Prabodhanm Weekly

Pages

Search

2022 സെപ്റ്റംബര് 09

3267

1444 സഫര് 13

സ്ത്രീശാക്തീകരണത്തിന്റെ പുതുവഴികള്‍ തേടി 'ട്വീറ്റ്'

ശര്‍നാസ് മുത്തു

'നിരക്ഷരതയില്‍ നിന്നുള്ള സ്വാതന്ത്ര്യം: ഒരാള്‍ പത്ത് പേരെ പഠിപ്പിക്കുക' (Freedom from Illiteracy: Each One Teach Ten) എന്ന തലക്കെട്ടില്‍  വായന, എഴുത്ത്, ശ്രവണം എന്നിവ ഉള്‍പ്പെടുന്ന പ്രവര്‍ത്തന സാക്ഷരതയിലൂടെ വനിതകളെ ശാക്തീകരിക്കുന്നതിനുള്ള ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സാക്ഷരതാ കാമ്പയിനിനാണ് ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ട്വീറ്റ്' (ദ വുമണ്‍ എജുക്കേഷന്‍ ആന്‍ഡ് എംപവര്‍മെന്റ് ട്രസ്റ്റ്) തുടക്കം കുറിച്ചിട്ടുള്ളത്. താല്‍പര്യമുള്ള ആര്‍ക്കും, സമൂഹത്തില്‍ മാറ്റം കൊണ്ടുവരികയും ഓരോ സ്ത്രീയെയും അന്തസ്സോടെ ജീവിതം നയിക്കാന്‍ പ്രാപ്തയാക്കുകയും ചെയ്യുക എന്ന ഈ മഹത്തായ ദൗത്യത്തിന്റെ ഭാഗമാകാം.
തങ്ങളുടെ നാനാതരം കഴിവുകള്‍ ഉപയോഗപ്പെടുത്തി സ്ത്രീകളെ അക്ഷരാഭ്യാസത്തിന്റെ വെളിച്ചത്തിലേക്ക് നയിക്കുക എന്ന ദൗത്യത്തില്‍ ഏര്‍പ്പെടുക വഴി സ്വന്തം ജീവിതത്തില്‍ തന്നെ ഒരു വലിയ മാറ്റത്തിനാണ് അതിന് തയാറാകുന്ന പെണ്‍കുട്ടികളും സ്ത്രീകളും തുടക്കമിടുന്നത്.  വളന്റിയര്‍ സര്‍ട്ടിഫിക്കറ്റും അനുഭവ പഠനങ്ങളും ചേര്‍ത്ത് സ്വന്തം പ്രൊഫൈല്‍ മൂല്യവത്താക്കാനും ഇതുവഴി സാധ്യമാവും.  വളന്റിയര്‍മാര്‍ക്ക് ട്വീറ്റ് നല്‍കുന്ന പരിശീലന പരിപാടികളും അവര്‍ക്ക് ലഭിക്കുന്ന  ഫീല്‍ഡ് അനുഭവങ്ങളും അവരുടെ നേതൃഗുണങ്ങള്‍ വളര്‍ത്താന്‍ ഉപകരിക്കും. അത് അവരുടെ കരിയറിലും കുടുംബ ജീവിതത്തിലും അവര്‍ക്ക് പ്രയോജനം ചെയ്യും. 'രാജ്യത്തിന്റെ നന്മയ്ക്കായി യുവജനശക്തിയെ ക്രിയാത്മകമായി ഇടപെടുത്താനുള്ള ശ്രമം കൂടിയാണിത്' എന്ന്  ട്വീറ്റ് ചെയര്‍പേഴ്‌സണ്‍ റഹ്മത്തുന്നിസ പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തിനായി നൈപുണി വികസന പരിശീലനങ്ങള്‍, ഉപജീവന പദ്ധതി നടപ്പാക്കല്‍, നിയമ അവബോധം, സാമ്പത്തിക സാക്ഷരത, പഠനത്തില്‍ മികവ് പുലര്‍ത്തുന്ന പെണ്‍കുട്ടികള്‍ക്കുള്ള ഉപരിപഠന സഹായം തുടങ്ങി നിരവധി ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍  ട്വീറ്റ് ഏര്‍പ്പെട്ടു വരുന്നു. ഈ പ്രക്രിയയിലെ ഏറ്റവും വലിയ തടസ്സം ഗുണഭോക്താക്കളായ വനിതകളുടെ നിരക്ഷരതയാണ്. രാജ്യത്തെ സ്ത്രീകളുടെ നിലവിലെ സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പ്രധാന കാരണങ്ങളിലൊന്ന് നിരക്ഷരതയാണ്. സമൂഹത്തില്‍ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുകയും പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്യുന്നത് വളരെ ആശങ്കാജനകമാണ്. വിവിധ മേഖലകളിലെ സ്ത്രീകളുടെ പ്രാതിനിധ്യം വിശകലനം ചെയ്താല്‍, രാജ്യത്തെ സ്ത്രീകളുടെ നില മെച്ചപ്പെടുത്തുന്നതിന് സാക്ഷരതാ പ്രശ്‌നം അടിയന്തരമായി അഭിസംബോധന ചെയ്യേണ്ടതുണ്ട് എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ കാമ്പയിന്‍ സംഘടിപ്പിക്കപ്പെടുന്നത്. 