിരുന്നില്ല അദ്ദേഹം. നാല് മദ്ഹബുകളുടെയും അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ട് അതിനുള്ള തെളിവുകള്‍ കണ്ടെത്തുകയാണ് അദ്ദേഹം ചെയ്യാറുള്ളത്. മുന്‍ഗണന നല്‍കപ്പെടുന്ന വിഷയത്തില്‍ കാലികമായിട്ടുള്ള ആവശ്യങ്ങളും സാന്ദര്‍ഭികമായ തേട്ടങ്ങളും ആണ് അദ്ദേഹം പരിഗണിക്കുക. ഭിന്നാഭിപ്രായങ്ങളുടെ യാഥാര്‍ഥ്യം എന്ന കൃതി ഈ വിഷയത്തില്‍ ശ്രദ്ധേയമാണ്.
മനുഷ്യാവകാശ പ്രശ്‌നങ്ങളും മൗലാനാ ഉമരിയുടെ സജീവ പരിഗണനയില്‍ വരികയുണ്ടായി. ഇത് സംബന്ധമായി നാലു ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തു. ഇസ്ലാം മനുഷ്യാവകാശത്തിന്റെ സംരക്ഷകന്‍, ഇസ്ലാമിക ഭരണകൂടവും മുസ്ലിംകളും തുടങ്ങിയവ ശ്രദ്ധേയമായ കൃതികളാണ്.
സമകാലിക പ്രശ്‌നങ്ങളെ ഇസ്ലാമിക പരിപ്രേക്ഷ്യത്തിലൂടെയാണ് അദ്ദേഹം വിശകലനം ചെയ്യുന്നതും പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതും. ഈ വിഷയകമായി അദ്ദേഹത്തിന്റേതായി നാല് കൃതികളുണ്ട്. പുനരധിവാസ-ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കപ്പെടുന്ന ഇക്കാലത്ത് ഇസ്ലാമിലെ ജനസേവന സങ്കല്‍പം, സമ്പത്തില്‍ ദൈവത്തിന്റെയും അടിമകളുടെയും അവകാശം, ദൈവമാര്‍ഗത്തിലെ ചെലവഴിക്കല്‍ തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ഇത്തരം വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്.  ആരോഗ്യത്തെയും രോഗത്തെയും കുറിച്ചും, ഈ കാലത്ത് വര്‍ധിച്ചുവരുന്ന ആത്മഹത്യാ പ്രവണതയെ കുറിച്ചും ദയാവധത്തെക്കുറിച്ച് പോലും അദ്ദേഹം സവിസ്തരം എഴുതുകയും ഇസ്ലാമിക മാനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.
രാജ്യത്തെ അഴിമതിയും നിയമവാഴ്ചയില്ലായ്മയും വര്‍ഗീയതയും ഭീകരവാദവുമൊക്കെ വിവിധ ഗ്രന്ഥങ്ങളില്‍ ചര്‍ച്ചചെയ്യുന്നുണ്ട്. ഈ രാജ്യം എങ്ങോട്ടാണ് പോകുന്നത്? രാജ്യത്തെയും സമുദായത്തിലെയും സങ്കീര്‍ണമായ പ്രശ്‌നങ്ങളും നമ്മുടെ ഉത്തരവാദിത്വങ്ങളും തുടങ്ങിയവ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ശ്രദ്ധേയമായ കൃതികളാണ്. അര നൂറ്റാണ്ട് മുമ്പ് രചിച്ച ഇസ്ലാമിലെ ശൂറാ വ്യവസ്ഥ,  സംസ്‌കാരത്തിലും രാഷ്ട്രീയത്തിലും ഇസ്ലാമിക മൂല്യങ്ങള്‍ തുടങ്ങിയവ കാലാതിവര്‍ത്തിയായി വായിക്കപ്പെടുന്ന കൃതികളാണ്.
