ഇസ്ലാമിക വിജ്ഞാനകോശം വൈജ്ഞാനിക പൈതൃക സംരക്ഷണത്തിനുള്ള സമഗ്ര പദ്ധതി
സംസ്‌കാരം /
കേരളത്തില്‍ ഇസ്ലാമിക കൃതികളുടെ പ്രസാധനത്തിന് വ്യവസ്ഥാപിതമായി തുടക്കമിട്ട സ്ഥാപനമാണ് ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്(ഐ.പി.
എച്ച്). പിന്നിട്ട ഏഴര പതിറ്റാണ്ടിനിടക്ക് തൊള്ളായിരത്തോളം മൂല്യവത്തായ കൃതികള്‍ മലയാള ഭാഷക്ക് സമര്‍പ്പിക്കാന്‍ ഐ.പി.എച്ചിനു സാധിച്ചിട്ടുണ്ട്. സാക്ഷര കേരളം നെഞ്ചേറ്റിയ ഈ പുസ്തകങ്ങള്‍ 'ഐ.പി.എച്ച് സാഹിത്യം' എന്ന ഭാഷാ പ്രയോഗത്തിനു തന്നെ പിറവിയേകുകയുണ്ടായി. ഇസ്ലാമിക ദര്‍ശനവും മുസ്ലിം സമൂഹവുമായി ബന്ധപ്പെട്ട സര്‍വ വിഷയങ്ങളും പരിചയപ്പെടുത്തുന്ന ആധികാരികവും സത്യസന്ധവുമായ റഫറന്‍സ് ഗ്രന്ഥാവലി ഐ.പി.എച്ചിന്റെ ബൃഹദ് പദ്ധതിയാണ്. ഇസ്ലാമിക വിജ്ഞാനകോശം എന്ന പേരില്‍ ഇതിനകം 13 വാല്യങ്ങള്‍ പ്രസ്തുത പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ചു കഴിഞ്ഞു. 14-ാം വാല്യം 2022 സെപ്റ്റംബറില്‍ പുറത്തിറങ്ങും. ഓണ്‍ലൈന്‍ എഡിഷനും ഇറക്കാനുള്ള പ്രാരംഭ ജോലികള്‍ തുടങ്ങിയിട്ടുണ്ട്.
അറബി, ഇംഗ്ലീഷ്, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളിലെ ആധാര ഗ്രന്ഥങ്ങള്‍ പ്രയോജനപ്പെടുത്തി, കേരളത്തിനകത്തും പുറത്തുമുള്ള അഞ്ഞൂറോളം പണ്ഡിതന്മാര്‍ ചേര്‍ന്ന് തയാറാക്കിവരുന്ന ഇസ്ലാമിക വിജ്ഞാനകോശം സമഗ്ര വിദ്യാഭ്യാസ പദ്ധതിയും അറബ്-ഇസ്ലാമിക ലോകത്തെ അനേകം ക്ലാസ്സിക് കൃതികളുടെ സംഗ്രഹവും കൂടിയാണ്. ഇസ്ലാമിക സംസ്‌കാരവും പൈതൃകവും സമഗ്ര രൂപത്തില്‍ വരും തലമുറകള്‍ക്കായി രേഖപ്പെടുത്തിവെക്കുകയെന്ന ഈ സാഹസിക ദൗത്യം പൂര്‍ത്തിയാകുന്നതോടെ മലയാള ഭാഷയില്‍ ഇതുവരെ ലഭ്യമല്ലാതിരുന്ന അപൂര്‍വ വിജ്ഞാനീയങ്ങളുടെ അമൂല്യ ശേഖരമാണ് കൈമുതലാവുക. വിജ്ഞാനകോശത്തിന്റെ ഉള്ളടക്കത്തിന് 2009-ല്‍ മുസ്ലിം സര്‍വീസ് സൊസൈറ്റി (എം.എസ്.എസ്) ഏര്‍പ്പെടുത്തിയ സി.എന്‍ അഹ്മദ് മൗലവി എന്‍ഡോവ്മെന്റ് അവാര്‍ഡും, റഫറന്‍സ് ഗ്രന്ഥങ്ങളുടെ മികച്ച അച്ചടിക്കും നിര്‍മാണത്തിനും മഹാത്മാഗാന്ധി സര്‍വകലാശാലയുടെ 'മുദ്രണമികവ്-2009' പ്രത്യേക പുരസ്‌കാരവും ലഭിച്ചത് വിജ്ഞാനസ്നേഹികളുടെ അംഗീകാരത്തിന്റെയും ശ്രദ്ധയുടെയും നിദര്‍ശനമാണ്.
