Prabodhanm Weekly

Pages

Search

2022 ആഗസ്റ്റ് 19

3264

1444 മുഹര്‍റം 21

'അല്‍ഖാഇദ' അയ്മന്‍ സവാഹിരിക്ക് ശേഷം

ഹസന്‍ അബൂ ഹനിയ്യ

അല്‍ഖാഇദാ തലവന്‍ അയ്മന്‍ സവാഹിരിയെ വധിച്ചത് അമേരിക്കയുടെ 'ഭീകരതാ വിരുദ്ധ' യുദ്ധം നേടിയ വിജയങ്ങളിലൊന്നാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ആ യുദ്ധം അമേരിക്കന്‍ മേധാവിത്വം നിലനിര്‍ത്താനും അരക്കിട്ടുറപ്പിക്കാനുമുള്ള ഏര്‍പ്പാടാണല്ലോ. പക്ഷേ, ആ വിജയം കേവലം സാങ്കേതികവും പ്രതീകാത്മകവും താല്‍ക്കാലികവും നിലനില്‍ക്കാത്തതുമാണ്. അയ്മന്‍ സവാഹിരി രോഗിയും വളരെ ക്ഷീണിതനുമായിരുന്നു. വയസ്സ് 71 പിന്നിട്ടു. അല്‍ഖാഇദാ സംഘമാകട്ടെ 9/11-ന് ശേഷം അതിന്റെ കേന്ദ്രീകരണം നഷ്ടപ്പെട്ട് തികച്ചും വികേന്ദ്രിതമായിത്തീര്‍ന്നിരുന്നു. അതിന്റെ ഒളിപ്പോര് സംഘങ്ങള്‍ വിവിധ നാടുകളിലായി ചിതറിക്കിടക്കുകയാണ്. അതിനാല്‍, ഓരോരോ ദേശങ്ങളിലായി നിലയുറപ്പിച്ചിട്ടുള്ള ഈ വികേന്ദ്രിത അല്‍ഖാഇദാ സംഘങ്ങളുടെ ദൈനംദിന ഓപറേഷനുകളെ സവാഹിരിയുടെ വധം ഒരു നിലക്കും ബാധിക്കാന്‍ പോകുന്നില്ല. പ്രത്യേകിച്ച്, ഇപ്പോള്‍ അത്തരം അല്‍ഖാഇദാ ഗ്രൂപ്പുകള്‍ ഏറ്റവും സജീവമായിരിക്കുന്നത് ആഫ്രിക്കയിലുമാണല്ലോ. ഒരു പക്ഷേ, സവാഹിരിയുടെ തിരോധാനം സംഘത്തിനകത്തെ ആശയ ഭിന്നതകള്‍ പരിഹരിക്കാനുതകും വിധത്തിലുള്ള ഘടനാ പരിഷ്‌കരണങ്ങള്‍ക്ക് വരെ വഴിവെച്ചേക്കാം. ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്), താലിബാന്‍ പോലുള്ള സംഘങ്ങള്‍ തങ്ങളുടെ പൊതു ശത്രുക്കളെ നേരിടാന്‍ അല്‍ഖാഇദയുമായി സഹകരിക്കാന്‍ വരെ പുതിയ സംഭവ വികാസങ്ങള്‍ വഴിതുറന്നിട്ടുണ്ട്.
over-the-horizon സ്ട്രാറ്റജി(ഒരു രാജ്യത്ത് അമേരിക്കന്‍ സൈന്യത്തെ നിലനിര്‍ത്താതെ തന്നെ ആ രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളെ നശിപ്പിക്കാനുള്ള കഴിവ്)യുടെ വിജയമായാണ് അമേരിക്കന്‍ പ്രസിഡന്റ്, സവാഹിരി വധത്തെ കാണുന്നത്. ഹെല്‍ഫയര്‍ മിസൈല്‍ ഡ്രോണ്‍ വിമാനത്തില്‍ തൊടുത്ത് സവാഹിരിയെ വധിക്കുമ്പോള്‍ അഫ്ഗാനിസ്താനില്‍ അമേരിക്കന്‍ സൈനികരുണ്ടായിരുന്നില്ലല്ലോ. പക്ഷേ, സവാഹിരി വധം അല്‍ഖാഇദക്ക് അത്ര വലിയ പ്രഹരമൊന്നുമല്ല. ഖുറാസാനിലുള്ള അതിന്റെ കേന്ദ്ര നേതൃത്വം ശിഥിലവും ദുര്‍ബലവുമാണ്. മുന്‍ഗാമി ബിന്‍ലാദന്റെ വ്യക്തിപ്രഭാവമോ സംഘടനാ വൈഭവമോ സവാഹിരിക്കില്ല. മേഖലാ ഘടകങ്ങള്‍ക്ക് മേല്‍ സവാഹിരിക്ക് ഒരു പിടിത്തവും ഉണ്ടായിരുന്നില്ല എന്നുതന്നെ പറയാം. ദീര്‍ഘിച്ചതും മടുപ്പിക്കുന്നതുമായ സവാഹിരിയുടെ പ്രസംഗങ്ങള്‍ ആരെയും ആകര്‍ഷിക്കുന്നുണ്ടായിരുന്നില്ല. സവാഹിരി ജീവിച്ചിരുന്നപ്പോള്‍  നിരവധി പ്രാദേശിക ഘടകങ്ങള്‍ അയാള്‍ക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയിട്ടുണ്ട്. അത്തരമൊരു കലാപത്തിന്റെ ബാക്കിപത്രമായിരുന്നല്ലോ 2013-ല്‍ സിറിയയിലും ഇറാഖിലും പൊട്ടിമുളച്ച 'ഇസ്‌ലാമിക് സ്റ്റേറ്റ്.'  2018-ല്‍ സിറിയയില്‍ 'ജബ്ഹത്തുന്നുസ്വ്‌റ' ഉണ്ടായതും ഈ ആഭ്യന്തര ഭിന്നതയുടെ ഫലമായിട്ടാണ്. സത്യം പറഞ്ഞാല്‍ സവാഹിരി വധം അല്‍ഖാഇദക്ക് പുതിയൊരു ഘട്ടത്തിലേക്ക് കടക്കാനുള്ള അവസരമൊരുക്കുകയാണ് ചെയ്തിട്ടുള്ളത്. ശക്തമായ കേന്ദ്ര നേതൃത്വമില്ലാതെ അകന്ന് കഴിയുന്ന ഘടകങ്ങളെ ആശയപരമായും സംഘടനാപരമായും അടുപ്പിച്ച് നിര്‍ത്താനുള്ള അവസരം.
