എന്തുകൊണ്ട് മുസ്‌ലിംകള്‍ ആത്മഹത്യ ചെയ്യുന്നില്ല?
വഴിയും വെളിച്ചവും /
എടത്തനാട്ടുകര, ചുണ്ടോട്ടു കുന്നില്‍ താമസിച്ചിരുന്ന കാലത്തെ, 1995 മുതലുള്ള ഏതാനും വര്‍ഷത്തെ ഡയറിക്കുറിപ്പ് വായിച്ചപ്പോള്‍ അതില്‍ 17-2-1995-ല്‍ എഴുതിയ കുറിപ്പ് ഇങ്ങനെയാണ്: '... സിദ്ധി എന്ന ചെറുപ്പക്കാരന്‍ മിനിയാന്ന് അന്തരിച്ചു. ജീപ്പ് തട്ടിയതാണ്. അന്നേ ദിവസം തന്നെ ചെല്ലപ്പന്‍ ചെട്ടിയാര്‍ തൂങ്ങി മരിച്ചു...'
നിരീശ്വരവാദത്തില്‍ നിന്ന് മാറിച്ചിന്തിക്കാന്‍ നിമിത്തമായ അയ്യപ്പേട്ടന്റെ ആത്മഹത്യയെപ്പറ്റി ഡയറിയിലുണ്ട്. വേറെയും ധാരാളം ആത്മഹത്യകളെപ്പറ്റി ഡയറിയില്‍ കുറിച്ചിട്ടുണ്ട്. എല്ലാവരുടെയും പേരുകള്‍ പറയുന്നില്ല.
ഹിന്ദുക്കളും മുസ്ലിംകളും ഇടകലര്‍ന്ന് ജീവിക്കുന്ന നാടാണത്. ഈ പട്ടികയില്‍ പക്ഷേ മുസ്‌ലിംകള്‍ ആരും ഇല്ല എന്നതാണ് അത്ഭുതപ്പെടുത്തിയ കാര്യം. അന്വേഷിച്ചപ്പോള്‍ മനസ്സിലായത് ഓരോ നാട്ടിലും ഇതു തന്നെയാണവസ്ഥ എന്നാണ്. കേരളത്തില്‍ ആത്മഹത്യാ നിരക്ക് കുറവുള്ളത് മുസ്‌ലിംകള്‍ കൂടുതലുള്ള മലപ്പുറം ജില്ലയിലാണെന്ന കണക്കും, ലോകതലത്തില്‍ തന്നെ ആത്മഹത്യാ നിരക്ക് കുറവ് മുസ്‌ലിം നാടുകളിലാണ് എന്ന കണക്കും കൗതുകപ്പെടുത്തി.
എന്തുകൊണ്ട് മുസ്ലിംകളില്‍ ആത്മഹത്യാ നിരക്ക് കുറയുന്നു എന്നതൊരു ചിന്താവിഷയമായി.
ഇതൊരു 'ജനിതക ഗുണ'മാണെന്ന് പറയാന്‍ കഴിയില്ല. പിന്നെ എന്തിന്റെ സ്വാധീനമായിരിക്കും അത്?
ഇസ്ലാം ആത്മഹത്യ നിരോധിച്ചിരിക്കുന്നു എന്ന ഉത്തരമാണ് തുടക്കത്തില്‍ കിട്ടിയത്. എന്നാല്‍, ഇസ്‌ലാമിന്റെ അന്തസ്സത്ത കൂടുതല്‍ മനസ്സിലായപ്പോഴാണ് ഇസ്ലാം ആത്മഹത്യ നിരോധിച്ചിരിക്കുന്നു എന്നതിനപ്പുറം, ഇസ്‌ലാം പഠിപ്പിക്കുന്ന ജീവിതവീക്ഷണത്തിന്റെയും ജീവിതരീതിയുടെയും സ്വാധീനം ഇതില്‍ കണ്ടെത്താന്‍ കഴിഞ്ഞത്.