ചരിത്രം, കഴിഞ്ഞ കാലത്തിന്റെ ആഖ്യാനം മാത്രമല്ല, വര്‍ത്തമാന കാലത്തിന്റെ കണ്ണാടി കൂടിയാണ്. ഭരണകൂട മേല്‍വിലാസത്തില്‍ തന്നെ ഇസ്ലാമിന്റെ സാംസ്‌കാരിക ചിഹ്നങ്ങളും പാരമ്പര്യങ്ങളും തുടച്ചുമാറ്റപ്പെടുന്നതിന്റെ പൊള്ളുന്ന അനുഭവങ്ങളാണ് നിലവിലുള്ളത്. ചരിത്രത്തെ അതിന്റെ ശരിയായ വഴിയില്‍നിന്ന് അടര്‍ത്തിമാറ്റി ഐതിഹ്യങ്ങളും കെട്ടുകഥകളും കൊണ്ട് പകരംവെക്കാനുള്ള ശ്രമം ഇന്ന് സജീവമാണ്. ഇന്ത്യ എന്ന ആശയത്തെ രൂപപ്പെടുത്തുന്നതിലും അതിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ പുഷ്ടിപ്പെടുത്തുന്നതിലും നിര്‍ണായക പങ്കുവഹിച്ചവരാണ് മുസ്ലിംകള്‍. കേരളത്തിന്റെ സാമൂഹിക രൂപീകരണത്തിലും അവരുടെ പങ്ക് പ്രസ്താവ്യമാണ്. ഇത്തരത്തില്‍ ഉജ്ജ്വല പാരമ്പര്യമുള്ള മുസ്ലിം ചരിത്രത്തെ അസന്നിഹിതമാക്കാനും തമസ്‌കരിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.
ഇന്ത്യയുടെ സാമൂഹിക മണ്ഡലത്തില്‍ രൂപപ്പെട്ട അപകടകരമായ ഇത്തരം പ്രവണതകളെ തിരിച്ചറിഞ്ഞ് തടയേണ്ടിയിരുന്ന ദേശീയ ചരിത്രകാരന്മാര്‍ അത് ചെയ്തില്ല എന്ന് മാത്രമല്ല, സാമ്രാജ്യത്വത്തിനും ഫാഷിസത്തിനുമൊപ്പം ചുവടുവെച്ചുകൊണ്ട് അധീശ വിഭാഗത്തിന്റെ അരികുപറ്റി നില്‍ക്കാനാണ് ഉല്‍സുകരായത്. ഭരണകൂടത്തിന്റെ പിന്‍ബലത്തോടെ വര്‍ഗീയ ചരിത്രകാരന്മാര്‍ വരച്ചെടുത്ത ദേശീയ ഭൂപടത്തില്‍നിന്ന് മുസ്ലിം സമൂഹം തമസ്‌കരിക്കപ്പെടുകയും അന്യവല്‍ക്കരിക്കപ്പെടുകയും ചെയ്തു. അങ്ങനെ, 11-ാം നൂറ്റാണ്ട് മുതല്‍ തുടങ്ങുന്ന ഇന്ത്യയിലെ മുസ്ലിം ജീവിതത്തെ സാമ്രാജ്യത്വ-പൗരസ്ത്യ- തദ്ദേശീയ ചരിത്രകാരന്മാരടങ്ങുന്ന മുക്കൂട്ടു മുന്നണി വികലമാക്കി രൂപപ്പെടുത്തി മുഖ്യധാരാ മണ്ഡലത്തിനകത്തു പ്രതിഷ്ഠിച്ചതോടെ ഉടലെടുത്തതാണ് മുസ്ലിമിനെ കുറിച്ചുള്ള ശത്രു, അക്രമി, അപരന്‍ എന്നീ പ്രതിഛായകള്‍. ദേശീയ പൊതുധാരയില്‍ നിന്ന് ബോധപൂര്‍വം വെട്ടിമാറ്റപ്പെട്ട മുസ്ലിം ഇന്നലകളെയും അതിന്റെ ആശയ പരിസരങ്ങളെയും തികവാര്‍ന്ന രൂപത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്, ഇസ്ലാമിക വിജ്ഞാനകോശം.
ചരിത്ര കൃതികളിലും പഠനങ്ങളിലും പതിവായുള്ള ശൈലി കണക്കെ വിവരണം, വിശകലനം, സിദ്ധാന്തീകരണം എന്നിവയെല്ലാം വിജ്ഞാനകോശത്തിലും ഉണ്ട്. എന്നാല്‍, ഇതിനെയെല്ലാം ആദര്‍ശപരമായ ഒന്നിലേക്ക് കണ്ണിചേര്‍ക്കുന്നു എന്നതാണ് ഈ പരമ്പരയുടെ സവിശേഷത. അതിനാല്‍, കേവലമായ വൈജ്ഞാനിക ഇടപെടലുകളല്ല, രാഷ്ട്രീയ പ്രതിരോധ ശ്രമങ്ങളുടെ ഭാഗമെന്ന നിലയിലാണ് വിജ്ഞാനകോശം വ്യതിരിക്തമാകുന്നത്. ലോകത്തിന്റെയും ദേശത്തിന്റെയും സാമൂഹിക ചരിത്ര പഥത്തില്‍ തങ്ങളുടെ കാലടികള്‍ തെളിഞ്ഞു കിടപ്പുണ്ട് എന്ന് സമര്‍ഥിക്കുംവരെ മുസ്ലിംകള്‍ അപരവല്‍ക്കരിക്കപ്പെട്ടവരായിരിക്കും എന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള വൈജ്ഞാനിക പ്രതിരോധമാണ് വിജ്ഞാനകോശത്തിന്റെ നിര്‍മാണത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നത്.
