Prabodhanm Weekly

Pages

Search

2022 ആഗസ്റ്റ് 19

3264

1444 മുഹര്‍റം 21

മുസ്‌ലിം പസ്മാന്ദകളില്‍ നോട്ടമിട്ട് ബി.ജെ.പി

എ.ആര്‍

2022 ജൂലൈ 2,3 തീയതികളില്‍ ഹൈദരാബാദില്‍ സമ്മേളിച്ച ബി.ജെ.പി നാഷനല്‍ എക്‌സിക്യൂട്ടീവ് സുപ്രധാനമായ തീരുമാനമെടുക്കുകയുണ്ടായി. ആദ്യദിവസം ദേശീയ നിര്‍വാഹക സമിതിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണേന്ത്യയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതിന്റെ അനുപേക്ഷ്യത ഊന്നിപ്പറഞ്ഞതോടൊപ്പം, മതന്യൂനപക്ഷങ്ങളിലേക്ക് കൂടി കടന്നുചെല്ലേണ്ടതിന്റെ ആവശ്യകതയിലേക്ക് സംഘത്തിന്റെ ശ്രദ്ധ ക്ഷണിച്ചു. മുസ്‌ലിംകളുടെ പസ്മാന്ദകളെ (backward) പ്രത്യേകമായി ഉന്നംവെച്ചു അവരെ പാര്‍ട്ടി ധാരയിലേക്ക് കൊണ്ടുവരാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്നതായിരുന്നു മോദി എടുത്തു പറഞ്ഞത്. രണ്ടുദിവസം നടന്ന ചര്‍ച്ചകള്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ കേന്ദ്രീകരിച്ചായിരുന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിന്റെ തുടര്‍ച്ചയെന്നോണം ജൂലൈ 30-ന് ദല്‍ഹിയില്‍ ഓള്‍ ഇന്ത്യ സൂഫി സജ്ജാദനശീന്‍ കൗണ്‍സില്‍ എന്ന സംഘടനയുടെ ബാനറില്‍ ഉത്തരേന്ത്യയിലെ മതപണ്ഡിതന്മാരുടെയും സൂഫികളുടെയും ഒരു സമ്മേളനം വിളിച്ചു ചേര്‍ക്കപ്പെട്ടു. എസ്.ഡി.പി.ഐ നിരോധിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം യോഗം അംഗീകരിച്ചതായ വാര്‍ത്തയാണ് പ്രധാനമായും മാധ്യമങ്ങളില്‍ വന്നത്. അത്തരമൊരു പ്രമേയം സമ്മേളനം പാസ്സാക്കിയിട്ടില്ലെന്ന് അതില്‍ പങ്കെടുത്ത ചിലര്‍ പിന്നീട് വെളിപ്പെടുത്തിയെങ്കിലും മുഖ്യാതിഥി സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അതിന്റെ പേരില്‍ സൂഫി കൗണ്‍സിലിനെ പ്രകീര്‍ത്തിച്ചതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പ്രശസ്തമായ ലക്‌നോ ദാറുല്‍ ഉലൂമിന്റെ മേധാവിയും പരേതനായ അലി മിയാന്റെ സഹോദര പുത്രനുമായ സയ്യിദ് സല്‍മാന്‍ നദ്‌വി യോഗത്തില്‍ സംബന്ധിക്കുകയും പ്രസംഗിക്കുകയും ചെയ്തവരില്‍ ഉള്‍പ്പെടുന്നു. പക്ഷേ, ആര്‍.എസ്.എസിനെയോ വി.എച്ച്.പിയെയോ മറ്റേതെങ്കിലും സംഘടനയെയോ നിരോധിക്കണമെന്ന അഭിപ്രായം തനിക്കില്ലെന്നാണ് സമീപകാലത്തായി മോദി-യോഗി സര്‍ക്കാറുകളുമായി നല്ലബന്ധം പുലര്‍ത്തുന്ന സല്‍മാന്‍ നദ്‌വി പിന്നീട് വ്യക്തമാക്കിയത്. സൂഫി സംഘടനയായി രംഗപ്രവേശം ചെയ്ത സജ്ജാദനശീന്‍ കൗണ്‍സില്‍ ആര്‍.എസ്.എസ് അനുകൂല സംഘടനയാണെന്നാണ് പി.എഫ്.ഐ ചൂണ്ടിക്കാട്ടുന്നത്.
