പടിഞ്ഞാറന്‍ ജ്ഞാനശാസ്ത്രത്തിന്റെ പരിമിതികള്‍
അറിവിനെ സംബന്ധിച്ച തത്ത്വശാസ്ത്രമാണ് ജ്ഞാനശാസ്ത്രം അഥവാ എപ്പിസ്റ്റമോളജി. വിജ്ഞാനത്തിന്റെ പ്രകൃതം, പരിധി, പരിമിതി, ഉറവിടം, ഉഭയാര്‍ഥങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള വ്യവഹാരങ്ങളാണ് പ്രസ്തുത ജ്ഞാനശാഖയുടെ ആകത്തുക. ജ്ഞാനോല്‍പത്തിയുടെ പ്രകൃതവും വിവിധ ശാഖകളും വിശകലന വിധേയമാക്കുന്ന തത്ത്വശാസ്ത്രത്തിലെ ഈ വിശാലമായ ശാഖ പുരാതന ദാര്‍ശനികരുടെയും ആധുനിക തത്ത്വചിന്തകരുടെയും സൈദ്ധാന്തിക സംവാദങ്ങളില്‍ ഒരുപോലെ ആധിപത്യം പുലര്‍ത്തിയ കേന്ദ്ര വിഷയമാണ്. സോക്രട്ടീസ്, പ്ലാറ്റോ, തിയറിറ്റസ്, തിയഡോറസ് എന്നിവരിലൂടെയാണ് ജ്ഞാനശാസ്ത്രത്തിന്റെ സൈദ്ധാന്തിക തലങ്ങള്‍ രൂപം കൊണ്ടത്.
രാഷ്ട്രീയവും സാംസ്‌കാരികവുമടക്കമുള്ള മേഖലകളിലെ അപചയം തിരിച്ചറിഞ്ഞു തുടങ്ങിയ നവോത്ഥാന ആധുനികതയും പടിഞ്ഞാറും അതിന്റെ ജ്ഞാനപരമായ അടിത്തറകളും നിശിതമായ വിമര്‍ശനങ്ങള്‍ക്കും പുനരാലോചനകള്‍ക്കും വിധേയമാക്കിക്കൊണ്ടിരിക്കുന്നുണ്ട്. നവോത്ഥാന ആധുനികതയുടെ ജ്ഞാനശാസ്ത്രപരമായ ഹിംസക്ക് വിധേയമായ സമൂഹങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നും ഉയര്‍ന്നുവന്ന പരികല്‍പനകളും സിദ്ധാന്തങ്ങളും വലിയൊരു വിമോചന സാധ്യതയെ തുറന്നിട്ടിട്ടുണ്ട്. പാശ്ചാത്യ എപ്പിസ്റ്റമോളജി തുരുമ്പെടുത്ത ജ്ഞാനദര്‍ശനമാവുന്നതും അതിനാലാണ്. അപൂര്‍ണമായ ജ്ഞാന തലങ്ങളാണ് പടിഞ്ഞാറന്‍ എപ്പിസ്റ്റമോളജിയുടെ അകസാരം.
ഇസ്‌ലാമിക ജ്ഞാനശാസ്ത്രവും പാശ്ചാത്യ ജ്ഞാനവ്യവസ്ഥയും തമ്മില്‍ പ്രകടവും സാരവുമായ അന്തരമുണ്ട്. യുക്തിക്കും അനുഭവപരതക്കും അമിത പ്രാധാന്യം നല്‍കുകയെന്ന പടിഞ്ഞാറന്‍ ഭൗതികവാദത്തിന്റെയും ആശയവാദത്തിന്റെയും സ്വാധീനമാണ് പടിഞ്ഞാറന്‍ ജ്ഞാനമാധ്യമങ്ങളില്‍ മേല്‍ക്കൈ നേടിയിരിക്കുന്നത്. ദൃശ്യദ്രവ്യങ്ങള്‍ മാത്രമാണ് പ്രപഞ്ചം എന്ന് വാദിക്കുന്നവരുടെ എപിസ്റ്റമോളജി, അതിഭൗതികതയെയും അധിഭൗതികതയെയും അംഗീകരിക്കുന്ന ഇസ്ലാമിക് എപിസ്റ്റമോളജിയില്‍ നിന്ന് അടിസ്ഥാനപരമായി തന്നെ വേറിട്ട് നില്‍ക്കുന്നതാണ്.