സവാഹിരിയുടെ കാബൂളിലെ സാന്നിധ്യം അല്‍ഖാഇദയും താലിബാനും (പ്രത്യേകിച്ച് ഹഖാനി വിഭാഗവുമായി ) തമ്മില്‍ എത്രമാത്രം അടുപ്പത്തിലായിരുന്നു എന്ന് കാണിക്കുന്നു. ഇത് താലിബാനും അമേരിക്കയും  2020 ഫെബ്രുവരി 29 -ന് ദോഹയില്‍ ഒപ്പുവെച്ച കരാറിന് വിരുദ്ധമാണ്. അമേരിക്കന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇത്തരം സംഘങ്ങള്‍ക്ക് അഫ്ഗാന്‍ മണ്ണ് വിട്ടുകൊടുക്കില്ലെന്ന് താലിബാന്‍ എഴുതി ഒപ്പിട്ടു കൊടുത്തതാണ്. കഴിഞ്ഞ വര്‍ഷത്തെ യു.എന്‍ റിപ്പോര്‍ട്ട് പ്രകാരം, അല്‍ഖാഇദ അഫ്ഗാനിസ്താനില്‍  400 മുതല്‍ 600 വരെ ആളുകളെ സ്വന്തം അണിയിലേക്ക് ചേര്‍ത്തുകൊണ്ടിരിക്കുന്നുണ്ട്. താലിബാനൊപ്പം ചേര്‍ന്ന് അവര്‍ പോരാട്ടം നടത്തുന്നുമുണ്ട്. ഐ.എസുമായുള്ള കൊമ്പുകോര്‍ക്കലില്‍  ഇപ്പോള്‍ സാഹചര്യം അല്‍ഖാഇദക്ക് അനുകൂലമാണെന്നും യു.എന്‍ റിപ്പോര്‍ട്ട് പറയുന്നു; ഐ.എസിനെക്കാള്‍ ലോക ഭീഷണി സൃഷ്ടിക്കുക അല്‍ഖാഇദ ആയിരിക്കുമെന്നും. താലിബാന്‍ അധികാരത്തില്‍ വന്നതോടെ അല്‍ഖാഇദക്ക് 'വളരെയേറെ സ്വാതന്ത്ര്യം' ലഭിക്കുന്നുണ്ടെന്നും അല്‍ഖാഇദയുടെ പല നേതാക്കളും കാബൂളില്‍ തന്നെയാവാം ഇപ്പോള്‍ കഴിയുന്നതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. എന്നാല്‍ യു.എന്‍ റിപ്പോര്‍ട്ട് തയാറാക്കുന്നതില്‍ പങ്കാളികളായ അംഗരാജ്യങ്ങള്‍, അല്‍ഖാഇദയല്ല, ഐ.എസാണ് അഫ്ഗാനിലെ ഏറ്റവും വലിയ ഭീഷണി എന്ന് അഭിപ്രായപ്പെടുന്നുമുണ്ട്.
സവാഹിരി അല്‍ഖാഇദാ സാരഥിയായിരിക്കെ അതിന്റെ ഒരുപറ്റം നേതാക്കളാണ് വധിക്കപ്പെട്ടത്. കിഴക്കനാഫ്രിക്കയിലെ സോമാലി ബ്രാഞ്ചായ ഹറകത്തുശ്ശബാബിന്റെ തലവന്‍ അബൂ സുബൈര്‍ മുഖ്താറിനെ 2014 സെപ്റ്റംബറില്‍ ഒരു അമേരിക്കന്‍ ഡ്രോണ്‍ വിമാനം കൊലപ്പെടുത്തുകയായിരുന്നു. 2015 ജൂണ്‍ 9-ന് യമനില്‍ വെച്ച് അല്‍ഖാഇദയുടെ 'ജസീറതുല്‍ അറബ്' കമാന്റര്‍ അബൂ ബസ്വീര്‍ നാസ്വിര്‍ അല്‍ വഹീശിയെയും അമേരിക്കന്‍ ആളില്ലാ വിമാനം കൊലപ്പെടുത്തി. മഗ്‌രിബ് രാജ്യങ്ങളിലെ അതിന്റെ നേതാവ്, അബൂ മിസ്അബ് അബുല്‍ വദൂദ് എന്ന വിളിപ്പേരുള്ള അബ്ദുല്‍ മലിക് ദറൂകിദാലിനെ മാലിയില്‍ വെച്ച് ഫ്രഞ്ച് സൈന്യമാണ് വകവരുത്തിയത്. 'ഹറാസുദ്ദീന്‍' എന്ന അല്‍ഖാഇദയുടെ സിറിയന്‍ ഘടകത്തിന്റെ മിക്ക നേതാക്കളും 2018-2021 കാലയളവില്‍ വധിക്കപ്പെടുകയുണ്ടായി. അല്‍ഖാഇദ നേതാക്കളായ അബൂ മുഹമ്മദ് സൂദാനിയും അബുല്‍ ഖസ്സാമും 2019 ആഗസ്റ്റില്‍ കൊല്ലപ്പെട്ടു. ബിന്‍ ലാദന്റെ മകന്‍ ഹംസയെ വധിച്ചത് പാക് - അഫ്ഗാന്‍ അതിര്‍ത്തിയില്‍ അമേരിക്ക നടത്തിയ പ്രത്യേക സൈനിക ഓപ്പറേഷനിടെ. 