Prabodhanm Weekly

Pages

Search

2022 സെപ്റ്റംബര് 09

3267

1444 സഫര് 13

നവ ലിബറലുകളുടെ  കാമ്പസ് പരീക്ഷണങ്ങള്‍

ഫിദാ ലുലു    [email protected] 

'ഓണത്തിന് വാ.... ആണും പെണ്ണും ഒപ്പരം തന്നെ ഇരിക്കും.' കാമ്പസിലെ ഇടതുപക്ഷ  വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ഇത്തവണത്തെ ഓണാഘോഷ പോസ്റ്ററാണിത്. തിരുവനന്തപുരത്തെ 'സദാചാര ബസ് ഷെല്‍ട്ടര്‍' വിവാദത്തോടുള്ള സ്വാഭാവിക പ്രതികരണം എന്നതിനപ്പുറം, കേരളത്തില്‍ നില നിന്നു വരുന്ന സദാചാര ബോധ്യങ്ങളെ ഞങ്ങള്‍ വെല്ലുവിളിക്കുക തന്നെ ചെയ്യുമെന്ന ധാര്‍ഷ്ട്യം കൂടിയാണിത്. 
സദാചാരമെന്ന് കേള്‍ക്കുന്നത് തന്നെ ഇക്കൂട്ടര്‍ക്ക് കലിപ്പാണ്. പ്രാകൃത നൂറ്റാണ്ടിലെങ്ങോ ഉത്ഭവിച്ച അറുബോറന്‍ ആശയമാണതെന്നാണ് കാമ്പയിനുകള്‍ നടത്തി വിദ്യാര്‍ഥികളോട് അവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. ശരി തെറ്റുകളെ വേര്‍തിരിച്ച്, ശരിയെ അനുഗമിക്കാനുള്ള മനുഷ്യന്റെ അടിസ്ഥാന ബോധത്തെ ഇല്ലായ്മ ചെയ്ത്, ദൈവ സങ്കല്‍പ്പവും മതവും തെറ്റാണെന്ന് സ്ഥാപിച്ച്, ശരീരകാമനകളെ മാത്രമാണ്  അനുധാവനം ചെയ്യേണ്ടതെന്ന് നവ സ്വാതന്ത്ര്യ സിദ്ധാന്തങ്ങളനുസരിച്ച് പഠിപ്പിച്ചുവിടുമ്പോള്‍, ഇക്കൂട്ടരുടെ ധിഷണാ ശക്തിയിലും ജീവിത കാഴ്ചപ്പാടുകളിലുമുള്ള പോഴത്തങ്ങളോര്‍ത്ത് നെടുവീര്‍പ്പിട്ടാല്‍ മാത്രം മതിയാവില്ല, അവരിലൂടെ വളര്‍ന്നുവരുന്ന പുതുലോക ക്രമത്തിന്റെ അരക്ഷിതാവസ്ഥയെക്കുറിച്ചും ആകുലപ്പെട്ടേ മതിയാവൂ.
