Prabodhanm Weekly

Pages

Search

2022 ആഗസ്റ്റ് 19

3264

1444 മുഹര്‍റം 21

സരായേവോ:  സംസ്‌കാരങ്ങളുടെ സംഗമ ഭൂമി

 എ. റശീദുദ്ദീന്‍  

യാത്ര /

സരായേവോ നഗരത്തിന്റെ ഹൃദയമാണ് ബസ്‌കാര്‍ഷ്യ. ബസ് എന്നാല്‍ വലിയ, പ്രധാനപ്പെട്ട എന്നൊക്കെയാണ് തുര്‍ക്കി ഭാഷയിലെ അര്‍ഥം. കാര്‍ഷ്യ എന്നാല്‍ മാര്‍ക്കറ്റ്. മലയാളത്തില്‍ പറഞ്ഞാല്‍ സരായേവോ നഗരത്തിന്റെ വലിയങ്ങാടിയാണിത്. ഇംഗ്ലീഷില്‍ ഇത് എഴുതുന്നത് പക്ഷേ 'ബസ്‌കാര്‍സിജാ' എന്നാണ്. ഒരു പ്രത്യേക ശൈലിയില്‍ നിര്‍മിക്കപ്പെട്ട ഒന്നോ രണ്ടോ നിലകള്‍ മാത്രമുള്ള കടകളാണ് ബസ്‌കാര്‍ഷ്യയുടെ ആകര്‍ഷണം. അതിന് പ്രകടമായി തന്നെ പൗരസ്ത്യ ഛായയുണ്ട്. യൂറോപ്പിന്റെ ഭാഷയില്‍ അധിനിവേശക്കാരന്‍ മെഹമെദ് എന്ന മെഹമെദ് രണ്ടാമന്‍ ആണ് 1450-ല്‍ സരായേവോ കീഴടക്കിയത്. ബോസ്നിയയിലെ പ്രഭുക്കന്മാരില്‍ ഒരാളായിരുന്ന ഈസാ ബേഗ് ഇസകോവിച്ച് പിന്നീട് സുല്‍ത്താന്റെ ഏറ്റവുമടുത്ത വിശ്വസ്തരില്‍ ഒരാളായി മാറുകയും ഗവര്‍ണര്‍ പദവിയില്‍ അവരോധിക്കപ്പെടുകയും ചെയ്തു. 1462-ലാണ് ഇസകോവിച്ച് ബസ്‌കാര്‍ഷ്യ പണിതുയര്‍ത്തിയത്. ഗവര്‍ണറുടെ ഭരണപരമായ ഓഫീസും മാര്‍ക്കറ്റും മദ്‌റസയും അന്ന് ബസ്‌കാര്‍ഷ്യയിലായിരുന്നു നിര്‍മിച്ചത്. പഴയ പട്ടണം അഥവാ ബോസ്നിയന്‍ ഭാഷയിലുള്ള 'സ്റ്റാറി ഗ്രേഡി'ന്റെ അപ്രധാനമായ ഒരു ഭാഗം മാത്രമായിരുന്നു ആദ്യ കാലത്ത് ഈ പ്രദേശം.
ഖാസി ഹുസറേവ് ബേഗ് എന്ന ഗവര്‍ണറുടെ കാലത്ത് ബസ്‌കാര്‍ഷ്യ അവിശ്വസനീയമായ വളര്‍ച്ച കൈവരിച്ചു. ഏകദേശം അഞ്ചു പതിറ്റാണ്ടോളം കാലം ഉസ്മാനിയാ കാലഘട്ടത്തിന്റെ മര്‍മകേന്ദ്രമായി സരായേവോവിലെ ഈ മാര്‍ക്കറ്റ് നിലനിന്നു. ബോസ്നിയയിലെത്തുന്ന സഞ്ചാരിയുടെ യാത്ര ബസ്‌കാര്‍ഷ്യ കാണാതെ ഒരിക്കലും പൂര്‍ണമാകുന്നില്ല. 'ലാഹോര്‍ കാണാത്തവന്‍ ജീവിച്ചിട്ടേയില്ല' എന്ന പഞ്ചാബി പഴമൊഴിയെ ഓര്‍മിപ്പിക്കുന്ന മട്ടിലുള്ള ഒരു വാചകം ബസ്‌കാര്‍ഷ്യയില്‍ വരാത്തവരെ കുറിച്ച് ഇവിടെയുള്ളവരും പറയുന്നുണ്ട്. വരുന്നവര്‍ ഈ മാര്‍ക്കറ്റിനു നടുവിലുള്ള സെബില്‍ ജലധാരയില്‍ നിന്ന് വെള്ളം കുടിച്ചു വേണം മടങ്ങാന്‍. എങ്കില്‍ നിങ്ങള്‍ക്ക് പിന്നെയും സരായേവോവിലേക്ക് തിരികെ വരാനുള്ള ഭാഗ്യമുണ്ടാകുമത്രെ.