2020 ആഗസ്റ്റ് ഏഴിന് അല്‍ഖാഇദയിലെ രണ്ടാമനായ അബൂ മുഹമ്മദ് അല്‍ മിസ്‌രി എന്നറിയപ്പെടുന്ന അബ്ദുല്ല അഹ്മദ് അബ്ദുല്ലയെ സംഘത്തിന് നഷ്ടമായി. ഇറാനില്‍ വെച്ച് മൊസാദിന്റെ ഏജന്റുമാരാണ് മിസ്‌രിയെ വകവരുത്തിയത്. ഇങ്ങനെ തിരിച്ചടികള്‍ ഒട്ടേറെ ഉണ്ടായെങ്കിലും അല്‍ഖാഇദ സവാഹിരിയുടെ കാലത്ത് ഒരു വിധം പിടിച്ചുനിന്നിട്ടുണ്ട്. അഫ്ഗാനിസ്താനിലും മറ്റു പലയിടങ്ങളിലും അത് ദുര്‍ബലമായപ്പോള്‍ ചിലയിടങ്ങളില്‍ മാത്രമാണ് അതിന് പുതുജീവന്‍ ലഭിച്ചത്. 2010-ല്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം ഏറ്റവും അപകടകാരിയായ അല്‍ഖാഇദാ വിംഗ് എന്ന് വിശേഷിപ്പിച്ച യമനിലെ 'ഖാഇദതുല്‍ ജിഹാദി'നും വലിയ തിരിച്ചടിയേറ്റു. 2012 മുതല്‍ 2015 വരെ യമനിലെ വലിയൊരു മേഖല സ്വന്തം ആധിപത്യത്തില്‍ കൊണ്ടുവരാന്‍ അതിന് കഴിഞ്ഞിരുന്നു. പിന്നെയാണ് അതിന്റെ നേതാക്കളായ അബൂ ബസ്വീര്‍ വഹീശിയും അബൂ ഹുറൈറ ഖാസിം റീമിയും വധിക്കപ്പെടുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ തിരിച്ചുവരവിനുള്ള സാധ്യത അല്‍ഖാഇദക്ക് ഒരുക്കിക്കൊടുക്കുന്നുണ്ട്.
അഫ്ഗാനിസ്താനിലും അറേബ്യന്‍ ഗള്‍ഫിലും തെക്ക് കിഴക്കനേഷ്യയിലും അല്‍ഖാഇദക്ക് വലിയ തിരിച്ചടികള്‍ ഉണ്ടായപ്പോള്‍ ആഫ്രിക്കയിലാണ് അത് പച്ചപിടിച്ചത്. വിവിധ ഗോത്ര - വംശീയ കൂട്ടായ്മകള്‍ ഉണ്ടാക്കിക്കൊണ്ടാണ് അത് സാധ്യമായത്. അല്‍ഖാഇദക്കൊപ്പം നില്‍ക്കുന്ന അത്തരത്തിലുള്ള ആഫ്രിക്കയിലെ ഏറ്റവും വലിയ സഖ്യമാണ് 'ജമാഅതു നുസ്വ്‌റത്തില്‍ ഇസ്‌ലാം വല്‍ മുസ്‌ലിമീന്‍'. ഫുലാനി വംശക്കാരുടെ 'ജബ്ഹതു തഹ്‌രീര്‍ മാസീന', മാലിയിലെ ത്വവാരിഖ് വിഭാഗത്തെ പ്രതിനിധം ചെയ്യുന്ന 'ജമാഅതു അന്‍സ്വാറിദ്ദീന്‍', അറബ് വംശക്കാരുടെ 'അല്‍ മുറാബിത്വൂന്‍' ഇവരൊക്കെയാണ് മേല്‍പ്പറഞ്ഞ സഖ്യത്തിലുള്ളത്. മാലിയില്‍ നിന്ന് ഫ്രഞ്ച് സൈന്യം പിന്‍വാങ്ങിയതോടെ അല്‍ഖാഇദാ പ്രവര്‍ത്തനങ്ങള്‍ സജീവമായി. വടക്കനാഫ്രിക്കന്‍ മുസ്‌ലിം രാജ്യങ്ങളിലെ അരാജകത്വം നടമാടുന്ന തീരദേശങ്ങള്‍ അല്‍ഖാഇദാ ഘടകം ഏറ്റവും സജീവമായ മേഖലകളിലൊന്നാണ്. പാശ്ചാത്യരെ തട്ടിക്കൊണ്ടുപോകലും സായുധാക്രമണങ്ങളും ഇവിടെ പതിവാണ്. മറ്റൊന്നാണ് സോമാലിയയിലെ, 'ഹറകത്തുശ്ശബാബ് അല്‍ മുജാഹിദീന്‍.' അസാധാരണ വളര്‍ച്ചയും വിപുലനവുമാണ് ഈ അല്‍ഖാഇദാ ശാഖക്ക് ഉണ്ടായിരിക്കുന്നത്. ഈ സംഘത്തെ തകര്‍ക്കാന്‍ അമേരിക്ക ഇരുപത് വര്‍ഷമാണ് സോമാലി ഗവണ്‍മെന്റിനെ ആളും അര്‍ഥവും നല്‍കി സഹായിച്ചു കൊണ്ടിരുന്നത്. ഈ സഹായം 2021-ല്‍ നിര്‍ത്തലാക്കി. എന്നിട്ടും ഹറകത്തുശ്ശബാബിനെ ഭാഗികമായി ക്ഷീണിപ്പിക്കാനേ ഭരണകൂടത്തിന് കഴിഞ്ഞുള്ളൂ. അതേസമയം കേന്ദ്ര ഭരണകൂടം നന്നേ ക്ഷയിക്കുകയും ചെയ്തു. സോമാലിയയുടെ മൂന്നിലൊന്നിലധികം ഭൂമി ഇവരുടെ കൈയിലാണ്. അവരുടെ മേധാവിത്വം എത്യോപ്യയിലേക്കും നീളുന്നു.
                      