ജെന്‍ഡര്‍ തിയറികള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്താനും ന്യൂട്രല്‍ യൂനിഫോം നടപ്പാക്കാനും സര്‍ക്കാര്‍ തലത്തില്‍ ശ്രമങ്ങള്‍ നടക്കുമ്പോള്‍, അതിനെ നിഷ്പ്രയാസം ഉള്‍ക്കൊള്ളുന്ന പൊതുബോധം ഇന്നോ ഇന്നലെയോ രൂപംകൊണ്ടതല്ല. സ്ത്രീ ശാക്തീകരണമെന്ന ലേബലോടെ ഇറങ്ങുന്ന പരസ്യങ്ങള്‍, സിനിമകള്‍, സിംപോസിയങ്ങള്‍, സെമിനാറുകള്‍, വനിതാ സംഘടനാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയിലൂടെ രൂപപ്പെടുത്തിയെടുത്തതാണിത്. കൂടാതെ കുടുംബശ്രീയുടെ കീഴിലുള്ള സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്ക്, അംഗന്‍വാടി പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ (ഇവയിലൂടെ കൈവരിച്ച സ്ത്രീ ശാക്തീകരണത്തിന്റെ ഗുണവശങ്ങള്‍ അംഗീകരിക്കുന്നതോടൊപ്പം) ഇതിന്റെയൊക്കെ പിന്നാമ്പുറങ്ങളില്‍, പാര്‍ട്ടി കാമ്പയിനുകളിലൂടെയും സ്റ്റഡി ക്ലാസുകളിലൂടെയും, ഫ്രീ സെക്‌സും ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുമൊക്കെ മസാല തേച്ച്  ചുട്ടെടുത്ത്, ആണാണോ പെണ്ണാണോ എന്ന സ്വയം തിരിച്ചറിവ് പോലുമില്ലാത്ത ഒരു ഹൈബ്രിഡ് ജനറേഷന്‍ രൂപപ്പെടുത്തപ്പെട്ടതിന്റെ ഫലം കൂടിയാണത്. മുടി 'ബോയ് കട്ട്' ചെയ്ത്, പാന്റ്‌സും 'ടക്ക് ഇന്‍' ചെയ്ത ഷര്‍ട്ടുമിട്ട് വരുന്ന 'ചൂസി ഗേള്‍സും' മുടി നീട്ടി വളര്‍ത്തുന്ന 'കൂള്‍ ബോയ്‌സും' വട്ടം കൂടി നിന്നാല്‍ ഇതില്‍ ആണേത്, പെണ്ണേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ!
പഠന യാത്രയില്‍ കൂടെയുണ്ടായിരുന്ന കോളേജ് മേറ്റ് ഏതിനത്തില്‍ പെട്ടതാണെന്നറിയാതെ ഒരു ദിവസത്തോളം വിഷമിച്ചു എന്ന് പറയുമ്പോഴേ, പെണ്‍കുട്ടികള്‍ എത്ര ഭീകരമായാണ് ആണ്‍ മാനറിസങ്ങള്‍ പിന്‍തുടരുന്നതെന്ന്  മനസ്സിലാവുകയുള്ളൂ. ലിംഗം ഏതെന്ന് ജനനത്തിലൂടെ തീരുമാനിക്കപ്പെടരുതെന്നും മുതിര്‍ന്നുവരുമ്പോള്‍ അഭിരുചികളിലൂടെ സ്വയം നേടിയെടുക്കേണ്ടതാണെന്നുമാണ് ജെന്‍ഡര്‍ തിയറിയുടെ അടിസ്ഥാനം. ആണിന് പെണ്ണാവാനും പെണ്ണിന് ആണാവാനും, ലിംഗഭേദമന്യേ ആരുമായി ലൈംഗിക ബന്ധം