Prabodhanm Weekly

Pages

Search

2022 മെയ് 27

3253

1443 ശവ്വാല്‍ 26

അല്‍പ  നേരമെങ്കിലും നമ്മള്‍ നമ്മെ  കേള്‍ക്കാറുണ്ടോ..?

മെഹദ് മഖ്ബൂല്‍

സര്‍ ആര്‍തര്‍ കോനന്‍ ഡോയലിനെ കേട്ടിട്ടില്ലേ..? അദ്ദേഹത്തിന്റെ പേര് കേള്‍ക്കാത്തവര്‍ പോലും ഷെര്‍ലക് ഹോംസ് എന്ന പേര് കേട്ടുകാണും. കഥാകൃത്തിനേക്കാള്‍ വലുപ്പം വെച്ച കഥാപാത്രം!. ആര്‍തര്‍ കോനന്‍ ഡോയല്‍ എഴുതിയ ഷെര്‍ലക് ഹോംസ് കഥകള്‍ അത്രയേറെ പ്രസിദ്ധമാണ്. ആ കഥകളിലൂടെ സശ്രദ്ധം സഞ്ചരിക്കുന്നവര്‍ പോലും അത്ര നോട്ടം കൊടുക്കാത്ത കഥാപാത്രമാണ് മൈക്രോഫ്റ്റ് ഹോംസ്. ഷെര്‍ലകിന്റെ ജ്യേഷ്ഠനാണ് മൈക്രോഫ്റ്റ് ഹോംസ്. ഷെര്‍ലക്കിനേക്കാള്‍ കുശാഗ്ര ബുദ്ധിയാണ് മൈക്രോഫ്റ്റിന്. എന്നാല്‍ ബഹളങ്ങള്‍ ഇഷ്ടമില്ലാത്തതിനാല്‍ അങ്ങനെ പുറത്തൊന്നും പോകാറില്ല അദ്ദേഹം. പലപ്പോഴും ആകെ കെട്ടുപിണഞ്ഞ, പ്രയാസം നിറഞ്ഞ കേസുകളില്‍ ഷെര്‍ലക് ഹോംസ് മൈക്രോഫ്റ്റിന്റെ സഹായം തേടാറുണ്ട്. മൈക്രോഫ്റ്റ് ഹോംസിന് 'ഡയോജനിസ്' എന്ന ക്ലബ്ബുണ്ട്. അവിടെ മിണ്ടാന്‍ പാടില്ല എന്നതാണ് ആ ക്ലബ്ബിന്റെ പുതുമ. മിണ്ടിയാല്‍ ആ ക്ലബ്ബിലെ അംഗത്വം നഷ്ടപ്പെടും. സംസാരിക്കണമെങ്കില്‍ വിസിറ്റിംഗ് റൂമില്‍ ചെല്ലാം. വായിക്കാനും ചിന്തിക്കാനുമുള്ള ഇടമാണ് ക്ലബ്ബ്. നിശ്ശബ്ദതയുടെ സൗന്ദര്യം ആസ്വദിക്കേണ്ടവര്‍ക്ക് അവിടെ വരാം.
ബഹളങ്ങളുടെ കാലത്ത് അത്തരം ഒരു ക്ലബ്ബ് ആരും കൊതിച്ച് പോകും. 
നിശ്ശബ്ദതയുടെ അനുഭൂതിയെ കുറിച്ച് ഒരു പുസ്തകമുണ്ട്. വിയറ്റ്‌നാമിലെ ബുദ്ധസന്യാസിയും എഴുത്തുകാരനും പ്‌ളം വില്ലേജിന്റെ സ്ഥാപകനുമായ തിക് നാട്ട് ഹാന്‍ എഴുതിയ  'സൈലന്‍സ്'. ബഹളങ്ങളുടെ കാലത്ത് നിശ്ശബ്ദതയുടെ കരുത്തിനെ കുറിച്ചാണ് പുസ്തകം വാദിക്കുന്നത്. 
ഞാന്‍ ഫ്രീ ആണ് എന്നത് വളരെ ശക്തമായ പ്രസ്താവനയാണ്. എത്ര പേരുണ്ട് മനസ്സ് ഫ്രീയായി, ഈ ലോകത്തെ കാണാനും കേള്‍ക്കാനും കഴിയുന്നവരായി എന്ന് ചോദിക്കുന്നു എഴുത്തുകാരന്‍. നമ്മുടെ ഹൃദയത്തിന്റെ സംസാരം നമ്മള്‍ കേള്‍ക്കാറുണ്ടോ എന്നുമദ്ദേഹം ചോദിക്കുന്നു.
 ''എന്തോരം കാര്യങ്ങളാണെന്നോ  ഹൃദയത്തിന് നമ്മോട് സംസാരിക്കാനായി.  മനസ്സാക്ഷിക്ക് പറയാനുള്ളത് കൂടി നാം കേള്‍ക്കണ്ടേ..? അതിന് അല്‍പനേരം  ഇരിക്കാനാകണ്ടേ..?.'' 