വിശാലമായ ജ്ഞാനപരിപ്രേക്ഷ്യമാണ് മുസ്‌ലിം തത്ത്വചിന്തകര്‍ അവതരിപ്പിക്കുന്നത്. തെളിവുകള്‍ കൊണ്ട് നീതീകരിക്കപ്പെടാവുന്ന വിശ്വാസങ്ങളാണ് അറിവ് എന്നതാണ് ദെക്കാര്‍ത്തെയില്‍ നിന്ന് തുടങ്ങുന്ന ആധുനിക ജ്ഞാന ശാസ്ത്രം അറിവിനെ നിര്‍വചിച്ചത്. തന്റെ വിശ്വാസത്തിനു പുറത്തുള്ളതും തെളിവിനാല്‍ സമര്‍ഥിക്കപ്പെടാത്തതും അറിവായി ഗണിക്കാന്‍ പറ്റില്ലെന്നാണ് ദെക്കാര്‍ത്തെ (Rene Descartes) വിശ്വസിച്ചിരുന്നത്. ബ്രിട്ടീഷ് ദാര്‍ശനികനായ ബെര്‍ട്രന്‍ഡ് റസ്സലിന്റെ (Bertrand Russell) വരവോടെയാണ് ജ്ഞാന ശാസ്ത്രത്തിലെ അറിവു സങ്കല്‍പങ്ങള്‍ക്ക് തുടര്‍ന്ന് വികാസമുണ്ടാവുന്നത്. എങ്കിലും യുക്തിക്ക് നിരക്കാത്ത വിശ്വാസങ്ങളെ അറിവായി ഗണിക്കാന്‍ പറ്റില്ലെന്ന് തന്നെയാണ് റസ്സലും വിശ്വസിച്ചിരുന്നത്. ഇതനുസരിച്ച് അതീന്ദ്രിയ സ്വഭാവങ്ങളുള്ള അറിവുകളെ, പ്രത്യേകിച്ച് മത വിശ്വാസങ്ങളെ ആധുനിക ജ്ഞാനശാസ്ത്ര സങ്കല്‍പ്പങ്ങള്‍ക്ക് പുറത്തുനിര്‍ത്തി. അറിവിന്റെ വിശാല സാധ്യതയെ തന്നെയാണ് ഇവിടെ നിഷേധിക്കുന്നത്. മാത്രമല്ല, ആധുനിക ജ്ഞാന ശാസ്ത്രത്തെ സംബന്ധിച്ചേടത്തോളം അറിവ് ആപേക്ഷിക(റിലേറ്റിവ്)വുമാണ്. സത്യമായി തെളിയിക്കപ്പെട്ടവ മാത്രമാണ് അറിവെന്ന അടിസ്ഥാനമുള്ളതു കൊണ്ടുതന്നെ ഒരാള്‍ക്ക് സത്യമായി ഭവിക്കാത്തവ അറിവല്ലെന്നു വരും. അപ്പോള്‍ ഒരു വിശ്വാസം ഒരാളെ അപേക്ഷിച്ച് അറിവും മറ്റൊരാളെ അപേക്ഷിച്ച് അറിവുമല്ലാതാവുന്നു.