വൈജ്ഞാനിക ഗവേഷണ രംഗത്തെ ഏറ്റവും ഇഷ്ട വിഷയം ദഅ്‌വത്താണ്. ദഅ്‌വത്തിന്റെ ആവശ്യം, പ്രാധാന്യം, കര്‍മരീതി തുടങ്ങിയവ സംബന്ധിച്ച നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. നന്മ പ്രേരിപ്പിക്കലും തിന്മ തടയലും എത്രത്തോളം പ്രാധാന്യമുള്ള കാര്യമാണെന്ന് അദ്ദേഹം വിശദമായി പ്രതിപാദിക്കുന്നു. തെളിവുകളുടെ ശക്തമായ പിന്‍ബലത്തോടെയാണ് ഓരോ രചനയും. ഖുര്‍ആന്‍, ഹദീസ് വ്യാഖ്യാനങ്ങള്‍, സലഫ് സ്വാലിഹുകളുടെ ഗ്രന്ഥങ്ങള്‍ തുടങ്ങിയവ പ്രധാന സാക്ഷ്യങ്ങള്‍. തന്റെ വൈജ്ഞാനിക യാത്രയില്‍ പൂര്‍വസൂരികളുടെ ഒരു വലിയ സംഘത്തെ അദ്ദേഹം കൂടെക്കൂട്ടുന്നുണ്ടെന്ന് വായനക്കാര്‍ക്ക് ബോധ്യമാകും.
സാധാരണ മതപണ്ഡിതന്മാരുടെ രചനകളില്‍ സാഹിത്യം അപൂര്‍വമായിരിക്കും. എന്നാല്‍, മൗലാനാ ഉമരി സാഹിബിന്റെ രചനകളില്‍ മതകാര്യങ്ങളും സാഹിത്യവും സംഗമിച്ചത് കാണാം. ക്ലിഷ്ടവും സങ്കീര്‍ണവുമായ മതവൈജ്ഞാനിക ചര്‍ച്ചകള്‍ക്ക് സാഹിത്യത്തിന്റെ സൗന്ദര്യവും സൗരഭ്യവും കൈവരികയും പ്രതിപാദനം വരള്‍ച്ചയില്‍ നിന്ന് മോചിതമാവുകയും അനായാസം വായിക്കപ്പെടുന്നവയായി അവ മാറുകയും ചെയ്യുന്നു.
വിഷയത്തിന്റെ വൈവിധ്യം മൗലാനയുടെ കൃതികളുടെ സൗന്ദര്യവും പ്രത്യേകതയുമാണ്. വിശ്വാസകാര്യങ്ങള്‍ ആണെങ്കിലും ദഅ്‌വത്തോ സമകാലിക വിഷയങ്ങളോ ആണെങ്കിലും, അന്വേഷണത്തിന്റെ പൂര്‍ണതയും ആഴവും വിശാലതയും  ഗവേഷണ ചടുലതയുമാണ് നമുക്ക് കാണാന്‍ കഴിയുക. ദ്വിതീയ സ്രോതസ്സിലൂടെയല്ല, മൗലിക സ്രോതസ്സിലൂടെ തന്നെയാണ് അദ്ദേഹം സമര്‍ഥനങ്ങള്‍ക്ക് തെളിവുകള്‍ സമര്‍പ്പിക്കുന്നത്.
എഴുത്തുകാരനും കവിയും നോവലിസ്റ്റുമായിരുന്ന മാഹിറുല്‍ ഖാദിരിയുടെ പ്രോത്സാഹനവും അഭിനന്ദനങ്ങളും മൗലാനാ ഉമരിയുടെ രചനാശേഷിയെ വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പ്രശസ്ത പണ്ഡിതന്‍ അബുല്‍ ഹസന്‍ അലി നദ്വിക്ക് ഏറെ ഇഷ്ടപ്പെട്ട വ്യക്തിത്വത്തിന്റെയും പാണ്ഡിത്യത്തിന്റെയും ഉടമയായിരുന്നു മൗലാനാ ജലാലുദ്ദീന്‍ ഉമരി.