ഖാസി ഹുസ്റേവിന്റെ മസാറിനരികിലൂടെ നടന്നു വരുമ്പോള്‍ ബസ്‌കാര്‍ഷ്യയുടെ ചരിത്രത്തെ കാല്‍പ്പനികമായി അടയാളപ്പെടുത്തുന്ന ഒരിടമുണ്ട്. രണ്ട് നാഗരികതകള്‍ എന്ന നിലയില്‍ പടിഞ്ഞാറിന്റെയും കിഴക്കിന്റെയും സംഗമ സ്ഥാനം ഈ നടപ്പാതയില്‍ ഒരിടത്ത് അടയാളപ്പെടുത്തി വെച്ചതു കാണാം. കിഴക്ക് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ഒരുപക്ഷേ ഇന്നത്തെ മിഡില്‍ ഈസ്റ്റ് മേഖലയെ ആയിരിക്കണം. കൃത്യമായി ഇവിടം തൊട്ടാണോ മിഡില്‍ ഈസ്റ്റിന്റെ തുടക്കം എന്നൊന്നും ചോദിക്കുന്നതില്‍ അര്‍ഥമില്ല. സംസ്‌കാരങ്ങളുടെ വേര്‍തിരിവ് എന്ന നിലയില്‍ പ്രതീകാത്മകമായൊരു അതിര്‍ത്തിയാണത്. പക്ഷേ, ഈ അതിര്‍ത്തിയുടെ അങ്ങേപ്പുറത്താണ് സരായേവോയിലെ ആസ്ത്രോ-ഹങ്കേറിയന്‍ വാസ്തുശില്‍പ്പ മാതൃകയിലുള്ള പ്രധാനപ്പെട്ട കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. എന്നുവെച്ച് അപ്പുറത്തുള്ളത് മുഴുവന്‍ യൂറോപ്യന്‍ മാതൃകയിലും ഇപ്പുറത്തേത് തുര്‍ക്കിഷ് മാതൃകയിലുമാണെന്നും ധരിക്കരുത്. നഗരത്തിലെ ചരിത്രപ്രാധാന്യമുള്ള രണ്ട് ചര്‍ച്ചുകള്‍ സ്ഥിതി ചെയ്യുന്നതും പാശ്ചാത്യന്‍ ഭാഗത്താണ്. പക്ഷേ, ഇക്കാരണം കൊണ്ടുമാത്രം ഈ അതിരിനെ മതപരമായി വേര്‍തിരിക്കുന്നതിലും അര്‍ഥമില്ല. ഏറിയാല്‍ നഗരത്തിന്റെ ബഹുസ്വരതയെ സൂചിപ്പിക്കുന്ന ഒരു പ്രതീകം മാത്രമാണ് ഈ അതിര്‍ത്തി.
ഓര്‍ത്തഡോക്സ്, കാത്തോലിക്, ജൂത, ഇസ്ലാം മതങ്ങളുടെ സംഗമസ്ഥാനമാണത്. ഈ സമൂഹങ്ങളുടെയെല്ലാം സംഭാവനകളും നഗരത്തിന്റെ വളര്‍ച്ചയുടെയും തകര്‍ച്ചയുടെയും പിന്നിലുണ്ട്. സംസ്‌കാരങ്ങളുടെ സംഗമഭൂമിയായിരുന്നു സരായേവോ. അതുകൊണ്ടാണ് ഈ നഗരം യൂറോപ്പിന്റെ ജറൂസലം ആയി അറിയപ്പെട്ടത്. സരായേവോ നഗരത്തെ ചുട്ടുചാമ്പലാക്കിയ റാഡോവാന്‍ കരാദ്സിച്ച് എന്ന സെര്‍ബ് വംശീയ ഭീകരന്‍ ഇതേ നഗരത്തില്‍ പഠിച്ചുവളര്‍ന്ന ഒരു ഡോക്ടറായിരുന്നു. ഓര്‍ത്തഡോക്സ് വംശീയതയുടെ രാഷ്ട്രീയം കളിച്ച് അവിഭക്ത സെര്‍ബിയയുടെ പ്രസിഡന്റായി മാറിയ കാലത്താണ് കരാദ്സിച്ച് നഗരത്തെ ചുട്ടെരിച്ചത്. സരായേവോ നഗരത്തെ അതിനു ചുറ്റുമുള്ള മലകളില്‍ നിന്ന് നോക്കിക്കാണുമ്പോള്‍ പ്രത്യേകിച്ച് ഒരു വ്യത്യാസവും കാണാനാവില്ല. ട്രെബേവിച്ച് മലയുടെ മുകളിലേക്ക് നിങ്ങളെ കൊണ്ടുപോകുന്ന കേബിള്‍ കാര്‍ നഗരത്തിന്റെ വലിയ ആകര്‍ഷണം കൂടിയാണ്. ഒരു കിലോമീറ്ററിലധികം ദൈര്‍ഘ്യമുണ്ട് ഈ യാത്രക്ക്. അവിടെ നിന്ന് താഴേക്ക് നോക്കിയാല്‍ ഓട്  പതിച്ച വില്ലകള്‍ നഗരത്തിന്റെ ഒരു ഭാഗത്തും ബഹുനില കെട്ടിടങ്ങള്‍ മറുഭാഗത്തുമായി വേര്‍തിരിഞ്ഞ് നില്‍ക്കുന്നത് കാണാമെന്നതൊഴിച്ചാല്‍ മറ്റൊരു വ്യത്യാസവും നഗരത്തിനുള്ളതായി അനുഭവപ്പെടില്ല.