ഒരു സമൂഹത്തില്‍ വ്യക്തികള്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങളുടെയും പ്രയാസങ്ങളുടെയും അന്തിമ റിസള്‍ട്ട് കൂടിയാണല്ലോ യഥാര്‍ഥത്തില്‍ ആത്മഹത്യ. 'ഇനി ജീവിച്ചിട്ടു കാര്യമില്ല' എന്ന് ഒരാളുടെ മനസ്സാക്ഷി പറയുമാറ് പ്രശ്‌നങ്ങള്‍ വരുമ്പോഴാണ് ആത്മഹത്യ നടത്തുക. അതിലേക്ക് ഒരാളെ നയിക്കുന്ന പല ഘടകങ്ങള്‍ കാണാം. ഇസ്ലാം പൊതുവില്‍ തിന്മയായി പഠിപ്പിക്കുന്ന മിക്ക കാര്യങ്ങളും ഏറിയും കുറഞ്ഞും അതില്‍ വരും. ആത്മഹത്യയുടെ കാരണങ്ങള്‍ നിരീക്ഷിച്ചപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞ കാര്യമാണിത്. അതില്‍ നിന്നെല്ലാം, ഇസ്‌ലാം എങ്ങനെയാണ് മനുഷ്യനെ സംരക്ഷിക്കുന്നത് എന്നത് അത്ഭുതത്തോടെയാണ് നിരീക്ഷിച്ചത്.
അതിലൊന്ന് മദ്യപാനമാണ്. ഈ കാര്യത്തില്‍ ചുറ്റുമുള്ള വീടുകള്‍ നിരീക്ഷിച്ചപ്പോള്‍ മുസ്‌ലിം കുടുംബങ്ങളില്‍ അത് കുറവായിട്ടാണ് അനുഭവം. ഇസ്‌ലാമിന്റെ സ്വാധീനമുള്ള ഇടങ്ങളില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം പൊതുവില്‍ കുറവാണെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
ഇത് പറയുമ്പോള്‍ ഉദ്ദേശ്യം ഒരു സമുദായത്തെ ന്യായീകരിക്കലല്ല; ദൈവിക ദര്‍ശനത്തിന്റെ സ്വാധീനം മനുഷ്യനില്‍ ഉണ്ടാക്കുന്ന ചില നന്മകള്‍ പറയലാണ്. മുസ്‌ലിം സമുദായത്തില്‍ ജനിച്ചുപോയതിനാല്‍ ഒരാള്‍ മദ്യപിക്കാതിരിക്കണമെന്നില്ല. നാട്ടിലുണ്ടായിരുന്ന ഒരു കള്ളുഷാപ്പിനെതിരില്‍ സമരം നടത്തിയപ്പോള്‍, പ്രവാചകന്മാരുടെയും ഖലീഫമാരുടെയും പേരുള്ള ചിലര്‍ കള്ളുഷാപ്പിനു വേണ്ടി വാദിച്ച അനുഭവമുണ്ട്. എന്നിരുന്നാലും മുസ്‌ലിം കുടുംബങ്ങളില്‍ മദ്യപന്മാര്‍ താരതമ്യേന കുറവാണ്. എത്രകണ്ട് ഇസ്‌ലാമിന്റെ സ്വാധീനമുണ്ടോ ഒരു വ്യക്തിയില്‍, ഒരു കുടുംബത്തില്‍ അല്ലെങ്കില്‍ ഒരു നാട്ടില്‍ അതിനനുസരിച്ച് അവിടെ അതിന്റെ അളവ് കുറയും എന്നതാണനുഭവം.
ശ്രദ്ധേയമായിത്തോന്നിയ മറ്റൊരു കാര്യമുണ്ട്: മുസ്‌ലിംകളില്‍ ആരെങ്കിലും മദ്യപിക്കുന്നുണ്ടെങ്കില്‍തന്നെ അത് അയാളുടെ കുടുംബത്തിന്റെയോ മുസ്‌ലിം സമൂഹത്തിന്റെയോ അംഗീകാരത്തോടു കൂടിയാവുകയില്ല. അതിനു കാരണം ഇസ്‌ലാമാണ്. മാത്രമല്ല, നാട്ടിലുള്ള പലചരക്ക് കടകള്‍ മുതല്‍ മിക്ക കച്ചവട സ്ഥാപനങ്ങളും നടത്തുന്നത് മുസ്ലിംകളാണ്. എന്നാല്‍, മുസ്‌ലിം ഉടമസ്ഥതയിലുള്ള കള്ളുഷാപ്പുകളോ മറ്റ് മദ്യവില്‍പന സ്ഥാപനങ്ങളോ ശ്രദ്ധയില്‍ പെട്ടിട്ടേയില്ല. ഇസ്‌ലാമിന്റെ ഈ 'കാവല്‍' ഒരത്ഭുതമായി തോന്നിയിട്ടുണ്ട്. ആയിരത്തി നാനൂറിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് മക്കയില്‍ ജനിച്ച മുഹമ്മദ് നബിയുടെ സ്വാധീനം ഇന്നത്തെ എടത്തനാട്ടുകരയിലും ഒരു 'കാവല്‍ക്കാരനാ'യി നില്‍ക്കുന്നു എന്നതാണ് അത്ഭുതത്തിന്റെ കാരണം.