സ്ഥാപിക്കാനുമാകുന്നു എന്നതാണിതിന്റെ പ്രത്യേകത. മൂന്നാം ലിംഗക്കാര്‍ക്ക് അവരുടെ സ്വത്വപ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കുമെന്നതൊഴിച്ചാല്‍, രൂക്ഷമായ പ്രത്യാഘാതങ്ങളാണിത് സൃഷ്ടിക്കാന്‍ പോവുന്നത്. ക്വീര്‍, ലെസ്ബിയന്‍, ഗേ, ബൈ സെക്ഷ്വല്‍, ട്രാന്‍സ് ജെന്‍ഡര്‍ തുടങ്ങി ലൈംഗിക താല്‍പര്യങ്ങള്‍ക്കനുസരിച്ച് ജെന്‍ഡര്‍ തീരുമാനിക്കപ്പെടണമെന്നും, ഇത്തരത്തിലുള്ള ആഗ്രഹ പൂര്‍ത്തീകരണത്തിന് സുഖകരമായ വഴി ഒരുങ്ങണമെങ്കില്‍ സമൂഹ മനസ്സാക്ഷി മാറണമെന്നുമുള്ള ലക്ഷ്യത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഗേ ക്ലബ്ബുകളുടെയും റെയിന്‍ബോ കമ്യൂണിറ്റികളുടെയും പ്രവര്‍ത്തനങ്ങളെ അക്ഷരാര്‍ഥത്തില്‍ കാമ്പസുകളില്‍ നടപ്പാക്കുന്നത് സഖാക്കളാണ്. ജൂണ്‍ മാസം 'പ്രൈഡ് മന്ത്' ആയി ആഘോഷിച്ചും, വിദ്യാര്‍ഥികളെ ഒരുമിച്ച് ചേര്‍ത്ത് മഴവില്‍ ചിത്രങ്ങള്‍ മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും വരച്ചും, ചുമരുകളെ വര്‍ണാഭമാക്കിയും, റെയിന്‍ബോ പതാകകളേന്തി കാമ്പസിനകത്തും പുറത്തും ലാ പ്രൈഡ് റാലി നടത്തിയും LGBTQ കമ്യൂണിറ്റിക്ക് ഐക്യദാര്‍ഢ്യമര്‍പ്പിക്കുകയായിരുന്നു അവര്‍.
എന്‍.എസ്.എസിന്റെ കീഴില്‍ 'അനുഛേദം 15' എന്ന പേരില്‍ ദ്വിദിന സഹവാസ കാമ്പുകള്‍ നടത്തി, പാര്‍ശ്വവത്കൃത ലിംഗ സമുദായങ്ങളുടെ കണ്ണീരുണങ്ങാത്ത ചലച്ചിത്രങ്ങളും ചെറു ചിത്രങ്ങളും പ്രദര്‍ശിപ്പിച്ച്, ചര്‍ച്ചകള്‍ സംഘടിപ്പിച്ചും ലെസ്ബിയന്‍ കപ്പിള്‍സുകളൊത്തുള്ള ക്ലാസുകള്‍ നടത്തിയും മഴവില്‍ മാസം കൊണ്ടാടി. നൂറുകണക്കിന് വിദ്യാര്‍ഥികളെ സാക്ഷി നിര്‍ത്തി രണ്ട് പെണ്‍കുട്ടികള്‍ ദീര്‍ഘനേരം അധരചുംബനം നല്‍കി വാരിപ്പുണരുന്നത്  കണ്ടു നിന്നുകൊണ്ട്, ചുംബന സമരങ്ങളിലെ ലിംഗ വൈവിധ്യത്തില്‍ ഉള്‍പുളകം കൊണ്ട് നവോത്ഥാനമെന്ന് ആര്‍ത്തുവിളിക്കാന്‍ ലവലേശം ഉളുപ്പില്ലെന്നതു തന്നെയാണിതിന്റെ ഒരു വശം. മറുവശത്ത് യുവത്വത്തെ ത്രസിപ്പിക്കുന്ന പല കൂട്ടുകളൊരുക്കി, കോളേജ് വൈബ് സൃഷ്ടിച്ച് അണികളെ പിടിവിടാതെ ചേര്‍ത്തു നിര്‍ത്താനുമാകും!