ബസ്‌കാര്‍ഷ്യയുടെ അതിര്‍ത്തിയിലാണ് സുല്‍ത്താന്റെ മസ്ജിദ്. മില്‍യാക്കാ നദിയുടെ മറുകരയിലാണത്. ഈ പള്ളിയില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന ദൂരത്താണ് ഒന്നാം ലോക യുദ്ധത്തിന് തുടക്കം കുറിച്ച പഴയ പാലം. ഫെര്‍ഡിനാന്റ് രാജകുമാരനും പത്നി സോഫിയയും കൊല്ലപ്പെട്ട വെടിവെപ്പ് നടന്നത് ഈ പാലത്തില്‍ വെച്ചാണ്. സുല്‍ത്താന്‍ ചാമി എന്നറിയപ്പെടുന്ന പള്ളി പില്‍ക്കാലത്ത് പലതവണ പുനര്‍നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ഇസകോവിച്ച് ബസ്‌കാര്‍ഷ്യ പണികഴിപ്പിക്കുന്നതിനു രണ്ട് വര്‍ഷം മുമ്പെ, അതായത് 1460-ല്‍ സരായേവോ തിരിച്ചുപിടിക്കാന്‍ ഹങ്കറിയുടെ പട്ടാളം കനത്ത ആക്രമണം അഴിച്ചുവിട്ടിരുന്നു. അതിനെ അതിജയിച്ചതോടെയാണ് ഈ പ്രദേശം പൂര്‍ണമായി തുര്‍ക്കിയുടെ നിയന്ത്രണത്തിന്‍ കീഴില്‍ വന്നത്. ക്രമേണ ബാല്‍ക്കന്‍ മേഖലയിലെ ഏറ്റവും വലിയ പട്ടണമായി സരായേവോ നഗരം മാറി.
19-ാം നൂറ്റാണ്ടിലെ കണക്കുകളില്‍ പോലും ബെല്‍ഗ്രേഡിനെക്കാളും സഗ്രിബിനെക്കാളും നാലു മുതല്‍ അഞ്ച് വരെ മടങ്ങ് കൂടുതല്‍ ജനവാസം സരായേവോ നഗരത്തിലുണ്ടായിരുന്നു. ഉസ്മാനിയാ ഭരണകാലത്ത് നിരവധി ക്രിസ്തുമത വിശ്വാസികള്‍ ഇസ്ലാം സ്വീകരിച്ചതായാണ് ചരിത്രം പറയുന്നത്. ഇവാന്റെ മകന്‍ മുഹമ്മദ് എന്നും മറ്റുമുള്ള പേരുകള്‍ അന്നത്തെ ചരിത്ര രേഖകളില്‍ കാണാനാവും. മധ്യകാല യുഗത്തിലെ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുടെ ക്രൂരതകള്‍, ബോസ്നിയന്‍ ചര്‍ച്ചിന് പ്രദേശത്തെ ജനങ്ങളുടെ പിന്തുണ പൂര്‍ണമായും ഇല്ലാതാക്കുകയും മതവിശ്വാസം ജനങ്ങളില്‍ പേരിനു മാത്രമായി ചുരുങ്ങുകയും ചെയ്തിരുന്നു. ബോസ്നിയ കേന്ദ്രീകരിച്ച് പുണ്യവാളന്മാരോ ശക്തമായ സഭാനേതൃത്വമോ ചര്‍ച്ചിന് ഉണ്ടായിരുന്നില്ല. ബോഗോമിലിസം എന്നറിയപ്പെട്ട ക്രിസ്തുമതത്തിന്റെ ഒരു തരം കള്‍ട്ട്  വിശ്വാസമാണ് ഒടുവില്‍ ബാക്കിയുണ്ടായിരുന്നത്. ഉസ്മാനിയാ ചക്രവര്‍ത്തിമാര്‍ സരായേവോ പിടിച്ചടക്കിയതിനു ശേഷമുള്ള കാലത്ത് യൂറോപ്യന്‍ ക്രൈസ്തവതയുടെ അടിച്ചമര്‍ത്തലില്‍ നിന്ന് കുതറിച്ചാടാനുള്ള ആദ്യത്തെ അവസരം തന്നെ ബോസ്നിയന്‍ ജനത ഉപയോഗിച്ചു. ഇസകോവിച്ചിലൂടെ തുര്‍ക്കി സുല്‍ത്താന്‍ തുടക്കമിട്ട പുതിയ ഭരണം കുറെക്കൂടി സ്വതന്ത്രവും നീതിപൂര്‍ണവുമായിരുന്നു. ക്രിസ്തുമതത്തിന്റെ സ്വാധീനം കാലക്രമത്തില്‍ അപ്രത്യക്ഷമാവുകയും 100 വര്‍ഷം കൊണ്ട് ബോസ്നിയയില്‍ ഇസ്ലാം ഭൂരിപക്ഷ മതമായി മാറുകയും ചെയ്തു. ഇന്ന് നഗരത്തില്‍ കാണുന്ന ചര്‍ച്ചുകള്‍ ഉസ്മാനിയാ കാലഘട്ടത്തിന് ശേഷം ഉണ്ടായവയാണ്.