പിന്‍ഗാമിയാര്?

ഒരുപക്ഷേ, അല്‍ഖാഇദയുടെ ഭാവി സവാഹിരിയുടെ പിന്‍ഗാമി ആര് എന്നതിനെ ആശ്രയിച്ചിരിക്കും. മൂന്ന് സാധ്യതകളാണ് ഇപ്പോള്‍ തെളിഞ്ഞു കാണുന്നത്: 
ഒന്ന്: സൈഫുല്‍ അദ്ല്‍ നേതൃത്വം ഏറ്റെടുക്കുക. ഇപ്പോഴും സജീവമായ ആദ്യകാല നേതാക്കളിലൊരാളാണ് അദ്ദേഹം. സിറിയയില്‍ അല്‍ഖാഇദ നിയന്ത്രിച്ചിരുന്ന ഹിത്വീന്‍ മേഖലയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്നു. ഇതുപോലുള്ള പല ഉയര്‍ന്ന  പദവികളും അയാള്‍ വഹിച്ചിട്ടുണ്ട്. അയ്മന്‍ സവാഹിരിയുടെ മരുമകന്‍ അബ്ദുര്‍റഹ്മാന്‍ മഗ്‌രിബിക്കും സാധ്യത കല്‍പ്പിക്കുന്നവരുണ്ട്. അല്‍ഖാഇദയുടെ മീഡിയാ വിംഗായ അസ്സഹാബിന്റെ ചുമതലക്കാരനായിരുന്നു. സംഘടനയുടെ വിദേശകാര്യവും ഇയാള്‍ക്കായിരുന്നു. ഇവര്‍ രണ്ട് പേരും ഇപ്പോള്‍ ഇറാനില്‍ തടവിലാണ്. ഇവര്‍ നേതൃത്വത്തിലേക്ക് വന്നാല്‍, തടവിലുള്ളവരെ ആ സ്ഥാനത്ത് അവരോധിക്കാമോ എന്ന നിയമാനുസൃതത്വ പ്രശ്‌നം ഉയരും. അത് ആഭ്യന്തര ഭിന്നതക്കും കാരണമാകും. ഇറാനോടുള്ള ഇവരുടെ നിലപാടിലും സംഘത്തിനകത്ത് മുറുമുറുപ്പുണ്ട്.
രണ്ട്: ഇപ്പോള്‍ ശക്തിപ്പെട്ടു വരുന്ന ആഫ്രിക്കന്‍ ശാഖകളിലെ നേതാക്കളില്‍ രണ്ടിലൊരാള്‍ നേതൃത്വം ഏറ്റെടുക്കുക. അബൂ ഉബൈദ യൂസുഫ് അല്‍ അന്നാബി എന്ന് വിളിപ്പേരുള്ള യസീദ് മുബാറകാണ് അവരിലൊരാള്‍. മഗ്‌രിബിലെ അല്‍ഖാഇദ നേതാവാണ് ഇയാള്‍. മാലിയിലും സാഹില്‍ മേഖലയിലും നേരത്തെ പറഞ്ഞ നുസ്വ്‌റതുല്‍ ഇസ്‌ലാമുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. രണ്ടാമത്തെയാള്‍ അഹ്മദ് ദെര്‍യി എന്നറിയപ്പെടുന്ന അബൂ ഉബൈദ അഹ്മദ് ഉമര്‍ ആണ്. ഇദ്ദേഹം കിഴക്കനാഫ്രിക്കയിലെ അല്‍ഖാഇദയുടെയും സോമാലിയയിലെ ഹറകത്തുശ്ശബാബിന്റെയും നേതാവാണ്. ഇതിലൊരാളാണ് വരുന്നതെങ്കില്‍ അല്‍ഖാഇദ കേന്ദ്ര നേതൃത്വം  പാക് -അഫ്ഗാന്‍ മേഖലയില്‍ നിന്ന് ആഫ്രിക്കയിലേക്ക് പുനര്‍വിന്യസിക്കപ്പെടും. ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയാത്ത വിധം പലതരത്തില്‍ അല്‍ഖാഇദയെ അത് മാറ്റിമറിക്കും.
മൂന്ന്: വ്യക്തിപ്രഭാവമുള്ള ഒരു യുവാവിനെ നേതൃത്വമേല്‍പ്പിക്കുക. ഒന്നും രണ്ടും ഓപ്ഷനുകള്‍ ഉണ്ടാക്കുന്ന പ്രശ്‌നസങ്കീര്‍ണതകള്‍ മറികടക്കാന്‍ അതേ മാര്‍ഗമുള്ളൂ. ഇതായിരിക്കും കുറെക്കൂടി ആ സംഘത്തിന് നന്നാവുക. പക്ഷേ, കൂടിയാലോചനക്കും മറ്റും ഒരുപാട് സമയമെടുത്തേ ഇക്കാര്യത്തിലൊരു തീരുമാനത്തിലെത്താനാവൂ.
ഏതായാലും അല്‍ഖാഇദയുടെ ഭാവി ചില സാഹചര്യങ്ങളുമായും പ്രതിസന്ധികളുമായും ബന്ധപ്പെട്ടു നില്‍ക്കുന്നു. ഏറ്റവും വലിയ പ്രതിസന്ധി പലേടത്തായി ചിതറിക്കിടക്കുന്ന എല്ലാ ഉപഘടകങ്ങള്‍ക്കും സ്വീകാര്യനായ, പ്രാഗത്ഭ്യമുള്ള ഒരാളെ നേതാവായി കണ്ടെത്തുക എന്നതാണ്. താലിബാനുമായുള്ള ബന്ധം എന്താവും എന്നതും പ്രതിസന്ധിയാണ്. അമേരിക്കയും മറ്റു രാഷ്ട്രങ്ങളും താലിബാനോട് എന്ത് നിലപാട് സ്വീകരിക്കും എന്നതിനെ ആശ്രയിച്ചാണത്. താലിബാന്‍ ഭരണകൂടത്തെ അമേരിക്ക രാഷ്ട്രീയമായി അംഗീകരിക്കാതെ അതിനെ സാമ്പത്തികമായി ഒറ്റപ്പെടുത്താനാണ് ശ്രമിക്കുന്നതെങ്കില്‍ താലിബാനിലെ റാഡിക്കല്‍ വിഭാഗം അല്‍ഖാഇദ പോലുള്ള തീവ്രസംഘങ്ങളുമായുള്ള കൂട്ടുകെട്ട് ശക്തിപ്പെടുത്തും. ഇത് അഫ്ഗാനില്‍ അല്‍ഖാഇദക്ക് സുരക്ഷാ താവളങ്ങളും പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യാനുള്ള അവസരവും ഒരുക്കിക്കൊടുക്കും.
'ഭീകരതാ വിരുദ്ധ' യുദ്ധത്തില്‍ നിന്ന് അമേരിക്ക പിറകോട്ട് പോയ സാഹചര്യത്തില്‍ സോമാലിയ, മാലി, സബ് സഹാറാ, സാഹില്‍, വടക്കനാഫ്രിക്ക തുടങ്ങിയ ആഫ്രിക്കന്‍ മേഖലകളില്‍ അല്‍ഖാഇദ  കൂടുതല്‍ ശക്തിയാര്‍ജിക്കാനാണ് സാധ്യത. സൈന്യമില്ലാതെ തന്നെ അമേരിക്കക്ക് ഡ്രോണ്‍ ആക്രമണത്തിലൂടെ അല്‍ഖാഇദ നേതാക്കളെ വകവരുത്താനായാലും അവരുടെ സായുധ ശക്തിയെ അത് വല്ലാതെയൊന്നും ബാധിക്കില്ലല്ലോ. പശ്ചിമേഷ്യയിലും ആഫ്രിക്കയിലും തെക്ക് കിഴക്കനേഷ്യയിലുമൊക്കെ രാഷ്ട്രീയ, സാമ്പത്തിക, വംശീയ പ്രതിസന്ധികള്‍ രൂക്ഷമായത് അല്‍ഖാഇദ മുതലെടുക്കുമെന്ന് തന്നെ കരുതണം. തീവ്ര റാഡിക്കല്‍ ഗ്രൂപ്പായ ഐ. എസിനെക്കാള്‍ സാഹചര്യങ്ങളുമായി ഇണങ്ങാനും ഘടനാപരമായ രൂപമാറ്റങ്ങള്‍ വരുത്താനും കൂടുതല്‍ ശേഷിയുണ്ട് അല്‍ഖാഇദക്ക്. സവാഹിരി വധം സ്വയം പുതുക്കാനുള്ള അവസരമായും അവര്‍ കരുതുന്നുണ്ടാവാം. ആഭ്യന്തര ഭിന്നതകളും ശൈഥില്യങ്ങളുമാണല്ലോ സവാഹിരി ഘട്ടത്തെ അടയാളപ്പെടുത്തുന്നത്. 
(തീവ്ര/ഭീകര സംഘങ്ങളെക്കുറിച്ച് സവിശേഷ പഠനം നടത്തുന്ന ജോര്‍ദാനിലെ അക്കാദമിക്കും രാഷ്ട്രീയ നിരീക്ഷകനുമാണ് ലേഖകന്‍)