എന്നാല്‍, ഇല്‍മ് എന്ന് പൊതുവെ വിളിക്കപ്പെടുന്ന ഇസ്‌ലാമിലെ അറിവ് സൈദ്ധാന്തിക സ്വഭാവം കൊണ്ടും അതുള്‍ക്കൊള്ളുന്ന വിവിധ വിദ്യാഭ്യാസ തലങ്ങള്‍ കൊണ്ടും സജീവവും സാര്‍വജനീനവുമാണ്. മിക്ക ആളുകളും മനസ്സിലാക്കിയിട്ടുള്ള ജ്ഞാനസങ്കല്‍പങ്ങളില്‍ നിന്ന് തീര്‍ത്തും ഭിന്നമായാണ് ഇസ്‌ലാം അറിവിനെ നിര്‍വചിക്കുന്നത്. അറിവിന്റെ സാധ്യതകള്‍, സ്വഭാവം, സ്രോതസ്സുകള്‍ എന്നിവയാണ് ജ്ഞാനശാസ്ത്രം പ്രാഥമികമായി അന്വേഷിക്കുന്നത്. പൊതുവായി അറിവിനെ രണ്ടായി തരം തിരിച്ചിരിക്കുന്നു: പ്രാമാണിക / പാരമ്പര്യ ജ്ഞാനസരണികള്‍ (ഉലൂമുന്‍ നഖ്ലിയ്യ), ബൗദ്ധിക/ താര്‍ക്കിക വിജ്ഞാനങ്ങള്‍ (ഉലൂമുല്‍ അഖ്ലിയ്യ). ഇമാം ഗസ്സാലിയുടെ നിരീക്ഷണ പ്രകാരം, വിജ്ഞാനത്തെ വെളിപാടിന്റെയും (വഹ്യ്) മനുഷ്യ ബുദ്ധിയുടെ നിര്‍ണയത്തിന്റെയും (വഹ്മ്) അടിസ്ഥാനത്തില്‍ രണ്ടായി തിരിച്ചിരിക്കുന്നു. ആദ്യത്തേതിന്റെ സ്രോതസ്സ് പ്രവാചകനു ലഭിച്ച വഹ്യ് ആയതിനാല്‍, ദൈവത്തിന്റെ ഏകത്വം, ഖുര്‍ആനിക പഠനം, പ്രാമാണിക വ്യാഖ്യാനം, ആചാരങ്ങള്‍, സദാചാര തത്ത്വങ്ങള്‍ എന്നിവ ഇതിന്റെ പരിധിയില്‍ വരുന്നു. രണ്ടാമത്തേതിന്റെ ഗവേഷണ മണ്ഡലം ബൗദ്ധിക ശാസ്ത്രങ്ങളായതിനാല്‍ ദൈവശാസ്ത്രം, പ്രകൃതി ശാസ്ത്രം, ഗണിതം എന്നിങ്ങനെയുള്ളവ അവയില്‍ ഉള്‍പ്പെടുന്നു. വിജ്ഞാനത്തിന്റെ രണ്ടായുള്ള വര്‍ഗീകരണം ഇബ്നു ഖല്‍ദൂനിന്റെ മുഖദ്ദിമയിലും വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ അല്‍ഹിസ്സുല്‍ മുശ്തറക്ക്, ഖയാല്‍, വഹ്മ്, അല്‍മുതഖയ്യില എന്നീ സംജ്ഞകളിലൂടെയാണ് ഇബ്‌നു സീന ജ്ഞാനശാസ്ത്ര സംബന്ധമായ തന്റെ ആശയം പരിചയപ്പെടുത്തുന്നത്.
ഇസ്‌ലാമില്‍ എല്ലാ മുസ്‌ലിംകള്‍ക്കും വിജ്ഞാനം പകരുന്ന പ്രഥമാധ്യാപകനായി സ്രഷ്ടാവിനെ കണക്കാക്കുന്നതിനാല്‍ പഠന-പാഠന വ്യവഹാരങ്ങളിലും മുസ്‌ലിം ജീവിതവീഥി രൂപവത്കരിക്കുന്നതിലും ഖുര്‍ആനിനാണ് മുന്‍ഗണന കല്‍പ്പിക്കപ്പെടുന്നത്. ഈ വീക്ഷണകോണിലൂടെ അറിവിനെ വീക്ഷിക്കുമ്പോള്‍ ഇല്‍മിന്റെ മൂന്ന് വ്യത്യസ്ത രൂപങ്ങള്‍ ഗ്രഹിക്കാം: ഒന്ന്, ജ്ഞാനം സ്രഷ്ടാവിന്റെ അനിഷേധ്യ ദര്‍ശനമാണ്. രണ്ട്, മുന്‍കഴിഞ്ഞ പ്രവാചകര്‍ നിശ്ചയിച്ച പൈതൃകങ്ങള്‍. മൂന്ന്, അറിവ് കേവലം ബാധ്യതകളാണ്. രാഷ്ട്ര മീമാംസ, ഭൗതിക ശാസ്ത്രം, ദൈവശാസ്ത്രം, നൈതിക മൂല്യങ്ങള്‍ തുടങ്ങി ഒട്ടനവധി മേഖലകള്‍ ഉള്‍ച്ചേരുന്ന ഇസ്‌ലാമിക ജ്ഞാനശാസ്ത്രത്തിന്റെ മൊത്തത്തിലുള്ള കാഴ്ചപ്പാടാണ് ഈ സങ്കല്‍പ്പങ്ങള്‍ സൃഷ്ടിക്കുന്നത്.