ദീര്‍ഘവീക്ഷണത്തോടെയാണ് ഖാസി ഹുസ്റാവ് സരായേവോ നഗരത്തെ വളര്‍ത്തിയെടുത്തത്. ഹങ്കറിയിലേക്കും ക്രൊയേഷ്യയിലേക്കും മോണ്ടിനെഗ്രോവിലേക്കും ഇസ്ലാം പ്രചരിച്ചത് ഹുസ്റേവിന്റെ കാലത്താണ്. ഖാസി ഹുസ്റേവ് നഗരത്തില്‍ സ്ഥാപിച്ച മദ്‌റസ ബാല്‍ക്കന്‍ മേഖലയിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി വികസിച്ചു. കച്ചവടവും വിദ്യാഭ്യാസവുമായിരുന്നു അദ്ദേഹം ഊന്നല്‍ നല്‍കിയ മേഖലകള്‍. ബസ്‌കാര്‍ഷ്യയില്‍ കടകള്‍ ഉണ്ടാക്കുന്നവര്‍ക്ക് ഹുസ്റേവ് നല്‍കിയ സാമ്പത്തിക പിന്തുണ സരായേവോ നഗരത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് വ്യാപാരം നടത്തുന്നവര്‍ക്ക് നല്‍കാറുണ്ടായിരുന്നില്ല. നദിക്കു കുറുകെ പാലം പണിതും സഞ്ചാരികള്‍ക്ക് സത്രം നിര്‍മിച്ചും വിദ്യാര്‍ഥികള്‍ക്കായി പാഠശാലയും ലൈബ്രറിയുമുണ്ടാക്കിയും ചരിത്ര പ്രധാനമായ നിരവധി നിര്‍മാണ പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിച്ചുമാണ് 15-ാം നൂറ്റാണ്ടിലെ ഈ ഗവര്‍ണര്‍ നഗരത്തിന്റെ പിതാവായി മാറിയത്. ചെറിയൊരു കാലമേ അദ്ദേഹം ഗവര്‍ണറായി ജീവിച്ചിരുന്നുള്ളൂ. മോണ്ടിനെഗ്രോയില്‍ നടന്ന ഒരു യുദ്ധത്തില്‍ ഹുസ്റേവ് രക്തസാക്ഷിയായി.
അദ്ദേഹത്തിന്റെ പേരിലുള്ള ബസ്‌കാര്‍ഷ്യയിലെ മസ്ജിദ് ഉസ്മാനിയാ മാതൃകയില്‍ ഇന്ന് ബോസ്നിയയിലുള്ള ഏറ്റവും മനോഹരമായ നിര്‍മിതിയാണ്. ഹുസ്റേവിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്ന മ്യൂസിയവും ഇവിടെയുണ്ട്. ഈ മസ്ജിദിനോട് ചേര്‍ന്നാണ് നഗരത്തിന്റെ സമയഗോപുരമായ സാഹത്ത് കുല. ചന്ദ്രസമയം അടയാളപ്പെടുത്തുന്ന ലോകത്തെ ഒരേയൊരു ക്ലോക്ക് ഇതായിരിക്കും. അതുകൊണ്ടുതന്നെ ഇതിലെ സമയം പലപ്പോഴും സഞ്ചാരികളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ഈ സമയക്രമം എന്തെന്ന് വിശദീകരിക്കുന്ന ഒരു ചാര്‍ട്ട് മസ്ജിദിനു മുമ്പിലുണ്ട്. ഒരു കാലത്ത് 21 സമയഗോപുരങ്ങള്‍ ഉണ്ടായിരുന്ന നഗരമാണ് സരായേവോ. അവയില്‍ മിക്കവയും പില്‍ക്കാലത്ത് നശിപ്പിക്കപ്പെട്ടു. ഹുസറേവിന്റെ പേരില്‍ അറിയപ്പെടുന്ന മസ്ജിദിന്റെ പ്രധാന കവാടത്തിന് സമീപം ഉണ്ടാക്കിയ ജലധാരയുടെ മുകള്‍ ഭാഗവും കാണേണ്ട ശില്‍പ്പചാതുരിയാണ്. തുര്‍ക്കിയിലെ പള്ളികളില്‍ പൊതുവെ കാണുന്ന രീതിയില്‍ മാര്‍ബിളിന്റെ അലങ്കാരപ്പണികളാണ് പള്ളിയുടെ മുഖ്യ കവാടത്തിലുള്ളത്. ഈ പള്ളിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മൈക്കിന്റെ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നുണ്ടെങ്കിലും പള്ളിയുടെ മിനാരത്തില്‍ കയറിനിന്നാണ് ഇപ്പോഴും ബാങ്കു വിളിക്കുന്നത്. നഗരം മുഴുവനും കാണാവുന്ന അത്രയും ഉയരമുണ്ട് ഈ മിനാരത്തിന്.
