മൈന്‍ഡ് ഹാക്കിംഗ് നിലപാട് സന്തുലിതമാവണം
പ്രബോധന(ലക്കം 3262)ത്തില്‍ മൈന്‍ഡ് ഹാക്കിംഗിനെ കുറിച്ച് മെഹദ് മഖ്ബൂല്‍ എഴുതിയ ലേഖനം ഏറെ പ്രസക്തമായി. ബെഡ്റൂമില്‍ പോലും മൊബൈല്‍ മാറ്റിവെക്കാന്‍ സാധിക്കാതെ, രാവേറെ ചെല്ലുന്നത് വരെ ഭാര്യാ-ഭര്ത്താക്കന്മാരും മക്കളുമെല്ലാം ഓണ്‍ലൈന്‍ ലോകത്ത് വിഹരിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന കുടുംബ കലഹങ്ങളും അന്തഃഛിദ്രങ്ങളും ഇന്ന് നിത്യ വാര്‍ത്തകളായി മാറിയിരിക്കുന്നു. മക്കളുടെ ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ ലക്ഷങ്ങള്‍ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ പരിഭവങ്ങളും ഇന്ന് നിരന്തരം കേട്ടുകൊണ്ടിരിക്കുന്നു. അതേസമയം, സാമൂഹിക സംവിധാനങ്ങള്‍ അപ്പാടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലേക്ക് മാറിയ ഈ കാലത്ത് അതില്‍ നിന്ന് പൂര്‍ണമായി മാറിനില്‍ക്കുക എന്നത് ഒരാള്‍ സൊസൈറ്റിയില്‍ നിന്ന് സ്വയം പുറത്തു പോകുന്നതിന് തുല്യമാണ്. സാമൂഹിക പ്രവര്‍ത്തനങ്ങളുടേയും സംഘടനാ സംവിധാനങ്ങളുടേയും തൊഴില്‍ മേഖലകളുടേയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടേയുമെല്ലാം സുഗമമായ നടത്തിപ്പിന് സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനാല്‍ ഒരു ശരാശരി പൗരനെ സംബന്ധിച്ചേടത്തോളം അതില്‍ നിന്ന് മാറിനില്‍ക്കുക അചിന്ത്യമാണെന്ന് മാത്രമല്ല, നിരന്തരം വന്നുകൊണ്ടിരിക്കുന്ന നോട്ടിഫിക്കേഷനുകള്‍ പോലും ഏറെ പ്രാധാന്യമര്‍ഹിക്കുന്നവ ആയിരിക്കും പലപ്പോഴും.
അതുകൊണ്ടുതന്നെ, സോഷ്യല്‍ മീഡിയ കേവലാസ്വാദനത്തിനുവേണ്ടി മാത്രം ഉപയോഗിക്കുന്നതില്‍ നിയന്ത്രണം വരുത്തി സാധ്യമായത്ര ആരോഗ്യകരമാക്കുക എന്ന, 'നമുക്ക് പോലും ഉറപ്പില്ലാത്ത' ഒരു പരിഹാരമാര്‍ഗം നിര്‍ദേശിച്ച് സായൂജ്യമടയാനേ സാധിക്കൂ. കൂട്ടത്തില്‍ പറയട്ടെ, ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച 'എവിടെയൊക്കെയോ ഉള്ള മനുഷ്യര്‍ക്ക് സംഭവിച്ച ഭവിഷ്യത്തുകളോര്‍ത്ത് അവരില്‍ സങ്കടമിരമ്പുന്നു. ലോകത്തുള്ള സങ്കടങ്ങളെല്ലാം തന്റേതാകുന്നു' എന്ന പ്രയോഗത്തോട് വിയോജിക്കാതെ തരമില്ല. അത്തരം സങ്കടങ്ങളുടെ ഏറ്റെടുക്കലുകളാണ് ഇനി ഒരു തിരിച്ചുവരവില്ല എന്ന നിരാശയില്‍ കഴിഞ്ഞിരുന്ന പലരുടേയും ജീവിതത്തിലേക്ക് വെളിച്ചമായി പെയ്തിറങ്ങുന്നത്. ജനിതകരോഗമായ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്.എം.എ) എന്ന അപൂര്‍വ രോഗം തളര്‍ത്തിയ മാട്ടൂലിലെ പിഞ്ച് കുഞ്ഞ് മുഹമ്മദിനു വേണ്ടി അതേ രോഗത്തിന്റെ പിടിയിലമര്‍ന്ന് ഒട്ടേറെ യാതനകള്‍ക്ക് ശേഷം ഈയിടെ നമ്മെ വിട്ടുപിരിഞ്ഞുപോയ അഫ്രമോള്‍ ലോകത്തിന് മുമ്പാകെ, 18 കോടി എന്ന അസാധ്യമായ ലക്ഷ്യത്തിനുവേണ്ടി കൈ നീട്ടിയപ്പോള്‍, ലോകത്തിന്റെ വേദന തന്റെ വേദനയായി ഏറ്റെടുത്ത പതിനായിരങ്ങളുടെ മനസ്സലിവില്‍ നിന്ന് കുമിഞ്ഞുകൂടിയത് 46.75 കോടി രൂപയായിരുന്നു. മുഹമ്മദിന് പുറമെ സമാന രോഗാവസ്ഥയിലുള്ള മറ്റ് കുഞ്ഞുങ്ങള്‍ക്ക് കൂടി അത് ഉപകാരപ്പെടുന്നതും നാം കണ്ടു. അങ്ങനെ രോഗികള്‍ക്ക് ചികിത്സയായും, വീടില്ലാത്തവര്‍ക്ക് വീടായും, പട്ടിണി കിടക്കുന്നവര്‍ക്ക് അന്നമായും, അനാഥ മക്കള്‍ക്ക് തണലായും ചിറക് വിരിക്കുന്ന സോഷ്യല്‍ മീഡിയാ സംവിധാനങ്ങളെ അതിന്റെ ആരോഗ്യകരമായ ഉപയോഗത്തിലാണ് ഉള്‍പ്പെടുത്തേണ്ടത് എന്ന് തോന്നുന്നു.
അത്
കെട്ടുകഥയാണല്ലോ!
എം.എസ് റഫീഖ് ബാബു, കൊ@ോട്ടി
പ്രബോധനത്തില്‍ (ആഗസ്റ്റ് 05) ഉമ്മുല്‍ മുഅ്മിനീന്‍ ഉമ്മുഹബീബ(റ)യെക്കുറിച്ച മുഹമ്മദ് തമീമിന്റെ 'വ്യക്തി പരിചയം' വായിച്ചു. അതില്‍, അവരുടെ ആദ്യ ഭര്‍ത്താവ് ഉബൈദുല്ലാഹിബ്നു ജഹ്ശ് (റ) ക്രിസ്തുമതം സ്വീകരിച്ചു എന്ന പരാമര്‍ശം പരിശോധിക്കപ്പെടേണ്ടതാണ്.
