Prabodhanm Weekly

Pages

Search

2022 ആഗസ്റ്റ് 19

3264

1444 മുഹര്‍റം 21

ജീവിതം കൊണ്ട്  പ്രസ്ഥാനമായവരെ അടയാളപ്പെടുത്തുന്ന പുസ്തകം

 ബഷീര്‍ തൃപ്പനച്ചി

കേരളത്തില്‍ ഇസ്ലാമിക പ്രസ്ഥാനത്തെ നട്ടുപിടിപ്പിക്കാന്‍ വെയിലും മഴയുമേറ്റ പഴയ തലമുറയില്‍ പലരും  വിടപറഞ്ഞിരിക്കുന്നു. ഇവരില്‍ സംസ്ഥാനതല നേതാക്കന്മാരില്‍ അപൂര്‍വം ചിലരുടെ പ്രാസ്ഥാനിക ചരിത്രം മാത്രമാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. സംസ്ഥാന-ജില്ലാ-പ്രാദേശിക തലങ്ങളില്‍ ത്യാഗനിര്‍ഭരമായ ജീവിതം നയിച്ച, നിരവധി സംരംഭങ്ങളുടെ തുടക്കക്കാരും ശില്‍പ്പികളുമായ പലരുടെയും ചരിത്രം തീരെ എഴുതി വെച്ചിരുന്നില്ല. സാധ്യമാവും വിധം അവ അടയാളപ്പെടുത്തുകയാണ് 'ഇസ്‌ലാമിക പ്രസ്ഥാനം ജീവിത അടയാളങ്ങള്‍' എന്ന പുസ്തകത്തിലൂടെ.
2017-ലാണ് പാലാഴി മുഹമ്മദ് കോയ എഡിറ്ററായ ഈ പുസ്തകത്തിന്റെ ഒന്നാം ഭാഗം പുറത്തിറങ്ങിയത്.  ഹാജി സാഹിബ് ഇസ്‌ലാമിക പ്രസ്ഥാനത്തിന് കേരളത്തില്‍ വിത്ത് പാകുന്ന ആദ്യകാലം മുതല്‍ സജീവമായിരുന്ന പ്രഥമ തലമുറയുടെ ജീവിത ചരിത്രമാണ് മുഖ്യമായും  ഒന്നാം ഭാഗത്തില്‍  അടയാളപ്പെടുത്തിയത്. കേരളത്തില്‍ ഇന്ന് ഇസ്‌ലാമിക പ്രസ്ഥാനം വേരുറച്ച പല പ്രദേശങ്ങളിലും പ്രസ്ഥാനം കടന്നുവന്ന വഴികളും അതിനായി ആദ്യകാല തലമുറ സമര്‍പ്പിച്ച ത്യാഗവും അവര്‍ നേരിട്ട വെല്ലുവിളികളും പ്രയാസങ്ങളും സവിസ്തരം ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഒന്നാം ഭാഗത്തില്‍ വിട്ടുപോയതും ഉള്‍പ്പെടുത്താന്‍ സാധിക്കാത്തതുമായ വ്യക്തികളുടെയും 2017-ന് ശേഷം മരണപ്പെട്ട പ്രാദേശിക - ജില്ലാ - സംസ്ഥാന നേതാക്കളുടെയും പ്രാസ്ഥാനിക ജീവിതമാണ് ഇപ്പോള്‍ പുറത്തിറങ്ങിയ  പുസ്തകത്തിന്റെ  രണ്ടാം ഭാഗത്തിന്റെ ഉള്ളടക്കം. 2022-ല്‍ വരെ മരണപ്പെട്ടവരെ കുറിച്ചുള്ള കുറിപ്പുകള്‍ ഈ പുസ്തകത്തില്‍ വായിക്കാം. പുരുഷന്മാരുടെ മാത്രമല്ല, ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന വനിതകളുടെ ആദ്യകാല പ്രവര്‍ത്തനങ്ങളും  അവരുടെ കര്‍മമണ്ഡലങ്ങള്‍ വികസിച്ചുവന്നതിന്റെ വര്‍ത്തമാനവും പുസ്തകം രേഖപ്പെടുത്തുന്നുണ്ട്.
വ്യക്തികളുടെ ജീവിത വിവരങ്ങള്‍ എന്നതിനപ്പുറം ഓരോ പ്രദേശത്തെയും പ്രാസ്ഥാനിക ചരിത്രം കൂടിയാണ് ഇതിലെ എഴുത്തുകള്‍. നമ്മുടെയെല്ലാം നാട്ടിന്‍പുറങ്ങളില്‍ ഇസ്‌ലാമിക പ്രസ്ഥാനം ആദ്യമായി കടന്നുവന്ന വഴിയും അതിനു മുന്നില്‍നിന്നവരും പല സ്മരണകളിലും കടന്നുവരുന്നുണ്ട്. പല പ്രദേശങ്ങളിലും ഇപ്പോള്‍ തലയുയര്‍ത്തിനില്‍ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും പള്ളികളും മദ്‌റസകളും യാഥാര്‍ഥ്യമായതിന്റെ ചരിത്രവും നാള്‍വഴികളും ഇതില്‍ വായിക്കാം. ആ അര്‍ഥത്തില്‍ ഒട്ടനേകം നാടുകളുടെ പ്രാദേശിക ചരിത്രം കൂടിയാണ് ഈ പുസ്തകം വായനക്ക് വെക്കുന്നത്. 
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ദേശീയ നേതൃത്വത്തിലുണ്ടായിരുന്ന ടി.കെ അബ്ദുല്ല സാഹിബ് മുതല്‍ എസ്.ഐ.ഒവിന്റെ  നേതൃത്വത്തിലുണ്ടായിരിക്കെ വിടപറഞ്ഞ ആസിഫ് റിയാസ് അടക്കം 204 പേരുടെ സംക്ഷിപ്ത ജീവിതചരിത്രമാണ് പുസ്തകം വായനക്ക് വെക്കുന്നത്. ഇനിയും രേഖപ്പെടുത്തപ്പെടേണ്ടിയിരിക്കുന്ന കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സമഗ്ര ചരിത്രത്തിന് ഉപകാരപ്പെടുന്ന  റഫറന്‍സുകളില്‍ ഒന്നായിരിക്കും ഈ പുസ്തകമെന്ന് നിസ്സംശയം പറയാം.
ഇസ്‌ലാമിക പ്രസ്ഥാനം
ജീവിത അടയാളങ്ങള്‍
പ്രസാധനം: കൂര ബുക്‌സ്
പേജ്: 294, വില: 300
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ- 1-4

ഹദീസ്‌

ഇഹലോകത്തെ രക്ഷാ ശിക്ഷകള്‍
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്