രാജ്യസഭാംഗത്വത്തിന്റെ കാലാവധി കഴിഞ്ഞ ഒടുവിലത്തെ മുഖ്താര്‍ അബ്ബാസ് നഖ്‌വിയും മോദി മന്ത്രിസഭയില്‍നിന്ന് പുറത്ത് പോയതോടെ 100 ശതമാനവും മുസ്‌ലിം മുക്തമാണ് എന്‍.ഡി.എ ക്യാബിനറ്റ്. എന്നു വെച്ചാല്‍ 20 കോടി വരുന്ന ഏറ്റവും വലിയ മതന്യൂനപക്ഷത്തില്‍നിന്ന് മരുന്നിനുപോലും ഒരുത്തനുമില്ലാതെയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ചരിത്രത്തിലാദ്യമായി മുന്നോട്ട് പോവുന്നത്. ഇത് യാദൃഛികമല്ല; ഏറെ ആസൂത്രിതവും സുചിന്തിതവുമായ തന്ത്രങ്ങള്‍ക്കൊടുവില്‍ ഹിന്ദുത്വ ഇന്ത്യയുടെ ചിരകാല സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടതാണ്. എങ്കിലും സെക്യുലര്‍ ഡെമോക്രാറ്റിക് ഇന്ത്യ എന്ന ഇമേജിന് അന്താരാഷ്ട്ര തലത്തില്‍ പരിക്കേല്‍ക്കുന്നത് ചില പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു. വിശിഷ്യാ, സാമ്പത്തിക-വാണിജ്യ ബന്ധങ്ങള്‍ക്ക് ഇന്ത്യ ഇപ്പോഴും ആശ്രയിക്കുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളും, നഗ്നമായ വിവേചനത്തെ പ്രത്യക്ഷത്തില്‍ നിരാകരിക്കുന്ന അമേരിക്ക പോലുള്ള സുഹൃദ് രാഷ്ട്രങ്ങളും ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷം അനുഭവിക്കുന്ന കടുത്ത അവഗണനയെക്കുറിച്ച് ഉറക്കെ സംസാരിച്ചുകളയുന്നു. ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലായി സര്‍ക്കാര്‍ വക്താക്കളും പ്രതിനിധികളും അത്തരം പ്രതികരണങ്ങളെ അപ്പാടെ തള്ളുകയാണ് പതിവെങ്കിലും വിമര്‍ശകര്‍ക്ക് മറുപടി പറയാനെങ്കിലും ചില ഉദാഹരണങ്ങള്‍ നിലനിര്‍ത്തേണ്ടതുണ്ട്. എന്നുവെച്ച് വിശ്വസിക്കാന്‍ കൊള്ളാത്തവരെ പ്രതിഷ്ഠിച്ചു കളിക്കാന്‍ പറ്റില്ല. അതിനാല്‍ നരേന്ദ്രമോദിയോട് നൂറ് ശതമാനം കൂറ് പുലര്‍ത്തുന്ന, സംഘിസര്‍ക്കാറിന്റെ മനുഷ്യാവകാശ ലംഘനങ്ങളെപ്പോലും ന്യായീകരിക്കുന്ന പാവകളെ കണ്ടെത്താനുള്ള ശ്രമമാണ് ഒരുവശത്ത് നടക്കുന്നത്.
പക്ഷേ, ഒരു വെടിക്ക് ഒരു പക്ഷിയെ മാത്രം ലഭിച്ചാല്‍ പോരാ. അതിനാലാണ് മുസ്‌ലിംകളിലും ഹിന്ദുക്കളിലെപോലെ ജാതീയതയുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നവരില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തെ കൂടെക്കൂട്ടാന്‍ കരുക്കള്‍ നീക്കുന്നത്. ഇന്ത്യന്‍ മുസ്‌ലിംകളില്‍ വലിയൊരു ഭാഗം സവര്‍ണരുടെ മേധാവിത്വത്തില്‍നിന്നും കൊടിയ പീഡനങ്ങളില്‍നിന്നും മോചനം തേടി ഇസ്‌ലാമില്‍ വന്നവരാണ്. അവരുടെ സന്താന പരമ്പരകളാണ് വര്‍ത്തമാനകാലത്തെ ഇന്ത്യന്‍ മുസ്‌ലിംകള്‍. സ്വാഭാവികമായും ദളിതുകളും ഹിന്ദു ഒ.