ഇസ്‌ലാമിക ജ്ഞാന ശാസ്ത്രത്തില്‍ മത/ഭൗതിക വേര്‍തിരിവുണ്ടോ എന്ന പൊതു സംശയത്തിന് മറുപടിയായി ഇമാം ഗസ്സാലി പറയുന്നത് ശ്രദ്ധേയമാണ്. ഇല്‍മ് പൊതുവെ രണ്ടിനമുണ്ടെന്ന് അദ്ദേഹം പറയുന്നു. മതപരവും മതപരമല്ലാത്തവയും. ഇതില്‍ തന്നെ മതപരമായ അറിവുകളെ അദ്ദേഹം ഉസ്വൂല്‍, ഫുറൂഅ്, മുഖദ്ദിമാത്, മുതിമ്മാത് എന്നിങ്ങനെ നാല് വിഭാഗങ്ങളാക്കി തിരിക്കുന്നുണ്ട്. ഇവയില്‍ ഓരോന്നിന്റെയും മുന്‍ഗണനാക്രമവും പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമിലെ അടിസ്ഥാന പ്രമാണങ്ങളായ ഖുര്‍ആന്‍, സുന്നത്, ഇജ്മാഅ് (പണ്ഡിത ഏകോപനം), ഖിയാസ് എന്നിവ ഒന്നാം വിഭാഗത്തിലും കര്‍മശാസ്ത്രം, പരലോക വിജയപ്രാപ്തിക്കായുള്ള ശാസ്ത്രങ്ങള്‍ എന്നിവ രണ്ടാം വിഭാഗത്തിലും അനുബന്ധ ജ്ഞാനങ്ങളായ ഭാഷ, വ്യാകരണ ശാസ്ത്രങ്ങള്‍ മൂന്നിലും, പൂരകങ്ങളായ ഖുര്‍ആന്‍ പാരായണ ശാസ്ത്രം പോലുള്ളവ നാലാം വിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒരു മുസ്ലിമിന്റെ മത ജീവിതത്തിന് ഈ നാല് വിഭാഗം ജ്ഞാനങ്ങളും അത്യന്താപേക്ഷിതമാണ്. അവസാനത്തെ രണ്ടു വിഭാഗങ്ങളെക്കാള്‍ ആദ്യത്തെ രണ്ടു വിഭാഗങ്ങള്‍ പഠിക്കല്‍ മുസ്ലിമിന് വ്യക്തിപരമായി അനിവാര്യമാണ്. ഈ വിധം ഓരോ ജ്ഞാനവും കരസ്ഥമാക്കേണ്ടതിന്റെ ആവശ്യകതയും മുന്‍ഗണനാക്രമവും പ്രത്യേകം അടയാളപ്പെടുത്തി എന്നതാണ് ആധുനിക ജ്ഞാന ശാസ്ത്രത്തില്‍ നിന്ന് ഇസ്ലാമിലെ ജ്ഞാനശാസ്ത്ര സങ്കല്‍പ്പങ്ങളെ വ്യതിരിക്തമാക്കുന്നത്.