ഇസ്ലാമിക ലോകത്ത് പ്രചുരപ്രചാരം നേടിയിട്ടുണ്ടെങ്കിലും ഈ നിവേദനങ്ങള്‍ ദുര്‍ബലമാണെന്നും പല കാരണങ്ങളാല്‍ ശരിയാവാന്‍ സാധ്യതയില്ലെന്നും പല പ്രമുഖ പണ്ഡിതരും ഉറപ്പിച്ചു പറയുന്നുണ്ട്. ധീരനും ബുദ്ധിമാനും സത്യസന്ധനുമായ ഇദ്ദേഹം പ്രവാചകന് ഇസ്ലാമിക സന്ദേശവുമായി വരുന്നതിന് മുമ്പ് തന്നെ ഇബ്റാഹീമി സരണിയായ ഹുനഫാഇല് ഉള്പ്പെട്ടവനായിരുന്നു. നഖ്ലയിലെ ഉസ്സാ ക്ഷേത്രത്തില്‍ നടന്നിരുന്ന പ്രസിദ്ധമായ ഉത്സവനാളിലൊരിക്കല്, ജനങ്ങള്‍ക്ക് മുമ്പാകെ ഏകദൈവത്വം പ്രഖ്യാപിച്ച വറഖതുബ്നു നൗഫലും ഇദ്ദേഹവുമുള്പ്പെട്ട നാലംഗ സംഘത്തെ ബലപ്രയോഗത്തിലൂടെയാണ് അന്നത്തെ ഖുറൈശികള്‍ പിരിച്ചുവിട്ടത്. അത്തരമൊരാള്‍ ത്രിത്വത്തിലേക്ക് മാറിയ അന്നത്തെ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്.
കൂടാതെ അബ്ദുല്‍ മുത്ത്വലിബിന്റെ പുത്രിയും വിവിധ കഴിവുകളാല്‍ അനുഗൃഹീതയുമായ ഉമാമയാണ് ഇദ്ദേഹത്തിന്റെ മാതാവ്. പിതാവ് അസദ് ഗോത്രക്കാരനായ ജഹ്ശ്, ഉമവീ കുല നേതാവായ ഹര്‍ബുബ്നു ഉമയ്യയുമായി സഖ്യം ചെയ്തതിനാലും മക്കയില്‍ സ്വന്തമായി ഒരു വീടുണ്ടായതിനാലും പ്രമുഖനായി ഗണിക്കപ്പെട്ട വ്യക്തിയായിരുന്നു. അതുകൊണ്ടുതന്നെ നബി (സ) യുടെ ഈ അടുത്ത ബന്ധു ക്രിസ്തുമതം സ്വീകരിച്ചിരുന്നുവെങ്കില്‍ അത് ഖുറൈശികളാല്‍ ഏറെ 'ആഘോഷിക്കപ്പെടു'മായിരുന്നു. എന്നാല്‍, അത്തരത്തിലുള്ള ഒരു പരാമര്‍ശവും എവിടെയും കാണുന്നില്ല എന്നതും ഈ കഥയുടെ വിശ്വസനീയത ചോര്‍ത്തുന്നതാണ്.
അതിലെല്ലാമുപരി, ഹുദൈബിയാ സന്ധിക്ക് ശേഷം വിവിധ രാഷ്ട്ര നേതാക്കള്‍ക്ക് നബി (സ) സന്ദേശമയച്ച കാര്യം സുവിദിതമാണല്ലോ. ദിഹ്യത്തുല്‍ കല്‍ബി വഴി ഹ്വിംസില് വെച്ച് സന്ദേശം സ്വീകരിച്ച ഹിറാക്ലിയസ്, നേരിട്ട് അന്വേഷിക്കാനായി മക്കക്കാരെ തേടുന്നുണ്ട്. തുടര്‍ന്ന് വ്യാപാരാവശ്യാര്‍ഥം അവിടെയുണ്ടായിരുന്ന അബൂ സുഫ്യാനെ രാജസന്നിധിയില്‍ ഹാജരാക്കുന്നതും രാജാവ് പത്ത് ചോദ്യങ്ങള്‍ ചോദിക്കുന്നതും ഏതാണ്ടെല്ലാ ചരിത്രകാരന്മാരും ഉദ്ധരിക്കുന്നുമുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും സത്യസന്ധമായി ഉത്തരം പറയാന്‍ നിര്‍ബന്ധിതനായ അബൂ സുഫ്യാന്, ഇപ്പോഴൊരു കരാറുണ്ട്, അതിന്റെ കാര്യം കണ്ടറിയണം എന്നൊരു ശങ്ക മാത്രമാണ് ചക്രവര്‍ത്തിക്ക് മുന്നില്‍ പ്രകടിപ്പിക്കാനായത്. ഉബൈദുല്ലയെപ്പോലൊരാള് - അതും സ്വന്തം ജാമാതാവ് - ഇസ്ലാം ഉപേക്ഷിച്ചിരുന്നുവെങ്കില്‍ അക്കാര്യം വളരെയധികം പ്രാധാന്യത്തോടെ അദ്ദേഹം അവതരിപ്പിക്കുമായിരുന്നു. എന്നുമാത്രമല്ല, ഇസ്ലാമിനെക്കാള്‍ 'മെച്ചം' ഉബൈദുല്ല ചേര്‍ന്ന, ചക്രവര്‍ത്തിയുടെ സ്വന്തം മതമായ ക്രിസ്ത്യാനിറ്റിയാണെന്ന് സമര്‍ഥിക്കാനും തന്ത്രജ്ഞനായ അബൂ സുഫ്യാന് തയാറാവുമായിരുന്നു. അംറുബ്നുല്‍ ആസ്വ് നേഗസിന്റെ മുന്നില്‍ ചെയ്തത് അദ്ദേഹത്തിന് മുന്നില്‍ മാതൃകയായിരിക്കെ പ്രത്യേകിച്ചും.
ഇക്കാരണങ്ങളെല്ലാം ഇതൊരു കെട്ടുകഥയാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. അതിനാല്‍, ഉബൈദുല്ല (റ) അബിസീനിയയില്‍ വെച്ച് സ്വാഭാവിക മരണം വരിച്ചു എന്ന് വിശ്വസിക്കുകയാണ് കരണീയം. (കൂടുതല്‍ വിവരങ്ങള്‍ക്ക് വി.കെ ജലീലിന്റെ ഖദീജ ബീവി തിരുനബിയുടെ പ്രഭാവലയത്തില്‍ എന്ന പുസ്തകം വായിക്കാം.)
മികച്ച ആസൂത്രണമാണ്
ഹിജ്റ നല്കുന്ന വലിയ പാഠം
നൗഷാദ് ചേനപ്പാടി
നബി(സ)യുടെ പ്രബോധന ജീവിതത്തിലെ ഓരോ സംഭവത്തിനും പിന്നില്‍ തികഞ്ഞ ആസൂത്രണ വൈഭവം കാണാം. അത് പ്രബോധന പ്രവര്‍ത്തനങ്ങളിലും ജിഹാദിലും യുദ്ധത്തിലും ഹിജ്റയിലുമെല്ലാം കാണാം. ഹിജ്റയാണെങ്കില്, അതിനുള്ള ഒരുക്കത്തിനു മുമ്പേ തുടങ്ങുന്നു ആ പ്ലാനിംഗ്. ഹിജ്റക്കു മുമ്പ് മദീനയില്‍ നിന്നുള്ള രണ്ട് നിവേദക സംഘങ്ങള്‍ നബി(സ)യെ സന്ദര്‍ശിച്ച്, നബി(സ)യെ സ്വീകരിക്കാമെന്നും അവിടുത്തെ സഹായിക്കാമെന്നും സംരക്ഷിക്കാമെന്നും ഉടമ്പടി ചെയ്തിരുന്നു. അത് ഒന്നാം അഖബാ ഉടമ്പടി എന്നും രണ്ടാം അഖബാ ഉടമ്പടി എന്നും ഇസ്ലാമിക ചരിത്രത്തില്‍ അറിയപ്പെടുന്നു (മദീനയുമായി അവിടുത്തേക്കു കുടുംബബന്ധങ്ങളുമുണ്ടായിരുന്നു. ഹിജ്റയുടെ ലക്ഷ്യസ്ഥാനമായി മദീനയെ തെരഞ്ഞെടുക്കാന്‍ അതും ഒരു കാരണമാണ്).
