Prabodhanm Weekly

Pages

Search

2022 സെപ്റ്റംബര് 09

3267

1444 സഫര് 13

മൗലാനാ ജലാലുദ്ദീന്‍ ഉമരി അര്‍ഥപൂര്‍ണമായ ജീവിതം

സയ്യിദ് സആദത്തുല്ലാ ഹുസൈനി    [email protected]

ആഗസ്റ്റ് 26-ന് വൈകുന്നേരം സുഹൃത്ത് ഇന്‍ആമുര്‍റഹ്മാനാണ് ഫോണ്‍ വിളിച്ച് ആ വിവരം അറിയിച്ചത്: ഡോക്ടര്‍മാര്‍ മൗലാനാ ജലാലുദ്ദീന്‍ ഉമരിയുടെ മരണം സ്ഥിരീകരിച്ചിരിക്കുന്നു. ആ വാര്‍ത്ത കേട്ടതും കണ്ണുകളില്‍ ഇരുട്ട് മൂടി. മൗലാനയുടെ മരണവാര്‍ത്ത അപ്രതീക്ഷിതമായിരുന്നില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി, ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യം നാളുകള്‍ കഴിയും തോറും വഷളായിക്കൊണ്ടിരിക്കുന്ന യാഥാര്‍ഥ്യം കണ്‍മുന്നില്‍ തന്നെയുണ്ട്. അര മണിക്കൂര്‍ മുമ്പ് വരെ ഞാന്‍ അദ്ദേഹത്തെ ഹോസ്പിറ്റലില്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ആ സമയത്ത് ഐ.സി.യുവില്‍ ഘടിപ്പിച്ചിട്ടുള്ള മോണിറ്റര്‍ തുടര്‍ച്ചയായി അലാറം മുഴക്കുന്നുണ്ടായിരുന്നു. എന്നിട്ടും ആ വാര്‍ത്ത ഏതാനും നിമിഷ നേരം എന്നെ സ്തബ്ധനാക്കി. പൊടുന്നനെ ഇടതൂര്‍ന്ന തണലില്‍ നിന്ന് ചുട്ടുപൊള്ളുന്ന വെയിലിലേക്ക് കാലെടുത്തു വെച്ചതു പോലെ അനുഭവപ്പെട്ടു. എന്നാല്‍, അധികം വൈകാതെ ഞാന്‍ യാഥാര്‍ഥ്യ ബോധം വീണ്ടെടുത്തു.
മൗലാനാ ജലാലുദ്ദീന്‍ ഉമരിയെ ആദ്യമായി കണ്ടുമുട്ടുന്നത് 1992-ല്‍ എസ്.ഐ.ഒവിന്റെ ഒരു സമ്മേളനത്തില്‍ വെച്ചാണെന്ന് ഞാന്‍ ഓര്‍ക്കുന്നു. അന്ന് ഞാന്‍ ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയാണ്. സെമെസ്റ്റര്‍ എക്സാം വളരെ അടുത്തെത്തിയ സമയം കൂടിയായിരുന്നു അത്. പരീക്ഷയും പഠനവുമൊക്കെ മാറ്റിവെച്ച് ദീര്‍ഘയാത്ര ചെയ്ത് ആ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഞങ്ങളെ പ്രചോദിപ്പിച്ച പ്രധാന ഘടകം ആ പരിപാടിയില്‍ മൗലാനാ ജലാലുദ്ദീന്‍ ഉമരി പങ്കെടുക്കുന്നുണ്ട് എന്നതായിരുന്നു. പ്രോഗ്രാമിനിടയില്‍ തിക്കില്‍ നിന്നും തിരക്കില്‍ നിന്നും മാറി വേദിയിലേക്ക് നോക്കുമ്പോള്‍ ഉയരമുള്ള ഒരാള്‍ സ്റ്റേജിലേക്ക് കടന്നുവരുന്നുണ്ട്. ഇളം പുഞ്ചിരിയാല്‍ പ്രശോഭിതമായ മുഖം, ഒത്ത ഉയരമുള്ള ശരീരം, നീണ്ട മുടി, ഇളം നിറമുള്ള ശര്‍വാനിയും ഉയരമുള്ള തൊപ്പിയും, കണ്ണടക്കകത്ത് നിന്ന് പുറത്തേക്ക് നോക്കുന്ന, ധിഷണയും വിവേകവും സ്ഫുരിക്കുന്ന കണ്ണുകള്‍, വിശാലമായ നെറ്റിത്തടം, അവധാനതയും ആത്മവിശ്വാസവും നിറഞ്ഞ ചുവടുകള്‍, അന്തസ്സുറ്റതും ഗാംഭീര്യം നിറഞ്ഞതുമായ പ്രകൃതം, എല്ലാം ഒത്തിണങ്ങിയ സന്തുലിതമായ ഹാവഭാവങ്ങള്‍. ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലായി, മഅ്റൂഫ് ഔര്‍ മുന്‍കര്‍, ഇസ്ലാം കി ദഅ്വത്ത് എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ് തന്നെ ഇദ്ദേഹം.