ജ്ഞാനശാസ്ത്രത്തില്‍ അറിവിന്റെ സാധുത(Validity)ക്ക് വലിയ പ്രാധാന്യമുണ്ട്. കാലഗതിക്കനുസരിച്ച് ഓരോ വിജ്ഞാന ശാഖകളിലുമുണ്ടാകുന്ന വളര്‍ച്ച മൂലം പരമ്പരാഗത അറിവുകള്‍ മാറ്റി പ്രതിഷ്ഠിക്കപ്പെടുകയും ദുര്‍ബലമാക്കപ്പെടുകയും ചെയ്യാറുണ്ട്. അതേസമയം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പുതിയ അറിവുകള്‍ അംഗീകരിക്കപ്പെടാതിരിക്കുകയും പരമ്പരാഗതമായവ തന്നെ സ്വീകാരയോഗ്യമായി ഗണിക്കപ്പെടാറുമുണ്ട്. അറിവുല്‍പ്പാദനത്തിലെ ഈ കേവല പ്രതിഭാസത്തെപ്പറ്റി റസ്സല്‍ അടക്കമുള്ളവര്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഇങ്ങനെ അംഗീകരിക്കപ്പെടുകയും ദുര്‍ബലമാക്കപ്പെടുകയും ചെയ്യുന്ന അറിവുകളെ അടയാളപ്പെടുത്താന്‍ പ്രത്യേക സംവിധാനങ്ങള്‍ ഇസ്ലാമിനെ അപേക്ഷിച്ച് ആധുനിക ജ്ഞാനശാസ്ത്രത്തിന് ഇന്നും അന്യമാണ്. ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ കാണപ്പെടുന്ന അറിവിന്റെ സ്വഭാവത്തെ അടയാളപ്പെടുത്തുന്ന റാജിഹ്(പ്രബലം), മര്‍ജൂഹ്(അപ്രബലം), ആം(വ്യാപകാര്‍ഥമുള്ളത്), ഖാസ്സ്വ് (പ്രത്യേകാര്‍ഥമുള്ളത്), നസ്സ്വ് (പ്രതിപാദ്യമായത്), ളാഹിര്‍ (വ്യക്തമായത്) എന്നിങ്ങനെയുള്ള പദ പ്രയോഗങ്ങളുടെ ഉപകാരവും ഉപയോഗവും ഇവിടെയാണ് മനസ്സിലാക്കപ്പെടേണ്ടത്. ഈ ജ്ഞാനശാസ്ത്ര രീതി ഇസ്ലാമില്‍ പ്രചുരപ്രചാരം നേടുകയും രചനകളിലെല്ലാം വ്യാപകമായി ഉപയോഗിച്ചു വരികയും ചെയ്തിട്ടുണ്ട്.
ഇസ്ലാമിക ജ്ഞാനശാസ്ത്രത്തിന്റെ ഏറ്റവും പ്രധാന സവിശേഷതയായി കണക്കാക്കപ്പെടുന്നത് അറിവിന് ദിവ്യത(divinity)യുമായുള്ള ബന്ധമാണ്. വിജ്ഞാന സ്രോതസ്സുകളായ യുക്തിക്കും അനുഭവത്തിനും പുറമെ ദിവ്യ വെളിപാടിനെയും അറിവിന്റെ നിര്‍ണായക ഉറവിടമായി കാണുന്നത് അതിനാലാണ്. Positivism, empiricism തുടങ്ങിയ സൈദ്ധാന്തിക ധാരകള്‍ മുന്നോട്ടുവെക്കുന്ന അനുഭവമാത്ര വാദവും ലോജിക്കും ഇസ്‌ലാമിക ജ്ഞാനശാസ്ത്രത്തിലെ വഹ്‌യിന് കടകവിരുദ്ധമാണ്. ദിവ്യതയുമായുള്ള ഇസ്‌ലാമിക ജ്ഞാനശാസ്ത്രത്തിന്റെ ബന്ധത്തിലെ കാതലായ മറ്റൊരു ഭാഗം അദബ് / ശ്രേഷ്ഠ ഗുണങ്ങള്‍ ആണ്. അറിവിനെക്കാളും സ്ഥാനം അദബിനാണ്. അറിവിനാല്‍ ശ്രേഷ്ഠരായ മലക്കുകളുടെ ഗുരുവായിരുന്ന ഇബ്ലീസ് പിഴച്ചതും ശപിക്കപ്പെട്ടതും അദബില്ലായ്മ കൊണ്ടാണെന്ന വസ്തുതയില്‍ നിന്ന് അറിവിനെക്കാള്‍ അദബിനുള്ള ശ്രേഷ്ഠത മനസ്സിലാക്കാം. അദബില്ലായ്മയാണ് മുസ്ലിം നാഗരികതയുടെ പരാജയത്തിന്റെ നിദാനമെന്ന, പ്രശസ്ത അക്കാദമിക പണ്ഡിതന്‍ സയ്യിദ് നഖീബുല്‍ അത്താസിന്റെ വാക്കുകള്‍ ഇവിടെ ഓര്‍ക്കാം. പഠിച്ചതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ ഇഹപര ലോകത്തുണ്ടാകാന്‍ പോകുന്ന ഫലം, അറിവിനോട് അപമര്യാദയായി പെരുമാറിയാലുണ്ടാകുന്ന വിപത്ത്, അറിവ് നുകരുന്നതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്നിങ്ങനെയുള്ള, ഇസ്ലാമിലെ ജ്ഞാനശാസ്ത്രവുമായി ബന്ധപ്പെട്ട സങ്കല്‍പങ്ങള്‍ ആ ദിവ്യബന്ധത്തിന്റെ ഉദാഹരണങ്ങളില്‍ പെട്ടതാണ്. അറിവ് നുകരുന്നതനുസരിച്ച് അദബും വിനയവും വര്‍ധിക്കണമെന്നും സ്വഭാവ ശുദ്ധിയുണ്ടാകണമെന്നുമാണ് ഇസ്ലാമിന്റെ അധ്യാപനം.
