Prabodhanm Weekly

Pages

Search

2022 ആഗസ്റ്റ് 19

3264

1444 മുഹര്‍റം 21

പാഠ്യപദ്ധതി പരിഷ്‌കരണം ചില അനുബന്ധ ചിന്തകള്‍

പി.എ.എം അബ്ദുല്‍ ഖാദര്‍, തിരൂര്‍ക്കാട്

പ്രതികരണം / 

പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് സംസ്ഥാന ഗവണ്‍മെന്റ് തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിന് മുമ്പ് 2007-ലാണ് സമഗ്ര പാഠ്യപദ്ധതി പരിഷ്‌കരണം നടന്നത്. ഈ പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ പാഠപുസ്തകങ്ങളാണ് കഴിഞ്ഞ പത്ത് വര്‍ഷമായി കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. കാലാനുസൃതമായി വിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച ചിന്തകളാണ് ഈ വിഷയകമായി വിദ്യാഭ്യാസമന്ത്രി പങ്കുവെച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി അക്കാദമിക് മാസ്റ്റര്‍ പ്ലാനും, വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പരിപാടികളും സര്‍ക്കാരിന്റെ പരിഗണനയിലു്. ഇതിനനുസൃതമായ പാഠ്യപദ്ധതി ചട്ടക്കൂടിന് രൂപം നല്‍കാനും ഉദ്ദേശ്യമു്. ഫോക്കസ് ഗ്രൂപ്പുകള്‍: പ്രീ പ്രൈമറി വിദ്യാഭ്യാസം, സ്‌കൂള്‍ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസം എന്നിങ്ങനെ നാല് മേഖലയിലാണ് പാഠ്യപദ്ധതി ചട്ടക്കൂട് രൂപവത്കരിക്കാന്‍ ലക്ഷ്യമിടുന്നത്. 25 ഫോക്കസ് ഏരിയകളും രൂപവത്കരിക്കും. പരിഷ്‌കരണ നടപടികളിലൂടെ അവസാന ഘട്ടത്തിലായിരിക്കും പാഠപുസ്തകങ്ങളുടെയും ടീച്ചര്‍ ടെക്സ്റ്റുകളുടെയും നിര്‍മാണത്തിലേക്ക് പ്രവേശിക്കുക. ശാസ്ത്രപഠനം, സാമൂഹിക പഠനം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, ഗണിത വിദ്യാഭ്യാസം, ഭാഷാ വിദ്യാഭ്യാസം, ആരോഗ്യ വിദ്യാഭ്യാസം, പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം എന്നിവയാണ് ഫോക്കസ് ഗ്രൂപ്പുകള്‍ പഠിച്ച് രൂപരേഖ തയാറാക്കേണ്ട ഏരിയകള്‍. ഇവ കൂടാതെ പരീക്ഷാ പരിഷ്‌കരണം, വിദ്യാഭ്യാസ ദര്‍ശനം തുടങ്ങിയവയെപ്പറ്റിയും ഫോക്കസ് ഗ്രൂപ്പുകള്‍ രൂപരേഖ തയാറാക്കണം. ഇപ്രകാരം തയാറാക്കുന്ന കരട് ജില്ല, ബ്ലോക്ക്, സ്‌കൂള്‍ തലങ്ങളില്‍ ചര്‍ച്ചക്ക് വിധേയമാക്കും.