മൗലാന തന്റെ പ്രഭാഷണം ആരംഭിച്ചു. വളരെ അടുത്തിരിക്കുന്നവര്‍ക്ക് മാത്രം കേള്‍ക്കാന്‍ സാധിക്കും വിധം ചെറിയ ശബ്ദത്തിലാണ് തുടക്കം.  താല്‍പര്യപൂര്‍വം വളരെ ഏകാഗ്രതയോടെ ശ്രദ്ധിച്ചെങ്കില്‍ മാത്രമേ അദ്ദേഹത്തിന്റെ സംസാരം മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ഞങ്ങള്‍ നന്നായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.  കുറച്ച് സമയം കഴിഞ്ഞതും അദ്ദേഹത്തിന്റെ ശബ്ദം ഉയരാന്‍ തുടങ്ങി. പ്രഭാഷണം അതിന്റെ ഗാംഭീര്യത്താലും ആവേശത്താലും ഇടിമുഴക്കമായി മാറി. ശാന്തമായൊഴുകുന്ന നദി പ്രക്ഷുബ്ധമായ സമുദ്രമായി രൂപാന്തരപ്പെട്ടു. ശാന്തതയുടെയും പ്രക്ഷുബ്ധതയുടെയും ഇതുപോലൊരു ഇഴുകിച്ചേരല്‍ മുമ്പൊരിക്കലും അനുഭവപ്പെട്ടിട്ടില്ല.
മൗലാനാ ഉമരിയുടെ എഴുത്തിലും പ്രഭാഷണത്തിലും മാത്രമല്ല, ജീവിതത്തില്‍ തന്നെയും ഇത്തരമൊരു കോമ്പിനേഷന്‍ ഉള്ളതായി പിന്നീട് മനസ്സിലാക്കാന്‍ കഴിഞ്ഞു. പതിഞ്ഞ സ്വരത്തില്‍ ആരംഭിക്കുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ നൈര്‍മല്യവും സ്നേഹവും ചാലിച്ച തന്റെ ജീവിതത്തിന്റെ നേര്‍സാക്ഷ്യം കൂടിയായിരുന്നു.  അസത്യത്തെ അഭിമുഖീകരിക്കുകയോ അധര്‍മത്തോട് ഏറ്റുമുട്ടുകയോ ചെയ്യേണ്ടിവരുമ്പോള്‍ ആ ശബ്ദം കനത്തതുമായിരിക്കും. ദീനീ പ്രതിബദ്ധതയും ആത്മവിശ്വാസവും പ്രകടിപ്പിക്കേണ്ട സന്ദര്‍ഭങ്ങളില്‍ ധീരവും ഉറച്ചതുമായ വാക്കുകള്‍ പറഞ്ഞ് അദ്ദേഹം ആവേശഭരിതനാകും. പൈശാചിക അക്രമിക്കൂട്ടങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് മുന്നില്‍ പതറാതെ അവരെ താക്കീത് ചെയ്യാനും മറുപടി നല്‍കാനും ഉതകും വിധം വിട്ടുവീഴ്ചയില്ലാത്ത കനത്ത സ്വരവും കേള്‍ക്കാനാകും. കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനാവശ്യമായ ഭാവ സ്വരവ്യത്യാസങ്ങള്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലുടനീളം അനുഭവിക്കാനാകും.
മുസ്ലിം ലോകത്ത് മൗലാനാ ജലാലുദ്ദീന്‍ ഉമരി പ്രഗത്ഭനായ പണ്ഡിതനും ഗ്രന്ഥകര്‍ത്താവുമായാണ് അറിയപ്പെടുന്നത്. വിഷയ വൈവിധ്യം അദ്ദേഹത്തിന്റെ ഗ്രന്ഥരചനയുടെ ഏറ്റവും പ്രധാന സവിശേഷതയായി എടുത്തുപറയേണ്ടതാണ്. ഖുര്‍ആന്‍, നബിചരിതം, ഹദീസ്, സമൂഹം, ചരിത്രം, കര്‍മശാസ്ത്രം, രാഷ്ട്രീയ വിശകലനങ്ങള്‍, ഇസ്ലാമിക പ്രബോധനം, തര്‍ബിയത്തും തസ്‌കിയത്തും തുടങ്ങി വിവിധങ്ങളായ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ കനപ്പെട്ട രചനകളുണ്ട്. പ്രശസ്തമായ ഒരു ഇസ്ലാമിക കലാലയത്തില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന് ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പ്രഗത്ഭരായ പണ്ഡിത നേതൃത്വങ്ങളുമായി സഹവസിക്കാനുമുള്ള ഭാഗ്യമുണ്ടായി. മൗലാനാ അബുല്ലൈസ് ഇസ്വ്ലാഹി നദ്വി, മൗലാനാ സ്വദ്റുദ്ദീന്‍ ഇസ്വ്ലാഹി, മൗലാനാ ജലീല്‍ അഹ്സന്‍ നദ്വി, മൗലാനാ സയ്യിദ് ഉറൂജ് ഖാദിരി തുടങ്ങി പ്രസ്ഥാനത്തിലെ പ്രമുഖരായ പണ്ഡിത ശ്രേഷ്ഠരോടൊപ്പമുള്ള സഹവാസം വഴി വലിയ വിജ്ഞാന സമ്പത്ത് നേടാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു.
അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയില്‍ നിന്ന് അദ്ദേഹം ഇംഗ്ലീഷില്‍ ബിരുദവും കരസ്ഥമാക്കിയിരുന്നു. അലീഗഢ് പഠനകാലത്ത് വിവിധ വിഷയങ്ങളില്‍ പ്രാഗത്ഭ്യമുള്ള ധാരാളം അധ്യാപകരുമായി ബന്ധം സ്ഥാപിക്കുകയും പല തലമുറകളിലുള്ളവരില്‍ നിന്ന് വിജ്ഞാനമാര്‍ജിക്കുകയും പലതരം കഴിവുകള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. അലീഗഢില്‍  ലഭിച്ച അത്യപൂര്‍വമായ ഈ അവസരങ്ങളാണ് ആധുനികവും പൗരാണികവുമായ ഉള്‍ക്കാഴ്ച നേടാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. സ്ഥിരോത്സാഹം, ഏകാഗ്രത, കഠിനാധ്വാനശീലം തുടങ്ങിയ സമുന്നത ഗുണങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ഈ സഹവാസങ്ങള്‍ അദ്ദേഹത്തിന് പ്രേരണയായിട്ടുണ്ട്.
അദ്ദേഹത്തിന്റെ രചനകളില്‍ ഗവേഷകന്റെ വൈജ്ഞാനിക വിശാലതയും നിരൂപകന്റെ ആഴമുള്ള ഉള്‍ക്കാഴ്ചയും രചയിതാവിന്റെ അവതരണ മാസ്മരികതയും പ്രബോധകന്റെ നിര്‍മല മന്ത്രങ്ങളും  മേളിച്ചതായി കാണാം. കുടുംബവും സ്ത്രീകളും മുതല്‍ മനുഷ്യാവകാശങ്ങള്‍ വരെയും, സാമ്പത്തികവും രാഷ്ട്രീയവും മുതല്‍ അല്ലാഹുവുമായുള്ള ബന്ധവും ഹൃദയ സംസ്‌കരണവും വരെയും, വൈവിധ്യപൂര്‍ണമാണ് കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍.  വ്യത്യസ്ത വിഷയങ്ങളിലായി വിജ്ഞാനത്തിന്റെ അമൂല്യമായ മൂലധനമാണ് അദ്ദേഹം സ്വരുക്കൂട്ടിയത്. മഅ്റൂഫ് വൊ മുന്‍കര്‍ (നന്മതിന്മകള്‍) അദ്ദേഹത്തിന്റെ യൗവനകാലത്ത് എഴുതിയ പ്രധാന രചനകളിലൊന്നാണ്. ഈ ഗ്രന്ഥം സമകാലിക ഇസ്ലാമിക ചിന്തയില്‍ ആഴമുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്.  മുസ്ലിം ലോകത്ത് ഏറെ സ്വീകാര്യമായ രചന കൂടിയാണിത്. ഇസ്ലാം കി ദഅ്വത്ത് (ഇസ്ലാമിക പ്രബോധനം) എന്ന ഗ്രന്ഥമാകട്ടെ ആ വിഷയത്തില്‍ സമ്പൂര്‍ണവും സമഗ്രവുമായ വഴികാട്ടി തന്നെയാണ്. ഖുദാ ഔര്‍ റസൂല്‍ കാ തസ്വവ്വുര്‍ ഇസ്ലാമി തഅ്ലീമാത്ത് മേം (ഇസ്ലാമിക വിജ്ഞാനീയങ്ങളിലെ ദൈവ, പ്രവാചക സങ്കല്‍പ്പങ്ങള്‍), ഇന്‍സാന്‍ ഔര്‍ ഉസ്‌കെ മസാഇല്‍ (മനുഷ്യനും അവന്റെ പ്രശ്നങ്ങളും) എന്നീ പുസ്തകങ്ങളാകട്ടെ അവയുടെ പൊതുസ്വഭാവം നിലനിര്‍ത്തുമ്പോള്‍ തന്നെ, ഇസ്ലാമിനെയും ഇസ്ലാമിന്റെ അടിസ്ഥാനങ്ങളെയും  യുക്തിസഹമായി വിശദീകരിക്കുന്ന ഗ്രന്ഥങ്ങള്‍ കൂടിയാണ്. ഇസ്ലാമിക സമൂഹം, സ്ത്രീകളുടെ പദവിയും അവകാശങ്ങളും, കുടുംബ വ്യവസ്ഥ, മുസ്ലിം വ്യക്തി നിയമങ്ങള്‍ തുടങ്ങിയ ഗ്രന്ഥശീര്‍ഷകങ്ങള്‍ മൗലാനാ ജലാലുദ്ദീന്‍ ഉമരിയുടെ സവിശേഷ പഠനവിഷയങ്ങളിലേക്കുള്ള സൂചകങ്ങളാണ്.