സരായേവോ കീഴടക്കാനായി യൂറോപ്യന്‍ രാജാക്കന്മാര്‍, പ്രത്യേകിച്ച് ഹങ്കേറിയും ആസ്ത്രിയയും പില്‍ക്കാലത്തും പടനീക്കങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. ഈ ആക്രമണങ്ങളിലൊക്കെയും സുല്‍ത്താന്റെ മസ്ജിദിന് കേടുപാടുകള്‍ സംഭവിച്ചു. സുലൈമാന്‍ ചക്രവര്‍ത്തിയുടെ കാലത്താണ് ഇപ്പോഴുള്ള അതിമനോഹരമായ പള്ളി നിര്‍മിക്കപ്പെട്ടത്. അതേസമയം ബസ്‌കാര്‍ഷ്യയിലെ ആദ്യത്തെ പള്ളി ഇതായിരുന്നില്ല. 1526-ല്‍ പണികഴിപ്പിക്കപ്പെട്ട മുസ്ലിഹുദ്ദീന്‍ സെക്രേഷ്യയും 1528-ല്‍ നിര്‍മിച്ച ഹവാദ്സ ദുറാക് എന്ന ബസ്‌കാര്‍ഷ്യ മസ്ജിദുമാണ് നഗരത്തിലെ ആദ്യകാല ആരാധനാലയങ്ങള്‍. ഇവ രണ്ടും ഇപ്പോഴും ബാക്കിയുണ്ട്. ഹവാദ്സ ദുറാക് മാര്‍ക്കറ്റ് ചത്വരത്തിന്റെ നടുവിലാണ് സ്ഥിതിചെയ്യുന്നത്. മുന്‍ഭാഗത്ത് രണ്ട് പോപ്ളാര്‍ മരങ്ങളും ചുറ്റിലും റോസാച്ചെടികളുമൊക്കെയുള്ള മനോഹരമായ ഒരു കൊച്ചു പള്ളിയാണിത്. മാര്‍ക്കറ്റിലെത്തുന്ന കച്ചവടക്കാര്‍ ഒരു കാലത്ത് തമ്പടിച്ചിരുന്നത് ഈ പള്ളിയോടു ചേര്‍ന്നാണ്. അതിന്റെ തൊട്ടു പിറകിലുള്ള കാസന്‍സിലൂക്ക് തെരുവ് കഴിഞ്ഞ എത്രയോ നൂറ്റാണ്ടുകളായി കൊല്ലന്മാരുടേതാണ്. വെള്ളിപ്പാത്രങ്ങളും ആഭരണങ്ങളും അലങ്കാര വസ്തുക്കളും പിഞ്ഞാണപ്പാത്രങ്ങളും പുകയിലയുമൊക്കെയാണ് പ്രധാനമായും ഈ മാര്‍ക്കറ്റിലുള്ളത്.
