Prabodhanm Weekly

Pages

Search

2022 ആഗസ്റ്റ് 19

3264

1444 മുഹര്‍റം 21

ജെന്‍ഡര്‍  ന്യൂട്രാലിറ്റി പാഠ്യപദ്ധതിയിലൂടെ ഒളിച്ചുകടത്തുന്ന അരാജകത്വത്തിന്റെ അജണ്ടകള്‍

ഡോ. കെ.എം മഹ്മൂദ് ശിഹാബ്

അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ സ്‌കൂളില്‍ അധ്യാപകര്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ഭാഷ ഉപയോഗിക്കുന്നത് നിരോധിച്ചു. ഇത് കഴിഞ്ഞ മാസത്തെ പ്രധാന വാര്‍ത്തയായിരുന്നു. കാരണം, അര്‍ജന്റീനയെ തുടര്‍ന്ന് ലിംഗ നിഷ്പക്ഷ ഭാഷയെ സ്‌കൂളിലും ഓഫീസുകളിലും വേണ്ടെന്നു വെക്കാന്‍ പെറുവും മെക്‌സിക്കോയും ബ്രസീലും തീരുമാനിക്കാന്‍ പോവുകയാണ്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി പാഠ്യപദ്ധതിയുടെ ഭാഗമാക്കിയ രാജ്യങ്ങളാണ് ഇവയൊക്കെ. അര്‍ജന്റീന നമ്മെ തികച്ചും അത്ഭുതപ്പെടുത്തുന്നു. 2012 മുതല്‍ തന്നെ ഒരാള്‍ക്ക് തന്റെ ജെന്‍ഡര്‍ മാറാന്‍ ഒരു തടസ്സവും ഇല്ലാത്ത ലോകത്തെ ആദ്യത്തെ രാജ്യമാണ് അര്‍ജന്റീന. അവര്‍ക്കാണ് ചില തിരിച്ചറിവുകള്‍ ഉണ്ടായിരിക്കുന്നതെന്ന് ജൂലൈ 22-ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനവര്‍ കാരണം പറഞ്ഞിരിക്കുന്നത്, വിദ്യാര്‍ഥികളുടെ വായനയെയും ഗ്രാഹ്യശേഷിയെയും ജെന്‍ഡര്‍ ന്യൂട്രലായ ഭാഷ പ്രതികൂലമായി ബാധിക്കുന്നു എന്നാണ്. സ്‌കൂളില്‍ സംസാരിക്കുന്നതും പാഠപുസ്തകത്തില്‍ പഠിക്കുന്നതുമായ ഭാഷയല്ല കുട്ടി തന്റെ വിപുലമായ വായനയിലും സ്‌കൂളിന് പുറത്തുള്ള ലോകത്തും അനുഭവിക്കേണ്ടി വരുന്നത്. അവിടെ അവനും അവളും ആണും പെണ്ണുമുണ്ട്. എന്നാല്‍, ജെന്‍ഡര്‍ ന്യൂട്രല്‍ ആയ പാഠപുസ്തകത്തില്‍ ജന്മനായുള്ള ലിംഗ സൂചകങ്ങളെ എടുത്ത് മാറ്റിയിരിക്കുന്നത് കുട്ടികളുടെ പഠനത്തെയും പൊതുവ്യവഹാരങ്ങളെയും ബാധിക്കുന്നു എന്നതിനാലാണ് അര്‍ജന്റീനയിലെ  ബ്യൂണസ് ഐറിസിലെ വിദ്യാഭ്യാസ വകുപ്പ് ഇത്തരം ഒരു തീരുമാനത്തില്‍ എത്തിയിരിക്കുന്നത്. 