ഹെട്രോ നോര്‍മേറ്റീവില്‍ നിന്ന് (ആണ്‍-പെണ്‍ ലൈംഗികത), മനുഷ്യനെ ക്യൂര്‍ നോര്‍മേറ്റീവിലേക്ക് (LGBTQ + +) മാറ്റിയെടുക്കാനുള്ള തയാറെടുപ്പ്! ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം പദ്ധതി ഉദ്ഘാടനം ചെയ്തതിനു ശേഷം ഉന്നത വിദ്യാഭ്യാസ മന്ത്രി അത് ട്വീറ്റിയതുമാണല്ലോ. പക്ഷേ, ന്യൂ ജനറേഷന് പലര്‍ക്കും ഈ ഒളിച്ചുകടത്ത് മനസ്സിലായിട്ടില്ല. അവരിപ്പോഴും ന്യൂട്രല്‍ യൂനിഫോമിന്റെ കംഫര്‍ട്ടബിലിറ്റിയെക്കുറിച്ചുള്ള ഗീര്‍വാണങ്ങളിലാണ്. മാസ് മീഡിയയില്‍ ഇത്തരം ചര്‍ച്ചകള്‍ പുകഞ്ഞുകൊണ്ടിരിക്കേ ഞാനെന്റെ ഇടത് സഹയാത്രികയായ മുസ്ലിം പെണ്‍ സുഹൃത്തിനോട് ഇതേ കുറിച്ച് സംവദിച്ചപ്പോള്‍,  'എന്ത് ധരിക്കണമെന്നത് വ്യക്തിയുടെ ചോയ്‌സാണ്, അത് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവനവന്റേതു മാത്രമാകണം' എന്നായിരുന്നു പ്രതികരണം. മതമോ മറ്റേതെങ്കിലും ഇന്‍സ്റ്റിറ്റിയൂഷനോ അതില്‍ കൈകടത്തരുതെന്നും വാദിച്ചു. യൂനിഫോമിലെ ഈ ന്യൂട്രാലിറ്റി ആരു പതിച്ചുനല്‍കിയതാണെന്ന് ചോദിച്ചാല്‍ ഉരുണ്ട് മറിഞ്ഞ് അതിനെ ന്യായീകരിക്കും. യുവത്വത്തിലേക്ക് കാലെടുത്തു വെക്കുന്ന കൗമാരത്തിന് തങ്ങളുടെ പുരോഗമനവും ശാക്തീകരണവും തെളിയിക്കാന്‍ പുരുഷ വേഷമണിയാതെ നിവൃത്തിയില്ല എന്ന അവസ്ഥയില്‍ എത്തപ്പെട്ടിരിക്കുന്നു!
ഈ പുരോഗമന പ്രസ്ഥാനക്കാര്‍ ആധിപത്യമുറപ്പിച്ച കാമ്പസുകളിലേക്ക് കടന്നുചെല്ലുമ്പോള്‍ നമ്മെ വരവേല്‍ക്കുക അശ്ലീല പടങ്ങളുള്ള ബോര്‍ഡുകളാണ്. അശ്ലീലം എന്നൊന്നില്ലായെന്ന് പുരോഗമന ഭാഷ. 'തുറിച്ച് നോക്കണ്ട! ഒന്ന് ചിന്തിക്കൂ ... ഞാനും നീയുമെല്ലാം എങ്ങനെയുണ്ടായി?', 'the Planet needs Sexual Liberation...' തുടങ്ങിയ അടിക്കുറിപ്പുകളോടെ നഗ്‌ന സ്ത്രീ ശരീരം വരച്ചു വെച്ച് My body is My choice  എന്നൊക്കെ എഴുതി വെച്ചത് കാണാം. പാതി മാത്രം മറച്ച മാറുകളും വയറ് കാണിക്കുന്ന കുട്ടിക്കുപ്പായങ്ങളും, മുട്ടറ്റം വരെയുള്ള സ്‌കേര്‍ട്ടുകളും ധരിച്ചു വരുന്ന പെണ്‍കുട്ടികളെ, തുണി അഴിപ്പിക്കുന്നതില്‍ ശാക്തീകരണ പ്രസ്ഥാനങ്ങള്‍ വിജയിച്ചിരിക്കുന്നുവെന്നു തന്നെ പറയാം... പര്‍ദ മുതല്‍ സ്ലീവ് ലെസ്സും, ഹാഫ് ട്രൗസര്‍ വരെയുള്ള വസ്ത്രധാരണവും ചൂണ്ടിക്കാണിച്ച് ഈ വസ്ത്രത്തിലും  നിങ്ങള്‍  സുരക്ഷിതരല്ല, മാറേണ്ടത് ചിന്തയാണ് എന്ന് പറഞ്ഞവസാനിക്കുന്ന വീഡിയോ ക്ലിപ്പുകള്‍! തുണിയുടെ അളവ് കുറച്ചാല്‍ മാറുമോ പുരുഷ ചിന്തയും ലൈംഗികാതിക്രമങ്ങളും?! ഫുള്‍ സ്ലീവും തലയിലൊരു തട്ടവുമായി കയറി വരുന്ന പെണ്‍കിടാങ്ങള്‍ വരെ, തട്ടമഴിച്ച്, മുടി കളര്‍ ചെയ്ത്, കുട്ടിക്കുപ്പായത്തിലേക്കും ജീന്‍സിലേക്കുമൊക്കെ ചോയ്‌സനുസരിച്ച് മാറുന്നത് നിര്‍വികാരമായി നോക്കി നില്‍ക്കാനേ സാധിക്കൂ.