മദ്യപാനം ആത്മഹത്യയിലേക്ക് നയിക്കുന്ന മുഖ്യമായൊരു ഘടകമാണ് എന്ന് പറയേണ്ടതില്ലല്ലോ. ഡയറിയില്‍ കുറിച്ചിട്ട ആത്മഹത്യ ചെയ്തവരുടെ ലിസ്റ്റിലുള്ള അധികപേരും മദ്യപാനികളായിരുന്നു.
മാത്രമല്ല, മദ്യം കാരണം ഒരു വ്യക്തി സ്വയം നാശം വരുത്തിവക്കുക മാത്രമല്ല, കുറേ നാശങ്ങള്‍ വിതക്കുകയും ചെയ്യുന്നു. മദ്യം വിതക്കുന്ന ദുരിതത്തിന്റെ ഇരകളാണല്ലോ സ്ത്രീകളും കുട്ടികളും. നടുറോട്ടിലെ ആക്‌സിഡന്റുകളില്‍ മുതല്‍ വീടകത്തെ കലഹങ്ങളില്‍ വരെ മദ്യത്തിന്റെ സ്വാധീനം കാണാം. ഇങ്ങനെ വായിച്ചപ്പോഴാണ് ഇസ്‌ലാമിന്റെ കാരുണ്യത്തെ ശരിക്കും മനസ്സിലാക്കാനായത്.
പലിശ
മനുഷ്യനെ ചൂഷണം ചെയ്യുന്ന പലിശയില്‍ നിന്നും ചൂതാട്ടം, ലോട്ടറി പോലെയുള്ളവയില്‍ നിന്നും ഇസ്ലാമിനെ സ്‌നേഹിക്കുന്ന മുസ്ലിംകള്‍ വിട്ടുനില്‍ക്കുന്നതായി കണ്ടിട്ടുണ്ട്. നിര്‍ബന്ധിതാവസ്ഥയില്‍ ആരെങ്കിലും 'പലിശക്കെണി'യില്‍ കുടുങ്ങിയാല്‍, അവരെ രക്ഷപ്പെടുത്താനുള്ള ശ്രമവും ഉണ്ടാവാറുണ്ട്. ഇസ്‌ലാമിക ബോധമുള്ള സമ്പന്നരായ പല മുസ്ലിംകളും അവരുടെ ബാങ്ക് ഡെപ്പോസിറ്റ് വഴി ലഭിക്കുന്ന പലിശ ഇത്തരം കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കാറുള്ളത്. ഇതറിഞ്ഞപ്പോള്‍ വല്ലാത്ത വിസ്മയമാണ് തോന്നിയത്.
നാട്ടിലുള്ള ഏറ്റവും അടുത്ത ഒരു സുഹൃത്തിന്റെ പിതാവ് ഒരു ഘട്ടത്തില്‍ 'പലിശക്കെണി'യില്‍ കുടുങ്ങിയിരുന്നു. 'വട്ടിപ്പലിശ' എന്നാണതിന് നാട്ടില്‍ പറയുക. വീട് നഷ്ടപ്പെടുമോ എന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങി. ആ 'കെണി'യില്‍ നിന്ന് ആ കുടുംബത്തെ രക്ഷപ്പെടുത്താന്‍ മുന്‍കൈയെടുത്തത് അസീസ് സാഹിബായിരുന്നു.
