Prabodhanm Weekly

Pages

Search

2022 ആഗസ്റ്റ് 19

3264

1444 മുഹര്‍റം 21

ഇസ്രായേല്‍  വീണ്ടും ഗസ്സയെ ആക്രമിക്കുമ്പോള്‍

 മുഹമ്മദ് മുഖ്താര്‍

മാസങ്ങളായി തുടരുന്ന സംഭവ പരമ്പരകളുടെ  മൂര്‍ധന്യമായി കഴിഞ്ഞ ദിവസങ്ങളില്‍  ഇസ്രായേല്‍ ഫലസ്ത്വീന്‍ പ്രദേശങ്ങളില്‍ നടത്തിയ ആക്രമണങ്ങളെ  കാണാവുന്നതാണ്. ഫലസ്ത്വീനിയന്‍ പ്രതിരോധ വിഭാഗങ്ങളുടെ അവസരത്തിനൊത്തുള്ള നീക്കങ്ങള്‍ ഇസ്രായേല്‍ ഭരണകൂടത്തെ വിറളി പിടിപ്പിച്ചു എന്നു വേണം കരുതാന്‍. 2021 മെയില്‍ തുടങ്ങിയ  ഇസ്രായേല്‍-ഫലസ്ത്വീന്‍ സംഘര്‍ഷങ്ങളാണ്  ഇപ്പോള്‍ നടക്കുന്ന ഈ ആക്രമണങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ശൈഖ് ജര്‍റാഹിലെ ഭവനങ്ങള്‍ തകര്‍ക്കപ്പെട്ടത് മുതല്‍ തുടങ്ങിയ അസ്വാരസ്യങ്ങള്‍ പിന്നീട് റമദാനില്‍ ഇസ്രായേല്‍ പട്ടാളം മസ്ജിദുല്‍ അഖ്സ്വയില്‍ കടന്നുകയറി വിശ്വാസികള്‍ക്ക് നേരെ ടിയര്‍ ഗ്യാസും റബ്ബര്‍ ബുള്ളറ്റും പ്രയോഗിക്കുന്ന നിലയിലേക്ക് കൊണ്ടെത്തിച്ചു. ഈ അവസരത്തിലാണ് ഹമാസിന്റെ റോക്കറ്റുകള്‍ ടെല്‍ അവീവില്‍ ചെന്നുപതിക്കുന്നത്. 'സൈഫുല്‍ ഖുദ്‌സ്'എന്ന പേരില്‍ 2021-ല്‍ പുതിയ ഒരു പോര്‍ മുഖം തുറക്കുന്നതും ഈ ഘട്ടത്തില്‍ തന്നെ.  'ഓപ്പറേഷന്‍ ഗാര്‍ഡിയന്‍ ഓഫ് ദി വാള്‍സ്' എന്ന് ഇസ്രായേല്‍ നാമകരണം ചെയ്ത ആ സംഘട്ടനത്തില്‍, നെതന്യാഹു സര്‍ക്കാറിന്റെ നീക്കങ്ങളെല്ലാം വന്‍ പരാജയത്തിലാണ് കലാശിച്ചത്. ഹമാസ് കൂടുതല്‍ പ്രഹരശേഷിയുള്ള മിസൈലുകള്‍ ഉപയോഗിച്ചതും ഇസ്രായേലിന്റെ അയണ്‍ ടോം കവചങ്ങള്‍ യഥാക്രമം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതും ഇസ്രായേലീ പൗരന്മാരുടെ മരണ സംഖ്യ ചുരുങ്ങിയ സമയം കൊണ്ട് ഉയര്‍ന്നതും കാരണം ഇസ്രായേലിന് യുദ്ധം വേഗം അവസാനിപ്പിക്കേണ്ടി വന്നു.
ഇസ്രായേലില്‍  ഭരണം വലിയ പ്രതിസന്ധിയിലായ ഘട്ടമായിരുന്നു ഇത്. ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്തതിനാല്‍ മൂന്ന് വര്‍ഷത്തിനിടയില്‍ അഞ്ചാം തവണയാണ് ഇലക്ഷന്‍ നടക്കുന്നത്. നെതന്യാഹുവിന് താന്‍ കണക്കുകൂട്ടിയതുപോലെ തീവ്ര വലതുപക്ഷ പിന്തുണ കിട്ടിയില്ല. യുദ്ധത്തിനു ശേഷം നെതന്യാഹു സര്‍ക്കാര്‍ താഴെ വീഴുകയും പുതിയ ഒരു വിശാല സഖ്യ സര്‍ക്കാര്‍ രൂപവത്കരിക്കുകയും