ആണിനും പെണ്ണിനും ഒപ്പമിരിക്കാനോ കിടക്കാനോ യാത്ര പോവാനോ യാതൊരു വിധ വിലക്കുകളും സങ്കോചങ്ങളുമില്ല എന്നു മാത്രമല്ല, വിദ്യാര്‍ഥികള്‍ക്കിടയില്‍ വിവാഹത്തിന് മുമ്പുള്ള സെക്‌സിനെ അനുകൂലിച്ച് സംസാരിക്കുന്നവരുടെ എണ്ണം ഭയാനകമാം വിധം വര്‍ധിച്ചിരിക്കുന്നു. ആരെങ്കിലും വിവാഹ പൂര്‍വ ശാരീരിക ബന്ധത്തെ അനുകൂലിക്കുകയും ആണ്‍ സൗഹൃദങ്ങളില്‍ പരിധി നിശ്ചയിക്കുകയും ചെയ്താല്‍ അവരെ 'കുലസ്ത്രീ'കളായി ചാപ്പ കുത്തുന്നു.
കുടുംബ ജീവിതത്തില്‍ പ്രവേശിച്ചാല്‍ നഷ്ടപ്പെടുന്ന സ്വാതന്ത്ര്യത്തെയും തലയിലേക്കു വന്നു ചേരുന്ന 'കമ്മിറ്റ്‌മെന്റു'കളെയും ചൂണ്ടിയാണ് ഇവര്‍ ഭയപ്പെടുത്തുന്നത്. അതിരുകളില്ലാത്ത സ്വാതന്ത്ര്യവും സമാനകളില്ലാത്ത സമത്വവും ഘോഷിച്ച്, അന്ധമായി ഭൗതികതയെയും നാസ്തികതയെയും ആഘോഷിച്ച് മൃഗതുല്യമായ ജീവിതത്തിലേക്ക് കൂപ്പുകുത്തിക്കാനുള്ള പരിശ്രമം, ഫാദര്‍ ലെസ് സൊസൈറ്റിയിലേക്ക് എത്തപ്പെടുമെന്നത് തീര്‍ച്ചയാണ്. സിംഗിള്‍ പാരന്റിംഗിന്റെ സാധ്യതകളെക്കുറിച്ച് വാചാലരാവുന്നവര്‍, സ്ത്രീകള്‍ വീണ്ടും ചൂഷണാവസ്ഥയിലേക്ക് വലിച്ചെറിയപ്പെടും എന്ന പരമ സത്യത്തെ ബോധപൂര്‍വം മറച്ചുവെക്കുന്നു.