പുതിയ കാലത്തെ സുപ്രധാനമായ പല വിഷയങ്ങളിലും കര്‍മശാസ്ത്രപരവും ദീനീപരവുമായ മാര്‍ഗനിര്‍ദേശം നല്‍കിയ വ്യക്തിത്വം കൂടിയാണ് ജലാലുദ്ദീന്‍ ഉമരി. മുസ്ലിമേതര സമൂഹങ്ങളുമായുള്ള ബന്ധം, രോഗവും ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ജനസേവന പ്രവര്‍ത്തനങ്ങളുടെ സുപ്രധാനമായ വശങ്ങള്‍ തുടങ്ങി പുതിയ സാമൂഹിക-നാഗരിക  സാഹചര്യങ്ങളില്‍ ഉയര്‍ന്നുവരുന്ന ധാരാളം ചോദ്യങ്ങളുണ്ട്. ഇത്തരം സെന്‍സിറ്റീവായ പ്രായോഗിക പ്രശ്നങ്ങളെ സംബന്ധിച്ച് സന്തുലിതവും യുക്തിഭദ്രവുമായി ചിന്തിക്കാനും പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താനും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ സഹായകമാണെന്നത് തര്‍ക്കമറ്റതാണ്. ഇത്തരം വിഷയങ്ങള്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ അദ്ദേഹത്തിന് സ്വതസിദ്ധമായ ശൈലിയും ഭാവവുമുണ്ട്. ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ രചനകളില്‍ പൗരാണിക ക്ലാസിക്കല്‍ സാഹിത്യങ്ങളുടെയും ആധുനിക പഠനങ്ങളുടെയും  റഫറന്‍സുകള്‍ സന്തുലിതമായി ചേര്‍ത്തിരിക്കുന്നത് കാണാന്‍ സാധിക്കും. വിവിധ വിഷയങ്ങളില്‍ അവയുടെ പ്രായോഗിക പരിഹാര നിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തുന്ന അഭിപ്രായ പ്രകടനങ്ങളില്‍ പൗരാണികരും ആധുനികരുമായ പണ്ഡിതന്മാരുടെയും ചിന്തകരുടെയും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. ഇത്തരം അഭിപ്രായങ്ങള്‍ സമൃദ്ധമായി ചേര്‍ക്കുന്നതോടൊപ്പം, സ്വന്തം അഭിപ്രായം വിശുദ്ധ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ടാവും. മൗലാനാ ഉമരിയുടെ ഈ വിശകലന രീതി വായനക്കാര്‍ക്ക് കേവലം ഫത്വകള്‍ നല്‍കുകയല്ല  ചെയ്തത്. മറിച്ച്, പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സ്വയം ചിന്തിക്കാനും അഭിപ്രായ പ്രകടനം നടത്താനും അവര്‍ക്ക് വഴികാണിക്കുകയും വെളിച്ചം നല്‍കുകയുമാണ് അദ്ദേഹം ചെയ്തത്. ഖുര്‍ആനുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ രചനകള്‍ ഏറെ ശ്രദ്ധേയമാണ്. നബിചരിതവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളും ഏറെ വിലമതിക്കപ്പെടുന്നവ തന്നെ.
മൗലാനാ ഉമരിയുടെ കനപ്പെട്ട ഗ്രന്ഥങ്ങള്‍ക്ക് മാത്രം ബാധകമാകുന്ന ഒരു പ്രധാന സവിശേഷത, അവ മറ്റെല്ലാ ജോലികളും മാറ്റിവെച്ച്  മുറിക്കകത്ത് ഒഴിഞ്ഞിരുന്ന് എഴുതിയവയല്ല എന്നതാണ്. അധ്യാപന ജോലിക്കിടയില്‍ പൂര്‍ത്തീകരിക്കപ്പെട്ടവയുമല്ല അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍. പ്രാസ്ഥാനികമായ വലിയൊരു ഉത്തരവാദിത്വം നിര്‍വഹിച്ചുകൊണ്ടിരിക്കെ മുഴുസമയം കര്‍മമണ്ഡലത്തില്‍ സജീവമായി നിലയുറപ്പിച്ചുകൊണ്ടാണ് ഈ വൈജ്ഞാനിക സേവനങ്ങളത്രയും നമുക്കായി അദ്ദേഹം സമര്‍പ്പിച്ചത്. അദ്ദേഹത്തിന്റെ രചനകളുടെ ഓരോ വരികളിലും ഒരു ഗവേഷകന്റെ ആഴപ്പരപ്പുകള്‍ കാണാനാകും. വായനക്കാരന്‍ അഭിമുഖീകരിക്കുന്ന പ്രായോഗിക പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതോടൊപ്പം,   ആശയക്കുഴപ്പങ്ങള്‍ ദൂരീകരിക്കാനുതകുന്ന കൃത്യതയുള്ള മറുപടികളുമുണ്ടായിരിക്കും. എല്ലാറ്റിലുമുപരി, അദ്ദേഹത്തിന്റെ രചനാ വിസ്ഫോടനത്തിലെ ഓരോ അക്ഷരവും ഹൃദയാന്തരങ്ങളില്‍ നിന്ന് രൂപപ്പെടുന്നതാണ്. അവയില്‍ നിന്ന് രക്തപ്രവാഹമുണ്ടാകുന്നു. 