നബി(സ)യെ മക്കക്കാര്‍ അവരുടെ മുതലുകള്‍ സൂക്ഷിക്കാന്‍ ഏല്പിച്ചിരുന്നു. അവര്‍ക്ക് അല്അമീനായിരുന്നുവല്ലോ അവിടുന്ന്. അതെല്ലാം അവര്‍ക്ക് തിരികെ കൊടുക്കാന്‍ അലി(റ)യെ ഏല്പിച്ചിരുന്നു; ഇനി അതുംകൊണ്ടാണവിടുന്ന് സ്ഥലം വിട്ടതെന്ന് അവര്‍ പറയാതിരിക്കാന്‍ വേണ്ടി. അലി(റ)യെ അവിടുത്തെ വിരിപ്പില്‍ കിടത്തിയാണ് ശത്രുക്കളുടെ ഇടയിലൂടെ അല്ലാഹുവിന്റെ സഹായത്താല്‍ രക്ഷപ്പെട്ടത്. അവിടുത്തെ വകവരുത്താന്‍ വന്ന ശത്രുക്കള്‍ ഒളിഞ്ഞു നോക്കുമ്പോഴെല്ലാം വിരിപ്പില്‍ ആളു കിടപ്പുണ്ടായിരുന്നു. അത് നബി(സ) ആണെന്നായിരുന്നു അവരുടെ ധാരണ. രാത്രിയുടെ അന്ത്യയാമത്തില്‍ അവരുടെ അശ്രദ്ധ മുതലെടുത്ത് അല്ലാഹുവിന്റെ സവിശേഷ സഹായത്തോടെ അവിടെ നിന്ന് അബൂബക്റി(റ)ന്റെ വീട്ടിലേക്ക് അവിടുന്ന് പുറപ്പെട്ടു. അവിടെ രണ്ടു യാത്രാ വാഹനങ്ങള്‍ അബൂബക്ര്(റ) ഒരുക്കി നിര്‍ത്തിയിരുന്നു. മറ്റൊന്ന്, അവരുടെ വഴികാട്ടിയായ അബ്ദുല്ലാഹിബ്നു ഉറൈഖിത്വിനും. അറേബ്യയുടെ ഭാഗങ്ങള്‍ നന്നായി അറിയാമായിരുന്ന വിദഗ്ധനായ വഴികാട്ടിയായിരുന്നു ഉറൈഖിത്വ്. അദ്ദേഹം വിശ്വാസി ആയിരുന്നില്ല. മൂന്നു ദിവസം ആ രണ്ടു വാഹന മൃഗങ്ങളെയും തീറ്റ കൊടുത്തു പോറ്റാനും മൂന്നാം ദിവസം സമയത്ത് സൗര്‍ ഗുഹയിലെത്താനുമായിരുന്നു ഉറൈഖിത്വിനുള്ള നിര്‍ദേശം.
എന്നിട്ട് യാത്ര പുറപ്പെട്ടത് മദീനയുടെ ദിശയായിരുന്ന വടക്കോട്ടായിരുന്നില്ല; മറിച്ച് തെക്ക്പടിഞ്ഞാറു ഭാഗത്തേക്കായിരുന്നു. ശത്രുക്കള്‍ക്ക് അവര്‍ ആ ഭാഗത്തേക്ക് പോകുമെന്ന് ചിന്തിക്കുകപോലും വയ്യായിരുന്നു. അവര്‍ അവരെ പിന്തുടര്ന്നു പോവുക മദീനയുടെ ഭാഗത്തേക്കായിരിക്കുമല്ലോ. അങ്ങനെ തെക്കോട്ടു പോയി സൗര്‍ ഗുഹയില്‍ മൂന്നു ദിവസം തങ്ങി; ഖുറൈശികളുടെ ആരവങ്ങളെല്ലാം കെട്ടടങ്ങാന്‍. ഇതിനിടയില്‍ പകല്‍ മുഴുവന്‍ ഖുറൈശികളുടെ ഗൂഢാലോചന എന്തെന്നറിയാന്‍ അബൂബക്റി(റ)ന്റെ മകനായ അബ്ദുല്ലയെ അങ്ങാടിയില്‍ നിയോഗിക്കുകയും ചെയ്തിരുന്നു. അതിന്റെ റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ അദ്ദേഹം രാത്രി സൗര്‍ ഗുഹയിലെത്തുകയും നേരം വെട്ടം വീഴുന്നതിനു മുമ്പുതന്നെ അവിടെനിന്നു മടങ്ങുകയും ചെയ്തിരുന്നു.