ശബ്ദമില്ലാത്ത അവസ്ഥയാണ് നിശ്ശബ്ദത എന്ന് വിശദീകരിക്കപ്പെടാറുണ്ട്. പക്ഷെ യഥാര്‍ഥത്തില്‍ വളരെ കരുത്തുള്ള ശബ്ദമാണതെന്നാണ് പുസ്തകം പറയുന്നത്. നമുക്ക് വായു വേണമെന്ന പോലെ, ചെടികള്‍ക്ക് വളരാന്‍ പ്രകാശം വേണമെന്ന പോലെ, അത്രയേറെ നിശ്ശബ്ദതയും നമ്മുടെ വളര്‍ച്ചക്ക് അനിവാര്യമാണത്രെ!
മറ്റുള്ളവരുടെ വാക്കുകള്‍ കൊണ്ടും ബഹളങ്ങള്‍ കൊണ്ടും നാം തിങ്ങിനിറഞ്ഞാല്‍ പിന്നെ നമുക്കെവിടെയാണ് നമ്മെ കേള്‍ക്കാന്‍ സമയം. 
റോഡിലിറങ്ങിയാല്‍ ഡ്രൈവര്‍മാരുടെ ഹോണടിയും ആക്രോശങ്ങളും തെറിവിളികളും മല്‍സരങ്ങളും. എല്ലാവരും എങ്ങോട്ടെല്ലാമോ കിതച്ചോടുകയാണ്. ചിലയിടത്ത് പാട്ടുകള്‍ ഉച്ചത്തില്‍ കേള്‍ക്കാം. 
ടെക്സ്റ്റ് മെസേജുകളും സംഗീതവും ടെലിവിഷനുമെല്ലാം നമ്മുടെ സ്വസ്ഥമായ ഇടങ്ങള്‍ കൈയേറിയിരിക്കുകയാണ്. 
ടെക്‌നോളജിയുടെ ഈ കാലത്ത് നാം ഏത് നേരവും കണക്റ്റഡ് ആണ്. എന്നിട്ടും എന്തുകൊണ്ടാണ് നമുക്ക് ഏകാന്തത തോന്നുന്നതെന്ന് എഴുത്തുകാരന്‍ ചോദിക്കുന്നു. 
നമ്മള്‍ ചവച്ചരച്ച്  തിന്നുന്നതും കുടിക്കുന്നതും മാത്രമല്ല ഭക്ഷണം. നമ്മള്‍ വായിക്കുന്നതും സംസാരിക്കുന്നതും കാണുന്നതും കേള്‍ക്കുന്നതുമെല്ലാം ഭക്ഷണമാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. തിന്നുന്നത് മാത്രമല്ല, കാണുന്നതും കേള്‍ക്കുന്നതുമെല്ലാം നന്നാകണമെന്നും അതെല്ലാം നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ടെന്നും അദ്ദേഹം ബോധ്യപ്പെടുത്തുന്നു. 
നിങ്ങള്‍ കഴിഞ്ഞ വര്‍ഷം എന്തെല്ലാം ചെയ്തു എന്ന് എഴുത്തുകാരന്‍ ചിലരോട് ചോദിക്കുന്നുണ്ട്. പലര്‍ക്കും ഒന്നും ഓര്‍മ്മയില്ല. മഞ്ഞ് പോലെ മാഞ്ഞു പോയ അവരുടെ കാലങ്ങള്‍! എന്തു ചെയ്യണമെന്നും എന്തെങ്കിലും ചെയ്യണമെന്നും ആശയില്ലാത്തവരുടെ ജീവിതം എന്തു മുഷിപ്പായിരിക്കും, വിരസമായിരിക്കും!
ഏത് നേരവും കണ്ടു കൊണ്ടേ ഇരിക്കുന്ന, കേട്ടു കൊണ്ടേ ഇരിക്കുന്ന നമ്മള്‍ ഇടക്ക് ഒറ്റക്കിരിക്കണമെന്നും സ്വന്തത്തെ കേള്‍ക്കണമെന്നും സോഷ്യല്‍ മീഡിയയുടെ ബഹളത്തെ നമ്മെ ഭരിക്കാന്‍ അനുവദിക്കരുതെന്നുമാണ് ഈ പുസ്തകം നമ്മോട് ശബ്ദം താഴ്ത്തി പറയുന്നത്. 


 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത് -13-16
ടി.കെ ഉബൈദ്‌

ഹദീസ്‌

സത്കര്‍മങ്ങളുടെ സ്വീകാര്യത
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