സയ്യിദ് ജലാലുദ്ദീന്‍ ഉമരി ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ചരിത്രത്തോടൊപ്പം ആദ്യം മുതലേ പൂര്‍ണമായും സഞ്ചരിച്ച വ്യക്തിത്വമാണ്.  ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നീണ്ട ചരിത്രത്തില്‍ സുപ്രധാന പങ്ക് വഹിക്കുകയും ചെയ്തു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി ഹിന്ദ് രൂപവത്കരിച്ചതിനു ശേഷം 1956-ല്‍ തയാറാക്കിയ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടന്നു. അമീറെ ജമാഅത്തിന്റെ തെരഞ്ഞെടുപ്പിന് ശേഷം മജ്ലിസ് നുമാഇന്ദഗാനിലെ അദ്ദേഹത്തിന്റെ ഒഴിവ് നികത്താന്‍ വേണ്ടി നടന്ന തെരഞ്ഞെടുപ്പില്‍ തന്നെ മജ്ലിസ് നുമാഇന്ദഗാന്‍ അംഗമായി ഉമരി സാഹിബ് തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ആദ്യമായി കേന്ദ്ര പ്രതിനിധി സഭാംഗമായത്  അങ്ങനെയാണ്. 21 വയസ്സ് മാത്രമാണ് അന്ന് അദ്ദേഹത്തിന്റെ പ്രായം. അതിനു ശേഷം നീണ്ട അറുപത്തിയാറ് വര്‍ഷം തുടര്‍ച്ചയായി അദ്ദേഹം കേന്ദ്ര പ്രതിനിധി സഭാംഗമായിരുന്നു. 1986 മുതല്‍ കേന്ദ്ര മജ്ലിസ് ശൂറാംഗമായും അദ്ദേഹം തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ജമാഅത്തെ ഇസ്ലാമിയുടെ നാല് പ്രവര്‍ത്തന കാലയളവുകളില്‍ /മീഖാത്തുകളില്‍ അസി. അമീറായും മൂന്ന് മീഖാത്തുകളില്‍ അഥവാ 12 വര്‍ഷം അമീറായും തെരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര ഇന്ത്യയില്‍ ഇസ്ലാമിക സമൂഹത്തിന്റെ സഞ്ചാരപഥത്തില്‍ വിവിധ ഘട്ടങ്ങളിലായി അദ്ദേഹത്തിന്റെ സാന്നിധ്യവും മാര്‍ഗദര്‍ശനവും ഉണ്ടായിട്ടുണ്ട്. ഈ കാലയളവില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ പല ഘട്ടങ്ങളിലൂടെ കടന്നുപോവുകയും പലവിധ പരീക്ഷണങ്ങളെ അഭിമുഖീകരിക്കുകയും ചെയ്തു. മൗലാനാ ജലാലുദ്ദീന്‍ ഉമരി ഈ പ്രതിസന്ധി നാളുകളിലെല്ലാം ഇസ്ലാമിന്റെയും ഇസ്ലാമിക പ്രസ്ഥാനത്തിന്റെയും അടിയുറച്ച പോരാളിയായി മുന്‍നിരയില്‍ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. സാഹസികവും ധീരവുമായ ഈ ചരിത്രത്തിന്റെ ഓരോ അധ്യായവും അദ്ദേഹത്തിന്റെ അത്ഭുതകരമായ ഓര്‍മച്ചെപ്പിലുണ്ടായിരുന്നു എന്നതാണ് യാഥാര്‍ഥ്യം.
അദ്ദേഹത്തോടൊപ്പമുള്ള ഒത്തുചേരലുകളില്‍ പല ചരിത്ര സത്യങ്ങളും അനാവൃതമാവും. പല കഥാപാത്രങ്ങളും തെളിമയോടെ കടന്നു വരും. പലപ്പോഴായി നടന്ന ഇത്തരം കൂടിയിരുത്തങ്ങള്‍ ഇപ്പോഴും മനസ്സിലേക്ക് കടന്നുവരുന്നുണ്ട്. ധന്യവും ഉള്‍ക്കാഴ്ചയുള്ളതുമായ ഓര്‍മകളാണ് അദ്ദേഹത്തിന്റെ കൈപിടിച്ച് ചരിത്രത്തോടൊപ്പം സഞ്ചരിക്കാന്‍ ഞങ്ങള്‍ക്ക് അവസരമേകിയത്. പുതിയ തലമുറക്ക് മൗലാനാ ഉമരിയുടെ ജീവിതയാത്രയില്‍ നിന്ന് ലഭ്യമാകുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠം, ജീവിതം ലക്ഷ്യബോധമുള്ളതായിരിക്കണം എന്നതാണ്. ലക്ഷ്യസാക്ഷാല്‍ക്കാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഏകാഗ്രതയോടെ ലക്ഷ്യസ്ഥാനത്തേക്ക് സഞ്ചരിക്കാനുമുള്ള പ്രചോദനം അദ്ദേഹത്തിന്റെ കര്‍മജീവിതത്തില്‍ നിന്ന് ലഭിക്കാതിരിക്കില്ല.