പാത്തും പതുങ്ങിയും സിദ്ദീഖിന്റെ മകള്‍ അസ്മാ(റ) ഗുഹയില്‍ ഭക്ഷണമെത്തിച്ചു കൊടുത്തു. അദ്ദേഹത്തിന്റെ തന്നെ അടിമ ആമിറുബ്നു ഫുഹൈറ(റ) പകല്‍ മുഴുവന്‍ പുല്ത്തകിടികളില് ആടുകളെ മേച്ചുകൊണ്ടിരിക്കുകയും വൈകുന്നേരത്തോടെ അവറ്റകളെ തെളിച്ചു സൗര്‍ ഗുഹയില്‍ എത്തുകയും ആടിനെ കറന്ന് അവര്‍ക്ക് രണ്ടുപേര്‍ക്കും പാല് കൊടുക്കുകയും ചെയ്തു. ഗുഹയില്‍ വന്നുപോയിരുന്ന അസ്മായുടെയും അബ്ദുല്ലായുടെയും മണലില്‍ പതിഞ്ഞ കാല്പാടുകളെ ഈ ആട്ടിന്‍ പറ്റം മായ്ച്ചു കളയുകയും ചെയ്യും. ഗുഹാമുഖത്ത് ശത്രുക്കള്‍ വന്നെങ്കിലും ഇരുവരെയും കണ്ടുപിടിക്കാനും അവര്‍ക്ക് കഴിഞ്ഞില്ല. മൂന്നാംപക്കം ഗുഹയില്‍നിന്ന് അവിടുന്നു പുറപ്പെട്ടതും മദീനയുടെ ചിരപരിചിതമായ വഴിയിലൂടെയായിരുന്നില്ല. മറിച്ച്, ചെങ്കടല്‍ തീരത്തോടടുത്ത ദുര്‍ഘടമായ മറ്റൊരു വഴിയിലൂടെയായിരുന്നു. വഴി കാണിക്കാന്‍ മരുഭൂമിയിലെ വഴികളെപ്പറ്റി നല്ല അറിവും പരിചയവുമുള്ള മുന്‍പറഞ്ഞ ഉറൈഖിത്വും. അവര്‍ സഞ്ചരിച്ചിരുന്ന വഴിയില്‍വെച്ചാണ് ഖുറൈശികളുടെ സമ്മാനം മോഹിച്ച് അവരെ പിടിച്ചുകൊടുക്കാന്‍ വന്ന സുറാഖത്ത് ബ്നു മാലിക്കിനെ കണ്ടുമുട്ടുന്നത്. നബി(സ)യെ പിടിക്കാനുള്ള ആക്രാന്തത്തില്‍ സുറാഖയുടെ കുതിര മൂന്നു തവണ മൂക്കുകുത്തി വീഴുകയുണ്ടായി. അതില്‍നിന്ന് അദ്ദേഹത്തിനു മനസ്സിലായി, നബി(സ)യും കൂട്ടുകാരനും അല്ലാഹുവിന്റെ സംരക്ഷണത്തിലാണെന്ന്!