ചെയ്തു. തീവ്ര വലതു പക്ഷ നേതാവായ നെഫ്റ്റാലി ബെന്നറ്റും ഇടതുപക്ഷക്കാരനായ യാഇര്‍ ലാപ്പിടും ഇസ്രായേല്‍ പാര്‍ലമെന്റിലെ അറബ് കക്ഷികളും ചേര്‍ന്നാണ് ഈ സര്‍ക്കാര്‍ രൂപവത്കരിച്ചത്. വിപരീത താല്‍പര്യങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന ഈ സഖ്യത്തിന് പക്ഷേ ദീര്‍ഘായുസ്സ് ഉണ്ടായില്ല. വരുന്ന നവംബറില്‍ ഇസ്രായേലില്‍ വീണ്ടും ഇലക്ഷന്‍  പ്രഖ്യാപിച്ചിരിക്കുകയാണ്.
നെഫ്റ്റാലി ബെന്നറ്റ് സര്‍ക്കാരിന് ആദ്യം നേരിടേണ്ടി വന്നത് വെസ്റ്റ് ബാങ്കുള്‍പ്പെടെയുള്ള, വിശിഷ്യാ ജെനീന്‍, റാമല്ലാ, നാബുല്‍സ്, ഹെബ്രോന്‍ പോലുള്ള ഫലസ്ത്വീനി പട്ടണങ്ങളില്‍ നിന്ന് കനത്ത പോരാട്ടങ്ങളെയായിരുന്നു. മസ്ജിദുല്‍ അഖ്സ്വയിലെ കടന്നുകയറ്റവും ഗസ്സയിലെ ബോംബാക്രമണവും തുടരെത്തുടരെയുള്ള ഇസ്രായേലി റൈഡുകളും മേല്‍പറഞ്ഞ പട്ടണങ്ങളെ പ്രക്ഷുബ്ധമാക്കി. ഗസ്സ കഴിഞ്ഞാല്‍ ഫലസ്ത്വീനില്‍ ഹമാസിന് ഏറ്റവും കൂടുതല്‍ വേരോട്ടമുള്ള നഗരമായ ജെനീനില്‍ പോരാട്ടങ്ങള്‍ വളരെ ശക്തമായിരുന്നു.
അനധികൃത കുടിയേറ്റവും കുടിയേറ്റ അക്രമങ്ങളും മസ്ജിദുല്‍ അഖ്സ്വയില്‍ ഇസ്രായേല്‍ പോലീസിന്റെ സഹായത്തോടെ നിരന്തരം നടത്തുന്ന ജൂത-കുടിയേറ്റക്കാരുടെ അതിക്രമിച്ചു കയറലും ഒരു വന്‍ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങളെത്തിക്കാന്‍ പോന്നതായിരുന്നു. ഇസ്രായേലി ഗവണ്‍മെന്റിന്റെ സഹായത്തോടെ നടക്കുന്ന 'ഫ്‌ളാഗ് മാര്‍ച്ച്' എന്ന വംശീയവും പ്രകോപനപരവുമായ മാര്‍ച്ചുകള്‍ നിരന്തരം സംഘര്‍ഷത്തിലാണ് കലാശിച്ചുകൊണ്ടിരുന്നത്. ഈ സംഘര്‍ഷങ്ങളുടെ ഭാഗമായി ഫലസ്ത്വീനികളുടെ ഭാഗത്ത് നിന്ന് ഒറ്റക്കും സംഘടിതമായും പ്രതികരണങ്ങളും ഉണ്ടാകാറുണ്ട്. ടെല്‍ അവീവിലെ ഒരു മാളില്‍ ഒരു ഫലസ്ത്വീന്‍ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ ആറോളം ഇസ്രായേല്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടമായി. ഫലസ്ത്വീനികളുടെ ഇത്തരം സായുധ സമരമുറകള്‍ അവര്‍ക്ക് വമ്പിച്ച നായക പരിവേഷം നല്‍കുന്നതുമായിരുന്നു. കൊല്ലപ്പെടുന്ന ഫലസ്ത്വീന്‍ യുവാക്കളുടെ മാതാപിതാക്കളുടെ ധീരമായ, ക്ഷമാപണമില്ലാത്ത നിലപാടുകളും എടുത്തു പറയേണ്ടതാണ്. ഇതിന് മറുപടിയായി ഇസ്രായേല്‍ നടത്തുന്ന