ബുദ്ധിശക്തിയും ചിന്താ ശേഷിയും ധാരാളം പേര്‍ക്ക് അല്ലാഹു നല്‍കിയിട്ടുണ്ട്. അവരില്‍ തന്നെ ധാരാളം പേര്‍ കഠിനാധ്വാനം ചെയ്യുന്നവരുമാണ്. ഈ സവിശേഷതകള്‍ക്കൊപ്പം, മനുഷ്യനെ വളര്‍ത്തുകയും വലുതാക്കുകയും ചെയ്യുന്നത് വിശ്വസ്തതയും ലക്ഷ്യബോധവും ലക്ഷ്യസ്ഥാനത്തേക്ക് ഏകാഗ്രതയോടെ നടത്തുന്ന സഞ്ചാരവുമാണ്. ചെറുപ്രായത്തില്‍ തന്നെ മൗലാനാ ഉമരി ഒരു തീരുമാനമെടുത്തിരുന്നു. ഇസ്ലാമിക പ്രസ്ഥാനത്തിന് വൈജ്ഞാനിക സംഭാവനകള്‍ നല്‍കാന്‍ സ്വന്തത്തെ സമര്‍പ്പിക്കുക എന്നതായിരുന്നു ആ തീരുമാനം. പിന്നീടൊരിക്കലും അദ്ദേഹം തിരിഞ്ഞുനോക്കിയിട്ടില്ല. ഈ ലക്ഷ്യം നേടിയെടുക്കുന്നതിനായി രാപ്പകല്‍ ഭേദമന്യേ, ശരത്കാലമെന്നോ വസന്ത കാലമെന്നോ വ്യത്യാസമില്ലാതെ തന്റെ ബുദ്ധിയും സമയവും അധ്വാനവുമെല്ലാം ആ മാര്‍ഗത്തില്‍ സമര്‍പ്പിക്കുകയായിരുന്നു ആ മഹാമനീഷി. ജന്മനാട് ഉപേക്ഷിച്ച് ഇറങ്ങിപ്പോന്ന അദ്ദേഹം തിരിച്ചുപോകുന്നതിനെപ്പറ്റി പിന്നീടൊരിക്കലും ചിന്തിച്ചിരിക്കാന്‍ ഇടയില്ല. ജമാഅത്തിന്റെ കേന്ദ്രം റാംപൂര്‍ ആയിരുന്നപ്പോള്‍ അദ്ദേഹം റാംപൂര്‍കാരനായിരുന്നു. തസ്വ്നീഫി അക്കാദമി അലീഗഢിലേക്ക് മാറ്റിയ സന്ദര്‍ഭത്തില്‍ അദ്ദേഹം അങ്ങോട്ട് പോയി. അലീഗഢ് നിവാസികള്‍ക്ക് അക്കാലത്ത് അദ്ദേഹം അവിടെ ജനിച്ചുവളര്‍ന്ന ഒരാളെപ്പോലെയായിരുന്നു. പിന്നീട് ജമാഅത്തിന്റെ കേന്ദ്ര ചുമതലകള്‍ ഏല്‍പ്പിക്കപ്പെട്ടപ്പോള്‍ എല്ലാം തികഞ്ഞ ഒരു ദല്‍ഹിവാലയായി. പഠനവും വായനയും ചിന്തയും ഗവേഷണവും ഗ്രന്ഥരചനയും തന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ തന്നെ ആരംഭിച്ചിരുന്നു. എണ്‍പത്തിയേഴാമത്തെ വയസ്സിലും അക്കാര്യത്തില്‍ അദ്ദേഹം അശ്രദ്ധനായിരുന്നില്ല. ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകളോ അലട്ടലുകളോ ജീവിതായോധന അധ്വാനങ്ങളോ ഇതില്‍നിന്ന് അദ്ദേഹത്തിന്റെ ശ്രദ്ധ തിരിച്ചിട്ടില്ല. പ്രസ്ഥാന നായകത്വം എന്ന ഭാരിച്ച ഉത്തരവാദിത്വവും പഠന പ്രവര്‍ത്തനങ്ങളില്‍ നിന്നും ഗ്രന്ഥരചനകളില്‍ നിന്നും അദ്ദേഹത്തിന്റെ ശ്രദ്ധ തിരിച്ചുവിടാന്‍ കാരണമായില്ല.
മൗലാനാ ജലാലുദ്ദീന്‍ ഉമരിയുടെ വിയോഗം വ്യക്തിപരമായി എനിക്ക് കനത്ത ആഘാതമാണുണ്ടാക്കിയിരിക്കുന്നത്. ഞാന്‍ രണ്ടാമതൊരിക്കല്‍ കൂടി അനാഥനായതു പോലെ  അനുഭവപ്പെടുന്നു. അദ്ദേഹത്തോടൊപ്പമുള്ള മൂന്ന് പതിറ്റാണ്ട് നീണ്ട സഹവാസത്തിനിടെ ഞാന്‍ അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. ഔദ്യോഗികമായോ സ്ഥിരസ്വഭാവത്തിലോ അദ്ദേഹത്തിന്റെ ശിഷ്യത്വത്തിനുള്ള സൗഭാഗ്യം എനിക്കുണ്ടായിട്ടില്ലെങ്കിലും അദ്ദേഹവുമായുള്ള നിരന്തര സഹവാസം വഴി പ്രയോജനകരമായ പലതും നേടിയെടുക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. എസ്.ഐ.ഒവില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഞങ്ങള്‍ക്കിടയില്‍ ഒരു സംസാരമുണ്ടായിരുന്നു: ജമാഅത്ത് ഭാരവാഹികളുടെ കൂട്ടത്തില്‍ ഏറ്റവും മൃദുഹൃദയന്‍ മൗലാനാ ജലാലുദ്ദീന്‍ ഉമരിയാണ്. ഏതു കാര്യമായാലും അനായാസേന അവതരിപ്പിക്കാനും വേഗത്തില്‍ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും സാധിക്കുന്നത് അദ്ദേഹത്തിനായിരുന്നു. അദ്ദേഹമാകട്ടെ പലപ്പോഴും ആക്ടിംഗ് അമീറായി ചുമതലയേല്‍പ്പിക്കപ്പെടാറുമുണ്ട്. ആ സമയത്തെല്ലാം ചെറുതും വലുതുമായ സംഘടനാ ആവശ്യങ്ങള്‍ക്ക് അദ്ദേഹത്തെയാണ് ഞങ്ങള്‍ സമീപിക്കാറുണ്ടായിരുന്നത്.