രാത്രിയുടെ ശാലീനതയില്‍ അലിഞ്ഞ് ഡിസ്‌ക്കോ മ്യൂസിക്കുകളുടെ അകമ്പടിയോടെ റോക്ക് ഡാന്‍സുകളുമായി  അര്‍ധനഗ്‌ന മേനികളുമായി, ആണും പെണ്ണും ഇടകലര്‍ന്ന്  മതിമറന്നാടാത്തൊരു ആഘോഷ രാവില്ലാത്ത അവസ്ഥയിലേക്ക് കാമ്പസുകള്‍ എത്തപ്പെട്ടിരിക്കുന്നു. ഇത്തവണത്തെ ഓണാഘോഷ പരിപാടികളിലെ പ്രധാന ഇനം റാംപ് വാക്കിങ്ങാണ്. തങ്ങളുടെ ടീമില്‍ നിന്ന് ആളു ചോരാതിരിക്കാന്‍ ഇതേ രീതിയിലുള്ള ആഘോഷ പരിപാടികള്‍ തന്നെയാണ് പ്രതിപക്ഷ പാര്‍ട്ടികളും നടത്തിവരാറുള്ളത്. മുസ്‌ലിം സ്വത്വമുള്ള പാര്‍ട്ടികള്‍ക്ക് പോലും ഇതില്‍ നിന്ന് മോചനം നേടാന്‍ കഴിയാറില്ല. രാത്രിയുടെ മറവില്‍ ആഘോഷപരിപാടികളുടെ പേരില്‍, പ്രണയ പെയ്ത്ത് ശരീരങ്ങളെ ഭേദിക്കാന്‍ തുടങ്ങിയപ്പോള്‍, അതിനെതിരെ ആക്ഷനെടുക്കുകയും, ഡി.ജെ നൈറ്റുകള്‍ നിരോധിച്ച് ഉത്തരവിടുകയും ചെയ്ത നടപടികള്‍ക്കു നേരെ രക്ഷിതാക്കളുടെയും പാര്‍ട്ടി നേതാക്കളുടെയും ഒരുമിച്ചുള്ള ആക്രമണമായിരുന്നു. നൊന്തുപെറ്റവര്‍ക്കില്ലാത്ത ആവലാതി നമുക്കെന്തിന് എന്നതിനാലാവാം ഗുരുനാഥന്മാരും കാണുന്നില്ല, കേള്‍ക്കുന്നില്ല എന്ന മട്ടില്‍ നില്‍പ്പാണ്.
പെണ്‍കുട്ടികള്‍ മാന്യമല്ലാത്ത വസ്ത്രം ധരിക്കുന്നതിനെ, രാത്രി കാലങ്ങളില്‍ കറങ്ങിനടക്കുന്നതിനെ, ദുരൂഹ സാഹചര്യത്തില്‍ കാണപ്പെടുന്നതിനെ വിമര്‍ശിച്ച പി.ടി.എയെ 'സദാചാര പോലീസിംഗ്' എന്ന് പറഞ്ഞ് കൂച്ചുവിലങ്ങിട്ടു. കാമ്പസിനകത്തെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയുക എന്ന ഉദ്ദേശ്യത്തില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച സി.സി.ടി.വി പ്രൊജക്ടിനെ സമരം ചെയ്തും കാമ്പയിന്‍ നടത്തിയും പൊളിച്ചു. ഗേള്‍സ് ഹോസ്റ്റലില്‍ രാത്രി സമയങ്ങളില്‍ ഒരു നിശ്ചിത സമയത്തിന് ശേഷം ഗേറ്റ് അടച്ചിടുന്നതിനെതിരെയും, പ്രവേശന സമയത്തും മറ്റും പേരും സമയവും രേഖപ്പെടുത്തുന്ന രജിസ്റ്റര്‍ സംവിധാനത്തിനെതിരെയും 'ഐതിഹാസിക' സമരമാണിവര്‍ നടത്തിയത്. ബോയ്‌സ് ഹോസ്റ്റലില്‍ ഇല്ലാത്ത  രീതികള്‍ ഞങ്ങള്‍ക്കെന്തിന് എന്നായിരുന്നു പെണ്‍കുട്ടികളുടെ ചോദ്യം! ആണ്‍കുട്ടികളും കൂടി കട്ടക്ക് നിന്ന് അത് വിജയിപ്പിച്ചെടുക്കുകയായിരുന്നു.
