Prabodhanm Weekly

Pages

Search

2022 മെയ് 27

3253

1443 ശവ്വാല്‍ 26

ടി. അബ്ദുര്‍റഹ്മാന്‍ ചേന്നര

എന്‍.കെ സാജിദ് മാസ്റ്റര്‍ ചേന്നര

ആലത്തിയൂര്‍, ചേന്നര, മംഗലം, കുറുമ്പടി, പുറത്തൂര്‍, ചമ്രവട്ടം തുടങ്ങിയ തിരൂരിന്റെ തെക്കേ അറ്റത്തുള്ള പ്രദേശങ്ങളില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ നട്ടുവളര്‍ത്തിയ കോയാമു ഹാജി, അലവി ഹാജി, പുതുപ്പള്ളി
യിലെ ബാപ്പു സാഹിബ്, ആര്‍.പി മുഹമ്മദ് സാഹിബ്, തണ്ടാശേരി അബൂബക്കര്‍ സാഹിബ്, സി.പി കുഞ്ഞിമൂസ സാഹിബ്, എം.പി അബ്ദുര്‍റഹ്മാന്‍ സാഹിബ് തുടങ്ങിയവര്‍ പോയ വഴിയേ തായാട്ടില്‍ അബ്ദുര്‍റഹ്മാന്‍ സാഹിബും തന്റെ കര്‍മപുസ്തകം മടക്കി വെച്ച് 87-ാം വയസ്സില്‍ അല്ലാഹുവിലേക്ക് യാത്രയായി. 1950-കളുടെ മധ്യത്തോടെ യാഥാസ്ഥിതികത്വത്തിന്റെ കൂരിരുട്ടിനെ വകഞ്ഞുമാറ്റി തുടങ്ങിയതാണ് ടി. അബ്ദുര്‍റഹ്മാന്‍ എന്ന ചെറുപ്പക്കാരനും അരോഗദൃഢഗാത്രനുമായ ബീഡി തെറുപ്പുകാരന്റെ പ്രസ്ഥാന യാത്ര.
കെ.സി അബ്ദുല്ല മൗലവി നേതൃത്വം നല്‍കുന്ന കാലത്ത് പ്രസ്ഥാന അംഗത്വം സ്വീകരിച്ച അദ്ദേഹം പ്രാദേശിക ജമാഅത്ത് അമീര്‍, ഏരിയാ ഓര്‍ഗനൈസര്‍, പ്രദേശത്തെ വിവിധ ട്രസ്റ്റുകളുടെ ചുമതലക്കാരന്‍ എന്നീ നിലകളില്‍ തന്റെ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ചു. മേല്‍ പറഞ്ഞ പ്രദേശങ്ങളിലെ വീടുകള്‍ തോറും ജമാഅത്തിന്റെ അടിസ്ഥാന സാഹിത്യങ്ങളും പ്രബോധനം വാരികയുമായി നടന്നുതീര്‍ത്തതാണ് അദ്ദേഹത്തിന്റെ കര്‍മ ജീവിതം. അതിനിടയില്‍ ഉപജീവനത്തിനായി ബീഡി തെറുപ്പില്‍നിന്ന് ചെറിയൊരു പലചരക്ക് കച്ചവടത്തിലേക്ക് അദ്ദേഹം മാറി. അദ്ദേഹത്തിന്റെ കട പലചരക്ക് സാധനങ്ങളുടെ സൂക്ഷിപ്പു കേന്ദ്രത്തിനൊപ്പം പ്രവര്‍ത്തകരുടെ ഒത്തുകൂടല്‍ കേന്ദ്രവുമായിരുന്നു.
തന്റെ ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദര മക്കളെയും പിതൃസഹോദര മക്കളെയും പ്രസ്ഥാന വഴിയില്‍ സജീവരും അനുഭാവികളുമാക്കി മാറ്റിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ചേന്നര എന്‍.ഒ.സി പടിയിലുള്ള ജമാഅത്ത് ഓഫീസിലെ പഴയ മര അലമാരയില്‍ അട്ടിക്ക് വെച്ചിരുന്ന നിരവധി നോട്ടു പുസ്തകങ്ങളിലും കണക്കു പുസ്തകങ്ങളിലും കഴിഞ്ഞ ആറര ദശകക്കാലത്തെ ഇദ്ദേഹത്തിന്റെ കൈയക്ഷരങ്ങള്‍ പതിഞ്ഞു കിടക്കുന്നുണ്ട്. തന്റെ ജീവിതം, സഹപ്രവര്‍ത്തകരുടെ സാമാന്യ അവസ്ഥ, വിവിധങ്ങളായ കളക്ഷന്‍ കണക്കുകള്‍, പുസ്തക ഡിപ്പോ വിവരങ്ങള്‍, ബൈത്തുല്‍ മാല്‍, സ്‌ക്വാഡ് വിവരങ്ങള്‍, ഓരോ മീഖാത്തിലെയും റിപ്പോര്‍ട്ടുകള്‍, എല്ലാം തിരിച്ച് വെവ്വേറെ പുസ്തകങ്ങളിലായി എഴുതി വെച്ചിരുന്നു അദ്ദേഹം.
പ്രൈമറി വിദ്യാഭ്യാസം മാത്രം ലഭിച്ച, തികച്ചും സാധാരണക്കാരന്റെ സമര്‍പ്പിത ജീവിത സാക്ഷ്യമാണ് ആ കടലാസു താളുകള്‍. പ്രാസ്ഥാനിക ജീവിതത്തിലെ അനുഭവങ്ങള്‍ പറയുമ്പോള്‍ വാരാന്ത യോഗങ്ങളില്‍ അദ്ദേഹം വികാരാധീനനാവും. സാമാന്യം നന്നായി ഖുര്‍ആന്‍ ക്ലാസെടുക്കും. വാര്‍ധക്യ സഹജമായ പ്രയാസത്താല്‍ അദ്ദേഹം കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു.
ഭാര്യ: സുലൈഖ. മക്കള്‍: ഫാത്തിമ, മുഹമ്മദലി, അബ്ദുര്‍റസാഖ്, അബ്ദുല്‍ കബീര്‍, ഫൈസല്‍ ഷാജഹാന്‍, സാബിറ.

 

അബ്ദുര്‍റഹ്മാന്‍ 
ആലത്തൂര്‍ (എം.എ.ആര്‍)

ഇസ്ലാമിക പ്രസ്ഥാനത്തെ ആലത്തൂരില്‍ നട്ടുനനച്ച് വളര്‍ത്തിയ പ്രസ്ഥാന കാരണവന്മാരില്‍ ഒരാള്‍ കൂടി നമ്മെ വിട്ടു പിരിഞ്ഞു.
ഒരേസമയം ശരീരം കൊണ്ടും സമ്പത്ത് കൊണ്ടും പ്രസ്ഥാനത്തിന് വേണ്ടി ത്യാഗങ്ങളനുഷ്ഠിച്ച വ്യക്തിയാണ് എം.എ.ആര്‍ എന്ന അബ്ദുറഹ്മാന്‍ സാഹിബ്. പ്രസ്ഥാന നേതാക്കളുടെ അഭ്യര്‍ഥന മാനിച്ച് വറുതിയുടെ നാളുകളില്‍  ശാന്തപുരം ഇസ്ലാമിയാ കോളേജിലേക്ക് ലോഡ്കണക്കിന് പച്ചക്കറികള്‍ എത്തിച്ചു നല്‍കിയിരുന്ന കാലത്തെ കുറിച്ച് പലപ്പോഴും അദ്ദേഹം അനുസ്മരിക്കാറുണ്ട്.
മുതിര്‍ന്ന തലമുറയില്‍ നിന്ന് പ്രാസ്ഥാനിക അനുഭവങ്ങള്‍ നേരിട്ട് കേള്‍ക്കുക എന്ന ഉദ്ദേശ്യത്തില്‍ പലരെയുമെന്ന പോലെ അബ്ദുര്‍റഹ്മാന്‍ സാഹിബിനെയും എസ്.ഐ.ഒവില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഞങ്ങള്‍ സമീപിച്ചിരുന്നു. ഇശാഅത്ത് മസ്ജിദില്‍ വെച്ച് സംഘടിപ്പിച്ച ഒരു നിശാക്യാമ്പില്‍ പങ്കെടുത്തുകൊണ്ട് ആലത്തൂരിലെ മുന്‍തലമുറ അനുഭവിച്ച ത്യാഗങ്ങള്‍ അദ്ദേഹം പറഞ്ഞു തന്നത് ഇപ്പോഴും മായാതെ മനസ്സില്‍ കിടപ്പുണ്ട്.
അദ്ദേഹമടക്കമുള്ള നമ്മുടെ കാരണവന്മാര്‍ കൊളുത്തിവെച്ച തിരിനാളത്തെ കെടാതെ സൂക്ഷിക്കുക മാത്രമല്ല, ആ വെളിച്ചത്തെ കൂടുതല്‍ ജ്വലിപ്പിച്ച് നിര്‍ത്തുക എന്നത് കൂടിയാണ് പിന്‍തലമുറക്കാരായ നമ്മുടെ ചുമതല. അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ മക്കളും പേരമക്കളുമായ പലരും ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നേതൃരംഗത്ത് എത്തിപ്പെട്ടത് ദുന്‍യാവില്‍ വെച്ച് അല്ലാഹു അദ്ദേഹത്തിന് നല്‍കിയ ആദരമായിരിക്കാം.

അബൂ ഫൈസല്‍ ആലത്തൂര്‍

പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും 
സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനവും നല്‍കി 
അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത് -13-16
ടി.കെ ഉബൈദ്‌

ഹദീസ്‌

സത്കര്‍മങ്ങളുടെ സ്വീകാര്യത
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