അതേ കാലയളവിലാണ് വ്യക്തിപരമായി, ഫിഖ്ഹും ഹദീസുമായി ബന്ധപ്പെട്ട ഗൗരവപ്പെട്ട പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ തുടക്കമിട്ടത്. അതുമായി ബന്ധപ്പെട്ട് നിരന്തരം അദ്ദേഹത്തിന്റെ അടുക്കല്‍ പോകേണ്ടി വരാറുണ്ട്. രചനാ രംഗത്തേക്ക് പ്രവേശിച്ച എനിക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും ഉള്‍ക്കാഴ്ചയും അദ്ദേഹം അക്കാലത്ത് നല്‍കിയിട്ടുണ്ട്. ഞാന്‍ എസ്.ഐ.ഒവില്‍ നിന്ന് പടിയിറങ്ങിയത് 2003-ലായിരുന്നു. ചുമതലകള്‍ ഒഴിവായ എനിക്ക് യാത്രയയപ്പ് നല്‍കാന്‍ വേണ്ടി സംഘടിപ്പിച്ച യോഗത്തില്‍ മൗലാനാ ജലാലുദ്ദീന്‍ ഉമരി നടത്തിയ പ്രഭാഷണം ഇന്നും കാതുകളില്‍ മുഴങ്ങുന്നുണ്ട്. എന്നെ സംബന്ധിച്ചേടത്തോളം വിലമതിക്കാനാവാത്ത ഉപദേശങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു ആ പ്രഭാഷണം. പിന്നീടുള്ള എന്റെ ജീവിതയാത്രയിലുടനീളം ആ ഉപദേശങ്ങള്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
2007-ല്‍ മൗലാനാ ജലാലുദ്ദീന്‍ ഉമരി ജമാഅത്ത് അമീറായി ചുമതലയേറ്റ അതേ സന്ദര്‍ഭത്തിലാണ് ജമാഅത്ത് കേന്ദ്ര മജ്ലിസ് ശൂറാംഗമായി ആദ്യമായി ഞാന്‍ തെരഞ്ഞെടുക്കപ്പെടുന്നത്. അന്ന് എന്റെ പ്രായം 33 വയസ്സ് മാത്രമായിരുന്നു. മജ്ലിസ് ശൂറായിലെ അംഗത്വം എന്നെ സംബന്ധിച്ചേടത്തോളം തര്‍ബിയത്ത് നേടിയെടുക്കാനുള്ള മാര്‍ഗം മാത്രമായിട്ടാണ് ഞാന്‍ കണക്കാക്കിയത്. കാരണം, അന്നത്തെ മജ്ലിസ് ശൂറ യശശ്ശരീരരായ മൗലാനാ സിറാജുല്‍ ഹസന്‍, മൗലാനാ ശഫീഅ് മുനീസ്, ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി, ഡോ. എഫ്.ആര്‍ ഫരീദി, ടി.കെ അബ്ദുല്ലാ സാഹിബ്, മൗലാനാ യൂസുഫ് ഇസ്വ്ലാഹി തുടങ്ങിയ താര സമ്പത്തിനാല്‍ സമൃദ്ധമായ ഗാലക്സിയായിരുന്നു. മൗലാനാ ജലാലുദ്ദീന്‍ ഉമരിയായിരുന്നു ആ സംഘത്തിന്റെ നേതാവ്. മൗലാനാ ഉമരിയും മറ്റു പ്രഗത്ഭരായ പണ്ഡിതന്മാരും ബുദ്ധിജീവികളുമടങ്ങുന്ന ഈ അത്യുന്നത വേദിയില്‍ എനിക്ക് സംസാരിക്കാന്‍ ധൈര്യം ലഭിച്ചത് ഇവരുടെയെല്ലാം പ്രോത്സാഹനവും കാരുണ്യവും കൊണ്ടായിരുന്നുവെന്ന് ഞാനോര്‍ക്കുന്നു.