ജെന്‍ഡര്‍ ന്യൂട്രാലിറ്റി  വസ്ത്രത്തില്‍ ഒതുങ്ങുന്ന ഒരാശയമല്ല. ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്നത് മനുഷ്യന്റെ ജന്മനാ ഉള്ള ജൈവഘടനയെയും ലിംഗത്തെയും തള്ളി, ഭാഷയെയും സാമൂഹിക സ്ഥാപനങ്ങളെയും നിലനില്‍ക്കുന്ന സംസ്‌കാരത്തെയും തകര്‍ത്ത് ലിംഗ വിവേചനം ഇല്ലാത്ത ഒരു ലോകം നിര്‍മിക്കുക എന്നതാണ്.  നിലവിലെ ലിംഗനിര്‍ണയ രീതിയാണ്  സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളും  അനുഭവിക്കുന്ന വിവേചനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും കാരണം.  അതിനാല്‍, സ്റ്റീരിയോ ടൈപ്പ് ലൈംഗികതക്ക് പകരം വ്യക്തികേന്ദ്രീകൃതമായ ജെന്‍ഡര്‍ നിര്‍ണയം കൊണ്ടുവരേണ്ടതുണ്ട്. എന്നാല്‍ മാത്രമേ വിവിധ ജെന്‍ഡര്‍ മൈനോറിറ്റികളെ ഉള്‍ക്കൊള്ളുന്ന ലിംഗ സമത്വമുള്ള സാമൂഹിക ഘടന രൂപപ്പെടുത്തിയെടുക്കാന്‍ കഴിയൂ. ഈയൊരു ചിന്തയാണ്  ജെന്‍ഡര്‍ ന്യൂട്രാലിറ്റി മൂവ്‌മെന്റ്. ഇങ്ങനെയൊരു സമീപനത്തിലൂടെ ലിംഗ അസമത്വത്തെയും ലിംഗ വിവേചനത്തെയും ഇല്ലാതാക്കാന്‍ കഴിയുമെന്നും അവര്‍ വിശ്വസിക്കുന്നു; ശാസ്ത്രീയമായ യാതൊരു പിന്‍ബലവുമില്ലാതെ തന്നെ.
ഇന്ന് ലോകത്ത് ജെന്‍ഡര്‍ ന്യൂട്രാലിറ്റി മൂവ്‌മെന്റ് രാജ്യങ്ങളുടെ പോളിസിയെയും നിയമ നിര്‍മാണത്തെയും വിദ്യാഭ്യാസത്തെയും സ്വാധീനിക്കുന്ന ഒരു പ്രസ്ഥാനമായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് കേരള പാഠ്യപദ്ധതിയുടെ അടിസ്ഥാന ആശയങ്ങളില്‍ ഒന്നായി ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെ സ്വീകരിക്കാനുള്ള കേരള സര്‍ക്കാറിന്റെ തീരുമാനത്തെ വിലയിരുത്തേണ്ടത്. ഒരു രാജ്യത്ത് ഏത് തരത്തിലുള്ള സമൂഹത്തെയും വ്യക്തിയെയുമാണ് രൂപപ്പെടുത്തിയെടുക്കാന്‍ പോകുന്നത് എന്നതിനുള്ള മാര്‍ഗരേഖയാണ് പാഠ്യപദ്ധതി. അതുകൊണ്ടുതന്നെ ലോകത്ത് വിവിധ രാജ്യങ്ങളില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിന്റെ അനുഭവങ്ങള്‍ വിലയിരുത്തുന്നത് നന്നായിരിക്കും. അതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം ഇടത് സര്‍ക്കാറിന്റെ പുതിയ നീക്കം വിലയിരുത്തപ്പെടേണ്ടത്. 