ബഹുമുഖ വ്യക്തിത്വത്തിനുടമയും, മതവിജ്ഞാനീയങ്ങളിലും ഭൗതിക വിഷയങ്ങളിലും തികഞ്ഞ അവഗാഹമുള്ള പണ്ഡിതനും, ജമാഅത്തെ ഇസ്ലാമി എന്ന ഇസ്ലാമിക പ്രസ്ഥാനത്തെ നയിച്ച മികച്ച സംഘാടകനും നായകനുമായിരുന്നു ഉമരി സാഹിബ്. ഇസ്ലാമിക പ്രസ്ഥാനത്തെ തന്റെ പാണ്ഡിത്യ ഗരിമയും നേതൃപാടവവും കൊണ്ട് നീണ്ട പന്ത്രണ്ടു വര്‍ഷക്കാലം അദ്ദേഹം നയിച്ചു. മുസ്ലിം സംഘടനാ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മൗലാന ജമാഅത്തെ ഇസ്ലാമിയെ മുസ്ലിം മുഖ്യധാരയില്‍ നിറ സാന്നിധ്യമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. ദയൂബന്ദ് ഉലമാക്കള്‍ക്കിടയില്‍ പ്രസ്ഥാനത്തെക്കുറിച്ച് നിലനിന്നിരുന്ന തെറ്റിദ്ധാരണകള്‍ ദൂരീകരിക്കാനും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നേതാക്കളുമായി ഊഷ്മളമായ ബന്ധം ഊട്ടിയുറപ്പിക്കാനും അദ്ദേഹത്തിന്റെ ഇമാറത്തില്‍ ജമാഅത്തെ ഇസ്ലാമിക്ക് സാധിച്ചുവെന്നത് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്.
ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ധിഷണാശാലിയായ നേതാവായിരുന്നു മൗലാനാ അന്‍സര്‍ ഉമരി. അദ്ദേഹത്തിന്റെ വിയോഗം പ്രസ്ഥാനത്തിന് മാത്രമല്ല, മുസ്ലിം സമുദായത്തിനൊന്നടങ്കം നഷ്ടമാണ്. മാറുന്ന ലോകത്തിന്റെ സാധ്യതകളും ആവശ്യങ്ങളും കണക്കിലെടുത്ത് വികസിക്കാനും മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും കഴിയും വിധം  ഇലാസ്തികതയുള്ള ജീവിത ദര്‍ശനമാണ് ഇസ്‌ലാമെന്ന് സമര്‍ഥിക്കാനും, തദടിസ്ഥാനത്തില്‍ ഇസ്ലാമിന്റെ അടിസ്ഥാനങ്ങളെയും പുതിയ കാലത്തിന്റെ സാധ്യതകളെയും ആവശ്യകതകളെയും സമന്വയിപ്പിച്ച്  ഇസ്ലാമിന്റെ പ്രതിനിധാനം നിര്‍വഹിക്കാന്‍ പറ്റുംവിധം പ്രസ്ഥാനത്തെ രൂപപെടുത്തുവാനും പൊതുസമൂഹത്തിന് മുമ്പാകെ അവതരിപ്പിക്കുവാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.
അസിസ്റ്റന്റ് അമീറും അമീറെ ജമാഅത്തും ആയിരുന്നപ്പോഴൊക്കെ ഓഫീസില്‍ അദ്ദേഹത്തെ കാണാനും പല കാര്യങ്ങളും സംസാരിക്കാനും അവസരം ലഭിച്ചിരുന്നു. പല പുസ്തകങ്ങളും അദ്ദേഹം സമ്മാനിക്കുകയും ചെയ്തു.
ഏറ്റവും ഒടുവില്‍ മൗലാനയെ സന്ദര്‍ശിച്ചത് രണ്ടു മാസങ്ങള്‍ക്ക് മുമ്പാണ്. പ്രായത്തിന്റെയും രോഗത്തിന്റെയും അവശതയിലും അല്‍പനേരം ഹൃദ്യമായി സംസാരിക്കാന്‍ സാധിച്ചു. രോഗത്തിന്റെയും ആശ്വാസത്തിന്റെയും ചെറിയ ഇടവേളകളിലും വായനക്കും രചനക്കും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. കോവിഡ് ബാധിച്ച് മൗലാനയും ഭാര്യയും ഒന്നിച്ചായിരുന്നു അല്‍ ശിഫ ഹോസ്പിറ്റലില്‍ ചികിത്സ തേടിയത്. ഭാര്യയുടെ മരണം അദ്ദേഹത്തെ തളര്‍ത്തിയെന്ന് മകന്‍ പറഞ്ഞു.   
എല്ലാ അര്‍ഥത്തിലും ജീവിതം സാര്‍ഥകമാക്കിയ അപൂര്‍വ വ്യക്തിത്വമാണ് നമ്മോട് വിടവാങ്ങിയത്. 
(വിവരങ്ങള്‍ക്ക് ദഅ്‌വത്ത് വാരികയോട് കടപ്പാട്).
94477 01741
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-12-13
ടി.കെ ഉബൈദ്‌

ഹദീസ്‌

ദീര്‍ഘായുസ്സിലെ ലാഭനഷ്ടങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