തിരിച്ചടികളും കൂടിക്കൊണ്ടിരുന്നു. ഇത്തരം ഇസ്രായേല്‍ തിരിച്ചടികളെ ഫലസ്ത്വീനികള്‍ വിളിക്കുന്നത് 'കൂട്ടായ ശിക്ഷ' (collective punishment) എന്നാണ്. ഇതില്‍ വിചാരണ കൂടാതെയുള്ള  തടവ്, തട്ടിക്കൊണ്ടുപോവല്‍, ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ തകര്‍ക്കല്‍ എന്നിങ്ങനെയുള്ള ശിക്ഷാ മുറകള്‍ ഉണ്ടാകും.
2021-ലെ 'സൈഫുല്‍ ഖുദ്‌സ്' എന്ന് നാമകരണം ചെയ്ത സായുധ പോരാട്ടത്തോടെ ഹമാസ് ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഗസ്സക്ക് പുറത്തുള്ള ഫലസ്ത്വീന്‍ രാഷ്ട്രീയ ഗോദയില്‍ വ്യക്തമായ ആധിപത്യം ഇതിനോടകം തന്നെ ഹമാസ് നേടിക്കഴിഞ്ഞു.  ഫതഹ് എന്ന പ്രസ്ഥാനത്തോടുള്ള ഫലസ്ത്വീനികളുടെ വിയോജിപ്പ് ഉപയോഗപ്പെടുത്തുകയായിരുന്നു ഹമാസ്. ഗസ്സക്കുമേല്‍ വരുന്ന ഇസ്രായേലിന്റെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതില്‍ നിന്നുമപ്പുറം, ഫലസ്ത്വീനിന്റെ മുഴുവന്‍ രക്ഷാകര്‍തൃത്വം ഏറ്റെടുക്കുന്ന ഒരു പ്രസ്ഥാനത്തിലേക്കുള്ള വളര്‍ച്ച നമുക്കിവിടെ കാണാനാകും. ഈ മാറ്റം വെസ്റ്റ് ബാങ്കില്‍ വലിയ അലയൊലി സൃഷ്ടിച്ചിട്ടുണ്ട്. ഫലസ്ത്വീന്‍ അതോറിറ്റിയുടെ (പി.എ) മൃദു ഇസ്രായേല്‍  നിലപാടും അഴിമതിയും, രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും ഫലസ്ത്വീനികള്‍ക്കിടയില്‍ മഹ്മൂദ് അബ്ബാസിനെതിരെ  ജനവികാരം ശക്തിപ്പെടുത്തിയിട്ടുണ്ട്. അത് സ്വാഭാവികമായും ഫതഹിനെയും പ്രതികൂലമായി ബാധിക്കുന്നു.
മസ്ജിദുല്‍ അഖ്സ്വയില്‍ ഇസ്രായേല്‍ നടത്തിയ അതിക്രമങ്ങളെ വേണ്ടവിധം തടയാന്‍ കഴിയാതിരുന്ന ഫലസ്ത്വീന്‍ അതോറിറ്റിക്കും ഫതഹിനും തിരിച്ചടി നല്‍കി ഹമാസ് അവസരോചിതമായി ഇടപെടുകയും മുഴുവന്‍ ഫലസ്ത്വീനികളുടെയും പ്രതീക്ഷയായി ഉയര്‍ന്നുനില്‍ക്കുകയും ചെയ്തു. ഹമാസ് അനുകൂല മുദ്രാവാക്യങ്ങളും അല്‍-ഖസ്സാം ബ്രിഗേഡ്സിന്റെ തലവന്‍ മുഹമ്മദ് ദൈഫിന് അഭിവാദ്യം അര്‍പ്പിച്ചു ഖുദ്‌സിലും മറ്റും നടന്ന കൂറ്റന്‍ പ്രകടനങ്ങളും ഹമാസിന്റെ വര്‍ധിച്ചുവരുന്ന ജനപിന്തുണക്കുള്ള സാക്ഷ്യമാണ്. ഇത് ഇസ്രായേലിനെയും ഫതഹിനെയും ഒരേപോലെ ചൊടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മെയില്‍ നടത്താനിരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവെച്ച ഫലസ്ത്വീന്‍ അതോറിറ്റിക്കും അബ്ബാസിനും ഹമാസിന് ലഭിക്കുന്ന ഈ വര്‍ധിച്ച പിന്തുണ വലിയ തിരിച്ചടിയാണ്.  