ലോകത്ത് വിദ്യാഭ്യാസ മേഖലയില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി സമീപനം എങ്ങനെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എന്ന് പരിശോധിക്കുമ്പോള്‍ മുകളില്‍ ഉദ്ധരിച്ച വാര്‍ത്ത പ്രസക്തമാകുന്നു. വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ പാഠ്യപദ്ധതിയിലൂടെ, ക്ലാസ് റൂം പ്രവര്‍ത്തനങ്ങളിലൂടെ ലിംഗനിഷ്പക്ഷ സമീപനം ഇടപെടുന്നത് എങ്ങനെയാണെന്നും അതിന്റെ വിവിധ ഘട്ടങ്ങള്‍ എന്തൊക്കെയാണെന്നും വിലയിരുത്തുന്നത് പ്രസക്തമായിരിക്കും. ലോകത്ത് ജെന്‍ഡര്‍ ന്യൂട്രല്‍ സമൂഹത്തെ രൂപപ്പെടുത്താന്‍ വിദ്യാഭ്യാസ പ്രക്രിയയില്‍ അഞ്ചു ഘട്ടങ്ങളാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും, പ്രത്യേകിച്ച് സ്വീഡനിലെ ജെന്‍ഡര്‍ ന്യൂട്രല്‍  Egalia പ്രീ സ്‌കൂളിലും ഈ ഘട്ടങ്ങളിലൂടെയാണ് ജെന്‍ഡര്‍ ന്യൂട്രല്‍ അജണ്ട നടപ്പാക്കിയിട്ടുള്ളത്.  ഒന്നാമത്തെ ഘട്ടം ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നയമാണ് (Gender Neutral Uniform Policies). ഒരു ലിംഗ  നിഷ്പക്ഷ സമൂഹത്തെ രൂപപ്പെടുത്തുന്നതിന് ആദ്യം ഇല്ലാതാക്കേണ്ടത് വസ്ത്രധാരണ രീതിയില്‍ നിലനില്‍ക്കുന്ന വിവേചനമാണ് എന്നവര്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ജെന്‍ഡര്‍ ന്യൂട്രല്‍ സമൂഹത്തെ രൂപപ്പെടുത്താന്‍ വിദ്യാലയങ്ങളില്‍ ആദ്യം ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നടപ്പാക്കേണ്ടതുണ്ട്. രണ്ടാമത്തെ ഘട്ടം ജെന്‍ഡര്‍ ന്യൂട്രല്‍ ഭാഷ (Gender Neutral Language). അഥവാ, പാഠപുസ്തകങ്ങളിലും ക്ലാസ്‌റൂം പഠന പ്രവര്‍ത്തനങ്ങളിലും സ്‌കൂളിലെ നിത്യ വ്യവഹാരങ്ങളിലും ജനറല്‍ ന്യൂട്രല്‍ ലാംഗ്വേജ് നടപ്പാക്കുക. ഭാഷയാണ് ലിംഗ നിര്‍ണയവും  ലിംഗ വിവേചനവും അസമത്വവും നിലനിര്‍ത്തുന്നത് എന്നതിനാലും, ആണ്‍-പെണ്‍ എന്ന ദ്വന്ദ്വത്തിനപ്പുറം LGBTQ എന്ന മഴവില്‍ സമൂഹത്തെ കൂടി ഉള്‍ക്കൊള്ളുന്നതിന് നിലവിലെ ഭാഷ തടസ്സമാണ് എന്നതിനാലും, പാഠപുസ്തകങ്ങളില്‍ നിന്നും ക്ലാസ് റൂമുകളിലെ അധ്യാപകന്റെ വ്യവഹാരങ്ങളില്‍ നിന്നും ലിംഗത്തെ സൂചിപ്പിക്കുന്ന സര്‍വനാമങ്ങള്‍ക്ക് പകരം (അതായത് അവന്‍, അവള്‍ തുടങ്ങിയ സര്‍വനാമങ്ങള്‍) നിഷ്പക്ഷ സര്‍വനാമങ്ങള്‍ കൊണ്ടുവന്ന് ഭാഷയിലെ ലിംഗ സൂചകങ്ങളെ ഇല്ലാതാക്കണം.  ഇത് സമത്വമുള്ള ഒരു ലോകം പണിയാന്‍ ആവശ്യമാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. അമേരിക്കയിലെ നബ്രാസ്‌ക സ്റ്റേറ്റിലെ ഒരു ജില്ലയില്‍ boys എന്നും girls എന്നും വിളിക്കുന്നത് നിരോധിക്കുകയുണ്ടായി. പകരം Purple Penguins എന്നാണ് കുട്ടികളെ വിളിക്കേണ്ടത് എന്ന് നിര്‍ദേശിച്ചു. She, He എന്നതിന് പകരം Hen എന്ന ജെന്‍ഡര്‍ ന്യൂട്രല്‍ വാക്കാണ് സ്വീഡനില്‍ ക്ലാസ് മുറിയില്‍ ഉപയോഗിക്കാവൂ.