ഇസ്ലാമിക വിജ്ഞാനകോശത്തിന്റെ വാല്യങ്ങള്‍ അതിന്റെ സാകല്യത്തില്‍ പരിശോധിച്ചാല്‍ യുക്തിസഹം, നീതിപൂര്‍വകം, സന്തുലിതം, ആധികാരികം, പ്രാമാണികം, വസ്തുനിഷ്ഠം എന്നിങ്ങനെ ഒതുക്കി പറയാവുന്നതാണ്. 1995 മുതല്‍ അര്‍പ്പിത മനോഭാവത്തോടെ പൂര്‍ത്തിയാക്കിവരുന്ന ഇസ്ലാമിക വിജ്ഞാനകോശത്തിന്റെ പ്രസക്തിയും അതിനു ചെലവഴിക്കുന്ന അധ്വാനത്തിന്റെയും പണത്തിന്റെയും മനുഷ്യവിഭവ ശേഷിയുടെയും പ്രയോജനവും എന്ത് എന്നതിന്റെ മറുപടി ഇങ്ങനെ സംക്ഷേപിക്കാം: ഇസ്ലാമിന്റെ പ്രബോധനത്തിലും പ്രചാരണത്തിലും വമ്പിച്ച പങ്കുവഹിക്കാന്‍ കഴിയുന്ന ഈടുറ്റ ഗ്രന്ഥപരമ്പര, ഇസ്ലാമിനെക്കുറിച്ച് ച്രചരിച്ചിട്ടുള്ള തെറ്റിദ്ധാരണകള്‍ നീക്കി അതിനെ പൊതുജന സമക്ഷം ഭംഗിയായി അവതരിപ്പിക്കാന്‍ കഴിയുന്ന സമഗ്രവും സമ്പൂര്‍ണവുമായ റഫറന്‍സ് ഗ്രന്ഥം, ഇസ്ലാമിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ ഈടുവെപ്പുകള്‍ വരും തലമുറകള്‍ക്കുവേണ്ടി സംരക്ഷിച്ചുവയ്ക്കുന്ന അറിവിന്റെ അക്ഷയഖനി... പ്രസാധക കുറിപ്പിലെ അവകാശവാദം ശരിയാണെന്നുള്ളതിന് തെളിവ് ഇതുവരെ പുറത്തിറങ്ങിയ 13 വാല്യങ്ങള്‍ തന്നെ ധാരാളം.
അപൂര്‍വ ചിത്രങ്ങളും അനിവാര്യമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുടെ അനാവരണവും മണ്‍മറഞ്ഞേക്കാവുന്ന വസ്തുതകളുടെ സംരക്ഷണവും ചില അറിവുകളുടെ അപനിര്‍മിതിയും ഈ വാല്യങ്ങളിലുണ്ട്. അതുതന്നെയാണ് ഇസ്ലാമിക വിജ്ഞാനകോശത്തിന്റെ പ്രസക്തിയും. വ്യക്തികളെയും സ്ഥലങ്ങളെയും കുറിച്ച വിവരണങ്ങള്‍, സംഘടനകളെയും സംഭവങ്ങളെയും സംബന്ധിച്ച പഠനങ്ങള്‍, രചനകളെയും കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെയും പരിചയപ്പെടുത്തല്‍, ആചാര- അനുഷ്ഠാനങ്ങളെ കുറിച്ച പ്രതിപാദനം, സ്ഥാപനങ്ങളെയും സംരംഭങ്ങളെയും അടയാളപ്പെടുത്തല്‍ മുതലായ പ്രക്രിയയിലൂടെ വികസിക്കുന്ന വിശാല അര്‍ഥത്തിലുള്ള ചരിത്ര നിര്‍മിതിയും സംരക്ഷണവുമെന്ന ലക്ഷ്യം സാധൂകരിക്കുന്ന രൂപത്തിലാണ് ഇസ്ലാമിക വിജ്ഞാനകോശത്തിലെ ശീര്‍ഷകങ്ങളുടെ വിന്യാസം.