തൊട്ടടുത്ത ഗലിയിലാണ് ബസ്‌കാര്‍ഷ്യയുടെ ഏറ്റവും വലിയ ആകര്‍ഷണമായ ബേക്കറികളുള്ളത്. ഈ ഇടവഴികളിലൂടെ, നടക്കുമ്പോള്‍ പലതരം ഭക്ഷണപദാര്‍ഥങ്ങളുടെ പ്രത്യേകിച്ചും ബോസ്നിയന്‍ കബാബിന്റെയും കോഫിയുടെയും കൊതിപ്പിക്കുന്ന ഗന്ധം തിങ്ങിനിറയുന്നുണ്ടാവും. രണ്ടോ മൂന്നോ ബോസ്നിയന്‍ മാര്‍ക്ക് കൊടുത്താല്‍ ചെമ്പുകൊണ്ടുണ്ടാക്കിയ മൊന്തയില്‍ ഒരു കഷണം ലോക്കുമിന്റെ കൂടെ ഒന്നാന്തരം കോഫി കിട്ടും. ബോസ്നിയയുടെ നാണയമാണ് മാര്‍ക്ക്. ദിര്‍ഹവുമായി തട്ടിച്ചു നോക്കിയാല്‍ മാര്‍ക്കിന് ഇരട്ടി വിലയുണ്ട്. അതായത്, ഒരു ബോസ്നിയന്‍ മാര്‍ക്കിന് രണ്ട് ദിര്‍ഹം വില. ഇന്ത്യന്‍ കണക്കില്‍ നോക്കിയാല്‍ ഇതെഴുതുന്ന ദിവസം 41 രൂപ. ബോസ്നിയന്‍ പിദയും കെബാബുമൊക്കെ നിങ്ങളുടെ പോക്കറ്റിനിണങ്ങുന്ന വിലയ്ക്ക് ഇവിടെ കിട്ടും. ഓരോ കടയുടെ പുറത്തും അവരുടെ ഭക്ഷണങ്ങളുടെ വില എഴുതി തൂക്കുന്ന രീതിയാണ് ഇവിടെയുള്ളത്. മെനു വായിച്ചു നോക്കി സൗകര്യമുണ്ടെങ്കില്‍ മാത്രം അകത്തു കയറിയാല്‍ മതി. തുര്‍ക്കിക്കാരുടെ ഹല്‍വ മിഠായിയാണ് ലോക്കും. റസ്റ്റാറന്റുകളുടെ അകത്തേക്ക് കയറുന്നതിനെക്കാള്‍ ആഹ്ലാദകരമാണ് കോഫിഷോപ്പുകളില്‍ നിന്ന് പുറത്തേക്ക് വലിച്ചുകെട്ടിയ പന്തലിലിരുന്ന് കോഫി രുചിക്കുന്നത്.
ഏതാണ്ടെല്ലാ ബാല്‍ക്കന്‍ നഗരങ്ങളുടെയും പൊതു സവിശേഷതയാണ് ഐസ്‌ക്രീമുകള്‍. തുര്‍ക്കിയിലെ കഹര്‍മാന്‍ മറാഷിനെ പോലുള്ള നഗരങ്ങളുടെ അടയാളം തന്നെ അവിടത്തെ പ്രശസ്തമായ ഐസ്‌ക്രീം ഷോപ്പുകളാണ്. തനതായ പലതരം രുചികളിലും വര്‍ണങ്ങളിലുമുള്ള പലതരം ഐസ്‌ക്രീമുകള്‍ ഈ നഗരങ്ങളിലുണ്ട്. തുര്‍ക്കിയിലെ അങ്ങാടികളില്‍ ഐസ്‌ക്രീം വില്‍ക്കുന്നവര്‍ വാങ്ങാനെത്തുന്നവരെ അല്‍പ്പസമയം വട്ടംചുറ്റിച്ചാണ് ഒടുവില്‍ അത് കൈയിലേക്ക് തരുന്നത്. പലപ്പോഴും കൈയിലേക്കെത്തിയെന്ന് നമുക്ക് തോന്നുമ്പോഴും വില്‍പ്പനക്കാരന്റെ നീളന്‍ വടിയുടെ അറ്റത്തു നിന്നും അത് വേര്‍പ്പെട്ടിട്ടുണ്ടാവില്ല. ബോസ്നിയയില്‍ പക്ഷേ, അത്തരം വിദ്യകള്‍ കാണിക്കുന്നവരെ കണ്ടില്ല. അതേസമയം ഏത് തെരുവിലും ഏത് സമയത്തും ഐസ്‌ക്രീം വില്‍ക്കുന്നവരെ കാണാനാവും. ഏറ്റവും ചുരുങ്ങിയത് പത്ത് വ്യത്യസ്ത ഇനങ്ങളെങ്കിലും നിരത്തിവെക്കാത്ത ഒറ്റ ഷോപ്പു പോലും സരായേവോവില്‍ കണ്ടിട്ടില്ല. മലയാളികളുടെ ദൗര്‍ബല്യങ്ങളിലൊന്നായ ചായ കുടി പക്ഷേ, ബോസ്നിയയില്‍ ചെല്ലുമ്പോള്‍ നിര്‍ത്തിവെക്കേണ്ടി വരും. കട്ടന്‍ ലഭിക്കുമെങ്കിലും തുര്‍ക്കി, ബോസ്നിയ, അല്‍ബേനിയ, കൊസോവോ, ബള്‍ഗേറിയ മുതലായ രാജ്യങ്ങളിലൊന്നും തന്നെ പാലൊഴിച്ച ചായ റസ്റ്റാറന്റുകളില്‍ കിട്ടില്ല. 