മൂന്നാമത്തെ ഘട്ടം, പാഠ്യപദ്ധതിയിലെ പ്രവര്‍ത്തനങ്ങളിലെല്ലാം ജെന്‍ഡര്‍ ന്യൂട്രല്‍ പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ്.  വിദ്യാലയത്തിലെ പാഠ്യ-പാഠ്യേതര വ്യവഹാരങ്ങളിലും സംസാരത്തിലും ജെന്‍ഡര്‍ ന്യൂട്രല്‍ ആയ സമീപനങ്ങള്‍ കൂടുതല്‍ ഉണ്ടായിത്തീരുന്നതിന് പരമാവധി ശ്രദ്ധിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.  നാലാമത്തെ ഘട്ടത്തില്‍ വിദ്യാലയത്തിലെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്ക് വേണ്ടി തുല്യ അവസരങ്ങള്‍ നല്‍കുക എന്നതാണ്. ഉദാഹരണമായി പഠന പ്രവര്‍ത്തനത്തില്‍ ആണ്‍കുട്ടികളുടെ  ഗ്രൂപ്പ്, പെണ്‍ കുട്ടികളുടെ ഗ്രൂപ്പ് എന്നതിന് പകരം മിക്‌സഡ് ഗ്രൂപ്പിംഗ് നടത്തുക. അതുപോലെ തന്നെ വിദ്യാലയത്തില്‍ ഒരു ഫുട്‌ബോള്‍ ടീം രൂപപ്പെടുത്തുമ്പോള്‍ ആണ്‍കുട്ടികളുടെ ടീം, പെണ്‍കുട്ടികളുടെ ടീം എന്നതിന് പകരം ലിംഗ വിവേചനം ഇല്ലാത്ത ലിംഗ നിഷ്പക്ഷമായ ടീം രൂപവത്കരിക്കുക. അത്തരത്തില്‍ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക. അഞ്ചാമത്തെ ഘട്ടം, ലിംഗ വിവേചനമില്ലാതെ തുല്യ പരിഗണന നല്‍കുന്നതിന് എല്ലാ ലിംഗക്കാരെയും ഇടകലര്‍ത്തി ഒന്നിച്ചിരുത്തുക എന്നതാണ്. ഇതിലൂടെ ലിംഗ അസമത്വം ഇല്ലാതാക്കാന്‍ കഴിയുമെന്നും, അതിനാല്‍ ആണ്‍-പെണ്‍ പ്രത്യേക വിദ്യാലയങ്ങള്‍ക്കും ക്ലാസ് മുറികള്‍ക്കും പകരം മിക്‌സഡ് വിദ്യാലയങ്ങളും മിക്‌സഡ് ക്ലാസ് മുറികളും രൂപപ്പെടുത്തേണ്ടതുണ്ടെന്നും അവര്‍ വാദിക്കുന്നു. 
ഈ അഞ്ച് പ്രവര്‍ത്തനങ്ങളിലൂടെയാണ് ജെന്‍ഡര്‍ ന്യൂട്രല്‍ വിദ്യാലയത്തെയും സമൂഹത്തെയും രൂപപ്പെടുത്തിയെടുക്കുന്നത്. ഈ മാതൃക ലോകത്ത് ജെന്‍ഡര്‍ ന്യൂട്രല്‍ പോളിസി നടപ്പാക്കിയ ഓരോ രാജ്യവും പിന്തുടര്‍ന്നതായും  കാണാം. ഇതുതന്നെയാണ് വിവിധ രീതികളിലൂടെ കേരളത്തിലും ജെന്‍ഡര്‍ ന്യൂട്രല്‍ സമൂഹത്തെ രൂപപ്പെടുത്താന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 
1990-കള്‍ക്ക് ശേഷം അമേരിക്കയും പടിഞ്ഞാറന്‍ സാമ്രാജ്യശക്തികളും സാംസ്‌കാരിക അധിനിവേശം നടത്തിക്കൊണ്ടിരിക്കുന്നത് സാമൂഹിക ശാസ്ത്ര വിഷയങ്ങളിലൂടെയും വിദ്യാഭ്യാസ ചിന്തകളിലൂടെയുമാണ്. 