അയ്മന്‍ സവാഹിരി വധം 
അല്‍ഖാഇദയെ വലുതായി ബാധിക്കില്ല

ഇബ്‌റാഹീം അല്‍ മറാശി


അല്‍ഖാഇദയെ സംബന്ധിച്ചേടത്തോളം, 2011-ല്‍ അതിന്റെ സ്ഥാപകന്‍ ഉസാമ ബിന്‍ ലാദന്‍ വധിക്കപ്പെട്ടതിന് ശേഷം ആ ഗ്രൂപ്പ് നേരിടുന്ന നിര്‍ണായക തിരിച്ചടിയാണ് അതിന്റെ നിലവിലെ ചീഫ് അയ്മന്‍ സവാഹിരിയുടെ വധം എന്നു തോന്നാം. കാബൂളില്‍  ഒരു അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കഴിഞ്ഞ ജൂലൈ 31-നാണ് സവാഹിരി വധിക്കപ്പെട്ടത്. ഒരു പതിറ്റാണ്ടുകാലം സവാഹിരി അല്‍ഖാഇദയെ നിയന്ത്രിച്ചുപോന്നത് തന്റെ കാലശേഷവും അതിന്റെ നിലനില്‍പ്പ് ഉറപ്പുവരുത്താനുള്ള അനിവാര്യ സാമഗ്രികളൊക്കെ ഒരുക്കിവെച്ചുകൊണ്ടാണ്. 9/11 ആക്രമണത്തിന്റെ മുഖ്യ സംഘാടകരിലൊരാളെ ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞത് അമേരിക്കന്‍ ഭരണകൂടത്തിന് വന്‍ നേട്ടമാണെന്നതില്‍ സംശയമൊന്നുമില്ല. പക്ഷേ, അതുകൊണ്ട് മാത്രം ആ ഗ്രൂപ്പ് ശിഥിലമാവുമെന്ന് കരുതാന്‍ ന്യായവുമില്ല.
കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ട ഈ വധം അല്‍ഖാഇദക്ക് അസാധാരണ പരിക്കൊന്നും ഏല്‍പ്പിക്കുന്നില്ല. പിന്നില്‍ നിന്ന് സമര്‍ഥമായി ചരട് വലിക്കുന്ന ഒരാള്‍ (Grey Bureaucrat) എന്നതില്‍ കവിഞ്ഞ സ്ഥാനമൊന്നും പലരും അദ്ദേഹത്തിന് നല്‍കുന്നില്ല. കൈകാര്യശേഷിയുള്ള മറ്റൊരാളെ കൊണ്ടുവന്നാല്‍ ആ വിടവ് നികത്താമെന്നും അവര്‍ കരുതുന്നു. കുറെക്കൂടി കരിസ്മാറ്റിക് ആയ ഒരാളെ പകരം വെച്ചാല്‍ സംഘത്തിലെ നിലവിലുള്ള അംഗങ്ങളെ പ്രചോദിപ്പിക്കാനും പുതിയ ആളുകളെ ആകര്‍ഷിക്കാനും കഴിയുമെന്ന കണക്ക് കൂട്ടലും ഉണ്ട്.
അന്താരാഷ്ട്ര തലത്തില്‍ ഈ ഡ്രോണ്‍ ആക്രമണം അമേരിക്ക - താലിബാന്‍ ബന്ധങ്ങളെ ബാധിക്കുമെന്നുറപ്പാണ്. ഭാവിയിലുള്ള അമേരിക്കയുടെ ഡ്രോണ്‍ ഓപറേഷനുകളെയും അത് ബാധിക്കും. ഇതൊക്കെ വാസ്തവമായിരിക്കെ, മേഖലാ തലത്തിലോ അന്താരാഷ്ട്ര തലത്തിലോ ശ്രദ്ധേയമായ എന്തെങ്കിലും വഴിത്തിരിവുകള്‍ക്ക് ഈ വധം വഴി വെക്കാന്‍ പോകുന്നില്ല.

