എ.ഇ നസീര്‍
മാധ്യമത്തിന്റെ തുടക്കകാലം മുതല്‍ എക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന എ.ഇ നസീര്‍ സാഹിബ് കഴിഞ്ഞ ജൂണ്‍ 20-ന് അല്ലാഹുവിലേക്ക് യാത്രയായത് നല്ല കുറെ മാതൃകകള്‍ ബാക്കിവെച്ചാണ്. കണക്കെഴുതുന്നതിലും അത് സൂക്ഷിക്കുന്നതിലുമുള്ള സൂക്ഷ്മതയും കൃത്യതയുമാണ് അതില്‍ പ്രധാനം. കണക്ക് കൈകാര്യം ചെയ്യുന്നതിനാല്‍ പത്രത്തിലെ മുഴുവന്‍ ജീവനക്കാരുമായും അദ്ദേഹം അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു. അവരുടെ എല്ലാ സുഖദുഃഖങ്ങളും അറിഞ്ഞ അദ്ദേഹം പ്രയാസങ്ങളില്‍ സാന്ത്വനമാകാന്‍ എപ്പോഴും കൂടെ നിന്നു. പത്രത്തിന്ന് ആരംഭകാലത്തുണ്ടായിരുന്ന സാമ്പത്തിക പരാധീനതകള്‍ക്കിടയിലും ശമ്പളം മുടങ്ങാതെ നല്‍കാനുള്ള അദ്ദേഹത്തെ പോലുള്ളവരുടെ ജാഗ്രത പല സഹപ്രവര്‍ത്തകരും പങ്ക് വെച്ചിട്ടുണ്ട്. മാസത്തിലെ 20-ാം തീയതി പിന്നിട്ടാല്‍ ശമ്പളക്കാര്യം മുഖ്യ ഇഷ്യുവായി അദ്ദേഹം കണ്ടിരുന്നു.
ഇടപാട് തുക നല്‍കുമ്പോള്‍ ആദ്യം കൊടുക്കുക അതിലെ ചില്ലറ തുട്ടുകളാണ്. പിന്നീടാണ് നോട്ടുകള്‍ നല്‍കുക - അതായിരുന്നു കൃത്യതയുടെ രീതി. പിന്നീട് അദ്ദേഹം മാധ്യമം റെസിഡന്റ് മാനേജരായി. ഹെല്‍ത്ത് കെയര്‍ മാനേജരായിരിക്കെയാണ് വിരമിച്ചത്. അതിനു ശേഷം മറ്റൊരു സ്വകാര്യ സ്ഥാപനത്തിലും കാഷ്യറായി. അതിന്റെ ഉടമസ്ഥര്‍ക്കും അദ്ദേഹത്തെ ഏറെ മതിപ്പായിരുന്നു.
തിരുവനന്തപുരം സ്വദേശിയായ നസീര്‍ പത്രത്തിന്റെ തുടക്കം മുതല്‍ താമസം കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു. ആദ്യം വാടക വീട്ടിലായിരുന്നു. പിന്നീട് വെള്ളിമാടുകുന്നില്‍ വീടുവെച്ച് സ്ഥിര താമസമാക്കി. തുടക്കത്തില്‍ കിണാശ്ശേരി ഹല്‍ഖയിലും തുടര്‍ന്ന് വെള്ളിമാടുകുന്ന് ഹല്‍ഖയിലും പ്രവര്‍ത്തിച്ചു. മരണപ്പെടുമ്പോള്‍ മൂഴിക്കല്‍ ഹല്‍ഖയിലെ അംഗമായിരുന്നു. അവിടത്തെയും സാമ്പത്തിക കണക്കുകള്‍ കൈകാര്യം ചെയ്ത ലക്ഷണമൊത്ത ട്രഷറര്‍ ആയിരുന്നു അദ്ദേഹം. ഏരിയയെ ഏല്‍പിക്കേണ്ട വിഹിതം കണക്കാക്കി കവറിലിട്ട് അതിനുമീതെ കവറിനകത്തിട്ട നോട്ടുകളുടെ എണ്ണവും അളവും വരെ കൃത്യമായി രേഖപ്പെടുത്തിയാണ് കണക്ക് കൈമാറുക. ബാക്കി തുക സൂക്ഷിക്കുന്ന കവറിന് മീതെയും ഇതേ കൃത്യത കാണാമായിരുന്നു.