നാലോ അഞ്ചോ ആളുകള്‍ താമസിക്കുന്ന നമ്മുടെ വീടുകള്‍ നാം ഭദ്രമായി താഴിട്ടു പൂട്ടിയിട്ടല്ലേ കിടന്നുറങ്ങാറ്? ഇത്രയധികം ആളുകള്‍ താമസിക്കുന്ന ഹോസ്റ്റല്‍ ഗേറ്റ് അടച്ചിട്ടാലെന്താണ് പ്രശ്‌നം എന്ന് ആരെങ്കിലും ചോദിച്ചാല്‍, രാത്രികാലങ്ങളിലെ കുളിരുള്ള കാറ്റേറ്റ് ഒന്ന് നടക്കാന്‍ പോകാന്‍ പോലും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ല തുടങ്ങിയ പ്രായോഗിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തപ്പെടുകയായി!
സാഹോദര്യത്തിന്റെ ബാനറില്‍ പാഞ്ഞുവരുന്ന തട്ടലും മുട്ടലും തോണ്ടലും ഷെയ്ക്ക് ഹാന്റുകളും, എത്ര പ്രതിരോധിച്ചാലും ഒഴിവാക്കാനാവില്ല എന്നതാണ് മുസ്‌ലിം സ്വത്വം കാമ്പസുകളില്‍ നേരിടുന്ന ആദ്യത്തെ ആദര്‍ശ പ്രതിസന്ധി. പിന്നീടങ്ങോട്ട്, കൂട്ടത്തില്‍ ചേരാനും മുഖ്യധാരയിലേക്കെത്താനും ആഗ്രഹമുള്ളവരാണെങ്കില്‍, 'ചേരയെ തിന്നുന്ന നാട്ടിലെത്തിയാല്‍ നടുക്കഷണം തന്നെ തിന്നട്ടെ' എന്ന നിലപാടിലേക്കെത്തേണ്ടി വരും.
അല്ലാത്തവര്‍ വെള്ളത്തില്‍ വീണ വെളിച്ചെണ്ണ പോലെ കൂട്ടത്തിലലിയാതെ കിടക്കും. ഒരു വിരല്‍ ഉയര്‍ത്തിയാല്‍ അതിനെ വെട്ടിമാറ്റി, ആ വിരല്‍ കൊണ്ടടിയേറ്റ് ഞങ്ങളുടെ തല പിളര്‍ന്നേ എന്ന കള്ളക്കണ്ണീരോടെ പോസ്റ്റര്‍ മെഴുകുന്ന ഉഡായിപ്പുകളെ അവരുടെ പാട്ടിനു വിട്ടേക്കാം എന്ന് കരുതുകയേ നിര്‍വാഹമുള്ളൂ ...
തെറ്റാണെന്ന് കാലം തെളിയിച്ച, ജോണ്‍ വില്യം മണിയെപ്പോലുള്ള സെക്‌സോളജിസ്റ്റുകളുടെ ജെന്‍ഡര്‍ പരീക്ഷണങ്ങളാണ് കാമ്പസുകളില്‍ നവ ലിബറലുകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. സ്വന്തം ലിംഗമേതാണെന്ന് തിരിച്ചറിയാനോ അതിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താനോ കഴിയാതെ Gender dysphoria ബാധിച്ച് മയക്കുമരുന്നിലും ആത്മഹത്യയിലും ജീവിതമവസാനിപ്പിക്കേണ്ടി വരുന്ന ഒരു ഭാവി ഒട്ടും ശോഭനമായിരിക്കില്ലെന്ന് ഓര്‍ത്താല്‍ നന്ന്!
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-12-13
ടി.കെ ഉബൈദ്‌

ഹദീസ്‌

ദീര്‍ഘായുസ്സിലെ ലാഭനഷ്ടങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