യൂറോപ്യന്‍ രാജ്യങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ പൊതുവെ അനുഭവപ്പെടുന്ന പ്രശ്നങ്ങളിലൊന്നാണ് ഹലാല്‍ ഭക്ഷണങ്ങളുടെ ലഭ്യതക്കുറവ്. ബോസ്നിയയില്‍ വലിയൊരളവില്‍ ഈ പ്രശ്നം ഉണ്ടായിരുന്നില്ല. പന്നിയിറച്ചിയും ബീഫും കൂട്ടിക്കലര്‍ത്തുന്ന പതിവ് ബോസ്നിയയില്‍ ഇല്ല. ഹിജാബും മറ്റും ധരിക്കുന്നവരുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും ബോസ്നിയാക്കുകളുടെ 78 ശതമാനവും മതചിട്ടകള്‍ പാലിക്കുന്നവരാണെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍, സരായേവോവിലെ മസ്ജിദുകളില്‍ നമസ്‌കാരങ്ങളില്‍ പങ്കെടുക്കാനെത്തുന്നതിന്റെ മഹാഭൂരിപക്ഷവും  വൃദ്ധരാണ്. പ്രഭാത നമസ്‌കാരത്തിലാകട്ടെ വളരെ ശുഷ്‌കിച്ച അവസ്ഥയാണ് മിക്ക നഗരങ്ങളിലും കാണാനാവുക. അതേസമയം അവിടത്തെ ജനജീവിതത്തില്‍ ഇസ്ലാമിന്റേതായ ഒരുതരം ആന്തരിക ചൈതന്യം അനുഭവപ്പെടുന്നുമുണ്ട്. തുര്‍ക്കിയെ അപേക്ഷിച്ച് നോക്കുമ്പോള്‍ പിടിച്ചുപറിയും വഞ്ചനയും ബോസ്നിയയില്‍ തീരെ അനുഭവപ്പെടുന്നില്ല. തുര്‍ക്കിയുടെ ആത്മാവില്‍ നിന്ന് ഇസ്ലാമിക സംസ്‌കാരം നഷ്ടപ്പെട്ടുവെന്ന് അന്നാട്ടിലെ തെരുവുകളിലൂടെ നടക്കുമ്പോള്‍ വളരെയെളുപ്പത്തില്‍ നമുക്ക് ബോധ്യപ്പെടും. സാധാരണ ഗതിയില്‍ 30 ലിറ കൊടുത്താല്‍ കിട്ടുന്ന ഭക്ഷണത്തിന് 120 ലിറ ചോദിച്ച ഒരുത്തനോട് ഞാന്‍ വെറുതെ തിരക്കി, എന്താണ് അവന്റെ കടയില്‍ മാത്രം ഭക്ഷണത്തിന് ഇത്രയും വിലയെന്ന്.  അയാള്‍ പറഞ്ഞ മറുപടി, 'ഞാന്‍ ഇത്രയും കാലം ഇന്ത്യയിലെ പ്രശസ്തനായ കുക്കായിരുന്നതു കൊണ്ട് അവിടെ നിന്നും എന്റെ കടയന്വേഷിച്ച് ധാരാളം പേര്‍ വരുന്നുണ്ട്. അവര്‍ക്കൊക്കെ വലിയ ഇഷ്ടമാണ് എന്റെ ഭക്ഷണം' എന്നാണ്. ഇബ്‌റാഹീം നബിയെ നംറൂദ് തീക്കുണ്ഡത്തില്‍ എറിഞ്ഞതെന്ന് വിശ്വസിക്കുന്ന സാന്‍ലി ഉര്‍ഫയിലെ ദര്‍ഗയുടെ മുന്നിലാണ്, കച്ചവടത്തിന്റെ അടിസ്ഥാനപരമായ ഇസ്ലാമിക മര്യാദകള്‍ പോലും ലംഘിച്ച് ഇയാള്‍ ഹോട്ടലും തുറന്നുവെച്ച് ഇരിക്കുന്നുണ്ടായിരുന്നത്.