നബി(സ) യുടെ ഹിജ്റയിലും അതിനുവേണ്ടിയുള്ള മുന്നൊരുക്കത്തിലും തയ്യാറെടുപ്പിലും വഴിനീളെയുള്ള മേല്സംഭവങ്ങളിലും അന്ത്യനാള്‍വരെയുള്ള മുസ്ലിം ഉമ്മത്തിന് അനവധി പാഠങ്ങളുണ്ട്. ഇരുപത്തിമൂന്നു വര്‍ഷംകൊണ്ട്, തീരെ സംസ്കാരം സിദ്ധിച്ചിട്ടില്ലാത്ത ഒരു സമൂഹത്തെ ഒറ്റ ആദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ വളര്‍ത്തിയും സംസ്കരിച്ചും എടുത്തതിലും, ലോക ജനതക്കുതന്നെ അവരെ എല്ലാ കാര്യത്തിലും മാര്ഗദര്ശികളാക്കിയതിലും, ആ മാര്‍ഗദര്‍ശനത്തിന്റെ അടിത്തറയില്‍ സുശക്തമായ ഒരു രാഷ്ട്രം നിര്മിച്ചെടുത്തതിലും അല്ലാഹുവിന്റെ സഹായത്തോടൊപ്പം നബി(സ)യുടെ ഈ ആസൂത്രണവൈഭവവും അതിപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട്. ഈ ഭൂമിയിലും പ്രകൃതിയിലും മനുഷ്യസമൂഹത്തിലും അല്ലാഹു നിശ്ചയിച്ച വിജയപരാജയങ്ങളുടെയും ഉദ്ഗതിയുടെയും അധോഗതിയുടെയും നടപടിക്രമങ്ങളെ (സുന്നത്തുല്ലാഹ് എന്ന് ഖുര്‍ആനിക സംജ്ഞ) പരിഗണിക്കാതെ മുസ്ലിം സമൂഹം മാറിയിരുന്നുകൊണ്ട് എല്ലാം പടച്ചവന് നോക്കിക്കൊള്ളും എന്ന അലസ ചിന്താഗതി ഈ സമൂഹത്തെ ബാധിച്ചതാണ് അവരുടെ അധോഗതിക്ക് പ്രധാന കാരണങ്ങളിലൊന്ന്. മനുഷ്യപ്രകൃതിയില്‍ അല്ലാഹു നിക്ഷേപിച്ച മാനസികവും ബുദ്ധിപരവും ശാരീരികവുമായ എല്ലാ കഴിവുകളെയും ക്രിയാത്മകതയെയും പൂര്‍ണമായും പുറത്തെടുക്കുകയും ഉപയോഗിക്കുകയും ചെയ്തതിനുശേഷമേ അല്ലാഹുവിന്റെ നേരിട്ടുള്ള സഹായത്തിന് അവര്‍ അര്‍ഹരാകുന്നുള്ളൂ എന്ന ഏറെ പ്രധാനവും പ്രാപഞ്ചികവുമായ സന്ദേശവും ഹിജ്റ നമുക്ക് നല്‍കുന്നുണ്ട്.
ചുറ്റും വളഞ്ഞുനിന്ന ശത്രുക്കളുടെയിടയിലൂടെ നബി(സ) പുറത്തുകടന്നതിലും സൗര്‍ ഗുഹയില്‍ ശത്രുക്കളുടെ കണ്ണില്‍നിന്ന് മറച്ചതിലും സുറാഖയുടെ കൈയില്‍നിന്ന് രക്ഷപ്പെടുത്തിയതിലും അല്ലാഹുവിന്റെ നേരിട്ടുള്ള സഹായമാണ് പ്രവര്‍ത്തിച്ചത്. കാരണം, അവിടെ മനുഷ്യസാധ്യമായ കഴിവുകള്‍ അപ്രസക്തമായിപ്പോകുന്ന സന്ദര്‍ഭമായിരുന്നു. ഉമ്മത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍, അവരുടെ ഉദ്ഗതിയില് അല്ലാഹുവിന്റെ ഈ സുന്നത്തിനെ /നടപടിക്രമത്തെ മുറുകെ പിടിച്ചെങ്കില്‍ മാത്രമേ അവരുടെ ലക്ഷ്യപ്രാപ്തി സാധ്യമാവുകയുള്ളൂ.
Comments