പാഠ്യപദ്ധതി പരിഷ്‌കരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമോ അഭിപ്രായ വ്യത്യാസമോ ഉണ്ടാകാനിടയില്ല. അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ലോകക്രമത്തിലെ നവസമൂഹ നിര്‍മിതിക്ക് പാഠ്യപദ്ധതിയില്‍ മാറ്റങ്ങളും പരിഷ്‌കരണങ്ങളും അനുപേക്ഷണീയം തന്നെയാണ്. വൈജ്ഞാനിക-സാംസ്‌കാരിക-രാഷ്ട്രീയ ഉല്‍ബുദ്ധതയുള്ള കേരളത്തില്‍ പരിഷ്‌കരണം കൂട്ടായ ചര്‍ച്ചകളിലും സംവാദങ്ങളിലും കൂടി മാത്രമേ നടപ്പാക്കാനാവൂ.
'പരിവര്‍ത്തനത്തിന്റെ അതിശക്തമായ ഉപകരണമാണ് വിദ്യാഭ്യാസ'മെന്ന കോത്താരി കമീഷന്റെ കാഴ്ചപ്പാട് കരിക്കുലം കമ്മിറ്റിക്കും ഫോക്കസ് ഏരിയാ ഗ്രൂപ്പുകള്‍ക്കുമുണ്ടാകണം. വ്യക്തിത്വ വികസനം മുതല്‍ ഭാവിലോകത്തിന്റെ വഴികാട്ടികളും മാര്‍ഗദര്‍ശികളുമായിത്തീരാനുള്ള വളര്‍ച്ചയും പ്രചോദനവുമാണ് സ്‌കൂളുകളില്‍നിന്ന് കുട്ടികള്‍ക്ക് ലഭിക്കേണ്ടത്. പാഠപുസ്തകത്തിലെ ഉള്ളടക്കം തെരഞ്ഞെടുക്കുമ്പോഴും അധ്യാപകര്‍ക്ക് പരിശീലനം നല്‍കുമ്പോഴും ഈ ചിന്തക്കാണ് മുന്‍തൂക്കമുണ്ടാകേണ്ടത്.
കേരളത്തിലെ വിദ്യാഭ്യാസ ചരിത്രം പരിശോധിക്കുമ്പോള്‍ റാണി ഗൗരി ലക്ഷ്മി ഭായിയുടെ കാലം മുതല്‍ വിദ്യാഭ്യാസത്തില്‍ സ്‌റ്റേറ്റിന്റെ ശ്രദ്ധേയമായ ഇടപെടലുകള്‍ ഉണ്ടായിരുന്നു. അന്ന് തഹസീല്‍ദാര്‍മാര്‍ പതിനഞ്ച് ദിവസത്തിലൊരിക്കല്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കുകയും പഠിപ്പിന്റെ നിലവാരം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇന്ന് അധ്യയന രീതി വിലയിരുത്തുന്ന സ്വഭാവം ഏതാണ്ട് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ എ.ഇ.ഒ മുതല്‍ ഡി.പി.ഐ വരെയുള്ള മേലധികാരികളും മറ്റ് ഉദ്യോഗസ്ഥരുമുണ്ടെങ്കിലും പഠന നിരീക്ഷണവും പരിശോധനയും കൃത്യമായി നടക്കുന്നില്ല. ഉദ്യോഗസ്ഥര്‍ കൃത്യമായി വിദ്യാലയങ്ങള്‍ സന്ദര്‍ശിക്കുകയും അക്കാദമികമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കുകയും ചെയ്താല്‍ മെച്ചപ്പെട്ട പഠനാന്തരീക്ഷം സൃഷ്ടിക്കാന്‍ അത് സഹായകമാകും.
വിദ്യാഭ്യാസ ദര്‍ശനത്തിന് രൂപം നല്‍കാനായി ഫോക്കസ് ഗ്രൂപ്പിന് രൂപം നല്‍കുന്നുവെന്നതും ശ്രദ്ധേയമാണ്. പാഠ്യപദ്ധതിയുടെ ലക്ഷ്യത്തിനും അത് നേടിയെടുക്കാന്‍ അവലംബിക്കേണ്ട മാര്‍ഗങ്ങള്‍ക്കുമാണ് ദര്‍ശനം ഊന്നല്‍ നല്‍കേണ്ടത്. നിരവധി ചിന്താധാരകള്‍ക്കും ആദര്‍ശപ്രസ്ഥാനങ്ങള്‍ക്കും വേരോട്ടമുള്ള മണ്ണാണ് കേരളത്തിന്റേത്. ആഴമേറിയ പഠനവും സംവാദവും ഈ രംഗത്ത് അനുപേക്ഷണീയമാണ്. സന്തുലിതമായ ഒരു സമീപനമാണ് ഈ വിഷയകമായി ഉണ്ടാകേണ്ടത്.
പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം കൂടി ഫോക്കസ് ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നതുകൊണ്ട് ശിശുവിദ്യാഭ്യാസ രീതികളെക്കുറിച്ച ഗഹനമായ പഠനത്തിന് പരിഷ്‌കരണ കമ്മിറ്റി മുന്‍കൈയെടുക്കേണ്ടതാണ്. പല കാരണങ്ങളാല്‍ പ്രീ പ്രൈമറി സ്‌കൂളുകളുടെ എണ്ണം അധികരിച്ച ഒരു നാടായി കേരളം ഇതിനകം തന്നെ മാറിയിട്ടുണ്ട്.
പക്ഷേ, സ്‌കൂള്‍ നടത്തുന്നവര്‍ക്കോ അവിടെ ജോലി ചെയ്യുന്നവരില്‍ ബഹുഭൂരിപക്ഷം വരുന്ന അധ്യാപകര്‍ക്കോ ശിശു മനഃശാസ്ത്രത്തിന്റെ ബാലപാഠങ്ങള്‍ പോലും അറിയില്ല എന്നത് നിര്‍ഭാഗ്യകരമാണ്. കേരളത്തിലെ ഒരു വിദ്യാഭ്യാസ ഏജന്‍സി അവരുടെ നിയന്ത്രണത്തിലുള്ള ഒരു സ്‌കൂള്‍ സന്ദര്‍ശന വേളയില്‍ എല്‍.കെ.ജി ക്ലാസില്‍ പരിശോധനക്കായി കയറിയ സംഭവം ഓര്‍മയില്‍ വരികയാണ്. 'സംഘം ക്ലാസില്‍ കയറിയപ്പോള്‍ കുട്ടികള്‍ എഴുന്നേറ്റ് നിന്നില്ല, അഭിവാദ്യം ചെയ്തില്ല, അച്ചടക്കത്തോടെ ബെഞ്ചില്‍ ഇരുന്നില്ല,....' എന്നിങ്ങനെയായിരുന്നു സംഘാംഗങ്ങളുടെ പരാതി. കളിപ്രകൃതത്തിലുള്ള കുട്ടികളില്‍ മുതിര്‍ന്ന കുട്ടികളില്‍ കാണുന്നതുപോലുള്ള അച്ചടക്കരീതികള്‍ കാണാന്‍ കഴിയാത്തതില്‍ അധ്യാപകരുടെ യോഗത്തില്‍ അവര്‍ അമര്‍ഷവും രേഖപ്പെടുത്തി. യഥാര്‍ഥത്തില്‍ ശിശുവിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിന്റെ വൈകല്യമാണ് ഇവിടെ പ്രകടമായിക്കണ്ടത്. മുതിര്‍ന്നവരിലും രക്ഷിതാക്കളിലും ശിശുവിദ്യാഭ്യാസം എന്താണെന്നും എന്തിനാണെന്നുമുള്ള അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. സ്വതന്ത്രമായ അന്തരീക്ഷത്തില്‍ കണ്ടും കേട്ടും ആസ്വദിച്ചും പഠിക്കാനുള്ള ഘട്ടമാണ് നഴ്‌സറികളിലെ പഠനകാലം. നല്ല സ്വഭാവങ്ങളും ശീലങ്ങളും രൂപം കൊള്ളേണ്ട സമയമാണിത്.
ഇതോടൊപ്പം തന്നെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും നൂതനമായ കാഴ്ചപ്പാട് കൈക്കൊള്ളേണ്ടതുണ്ട്. സമൂഹത്തിന്റെ വളര്‍ച്ചയുടെ അസ്തിവാരമാണ് പ്രാഥമിക വിദ്യാഭ്യാസം. നമ്മുടെ സാംസ്‌കാരികവും സാമ്പത്തികവുമായ സൗധം പടുത്തുയര്‍ത്തേണ്ടത് അതിന്മേലാണ്. കേവലമായ അക്ഷരജ്ഞാനത്തിലും ഗണിതപഠനത്തിലും ഒതുങ്ങിനില്‍ക്കാതെ ഭാവിഭാഗധേയം നിര്‍ണയിക്കാന്‍ കെല്‍പും നൈപുണികളുമുള്ളവരെ വാര്‍ത്തെടുക്കാന്‍ പ്രൈമറി വിദ്യാഭ്യാസം സഹായകമാവണം. അതിനനുസൃതമായ പരിഷ്‌കരണമാണ് പാഠ്യപദ്ധതിയില്‍ വരുത്തേണ്ടത്. അതുകൊണ്ടുതന്നെയാണ് സൗജന്യ പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികവും നിര്‍ബന്ധിതവുമായി നല്‍കണമെന്ന് കോത്താരി കമീഷന്‍ അഭിപ്രായപ്പെട്ടത്.
പാഠ്യപദ്ധതിയുടെ പ്രയോഗവല്‍ക്കരണത്തില്‍ പാഠപുസ്തകങ്ങളുടെ പങ്ക് സുപ്രധാനമാണ്. രാജ്യതാല്‍പര്യം, കറകളഞ്ഞ ദേശീയബോധം, വ്യക്തിത്വ വികസനം, സ്വഭാവശുദ്ധി, സ്‌നേഹ സാഹോദര്യം, സമത്വം, നീതി.... തുടങ്ങിയ ഗുണവിശേഷങ്ങള്‍ വിദ്യാര്‍ഥികളില്‍ അങ്കുരിപ്പിക്കുന്നതായിരിക്കണം പാഠപുസ്തകത്തിന്റെ ഉള്ളടക്കം. ഭാഷാ പാഠപുസ്തകങ്ങള്‍ കുട്ടികളുടെ സര്‍ഗവാസന വളര്‍ത്താന്‍ ഉപയുക്തമാകണം. സൃഷ്ടിപരത, രചനാ വൈഭവം എന്നീ നൈപുണികള്‍ സമാര്‍ജിക്കാന്‍ കുട്ടികള്‍ക്ക് കഴിയണം. ശാസ്ത്ര-ഗണിതശാസ്ത്ര- സാമൂഹികശാസ്ത്ര പഠനമേഖലകളിലും മികവിന്റെ പര്യായമായിത്തീരാന്‍ നമ്മുടെ കുട്ടികള്‍ക്ക് അവസരം നല്‍കുന്നതായിരിക്കണം പാഠഭാഗങ്ങള്‍. ഇതിനു വിപരീതമായി മറ്റുതരത്തിലുള്ള രാഷ്ട്രീയ-സാമൂഹിക സമ്മര്‍ദങ്ങള്‍ക്ക് സ്വാധീനം ചെലുത്താന്‍ പാഠപുസ്തക നിര്‍മാണത്തില്‍ ഒരിക്കലും അവസരമുണ്ടാക്കരുത്.
വളരുന്ന തലമുറയില്‍ ധാര്‍മിക മൂല്യങ്ങളും ആത്മീയ-സദാചാര ബോധവും വളര്‍ത്തിയെടുക്കാനും ആ പാഠപുസ്തകങ്ങള്‍ ഉപകരിക്കേണ്ടതുണ്ട്.
പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി നിയോഗിക്കപ്പെടുന്ന കമ്മിറ്റികളിലും ഫോക്കസ് ഗ്രൂപ്പുകളിലും വൈജ്ഞാനിക മേഖലയില്‍ പ്രഗത്ഭരായവരുടെ സാന്നിധ്യം ഉറപ്പുവരുത്തേണ്ടതുണ്ട്. മത-രാഷ്ട്രീയ വേര്‍തിരിവുകള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ല. വിഷയങ്ങളിലെ പ്രാഗത്ഭ്യമാണ് പരിഗണനാര്‍ഹമാകേണ്ടത്. ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ ഉള്ള വിവേചനവും പാടില്ല. ദേശീയ വിദ്യാഭ്യാസ നയത്തിലെ ഒളിയജണ്ടകളും വിമര്‍ശന വിധേയമായ ഭാഗങ്ങളും സംസ്ഥാനത്തിന്റെ പാഠ്യപദ്ധതിയില്‍ കടന്നുകൂടാന്‍ ഒരിക്കലും പഴുതുകളുണ്ടാകരുത്. 
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ- 1-4

ഹദീസ്‌

ഇഹലോകത്തെ രക്ഷാ ശിക്ഷകള്‍
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്