'പലിശക്കെണി'യില്‍ കുടുങ്ങി എത്രയെത്ര മനുഷ്യരാണ് ആത്മഹത്യ ചെയ്യുന്നത്. ഇസ്‌ലാമില്‍ പലിശ നിഷിദ്ധമായതിനാല്‍ വിശ്വാസികളായ മുസ്ലിംകള്‍ പൊതുവില്‍ പലിശക്കെണിയില്‍ പെടാറില്ല എന്നതും ശ്രദ്ധേയമായി തോന്നി. മുസ്‌ലിം സമുദായത്തില്‍ പലിശ ഇടപാട് നടത്തുന്നവര്‍ ഇല്ല എന്നല്ല. ഇസ്‌ലാമിനോടുള്ള അടുപ്പമനുസരിച്ച് അത് കുറയും. നിര്‍ബന്ധിതാവസ്ഥയില്‍ ബാങ്കില്‍ നിന്ന് ലോണെടുക്കുകയാണെങ്കില്‍ പോലും ഒരു പശ്ചാത്താപ മനസ്സ് അത്തരക്കാരില്‍ കണ്ടിട്ടുണ്ട്. മാത്രമല്ല, പലിശയുമായി ബന്ധമുള്ള കടങ്ങള്‍ പെട്ടെന്ന് വീട്ടാനും ശ്രമിക്കാറുണ്ട്.
ലോട്ടറിയും ചൂതാട്ടവും
എടത്തനാട്ടുകരയിലെ കൊടിയംകുന്നത്തുള്ള ലോട്ടറി കച്ചവടക്കാരനായ ഒരു മുസ്‌ലിം ചെറുപ്പക്കാരനെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള അസീസ് സാഹിബിന്റെ ശ്രമം ഇപ്പോഴും ഓര്‍ക്കുന്നു. ലോട്ടറി ഒരു തെറ്റാണെന്ന് അന്ന് തോന്നിയിരുന്നില്ല.
വര്‍ഷങ്ങളോളം ലോട്ടറി ടിക്കറ്റെടുത്ത് മുടിഞ്ഞ ഒരു സഹോദരന്‍ തന്റെ അനുഭവം പങ്കുവച്ചത് എന്തെന്നില്ലാത്ത സങ്കടത്തോടു കൂടിയാണ്. വര്‍ഷങ്ങളോളം വാടക വീട്ടിലായിരുന്നു താമസം. ലോട്ടറി എടുക്കല്‍ ഒരു ഹരമായി മാറി. അങ്ങനെ ഇരുപത് ലക്ഷത്തോളം രൂപക്കാണത്രെ ലോട്ടറി ടിക്കറ്റെടുത്തത്!
മിക്കവാറും ടിക്കറ്റുകളെല്ലാം ശേഖരിച്ച് വച്ചിട്ടുണ്ട് എന്നാണ് പറഞ്ഞത്. 'ആ കാശെല്ലാം ഒരുക്കൂട്ടി വച്ചിരുന്നെങ്കില്‍' എന്ന് സങ്കടം പറഞ്ഞുകൊണ്ടാണദ്ദേഹം സംസാരം നിര്‍ത്തിയത്. ഇങ്ങനെ ലോട്ടറിയെന്ന ചൂതാട്ടത്തില്‍ പെട്ട് ഈ അവസ്ഥയിലായ എത്രയെത്ര മനുഷ്യര്‍!
ഇതുപോലെ ചീട്ടുകളി, ചൂതാട്ടം തുടങ്ങി പലതും മനുഷ്യനെ ആത്മഹത്യയിലേക്ക് നയിക്കാറുണ്ട്.
കാലം പുരോഗമിച്ചു. ചൂതാട്ടത്തിന്റെ രീതിയിലും 'പുരോഗതി' വന്നിട്ടുണ്ട്. ഓണ്‍ലൈന്‍ ചൂതാട്ടം കുട്ടികളില്‍ വരെ വ്യാപകമാണിന്ന്. ഇത്തരം ചൂതാട്ടങ്ങളില്‍ അകപ്പെട്ട് ചിലര്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. കുട്ടികള്‍ വരെ ആത്മഹത്യ ചെയ്യുന്ന വാര്‍ത്തകളാണിപ്പോള്‍ വായിക്കേണ്ടി വരുന്നത്.
ഇവിടെയെല്ലാം ഇസ്‌ലാമിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ 'ദീപം കാക്കുന്ന കൈക്കുമ്പിള്‍' പോലെയാണ് അനുഭവപ്പെടുന്നത്.
Comments