അല്‍ഖാഇദയെ ബാധിക്കുമോ?

പ്രവര്‍ത്തനക്ഷമമായ ഒരു സംഘടനാ സംവിധാനമുണ്ടായിരിക്കുക, തങ്ങളുടെ ആശയത്തെ മുറുകെ പിടിക്കാനാവുക, സമുദായത്തില്‍ നിന്ന് സഹായിക്കാനാളുണ്ടാവുക - ഈ മൂന്ന് കാര്യങ്ങളുണ്ടെങ്കില്‍ ഒരു ഗ്രൂപ്പിന്  നിലനിന്നു പോകാനായേക്കാം. അല്‍ഖാഇദക്ക് ഈ മൂന്ന് തലങ്ങളെയും പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്. ഒന്നാമതായി, കാര്യക്ഷമമായ ഒരു ബ്യൂറോക്രസി അതിനുണ്ട്. സവാഹിരിക്ക് തന്റെ മുന്‍ഗാമിയുടെ കരിസ്മയോ വ്യക്തിപ്രഭാവമോ ഇല്ലായിരിക്കാം. പക്ഷേ, ബിന്‍ ലാദന്റെ മരണശേഷം, വളരെ വിപുലമായ ബ്യൂറോക്രാറ്റിക് സംവിധാനങ്ങള്‍ സവാഹിരി ഉണ്ടാക്കിയെടുത്തിട്ടുണ്ട്. കൃത്യമായ നിര്‍ദേശങ്ങള്‍ അതത് തലങ്ങളിലേക്ക് പോകുന്നുണ്ട്. തന്നെപ്പോലുള്ള ഒരാള്‍ ഇല്ലാതായാലും അത് പ്രവര്‍ത്തിക്കുമെന്ന് സവാഹിരി ഉറപ്പ് വരുത്തിയിരിക്കുന്നു. 'ഫ്രാഞ്ചൈസിംഗ്' എന്ന് വിശേഷിപ്പിക്കാവുന്ന ഒരു വിപുലന പദ്ധതിയാണ് ഈ കാലയളവില്‍ അല്‍ഖാഇദ നടപ്പാക്കിയത്. ഫ്രാഞ്ചൈസികളെപ്പോലെ സ്വയം ഭരണാധികാരമുള്ള, സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കുന്ന പല യൂനിറ്റുകളും ഇതിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത് കാണാം. ഇങ്ങനെ ഒരു ഗ്രൂപ്പിന് സ്വന്തം നിലക്ക് പ്രവര്‍ത്തിക്കുന്ന ശാഖകളാണ് ഉള്ളതെങ്കില്‍ അതിന്റെ ഏത് നേതാവ് വധിക്കപ്പെട്ടാലും അതുകൊണ്ട് ആ ഗ്രൂപ്പിന് കാര്യമായൊന്നും സംഭവിക്കാന്‍ പോകുന്നില്ല.
രണ്ടാമതായി, അല്‍ഖാഇദ പ്രചരിപ്പിക്കുന്ന ഹിംസാത്മകമായ ആശയത്തിന്റെ പ്രചാരണം ഒരു നേതാവിനെ ആശ്രയിച്ചല്ല നില്‍ക്കുന്നത്. അത്തരം ആശയങ്ങള്‍ അല്‍ഖാഇദ രൂപപ്പെടുന്നതിന് മുമ്പ് തന്നെ നിലനില്‍ക്കുന്നുണ്ട്. ഭരണം പരാജയപ്പെട്ടിടത്തും അന്യവല്‍ക്കരണം നടന്നിടത്തും അത്തരം ആശയങ്ങളെ പിന്തുണക്കാന്‍ ആളുകളുണ്ടാവും. സവാഹിരി ഒരു താത്ത്വികാചാര്യനല്ല. തന്റെ ഗ്രൂപ്പിനെ വികസിപ്പിക്കാനും അതിനെ നിലനിര്‍ത്താനും താന്‍ അങ്ങനെയൊരാളായി മാറേണ്ടതില്ലെന്നും സവാഹിരിക്ക് അറിയാമായിരുന്നു. നേതാക്കള്‍ക്ക് എന്ത് സംഭവിച്ചാലും അതിന്റെ ആശയങ്ങള്‍ക്ക് പിന്തുണ കിട്ടിക്കൊണ്ടിരിക്കും എന്നര്‍ഥം.
മൂന്നാമതായി, അല്‍ഖാഇദ സജീവമായ ഇടങ്ങളില്‍ അതിന് സമുദായത്തില്‍ നിന്ന് പിന്തുണ നേടിയെടുക്കാന്‍ സവാഹിരിയുടെ കാലത്ത് ശ്രമമുണ്ടായി. വധിക്കപ്പെട്ട ഈ നേതാവ് കുറെക്കൂടി പ്രായോഗികമതിയായിരുന്നു. ഐ.എസ്.ഐ.എസ് സ്ഥാപകരായ അബൂമുസ്അബ് സര്‍ഖാവി, അബൂബക്കര്‍ അല്‍ ബഗ്ദാദി പോലുള്ളവരുടെ അതി തീവ്ര ആശയ നിലപാടുകളും അതിര് കവിച്ചിലുകളും തിരിച്ചടിയാവുമെന്ന് സവാഹിരി മുന്‍കൂട്ടി കണ്ടിരുന്നു. അതിനാല്‍ തന്നെ സവാഹിരി ഈ തീവ്ര നിലപാടുകാരില്‍ നിന്ന് ഭിന്നമായി, തന്റെ അനുയായികളെ പ്രാദേശിക സായുധ ഗ്രൂപ്പുകളുമായി സഹകരിക്കാനും അങ്ങനെ അവരെ തങ്ങളുടെ അധീനത്തില്‍ കൊണ്ടുവരാനും പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ഈയൊരു സ്ട്രാറ്റജിയാണ് അല്‍ഖാഇദക്ക് വിപുലനം സാധ്യമാക്കിയത്. സിറിയയിലെ അല്‍ഖാഇദയുടെ  ഹയ്അത്തുത്തഹ്‌രീര്‍ അശ്ശാം എന്ന പോഷക വിഭാഗം ഇന്നും നിലനിന്നുപോരാന്‍ ഈ തന്ത്രം കൂടി കാരണമാണ്. സബ് സഹാറന്‍ ആഫ്രിക്കയില്‍ ഗോത്ര നേതാക്കളുമായും നാടോടികളുമായും കര്‍ഷകരുമായുമൊക്കെ സഖ്യങ്ങളുണ്ടാക്കി അല്‍ഖാഇദാ ഘടകങ്ങള്‍ പിടിമുറുക്കിയത് സവാഹിരി സാരഥ്യം വഹിച്ച കാലത്ത് നാം കണ്ടതാണ്. പ്രാദേശിക തലങ്ങളില്‍ നിന്ന് ലഭിക്കുന്ന ഈ പിന്തുണ സവാഹിരി വധം കൊണ്ട് മാത്രം ഇല്ലാതാവില്ല.
സവാഹിരിയുടെ കാലത്ത്  അല്‍ഖാഇദ നേരിട്ട ഏറ്റവും നിര്‍ണായകമായ വെല്ലുവിളി നേതാവിന്റെ വധമോ യു.എസ് ഡ്രോണ്‍ ആക്രമണമോ ഒന്നുമായിരുന്നില്ല. മറിച്ച്, അതിന്റെ തന്നെ ഒരു വിഘടിത ഗ്രൂപ്പ് ഐ.എസ്.ഐ.എല്‍ എന്ന പേര് സ്വീകരിച്ച് രംഗത്ത് വന്നതായിരുന്നു. ആ വിഘടിത വിഭാഗം അല്‍ഖാഇദ അംഗങ്ങളെ റിക്രൂട്ട് ചെയ്തു എന്ന് മാത്രമല്ല, ഒരു സ്റ്റേറ്റ് - കേന്ദ്രിത ബദല്‍ ആഖ്യാനം സമര്‍പ്പിക്കുകയും ചെയ്തു. പലയിടങ്ങളില്‍ വികേന്ദ്രീകരിച്ച് നില്‍ക്കുന്ന, ബ്യൂറോക്രാറ്റിക് ആയ ഭീകരവാദ നെറ്റ് വര്‍ക്ക് എന്ന സവാഹിരിയന്‍ ആശയത്തെ തുരങ്കം വെക്കുന്നതായിരുന്നു ഐ.എസ്.ഐ.എല്ലിന്റെ ഈ കാഴ്ചപ്പാട്.
അസ്തിത്വം ചോദ്യം ചെയ്യുന്ന ഈ വെല്ലുവിളി മറികടക്കാന്‍ അല്‍  ഖാഇദക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍  നേതാവ് നഷ്ടപ്പെട്ടതിനെയും അതിന് മറികടക്കാന്‍ കഴിയും.