ദൈവഭക്തിയും സൂക്ഷ്മതയും നസീര്‍ സാഹിബിന്റെ അടയാളമായിരുന്നു. തര്‍ബിയത്ത് യോഗങ്ങളില്‍ പുതിയ സൂറഃകളും പ്രാര്‍ഥനകളും പഠിച്ചെടുത്ത് ചൊല്ലിക്കേള്‍പ്പിക്കാന്‍ ഉത്സാഹമായിരുന്നു. ലോലമനസ്‌കനായ അദ്ദേഹം ഏത് ചെറിയ സംശയങ്ങളും ആരുടെ മുമ്പിലും ചോദിച്ചു മനസ്സിലാക്കും. തിരുവനന്തപുരത്ത് പോയി വരുമ്പോള്‍ നമസ്‌കാരം എവിടെ, എപ്പോള്‍ എന്നിവയെല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്താണ് പുറപ്പെടുക. അക്കാര്യം കുടുംബത്തോടും പറഞ്ഞ് ബോധ്യപ്പെടുത്തിയാണ് യാത്ര ആരംഭിക്കുക. അദ്ദേഹത്തിന്റെ മക്കള്‍ക്ക് പിതാവ് എന്നതിനൊപ്പം ഉറ്റ സുഹൃത്തിനെ കൂടിയാണ് നഷ്ടപ്പെട്ടത്. എന്തും തുറന്ന് പറയാന്‍ അദ്ദേഹം അവസരം നല്‍കും. കുടുംബ ബന്ധങ്ങള്‍ ഊഷ്മളമാക്കാനും ഏറെ താല്‍പര്യമെടുത്തിരുന്നു. ഭാര്യ: ഷമീന. മക്കള്‍: അലി മുഫീദ്, മുഅ്മിന, അലി മുഹിബ്ബ്
എം.എസ് ഇബ്‌റാഹീം
ചാലക്കല്‍ ഇസ്‌ലാമിക് സെന്ററിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഹൃദയം തൊട്ട സഹയാത്രികന്‍ എം.എസ് ഇബ്‌റാഹീം അല്ലാഹുവിലേക്ക് യാത്രയായി.
സമ്മേളനവും കല്യാണങ്ങളും വരെ ഒഴിവാക്കി എന്നും ഇസ്‌ലാമിക് സെന്ററിന് കാവല്‍ നിന്ന നിസ്വാര്‍ഥനായ ദീനീ സ്നേഹി. പ്രസ്ഥാനം ചാലക്കല്‍ പ്രദേശത്ത് വേരുറപ്പിച്ച കാലം തൊട്ടേ ആ പാതയില്‍ ഉറച്ചു നിന്ന കരുത്തനായ വിശ്വാസി. ആരോഗ്യമുള്ള കാലം വരെയും തന്റെ സൈക്കിളില്‍ ചാലക്കല്‍ പ്രദേശത്തെ ഊടു വഴികളിലൂടെ സഞ്ചരിച്ച് ആവശ്യക്കാരനെ കണ്ടെത്തി സഹായം എത്തിച്ചിരുന്ന അദ്ദേഹത്തിന് പക്ഷേ, സ്വന്തം ആവശ്യങ്ങളെ കുറിച്ചു പരിഭവങ്ങളില്ലായിരുന്നു.
സ്വന്തം പുരയിടത്തിന്റെ ഒരു ഭാഗം സ്ഥാപനത്തിന് വഴിക്കായി നല്‍കിയ ആ വലിയ മനസ്സിന്റെ ആനന്ദം രാവിലെ തുറക്കുന്ന ഹോസ്റ്റല്‍ ഗേറ്റ് രാത്രി അടച്ച് വീട്ടില്‍ കയറുന്നത് വരെ സ്ഥാപനത്തിന് കാവല്‍ നില്‍ക്കുന്നതിലായിരുന്നു. തന്റെ വീട്ടു മുറ്റത്തിനപ്പുറം അനുദിനം വളര്‍ന്ന സ്ഥാപനത്തെ നോക്കി ആ മനുഷ്യന്‍ നിര്‍വൃതി പൂണ്ടു.
മുറിഞ്ഞു പോകുന്ന ശ്വാസത്തോടെ ബാങ്ക് വിളിക്കുമ്പോഴും അനാരോഗ്യം പറഞ്ഞ് ഒഴിവായില്ല. നമസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് ഏവരും പിരിഞ്ഞു പോയ ശേഷം കണ്ണീരോടെ നാഥനോട് സംവദിക്കുന്ന എം.എസ് ജീവിത പരീക്ഷണങ്ങളുടെ വേവും വേദനയും മറ്റാരോടും പങ്കു വെച്ചില്ല. അഗ്‌നി പരീക്ഷയില്‍ ഉരുകുമ്പോഴും സുസ്മേര വദനനായി ഏവരെയും ചേര്‍ത്തുപിടിക്കാന്‍ കഴിഞ്ഞ സ്‌നേഹത്തിന്റെ നിറകുടമായിരുന്നു അദ്ദേഹം.
ദീര്‍ഘ കാലം രോഗ ശയ്യയിലായിരുന്ന മകള്‍ ഫാത്തിമയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു അവസാന നാളുകളില്‍ ശുശ്രൂഷിച്ചത് കണ്ണീരോടെയാണ് അദ്ദേഹത്തിന്റെ സഹധര്‍മിണി പങ്കു വെച്ചത്. മകളുടെ രോഗം മാനസികമായി തളര്‍ത്തിയപ്പോഴും ചിരിക്കാന്‍ മറക്കാതിരുന്ന ആ മുഖം വിസ്മയം തന്നെയായിരുന്നു.
ഭാര്യ: ഹാജറ. മക്കള്‍: പരേതയായ ഫാത്തിമ, ഹസീന, അലിമോന്‍.
റസിയ ചാലക്കല്‍
പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും
സ്വര്‍ഗത്തില്‍
ഉന്നത സ്ഥാനവും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.
Comments