മൗലാനാ ജലാലുദ്ദീന്‍ ഉമരിയുടെയും മറ്റു പ്രമുഖ വ്യക്തിത്വങ്ങളുടെയുമിടയില്‍ എന്റെ സ്ഥാനം ചെറിയ നഴ്സറി കുട്ടിയുടേതായിരുന്നു. എന്റെ പ്രാസ്ഥാനികവും സംഘടനാപരവുമായ തര്‍ബിയത്ത് ഈ മഹദ് വ്യക്തികളില്‍ നിന്നും, ചിലപ്പോഴെല്ലാം അവരുടെ ശിഷ്യഗണങ്ങളില്‍ നിന്നുമാണ് ലഭിച്ചത്. എന്നിട്ടും സമുന്നതരായ പണ്ഡിത ശ്രേഷ്ഠരുടെയും പ്രസ്ഥാന നായകരുടെയും സാന്നിധ്യത്തില്‍ ശൂറയില്‍ നടക്കുന്ന ഗൗരവമേറിയ ചര്‍ച്ചകള്‍ക്കിടയില്‍ എഴുന്നേറ്റ് നില്‍ക്കാനോ അഭിപ്രായം പറയാനോ യാതൊരു വിധ പ്രയാസവും മനഃസംഘര്‍ഷവും എനിക്ക് അനുഭവപ്പെട്ടിരുന്നില്ല. വളരെ സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്താനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും മടിയും ഭയവുമില്ലാതെ എനിക്ക് സാധിച്ചിരുന്നു. മൗലാനാ ജലാലുദ്ദീന്‍ ഉമരിയുടെയും പ്രമുഖരായ മറ്റു ശൂറാംഗങ്ങളുടെയും അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായും നിര്‍ഭയത്വത്തോടെ സംസാരിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കിടയില്‍ കടുത്ത ഭാഷയിലും സംസാരിക്കേണ്ടി വന്നിട്ടുണ്ട്. ഈ സന്ദര്‍ഭങ്ങളിലെല്ലാം മൗലാനയുള്‍പ്പെടെ മഹാന്മാരായ നേതാക്കള്‍ ഓരോ ചുവടിലും എന്നെ പ്രോത്സാഹിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ഉന്നതമായ ഈ ജനാധിപത്യ പാരമ്പര്യങ്ങള്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സാംസ്‌കാരിക ഔന്നത്യത്തിന്റെ വലിയ സവിശേഷതകളിലൊന്നാണ്. മൗലാനാ ഉമരിയുള്‍പ്പെടെ നമ്മുടെ സമുന്നതരായ നേതാക്കളുടെ നിലപാടുകളുടെ മഹത്വം കൂടിയാണ് ഇത് വിളിച്ചോതുന്നത്.
മൂന്ന് പതിറ്റാണ്ടുകള്‍ നീണ്ട മൗലാനാ ജലാലുദ്ദീന്‍ ഉമരിയുമായുള്ള സഹവാസങ്ങളിലൂടെ വൈജ്ഞാനികവും പ്രാസ്ഥാനികവുമായ പലവിധ നേട്ടങ്ങളും കൊയ്തെടുക്കാന്‍ വ്യക്തിപരമായി എനിക്ക് സാധിച്ചിട്ടുണ്ട്. വിനയവും ലാളിത്യവും, പരക്ഷേമതല്‍പരതയും സമര്‍പ്പണമനസ്സും, ഇഖ്ലാസ്വും അല്ലാഹുവിന് വേണ്ടി നിലകൊള്ളലും തുടങ്ങി പ്രശംസനീയമായ എണ്ണമറ്റ സ്വഭാവവിശേഷണങ്ങള്‍ മൗലാനയുടെ ജീവിത യാത്രയില്‍ നിന്നുള്ള, അനുകരിക്കാനും പിന്തുടരാനുമുള്ള സമ്പന്നമായ പ്രധാന ജീവിത പാഠങ്ങളാണ്. ഫജ്ര്‍ നമസ്‌കാരത്തിലെ ഹൃദയ സ്പര്‍ശിയായ, കണ്ണീരിലും കരച്ചിലിലും കുതിര്‍ന്ന മനോഹരമായ ഖുര്‍ആന്‍ പാരായണം, റമദാനില്‍ നടത്തിവന്നിരുന്ന ഗഹനവും പണ്ഡിതോചിതവുമായ ഖുര്‍ആന്‍ ദര്‍സുകള്‍, ഫിഖ്ഹീ വിഷയങ്ങളില്‍ ഉയര്‍ന്നുവരുന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്ന മജ്ലിസുകള്‍, ജമാഅത്തിന്റെ തര്‍ബിയത്ത് പരിപാടികളില്‍ നടത്താറുള്ള പ്രഭാഷണങ്ങള്‍,  നില്‍പ്പിലും ഇരിപ്പിലും അഥവാ  സദാസമയവും ലഭിച്ചിരുന്ന ഉപദേശനിര്‍ദേശങ്ങളും കൂടിയാലോചനകളും.... അങ്ങനെ തര്‍ബിയത്തിന്റെയും തസ്‌കിയത്തിന്റെയും വിലമതിക്കാനാവാത്ത ആ വഴികള്‍ അടഞ്ഞുപോകുന്നത് നമ്മെപ്പോലുള്ളവര്‍ക്കുണ്ടാക്കുന്ന നഷ്ടങ്ങളും കോട്ടങ്ങളും കനത്തതായിരിക്കും, തീര്‍ച്ച.
അല്ലാഹു അദ്ദേഹത്തിലൂടെയുണ്ടായ നഷ്ടങ്ങളും കോട്ടങ്ങളും പരിഹരിച്ചു നല്‍കുമാറാകട്ടെ. അദ്ദേഹത്തിന് സ്വര്‍ഗത്തില്‍ ഉന്നതമായ പദവി നല്‍കി അല്ലാഹു അനുഗ്രഹിക്കട്ടെ. ആ മഹാനുഭാവന്റെ ത്യാഗപരിശ്രമങ്ങളെല്ലാം സ്വീകരിക്കുമാറാകട്ടെ. ഇസ്ലാമിക പ്രസ്ഥാനത്തിന് മികച്ച ബദല്‍ നല്‍കി അവന്‍ നമ്മെ കാക്കുമാറാകട്ടെ, ആമീന്‍. 
(വിവ: അബ്ദുല്‍ ഹകീം നദ്‌വി)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-12-13
ടി.കെ ഉബൈദ്‌

ഹദീസ്‌

ദീര്‍ഘായുസ്സിലെ ലാഭനഷ്ടങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