ദോഹാ കരാറിന് ഇളക്കം തട്ടുമോ?

എത്തിപ്പെടാന്‍ കഴിയാത്ത ഏതെങ്കിലും ഗ്രാമങ്ങളിലെ ഗുഹാന്തര്‍ഭാഗങ്ങളില്‍ ഒളിച്ചുകഴിയുന്ന നിലയില്‍ ആയിരുന്നില്ല അമേരിക്ക സവാഹിരിയെ കണ്ടെത്തിയത്. കാബൂള്‍ ജില്ലയുടെ നഗരപ്രാന്തത്തില്‍ വെച്ചാണ് സവാഹിരിയെ കണ്ടെത്തുന്നതും അങ്ങനെ കൊല്ലപ്പെടുന്നതും. ഇതെക്കുറിച്ച് താലിബാന് അല്ലെങ്കില്‍ അതിലെ ചില ആളുകള്‍ക്ക്  നേരത്തെ അറിയുമായിരുന്നോ, അവരാണോ സവാഹിരിക്ക് താമസിക്കാന്‍ സൗകര്യം ചെയ്തു കൊടുത്തത് എന്ന ചോദ്യം പലരും ചോദിച്ചിട്ടുണ്ട്. 2020 - ലെ ദോഹാ കരാര്‍ പ്രകാരം അമേരിക്കയും നാറ്റോ കക്ഷികളും അഫ്ഗാനിസ്താനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന് പകരമായി,   അല്‍ഖാഇദക്കോ ഐ.എസ്.ഐ.എല്ലിനോ അഫ്ഗാനെ അമേരിക്കയെ ആക്രമിക്കാനുള്ള സുരക്ഷിത താവളമാക്കി കൊടുക്കില്ലെന്ന് താലിബാന്‍ വാക്ക് കൊടുക്കുകയും ചെയ്തിരുന്നു. അതിനാലാണ് 'സവാഹിരിക്ക് ആതിഥ്യമരുളിയും അഭയം നല്‍കിയും'  ഈ കരാര്‍ ലംഘിക്കുകയാണ് താലിബാന്‍ ചെയ്തതെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ കുറ്റപ്പെടുത്തിയത്. ഡ്രോണ്‍ ആക്രമണം നടത്തി അമേരിക്കയാണ് കരാര്‍ ലംഘിച്ചതെന്ന് താലിബാന്‍ തിരിച്ചും ആരോപിച്ചു. പാകിസ്താനിലെ അബട്ടാബാദില്‍ വെച്ച് 2011-ല്‍ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടപ്പോള്‍ അമേരിക്കയും പാകിസ്താനും പരസ്പരം നടത്തിയ കുറ്റാരോപണങ്ങള്‍ ഇതിനോട് സദൃശമായിരുന്നു എന്നോര്‍ക്കുക. അന്ന് അമേരിക്കയും പാകിസ്താനും ഇങ്ങനെ പരിഭവങ്ങള്‍ പരസ്പരം പറഞ്ഞെങ്കിലും സഹകരിച്ച് മുന്നോട്ട് പോകാനുള്ള ഒരു വഴി അവര്‍ സ്വയം കണ്ടെത്തുകയായിരുന്നു. സവാഹിരി വധത്തിന് ശേഷവും അത്തരമൊരു സ്ഥിതിവിശേഷമാണ് അമേരിക്കക്കും താലിബാനുമിടയില്‍ നാം കാണാന്‍ പോകുന്നത്. സംഭവിച്ചുപോയതില്‍ പരസ്പരം കുറ്റപ്പെടുത്തിയ ശേഷം കരുതലോടെയുള്ള ബന്ധങ്ങള്‍ ഇരു കൂട്ടരും തുടരും. കാരണം, അവര്‍ക്ക് നേരിടാനുള്ളത് ഇസ്‌ലാമിക് സ്റ്റേറ്റ് ഇന്‍ ഖുറാസാന്‍ പ്രൊവിന്‍സ് (ISIS - K ) എന്ന പൊതു ശത്രുവിനെയാണ്. ഐ.എസ്.ഐ. എസിന്റെ മേഖലാ ബ്രാഞ്ചാണിത്. അമേരിക്കയിലെ ബൈഡന്‍ ഭരണകൂടം ഇപ്പോള്‍ റഷ്യക്കും ചൈനക്കുമെതിരെ പ്രതിരോധമൊരുക്കുന്നതില്‍ വ്യാപൃതമാണ്. ഐ.എസ്.ഐ. എസിനെ ചെറുക്കാന്‍ അവര്‍ക്ക് താലിബാനെ ആവശ്യമാണ്; ചുരുങ്ങിയപക്ഷം അഫ്ഗാനിസ്താനില്‍ സമാധാനം പാലിക്കാനെങ്കിലും.