ബി.സി വിഭാഗങ്ങളുമാണ്, ജാതീയതയും തജ്ജന്യ വിവേചനവുമില്ലാത്ത ഇസ് ലാമില്‍ അഭയം കണ്ടെത്തിയവരില്‍ ഭൂരിഭാഗവും. സവര്‍ണരുടെ ആട്ടും തുപ്പും സഹിക്കാനാവാതെ തമിഴ്‌നാട്ടിലെ മീനാക്ഷിപുരം ഗ്രാമം ഒന്നടങ്കം ഇസ് ലാം സ്വീകരിച്ചു റഹ്മത്ത് നഗറായ സംഭവം മറക്കാന്‍ നേരമായിട്ടില്ല. പ്രായോഗിക അദ്വൈതത്തെ സംബന്ധിച്ചേടത്തോളം ഏതെങ്കിലും മതം അതോടടുത്ത് നില്‍ക്കുന്നുണ്ടെങ്കില്‍ അത് ഇസ്‌ലാമാണ്; ഇസ്‌ലാം മാത്രമാണ്' എന്ന് സ്വാമി വിവേകാനന്ദന് ചൂണ്ടിക്കാട്ടേണ്ടി വന്നിട്ടുണ്ടെങ്കില്‍, ഇസ്‌ലാമിന്റെ സ്വതസിദ്ധമായ മാനവിക സാഹോദര്യം എത്ര നിഷേധിച്ചാലും സത്യമായവശേഷിക്കുന്നു. പക്ഷേ, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കടുത്ത അവഗണനയും തുടര്‍ന്ന് സംഭവിച്ച രാഷ്ട്ര വിഭജനവും ഇന്ത്യയില്‍ അവശേഷിച്ച മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സ്ഥിതി അത്യന്തം ദയനീയമാക്കി. അവര്‍ വിശ്വാസമര്‍പ്പിച്ച മതേതര സര്‍ക്കാറുകളില്‍നിന്ന് നേരിട്ട കടുത്ത അവഗണന വിദ്യാഭ്യാസ-സാമ്പത്തിക-സാമൂഹിക മേഖലകളിലെ ദുഃസ്ഥിതിക്ക് ആഴം കൂട്ടിയതായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നിയോഗിച്ച ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ യഥാതഥമായി വരഞ്ഞുകാട്ടിയിട്ടുണ്ട്. അതുപ്രകാരം സവര്‍ണരില്‍നിന്ന് മതംമാറിവന്ന അഷ്‌റഫികള്‍, അവര്‍ണരില്‍നിന്ന് ഇസ്‌ലാമിലേക്ക് വന്ന അഫ്‌ലജുകള്‍, ദളിത് വിഭാഗങ്ങളില്‍നിന്ന് പരിവര്‍ത്തനം ചെയ്ത അര്‍ദലുകള്‍ എന്നിവരുടെ വംശപരമ്പരയാണ് നിലവിലെ ഇന്ത്യന്‍ മുസ്‌ലിം സമൂഹം. ഇവരില്‍ ചെറിയൊരു ന്യൂനപക്ഷം മാത്രമായ അഫ്‌റഫികള്‍ വിദ്യാഭ്യാസപരമായും സാമ്പത്തികമായും മെച്ചപ്പെടുന്ന സ്ഥിതിയിലാണ്. ഇടത്തരക്കാരടങ്ങിയ അഫ്‌ലജുകള്‍ സര്‍ക്കാര്‍ ജോലികളില്‍ പ്രാതിനിധ്യം നന്നെ കുറവാണെങ്കിലും സ്വയം തൊഴിലും ബിസിനസ്സും വഴി പിടിച്ചുനില്‍ക്കുന്നവരാണ്. മൂന്നാമത്തെ വിഭാഗമായ അര്‍ദലുകളാകട്ടെ പട്ടികജാതി-പട്ടികവര്‍ഗങ്ങളെക്കാള്‍ മോശമാണ് അവരുടെ സ്ഥിതിയെന്ന് സച്ചാര്‍ റിപ്പോര്‍ട്ട് കണക്കുകള്‍ ഉദ്ധരിച്ച് വെളിപ്പെടുത്തുന്നു. ഈ മൂന്നാമത്തെയും രണ്ടാം ശ്രേണിയിലെ ചില വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയാണ് മോദിയുടെ പസ്മാന്ദകള്‍ അഥവാ ഒ.