മലേഷ്യന്‍ മുസ്‌ലിം തത്ത്വചിന്തകനായ നഖീബുല്‍ അത്താസ്, ഇസ്ലാമിക വിദ്യാഭ്യാസ സംജ്ഞകളെ കുറിച്ചെഴുതിയ എംപിരിസിസ്റ്റ് സ്‌കൂള്‍ (Empiricist School) എന്ന ഗ്രന്ഥത്തില്‍ ഇസ്ലാമിലെ ജ്ഞാന ശാസ്ത്ര സങ്കല്‍പങ്ങളുടെ വ്യതിരിക്തതയെ കുറിച്ച് സംസാരിക്കുന്നുണ്ട്. ഇസ്ലാമില്‍ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം (content), കൈമാറപ്പെടുന്ന രീതി (process), സ്വീകര്‍ത്താവ് (recipient) എന്നിവ മൂന്നും പ്രധാനപ്പെട്ടതാണെന്നും കൈമാറപ്പെടുന്ന വിദ്യാഭ്യാസത്തിന്റെ മഹത്വമനുസരിച്ച് അതിനോടുള്ള പെരുമാറ്റത്തിലും അന്തരങ്ങളുണ്ടാകുമെന്നും അത്താസ് പറയുന്നു.
അറിവിന്റെ പ്രഭവ കേന്ദ്രങ്ങള്‍ അഥവാ അവ ഉത്ഭവിക്കുന്ന ആദ്യ മാധ്യമങ്ങളെപ്പറ്റി ഇമാം മസ്ഊദുബ്നു ഉമര്‍ തഫ്താസാനി, ശറഹുല്‍ അഖാഇദില്‍ പരിചയപ്പെടുത്തുന്നുണ്ട്. അറിവിന്റെ മാധ്യമങ്ങള്‍ മൂന്നെണ്ണമാണ്: ഒന്ന്, അന്യൂനമായ പഞ്ചേന്ദ്രിയങ്ങള്‍ (ദര്‍ശനം, സ്പര്‍ശനം, ശ്രവണം, രസനം, ഘ്രാണം). രണ്ട്, സത്യസന്ധമായ വാര്‍ത്ത. മൂന്ന്, ധിഷണ. മനുഷ്യന് അറിവ് ലഭിക്കുന്നത് ഈ മൂന്ന് മാധ്യമങ്ങളിലൂടെയാണ് എന്നാണ് ഇസ്ലാമിന്റെ പക്ഷം.
പൊതു ജ്ഞാനശാസ്ത്ര പ്രകാരം അറിവിന്റെ സ്രോതസ്സായി അവബോധം (Intuition), അതോറിറ്റി , അനുഭവജ്ഞാനം (Empirical), യുക്തി (Reason/Logic) തുടങ്ങിയ മാര്‍ഗങ്ങളാണുള്ളത്. ബോധപൂര്‍വമായ യുക്തിയെ ആശ്രയിക്കാതെ, ആത്മനിഷ്ഠമായി, അവബോധജന്യമായി നേടുന്ന അറിവുകളാണ് അവബോധം (Intuition). ആന്തരിക സംവേദനം, അബോധമനസ്സിലെ അറിവുകള്‍, ആന്തരിക ഉള്‍ക്കാഴ്ച എന്നൊക്കെ പറയാം. ആന്തരിക മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ശരിയായ മാര്‍ഗം തെരഞ്ഞെടുക്കാനുള്ള മനസ്സിന്റെ സഹജമായ കഴിവാണത്. സമീപകാല മനഃശാസ്ത്ര പഠനങ്ങളനുസരിച്ച്, പ്രശ്‌നങ്ങള്‍ക്കും തീരുമാനമെടുക്കലിനും ശരിയായ പരിഹാരങ്ങള്‍ അറിയാനുള്ള കഴിവ് അവബോധത്തിനുണ്ടെന്നാണ്.