ഡ്രോണ്‍ വധം തുടരും

ട്രംപ് ഭരണകൂടത്തെ അപേക്ഷിച്ച് ബൈഡന്റെ ഭരണകാലത്ത് ഡ്രോണ്‍ ആക്രമണങ്ങളുടെ എണ്ണം നാടകീയമായി കുറഞ്ഞിട്ടുണ്ട്. അത്തരം ആക്രമണങ്ങള്‍ പരിഭവങ്ങള്‍ വര്‍ധിപ്പിക്കുമെന്നും അത് ഹിംസക്കും യു.എസ് വിരുദ്ധതക്കും ഇന്ധനം പകരുമെന്നും നിലവിലെ ഭരണകൂടം തിരിച്ചറിഞ്ഞത് തന്നെ ഇതിന് കാരണം. 2020-ല്‍ ഇറാന്റെ മുതിര്‍ന്ന സേനാ തലവന്‍ ഖാസിം സുലൈമാനിയെ വകവരുത്തിയതോടെ ഡൊണാള്‍ഡ് ട്രംപിന്  സ്വന്തം നാട്ടില്‍ എളുപ്പത്തില്‍ കുറച്ചധികം നേട്ടങ്ങള്‍ ഉണ്ടാക്കാനായെങ്കിലും ഇറാഖിന് മേലുള്ള ഇറാന്റെ പിടിത്തം ദേദിക്കാന്‍ അതുകൊണ്ടൊന്നും സാധ്യമായില്ല. മാത്രമല്ല,  ഇറാഖിന്റെയും ഇറാന്റെയും അമേരിക്കന്‍ വിരുദ്ധത  കടുപ്പിക്കാനേ അത് ഉപകരിച്ചുള്ളൂ. ഇതൊക്കെ നിലവിലെ അമേരിക്കന്‍ ഭരണകൂടത്തിന് നന്നായിട്ടറിയാം. എന്നിട്ടും, താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബൈഡന്‍ ഭരണകൂടം റിസ്‌ക് കുറഞ്ഞ ഈ ഡ്രോണ്‍ ആക്രമണത്തിന് ഒരുമ്പെടുകയായിരുന്നു.
ഒരു കാര്യം തീര്‍ച്ച. സവാഹിരി വധം വാര്‍ത്താ ശൃംഖലയില്‍ നിന്ന് വളരെ  സ്വാഭാവികമായി നിഷ്‌ക്രമിക്കുമ്പോള്‍ ഇതില്‍ ഇടപെട്ട കക്ഷികള്‍ ഒന്നും സംഭവിച്ചിട്ടില്ലാത്തതു പോലെ, മുമ്പത്തെപ്പോലെ തങ്ങളുടെ കാര്യങ്ങളുമായി മുന്നോട്ട് പോകുന്നുണ്ടാവും. അല്‍ഖാഇദ പുതിയൊരു നേതാവിനെ നിശ്ചയിക്കും, അവരുടെ പഴയ പരിപാടികളൊക്കെ തുടരും. താലിബാനും അമേരിക്കയും 2020-ലെ ദോഹാ കരാര്‍ കൈവിടാതെ സംഘര്‍ഷങ്ങള്‍ ഒരു വിധം ഒതുക്കി അതുമായി മുന്നോട്ട് പോകും. അമേരിക്ക ഇനിയും മുസ്‌ലിം ലോകത്ത് ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരും; അതിന്റെ നിഷേധാത്മക പ്രതികരണങ്ങളൊന്നും അവര്‍ വക വെക്കാനിടയില്ല. 
(സാന്‍ മാര്‍ക്കോസിലെ കാലിഫോര്‍ണിയ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍ ചരിത്രാധ്യാപകനാണ് ലേഖകന്‍. The Modern History of Iraq എന്ന കൃതിയുടെ സഹ ഗ്രന്ഥകര്‍ത്താവാണ്)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ- 1-4

ഹദീസ്‌

ഇഹലോകത്തെ രക്ഷാ ശിക്ഷകള്‍
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്