ഫതഹിന്റെ കോട്ടയായി കരുതപ്പെടുന്ന ബീര്‍സൈത് യൂനിവേഴ്‌സിറ്റിയില്‍ ഹമാസിന്റെ വിദ്യാര്‍ഥി വിഭാഗമായ ഇസ്ലാമിക് വഫ ബ്ലോക് ഫതഹിന്റെ യാസര്‍ അറഫാത്ത് ബ്ലോക്കിനെ പരാജയപ്പെടുത്തിയത് ഇതിന്റെ മറ്റൊരു സാക്ഷ്യമാണ്. 2006-ന് ശേഷം പൊതു തെരഞ്ഞെടുപ്പുകള്‍ ഫലസ്ത്വീനില്‍ നടന്നിട്ടില്ല. അതുകൊണ്ടുതന്നെ, ബീര്‍സൈത് യൂനിവേഴ്‌സിറ്റിയില്‍ നടക്കുന്ന സ്റ്റുഡന്റ് കൗണ്‍സില്‍ ഇലക്ഷനുകള്‍ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റുന്നത്, അത് ഒരു മിനിയേച്ചര്‍ ഫലസ്ത്വീനി തെരഞ്ഞെടുപ്പായതു കൊണ്ടാണ്.  ഫതഹിന്റെ ജനപിന്തുണ ഗണ്യമായി കുറയുകയും ഹമാസ് വന്‍ ജനപിന്തുണ ആര്‍ജിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് അതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ഇതിനെല്ലാം പുറമെ പ്രതിഷേധ സ്വരങ്ങളെ ഫലസ്ത്വീന്‍ അതോറിറ്റി ഇസ്രായേലിനെ കടത്തിവെട്ടുന്ന രീതിയില്‍ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഫലസ്ത്വീന്‍ അതോറിറ്റിയുടെ കടുത്ത വിമര്‍ശകനും പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റുമായ നിസാര്‍ ബനാത്തിനെ തട്ടിക്കൊണ്ടു പോയി വധിച്ചുകളഞ്ഞത് വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തിയ സംഭവമാണ്. 
ഈ സന്ദര്‍ഭത്തിലാണ് ഹമാസ് തങ്ങളുടെ കൈവശമുള്ള  ഇസ്രായേല്‍ പട്ടാളക്കാരായ നാല് തടവുകാരുടെ വിവരങ്ങള്‍ പുറത്തുവിടുന്നത്. മരിച്ചു എന്ന് ഇസ്രായേല്‍ രേഖപ്പെടുത്തിയ ഈ പട്ടാളക്കാരുടെ വിവരങ്ങള്‍ ഇസ്രാ
യേലിനെ വലിയ സമ്മര്‍ദത്തിലാക്കി. അതു തന്നെയായിരുന്നു ഹമാസിന്റെ ഉദ്ദേശ്യവും.  അക്രമിയെ പ്രതിരോധത്തിലാക്കി വരിഞ്ഞുമുറുക്കുക എന്ന തന്ത്രമാണ് അവര്‍ പുറത്തെടുത്തത്.  തടവുകാരായ പട്ടാളക്കാരുടെ കുടുംബക്കാര്‍ സമരവുമായി രംഗത്തുവരികയും അതൊരു അഭിമാന പ്രശ്‌നമായി മാറുകയും ചെയ്തത് ഇപ്പോള്‍ നടന്ന ബോംബിങ്ങിന് ഒരു പ്രധാന കാരണമാണ്.  നെഫ്റ്റാലി ബെന്നറ്റ് രാജിവെക്കുന്നതും ഇതേ സമയത്താണ്. ഇപ്പോള്‍ യാഇര്‍ ലാപിടിന്റെ നേതൃത്വത്തിലുള്ള താല്‍ക്കാലിക സര്‍ക്കാരാണ് ഭരിക്കുന്നത്.