രണ്ടാമത്തേത് അതോറിറ്റിയാണ്. വിശ്വാസയോഗ്യമായ ഒരു അതോറിറ്റിയില്‍ നിന്ന്, അല്ലെങ്കില്‍ മറ്റൊരാളുടെ ടെസ്റ്റിമോണി (സാക്ഷിത്വം) കളിലൂടെ നമ്മള്‍ നിത്യവും അറിവുകള്‍ നേടുന്നുണ്ട്. ഒരുപക്ഷേ, അറിവ് നേടാന്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നതും സാധാരണവുമായ രീതി അതോറിറ്റിയിലൂടെയാണ്.
അതോറിറ്റിയില്‍ നിന്ന് നേടുന്ന അറിവിന്റെ സാധുതയും വിശ്വാസ്യതയും അതോറിറ്റിയുടെ വിശ്വാസ്യതയെയും അറിവിനെയും ആശ്രയിച്ചിരിക്കും.
അനുഭവജ്ഞാനം (Empirical) നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലൂടെയും അനുഭവത്തിലൂടെയും നേടുന്ന അറിവുകളാണ്. ശാസ്ത്ര പഠനങ്ങളുടെ ഒരു പ്രധാന ഘടകമാണ് അനുഭവജ്ഞാനം. എന്നാല്‍, ഈ രീതിയെ മാത്രം ആശ്രയിക്കുന്നതില്‍ പരിമിതികളുണ്ട്. ആ പരിമിതിയുണ്ട് പടിഞ്ഞാറന്‍ എപിസ്റ്റമോളജിക്ക്. യുക്ത്യധിഷ്ഠിത രീതിയിലും ഈ പരിമിതി സ്വാഭാവികമാണ്.
പടിഞ്ഞാറന്‍ ജ്ഞാന ശാസ്ത്രത്തെ സംബന്ധിച്ചേടത്തോളം ജ്ഞാന മാധ്യമങ്ങള്‍ രണ്ടെണ്ണമാണ്: ഒന്ന്, യുക്ത്യധിഷ്ഠിത രീതി (Rationalist school). രണ്ടാമത്തേത് അനുഭവ മാത്ര രീതി (Empiricist school). ഒന്നാമത്തെ രീതിയുടെ അടിസ്ഥാനം ധിഷണയും രണ്ടാമത്തെ രീതിയുടെ അടിസ്ഥാനം ഇന്ദ്രിയാനുഭവങ്ങളുമാണ്. ഇവിടെ സത്യസന്ധമായ വാര്‍ത്തകള്‍, പരമ്പരാഗതമായ അറിവുകള്‍ അഥവാ Testimony അറിവുകളായി ഗണിക്കപ്പെടുന്നില്ലെന്നര്‍ഥം. പക്ഷേ, ചരിത്രത്തെ അംഗീകരിക്കാന്‍ വേണ്ടി മാത്രം Testimony യെ ജ്ഞാനമായി സ്വീകരിക്കുന്ന അവസരവാദികളായ റാഷനലിസ്റ്റുകളുണ്ട്. ഇത് ആ ജ്ഞാനശാസ്ത്രത്തിന്റെ അടിസ്ഥാന പരിമിതിയാണ്.
ചുരുക്കത്തില്‍, ആധുനിക സെക്യുലര്‍ വിജ്ഞാനീയത്തിന് ഇസ്‌ലാമിന്റെ എപിസ്റ്റമോളജിയെ ഉള്‍ക്കൊള്ളുന്നതില്‍ വലിയ പരിമിതിയുണ്ട്. ആധുനികതയുടെ പടിഞ്ഞാറന്‍ ധാരണകള്‍ക്കപ്പുറമാണ് ഇസ്ലാം പോലുള്ള മതങ്ങളുടെ സാധ്യത എന്ന് ത്വലാല്‍ അസദിനെപ്പോലുള്ള സാമൂഹിക ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നതും അതിനാലാണ്.
Comments