ബി.സി. അരക്ഷിതബോധം വേട്ടയാടുന്ന ഇവര്‍ വേണം ഹിന്ദുത്വ സര്‍ക്കാറിന്റെ ചൂണ്ടയില്‍ കൊത്താന്‍. അതിനുള്ള തന്ത്രവിദ്യകളാണിപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. അവരെ പിടികൂടാന്‍ കണ്ടെത്തിയ മധ്യവര്‍ത്തികളാണ് സൂഫി സജ്ജാത നശിന്‍ കൂട്ടം. മതത്തില്‍ ഒരടിസ്ഥാനവും ന്യായീകരണവുമില്ലാത്ത ദര്‍ഗകളിലും ശവകുടീരങ്ങളിലും മഠങ്ങളിലുമായി ചിലന്തി വലകള്‍ തീര്‍ത്തു ഇരകളെ കാത്തിരിക്കുന്ന സോകോള്‍ഡ് സൂഫിമാരുടെ കൗണ്‍സില്‍ ഉപയോഗിച്ച് പ്രമേയങ്ങള്‍ പാസ്സാക്കിക്കാനും ഡ്യൂപ്ലിക്കേറ്റ് ബാബരി മസ്ജിദുകള്‍ പണിയാനും ഗോവധം ഹറാമാണെന്ന് ഫത്‌വ പുറപ്പെടുവിക്കാനുമൊക്കെ ഏറെ ബുദ്ധിമുട്ടേണ്ടി വരില്ല എന്നാണ് ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം കണക്ക് കൂട്ടുന്നത്. ഒപ്പം തീവ്രഹിന്ദുത്വാധിപത്യത്തിനെതിരായ മുസ്‌ലിം ഐക്യശ്രമങ്ങളെ അട്ടിമറിക്കുകയും ചെയ്യാം. ഭിന്നിപ്പിച്ചു ഭരിക്കുക എന്നത് എക്കാലത്തെയും ഫാഷിസ്റ്റ് സൂത്രമാണല്ലോ. രണ്ടായി പിളര്‍ന്ന ജംഇയ്യത്തുല്‍ ഉലമാ ഹിന്ദില്‍ ഒരു വിഭാഗം മോദി പക്ഷത്തേക്ക് ചാഞ്ഞിട്ടുണ്ടെങ്കിലും ഇരുവിഭാഗങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന മഹ്മൂദ് മദനിയും അര്‍ശദ് മദനിയും ഒടുവില്‍ പുനരേകീകരണത്തിന്റെ വഴിയിലാണെന്നാണ് വാര്‍ത്ത. ഭരണകൂട ഭീകരതയുടെ ഇരകളായി കാരാഗൃഹങ്ങളില്‍ നാളുകളെണ്ണുന്ന നിരപരാധികളെ നിയമ യുദ്ധത്തിലൂടെ മോചിപ്പിക്കാനാണിപ്പോള്‍ ജംഇയ്യത്തിന്റെ മുഖ്യശ്രദ്ധ. നീതിനിഷേധത്തിനെതിരെയും ഭരണഘടനാ ദത്തമായ അവകാശങ്ങള്‍ക്കു വേണ്ടിയും കിട്ടാവുന്ന എല്ലാവരെയും കൂട്ടുപിടിച്ച് സമാധാനപരമായ പോരാട്ടം തുടരുന്നതോടൊപ്പം അധഃസ്ഥിതരുടെ കൈപിടിച്ചുയര്‍ത്താന്‍ വിഷന്‍ 26-ലൂടെ സാധ്യമായതൊക്കെ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയും ചെയ്യുന്നു. തെരഞ്ഞെടുപ്പുകളില്‍ തീവ്രഹിന്ദുത്വവാദികളെ വീഴ്ത്താന്‍ കെല്‍പുറ്റ മതനിരപേക്ഷ സ്ഥാനാര്‍ഥികളെ പിന്തുണക്കുകയെന്ന രാഷ്ട്രീയ നിലപാടും സംഘടന ചിരകാലമായി സ്വീകരിച്ചുവരികയാണ്. അല്ലാതെ കേരളത്തിലെ മാര്‍ക്‌സിസ്റ്റ്-ലിബറല്‍-യുക്തിവാദി കൂട്ടുകെട്ട് ആരോപിക്കുന്ന ഒരു തരത്തിലുള്ള മതരാഷ്ട്രവാദവും ഇന്ത്യന്‍ ജമാഅത്തിനില്ല.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ- 1-4

ഹദീസ്‌

ഇഹലോകത്തെ രക്ഷാ ശിക്ഷകള്‍
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്