തുര്‍ക്കിയിലേതു പോലെ ഭക്ഷണ വൈവിധ്യം ഇല്ലെങ്കിലും ഇടപാടുകളുടെ കാര്യത്തില്‍ ബോസ്നിയ വളരെയേറെ ഭേദമായിരുന്നു. നമ്മുടെ നാട്ടിലെ പൊറാട്ടയും ബീഫും കഴിക്കുന്നതിന് തുല്യമാണ് അന്നാട്ടുകാരുടെ പിദ എന്ന ഭക്ഷണം. സമൂസയോടോ പഫിനോടോ ഒക്കെ ഇതിന് നിര്‍മാണ കലയില്‍ ബന്ധമുണ്ട്. ഉപ്പും കുരുമുളകും അല്‍പ്പം ഗരംമസാലയും ചേര്‍ത്ത് അരച്ചെടുത്ത ബീഫ്, പരത്തിയെടുത്ത മൈദയുടെ അകത്ത് വെച്ച് ചുരുട്ടിയെടുത്ത് കനലില്‍ ചുട്ടെടുക്കുന്നതാണ് പിദ. ഉരുളക്കിഴങ്ങിന്റെയും ചീസിന്റെയുമൊക്കെ പലതരം പിദകള്‍ ബാല്‍ക്കന്‍ രാജ്യങ്ങളിലുടനീളം ലഭ്യമാണ്. സെര്‍ബിയയില്‍ പക്ഷേ, പിന്നിയിറച്ചി ചേര്‍ക്കാത്ത പിദ കിട്ടുക എളുപ്പമല്ല.
പകുതി തുര്‍ക്കിയുടെയും പകുതി യൂറോപ്പിന്റെയും ഘടനയിലാണ് ഇന്ന് നഗരം. ആസ്ട്രോ -ഹങ്കേറിയന്‍ ഭരണത്തിന്‍ കീഴിലായിരുന്ന കാലത്ത് സരായേവോ നഗരത്തെ യൂറോപ്യന്‍ മാതൃകയിലേക്ക് മാറ്റാന്‍ ചില ആസൂത്രിത നീക്കങ്ങളും നടന്നിരുന്നു. ആ പദ്ധതി പക്ഷേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. യൂഗോസ്ലാവിയന്‍ കാലഘട്ടത്തിലും കാര്യമായ മാറ്റത്തിരുത്തലുകളൊന്നും സരായേവോവിന് സംഭവിച്ചിട്ടില്ല. മാര്‍ഷല്‍ ടിറ്റോയുടെ കാലം മുസ്ലിംകളെ സംബന്ധിച്ചേടത്തോളം താരതമ്യേന സൗഹാര്‍ദപരമായിരുന്നു. പക്ഷേ, യുദ്ധമാണ് അവരെ സ്വന്തം യാഥാര്‍ഥ്യങ്ങളെ കുറിച്ച് ആഴത്തിലുള്ള ബോധ്യം സൃഷ്ടിച്ചത്. മുമ്പെന്നത്തെക്കാളും ഇന്ന് പൊതുജീവിതത്തില്‍ മുസ്ലിം സാന്നിധ്യം അനുഭവപ്പെടുന്നുണ്ട്. രാജ്യത്തെ മുസ്ലിം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ 80 ശതമാനവും '92-ലെ യുദ്ധത്തില്‍ നശിപ്പിക്കപ്പെട്ടിരുന്നു. ഇവ പിന്നീട് സുഊദി അറേബ്യയും തുര്‍ക്കിയും മറ്റു മുസ്ലിം രാജ്യങ്ങളുമൊക്കെ പുനര്‍നിര്‍മിക്കുകയാണുണ്ടായത്. സുല്‍ത്താന്‍ മസ്ജിദിനും ഖാസി ഹുസ്‌േറവ് മസ്ജിദിനും പുറമെ യായ്സെയിലെ പഴയ പള്ളി, ബന്യാലൂക്കയിലെ ഫര്‍ഹത്ത് പാഷ മസ്ജിദ്, ഫോക്കയിലെ അലസ്ദ മസ്ജിദ് തുടങ്ങിയ ചരിത്രപ്രാധാന്യമുള്ള പള്ളികളടക്കം 3200-ലേറെ ആരാധനാലയങ്ങളാണ് യുദ്ധകാലത്ത് തകര്‍ക്കപ്പെട്ടത്. വളരെ ആസൂത്രിതമായ ആക്രമണങ്ങളായിരുന്നു അന്ന് നടന്നത്. സരായേവോ നഗരം രാവും പകലുമില്ലാതെ ഡ്രാഗോമിര്‍ മിലോസെവിച്ചും കൂട്ടരും ബോംബിട്ട് തകര്‍ത്തപ്പോഴും ബസ്‌കാര്‍ഷ്യയിലെ വലിയ ബസിലിക്കയെയോ നാറ്റിവിറ്റി ഓഫ് തിയോറ്റോക്കോസ് ചര്‍ച്ചിനെയോ സെര്‍ബിയന്‍ മിസൈലുകള്‍ ഒരിക്കലും ഉന്നം വെച്ചതുമില്ല. ഒരു മിനാരം പോലും നഗരത്തില്‍ ഉയര്‍ന്നുകാണരുതെന്നായിരുന്നു അവരുടെ ലക്ഷ്യം!
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ- 1-4

ഹദീസ്‌

ഇഹലോകത്തെ രക്ഷാ ശിക്ഷകള്‍
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്