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കുന്ന സമയത്ത്, സ്ത്രീ സാക്ഷരതയില്‍ ലോക രാജ്യങ്ങളുടെ ഇടയില്‍ നമ്മുടെ രാജ്യം 123-ാം സ്ഥാനത്താണെന്നത് ലജ്ജാകരമാണെന്നും ട്വീറ്റ് ഭാരവാഹികള്‍ പറഞ്ഞു.
ധാരാളം മാനവ വിഭവശേഷിയും ധനശേഷിയും ആവശ്യമുള്ള  പദ്ധതിയാണ് ട്വീറ്റ്  ഏറ്റെടുത്തിട്ടുള്ളത്. ഇതിനകം തന്നെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ വിഷന്‍ 2026 പദ്ധതികളുടെ ഭാഗമായി നടപ്പാക്കപ്പെടുന്ന ഈ സ്ത്രീ ശാക്തീകരണ പ്രക്രിയയില്‍ വിജയം കണ്ടെത്താന്‍ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് അതിന്റെ ഭാരവാഹികള്‍.
'സാമ്പത്തികമായോ ശാരീരികമായോ ഒരു നല്ല ലക്ഷ്യത്തിനായി ത്യാഗം ചെയ്യാന്‍ തയാറുള്ള നിരവധി ആളുകള്‍ രാജ്യത്തുണ്ടെന്ന് വിഷന്‍ പ്രോജക്ടുകള്‍ ആരംഭിച്ചതു മുതല്‍ നമ്മുടെ അനുഭവം തെളിയിക്കുന്നു. നമ്മുടെ പ്രതീക്ഷ വിദ്യാസമ്പന്നരായ പെണ്‍കുട്ടികളിലാണ്. അവരെ ശരിയായി പ്രചോദിപ്പിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്താല്‍, സഹജീവികള്‍ക്ക് ഗുണപരവും തങ്ങള്‍ക്ക് പ്രതിഫലദായകവുമായ ഈ യജ്ഞത്തെ  ഏറ്റെടുക്കാന്‍ അവര്‍ തയാറാവും. ഒരുപാട് മനുഷ്യസ്‌നേഹികളുടെ എല്ലാ അര്‍ഥത്തിലുമുള്ള പിന്തുണയിലൂടെ തന്നെയാണ് ഇതുവരെയും നാം പ്രവര്‍ത്തിച്ചിട്ടുള്ളത്. കൂടാതെ സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ഇതര എന്‍.ജി.ഒകളില്‍ നിന്നും പരമാവധി പിന്തുണയും സഹായവും ലഭ്യമാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്' - റഹ്മത്തുന്നിസ പറഞ്ഞു. ചെയര്‍പേഴ്‌സണ്‍ റഹ്മത്തുന്നിസക്ക് പുറമെ ജനറല്‍ സെക്രട്ടറി ശാഇസ്ത റഫ്അ്ത്ത്, ട്രഷറര്‍ ശര്‍നാസ് മുത്തു, കോ-ഓര്‍ഡിനേറ്റര്‍ നീല്‍ ഫര്‍ഹ എന്നിവരാണ് ഈ കാമ്പയിന് നേതൃത്വം നല്‍കുന്നത്.
കാമ്പയിനിന്റെ ഔദ്യോഗിക ഉദ്ഘാടനം ആഗസ്റ്റ് ഏഴിന് ദല്‍ഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിലാണ് നടന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടാം: 9999677140  
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-12-13
ടി.കെ ഉബൈദ്‌

ഹദീസ്‌

ദീര്‍ഘായുസ്സിലെ ലാഭനഷ്ടങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