1994-ല്‍ ലോക ബാങ്കിന്റെ ഫണ്ടിംഗോടെ  തുടക്കംകുറിച്ച DPEP പദ്ധതിയിലൂടെയാണ് കേരളത്തിലേക്ക് അമേരിക്കന്‍ ചിന്താധാരകള്‍ കൂടുതലായി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നുവരുന്നത്. ആ പദ്ധതിയെ ഇടതുപക്ഷം ആദ്യം എതിര്‍ക്കുകയും, പിന്നീട് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് ഈ പദ്ധതി ഏറ്റെടുക്കുകയും ചെയ്തു. തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കുന്നതിന്  വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ അവര്‍ ഉപയോഗപ്പെടുത്തുന്നതും നമുക്ക് കാണാം. മൂന്നര പതിറ്റാണ്ടിലധികം നീണ്ട ഈ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഉല്‍പ്പന്നങ്ങളാണ് ഇന്ന് നാം കാണുന്ന യുവതലമുറ. ഈ തലമുറയെ പരിശോധിക്കുമ്പോള്‍ രണ്ട് പ്രശ്‌നങ്ങള്‍ നമുക്ക് കാണാതിരിക്കാനാവില്ല: ഒന്ന്, ശാശ്വത മൂല്യ(eternal values)ങ്ങള്‍ക്ക് പകരം പ്രയോജന മൂല്യ(Instrumental values)ത്തില്‍ വിശ്വസിക്കുന്ന ഒരു തലമുറയാണ് ഉണ്ടായിവന്നിരിക്കുന്നത്. രണ്ട്,  മത ധാര്‍മികതക്ക് പകരം മുതലാളിത്ത സംസ്‌കാരത്തെ ഏതോ അര്‍ഥത്തില്‍ സ്വീകരിച്ചവരാണ് ആ സമൂഹം. ഇവിടെ യു.ഡി.എഫും എല്‍.ഡി.എഫും മാറിമാറി ഭരിച്ചിട്ടുണ്ടെങ്കിലും ഈ ഘട്ടത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനത്തെ നിയന്ത്രിച്ചിരുന്നത് ശാസ്ത്ര സാഹിത്യ പരിഷത്തും ഇടതു ചിന്താധാരയും തന്നെയായിരുന്നു. അന്നുമുതലേ കേട്ടു തുടങ്ങിയ വാക്കുകളാണ് ക്ലാസ് മുറിയിലെ ലിംഗ  അസമത്വവും ലിംഗ വിവേചനവും inclusive education ഉം മറ്റും മറ്റും. ലിംഗ വിവേചനം അവസാനിപ്പിക്കാന്‍  ക്ലാസ് മുറികളില്‍ മിക്‌സഡ് ഗ്രൂപ്പിംഗ് ആണ് വേണ്ടതെന്നും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തി ഇരുത്തേണ്ടതുണ്ടെന്നും അന്ന് അധ്യാപക പരിശീലന പരിപാടികളില്‍ സ്ഥിരം കേട്ടിരുന്ന ഉപദേശങ്ങളാണ്. 
2005-ല്‍ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടും (NCF) 2007-ല്‍ കേരള പാഠ്യപദ്ധതി ചട്ടക്കൂടും (KCF) വരികയുണ്ടായി. NCF-ലും KCF-ലും ബ്രസീലിയന്‍ ചിന്തകന്‍ പൗലോ ഫ്രയറിന്റെ വിമര്‍ശനാത്മക ബോധനശാസ്ത്രം (critical pedagogy), constructivism-ന്റെ കൂടെ ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ദര്‍ശനമായി സ്വീകരിക്കുകയുണ്ടായി. വിമര്‍ശനാത്മക ബോധനശാസ്ത്രത്തിന്റെ പ്രധാന അടിത്തറ മാര്‍ക്‌സിസവും ഫെമിനിസവുമാണ്.