ഇസ്ലാമിക് ജിഹാദും ഗസ്സ ആക്രമണവും

രണ്ടാഴ്ച മുമ്പ് ജെനീനില്‍ നടന്ന ഒരു റെയ്ഡില്‍ നിന്നാണ് ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്കാധാരമായ സംഭവങ്ങള്‍ നടക്കുന്നത്. ഇസ്ലാമിക് ജിഹാദ് ഇറാന്‍ പിന്തുണയുള്ള, ഗസ്സയിലെ രണ്ടാമത്തെ വലിയ സംഘടനയാണ്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും ഗസ്സയിലും ഇന്നത്തെ ഇസ്രായേലിലെ മറ്റ് പ്രദേശങ്ങളിലും ഫലസ്ത്വീന്‍ രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ 1981-ലാണ് ഫലസ്ത്വീന്‍ ഇസ്‌ലാമിക് ജിഹാദ് (പി.ഐ.ജെ) സ്ഥാപിതമായത്. ഇസ്ലാമിക് ജിഹാദ് എന്ന സംഘടനയുടെ മുതിര്‍ന്ന നേതാവായ ബസ്സാം അല്‍ സഈദിയെ അറസ്റ്റ് ചെയ്തതിനെതിരെ ഗസ്സയിലെ ഇസ്ലാമിക് ജിഹാദ് രംഗത്ത് വന്നിരുന്നു. ഇതിനെത്തുടര്‍ന്ന് ഗസ്സ അതിര്‍ത്തി പ്രദേശങ്ങള്‍ മുഴുവന്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി അടച്ചു പൂട്ടുകയും എല്ലാവരോടും ബങ്കറിനുള്ളില്‍ കഴിയാന്‍ ആവശ്യപ്പെടുകയുമാണ് ഇസ്രായേല്‍ ചെയ്തത്. ഇത് ഇസ്രായേല്‍ പൗരന്മാരെ വളരെയധികം പ്രക്ഷുബ്ധരാക്കി. 'ഒരു മിസൈലോ അല്ലെങ്കില്‍ ഒരു ബുള്ളറ്റോ ഉതിര്‍ക്കാതെ ഇസ്രായേലിനെ അവര്‍ കീഴ്‌പ്പെടുത്തി' എന്നടക്കമുള്ള വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെട്ടു. ഹമാസിന്റെ കൈവശമുള്ള ഇസ്രായേലി പട്ടാള തടവുകാരുടെ മോചനത്തിനായി യാതൊന്നും ചെയ്യാതെ നിഷ്‌ക്രിയരായി നില്‍ക്കുന്ന ഇസ്രായേല്‍ ഭരണകൂടത്തോടുള്ള അമര്‍ഷവും ഇപ്പോള്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യുവും ഒരുമിച്ചായപ്പോള്‍ പ്രതിഷേധം കനത്തു. അത്  നവംബറില്‍ നടക്കാനിരിക്കുന്ന ഇലക്ഷനില്‍ തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ 'മോഡറേറ്റ്' ആയ ലാപിഡ്, നെതന്യാഹുവിന്റെ അതേ ശൈലിയില്‍ അതിക്രമങ്ങള്‍ അഴിച്ചുവിടുന്നതാണ് നാമിപ്പോള്‍ കണ്ടത്.
ഗസ്സയില്‍ മുമ്പത്തെപ്പോലെ ഈജിപ്ഷ്യന്‍ മധ്യസ്ഥതയില്‍ ഇപ്പോള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.  44 പേരാണ് ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ 15 കുട്ടികളുണ്ട്. 300-ല്‍ കൂടുതല്‍ ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്ലാമിക് ജിഹാദിന്റെ മുന്‍നിര നേതാക്കളായ തയ്സീര്‍ ജബരിയെയും ഖാലിദ് മന്‍സൂറിനെയും യുദ്ധത്തിന്റെ ആരംഭത്തില്‍ തന്നെ ഇസ്രായേല്‍ വധിച്ചു. പ്രതികരണമായി റോക്കറ്റ് ആക്രമണങ്ങള്‍ നടത്തിയതും ഇസ്ലാമിക് ജിഹാദ് തന്നെ. ഹമാസ് യുദ്ധത്തില്‍ നേരിട്ട്  പങ്കാളികളായിട്ടില്ല. ഗസ്സയില്‍ ഫലസ്ത്വീനി പ്രതിരോധ സംഘടനകളുടെ സംയുക്ത തീരുമാനപ്രകാരമാണ് സായുധ തിരിച്ചടികള്‍ നടത്തിയത്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ- 1-4

ഹദീസ്‌

ഇഹലോകത്തെ രക്ഷാ ശിക്ഷകള്‍
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്