എടുത്തുപറയാന്‍ സവിശേഷതകള്‍ ഏറെയുള്ള മഹത്തായ ഈ വൈജ്ഞാനിക സംരംഭം ഗുരുതരമായ വെല്ലുവിളികള്‍ താിയാണ് ഇവിടം വരെയെത്തിയത്. ഇസ്ലാമിന്റെ സമഗ്രവും സമ്പൂര്‍ണവുമായ അവതരണം എന്ന നിലയിലുള്ള ഈ ഗ്രന്ഥപരമ്പരക്ക് അതര്‍ഹിക്കുന്ന പ്രചാരവും അംഗീകാരവും ഇനിയും ലഭിച്ചിട്ടില്ല. അഥവാ, അതെത്തേണ്ടിടത്ത് എത്തിയിട്ടില്ല എന്നതാണ് അതില്‍ മുഖ്യം. ദുര്‍വഹമായ സാമ്പത്തിക ബാധ്യതയാണ് മറ്റൊന്ന്. വിജ്ഞാനകോശ നിര്‍മാണത്തിന് വേണ്ടിവരുന്ന ചെലവ് ഭീമവും ഐ.പി.എച്ചിനെപ്പോലെ ഒരു സ്വകാര്യ സ്ഥാപനത്തിന് താങ്ങാന്‍ കഴിയാത്തത്ര വലുതുമാണ്. ഇതു രണ്ടും പരിഹരിക്കാന്‍ ലക്ഷ്യമിട്ട് ചില പദ്ധതികള്‍ ഇടക്ക് ആസൂത്രണം ചെയ്യുകയുണ്ടായി. അതിലൊന്നാണ് ഇസ്ലാമിക വിജ്ഞാനകോശം പ്രചാരണ കാമ്പയിന്‍. സമൂഹത്തിലെ സര്‍വര്‍ക്കും പ്രയോജനപ്പെടുത്താന്‍ തക്കവിധം, കേരളത്തിലെ എല്ലാ പൊതു ലൈബ്രറികളിലും വിദ്യാഭ്യാസ കേന്ദ്രങ്ങളിലും വിജ്ഞാനകോശത്തിന്റെ സെറ്റ് എത്തിക്കുകയായിരുന്നു പ്രസ്തുത പ്രചാരണ പരിപാടിയുടെ കാതല്‍. ഗള്‍ഫ് പ്രവാസികളില്‍നിന്ന് സാമാന്യം ഭേദപ്പെട്ട പ്രതികരണമുണ്ടായെങ്കിലും കേരളത്തില്‍ പല കാരണങ്ങളാല്‍ അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. പദ്ധതിച്ചെലവില്‍ പങ്കുചേര്‍ന്നു കൊണ്ടോ (പ്രൊഡക്ഷന്‍ കോസ്റ്റ് വഹിക്കുക ഉദാഹരണം) വിജ്ഞാനകോശത്തിന്റെ സെറ്റുകള്‍ സ്പോണ്‍സര്‍ ചെയ്തു കൊണ്ടോ ഇതിനോട് സഹകരിക്കാം. സ്വന്തം നിലക്ക് വാങ്ങാനും സ്പോണ്‍സര്‍ ചെയ്യാനും കഴിയുന്നവരെ പ്രേരിപ്പിക്കുകയുമാവാം. 19,350 രൂപ മുഖവിലയുള്ള 13 വാല്യങ്ങളുടെ സെറ്റ് 15,500 രൂപക്കും 26,500 രൂപ മുഖവിലയുള്ള ഡീലക്‌സ് എഡിഷന്‍ 20,000 രൂപക്കും ഇപ്പോള്‍ ലഭിക്കും.
ഇസ്ലാമിക സംസ്‌കാരം, മുസ്ലിം ജീവിതം തുടങ്ങി ഇസ്ലാമും മുസ്ലിംകളുമായി ബന്ധപ്പെട്ട എന്തിനെക്കുറിച്ചും ഒട്ടേറെ തെറ്റിദ്ധാരണകളും അറിവില്ലായ്മകളും നിലനില്‍ക്കുന്ന ഒരു ബഹുസ്വര സമൂഹത്തില്‍ ഇസ്ലാമിനെക്കുറിച്ച് സ്വയം അറിയാനും മറ്റുള്ളവരെ അറിയിക്കാനുമുള്ള സംരംഭമെന്ന നിലയില്‍ വിജ്ഞാനകോശം പോലെ ശാശ്വത മൂല്യമുള്ള റഫറന്‍സ് കൃതികള്‍ പൊതുവായനക്ക് പ്രാപ്യമാക്കുക എന്നത് ഇക്കാലത്തെ പ്രസക്തമായ ജിഹാദാണ്; അല്ലാഹുവിങ്കല്‍ പ്രത്യേക പ്രതിഫലമുള്ള സത്കര്‍മവുമാണ്.
Comments