കേരളത്തില്‍ വിമര്‍ശനാത്മക ബോധന ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ KCF 2007-ല്‍ സ്ത്രീ-പുരുഷ വിവേചനപരമായ പ്രശ്‌നങ്ങള്‍ എന്ന തലക്കെട്ടില്‍ (പേജ്:13) സ്ത്രീ-പുരുഷ വിവേചനത്തെ കുറിച്ചു പറഞ്ഞ ഉടനെ അത് നേരിടാന്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ദേശങ്ങളില്‍, സ്‌കൂളുകളില്‍ എല്ലാ തലത്തിലും സഹവിദ്യാഭ്യാസം (Mixed Education) പ്രോത്സാഹിപ്പിക്കണം എന്ന് പ്രത്യേകം എടുത്തുപറയുന്നുണ്ട്. KCF പിന്തുടര്‍ന്ന്, എം.എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന 2008-ല്‍ പുറത്തിറങ്ങിയ സാമൂഹികശാസ്ത്ര പാഠപുസ്തകത്തിലെ 'മതമില്ലാത്ത ജീവന്‍' എന്ന പാഠം പ്രത്യേകം എടുത്തുപറയേണ്ടതാണ്. മതമില്ലാത്ത ഒരു സമൂഹത്തെയും ലിംഗ സമത്വം എന്ന പേരില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ തലമുറയെയും കെട്ടിപ്പടുക്കുന്നതിന് ആ കാലഘട്ടത്തില്‍ തന്നെ പാഠ്യപദ്ധതിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കൃത്യമായി ഇടപെടുന്നതായി നമുക്ക് കാണാം. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. 2024 മുതല്‍ പാഠപുസ്തകങ്ങളിലും ക്ലാസ് റൂം വ്യവഹാരങ്ങളിലും ജെന്‍ഡര്‍ ന്യൂട്രല്‍ ആയ ഭാഷയും പ്രയോഗവും കൊണ്ടുവന്ന് അത്യധികം അപകടകരമായ അവസ്ഥയിലേക്കാണ് കേരളത്തെ കൊണ്ടുപോവുന്നത്. 
ജെന്‍ഡര്‍ ന്യൂട്രല്‍ വിദ്യാഭ്യാസത്തിന്റെ പ്രശ്‌നങ്ങള്‍ ഇവിടെയൊന്നും നില്‍ക്കില്ല. ജെന്‍ഡര്‍ ന്യൂട്രല്‍ ടോയ്‌ലറ്റ് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരിക്കുന്നു. അത് സ്ത്രീകള്‍ക്ക് അവരുടെ സ്വകാര്യത നഷ്ടപ്പെടുത്തിയിരിക്കുന്നു. സ്ത്രീസമൂഹം ഒരു ജനാധിപത്യ സമൂഹത്തില്‍ അനുഭവിക്കുന്ന രാഷ്ട്രീയ, തൊഴില്‍, വിദ്യാഭ്യാസ, സാമ്പത്തിക, ലിംഗ, സാമൂഹിക പരിഗണനകള്‍ ജെന്‍ഡര്‍ ന്യൂട്രല്‍ പോളിസി തുടരുന്നതിലൂടെ ഇല്ലാതാവും. ജെന്‍ഡര്‍ ന്യൂട്രല്‍ സമൂഹത്തില്‍ സ്ത്രീകള്‍ക്കുള്ള പ്രത്യേക പരിഗണനകള്‍ എടുത്തുകളയേണ്ടിവരും. അതായത്, സ്ത്രീകളോടും ലൈംഗിക ന്യൂനപക്ഷങ്ങളോടുമുള്ള കടുത്ത അനീതിയും അസമത്വവുമാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി മൂവ്‌മെന്റ്. ഇത് സമൂഹത്തിന്റെ നവോത്ഥാന ആശയങ്ങള്‍ക്കും പുരോഗതിക്കും യഥാര്‍ഥത്തില്‍ തന്നെ എതിരാണ്. പാഠ്യപദ്ധതിയില്‍ ഇതു കൊണ്ടുവരുന്നത് ഒരു തലമുറയോടുള്ള കടുത്ത അക്രമവും  വെല്ലുവിളിയുമാണ്. 
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ- 1-4

ഹദീസ്‌

ഇഹലോകത്തെ രക്ഷാ ശിക്ഷകള്‍
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്