Prabodhanm Weekly

Pages

Search

2022 സെപ്റ്റംബര് 09

3267

1444 സഫര് 13

മൗലാനാ സയ്യിദ്  ജലാലുദ്ദീന്‍ ഉമരി അഗാധ പാണ്ഡിത്യം,  ദിശാബോധമുള്ള നേതൃത്വം

എം.ഐ അബ്ദുല്‍ അസീസ് അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള

   പ്രഗത്ഭ ഇസ്ലാമിക പണ്ഡിതന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, ഗവേഷകന്‍, സംഘാടകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ തുടങ്ങി വിവിധ രംഗങ്ങളില്‍ മുദ്ര പതിപ്പിച്ച മഹദ് വ്യക്തിത്വമായിരുന്നു നമ്മെ വിട്ടു പിരിഞ്ഞ സയ്യിദ് ജലാലുദ്ദീന്‍ ഉമരി എന്ന പ്രിയപ്പെട്ട നേതാവ്. ഇന്ത്യയിലുടനീളമുള്ള ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തകരെ മാത്രമല്ല, സാമാന്യം ദീര്‍ഘമായ കാലയളവില്‍ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തെ ആരവങ്ങളില്ലാതെ മുന്നോട്ടു നയിച്ച നേതാക്കളിലൊരാളുമായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ മുസ്‌ലിം സമുദായത്തെക്കുറിച്ച് ചെറുപ്പത്തിലേ അദ്ദേഹം ധാരാളമായി ചിന്തിച്ചു. ജമാഅത്തെ ഇസ്‌ലാമിയാണ് തന്റെ തട്ടകമെങ്കിലും സമുദായത്തിന്റെ വിവിധ ധാരകളുമായി  വിപുലമായ ബന്ധങ്ങള്‍ സ്ഥാപിച്ചു. 1972-ല്‍ രൂപവത്കൃതമായ  ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ സ്ഥാപകാംഗമായിരുന്നു. പിന്നീട് വലിയൊരു കാലയളവില്‍ അതിന്റെ ഉപാധ്യക്ഷനുമായി. തമിഴ്‌നാടാണ് ജന്മദേശമെങ്കിലും ഉത്തരേന്ത്യന്‍ മുസ്‌ലിം സമൂഹത്തിലും ഉലമാക്കള്‍ക്കിടയിലും വലിയ സ്വാധീനവും അംഗീകാരവും നേടാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇസ്‌ലാമിക കര്‍മശാസ്ത്രത്തിലെ എല്ലാവരും അംഗീകരിക്കുന്ന പണ്ഡിതനായിരുന്നു. ദയൂബന്ദ് ഉലമാക്കള്‍ക്ക് ജമാഅത്തെ ഇസ്‌ലാമിയുമായുണ്ടായിരുന്ന അകല്‍ച്ച കുറക്കാനും അവരുടെ തെറ്റിദ്ധാരണകള്‍ നീക്കാനും ഉമരി സാഹിബിന്റെ നേതൃസാന്നിധ്യത്തിന് സാധിച്ചു. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നേതാക്കളുമായി ഊഷ്മളമായ ബന്ധവും അദ്ദേഹം സ്ഥാപിച്ചെടുത്തു. വിവിധ സംഘടനകളും വേദികളുമായി ഇടപഴകുമ്പോഴും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വിളിക്ക് ഉത്തരം നല്‍കാന്‍ മുസ്‌ലിം സമുദായ നേതൃത്വത്തിന് സാധിക്കുന്നത് ഈ ബന്ധങ്ങളിലൂടെയാണ്.
ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല പണ്ഡിതരുമായും നേതാക്കളുമായും അടുത്തിടപഴകാനും സഹവസിക്കാനും സാധിച്ചതുകൊണ്ട് തന്നെ പരിപക്വതയുള്ള  പ്രസ്ഥാന നേതാവായി അദ്ദേഹം വളര്‍ന്നു. ചിന്താപരമായി സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ സഹയാത്രികരും സമശീര്‍ഷരുമായ പണ്ഡിതരുമായുള്ള വ്യക്തിബന്ധം സാത്വികനായ നേതാവിനെ ഉമരി സാഹിബില്‍ രൂപപ്പെടുത്തി. ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ അമീറുമാരായിരുന്ന അബുല്ലൈസ് ഇസ്വ്‌ലാഹി നദ്‌വി, മുഹമ്മദ് യൂസുഫ്, സിറാജുല്‍ ഹസന്‍, അബ്ദുല്‍ ഹഖ് അന്‍സാരി എന്നിവരോടൊപ്പം നേതൃതലത്തില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. മറ്റൊരര്‍ഥത്തില്‍ ഏഴു പതിറ്റാണ്ട് കാലത്തെ ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാന പ്രയാണത്തില്‍ സാരഥികളായിരുന്നവരുടെ കര്‍മമണ്ഡലത്തിന്  നേര്‍സാക്ഷി കൂടിയായിരുന്നു സയ്യിദ് ജലാലുദ്ദീന്‍ ഉമരി.
12 വര്‍ഷമാണ് അദ്ദേഹം ജമാഅത്തെ ഇസ്‌ലാമിയെ നയിച്ചത്. ഇതിനിടക്ക് പലതവണ കേരളം സന്ദര്‍ശിക്കുകയുണ്ടായി. സുസംഘടിതമായ പ്രസ്ഥാനമായിരിക്കെ തന്നെ, വിവിധ സംസ്ഥാനങ്ങളിലെ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തന വൈവിധ്യങ്ങളെ ആഹ്ലാദപൂര്‍വം നോക്കിക്കണ്ട നേതാവായിരുന്നു അദ്ദേഹം. വിശേഷിച്ചും, കേരളത്തിലെ വിപുലമായ പ്രവര്‍ത്തന ദളങ്ങളെ അദ്ദേഹം പ്രോല്‍സാഹിപ്പിച്ചുകൊണ്ടിരുന്നു. അതേസമയം, വേണ്ടിടത്ത് ഗുണദോഷിക്കാനും മറന്നില്ല. ഏറെ വെല്ലുവിളികള്‍ മുന്നില്‍ കണ്ടും ശുഭപ്രതീക്ഷകളോടെയും ദൃശ്യമാധ്യമ രംഗത്തേക്ക് കാലെടുത്തുവെക്കാന്‍ കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമി തീരുമാനിച്ചത് അദ്ദേഹത്തിന്റെ നേതൃകാലയളവിലാണ്.
 സ്വാതന്ത്ര്യാനന്തരം രൂപപ്പെട്ട ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വേദനകളിലൊന്നായിരുന്നല്ലോ മുസ്‌ലിം സമുദായത്തിന്റെ പതിതാവസ്ഥ. പല ശ്രമങ്ങളും ജമാഅത്ത് ഈ രംഗത്ത് നടത്തിയിട്ടുണ്ടെങ്കിലും വിപുലമായ ഒരു സംരംഭം എന്ന നിലക്ക് അതനുഭവിക്കാന്‍ തുടങ്ങിയത് വിഷന്‍ 2016 പ്രവര്‍ത്തനമാരംഭിച്ചതോടു കൂടിയാണ്. ഇന്ത്യന്‍ മുസ്‌ലിം ചരിത്രത്തില്‍ അതുല്യമാണ് ഈ സംരംഭം. ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി സാഹിബിന്റെ ഇമാറത്തില്‍, പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബിനെ മുന്നില്‍ നിര്‍ത്തി ആരംഭിച്ച വിഷന്റെ ഗതിവേഗം വര്‍ധിപ്പിക്കുന്നതില്‍ ജലാലുദ്ദീന്‍ ഉമരി സാഹിബ് പ്രത്യേകം ശ്രദ്ധിച്ചു. സിദ്ദീഖ് ഹസന്‍ സാഹിബിന് ശേഷം, വിഷനെ മുന്നോട്ട് കൊണ്ടുപോകാന്‍ കേരളത്തില്‍ നിന്നുതന്നെ നേതൃരംഗത്ത് ആളുവേണമെന്നത് ഉമരി സാഹിബിന്റെ നിശ്ചയമായിരുന്നു. യോഗ്യതയുള്ളവരെ കണ്ടെത്തി നേതാവാക്കി വളര്‍ത്തുന്നതിലും അദ്ദേഹം ഏറെ ശ്രദ്ധവെച്ചു. കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും വിവിധങ്ങളായ ദീനീ പ്രവര്‍ത്തനങ്ങളെ ആവേശപൂര്‍വം നോക്കിക്കാണുകയും ദേശീയതലത്തില്‍ മുസ്‌ലിംകളുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ കേരള മുസ്‌ലിംകള്‍ വഹിക്കേണ്ട പങ്കിനെക്കുറിച്ച് ഓര്‍മിപ്പിക്കുകയും ചെയ്യുമായിരുന്നു.
എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉള്‍ക്കൊള്ളാവുന്ന മൂല്യവത്തായ രാഷ്ട്രീയ പ്രസ്ഥാനം എന്ന ആശയം പ്രയോഗവല്‍ക്കരിച്ച കാലം കൂടിയാണ് അദ്ദേഹത്തിന്റെ നേതൃകാലയളവ്. ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹികാവസ്ഥകളുടെ സങ്കീര്‍ണതകളും ഇന്ത്യന്‍ മുസ്‌ലിംകളുടെ അവസ്ഥയും ജമാഅത്തെ ഇസ്‌ലാമിയുടെ സ്വാധീന പരിധിയും താരതമ്യം ചെയ്യുന്ന ഏതൊരാള്‍ക്കും അത്തരമൊരു പ്രസ്ഥാനത്തിന്റെ വിജയ സാധ്യതയില്‍ ഏറെ സംശയങ്ങള്‍ ഉണ്ടാകാവുന്നതാണ്. ഈ യാഥാര്‍ഥ്യബോധം ഉള്‍ക്കൊണ്ടു തന്നെ വിദൂര ഭാവി മുന്നില്‍ കണ്ട് തീരുമാനമെടുക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജമാഅത്തിന് സാധിച്ചു.
രാജ്യത്തെ അസമാധാനവും  വര്‍ഗീയതയും വിഭാഗീയതയും അദ്ദേഹത്തെ അസ്വസ്ഥനാക്കി.  ധ്രുവീകരണം ശക്തമാകുന്ന ഇക്കാലത്ത് അതിനെതിരെ അദ്ദേഹം നിലകൊണ്ടു. ഇത്തരം അനാരോഗ്യ പ്രവണതകളെ ചെറുക്കുന്നതില്‍ ദേശീയ വേദികള്‍ക്കൊപ്പം തന്നെ സൂക്ഷ്മതലത്തില്‍, ഗ്രാമങ്ങളിലും ഹൗസിംഗ് കോളനികളിലും കൂട്ടായ്മകള്‍ രൂപപ്പെടുത്തേണ്ടതിനെക്കുറിച്ച് നിരന്തരം ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്നു.
ഗരിമയുള്ള പണ്ഡിതനായിരിക്കെ തന്നെ വ്യക്തിജീവിതത്തിലെ അതീവ ലാളിത്യവും വിനയവും അടുത്തിടപഴകുന്ന ആരെയും വിസ്മയിപ്പിക്കുന്നതാണ്. പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള വീട്, അവിടെ ആരെയും ഹൃദ്യമായി സ്വീകരിക്കുന്ന മനസ്സ്, ആരെയും അടുത്തു ചേര്‍ത്തിരുത്തുന്ന പ്രകൃതം, പ്രായഭേദമന്യേ ആര്‍ക്കും നല്‍കുന്ന ഉയര്‍ന്ന പരിഗണന, അതീവ സൗമ്യമായ ഇടപഴകല്‍, പതിഞ്ഞ സംസാരം, അവധാനതയോടെയുള്ള ഇടപെടല്‍, ഭക്തി പ്രസരിപ്പിക്കുന്ന ശരീര ഭാഷ... ഇങ്ങനെ പോകുന്നു മണ്‍മറഞ്ഞ നേതാവിന്റെ വ്യക്തിഗുണങ്ങള്‍.
അല്ലാഹു അദ്ദേഹത്തെ ജന്നാത്തുല്‍ ഫിര്‍ദൗസ് നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-12-13
ടി.കെ ഉബൈദ്‌

ഹദീസ്‌

ദീര്‍ഘായുസ്സിലെ ലാഭനഷ്ടങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